യുദ്ധത്തിനോ ഹോർമുസ് ഉപരോധത്തിനോ ഞങ്ങളില്ല; നിലപാട് വ്യക്തമാക്കി ബ്രിട്ടൻ
Apr 13, 2026, 16:07 IST
ലണ്ടൻ: എന്തുതരത്തിലുള്ള സമ്മർദം ഉണ്ടായാലും ഇറാനെതിരായ യുദ്ധത്തിനോ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുന്നതിനോ ഇല്ലെന്ന് ബ്രിട്ടൻ. ഹോർമുസ് തുറക്കണമെന്നാണ് ബ്രിട്ടന്‍റെ അഭിപ്രായം. അതിനായി ഉപരോധത്തെ പിന്തുണക്കില്ല.
ഞങ്ങളെ യുദ്ധത്തിലേക്ക് വഴിച്ചിഴക്കരുതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയെന്നത് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തിൽ പങ്കുചേരാൻ ബ്രിട്ടന് മേൽ സമ്മർദ്ദമുണ്ടെന്നും സ്റ്റാർമർ പറഞ്ഞു. നിയമപരമായ അടിത്തറയും കൃത്യമായ ആസൂത്രണം ചെയ്ത പദ്ധതിയും ഇല്ലാതെ താൻ അതിന് മുതിരില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനും ഹോർമുസിലേക്ക് പടക്കപ്പൽ അയക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് ബ്രിട്ടന്‍റെ പ്രതികരണം. യുഎസിന്‍റെ ഹോർമുസ് ഉപരോധത്തിനെതിരേ ചൈനയും രംഗത്തെത്തിയിട്ടുണ്ട്.