ഇറാനെതിരായ യുദ്ധത്തെ പിന്തുണയ്ക്കാൻ കഴിയില്ല; ട്രംപിന്റെ ഉന്നത ഉദ്യോഗസ്ഥൻ രാജിവെച്ചു
Updated: Mar 17, 2026, 21:40 IST
യുഎസിന്റെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവനായ ജോയികെന്റ് തന്റെ സ്ഥാനം രാജിവച്ചു. ഇറാനുമായുള്ള യുദ്ധത്തിന്റെ പേരിലാണ് രാജി. ‘ഭീകര’ ഭീഷണികളെക്കുറിച്ച് ട്രംപിനും ദേശീയ ഇന്റലിജൻസ് ഡയറക്ടർക്കും ഉപദേശം നൽകിയ കെന്റ്, ഇറാൻ ‘ആസന്നമായ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല’ എന്ന് തന്റെ രാജി കത്തിൽ പറഞ്ഞു. എക്‌സിൽ പോസ്റ്റ് ചെയ്ത രാജിക്കത്തിൽ, നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ നല്ല മനസാക്ഷിയോടെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് ജോ കെന്റ് വ്യക്തമാക്കി.
ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവൻ എന്ന നിലയിൽ, തീവ്രവാദ ഭീഷണികൾ വിശകലനം ചെയ്യുന്നതിനും കണ്ടെത്തുന്നതിനുമുള്ള ഒരു ഏജൻസിയുടെ ചുമതല കെന്റിനായിരുന്നു. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം നടത്തിയതിനുശേഷം ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ഏറ്റവും വലിയ രാജിയാണിത്.