{"vars":{"id": "89527:4990"}}

എന്തിനാണ് ഇവിടെ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ; വിവാദ പരാമർശവുമായി റിപബ്ലിക്കൻ പാർട്ടി നേതാവ്
 

 

യുഎസ് നഗരമായ ടെക്‌സാസിൽ ഹനുമാൻ പ്രതിമ സ്ഥാപിച്ചതിനെതിരെ റിപബ്ലിക്കൻ പാർട്ടി നേതാവ് നടത്തിയ പരാമർശം വിവാദത്തിൽ. ടെക്‌സാസിലെ ഷുഗർ ലാൻഡിൽ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ സ്ഥാപിച്ച സ്റ്റാച്യു ഓഫ് യൂണിയൻ എന്ന പേരിൽ അറിയപ്പെടുന്ന 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമക്കെതിരെയാണ് റിപബ്ലിക്കൻ പാർട്ടി നേതാവ് അലക്‌സാണ്ടർ ഡങ്കൻ വിവാദ പരാമർശം നടത്തിയത്

ക്രിസ്ത്യൻ രാജ്യത്ത് വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കുന്നത് എന്തിനാണെന്നായിരുന്നു ഡങ്കന്റെ ചോദ്യം. എന്തുകൊണ്ടാണ് ടെക്‌സാസിൽ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ അനുമതി നൽകിയത്, നമ്മൾ ഒരു ക്രിസ്ത്യൻ രാജ്യമാണ് എന്ന് ഡങ്കൻ എക്‌സിൽ കുറിച്ചു

പരാമർശം ഹിന്ദു വിരുദ്ധമാണെന്നും സംഘർഷത്തിന് ഇടയാക്കുന്നതാണെന്നും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ വിമർശിച്ചു. വിഷയത്തിൽ റിപബ്ലിക്കൻ പാർട്ടി ഡങ്കനെതിരെ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.