ഏയ്ഞ്ചൽ: ഭാഗം 10
Sep 2, 2024, 00:17 IST

രചന: സന്തോഷ് അപ്പുകുട്ടൻ
മുന്നോട്ട് കുതിച്ച കാറിലിരുന്നു ഏയ്ഞ്ചൽ എന്തോ ചിന്തിച്ചതും, പൊടുന്നനെ അവൾ ആ ഇടുങ്ങിയ വഴിയിൽ റിവേഴ്സ് എടുത്ത് വന്ന വഴിയിലേക്ക് തന്നെ കാർ തിരിച്ചു..... "നിനക്ക് വണ്ടി കൈയ്യിൽ കിട്ടിയാൽ വല്ലാത്ത ഭ്രാന്താണല്ലോ ഏയ്ഞ്ചൽ?" അവളുടെ പൊടുന്നനെയുള്ള റിവേഴ്സിലും,, ഇരപ്പിച്ചു കൊണ്ടുള്ള മുന്നോട്ടെടുക്കലിലും പൊടിപടലങ്ങൾ ഉയർന്നതു കണ്ട വേദ ദേഷ്യത്തോടെ ഏയ്ഞ്ചലിനെ നോക്കി. "എനിക്കു ഭ്രാന്തു പിടിച്ചതല്ല മോളെ... മറ്റൊരാളെ ഭ്രാന്ത് പിടിപ്പിക്കാനാണ് എൻ്റെ ഈ പരക്കംപാച്ചിൽ" ഏയ്ഞ്ചൽ പറയുന്നത് മനസ്സിലാകാതെ വേദ അവളെ സൂക്ഷിച്ചു നോക്കിയതും. ഏയ്ഞ്ചലിൻ്റെ കണ്ണുകൾ മുന്നിലേക്ക് നിണ്ടു.... അവൾ കാണിച്ചിടത്തേക്ക്, വേദ നോക്കിയപ്പോൾ കണ്ടത് മുന്നേ കണ്ട ബൈക്കുകാരനെയാണ്... " വേണ്ട ഏയ്ഞ്ചൽ അവൻ പൊയ്ക്കോട്ടെ " ഏയ്ഞ്ചലിൻ്റെ ഉദ്യേശം മനസ്സിലായതും വേദ വിലക്കി. " അങ്ങിനെ അവനെ വെറുതെ വിട്ടാൽ ശരിയാവുമോ വേദാ.. അവനാര് ഇത്രയും ശബ്ദത്തിൽ ബൈക്ക് ഇരപ്പിക്കാൻ... മരണ കിണറ് നടത്തുന്നവൻ്റെ കൊച്ചുമോനോ? " "ഏയ്ഞ്ചൽ നിനക്കിതു അവസാനം ബുദ്ധിമുട്ടാകുമേ? " വേദ ശാസനയോടെ പറഞ്ഞതും, ഏയ്ഞ്ചൽ അവളെ പുഞ്ചിരിയോടെ നോക്കി. " ഏയ് എനിക്ക് ഇത് ഒരു ബുദ്ധിമുട്ടാകില്ല വേദാ.... " ഓട്ടോമാറ്റിക് ആയതു കൊണ്ട് ആക്സിലേറ്ററിൽ പതിയെ ഒന്നു ചവിട്ടിയാൽ മതി... " പറഞ്ഞതും അവൾ ആക്സിലേറ്ററിൽ കാലമർത്തിയതും ഒന്നിച്ചായിരുന്നു. പതിയെ പോയിരുന്ന ബൈക്കിൻ്റെ സൈഡിൽ വളരെ വേഗതയോടെ കാർ ഒന്നു ഇടിച്ചതും, ബൈക്ക് ഓടിച്ചവൻ അരികെയുള്ള മെറ്റൽകൂനയിലേക്ക് തെറിച്ച് മുഖം കുത്തി വീണു.... " അവൻ്റെ കുഞ്ഞമ്മേടെ ഒരു ഷൈൻ ചെയ്യൽ. അല്ല പിന്നെ..... " പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവൾ കാർ വളരെ വേഗതയോടെ മുന്നോട്ടെടുത്ത്, റിയർവ്യൂ മിററിലൂടെ നോക്കിയപ്പോൾ കണ്ടത് മെറ്റൽകുനയിൽ തലയിട്ടുരുട്ടുന്ന ബൈക്കുകാരനെയാണ് ' ആ-കാഴ്ച കണ്ട ഏയ്ഞ്ചൽ സന്തോഷത്തോടെ വേദയെ നോക്കി. "ഈ ശൗര്യമൊന്നും കാനനവാസത്തിന് പോകാൻ പറഞ്ഞ ജിൻസിനോട് നീ കാണിച്ചു കണ്ടിട്ടില്ലല്ലോ?" പരിഹാസ ചുവയോടെ വേദ ചോദിച്ചതും, ഏയ്ഞ്ചൽ പുഞ്ചിരിയോടെ തലയാട്ടി. "അതെന്താ എന്നു ചോദിച്ചാൽ വ്യക്തമായ ഒരു ഉത്തരം എനിക്കുണ്ട് വേദാ... പ്രേമം വേറെ... പ്രേമേട്ടൻ വേറെ എന്ന ഒരൊറ്റ ഉത്തരം... " വേദ അതിനുത്തരം പറയാതെ വെറുതെ തലയാട്ടി പുറത്തേക്ക് നോക്കിയിരുന്നു. ഹോസ്റ്റലിൻ്റെ മുൻവശത്ത് അവൾ കാർ നിർത്തിയതും, വേഗം പുറത്തേക്ക് ഇറങ്ങി... " വേദ കാറിലിരിക്ക്. ഞാനിപ്പോൾ വേഗം വരാം.... " വേദയുടെ മറുപടിക്ക് കാത്തുനിൽക്കാതെ ഏയ്ഞ്ചൽ വേഗം ഇരുമ്പ് ഗേറ്റ് തുറന്ന് അകത്തേക്ക് ഓടി. പത്തു മിനിറ്റിനുള്ളിൽ ഓടികിതച്ചു വന്ന ഏയ്ഞ്ചലിൻ്റെ കൈയിലെ വലിയ ബാഗിലേക്ക് വേദ ആകാംക്ഷയോടെ നോക്കിയതും ഏയ്ഞ്ചൽ ആ ബാഗ് വേദയുടെ മടിയിലേക്കിട്ടു. " ഒരു സ്ഥലത്തേക്ക് ഒത്തിരിനാൾ ഒറ്റയ്ക്ക് താമസിക്കാൻ പോകുന്നതല്ലേ? അപ്പോൾ കൂട്ടിന് എൻ്റെ പണിയായുധവും കൊണ്ടുപോകാമെന്നു വെച്ചു. "ഈ ഡ്രോണോ?" ആ ബാഗ് തുറന്ന് വേദ ചിരിയോടെ ചോദിച്ചതും, ഏയ്ഞ്ചൽ അവളെ കൂർപ്പിച്ചു നോക്കി.. "എന്താടീ ഒരു പുച്ഛം പോലെ... ഈ ഡ്രോൺ കൊണ്ട് കടലിൻ്റെ കുറെ ആകാശകാഴ്ചകൾ എടുക്കണം... തീരത്ത് കൂട്ടമായി നിൽക്കുന്ന തെങ്ങിൻ കൂട്ടങ്ങളെ പകർത്തണം. പറ്റുമെങ്കിൽ കടലിനെ കുറിച്ച് ഒരു ഡോക്യുമെൻററി സംവിധാനം ചെയ്ത് ഒരു അവാർഡ് നേടണം" "എല്ലാം നടന്നതു തന്നെ " വേദ ചിരിയോടെ അവളെ നോക്കി പറഞ്ഞതും, ഏയ്ഞ്ചൽ അവളെയൊനു പുച്ഛത്തോടെ നോക്കി കാർ മുന്നോട്ടേക്കെടുത്തു. '' എന്നെ നീ എവിടേക്കാണ് കൊണ്ടു പോകുന്നത്? ഞാനൊരിടത്തേക്കും ഇല്ല" വേദ പറഞ്ഞതും, ഏയ്ഞ്ചൽ പുഞ്ചിരിയോടെ അവളെയൊന്നു നോക്കി. " പണ്ട് രാമായണകാലത്ത് രാമനുമൊന്നിച്ച് സീത വനവാസത്തിനു പോയപ്പോൾ, തന്നെയും കൊണ്ടുപോകാത്തിന് എത്രയോ കണ്ണീരൊഴുക്കി പാവം ഊർമ്മിള... അതുപോലെ അടുത്ത ഒരു ഊർമ്മിളയായി നീ മാറാതിരിക്കാൻ വേണ്ടീട്ടാ എൻ്റെ വനവാസത്തിന് നിന്നെയും കൂട്ടുന്നത് " "ഓ - എന്താ ഒരു ദയ... കാറ് നിർത്തെടീ ഇവിടെ?" വേദ ദേഷ്യത്തോടെ പറഞ്ഞതും, ഏയ്ഞ്ചൽ അവളെ നോക്കി ഒന്നു തലയാട്ടി കാറിൻ്റെ വേഗത വർദ്ധിപ്പിച്ചു.... " ഡയറിയിലെ അക്ഷരങ്ങളിലൂടെ നിങ്ങൾക്ക് രാജാവും, റാണിയുമാകാം... പക്ഷെ അവനയൊന്നു കാണണമെന്നുള്ള ചിന്ത ഏഹേ... എന്തോന്നാടി വേദേ ഇത്?" ഏയ്ഞ്ചലിൻ്റെ പരിഹാസത്തോടെയുള്ള ചോദ്യം കേട്ടതും, വേദ അമ്പരപ്പോടെ അവളെ നോക്കി. " ഞെട്ടണ്ട കുട്ടിമായേ.. എല്ലാം നോം കണ്ടു... ഡയറി താളുകളിൽ നീലമഷികൊണ്ട് നീ രഹസ്യമായി കുനുകുനെ കുറിച്ചിട്ടിരിക്കുന്ന പ്രണയത്തിൻ്റെ മഹാകാവ്യം.... എന്താ ഒരു സാഹിത്യം...." "ഏയ്ഞ്ചൽ... അത് ഞാൻ ... " വേദയുടെ പതർച്ച കണ്ടതും, ഏയ്ഞ്ചൽ പുഞ്ചിരിയോടെ അവളെ ഒന്നു നോക്കി. "നീ പതറല്ലേ വേദാ... ഞാനും വിചാരിച്ചിരുന്നത് തമാശ ആണെന്നാ... പക്ഷെ കുറച്ചു നേരം മുൻപ് നീ എൻ്റെ കരളിൻ്റെ കരളായ ജിൻസിനെ പൊരിച്ചെടുത്തപ്പോൾ, നീ ആ എഴുതിയതൊന്നും തമാശ ആയിരുന്നില്ലെന്ന് ഞാൻ ഊഹിച്ചു... നീ മനസ്സിൽ നിന്നും, ഹൃദയത്തിൽ നിന്നും രാപകൽ വിശ്രമമില്ലാതെ ഊറ്റിയെടുത്ത പ്രണയാക്ഷരങ്ങളാണ് ഞാൻ കള്ളനെപോലെ കണ്ടെത്തിയതെന്നും മനസ്സിലായി...." ഏയ്ഞ്ചലിൻ്റെ സംസാരം കേട്ടതും, വേദ മറുപടി പറയാതെ അവളെ തന്നെ നോക്കി നിന്നു... കുറച്ചു നേരം ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചതിനു ശേഷം ഏയ്ഞ്ചൽ വേദയെ ഒന്നു നോക്കി. "നമ്മൾക്കിടയിൽ രഹസ്യങ്ങൾ ഇല്ലാത്ത ഒരു ബന്ധമാണെന്ന ചിന്തയിലാണ് ഞാൻ ആ ഡയറി എടുത്ത് വായിച്ചത് ... ആ അധികാരത്തോടെ തന്നെ ഞാൻ ചോദിക്കുന്നു വേദാ... അങ്ങിനെ ഒരു ആഗ്രഹം വേണോ?" ഏയ്ഞ്ചലിൻ്റെ ചോദ്യം കേട്ടതും വേദ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി. ജിൻസിൻ്റെ മുഖത്തുണ്ടായിരുന്ന പുച്ഛഭാവത്തിൻ്റെ നേരിയ ഒരു അംശം ഏയ്ഞ്ചലിൻ്റെ മുഖത്തും അവൾ കണ്ടു. " ആ എഴുതിയതൊക്കെ സത്യമാണ് ഏയ്ഞ്ചൽ... മനസ്സിൽ നിന്ന് ഊറി വന്ന പ്രണയാക്ഷരങ്ങൾ തന്നെയാണ് അത്... നെഞ്ചിൽ കടലോളം ആർത്തിരമ്പുന്നുണ്ട് അവനോടുള്ള അടങ്ങാത്ത പ്രണയം! അവനോട് മനസ്സ് തുറക്കുന്നത് മനസ്സിൽ കണ്ട് പാതിരാവിൽ ഒരുപാട് സ്വപ്നങ്ങൾ കാണാറുമുണ്ട്... അതൊക്കെ അവനോട് തുറന്നു പറയണമെന്നും ഉണ്ട്... പക്ഷേ അതിന് നേരമായിട്ടില്ല എന്നൊരു തോന്നൽ " വേദയുടെ വാചാലത കണ്ട് ഏയ്ഞ്ചൽ അത്ഭുതം കൂറുന്ന മിഴികളോടെ അവളെ നോക്കി. "നിനക്ക് അറിയാമല്ലോ ഇന്നോളം എനിക്ക് ആരോടും പ്രണയം തോന്നിയിട്ടില്ലായെന്നുള്ള കാര്യം... പക്ഷെ അന്നവൻ വെളളത്തിൽ നിന്നു കോരിയെടുത്തപ്പോൾ എൻ്റെ ശരീരം മാത്രമല്ല അവനോട് ഒട്ടിചേർന്നത്... ഇതു വരെ അടച്ചു വെച്ചിരുന്ന എൻ്റെ മനസ്സും കൂടിയാണ്... അവൻ പോലും അറിയാത്ത, അവനോടുള്ള എൻ്റെ പ്രണയത്തിലാണ് ഞാനിപ്പോൾ മൗനമായി ജീവിക്കുന്നത് ഏയ്ഞ്ചൽ... ഞാനും ഒന്നു നിശബ്ദമായി പ്രണയിച്ചോട്ടെ കൂട്ടുകാരി." പറഞ്ഞു നിർത്തിയ വേദ നിറഞ്ഞ മിഴികളും, പുഞ്ചിരിയുതിരുന്ന ചുണ്ടുമായി ഏയ്ഞ്ചലിനെ നോക്കി കണ്ണടച്ചു.... ആദ്യ പ്രണയത്തിൻ്റെ ലജ്ജ ആ കവിളിൽ സിന്ദൂരം ചാർത്തിയിട്ടുണ്ട്.... പ്രണയമെന്നത് എൻ്റെ സിലബസ് അല്ലായെന്നു പറഞ്ഞു, ക്യാമ്പസ്സിൻ്റെ പൂന്തോട്ടത്തിൽ നിന്ന്, കൂട്ടംതെറ്റി പാറി നടന്നിരുന്ന ഒരു ചിത്രശലഭം... അതായിരുന്നു വേദയെന്ന ഗ്രാമീണ പെൺകുട്ടി... പലരും, പലവഴിക്ക്, പലവട്ടം പ്രൊപ്പോസ് ചെയ്തിട്ടും, അതിലൊന്നും അടിപതറാതെ, പഠിപ്പിനെ ശരണമാക്കിയ പെൺകുട്ടി... ക്യാമ്പസ്സിലെ ഋശ്യശൃംഗി... അതായിരുന്നു കോളേജിലെ അവളുടെ വിളി പേര്...! ആ മിണ്ടാപൂച്ച കലം ഉടച്ചിരിക്കുന്നു... "ഇതിനു മുൻപ് എനിക്കൊരു പ്രണയം ഇല്ലാത്തതുപോലെ തന്നെ. ഇതിനു ശേഷവും എനിക്ക് മറ്റൊരു പ്രണയം ഉണ്ടാകില്ല ഏയ്ഞ്ചൽ.... " പറഞ്ഞു നിർത്തി പുറം കാഴ്ചകളിലേക്ക് കണ്ണ് തുറന്നിരിക്കുന്ന വേദയെ തന്നെ ഒരു നിമിഷം നോക്കി ഏയ്ഞ്ചൽ കാറിൻ്റെ വേഗത കൂട്ടി. കൊച്ചിയുടെ തിരക്കേറിയ പാതയിലൂടെ വിദഗ്ദമായി ഏയ്ഞ്ചൽ കാർ മുന്നോട്ടെടുക്കുമ്പോഴും, അവളുടെ ഉള്ളിൽ വേദയെന്ന ഉറ്റമിത്രത്തിന് വന്ന മാറ്റത്തിനെ കുറിച്ചുള്ള കെട്ടുപിണഞ്ഞ ചിന്തകളായിരുന്നു. "വേദാ.... ഇത് നിൻ്റെ ഉറച്ച തീരുമാനമാണോ?" തിരക്കേറിയ ട്രാഫിക്കിൽ നിന്നും കാർ സ്വതന്ത്രമായപ്പോൾ, അവൾ വേദയെ നോക്കി പതിയെ ചോദിച്ചു... അവൾ അതെയെന്ന അർത്ഥത്തിൽ തലയാട്ടി. "നിനക്കറിഞ്ഞൂടെ ഏയ്ഞ്ചലേ, എനിക്കങ്ങിനെ പ്രത്യക ഇഷ്ടങ്ങളോ, വലിയ ആശകളോ ഇല്ലായെന്ന്... പക്ഷേ വല്ലപ്പോഴും, വല്ലതും ആശിച്ചിട്ട്, കിട്ടാതെ വന്നാൽ എനിക്കൊരു തരം ഭ്രാന്താ ... ആശിച്ചതെന്താണോ അതു കിട്ടുന്നവരെ എനിക്ക് ഉറക്കവും ഉണ്ടാകില്ല" വേദ ചിരിയോടെ പറഞ്ഞു നിർത്തിയതും, ഏയ്ഞ്ചൽ അവളെയൊന്നു സൂക്ഷിച്ചു നോക്കി.. വേദയുടെ പാതിയുറക്കം പതുങ്ങിയിരിക്കുന്ന കൺപോളകളിൽ, അവൾ പറഞ്ഞ സത്യത്തെ ഏയ്ഞ്ചൽ തെല്ലൊരമ്പരപ്പോടെ നോക്കി നിന്നു... " ഭാവിയെകുറിച്ച് ഓർക്കാതെയാണ് വേദാ നീ ഈ പൊടുന്നനെയുള്ള തീരുമാനമെടുത്തിട്ടുള്ളത് അതും അവന് അങ്ങിനെയൊരു മോഹം മനസ്സിൽ ഉണ്ടോയെന്ന് ചോദിച്ചറിയാതെ..... " " ഭാവി നോക്കിയാണോ ആരെങ്കിലും പ്രേമിക്കുന്നത്? അല്ലെങ്കിൽ തന്നെ ഈ വേദയ്ക്ക് എന്തു ഭാവി? മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലെങ്കിലും, ഒരു നേരത്തെ പൂജ പോലും മുടക്കാത്ത പാവം ഒരു പൂജാരിയുടെ മകളാ ഞാൻ " വിഷാദത്തോടെ പറഞ്ഞു നിർത്തി വേദ ഏയ്ഞ്ചലിനെ നോക്കി. "നീ എന്ന കൃഷ്ണൻ്റെ സഹായം കിട്ടില്ലായിരുന്നുവെങ്കിൽ എന്നേ ഈ കോളേജിലെ പഠിത്തം നിർത്തി പോയേനേ ഈ പാവം കുചേല..." വാക്കുകളിൽ നീരണിഞ്ഞതും വേദ ഏയ്ഞ്ചലിൻ്റെ തോളിലൂടെ കൈയിട്ടു. ഏയ്ഞ്ചലിൻ്റെ കണ്ണും നിറഞ്ഞു തുടങ്ങിയിരുന്നു. "നിൻ്റെ ഈ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലേ വേദാ?" കാർ റോഡിൻ്റെ അരികിലേക്ക് മാറ്റി നിർത്തി, ഏയ്ഞ്ചൽ വേദയോടു ചോദിച്ചപ്പോൾ അവൾ പതിയെ ചിരിച്ചു. " ഉണ്ടാകാം... അത് ആദിക്ക് ഇങ്ങിനെയൊരു ബന്ധത്തിന് ഇഷ്ടമില്ലായെന്ന് പറഞ്ഞാലും... പിന്നെ എൻ്റെ ഏയ്ഞ്ചലിന് ഇഷ്ടമില്ലായെന്നു പറഞ്ഞാലും ഈ തീരുമാനത്തിൽ മാറ്റമുണ്ടാകാം... അതിനപ്പുറത്ത് ആരു പറഞ്ഞാലും ഒരടി ഈ വേദ പിന്നോട്ടു മാറില്ല " വേദയുടെ ദൃഢതയേറിയ വാക്കുകൾ കേട്ടപ്പോൾ ഏയ്ഞ്ചലിന് പറയാൻ പിന്നെ വാക്കുകൾ ഇല്ലായിരുന്നു.... ഒരു നിമിഷം എന്തോ ആലോചിച്ചതിനു ശേഷം, വേദയെ നോക്കി ഒന്നു പുഞ്ചിരിയോടെ തലയാട്ടി ഏയ്ഞ്ചൽ കാർ മുന്നോട്ടെടുത്തു. അര മണിക്കൂറോളം അവർക്കിടയിൽ നിശബ്ദത തളം കെട്ടികിടന്നു... ഒടുവിൽ ഒരു പുഞ്ചിരിയോടെ ഏയ്ഞ്ചൽ വീണ്ടും കാർ റോഡരികിലേയ്ക്ക് മാറ്റി പാർക്ക് ചെയ്തു, വേദയിൽ നിന്നു മൊബൈൽ വാങ്ങി കീപാഡമർത്തി ചെവിയോരം ചേർത്തു. " കടലിൽ വീണ ആളുകളെ ഇത്ര ആത്മാർത്ഥമായി രക്ഷപ്പെടുത്തുവാൻ നിങ്ങളെ ദൈവം പറഞ്ഞേൽപ്പിച്ചതാണോ?" മൊബൈലിലൂടെയുള്ള ഏയ്ഞ്ചലിൻ്റെ മുറുകിയ ശബ്ദത്തോടെയുള്ള ചോദ്യം കേട്ടതും, വേദ അമ്പരപ്പോടെ അവളെ നോക്കിയതും, അവൾ ആദിയെന്ന് ചുണ്ടനക്കി പറഞ്ഞു. പൊടുന്നനെ വേദ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോൾ ഏയ്ഞ്ചൽ ഒഴിഞ്ഞുമാറി.. "ഏയ് മാൻ നിങ്ങൾക്ക് ചെവികേട്ടു കൂടെ? ഞാൻ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല" മറുപുറത്ത് നിന്ന് ശബ്ദമൊന്നും വരുന്നില്ലായെന്ന് കണ്ട ഏയ്ഞ്ചലിൻ്റെ ശബ്ദം വീണ്ടുമുയർന്നു. വേദ ദയനീയമായി അരുതേന്ന് ആംഗ്യം കാട്ടുന്നുണ്ടെങ്കിലും, ഏയ്ഞ്ചൽ ചിരിച്ചു തള്ളി. "എൻ്റെ ഡീറ്റെയിൽസ് കിട്ടിയാൽ മാത്രമേ നിങ്ങൾ ഉത്തരം തരുകയുള്ളൂ" അപ്പുറത്ത് നിന്ന് വന്ന ഏതോ ഒരു ചോദ്യത്തിന് കലിപ്പോടെ മറുപടി പറയുന്ന ഏയ്ഞ്ചലിൻ്റെ ഭാവം കണ്ട് വേദ തളർന്നുതുടങ്ങി! അവരുടെ സംസാരം കേട്ട് വേദ എന്തു പറയണമെന്നറിയാതെ ഡാഷ് ബോർഡിലേക്ക് തല ചായ്ചു.... " ഞാനോ.... ഞാൻ വേദ" അവസാനത്തെ ആദിയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞ്, ഏയ്ഞ്ചൽ ഒരു കുസൃതിയോടെ തളർന്നു കിടക്കുന്ന വേദയെ നോക്കി, ഏയ്ഞ്ചലിൻ്റെ മൊബൈൽ അവളുടെ കൈകളിൽ വെച്ചു കൊടുത്തു. " കേട്ടോ വേദാ... ഇനി കുറച്ചു നാളത്തേക്ക് ഈ ഏയ്ഞ്ചലാണ് വേദാ... വേദ ഏയ്ഞ്ചലും..." ഏയ്ഞ്ചലിൻ്റെ വാക്ക് കേട്ട് വേദ പരിഭ്രമത്തോടെ അവളുടെ മുഖത്തേക്കും, കൈയിലിരിക്കുന്ന മൊബൈലിലേക്കും മാറി മാറി നോക്കി. "നീ പേടിക്കണ്ട വേദാ... ഇതൊരു തമാശ നാടകമാണ്... ഇതു പോലെയുള്ള എത്രയെത്ര നാടകങ്ങൾ നമ്മൾ നടത്തിയിരിക്കുന്നു... അതൊക്കെ വെച്ചു നോക്കിയാൽ ഇത് വെറും ചെറുത് " " എന്നാലും ഏയ്ഞ്ചൽ അതു പോലെ നിസാരമല്ല ഇത്... ഒരു ചെറിയ ആൾമാറാട്ട കേസുകൂടിയാണിത്... പോരാത്തതിന് നിൻ്റെ പപ്പയും, മമ്മയും, അലക്സിയുമൊക്കെ വിളിക്കുമ്പോൾ ഞാൻ എന്താ പറയാ?" വേദ വിറക്കുകയാണെന്ന കണ്ട ഏയ്ഞ്ചലിന് ചിരി വന്നു. " അതിൽ നിന്നൊക്കെ എസ്കേപ് ആകാൻ തന്നെയാണ് എൻ്റെ ഈ ഐഡിയ.. പിന്നെ അവർ വിളിക്കുന്നതിൽ നീ പേടിക്കണ്ട. അവരൊക്കെ വിളിക്കുമ്പോൾ നിനക്ക് കോൾഡ് ആയിരിക്കും... സംസാരിക്കുന്ന മലയാള ഭാഷ, ചൈനീസ് സംഗീതത്തിൻ്റെ അകമ്പടിയോടെ ആയിരിക്കും. അപ്പോൾ പിന്നെ വേദയാണോ, ഏയ്ഞ്ചൽ ആണോ എന്നവർക്ക് എങ്ങിനെ മനസ്സിലാവും?" വേദയുടെ പേടി മാറുന്നില്ലെന്ന് കണ്ട ഏയ്ഞ്ചൽ കൈ നീട്ടി വേദയെ തന്നോടടുപ്പിച്ചു. " ഇങ്ങിനെ പേടിക്കല്ലേ വേദാ... അവരൊക്കെ എന്നെ ഇവിടേക്ക് അന്വേഷിച്ചു വരുന്നത് ഓർത്ത് നീ പേടിക്കണ്ട... അങ്ങിനെ ഒരു സൂചന കിട്ടിയാൽ നീ ഇവിടെ നിന്ന് മുങ്ങിയേക്കണം... പൊങ്ങുന്നത് ആദിയുടെ വീട്ടിലായിരിക്കണം... ഈ നാടകത്തിൻ്റെ കഥകളൊക്കെ പറഞ്ഞ് അവനെ നമ്മൾക്ക് അവിടെ ഞെട്ടിപ്പിക്കാം... " ഏയ്ഞ്ചലിൻ്റെ ചിരിയോടെയുള്ള സംസാരം കേട്ടതും, വേദ അവളെ തീ പാറുന്ന കണ്ണുകളോടെ നോക്കി.. "നീ ഇങ്ങിനെ കത്തല്ലേ പെണ്ണേ... കുറച്ചു നാളത്തേക്ക് ആണെന്ന് ഞാൻ പറഞ്ഞില്ലേ? പിന്നെ ആദിയോടു നിൻ്റെ പ്രണയം എന്നിലൂടെ ഞാൻ രേഖപ്പെടുത്തും.. വേദയായിട്ട് ഞാൻ അഭിനയിക്കുകയല്ല.. ജീവിക്കും ആദിയുടെ മുന്നിൽ. വേദയുടെ ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന പ്രണയം അതേപടി ഞാൻ അവനു മുന്നിൽ കാണിക്കും... " ഒന്നുമറിയാതെ, ആശങ്കയാൽ വീർപ്പുമുട്ടുന്ന വേദയെ പാളി നോക്കി, ഒരു മൂളിപ്പാട്ടോടെ ഏയ്ഞ്ചൽ കാർ മുന്നോട്ടെടുത്തു. " വേദാ" തൊട്ടു പിന്നിൽ നിന്ന് ആരോ നെഞ്ചോട് ചേർത്ത് ചെവിയോരം മന്ത്രിച്ചeപ്പാൾ ഏയ്ഞ്ചൽ നീണ്ട ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു... പിന്നിൽ നിന്ന് വരിഞ്ഞുമുറുക്കിയ കൈകളെ അവൾ വിടർത്താൻ ശ്രമിക്കുന്തോറും, അത് കൂടുതൽ മുറുകുന്നത് കണ്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി... പുഞ്ചിരിയോടെ നിൽക്കുന്ന ആദിയെ കണ്ടതും അവളുടെ ഉടൽ ഒന്നു വിറച്ചു. പ്രണയത്തിൻ്റെ മെഴുകുതിരി വെട്ടങ്ങൾ നിറഞ്ഞു കത്തുന്ന കണ്ണുകളുമായ് നിൽക്കുന്ന ആദിയെ ഒരു അമ്പരപ്പോടെ ഏയ്ഞ്ചൽ നോക്കിയത്. നാലു കണ്ണുകൾ ദ്രുത വേഗതയിൽ തമ്മിലിടഞ്ഞ നിമിഷങ്ങൾ! " ആരെങ്കിലും കാണും ആദീ " വിറയാർന്ന ശബ്ദത്തോടെയുള്ള വാക്കുകൾ ഏയ്ഞ്ചലിൽ നിന്നുയർന്നതും, ഒരു പുഞ്ചിരിയോടെ ആദി നിഷേധാർത്ഥത്തിൽ തലയാട്ടി. "ആരു കാണാൻ വേദാ.. നമ്മളൊഴിച്ച് ഇവിടെ ആരും ഇല്ല" ആദിയുടെ പതിഞ്ഞ ശബ്ദം കേട്ടതും 'ഭീതിദമായ അവളുടെ കണ്ണുകൾ പള്ളിമുറ്റത്തേക്ക് നീണ്ടതും, അവൾ നിരാശയായി... കുർബാന കഴിഞ്ഞ് എല്ലാവരും പോയിരിക്കുന്നു ... "വേദാ" ഉറക്കെ മന്ത്രിച്ചു കൊണ്ട് ആദി അവളെ നെഞ്ചിലേക്ക് ശക്തിയോടെ അമർത്തിയതും, ഒരു മിന്നൽ വെളിച്ചം അവരെ തഴുകി പോയതിനു പിന്നാലെ ആകാശ കോണിൽ ഒരു ഇടികുടുങ്ങി... ദൂരെ നിന്ന് വരുന്ന മഴശബ്ദം കേട്ടപ്പോൾ, അവൾ അവനിൽ നിന്നു കുതറി മാറാൻ ശ്രമിച്ചതും, അവൻ വീണ്ടും അവളെ ശക്തിയോടെ നെഞ്ചിലേക്ക് അമർത്തി, ചുണ്ടുകൾ അവളുടെ കാതോരം ചേർത്തു പതിയെ മന്ത്രിച്ചു: "ഈ മഴ നമ്മൾക്ക് നനയാനുള്ളതാണ് വേദാ... നമ്മളിലെ പ്രണയത്തെ കുളിരണിയിക്കാനുള്ളതാ.ണ് " പറഞ്ഞതും ആദി വീണ്ടുമവളെ നെഞ്ചോട് ചേർത്തമർത്തിയതും, അവളുടെ കൂർത്ത നഖങ്ങൾ അവൻ്റെ ശരീരത്തിലേക്ക് പതിയെ-ആഴ്ന്നു .......തുടരും....