Novel

ഏയ്ഞ്ചൽ: ഭാഗം 11

രചന: സന്തോഷ് അപ്പുകുട്ടൻ

“പരിസരബോധം ഇല്ലാതെ എന്തൊക്കെയാണ് ആദി കാട്ടികൂട്ടുന്നത്… വാ നമ്മൾക്കു പോകാം”

ഏയ്ഞ്ചൽ വിളറിയ
ചിരിയോടെ പറഞ്ഞ് മുന്നോട്ട് നടന്നതും, ശരീരത്തിൽ അവൾ ഏൽപ്പിച്ച മുറിവിൽ തൊട്ടുതലോടി അവനും അവൾക്ക് പിന്നാലെ നടന്നു.

കൂർത്ത നഖം കുത്തിയിറങ്ങിയ പാടിൽ തലോടികൊണ്ടിരുന്ന അവൻ്റെ മുഖത്ത് ജാളത്യ നിറഞ്ഞുനിന്നു.

” ഒരു പെണ്ണ് ഇങ്ങിനെ ഫ്രീയായി ഇടപെടുമ്പോൾ, കേറി അറ്റാക്ക് ചെയ്യുന്നത് നല്ല പുരുഷൻമാർക്ക് പറഞ്ഞ പണിയാണോ
ആദീ? ”

ചോദ്യത്തോടൊപ്പം
അവളുടെ മുഖത്ത് ഉയർന്ന പുച്ഛഭാവം കണ്ടതോടെ ആദി വല്ലാതെ വിയർത്തു പോയി..

“സോറി… ഞാൻ ”

ആദി വാക്കുകൾ കിട്ടാതെ വിഷമിച്ചപ്പോൾ, അവൾ അവൻ്റെ തോളിലൂടെ കൈയിട്ടു.

” അത് പോട്ടെ….. എൻ്റെ ജീവിതത്തിൽ കണ്ട കുറച്ച് നല്ല പുരുഷൻമാരിൽ ഒരാളാണ് ആദി.അതുകൊണ്ട് ആദി പെട്ടെന്ന് ഇങ്ങിനെ പ്രവർത്തിച്ചപ്പോൾ, ഒരു വിഷമം… ആ ചാപ്റ്റർ മറന്നേക്ക് ആദി”

ഏയ്ഞ്ചലിൻ്റെ വാക്കുകൾ കേട്ടപ്പോൾ പതിയെ തലകുലുക്കി, അവൾക്കൊപ്പം നടന്നു അവൻ:

ചെയ്യാൻ പാടില്ലാത്ത് എന്തോ ചെയ്ത കുട്ടിയുടെ ഭാവമായിരുന്നു ആദിക്ക് അപ്പോൾ.

” ഇങ്ങിനെയൊക്കെ നടന്നാ
മതിയാ
രണ്ടു പേരും…ഞങ്ങൾക്ക് എപ്പോഴാ ഒരു ഇല ചോറ് തരുന്നത്?”

അവർക്ക് എതിരെ വന്ന തെങ്ങുകയറ്റക്കാരൻ ഗോപാലൻ ചോദിച്ചതും, ആദി
വല്ലായ്മയോടെ ഏയ്ഞ്ചലിനെ നോക്കി.

ആ നോട്ടം കണ്ടതോടെ ഏയ്ഞ്ചൽ വല്ലാത്തൊരു വേദനയോടെ മുഖം താഴ്ത്തി.

“നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാണുട്ടോ… ”

ഗോപാലൻ്റെ ആ വാക്കുകൾ കേട്ടതോടെ ഏയ്ഞ്ചൽ പതിയെ പല്ലിറുമ്മി .

അവളുടെ മനസ്സിൽ ആ നിമിഷം ജിൻസിൻ്റെ മുഖം ഓടിയെത്തി.

ജീവിതം ജീവിച്ചു തീർക്കുകകയാണെങ്കിൽ അത് ജിൻസിനോടൊപ്പം മാത്രമേയുള്ളൂന്ന് വ്രതമെടുത്ത ഒരു പെണ്ണിന് ഇതൊക്കെ കേൾക്കുമ്പോൾ ചിരിക്കാനാണ് തോന്നുന്നത്.

ആ ചിന്തകൾ മനസ്സിലുദിച്ച അതേ നിമിഷം തന്നെ അവളിൽ കുറ്റബോധമുണർന്നു.

തൻ്റെ അഭിനയം വല്ലാതെ ഓവറായിരുന്നു…

ഒരിക്കൽ ആരോ തേച്ചിട്ടു പോയ ആളെ വീണ്ടുമൊരിക്കൽ തമാശക്കാണെങ്കിലും മോഹിപ്പിക്കാൻ പാടില്ലായിരുന്നു…

അധികാരത്തെക്കാളും, ആഢംബരങ്ങളെക്കാളും, എന്തിന് സ്വന്തം ജീവനക്കാൾ വരെ വില പിടിപ്പുള്ളതായിരിക്കും, ചിലർക്ക് ചില പെണ്ണുങ്ങളോടുള്ള സ്നേഹം!

അവൾക്കു വേണ്ടി സ്വപ്നലോകം ഉപക്ഷിക്കുന്ന അവർ, അവളില്ലാതാകുമ്പോൾ മരണത്തിലേക്ക് നടന്നടുക്കും…

ആ ഓർമ്മകളിൽ അവളൊന്നു ഞെട്ടിവിറച്ചു.

പാതി താഴ്ത്തിയ മിഴികളോടെ അവൾ
ആദിയെ ഒന്നു പാളി നോക്കി.

സ്വപ്നങ്ങൾ കരിഞ്ഞുണങ്ങിയ ശവപറമ്പ് പോലെയായി തീർന്ന അവൻ്റെ മുഖത്തിൽ നിന്നും അവൾ പൊടുന്നനെ നോട്ടം പിൻവലിച്ചു.

ഉണർന്നു വരുന്ന ഇടവഴിയിലൂടെ മൗനത്തെ കൂട്ടുപിടിച്ച് അവർ നടക്കുമ്പോൾ, എല്ലാം തുറന്ന് പറയണമെന്ന് മനസ്സിനെ സജ്ജമാക്കുകയായിരുന്നു ഏയ്ഞ്ചൽ.

ഈ നാടകം ഇനിയുമേറെ ദൂരം പോയാൽ, ആകസ്മികമായൊരു ദുരന്തത്തിന് കാരണമാകുമെന്ന് അവൾക്ക് മനസ്സിലായി.

ദൂരെ നിന്ന് നടന്നു വരുന്ന ആദിയെയും, ഏയ്ഞ്ചലിനെ കൺനിറയെ നോക്കി നിന്ന ഷാഹിനയുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.

അടുത്തുള്ള വീട്ടുകാരൊക്കെ ആദിയും, ഏയ്ഞ്ചലും തൊട്ടുരുമ്മി വരുന്നത് കണ്ടപ്പോൾ, അവരുടെയൊക്കെ ചുണ്ടിൽ സംതൃപ്തിയുടെ പുഞ്ചിരി പൂത്തുലഞ്ഞു.

തീരം മറ്റൊരു വിവാഹത്തിന് വേണ്ടി തുടികൊട്ടുന്ന നിമിഷങ്ങൾ….

” ആരോടും പറയാതെ രാവിലെ രണ്ടും കൂടി ഒരു അമ്പലത്തിൽ പോക്ക്…?”

ചിരിയോടെ ഷാഹിന പറഞ്ഞതും, ഏയ്ഞ്ചലിൻ്റെ മനസ്സിൽ കൃത്രിമമായ ഒരു പുഞ്ചിരി വിടർന്നു.

“എൻ്റെ കല്യാണത്തിന് മുന്ന് നിങ്ങടെ വിവാഹം കഴിഞ്ഞാൽ പെരുത്ത് സന്തോഷം ആദിയേട്ടാ ”

ഷാഹിന പറഞ്ഞതും, ആദി ഏയ്ഞ്ചലിനെ നോക്കിയതും, അവൾ പൊടുന്നനെ മുഖം കുനിച്ചു.

” പോയി ചായ കുടിക്ക് രണ്ടാളും… എന്നിട്ട് മതി സ്വപ്നം കാണലൊക്കെ ”

ഷാഹി പറഞ്ഞതും, തറഞ്ഞു നിന്നിരുന്ന അവർ പൊടുന്നന്നെ വീട്ടിലേക്ക് കയറി.

വീട്ടിലെത്തിയ പാടെ, അവർക്കുള്ള ചായയൊരുക്കി കഴിഞ്ഞിരുന്നു അശ്വതി.

ഒന്നിച്ചിരുന്നു ചായ കുടിക്കുന്ന അവർ തമ്മിൽ ഒന്നും സംസാരിക്കുന്നില്ലെന്ന് കണ്ട്, അശ്വതി അവരെ മാറി മാറി നോക്കി.

ചായ കുടിക്കുന്നത് പാതിയിൽ നിർത്തി വിളറിയ ഒരു ചിരിയോടെ ആദി എഴുന്നേറ്റു.

” ഞാൻ കല്യാണ വീട്ടിലേക്ക് പോകാണ് ട്ടോ …”

ആദി കൈകഴുകി തോർത്തുമുണ്ടിൽ തുടച്ച്, ഏയ്ഞ്ചലിനെയും, അശ്വതിയെയും നോക്കി.

“കെട്ടിനു മുൻപ് അങ്ങോട്ടക്ക് വരാൻ നോക്ക് ”

“ചേട്ടൻ പൊയ്ക്കോ… ഞാനും, വേദ ചേച്ചിയും, ഷാഹിനയും പെട്ടെന്ന് അങ്ങോട്ടേക്ക് വന്നേക്കാം… ”

അശ്വതി പറഞ്ഞതും, ഏയ്ഞ്ചലിനെ ഒന്നു പാളി നോക്കി ആദി പുറത്തേക്ക് നടന്നു.

“എന്താ ചേച്ചീ… ഇഞ്ചി കടിച്ചതു പോലെയാണല്ലോ ചേട്ടൻ്റെ മട്ട്? ”

അശ്വതി ചിരിയോടെ ചോദിച്ചതും, ഏയ്ഞ്ചൽ ഒരു വിളർച്ചയോടെ അവളെ നോക്കി.

മൗനം അവർക്കരികിൽ പതുങ്ങി നിന്ന നിമിഷങ്ങൾ….

“വേദമോൾ വന്നോ അച്ചൂ?… ”

നേർത്ത ചുമയ്ക്ക് ഒപ്പം ശങ്കരൻ്റെ ചോദ്യം കേട്ടതും ഏയ്ഞ്ചൽ നിശബ്ദമായി തലയാട്ടി.

കൺകോണിലെ നനവ് കവിളോരത്തേക്ക് പടരുമെന്ന സന്ദേഹത്തിൽ അവൾ മുഖമൊന്ന് അമർത്തി തുടച്ചു.

”ചേച്ചി ചായ കുടിക്കാണ് ”

അശ്വതിയുടെ മറുപടി കേട്ടതും, ശങ്കരൻ്റെ പതിഞ്ഞ ചിരി ഉയർന്നു.

“എന്തെങ്കിലും കഴിക്കാൻ ഇത്തിരി നാണമൊക്കെ ഉണ്ടാകും വേദമോൾക്ക്.. നീ വേണം നിർബന്ധിച്ച് കഴിപ്പിക്കാൻ കേട്ടോ അച്ചു മോളെ ”

ശങ്കരൻ്റെ ഇടറിയ ശബ്ദം ഒഴുകിയെത്തിയതും, ഏയ്ഞ്ചലിൻ്റെ കൺകോണിൽ നിന്ന് രണ്ടിറ്റു കണ്ണീർ കവിളോരത്തേക്ക് അനുസരണയില്ലാതെ ചാടിയിറങ്ങി.

” ചേച്ചി എന്തിനാ കരയുന്നത്?”

അശ്വതിയുടെ നേർത്ത ചോദ്യം കേട്ടതും, ഏയ്ഞ്ചൽ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു !

നിറം മങ്ങിയ ചിരി !

കുറച്ചു നേരം കഴിഞ്ഞതും, ബഷീറും, ഷാഹിനയും അങ്ങോട്ടേക്ക് വന്നു.

” ആദി എവിടെ?”

ബഷീർ, ഏയ്ഞ്ചലിനെ നോക്കി ചോദിച്ചതും അവൾ പുറത്തേക്ക് പോയെന്ന് കണ്ണുകൊണ്ട് കാണിച്ചു.

“തീരത്ത് ഇപ്പോൾ നിങ്ങടെ കാര്യം പാട്ടാണ്… ഇനിയും അധികം വെച്ചു താമസിപ്പിക്കണോ?”

ബഷീറിൻ്റെ ചോദ്യം കേട്ടതും, ഏയ്ഞ്ചൽ വിളറി.

” ഇങ്ങിനെ നേരിട്ട് ചോദിച്ചാൽ എങ്ങിനെയാ വേദ ചേച്ചി ഉത്തരം പറയാ… അത് ആദിയേട്ടൻ അല്ലേ പറയേണ്ടത്?”

ബഷീറിനെ നോക്കി ചോദിച്ചു കൊണ്ട് ഷാഹിന അവളെ തൊട്ടുരുമ്മി ഇരുന്നു.

” അതാണ് വേണ്ടത് ബഷീറെ… നീ തന്നെ അവനോട് ചോദിച്ചു എല്ലാം പെട്ടെന്ന് ശരിയാക്ക്… അല്ലെങ്കിൽ തീരക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനേ നേരമുണ്ടാകൂ…”

ശങ്കരൻ്റെ മറുപടി വന്നപ്പോൾ ബഷീർ തല കുലുക്കി കൊണ്ട് അങ്ങോട്ടേക്ക് ചെന്നു.

“ഷാഹിയുടെ കല്യാണത്തിന് മുൻപ് നടത്താം ശങ്കരേട്ടാ… അവൾക്ക് അവരുടെ കല്യാണം കൂടണമെന്ന് വല്ലാത്ത ആഗ്രഹം ”

ബഷീറിൻ്റെ സംസാരം കേട്ടതും ഷാഹി ഒരു ലജ്ജയോടെ ഏയ്ഞ്ചലിൻ്റെ കവിളിൽ നുളളി.

“നിങ്ങൾ ഒരുങ്ങി വേഗം കല്യാണ വീട്ടിലേക്ക് പോര്… ഞാൻ പോണ്”

പറഞ്ഞുകൊണ്ട് ബഷീർ പോയതും, ഏയ്ഞ്ചൽ ഇരുവരെയും ഒന്നു നോക്കി പുറത്തേക്ക് നടന്നു.

കടൽകാറ്റിൽ താളം തുള്ളുന്ന തെങ്ങോലകളെയും നോക്കി അവൾ കുറച്ചു നേരം നിന്നു.

” ചേച്ചീ ഞാനിപ്പം
ഷാഹിടെയൊപ്പം പോയിട്ട് വരാട്ടോ… അച്ഛനെ ഒന്നു നോക്കണേ”

അശ്വതി, ഏയ്ഞ്ചലിനോട് പറഞ്ഞു കൊണ്ട് ഷാഹിനയുടെ വീട്ടിലേക്ക് നടന്നു.

പൊടുന്നനെ മൊബൈൽ അടിക്കുന്ന ശബ്ദം കേട്ട് അവൾ വീട്ടിലേക്ക് ഓടി കയറി.

“ഏയ്ഞ്ചൽ കോളിങ്ങ് ”

ആദിയുടെ ഫോണിൻ്റെ ഡിസ്പ്ലേയിലേക്ക് നോക്കിയ ഏയ്ഞ്ചൽ, ആ വാചകം കണ്ട് പൊടുന്നനെ ഫോൺ എടുത്ത് കോൾ ബട്ടൻ അമർത്തി.

“ഞാൻ വരുവാണ് വേദാ…”

ഫോൺ എടുത്തതും,
ഏയ്ഞ്ചലിൻ്റ സ്വരം കരച്ചിലിൻ്റെ വക്കത്ത് എത്തിയിരുന്നു.

” ഇല്ല വേദാ… ഫോൺ കൊണ്ടുപോകാൻ ആദി
മറന്നതാ”

അവൾ ഫോണും കൊണ്ട് കടൽതീരത്തേക്ക് ഓടി.

“എനിക്കു വയ്യ വേദാ… ഞാൻ കളിച്ച നാടകം എന്നെ തന്നെ തിരിഞ്ഞു കൊത്തുന്നതു പോലെ… ”

” അവർ ഒരുപാട് മോഹിച്ചു പോയി വേദയെന്ന പേരിൽ വന്ന വ്യാജയായ എന്നെ.. എന്തും വരട്ടെ വേദാ.. നാളെ നീ ജിൻസുമായി ഈ കടൽ തീരത്ത് എത്തിയേക്കണം… നിന്നെ അവൻ്റെ മുന്നിലേക്ക് നിർത്തി നിന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന വേദ
നീയാണെന്ന് പറയണം.. എനിക്ക് എൻ്റെ ജിൻസിനോടൊപ്പം പോണം… പ്ലീസ്.”

ഏയ്ഞ്ചലിൻ്റെ വാക്കുകൾ കരച്ചിലായി രൂപാന്തരപ്പെട്ടപ്പോൾ വേദ ഫോൺ ജിൻസിനു കൈമാറി.

”നീ പേടിക്കണ്ട ഏയ്ഞ്ചൽ… നാളെ രാവിലെ ഞങ്ങൾ ഇവിടെ നിന്നും പുറപ്പെടാം… ബാക്കിയൊക്കെ നമ്മൾക്ക് പിന്നെ തീരുമാനിക്കാം”

ജിൻസിൻ്റ വാക്കുകൾ കേട്ടതും, ആശ്വാസത്തോടെ അവൾ ആ കടൽ തീരത്ത് മലർന്നുകിടന്നു.

ഉച്ചവെയിലിൽ ഉരുകുന്ന മൺതരികളുടെ ചൂടിൽ, അവൾ തൻ്റെ സങ്കടങ്ങളുമായി ചേർന്നു കിടന്നു.

കുറച്ചു സമയത്തിനു ശേഷം അവൾ ആശ്വാസത്തോടെ വീട്ടിലേക്ക് നടന്നു…

കല്യാണ വീട്ടിൽ അശ്വതിയ്ക്കും, ഷാഹിനയ്ക്കും ഒപ്പമെത്തിയ ഏയ്ഞ്ചലിനെ ആദി കൗതുകത്തോടെ നോക്കി നിന്നു.

കണ്ണുകൾ തമ്മിൽ ഇടയും നേരത്തൊക്കെ അവൾ മൗനമായി തലകുനിച്ചിരുന്നു.

ആദിയെയും, വേദയെയും പറ്റിയുള്ള ചൂടുള്ള വാർത്തകൾ കല്യാണ പന്തലിൽ ഉയർന്നു…

കല്യാണമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയ ഏയ്ഞ്ചൽ ആദിയെ നോക്കി, പൂമുഖത്ത് കാത്തിരുന്നു.

എല്ലാം തുറന്നു പറയാൻ വേണ്ടി അവൾ മനസ്സുകൊണ്ട് തയ്യാറെടുത്ത് കാത്തിരിക്കുകയായിരുന്നു.

” ആദി എവിടെ അച്ചൂ? ”

നേരം വൈകിയിട്ടും ആദിയുടെ കാലൊച്ച കേൾക്കാതായപ്പോൾ ഏയ്ഞ്ചൽ പരിഭ്രമത്തോടെ അശ്വതിയോടു ചോദിച്ചു.

“കല്യാണ ദിവസം അല്ലേ ഇന്ന്… ചേട്ടൻ ചിലപ്പോൾ കടൽതീരത്ത് ഇരുന്ന് ആഘോഷിക്കുന്നുണ്ടാവും

അശ്വതിയുടെ ചിരിയോടെയുള്ള സംസാരം കേട്ടതും, അവൾ ഒന്നുരണ്ട് നിമിഷം അവിടെ നിന്ന്, പതിയെ കടൽതീരത്തേക്ക് നടന്നു.

നറും നിലാവ് ചിത്രം വരയ്ക്കുന്ന വഴികളിലൂടെ അവൾ തീരത്തേക്ക് നടക്കുമ്പോൾ, ആകാശത്ത് പതിവില്ലാതെ കാർമേഘങ്ങൾ ഉരുണ്ടു കൂടുകയായിരുന്നു…

നിലാവ് വീണ വഴികളിൽ പതിയെ ഇരുട്ടു പടരുന്നതോടൊപ്പം തണുത്ത കാറ്റ് വീശിയടിച്ചപ്പോൾ അവൾ സാരി തുമ്പ് കൈയ്യിൽ പിടിച്ചു ധൃതിയോടെ കടൽ തീരത്തേക്ക് നടന്നു…

അകലെ ഒരു നിഴൽ പോലെ ആദിയെ കണ്ടതും, ചെയ്തു പോയ തെറ്റുകൾക്ക് മനസ്സിൽ മാപ്പ് പറഞ്ഞു കൊണ്ട് ഏയ്ഞ്ചൽ വേഗതയോടെ നടന്നു….

ആദിയുടെ അടുത്തെത്തിയതും,
ഒഴിഞ്ഞ കുപ്പികൾ കണ്ട് ഏയ്ഞ്ചൽ പരിഭ്രമത്തോടെ അവനെ നോക്കി…

“എനിക്ക് ആദിയോടു ഒരു കാര്യം പറയാനുണ്ട് ”

പറഞ്ഞതും, അവൾ അവനരികിലായ് പതിയെ ഇരുന്നു…

” വേദയ്ക്ക് എന്തും എന്നോടു പറയാമല്ലോ? അതിനെന്താ ഒരു മുഖവുരയുടെ ആവശ്യം?”

കുഴയുന്ന ശബ്ദത്തിൽ ആദി പറഞ്ഞതും, അവളെ തൻ്റെ ദേഹത്തേക്ക് വലിച്ചിട്ടതും ഒരുമിച്ചായിരുന്നു……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button