ഏയ്ഞ്ചൽ: ഭാഗം 14
രചന: സന്തോഷ് അപ്പുകുട്ടൻ
തീരത്തോളം കയറി വന്ന് തൊട്ടുരുമ്മുന്ന തിരകളിലൂടെ ആദിയെയും വലിച്ചുകൊണ്ട് അവൾ നടക്കുമ്പോൾ വല്ലാതെ വിയർത്തിരുന്നു…
കിതപ്പോടെ അവൾ ഒരു നിമിഷം ചുറ്റും നോക്കി.
തികച്ചും വിജനത !
ആദിയെ ഏറ്റുവാങ്ങാനെന്നവണ്ണം വരുന്ന തിരകളെ നോക്കി അവൾ ഒന്നു മന്ദഹസിച്ചു.
തിരയെയും ആദിയെയും മാറി മാറി നോക്കി അവൾ കുറച്ചു നിമിഷങ്ങൾ അങ്ങിനെ തന്നെ നിന്നു.
പൊടുന്നനെ
അടിവയറിൽ വന്ന വേദന അവളെ നിലത്തേക്ക് ഇരുത്തി.
വയറും പൊത്തി
ആദിയുടെ അരികത്ത് ഇരുന്ന ഏയ്ഞ്ചൽ അവനെ ക്രൂരമായി നോക്കി.
“എൻ്റെ എല്ലാ തൂവലുകളും പറിച്ചു നീയെന്നെ മരണത്തിന് തുല്യമാക്കിയിരിക്കുന്നു ആദീ… ”
അബോധാവസ്ഥയിൽ കിടക്കുന്ന ആദിയെ നോക്കി അവൾ പകയോടെ മന്ത്രിച്ചു.
“പക്ഷേ ഒരു പോറൽ പോലും ഏൽപ്പിക്കാതെ നിന്നെ ഞാൻ ഈ കടലിൽ താഴ്‌ത്തും.. .ഈ ഏയ്ഞ്ചൽ അത് ചെയ്തിരിക്കും ആദീ. ഒരിടത്തും തോൽക്കാൻ മനസ്സില്ലാത്ത ഏയ്ഞ്ചലാ പറയുന്നത്”
പകയോടെ
പറഞ്ഞു കൊണ്ട് പതിയെ എഴുന്നേറ്റ അവൾ, വീണ്ടും ആദിയെ വലിച്ചിഴച്ചു തുടങ്ങി.
നാളെ ഈ തീരം കേൾക്കുന്നത്, നീ കടലിൽ ഒഴുകി പോയെന്നായിരിക്കും…
കുടിച്ചു വെളിവില്ലാത്ത നിന്നെ ഈ കടലിലേക്ക് എറിഞ്ഞ് ഞാൻ വെറുതെയൊന്നു അലറികരയും!
എൻ്റെ അലറി കരച്ചിൽ കേട്ട് ഓടി വരുന്ന തീരക്കാരോടു, ആഴകടലിലേക്ക് കൈ ചൂണ്ടി ഞാൻ ശബ്ദിക്കാൻ കഴിയാത്തതു പോലെ വിങ്ങി കരയും…
എന്നിലെ പെണ്ണിനെ നീ
കീഴടക്കിയപ്പോൾ, നിശബ്ദം ഞാൻ വിങ്ങി കരഞ്ഞതുപോലെ…
ആ സമയം ആഴതിരമാല കളിലൂടെ നീ അവസാന യാത്ര നടത്തുകയായിരിക്കും….
അതോർത്ത് കണ്ണീരിലൂടെ എനിക്കൊന്ന് ആരും കാണാതെ പൊട്ടി ചിരിക്കണം….
തിരകൾ ആദിയെ തൊട്ടു തുടങ്ങിയെന്നറിഞ്ഞപ്പോൾ ഏയ്ഞ്ചലിൻ്റെ ചുണ്ടിൽ ഒരു മന്ദസ്മേരം വിരിഞ്ഞു.
എല്ലാ തൂവലും പൊഴിഞ്ഞൊരു പക്ഷിക്ക് പ്രതീക്ഷയുടെ
പുതിയൊരു ചെറുതൂവൽ കിളിർത്തു വന്നതു പോലെ!
തിരകളിൽ കിടക്കുന്ന ആദിയെ അവൾ നിമിഷങ്ങളോളം നോക്കി നിന്നു.
പിന്നെ നിറം മങ്ങിയ നിലാവ് ചിതറി കിടക്കുന്ന തീരത്തേക്കും…
വിജനമായ തീരം കണ്ടതോടെ അവളിലെ പേശികൾക്ക് ശക്തിയേറി.
ആദിയെ വലിച്ചുകൊണ്ട് അവൾ ധൃതിയിൽ തിരകളിലേക്ക് കയറുന്നതിനിടയിലാണ് അവൾ ആ ശബ്ദം കേട്ട് ഞെട്ടിയത്…
തീരത്ത് കിടന്നിരുന്ന ആദിയുടെ മൊബൈൽ അടിക്കുന്ന ശബ്ദം കേട്ട അവൾ ഒരു നിമിഷം നിശ്ചലമായി
ഭീതിയോടെ ചുറ്റും നോക്കി….
ആരുമില്ലെന്ന് കണ്ട അവൾ, നിശബ്ദതയെ ഭേദിക്കുന്ന മൊബൈലിൻ്റെ ശബ്ദം കഴിയാൻ വേണ്ടി കാത്തു നിന്നു.
മൊബൈൽ അടി നിന്നതും അവൾ ഒരു ദീർഘനിശ്വാസമുതിർത്തു കൊണ്ട് അവനെ വീണ്ടും വലിച്ചിഴച്ചു തുടങ്ങി…
ജീവിതത്തിൽ നിന്ന് മരണത്തിലേക്ക് പോകുന്നതറിയാതെ, ബോധംകെട്ടു കിടക്കുന്ന ആദിയെ നോക്കി അവൾ ഒന്നു പുഞ്ചിരിച്ചു….
ഇഷ്ടമായിരുന്നു ആദീ
നിന്നെ….
അത് പക്ഷെ നീ വിചാരിക്കും പോലെ അങ്ങിനെയൊരു ഇഷ്ടമായിരുന്നില്ല…
സ്നേഹമാണെന്നു പറയുമ്പോഴെക്കും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നത് സ്വാർത്ഥതയല്ലേ ആദീ?
അതിനുമപ്പുറം അവളെ കീഴsക്കി, തന്നോട് ചേർത്തുനിർത്താൻ ആഗ്രഹിക്കുന്നത് അതിലുമേറെ കൊടും ക്രൂരതയല്ലേ?…
ഇഷ്ടപെട്ട ഒരു പുരുഷനു വേണ്ടി കാത്തു വെച്ചിരുന്നതെല്ലാം ഒരു നിമിഷം കൊണ്ട് നീ തട്ടിയെടുത്തപ്പോൾ ചതഞ്ഞുപോയത് എൻ്റെ ശരീരം മാത്രമായിരുന്നില്ല… തകർന്നു പോയിരുന്നു എൻ്റെ മനസ്സും കൂടി…
ആ അസഹ്യമായ വേദനയിൽ ഞാൻ ഒന്നു അലറി കരഞ്ഞിരുന്നു…
ഇനി കരയില്ല ആദീ ഈ ഞാൻ..
കരയുന്ന സമയം കൊണ്ട് മനസ്സ് നിറഞ്ഞ് പുഞ്ചിരിക്കാൻ എന്തെങ്കിലും ചെയ്യുക…
ആ പുഞ്ചിരിയ്ക്ക് വേണ്ടിയാണ് ആർത്തലച്ചു വരുന്ന തിരമാലകൾക്ക് നിന്നെ ദാനം ചെയ്യുന്നത്…
പലവിധ വികാരം നിമിഷങ്ങൾ കൊണ്ട് മിന്നി മറഞ്ഞ അവളുടെ കണ്ണിണകൾ ഒരു മാത്ര ഒന്നു നനഞ്ഞു.
ഒരിക്കൽ തന്നെ മരണത്തിൽ നിന്നു രക്ഷപ്പെടുത്തിയവനെ, മരണത്തിലേക്ക് തള്ളിയിടാനുള്ള തൻ്റെ നിയോഗം ഓർത്തു അവളുടെ ചങ്കൊന്നു പിടഞ്ഞു.
നീരണിഞ്ഞ കണ്ണുകളോടെ അവൾ കടലിലേക്കു തന്നെ നോക്കി നിന്നു.
പിന്നെ ബോധമറ്റു കിടക്കുന്ന ആദിയെയും!
അവളുടെ ചിന്തകളെ കീറിമുറിച്ചു കൊണ്ട് വീണ്ടും മൊബൈലിൻ്റെ ശബ്ദം ഉയർന്നപ്പോൾ അവൾ അവനെ തീരത്ത് ഉപേക്ഷിച്ച്, മൊബൈലിനടുത്തേക്ക് നടന്നു.
ഏയ്ഞ്ചൽ കോളിങ് എന്നു കണ്ടതും, അവൾ ഒരു മാത്ര സംശയിച്ച് മൊബൈൽ ചെവിയോരം ചേർത്തു.
” ആദീ… എന്താ സംസാരിക്കാത്തത്?”
ഒന്നുരണ്ടു നിശബ്ദമായ നിമിഷങ്ങൾക്കു ശേഷം
അപ്പുറത്ത് നിന്ന് വേദയുടെ മധുര സ്വരമുയർന്നപ്പോൾ ഒരു നിമിഷം ഏയ്ഞ്ചൽ പല്ലിറുമ്മി കൊണ്ട് മൊബൈലിലേക്കു നോക്കി നിന്നു.
” ആദിയല്ല…. ഏയ്ഞ്ചലാണു ഞാൻ ”
ഏയ്ഞ്ചൽ കോൾ എടുത്തതിനെക്കാൾ അവളെ പരിഭ്രമിപ്പിച്ചത്, ഏയ്ഞ്ചലിൻ്റെ മൃദുത്വമില്ലാത്ത ശബ്ദമായിരുന്നു.
“എന്തു പറ്റി ഏയ്ഞ്ചൽ? നിൻ്റെ ശബ്ദം വല്ലാതിരിക്കുന്നല്ലോ?”
കൂടെ കഴിഞ്ഞിരുന്ന കൂട്ടുകാരിയുടെ
ശബ്ദവ്യത്യാസം തിരിച്ചറിഞ്ഞതും, വേദയിൽ ഒരു പരിഭ്രമം കുടിയേറി.
വേദയുടെ ചോദ്യം കേട്ടതും, ഏയ്ഞ്ചലിൽ
ഒരു കരച്ചിൽ ചങ്കോളം വന്നു തടഞ്ഞു നിന്നു.
” ഒന്നുമില്ലെടീ… കാലാവസ്ഥയുടെ വ്യത്യാസം കൊണ്ടാകാം ”
“നിനക്കോ കാലാവസ്ഥയുടെ വ്യത്യാസം… ഇത് അതൊന്നുമല്ല… നിന്നെ ഇന്നും ഇന്നലെയുമല്ലല്ലോ ഞാൻ കാണാൻ തുടങ്ങിയത് ”
വേദയുടെ ചിരിയോടെയുള്ള ചോദ്യം കേട്ടതും, മറുപടി പറയാൻ കഴിയാതെ ഏയ്ഞ്ചൽ കുഴങ്ങി….
“ആദിയെവിടെ ഏയ്ഞ്ചൽ?”
ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം, വേദയിൽ നിന്നു ആ ചോദ്യമുയർന്നതും, ഏയ്ഞ്ചലിൻ്റ കണ്ണുകൾ ക്രൂരമായ ചിരിയോടെ ആദിയിലേക്കു നീണ്ടു.
അടിച്ചു കയറുന്ന തിരയിൽ അനങ്ങികൊണ്ടിരിക്കുന്ന ആദിയെ കണ്ടതും, അവളുടെ കണ്ണുകൾ സന്തോഷത്താലൊന്നു തിളങ്ങി.
” എന്തിനാണ് വേദാ നിനക്കിപ്പോൾ ആദീ? ”
വലിയൊരു തിര വരുന്നതുവരെ മാത്രമായുള്ള ആയുസുമായി തിരകളിൽ ഇളകി കൊണ്ടിരിക്കുന്ന ആദിയിൽ നോട്ടമിട്ടു കൊണ്ടു അവൾ ചോദ്യത്തോടൊപ്പം ക്രൂരമായി ചിരിച്ചു,…
” അറിയില്ലേ എന്തിനാണെന്ന്? നിൻ്റെ കളിതമാശ ഇത്തിരി കുടുന്നുണ്ട് ഏയ്ഞ്ചൽ ”
വേദയുടെ സ്വരമുയർന്നതും, ഒരു നിമിഷം ഏയ്ഞ്ചലിൽ വേദന നിറഞ്ഞു.
പരിചയപെട്ട കാലം മുതൽ സ്വന്തം കാര്യത്തിനു വേണ്ടിയോ, മറ്റൊരാൾക്കു വേണ്ടിയോ അവളിങ്ങനെ തന്നോടു ശബ്ദമുയർത്തിയിട്ടില്ല…
എന്നും ഏയ്ഞ്ചലിൻ്റെ നിഴലോരം ചേർന്നു നടന്നവൾ…
ഇന്നവൾക്ക് ഏയ്ഞ്ചലിൻ്റെ നിഴലിൽ നിന്ന് ഒളിച്ചോടാൻ ആഗ്രഹമുണർന്നിരിക്കുന്നു….
സ്വന്തമായൊരു നിഴൽ സൃഷ്ടിക്കാൻ, കുറച്ചു നാൾ മുതലൊരു
സൂര്യൻ അവൾക്കായ് ഉദിച്ചുയർന്നിരിക്കുന്നു….
കടൽ തിരകളിൽ നിറങ്ങളില്ലാതെ ചാഞ്ചാടുന്ന ആ സൂര്യനെ നോക്കി അവൾ പുച്ഛത്തോടെ ഒന്നു ചിറി കോട്ടി…
“ആദി… ഏതോ കല്യാണ വീട്ടിലാണ് വേദാ… മൊബൈൽ ഇവിടം മറന്നു വെച്ചു പോയി… അതു കൊണ്ടാണ് നിൻ്റെ കോൾ എനിക്ക് അറ്റൻഡു ചെയ്യാൻ പറ്റിയത് ”
“എനിക്ക് ഇന്ന് ആദിയോടു സംസാരിക്കണം ഏയ്ഞ്ചൽ… എൻ്റെ മനസ്സിലുള്ളത് അവനോട് തുറന്നു പറയണം”
“വേദാ…. അതിന്… ആദി ഇവിടെ ഇല്ല ”
ഏയ്ഞ്ചലിൻ്റെ സ്വരത്തിന് പരിഭ്രമമേറി.
“കള്ളം പറയരുത് നീ… കടൽതീരത്ത് മൊബൈൽ ഉപേക്ഷിച്ച് പോകാൻ ആദി അത്രയ്ക്കും ബുദ്ധിയില്ലാത്തവനാണോ ഏയ്ഞ്ചൽ?
അവളുടെ ചോദ്യത്തിന് ഉത്തരമില്ലാതെ ഏയ്ഞ്ചൽ വിയർത്തു.
“തിരകളുടെ ശബ്ദം നന്നായി കേൾക്കാൻ എനിക്കു കഴിയുന്നുണ്ട് ഏയ്ഞ്ചൽ… തമാശ കളിക്കാതെ നീ ആദിക്ക് മൊബൈൽ കൊടുക്ക് ”
വേദയുടെ സംസാരം കേട്ടതും, പകയോടെ ആദിയെ നോക്കി ഏയ്ഞ്ചൽ.
“ആദിയോടു മിണ്ടാതെയും കാണാതെയും ഇത്രയ്ക്കും പരവേശമയോ പെണ്ണിന്?”
ഉളളിലെ വിഭ്രമം പുറത്തു കാണിക്കാതെ ഏയ്ഞ്ചൽ ചിരിയോടെ ചോദിച്ചപ്പോൾ അപ്പുറത്ത് നിന്ന് വേദയുടെ പതിഞ്ഞ സ്വരമുയർന്നു.
“അതേ ഏയ്ഞ്ചൽ… ഉറങ്ങികിടന്നിരുന്ന ഞാൻ ഒരു ദുഃസ്വപ്നം കണ്ടാണ് ഞെട്ടിയെഴുന്നേറ്റത്… വിയർപ്പിൽ കുതിർന്ന ഞാൻ ഇപ്പോഴും, ആ രംഗമോർത്ത് വിറയ്ക്കുകയാണ് ഏയ്ഞ്ചൽ?”
വേദയുടെ പരിഭ്രമം നിറഞ്ഞ സ്വരം കേട്ടതും ഏയ്ഞ്ചൽ മൗനം പാലിച്ചുകൊണ്ട് ആദിയെ ഒന്നു പാളിനോക്കി.
“തിരകളിലൂടെ ഒഴുകി പോകുന്ന ആദിയെയായിരുന്നു ഞാൻ സ്വപ്നം കണ്ടത് ഏയ്ഞ്ചൽ…. ”
കിതപ്പിനാൽ വേദയുടെ വാക്ക് മുറിഞ്ഞതും, ഏയ്ഞ്ചലിൽ അശുഭ ചിന്തകൾ പൊടുന്നനെ മുളപൊട്ടി.
” പക്ഷെ ആ ആദിക്ക് ജീവനില്ലായിരുന്നു മാലാഖേ… ആരോ അവനെ കൊന്ന് തിരകളിലേക്ക് വലിച്ചെറിയുകയായിരുന്നു
വേദയുടെ സങ്കടമമർത്തിയുള്ള സംസാരം കേട്ടതും, ഏയ്ഞ്ചൽ അസഹ്യതയോടെ തലയിളക്കി.
“വേദാ…. മറന്നൂടെ നിനക്ക് അവനെ പറ്റിയുള്ള ചാപ്റ്റർ? നിന്നെ രക്ഷിച്ചതിന് നീ എന്തിനാ നിൻ്റെ ജീവിതം തന്നെ അവന് കൊടുക്കാനൊരുങ്ങുന്നത് ഹോം ഗാർഡ് ആയ
അവൻ്റെ ഡ്യൂട്ടിയാണ് അവൻ ചെയ്തത്… ആരായാലും അത് ചെയ്യാൻ ബാദ്ധ്യസ്തരുമാണ്!”
ഏയ്ഞ്ചലിൻ്റെ
അസഹിഷ്ണുത നിറഞ്ഞ ചോദ്യത്തിന് മറുപടിയായ് വേദയിൽ നിന്ന് തേങ്ങലു തിർന്നു.
“നീ വിഷമിക്കണ്ട വേദാ… നമ്മളെ രക്ഷിച്ചതിന് എത്ര വേണമെങ്കിലും നമ്മൾക്ക് പ്രതിഫലം കൊടുക്കാം അവന്… എത്ര വേണമെന്ന് നീ പറഞ്ഞാൽ മതി… ”
ഏയ്ഞ്ചലിൻ്റെ വാക്കുകൾക്ക് വേദയിൽ നിന്ന് മറുപടി ഇല്ലെന്ന് കണ്ട അവൾക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു.
തിരകൾ കയറിയിറങ്ങുന്ന ആദിയെ നോക്കി അവൾ ക്രൂരമായി പുഞ്ചിരിച്ചു.
“അല്ലെങ്കിലും നീ മരിക്കാൻ വേണ്ടിയല്ലേ കടലിലേക്ക് ഇറങ്ങിയതും”
ഏയ്ഞ്ചലിൻ്റെ ചോദ്യമുയർന്നതും വേദ
നിമിഷങ്ങളോളം നിശബ്ദതയിലാണ്ടു.
“എന്തു പറയുന്നു വേദാ നീ?… ”
കടൽ കാറ്റിൻ്റെ മുരൾച്ച പോലെ ആ ചോദ്യം കാതിലെത്തിയതും വേദ മൊബൈലിലേക്കു തന്നെ നോക്കി നിന്നു.
“നിൻ്റെ ജീവൻ രക്ഷിച്ചതിന് നീ പ്രതിഫലം കൊടുത്തോ ഏയ്ഞ്ചൽ… അത് നിനക്കിഷ്ടമുള്ളത് കൊടുക്കാം… പക്ഷേ ഞാൻ അവന് കൊടുക്കുന്നത് എൻ്റെ ജീവിതം തന്നെയാണ്… തെളിച്ചു പറഞ്ഞാൽ എനിക്ക് ആദിയെ വേണം… കുറഞ്ഞ പക്ഷം
ഈ നിമിഷം അവനോടൊന്നു എനിക്ക് സംസാരിക്കണം”
വേദയുടെ വാക്കുകൾ കേട്ടതും, ഏയ്ഞ്ചൽ ഒരു വിറയലോടെ ആദിയെ നോക്കി.
“നീ ഇത്രക്കും സീരിയസ് ആകരുത് വേദാ… നമ്മൾക്ക് മുന്നിൽ ഒരു പാട് ലക്ഷ്യങ്ങളുണ്ട്… അതൊക്കെ മറന്ന് ഒരു ചീപ്പ് സെൻ്റിമെൻറ്സിനു വേണ്ടി നീ നിൻ്റെ ജീവിതം തുലക്കരുത്… ഇതൊക്കെ ഒരു തമാശയായി എടുക്കാൻ പോലും കഴിവില്ലാത്തവളായി പോയല്ലോ നീ…ച്ഛെ”
“നിനക്കു പലതും തമാശയാണ് ഏയ്ഞ്ചൽ.. അതു കൊണ്ടാണല്ലോ ഒരു പാവം ചെറുപ്പക്കാരനെ നീ ഇത്രയും നാൾ വിഡ്ഢിയാക്കി കൊണ്ടിരിക്കുന്നത്? ഇനി മതി ഏയ്ഞ്ചൽ… ”
“നീ പറഞ്ഞു വരുന്നത്?”
വേദയുടെ കാർക്കശ്യം നിറഞ്ഞ സംസാരം കേട്ടതും
ഏയ്ഞ്ചലിൻ്റെ ചോദ്യമിടറി.
ഇന്നോളം വരെ ഓരേ ഹോസ്റ്റൽ റൂമിൽ, ഓരേ
ബെഡ്ഡിൽ കെട്ടിപിടിച്ചുറങ്ങിയവർ..
താൻ ചെയ്തിരുന്ന
എല്ലാ തമാശകളിലും കൂടെ ചേർന്ന്, കൂട്ട് തന്നിരുന്നവൾ…
തിരകളിൽ നിന്ന് സ്വന്തം ജീവനെ തൃണവൽകരിച്ചു കൊണ്ട് രക്ഷപ്പെടുത്തിയവൾ…
ഇന്നിപ്പോൾ മറ്റൊരു പുരുഷനു വേണ്ടി തന്നെ ചോദ്യം ചെയ്തിരിക്കുന്നു….
എല്ലാം ഞൊടിയിടയിൽ മനസ്സിലേക്കിരച്ചു കയറിയപ്പോൾ, ആത്മനിന്ദയോടെ അവളൊന്നു ചിരിച്ചു.
“എനിക്കിപ്പോൾ ആദിയോടൊന്നു സംസാരിക്കണം… ”
ചിന്തകളെ കീറിമുറിച്ചു കൊണ്ട് വേദയുടെ ശബ്ദം ഒഴുകിയെത്തിയപ്പോൾ, ഏയ്ഞ്ചൽ പാതി മരിച്ചതു പോലെ കിടക്കുന്ന ആദിയെ നോക്കി.
“ഇന്നോളം വരെ ഈ ഏയ്ഞ്ചലിനോട് ആരും കൽപ്പിച്ചിട്ടില്ല വേദാ… കൽപ്പിച്ചാൽ തന്നെ പുറം കാൽ കൊണ്ട് തട്ടിയെറിഞ്ഞ ചരിത്രമേ ഈ ഏയ്ഞ്ചലിനുള്ളൂ.. ആ ചരിത്രം ആരും ബ്രേക്ക് ചെയ്യുന്നത് എനിക്കിഷ്ടമില്ല… അത് നീയായാൽ പോലും ”
മൊബൈലിലേക്ക് നോക്കി പകയോടെ, നിശബ്ദം മന്ത്രിച്ചു കൊണ്ട് അവൾ ക്രൂരമായ നോട്ടത്തോടെ ആദിയുടെ കൈപിടിച്ചുയർത്തി.
പിന്നെ കരയിലേക്ക് അലറി പാഞ്ഞെത്തുന്ന തിരകളിലേക്ക്, അവനെയും വലിച്ചു അവൾ നടന്നു…
“ആദിയോടു സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നീ എന്നെ എന്തു ചെയ്യും വേദാ… എന്നെ കൊല്ലോ?ങ്ങ്ഹേ… എന്നാ അതെനിക്ക് ഒന്നു കാണണമല്ലോ?…..”
മൊബൈലിലേക്ക് നോക്കി പകയോടെ ഏയ്ഞ്ചൽ അത് ചോദിക്കുമ്പോൾ, അപ്പുറം അവളുടെ സംസാരം കേട്ടു നിന്നിരുന്ന വേദ വെട്ടിവിയർത്തു….
പൊടുന്നനെയുണ്ടായ ഏയ്ഞ്ചലിൻ്റെ ഭാവവ്യത്യാസം അവളിൽ വല്ലാത്തൊരു ആശങ്ക പടർത്തി…
ഏതോ ഒരു ദുരന്തത്തിൻ്റെ മുന്നോടിയാണ് താൻ കണ്ട സ്വപ്നമെന്ന് അവൾ ചിന്തിച്ചതും, ആ ചിന്തകളെ അന്വർത്ഥമാക്കും വിധം
അലറുന്ന കടലിൻ്റെ തിരയടി ശബ്ദം അവളുടെ കാതിലേക്ക് പൊടുന്നനെ പാഞ്ഞുകയറി………തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…