Novel

ഏയ്ഞ്ചൽ: ഭാഗം 15

രചന: സന്തോഷ് അപ്പുകുട്ടൻ

” മമ്മീ ”

അരുണിൻ്റെ ഭീതിദമായ വിളി കേട്ടപ്പോൾ, പറഞ്ഞു കൊണ്ടിരുന്ന ദീർഘമായ
കഥ നിർത്തി ഏയ്ഞ്ചൽ സജലങ്ങളായ മിഴികളോടെ അവനെ നോക്കി.

ഹൃദയം അകാരണമയി
വല്ലാതെ മിടിക്കുന്നത് അവളറിഞ്ഞു….

ഏതോ ഉൾപ്രേരണയിലെന്നവണ്ണം തൻ്റെ രണ്ടു
കൈപ്പത്തികളും, മുഖത്തോടടുപ്പിച്ച് അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി ഏയ്ഞ്ചൽ..

പതിനാറു വർഷം മുൻപ്, ആദിയെ കടലിലൊഴുക്കുവാൻ വേണ്ടി പിടിച്ചിരുന്ന കൈകളാണ് ഇത്!

ഇരുട്ട് പടർന്ന് വിജനമായ തീരവും, അലറുന്ന കടലും, പാതി ബോധത്തിൽ മയങ്ങി കിടക്കുന്ന ആദിയും, ഇന്നും ഒളിമങ്ങാത്ത ഓർമ്മയായി മനസ്സിലുണ്ട്.

ആ ഓർമ്മയിൽ അവളുടെ മനസ്സ് വല്ലാതെ പിടച്ചു.

“‘ കടൽ തിരകളിൽ മുക്കി കൊല്ലാൻ വേണ്ടി മാത്രം ഇവിടെ ആദിയെന്ന വ്യക്തി എന്ത് തെറ്റാണ് ചെയ്തിരിക്കുന്നത് മമ്മീ?”

അരുണിൻ്റെ ചോദ്യം കേട്ടതും, പറയുന്നത് നിർത്തി ഏയ്ഞ്ചൽ യാന്ത്രികമായൊന്നു മൂളി.

പതിഞ്ഞ കടൽത്തിരകൾ പോലെ മനസ്സിൽ നിന്നും പുറത്തു വന്നിരുന്ന കഥ പൊടുന്നനെ നിലച്ചു.

വർഷങ്ങളോളം മനസ്സിലിട്ട് തിരിച്ചും, മറിച്ചും ചോദിച്ചിട്ട് ഒരു ഉത്തരം കിട്ടാത്ത ചോദ്യമാണ് അരുൺ ഇപ്പോൾ ചോദിച്ചതെന്നറിഞ്ഞതും, ഏയ്ഞ്ചലിൻ്റെ ചുണ്ടിൽ പാതി വിരിഞ്ഞൊരു ചിരി വിളറിനിന്നു.

” വേദയെന്ന പേരിൽ വന്ന് ആദിയുടെ മനസ്സിലേക്ക് ആശകൾ കൊടുത്തത് മമ്മി തന്നെയായിരുന്നില്ലേ? ഒരു തമാശക്കാണ് മമ്മി ചെയ്തെങ്കിലും, ആദി സീരിയസായാണ് അതെടുത്തതെന്ന് കോമൺസെൻസുള്ളവർക്ക് അറിയാവുന്ന കാര്യമല്ലേ?”

അരുണിൻ്റെ പതിഞ്ഞ ചോദ്യം കേട്ടതും, ഒരു വിറയൽ ശരീരത്തിലൂടെ പാഞ്ഞു പോകുന്നത് ഏയ്ഞ്ചൽ അറിഞ്ഞു.

” അന്നത്തെ സംഭവങ്ങൾ ഇന്നാണെങ്കിൽ, ആദിയുടെ സ്ഥാനത്ത് ഒരു തലതെറിച്ചവനായിരുന്നെങ്കിൽ മമ്മിയുടെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇന്ന് ഈ കഥ പറയാൻ മമ്മി ഇവിടെ ജീവനോടെ ബാക്കിയുണ്ടായെന്ന് വരില്ല ”

അരുണിൻ്റെ വാക്കുകൾ കേട്ടതും ഒന്നും മിണ്ടാൻ കഴിയാതെ ഒരു വിളർച്ചയോടെ ഏയ്ഞ്ചൽ അവനെ തന്നെ നോക്കി ഇരുന്നു.

അരുണിൻ്റെ വാക്കുകൾ തൻ്റെ മനസ്സിനെയും, ഹൃദയത്തിനെയും വല്ലാതെ പൊള്ളിക്കുന്നതായി അവൾക്ക് തോന്നി.

മന:സാക്ഷിയെ തൊട്ടുണർത്തിയ ആ ചോദ്യത്തിൽ, കുറ്റബോധം പതിയെ മനസ്സിലേക്ക് പടർന്നപ്പോൾ, അതിൻ്റെ അനുരണനമെന്നോണം ഏയ്ഞ്ചലിൻ്റെ കണ്ണുകൾ നനഞ്ഞു തുടങ്ങി.

ഗ്ലാസ് എടുത്തു മാറ്റി കണ്ണു തുടച്ചു കൊണ്ട് ഏയ്ഞ്ചൽ അരുണിനെ ആദ്യമായി കാണുന്നതുപോലെ നോക്കി ഇരുന്നു.

ഒരു മാത്ര അവനിൽ നിന്ന് നോട്ടം മാറ്റി അവൾ പുറത്ത് പെയ്യുന്ന മഴയിലേക്ക് നോക്കി…

ഭൂതകാലത്തിൻ്റെ നിറമുള്ള ഓർമ്മകൾ പോലെ പുറത്ത് തുലാവർഷപെയ്ത്ത്!

മഴചാറലുകൾ നനയ്ക്കുന്നതറിയാതെ അവർ നിശബ്ദം പുറത്തേക്ക് നോക്കിയിരുന്നു.

ബാൽകണിയിൽ ഇരിക്കുന്ന ഏയ്ഞ്ചലിൻ്റെ മടിയിൽ കിടക്കുന്ന അരുണിൻ്റെ മുഖത്തേക്ക് രണ്ടിറ്റു കണ്ണീർ അടർന്നുവീണു.

മാതൃത്വത്തിൻ്റെ പേരറിയാ
നൊമ്പരങ്ങളുടെ അഗ്നി ചൂടാണ് തനിക്കു മുകളിൽ പതിച്ചതെന്നറിഞ്ഞതും അരുൺ ഏയ്ഞ്ചലിൻ്റെ മുഖത്ത് പതിയെ തടവി.

” ഞാൻ അങ്ങിനെ ചോദിച്ചതിൽ മമ്മി സങ്കടപെടേണ്ട…. എനിക്ക് അന്നും, ഇന്നും ഇനി എന്നും മമ്മിയാണ് ഏറ്റവും പ്രിയപ്പെട്ടത്…”

പറയുന്നതിനോടൊപ്പം
ഏയ്ഞ്ചലിൻ്റ മുഖത്ത് അവൻ കുസൃതിയോടെ തഴുകുന്നതോടൊപ്പം അറിയാതെ അവൻ്റെ കണ്ണും നിറയുന്നുണ്ടായിരുന്നു.

“ഈ കാലമത്രയും ഞാൻ ഈ ഒരു കാര്യത്തിനെ പറ്റി മമ്മിയോടൊന്നും ചോദിച്ചിട്ടുണ്ടോ? ഇല്ല… അത് എനിക്കറിയേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല…”

അരുണിൻ്റെ ശബ്ദമിടറിയതും, ഏയ്ഞ്ചലിൻ്റെ നെഞ്ചകം നീറി.

” അരുൺ ആദിത്യൻ… ആ വാൽ എന്തിനാണെന്നും ആരാണെന്നും ഒപ്പം പഠിച്ചിരുന്ന കുട്ടികൾ ചോദിച്ചു തുടങ്ങിയ കാലം തൊട്ട്, മമ്മി പറഞ്ഞു തന്ന ഉത്തരം തന്നെയാണ് ഞാനും അവരോടും പറഞ്ഞിട്ടുള്ളത്…. എൻ്റെ ഡാഡി, എന്നെയും മമ്മിയെയും ഉപേക്ഷിച്ചു പോയതാണെന്ന് ”

“മോനേ ”

ഏയ്ഞ്ചൽ നിശബ്ദം കരഞ്ഞുകൊണ്ട് അവൻ്റെ നെറ്റിയിൽ ചുണ്ടമർത്തി.

“എനിക്കൊരു വിഷമവുമില്ല മമ്മീ… കടലിലേക്ക് ഒഴുക്കിവിട്ടിട്ടും അതിൻ്റെ കുറ്റബോധമില്ലാതെ
മമ്മി ഇക്കാലമത്രയും ജീവിച്ചില്ലേ? ഒരിക്കലും ഡാഡി മരിച്ചു പോയെന്ന് പറഞ്ഞ് എന്നെ സങ്കടപ്പെടുത്തിയില്ലല്ലോ?
എവിടെയോ ജീവിച്ചിരിക്കുന്നുവെന്നുള്ള വെറും സൂചന തന്ന് ഇക്കാലമത്രയും എനിക്ക് പ്രതീക്ഷ തന്നില്ലേ മമ്മീ അതു മാത്രം മതി, എനിക്ക് … അത്രമാത്രം മതിയെനിക്ക്”

അരുണിൻ്റെ വാക്കുകൾക്ക് ഉത്തരം നൽകാൻ കഴിയാതെ നിസഹയായി പുറത്തു പെയ്യുന്ന
രാത്രിമഴയിലേക്ക് നോക്കിയിരുന്നു ഏയ്ഞ്ചൽ.

ഇടക്കിടെ വീശിയടിക്കുന്ന മിന്നൽ വെളിച്ചം അവരെ തഴുകി കടന്നു പോയി.

കോരിച്ചൊരിയുന്ന മഴയിൽ
ഗാർഡനിലെ ചെടികൾ സന്തോഷം കൊണ്ട് നൃത്തം ചെയ്യുന്നത്, വൈദ്യുത ദീപത്തിൽ തെളിഞ്ഞു കാണുന്നുണ്ട്.

മാനം നിറയെ മഴ പൊഴിക്കുമ്പോൾ, മനസ്സ് വെറും മരുഭൂമിയായി കിടന്നിരുന്ന പതിനാറ് വർഷകാലം, ഓർമ്മയിലെത്തിയപ്പേൾസങ്കടത്തിൻ്റെ ഒരു ചുഴി എയ്ഞ്ചലിൻ്റെ തൊണ്ട കുഴിയിൽ രൂപപ്പെട്ടു.

“മോന് എന്നോട് ഒരു
തരിയെങ്കിലും ദേഷ്യം തോന്നുന്നില്ലായെന്ന് പറഞ്ഞാൽ അത് തീർത്തും കളവാണെന്ന് ഈ മമ്മിക്ക് അറിയാം…”

ഗദ്ഗദത്തോടെ പറഞ്ഞു കൊണ്ട് ഏയ്ഞ്ചൽ അവൻ്റെ മുടിയിഴകളിലൂടെ വിരലോടിച്ചു.

” ഇത്രയും കാലം ഒരച്ഛൻ്റെ സ്നേഹം ഞാൻ എൻ്റെ മോനിൽ നിന്നും തട്ടി തെറിപ്പിക്കുകയായിരുന്നില്ലേ? ”

പാതിയിലെത്തി വാക്കുകൾ തളർന്നു വീണപ്പോൾ അവൻ മമ്മിയുടെ മുഖത്തേക്ക് നോക്കി.

പാറി വന്ന മിന്നൽ വെട്ടത്തിൽ, നനഞ്ഞു കുതിർന്ന ഏയ്ഞ്ചലിൻ്റെ കണ്ണുകൾ കണ്ടപ്പോൾ പതിയെ കൈയെത്തി തുടച്ചു അരുൺ.

“മമ്മി കരയുകയാണോ?”

ഏയ്ഞ്ചലിൻ്റെ മടിയിൽ നിന്ന് എഴുന്നേറ്റു അരുൺ അവരെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു.

“സ്വന്തം മോന് വേണ്ടി എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച്, ഈ ഹൈറേഞ്ചിലേക്ക് ഒറ്റയ്ക്ക് കുടിയേറിയ ധീരയായ പെണ്ണൊരുത്തി. ഈ ഗ്രാമത്തിലെ എല്ലാവരുടെയും കണ്ണിലുണ്ണിയായ ടീച്ചർ… വാക്കുകൾ കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന എഴുത്തുകാരി… ആഢ്യത്തിൻ്റെ ഈ അഹങ്കാരങ്ങൾ മാത്രംമതി എൻ്റെ മമ്മിക്ക്…. അതിനിടയിൽ കണ്ണീരൊഴുക്കുന്ന രൂപം മമ്മിയ്ക്ക് ഒരിക്കലും ചേരില്ല…”

അരുണിൻ്റെ ആശ്വസിപ്പിക്കലിൽ ചെറുതായി ഒന്നു പുഞ്ചിരിച്ചു ഏയ്ഞ്ചൽ.

” ഇപ്പോൾ കാണുന്ന
ഈ മമ്മിയുടെ നേരെ ഓപ്പോസിറ്റ് സ്വഭാവമായിരുന്നല്ലോ, കോളേജ് കാലത്തെ ഏയ്ഞ്ചലിന്? അല്ല മമ്മീ… ഒരിക്കൽ കൂടി പോകാൻ തോന്നുന്നില്ലേ ആ കാലഘട്ടത്തിലേക്ക്?”

ചിരിയോടെ പറഞ്ഞു കൊണ്ട് അരുൺ ഫ്ലാസ്ക്കിൽ നിന്ന് ചായ ഗ്ലാസിലേക്ക് പകർത്തി ഏയ്ഞ്ചലിനു കൊടുത്തു.

” മമ്മിയുടെ പഴയ
വീരസാഹസിക കഥകൾ പറയാൻ സ്ട്രോങ്ങ് ആയ ഒരു ചായയുടെ പിൻബലം മമ്മിക്ക് അത്യാവശ്യമാ”

“കേൾക്കാൻ നിനക്ക് അത്ര ഇഷ്ടമാണോ?”

ഏയ്ഞ്ചലിൻ്റെ പതിഞ്ഞ ചോദ്യം കേട്ടതും, ഒരു അപായസൂചന അതിലടങ്ങിയിട്ടുണ്ടെന്ന് അരുണിന് മനസ്സിലായി.

” അങ്ങിനെയൊന്നുമില്ല മമ്മീ… മമ്മി പറയുകയാണെങ്കിൽ കേൾക്കാൻ എനിക്കിഷ്ടമാണെന്നാ ഞാൻ ഉദ്യേശിച്ചത്… അല്ലാതെ ”

അരുണിൻ്റെ വാക്കുകൾക്ക് മറുപടി പറയാതെ ഏയ്ഞ്ചൽ ചുടുചായ പതിയെ നുകർന്നു കൊണ്ടിരുന്നു.

ഓർമ്മകൾ വീണ്ടും ഓളങ്ങൾ പോലെ അവളുടെ മനസ്സിലേക്കിരച്ചു കയറി തുടങ്ങി…

“ഈ കഥ ഇത്രേയുള്ളൂ അരുൺ… ബാക്കി കഥകൾക്കൊന്നും അത്ര വലിയ പ്രാധാന്യം ഈ മമ്മി കൊടുത്തിട്ടില്ല. അല്ലെങ്കിൽ തന്നെ ആ കഥകളൊന്നും ഈ മമ്മിയ്ക്ക് ഓർക്കേണ്ട കാര്യവുമില്ല… കാരണം നീയെൻ്റെ വയറ്റിൽ കുരുത്തതിൽ പിന്നെ എൻ്റെ എല്ലാ കഥകളും നിന്നെ കുറിച്ചായിരുന്നു ”

പതിയെ പറഞ്ഞു കൊണ്ട് എഴുന്നേൽക്കാൻ തുടങ്ങിയ ഏയ്ഞ്ചലിനെ അരുൺ സ്നേഹം നിറഞ്ഞ ശാസനയോടെ അവിടെ പിടിച്ചിരുത്തി.

ഏയ്ഞ്ചലിൻ്റെ
നനഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ ആ കവിളിൽ അമർത്തി ചുംബിച്ചു.

“കഥ കഴിഞ്ഞിട്ടില്ലല്ലോ മമ്മീ ?ഇവിടംതൊട്ട് കഥ തുടങ്ങുകയല്ലേ? അലക്സി, ജിൻസ്, ആദി, വേദ, അവരൊക്കെ വരാൻ ഇനിയും കിടക്കുവല്ലേ? ഷാഹിനയുടെ കല്യാണമൊക്കെ കഴിഞ്ഞ് ആ തീരത്ത് നിന്ന് ദൂരേക്ക് പോയിട്ടുണ്ടാവും അല്ലേ?”

ഒന്നിനു പിന്നാലെ തുരുതുരാ ചോദ്യങ്ങളുമായി അവൻ വീണ്ടും ഏയ്ഞ്ചലിൻ്റ മടിയിൽ മലർന്നു കിടന്നു.

അരുണിൻ്റെ ചോദ്യം കേട്ടതും
വർഷങ്ങൾക്കു മുൻപുള്ള ആ കടൽ തീരം വീണ്ടും ശോഭയോടെ തെളിയുകയായിരുന്നു ഏയ്ഞ്ചലിൻ്റെ മനസ്സിൽ.

ഏയ്ഞ്ചൽ എന്ന കുസൃതി കാരിയുടെ വിധി മാറ്റി എഴുതിയ തീരം…

വരണ്ടുണങ്ങിയ ഈ വാർദ്ധക്യത്തിൽ ഓർമ്മകളുടെ കുളിർനീരുറ്റിച്ച്, പ്രതീക്ഷയേകാൻ ഇടയ്ക്കിടെ മനസ്സിലേക്കോടി കയറുന്ന തീരം!

” അലക്സിയും, ജിൻസും ഒരിക്കൽ ആ തീരത്തേക്ക് എന്നെ തേടി വന്നിരുന്നു… പപ്പയുടെയും, മമ്മയുടെയും അനുവാദത്തോടെ എന്നെ സ്വന്തമാക്കാനാണ് അലക്സി വന്നതെങ്കിൽ, നമ്മൾക്ക് എവിടെയെങ്കിലും പോയി ജീവിക്കാമെന്നു പറഞ്ഞാണ് ജിൻസ് വന്നത് ”

പറയുന്നത് പാതിയിൽ നിർത്തി അവൾ പതിയെ ചായ ഗ്ലാസ് ചുണ്ടോടു ചേർത്തു.

‘ഒരാളുടെയും കൂടെ ഞാനില്ലെന്നു പറഞ്ഞ് ഞാൻ അവരെ തിരിച്ചയച്ചു. എൻ്റെ
പപ്പയും, മമ്മയും, അനിയനും സങ്കടത്തോടെയും, കണ്ണീരോടെയുമാണ്
അന്ന് ആ തീരം വിട്ടത് ”

വാക്കുകൾ ഗദ്ഗദത്താൽ മുറിഞ്ഞപ്പോൾ, അവൾ നിശബ്ദം പുറത്തേക്കു കണ്ണുകൾ നട്ടു.

” ഇപ്പോൾ അലക്സിയും, ജിൻസും എവിടെ, എങ്ങിനെ ജീവിക്കുന്നതെന്ന് എനിക്കറിയില്ല.. ഞാൻ അതൊരിക്കലും അന്വേഷിച്ചിട്ടുമില്ല”

നിർവികാരയായി പറയുന്ന ഏയ്ഞ്ചലിനെ കണ്ണിമ ചിമ്മാതെ നോക്കിയിരിക്കുന്ന അരുണിൻ്റെ മുഖം അവർ ഏതോ ഉൾപ്രേരണയിൽ കൈയിലെടുത്തു.

“നാളെ നമ്മൾക്കൊന്നു എൻ്റെ പപ്പയെയും മമ്മയെയും കാണാൻ പോയാലോ?”

ഏയ്ഞ്ചലിൻ്റെ ചോദ്യം കേട്ടതും അരുൺ അത്ഭുതത്തോടെ അവരെ നോക്കി.

ഈ കാലമത്രയും, ഇങ്ങിനെയൊരു ചോദ്യം മമ്മിയിൽ നിന്നുയർന്നിട്ടില്ലായെന്ന് അവൻ കൗതുകത്തോടെ ഓർത്തു.

ദൂരെ, മെലിഞ്ഞു വിളറിയ പുഴയ്ക്കുമപ്പുറം, സ്വന്തം റിസോർട്ടിൽ പ്രവാസത്തിനു ശേഷം സ്വസ്ഥമായ ഒരു ജീവിതം നയിക്കുന്നവരെ ദൂരെ നിന്ന് നോക്കി കണ്ടിട്ടുണ്ട്.

മമ്മിയുടെ സ്വന്തം പപ്പയും, മമ്മയും ആണെന്നറിഞ്ഞിട്ടും, ഇങ്ങിനെയൊരു അകൽച്ച എന്തിനാണെന്നു ഒരിക്കൽ പോലും ചോദിച്ചിട്ടില്ല…

തൻ്റെ ഒരു ചെറുചോദ്യം പോലും ആ മനസ്സ് കീറി മുറിക്കുമെന്നറിയുന്നതു കൊണ്ട്, ഉത്തരം കിട്ടാവുന്ന ചോദ്യങ്ങളാണെന്നറിയാമായിരിന്നിട്ടും, ഒരിക്കൽ പോലും ചോദ്യങ്ങളുമായി അരുൺ ഏയ്ഞ്ചലിൻ്റെ അരികത്തേക്ക് ചെന്നിട്ടില്ല….

“മമ്മിയുടെ പപ്പയും, മമ്മയും ജീവിച്ചിരിപ്പില്ലേയെന്ന്
ഇതു വരെ ഞാൻ ചോദിച്ചിട്ടില്ല… ഈ മലയോരത്ത് താമസിക്കുന്ന മമ്മിയുടെ ഉള്ളിൽ ഒരുപാട് ദു:ഖം ഉണ്ടന്നറിയാമായിരുന്നത് കൊണ്ടാണ് അത്തരം ചോദ്യങ്ങൾ ഞാൻ ചോദിക്കാതിരുന്നത്… പക്ഷെ ഈ ഒരു ദിവസത്തെ ഇത്തിരി നേരത്തെ കഥ കൊണ്ട് ഏയ്ഞ്ചൽ ആരാണെന്ന് മനസ്സിലായി? അവരുടെ ദു:ഖം എന്താണെന്നു മനസ്സിലായി ”

അത്രയും പറഞു കൊണ്ട് അരുൺ എഴുന്നേറ്റു, ബാൽകണിയുടെ ഓരത്ത് ചെന്നു മഴയിലേക്കു കണ്ണും നട്ട് നിന്നു.

” പോകാം മമ്മി… മമ്മിയുടെ പപ്പയുടെയും, മമ്മയുടെയും അടുത്തേക്ക് മാത്രമല്ല… ഏയ്ഞ്ചൽ ഓടി വന്ന വഴിയിലൂടെ, കണ്ടു പരിചയിച്ച മുഖങ്ങളിലൂടെ ഒരു തിരിച്ചു പോക്ക്…”

പറയുന്നതിനിടയിൽ
പിന്നിൽ ഏയ്ഞ്ചലിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞതും, അരുൺ കണ്ണു തുടച്ചു കൊണ്ട് അവരെ തിരിഞ്ഞു നോക്കി.

” ഒരു നെഞ്ച് വേദന വന്നപ്പോഴെക്കും മമ്മി ആകെ പേടിച്ചു അല്ലേ? അതു കൊണ്ടല്ലേ മമ്മി ഇക്കാലമത്രയും മൂടി വെച്ച ഈ കഥ, ഇപ്പോൾ എന്നോട് പറയാൻ തുടങ്ങിയത്?”

അരുണിൻ്റെ ചോദ്യത്തിനു ഉത്തരം പറയാതെ ഏയ്ഞ്ചൽ അവനെ ചാരി നിന്നു.

” ഞാൻ മരിക്കും മുൻപ് എല്ലാ കഥകളും എൻ്റെ മോൻ അറിയണം എന്നൊരു വ്യഗ്രതയില്ലേ പെട്ടെന്നുള്ള ഈ കഥപറച്ചിലിൽ?”

അരുണിൻ്റെ ചോദ്യം കേട്ടതും ഏയ്ഞ്ചൽ ഒരു വിതുമ്പലോടെ അവനെ ചേർത്തു പിടിച്ചു.

“എന്നാ എൻ്റെ മമ്മി കേട്ടോളൂ… എന്നെ വിട്ട് പെട്ടെന്നൊന്നും പോകാൻ എൻ്റെ ഏയ്ഞ്ചലിനെ ഞാൻ സമ്മതിക്കില്ല…”

ചിരിയോടെ പറഞ്ഞു കൊണ്ട് അരുൺ ഏയ്ഞ്ചലിൻ്റ മുഖം പിടിച്ചുയർത്തി.

” ഒരു ഒരു ചെറിയ ഗ്യാസിൻ്റെ ബുദ്ധിമുട്ടുവന്നപ്പോഴെക്കും, ഹൃദയത്തിനെന്തോ പറ്റിയതാണെന്നു വെച്ചു വല്ലാതങ്ങ് പേടിച്ചു പോയി ഏയ്ഞ്ചൽ എന്ന ആ പഴയ പടകുതിര..”

അരുണിൻ്റെ സംസാരം കേട്ടതും, ഏയ്ഞ്ചൽ ഒരു ചോദ്യഭാവത്തോടെ അവനെ നോക്കി.

” മമ്മിയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാൻ ആ ഡോക്ടർ ഫിലിപ്പ് എന്നെ വിളിച്ചിരുന്നു… പിന്നെ മമ്മിയോട് പേടിക്കാതിരിക്കാനും പറയാൻ പറഞ്ഞു… ”

അരുണിൻ്റെ സംസാരം കേട്ടതും, ഏയ്ഞ്ചൽ പ്രതീക്ഷയോടെ അവനെ നോക്കി.

“അതെ മമ്മി… ഞാൻ പറഞ്ഞത് സത്യമാണ്.. ആ ഡോക്ടർ പറഞ്ഞാൽ പിന്നെ പേടിക്കേണ്ട ഒരു ആവശ്യവുമില്ല… കാരണം
ഇവിടം കിട്ടാവുന്ന ഏറ്റവും നല്ല കാർഡിയോളജിസ്റ്റ് ആണ് അദ്ദേഹം ”

അരുണിൻ്റെ സംസാരത്തിന് മറുപടി പറയാതെ അവനെ തന്നെ നോക്കി നിന്നു ഏയ്ഞ്ചൽ

” പക്ഷേ ഒരു ഡോക്ടർ പേഷ്യൻ്റ് എന്ന ബന്ധത്തിനെക്കാളുപരി, എന്തോ ഒന്ന് ഞാൻ ഡോക്ടർ ഫിലിപ്പിൽ കാണുന്നുണ്ട്…. ”

അരുണിൻ്റെ സംസാരം കേട്ടതും ഏയ്ഞ്ചൽ ഒരു കുസൃതിയോടെ അവൻ്റെ കവിളിൽ നുള്ളി.

“എനിക്കും തോന്നി എൻ്റെ മോനേ… പക്ഷെ അതൊന്നും വേണ്ട… അലക്സിയെയും, ജിൻസിനെയും, ആദിയെയും തള്ളിപറഞ്ഞ ഈ എയ്ഞ്ചലിന് ഇനി മറ്റൊരുത്തൻ വേണ്ട.. കാരണം എനിക്ക് എൻ്റെ മോനുണ്ടല്ലോ ഇപ്പോൾ?.”

“മമ്മിയ്ക്ക് ഇനിയും കുറേ ദൂരം സഞ്ചരിക്കാനുണ്ട്.. ആരെങ്കിലും ഒരു തുണ വേണ്ടേ ആ കാലമത്രയും… ഞാനിപ്പോൾ ടെൻതിലാ.. സമ്മതിച്ചു. പക്ഷേ കാലം പൊടുന്നനെ ഓടി പോകും… ഞാനും ഒരു പെണ്ണുകെട്ടി ഒരു ജീവിതത്തിനായ്, ഇന്നത്തെ ട്രെൻഡ് അനുസരിച്ച് അവളോടൊപ്പം വിദേശത്തേക്ക് പോയെന്നിരിക്കും… അപ്പോഴും മമ്മിയിവിടെ ഒറ്റയ്ക്ക്? ”

അരുണിൻ്റെ കുസൃതി ചോദ്യം കേട്ടതും, ഏയ്ഞ്ചൽ അവനെ പിടിച്ചു തൻ്റെ മടിയിലിരുത്തി.

” മമ്മിയെ പറ്റിയുള്ള എൻ്റെ മോൻ്റെ ഉത്കണ്ഠയാണ് ഈ ചോദ്യത്തിനു പിന്നിൽ ഉള്ളതെന്ന് ഈ മമ്മിക്കറിയാം… പക്ഷേ മോൻ
പേടിക്കണ്ട… ആ പഴയ പട കുതിരയ്ക്ക് ഇപ്പോഴും ശൗര്യം പോയിട്ടില്ല എന്ന് മാത്രം മോൻ മനസ്സിലാക്കിയാൽ മതി”

ഏയ്ഞ്ചലിൻ്റെ സംസാരം കേട്ടതും, അരുൺ അവരുടെ നെറ്റിയിൽ പതിയെ ചുണ്ടമർത്തി.

” ഒരു കാര്യം ഞാൻ ചോദിച്ചോട്ടെ മമ്മീ… ?”

അരുണിൻ്റെ eചാദ്യം കേട്ടതും ഏയ്ഞ്ചൽ പുഞ്ചിരിയോടെ അവനെ നോക്കി.

” ഒരു മോൻ ചോദിക്കാൻ പാടില്ലാത്ത കാര്യമാണെന്നു ഇക്കാലത്തെ പലരും പറയും… പക്ഷേ ഞാൻ ചോദിക്കും… അലക്സി, ജിൻസ്, ആദി ഇവരിൽ ആരാണ് മമ്മിയുടെ മനസ്സുമായി ഏറ്റവും അടുത്തു നിൽക്കുന്നത്?”

അരുണിൻ്റെ ചോദ്യം കേട്ടതും, വിളറിയ ഒരു ചിരിയോടെ ഏയ്ഞ്ചൽ
പുറത്തു പെയ്യുന്ന മഴയിലേക്ക് നോക്കി നിന്നു.

“ഇവരാരും ഈ സമയം വരെ എൻ്റെ മനസ്സിലില്ല അരുൺ… പകരം എൻ്റെ വേദ മാത്രം…. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ പുറം തളളിയ എൻ്റെ
വേദ മാത്രം”

പറഞ്ഞതും ഒരു പൊട്ടികരച്ചിലോടെ അരുണിൻ്റെ തോളിലേക്ക് മുഖം പൂഴ്ത്തി ഏയ്ഞ്ചൽ.

” അവളെക്കാളും മറ്റൊരാളെ ഇത്രയധികം ഞാൻ സ്നേഹിച്ചിട്ടില്ല ഇതുവരെ…. ഇനിയീ ജന്മത്തിൽ അവളെ പോലെ മറ്റൊരാളെ സ്നേഹിക്കാനും കഴിയുമെന്ന് തോന്നുന്നില്ല…”

കരയുന്ന ഏയ്ഞ്ചലിൻ്റെ മുഖം പിടിച്ചുയർത്തി പുഞ്ചിരിയോടെ ആ കണ്ണുകളിലേക്ക് നോക്കി അരുൺ.

” സ്വന്തം ജീവൻ്റെ പാതിയാണെന്ന് എൻ്റെ മമ്മി പറഞ്ഞ ആ വേദയെവിടെ ഇപ്പോൾ?പതിനാറു വർഷങ്ങൾക്കുള്ളിൽ നിങ്ങൾ തമ്മിൽ വല്ല കമ്മ്യൂണിക്കേഷനും നടന്നിട്ടുണ്ടോ?” ”

പറയുന്നത് നിർത്തി അരുൺ അവരുടെ കണ്ണുകളിലേക്കുറ്റു
നോക്കി.

“ഇനി ഈ പറയുന്ന വേദ ഈ ഭൂമിയിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് മമ്മിയ്ക്ക് വല്ല ഉറപ്പുമുണ്ടോ?”

അരുണിൻ്റെ ചോദ്യം കേട്ടതും, പേടിച്ചരണ്ടതു പോലെ അവനെ നോക്കി ഏയ്ഞ്ചൽ.

” കൺപീലികൾ അടഞ്ഞുതുറക്കുമ്പോഴെക്കും, ഓരോ ജീവനുകളും നഷ്ടപ്പെടുന്ന ഒരു കാലഘട്ടത്തിൽ ആണ് നാമിപ്പോൾ ജീവിച്ചിരിക്കുന്നത്… അതു കൊണ്ട് ചോദിച്ചു പോയതാണ് മമ്മീ ”

അത്രയും പറഞ്ഞ് കൊണ്ട് ഏയ്ഞ്ചലിൻ്റെ മറുപടിക്ക് കാത്തുനിൽക്കാതെ, ഫ്ളാസ്ക്കിൽ നിന്നു ചായ ഗ്ലാസിലേക്ക് പകർത്തി ചുണ്ടോട് ചേർത്തു അരുൺ.

നിശബ്ദമായ നിമിഷങ്ങൾക്കിടയിൽ, പൊടുന്നനെ ഏയ്ഞ്ചലിൻ്റ മൊബൈൽ ശബ്ദിച്ചു.

” അൺനോൺ നമ്പർ ”

നിലത്ത് വെച്ചിരുന്ന
മൊബൈൽ എടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കിയ ഏയ്ഞ്ചൽ പതിയെ മന്ത്രിച്ചു കൊണ്ട് അരുണിനെ നോക്കി………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button