ഏയ്ഞ്ചൽ: ഭാഗം 18
രചന: സന്തോഷ് അപ്പുകുട്ടൻ
” ഒരു പെണ്ണിൻ്റെ നല്ല കാലത്ത്,ആശകളും, ആഗ്രഹങ്ങളും ഉള്ളിലൊതുക്കി, സന്യാസിനിയുടെ ജീവിതം പോലെ ജീവിച്ച് തീർത്തവൾ… ”
വന്ന വഴിയെ പറ്റി ഓർത്ത് പതിയെ മന്ത്രിച്ചപ്പോൾ ഏയ്ഞ്ചലിൻ്റെ ഇടനെഞ്ചൊന്ന് നീറി.
വേദനിക്കുന്ന നെഞ്ചിലേക്ക് കൈയമർത്തി ഏയ്ഞ്ചൽ പെയ്തു തോരാനായ രാമഴയുടെ ശബ്ദവും ശ്രവിച്ച് മലർന്നു കിടന്നു.
ഓർമ്മകളുടെ തീപൊള്ളലേറ്റ് കരിഞ്ഞ മനസ്സോടെ കിടക്കുന്ന അവളുടെ കവിളോരം വഴി പടർന്നിറങ്ങുന്ന കണ്ണീരിൻ്റെ നനവ് അവളറിഞ്ഞിരുന്നില്ല.
നിറം കെട്ട രാത്രിയിൽ ഇടയ്ക്കിടയ്ക്ക് വെളിച്ചമായി വരുന്ന മിന്നൽ വെട്ടം അവളെ പതിയെ തഴുകുന്നുണ്ടായിരുന്നു.
ഓർമ്മകൾ, കൂട്ടിൽ നിന്നും തെറിച്ച കടന്നൽകൂട്ടം പോലെ അവളുടെ മനസ്സിനകത്ത് മുരൾച്ചയോടെ പറന്നു.
മനസ്സിനുള്ളിൽ മറ്റൊരു ആപത്ശങ്ക പോലെ ഡോക്ടർ റോയ് ഫിലിപ്പിൻ്റെ വാക്കുകൾ പ്രതിധ്വനിക്കുകയാണ്..
“എൻ്റെ മോൾ മാത്രമല്ല ആ കാര്യം പറയാൻ നിർബന്ധിച്ചത്… ഞാൻ എൻ്റെ മോനെ പോലെ കരുതുന്ന ടീച്ചറുടെ മകൻ അരുണും ചേർന്നാണ് നിർബന്ധിച്ചത് ”
ആ വാക്കുകളുടെ അർത്ഥമറിയാവുന്ന ഏയ്ഞ്ചലിൻ്റെ ചുണ്ടിൽ ഒരു വിളറിയ ചിരി തെളിഞ്ഞു.
” ജിൻസ്, അലക്സി,ആദി….. ഇവരെയൊന്നും വേണ്ടായെന്നു വെച്ച താനിപ്പോൾ ഡോക്ടർ റോയ് ഫിലിപ്പിൻ്റെ വാക്കുകൾക്കു മുന്നിൽ അടിപതറുന്നതു പോലെ അവൾക്കു തോന്നി..
ഒരു പുരുഷൻ്റെ ചൂടേറ്റ്, അവൻ്റെ സംരക്ഷണത്തിൽ ഒതുങ്ങി കൂടാനല്ല തൻ്റെ മനസ്സിടറുന്നതെന്ന് അവൾക്കറിയാം.
പകരം, ഡോക്ടറുടെ മകളായ അലീനയെന്ന ആ കുട്ടിയെ ഓർക്കുമ്പോൾ, മനസ്സിൽ വല്ലാത്ത വിങ്ങലുതിർന്നിരുന്നു.
മകൻ്റെ കൂട്ടുകാരിയാണെങ്കിലും, ഇടയ്ക്കെപ്പോഴോ കണ്ടിട്ടുണ്ടെങ്കിലും,
ജനിച്ചതിൻ്റെ പിറ്റേന്ന് തന്നെ അമ്മയെ നഷ്ടപ്പെട്ട പാവം കുട്ടിയാണ് അതെന്ന് അറിയാമായിരുന്നില്ല.
ഇക്കാലമത്രയും
ഒരമ്മയുടെ വാത്സല്യമോ, കരുതലോ അനുഭവിക്കാതെ വളർന്നവൾ….
അലീനയെ കുറിച്ചോർത്തപ്പോൾ, അവളുടെ നിറം മങ്ങിയ ചിരി മനസ്സിൽ തെളിഞ്ഞപ്പോൾ ഏയ്ഞ്ചലിൻ്റെ കൈ അറിയാതെയൊന്നു, അടിവയറിനെ തൊട്ടുതലോടിയതോടൊപ്പം, മാതൃത്വമെന്ന വികാരം മനസ്സിലും നിറഞ്ഞു തുടങ്ങി…
പ്രതീക്ഷിക്കാത്ത വഴിത്താരകളിലൂടെയാണ് ജീവിതം കടന്നുപോകുന്നതെന്ന്, എന്നോ മനസ്സിലാക്കി തുടങ്ങിയിരുന്നു അവൾ.
ഈ ജീവിതത്തിൽ വല്ലാതെ
ആശിക്കുന്നതും, മോഹിക്കുന്നതും വെറുതെയാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ…
എത്രയൊക്കെ ആശിച്ചാലും, മോഹിച്ചാലും നമ്മൾക്കുള്ള ജീവിതം, നമ്മൾക്കു വിധിച്ചതു പോലെ കിട്ടുകയുള്ളൂന്ന് മനസ്സിലാക്കിയ കാലം!
അല്ലെങ്കിൽ ജിൻസുമൊത്ത് ഒരു ജീവിതം സ്വപ്നം കണ്ട്, അലക്സിയെ ഉപേക്ഷിക്കാനായി കണ്ടു പിടിച്ച മാർഗ്ഗമായിരുന്നു ആ കടൽ തീരത്തെ, ആദിയുമായുള്ള താമസം…
തമാശയിൽ കൊരുത്ത ആ നാടകം, ദുരന്തത്തിൽ അവസാനിച്ചത് എത്ര പെട്ടെന്നായിരുന്നു.
വേദയാണെന്ന് അഭിനയിച്ച് ആദിയുടെ ഇഷ്ടം നേടിയെടുത്ത്, അവസാനം ഞാനല്ല വേദയെന്നും, നിന്നെ സ്നേഹിക്കുന്ന വേദ മറ്റൊരാളാണെന്നും പറഞ്ഞ് ആദിയെ ഞെട്ടിക്കാനായിരുന്നു പ്ലാൻ…
പക്ഷേ താൻ അത് പറയാൻ ചെന്ന സമയം ശരിയായിരുന്നില്ല…
ഉള്ളിൽ മുഴുവൻ കള്ളും, വിജനമായ തീരവും, കടലലകളുടെ നിലയ്ക്കാത്ത ശബ്ദവും ഉണ്ടായിരുന്ന ആ രാത്രിയിൽ ഏയ്ഞ്ചൽ എന്ന പാവം കുസൃതികാരിയുടെ എല്ലാ ഊർജ്ജവും, ആദിയെന്ന പുരുഷനു കീഴിൽ അമർന്നു പോകുകയായിരുന്നു…
കടലലകൾക്കളെക്കാൾ മുരൾച്ചയോടെ അവൻ്റെ ചുടുശ്വാസം, കർണപുടത്തിലേക്ക് വന്നിറങ്ങുമ്പോൾ, വിയർത്തൊട്ടി, നനഞ്ഞു കുതിർന്ന ഒരു പക്ഷിയായ് തീർന്നിരുന്നു ഈ പാവം ഏയ്ഞ്ചൽ.
കണ്ണീരും, വിയർപ്പും ഇടകലർന്ന് കണ്ണിലേക്ക് ഒഴുകിയിറങ്ങിയപ്പോൾ, ഇത്തിരിവെട്ടം തന്നിരുന്ന ആകാശത്തെ വിളറിയ നക്ഷത്രങ്ങളും പതിയെ കൺ ദൂരത്തേക്ക് മായുകയായിരുന്നു, ഇന്നോളം വരെ കണ്ടിരുന്ന സ്വന്തം സ്വപ്നം പോലെ!
ഒടുവിൽ എല്ലാം കഴിഞ്ഞ്, ശരീരത്തിൽ പറ്റിയ അഴുക്കുകൾ നനച്ചു കളയാൻ കടൽവെള്ളത്തിൽ ഇറങ്ങിയപ്പോൾ,
ഒരു ആർത്തനാദം തന്നിൽ നിന്നുതിർന്നത് ഇപ്പോഴും ഓർക്കുന്നു.
മുറിവേറ്റയിടങ്ങളിൽ ഉപ്പുവെള്ളം തട്ടിയതും, അലറി കരഞ്ഞ് തീരത്തേക്ക് ഓടി കയറുമ്പോൾ, അതിലേറെ നൊമ്പരം മനസ്സിനാണെന്നു തിരിച്ചറിയുകയായിരുന്നു..
എല്ലാം കഴിഞ്ഞ്
അബോധാവസ്ഥയിൽ കിടക്കുന്ന അവനെ കൊല്ലണമെന്ന ചിന്തയോടെ തന്നെയാണ് കടലിലേക്ക് വലിച്ചിഴച്ചത്..
ആ സമയം, അപ്രതീക്ഷിതമായി വന്ന വേദയുടെ കോൾ ആണ്, മരണത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന അവനെ ജീവിതത്തിലേക്ക് വലിച്ചു യർത്തിയത്.
ആ ഓർമ്മകളിൽ ഏയ്ഞ്ചൽ ഒന്നു മുഖമുയർത്തി തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക് നോക്കി..
ആർത്തട്ടഹാസങ്ങളലെല്ലാം അവസാനിപ്പിച്ച് നിശബ്ദമായി ഒഴുകിയിറങ്ങുന്ന മഴതുള്ളികൾ,
തൻ്റെ കണ്ണിണകളിലൂടെ നിശബ്ദമായി ഒഴുകുന്ന കണ്ണീരു പോലെയാണെന്ന് അവൾക്ക് തോന്നി!
തൻ്റെ സ്വപ്നങ്ങൾ തകർന്നടിഞ്ഞ അന്നത്തെ ആ രാത്രിയിൽ
തന്നെതേടി വന്ന വേദയുടെ വാക്കുകൾ ഇപ്പോഴും ഉള്ളിൽ കിടന്നു പിടയ്ക്കുന്നുണ്ട്…
“ഏയ്ഞ്ചൽ നിൻ്റെ നാടകം ഈ നിമിഷം തൊട്ട് നിർത്തിക്കോണം… ഞാൻ അങ്ങോട്ട് വരുകയാണ്””
” എന്തിന് വേദാ? നിനക്ക് എന്നെ പറ്റിയാണ് പേടിയെങ്കിൽ അത് വേണ്ട… രണ്ടു ദിവസം കഴിഞ്ഞ് ഞാൻ അങ്ങോട്ട് വന്നോളാം”
കിതപ്പിനിടയിൽ പറഞ്ഞൊപ്പിച്ച വാക്കുകൾ കേട്ട് അപ്പുറത്ത് നിന്ന് വേദയുടെ ചിരിയുതിരുന്നത് കേൾക്കാമായിരുന്നു.
“നീ എന്താ പറഞ്ഞത്? നിന്നെ പറ്റി പേടിയോ? അങ്ങിനെയാണോ നീ എന്നെ കണ്ടിരിക്കുന്നത്? ഇത്രയും നാൾ ഒന്നിച്ചു താമസിച്ചിട്ടും നീ എന്നെ അങ്ങിനെയാണോ മനസ്സിലാക്കിയിരിക്കുന്നത്?”
വേദയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ, ഏയ്ഞ്ചൽ അബോധാവസ്ഥയിൽ കിടക്കുന്ന ആദിയെ നോക്കി.
“അതല്ല വേദാ… നിനക്കിപ്പോൾ പെട്ടെന്ന് ഇങ്ങിനെയൊരു വിചാരം വന്നപ്പോൾ ചിന്തിച്ചു പോയതാണ്…”
അക്ഷരങ്ങൾ ക്രമം തെറ്റാതെ പറഞ്ഞു കൊണ്ട് ഏയ്ഞ്ചൽ ഒരു ദീർഘനിശ്വാസമുതിർത്തു.
“എന്നെ കല്യാണം കഴിക്കുമെന്ന് പറഞ്ഞ് ശപഥമെടുത്തിരിക്കുന്ന ഒരു കാർക്കോടകനെ പറ്റി നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഏയ്ഞ്ചൽ? അവൻ വീണ്ടും വീട്ടിൽ വന്നിരുന്നു… ”
“അതിനെന്താ വേദാ? നീ ആ കല്യാണത്തിന് സമ്മതിക്കണം.. അതോടെ നിൻ്റെ കഷ്ടപ്പാടുകൾ തീരും ”
“നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല ഏയ്ഞ്ചൽ… എൻ്റെ കഥകളൊക്കെ അറിയുന്ന നീ എന്താ ഇപ്പോൾ ഉദ്യേശിച്ചത്?”
വേദയുടെ വാക്കുകൾ കേട്ടതും ഏയ്ഞ്ചലൊന്നു വിളറി.
” വല്യ ഭൂസ്വത്തൊള്ള ആളല്ലേ അയാൾ? അതു കൂടാതെ അയാളുടെ കുടുംബക്ഷേത്രത്തിൽ അല്ലേ നിൻ്റെ അച്ചന് ജോലി? അതിനുമപ്പുറം അയാളുടെ സ്ഥലത്തല്ലേ നിങ്ങൾ വാടകയ്ക്ക് താമസിക്കുന്നത്?”
“അതിന്?”
വേദയുടെ ചോദ്യത്തിന് കാഠിന്യമേറിയതും, ഏയ്ഞ്ചൽ ഒരു നിമിഷം നിശബ്ദതയിലാണ്ടു.
“അതിനൊന്നുമില്ലേ വേദാ? നിന്നെക്കാൾ ഇത്തിരി പ്രായകൂടുതലും, കുറച്ചു ഗുണ്ടായിസവും ഉണ്ടായിരിക്കാം അയാൾക്ക്. പക്ഷേ
നിൻ്റെ ഒരു സമ്മതം കിട്ടിയാൽ അയാൾ നിൻ്റെ ഭർത്താവാകും.. ആ നിമിഷം നിൻ്റെ കഷ്ടപ്പാടുകൾ തീരും… പിന്നെ നീയാണ് റാണി… അവനെന്ന ഗുണ്ടയെ
നിയന്ത്രിക്കുന്ന റാണി… നീയും,
നിൻ്റെ അച്ഛനും, അമ്മയും ഇനിയുള്ള കാലത്ത് രാജയോഗത്തിൽ ജീവിക്കണമെങ്കിൽ ആ വിവാഹത്തിനു സമ്മതിച്ചേക്ക് വേദാ… അതു മാത്രമല്ല നിൻ്റെ തുടർ പഠനത്തിനും അതാ നല്ലത് ”
ഏയ്ഞ്ചലിൻ്റെ വാക്കുകൾ കേട്ടതും വേദയിൽ നിന്നും ഒരു ചിരിയുതിർന്നു.
“നീ പറഞ്ഞതൊക്കെ ശരി… പക്ഷേ ഞാൻ മറിച്ചൊരു ചോദ്യം ചോദിക്കട്ടെ ഏയ്ഞ്ചൽ?”
വേദയുടെ ചോദ്യം കേട്ടതും ഏയ്ഞ്ചൽ പതിയെ മൂളി.
“ജിൻസുമായുള്ള പ്രണയം കളഞ്ഞിട്ട്, നിൻ്റെ പപ്പയും, മമ്മയും ആഗ്രഹിക്കുന്നതു പോലെ അലക്സിയെ വിവാഹം ചെയ്തു കൂടെ നിനക്ക്? ജിൻസിനെക്കാൾ തൻ്റേടവും, പൗരുഷ്യവും, സമ്പത്തും, അതിലേറെ സമൂഹത്തിൽ ഒരു വിലയുമില്ലേ അലക്സിക്ക്? എന്നിട്ടും നീയെന്തിനാ ഈ ജിൻസിനു വേണ്ടി ഈ ഒളിച്ചുകളി നടത്തുന്നത്?”
വേദയുടെ ചോദ്യം കേട്ടതും ഏയ്ഞ്ചലിൻ്റെ മുഖം വിളറി.
“അവനെ എനിക്ക് മറക്കാൻ പറ്റാത്തതു കൊണ്ട്?”
ഏയ്ഞ്ചലിൻ്റെ മറുപടി കേട്ടതും, വേദയിൽ നിന്നും ആ പഴയ ചിരിയുതിരുന്നത് അവൾ കേട്ടു.
” അതു തന്നെയാണ് എൻ്റെയും സംഭവം ഏയ്ഞ്ചൽ… ആദിയെ എനിക്ക് നഷ്ടപ്പെടുന്നത് ചിന്തിക്കാൻ കഴിയില്ല.. അവനില്ലാത്ത ലോകത്ത് ഞാൻ ജീവിച്ചിരിക്കില്ലാ…”
” നിനക്ക് ഭ്രാന്താണ് വേദാ… ഒരൊറ്റ വട്ടം മാത്രം കണ്ട ഒരുവൻ… അവനില്ലെങ്കിൽ ഈ ഭൂമിയിൽ ജീവിച്ചിരിക്കുകയില്ലായെന്ന് പറഞ്ഞ നിനക്ക് മുഴുഭ്രാന്ത് ആണ് വേദാ ?”
തിരകളിൽ ചാഞ്ചാടി കൊണ്ടിരിക്കുന്ന ആദിയെ നോക്കി ഒരു മാത്ര അവൾ അലറി.
“അതെ ഏയ്ഞ്ചൽ… നീ പറഞ്ഞതാണ് ശരി… ചില പ്രണയങ്ങൾ ശരിക്കും ഭ്രാന്താണ് മാലാഖേ… ചങ്ങലയ്ക്കിട്ടാലും ക്രൗര്യം കുറയാത്ത ഭ്രാന്തുപോലെയുള്ള പ്രണയം”
മൊബൈലിലൂടെ ഒഴുകി വരുന്ന
വേദയുടെ വാക്കുകളിലെ സന്തോഷവും, സംതൃപ്തിയും തിരിച്ചറിയുകയായിരുന്നു ഏയ്ഞ്ചൽ..
” അങ്ങിനെയുള്ള പ്രണയം സംഭവിക്കാൻ ഒരുപാട് കാലം ഒന്നിച്ചു നടക്കണമെന്നില്ല മാലാഖേ.. കൊതി തീരെ കാണണമെന്നുമില്ല… ഒരു സെക്കൻ്റ്…ഒരൊറ്റ സെക്കൻ്റ് മാത്രം മതി… നമ്മുടെ കൺപീലിയൊന്നു തുറന്നു അടയുന്ന സമയം മാത്രം മതി… ”
പ്രണയപുഴ പോലെ ഒഴുകി വരുന്ന വേദയുടെ വാക്ക് ശ്രവിച്ചുകൊണ്ട് ഏയ്ഞ്ചൽ പുച്ഛത്തോടെ ആദിയെ നോക്കി…
“നിനക്ക് ഭാഗ്യമുണ്ട് ആദീ.. നിനക്ക് ഞാൻ വിധിച്ച മരണമെന്ന ശിക്ഷ ഇവിടെ ഉപേക്ഷിക്കുന്നു.. കാരണം എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ജീവിതം നീയില്ലെങ്കിൽ അവസാനിക്കുമെന്ന ഒരൊറ്റ പേടി കൊണ്ട്… അവളുടെ പുഞ്ചിരിയെക്കാൾ മറ്റൊന്നും എന്നെ ഈ ലോകത്ത് സന്തോഷിപ്പിക്കുകയില്ലെന്ന് അറിയുന്നത് കൊണ്ട്….. ”
പല്ലിറുമ്മി പറഞ്ഞു കൊണ്ട് ആദിയെ തിരകളിൽ നിന്ന് തീരത്തേക്ക് കയറ്റി കിടത്തി ഏയ്ഞ്ചൽ.
“ഏയ്ഞ്ചൽ നീ എന്താ ഒന്നും മിണ്ടാത്തത്?”
നിമിഷങ്ങൾക്കു ശേഷം വേദയുടെ ചോദ്യം മൊബൈലിലൂടെ വന്നപ്പോഴാണ്, അവളുടെ കോൾ കട്ട് ചെയ്തിരുന്നില്ലായെന്ന് എയ്ഞ്ചലിന് മനസ്സിലായത്.
“നിൻ്റെ ഇഷ്ടം പോലെ നടക്കട്ടെ വേദാ… കാരണം നീയെൻ്റെ പ്രിയപ്പെട്ട കൂട്ടുകാരിയല്ലേ?എൻ്റെ ജീവനല്ലേ നീ? ”
ചോദ്യത്തോടൊപ്പം
തൊണ്ടകുഴിയോളമെത്തിയ ഒരു കരച്ചിൽ ഉള്ളിലൊതുക്കി അവൾ പകയോടെ, തീരത്ത് കിടക്കുന്ന ആദിയെ നോക്കി.
“എൻ്റെ ജീവനായ വേദയ്ക്കു വേണ്ടി നിൻ്റെ ജീവൻ ഇവിടെ ബാക്കി വെക്കുന്നു ഞാൻ… ”
പറഞ്ഞു തീർന്നതും അവൾ കാലുയർത്തി അബോധവസ്ഥയിൽ കിടക്കുന്ന ആദിയെ തൊഴിച്ചു.
കുറച്ചു ദൂരം ഉരുണ്ട് പോയ അവൻ പാതി മയക്കത്തിൽ നിന്ന് പതിയെ എഴുന്നേറ്റ് ഏയ്ഞ്ചലിനെ ഒന്നു നോക്കി.
വറ്റാത്ത പ്രണയത്തിൻ്റെ തിരകളപ്പോഴും അവൻ്റെ കണ്ണിൽ അലയടിക്കുന്നത് കണ്ട് അവൾ അവജ്ഞയോടെ മുഖം തിരിച്ചു….
” മമ്മി ഇതുവരെ ഉറങ്ങിയില്ലേ?”
അരുണിൻ്റെ ചോദ്യം കേട്ടതും ഏയ്ഞ്ചൽ പൊടുന്നനെ ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു.
” ഇല്ല മോനൂ… ഓരോന്നു ഓർത്തിട്ട് മമ്മിയ്ക്ക് ഉറക്കം വന്നില്ല.. മോനെന്താ ഉറങ്ങാത്തത്?”
“അന്നയെ സ്വപ്നം കണ്ട് എഴുന്നേറ്റതാണ് മമ്മീ.. പാവം അല്ലേ അവൾ… നാളെ നമ്മൾക്ക് റോയി അങ്കിളിൻ്റെ വീട്ടിലേക്ക് പോയാലോ?”
അരുണിൻ്റെ ചോദ്യം കേട്ടതും അവൾ ഒന്നു ഞെട്ടിവിറച്ചു.
“മമ്മിയില്ലാത്ത ഒരു കുട്ടിയല്ലേ അവൾ… അവൾക്ക് മമ്മിയാകാൻ എൻ്റെ മമ്മിയെക്കാളും അർഹതയുള്ള മറ്റൊരാളും ഇല്ല…”
അരുണിൻ്റെ
സങ്കടശബ്ദം കേട്ടതും, അവൾ അവനെ ചേർത്തു കിടത്തി.
അരുണിൻ്റെ ചോദ്യത്തിന് ഉത്തരം പറയാതെ
അവൻ്റെ മുടിയിഴകളിൽ പതിയെ തഴുകി ഉറക്കത്തെ കാത്തുകിടന്നിരുന്ന അവളുടെ ചിന്തകളിലേക്ക് വീണ്ടും ഓർമ്മകൾ ഒഴുകിയെത്തി…
ജിൻസ്, അലക്സി, ആദി… ഇപ്പോൾ ഡോക്ടർ റോയി ഫിലിപ്പ്… ഇവരൊക്കെ
ഏയ്ഞ്ചലെന്ന
പെണ്ണിനോട് പ്രണയവുമായി പിന്നാലെ കൂടിയവർ ആണ്… ”
കണ്ണടച്ചു മന്ത്രിച്ചു കൊണ്ടിരുന്ന ഏയ്ഞ്ചലിൻ്റെ കണ്ണുനീർ വീണ് തലയിണ നനഞ്ഞു തുടങ്ങി.
” പലർക്കും പലതരം പ്രണയമായിരുന്നോ ഈ ഏയ്ഞ്ചലിനോടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. ”
സങ്കടത്തോടെ
പതിയെ പറഞ്ഞു കൊണ്ടു ഏയ്ഞ്ചൽ ബെഡ് ലാംപ് ഓഫ് ചെയ്തു.
വെളിച്ചമണഞ്ഞതും, പുറത്തെ ഇരുട്ടിൽ ഇടയ്ക്കിടെ തെളിയുന്ന മിന്നൽ വെട്ടത്തിലേക്ക് അവൾ നോക്കി കിടന്നു.
മിന്നൽ വെട്ടത്തിൽ തെളിയുന്ന അവളുടെ കണ്ണീരിന് വൈഡ്യൂരത്തിൻ്റെ തിളക്കമുണ്ടായിരുന്നു… അതുപോലെ ദൃഢതയും!
അസ്വസ്ഥമായ ഓർമ്മകളും പേറി, രാത്രിയുടെ ഏതോ യാമത്തിൽ ഉറക്കത്തിലേക്ക് പോയ്കൊണ്ടിരിക്കുമ്പോഴും, ഏയ്ഞ്ചലിൻ്റെ മനസ്സിൽ വേദയുടെ ചിത്രമായിരുന്നു.
കാലങ്ങളേറെ കഴിഞ്ഞിട്ടും, കാലപ്പഴക്കം തൊട്ടുതീണ്ടാതെ, തെളിഞ്ഞു നിൽക്കുന്ന ഒരു മനോഹരചിത്രം പോൽ….
ചെറുകാറ്റിലിളകുന്ന തിരിനാളങ്ങൾ പോലെ ചിമ്മിനിന്ന കൺപീലികൾ അടയുമ്പോഴും, വേദയുടെ കോൾ ഈയവസരത്തിലും തന്നെ തേടി വന്നതെന്ന ചിന്തയിലായിരുന്നു അവൾ…
രാവിലെ അരുൺ കുളിച്ചു റെഡിയായി നിൽക്കുന്നത് കണ്ട്, ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വന്ന ഏയ്ഞ്ചൽ അത്ഭുതത്തോടെ
അവനെ നോക്കി.
“എന്താ പതിവില്ലാതെ ഒരു ഒരുക്കം മോനൂ ?”
“മമ്മിയല്ലേ ഇന്നലെ പറഞ്ഞത്, ഇന്ന് മമ്മിയുടെ പപ്പയുടെയും, മമ്മിയുടെയും അടുത്തേക്ക് പോകണമെന്ന്?… അതോ ആ തീരുമാനവും മാറ്റിയോ മമ്മി ?”
ഒരു കുസൃതിയോടെ ചോദിച്ചു കൊണ്ട് അവൻ ഏയ്ഞ്ചലിൻ്റെ കവിളിൽ നുള്ളി.
” എൻ്റെ പപ്പയെയും, മമ്മിയെയും ദൂരെ നിന്നല്ലാതെ കണ്ടിട്ടില്ലാത്ത എൻ്റെ മോന് അവരെ കാണാൻ ഇപ്പോൾ എന്താ പെട്ടെന്ന് ഒരാശ? ”
അരുണിൻ്റെ തലമുടിയിൽ തഴുകി ഏയ്ഞ്ചൽ വാത്സല്യത്തോടെ ചോദിച്ചതും, അവൻ അവരെ സൂക്ഷിച്ചു നോക്കി.
“എൻ്റെ കാര്യം അവിടെ നിക്കട്ടെ… പ്രായാധിക്യം ബാധിച്ച മമ്മിയുടെ പപ്പയെയും, മമ്മിയെയും കാണണമെന്ന്
എൻ്റെ മമ്മിയ്ക്ക് ഇതുവരെ തോന്നിയിട്ടില്ലേ? ആഗ്രഹിച്ചിട്ടില്ലേ?”
അരുണിൻ്റെ ചോദ്യം കേട്ടതും, അവളുടെ നെഞ്ചിൽ ഒരു സങ്കട കടലിളകി.
“മമ്മി ഒരു ടീച്ചറാണെങ്കിലും, അതിലേറെ ഒരു എഴുത്തുകാരിയാണെങ്കിലും, അവർ തന്ന ജീവിതമല്ലേ മമ്മിയുടേത്? അതൊരിക്കലും മറക്കരുത്…
അതുമാത്രമല്ല, അവരെ ഇത്ര വെറുക്കാൻ അവർ അത്രക്കും തെറ്റൊന്നും മമ്മിയോട് ചെയ്തിട്ടില്ലല്ലോ ?!””
അരുണിൻ്റെ ചോദ്യം കേട്ടതും അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.
“കരയണ്ട മമ്മി… കരയാൻ വേണ്ടി പറഞ്ഞതല്ല… അറിയാൻ വേണ്ടി പറഞ്ഞതാ.. ഓരോ ബന്ധങ്ങളും നമ്മൾ നിസ്സാരമായി പറിച്ചെറിയുമ്പോൾ, ഒടുവിൽ ഒറ്റപ്പെടുന്നതും
ദു:ഖിക്കുന്നതും നമ്മൾ തന്നെയായിരിക്കും… ”
സംസാരിച്ചുകൊണ്ടിരിക്കുന്ന അരുണിനെ കണ്ണീരിലൂടെ നോക്കി നിന്നു ഏയ്ഞ്ചൽ…
തൻ്റെ മകൻ ഒരുപാട് വളർന്നിരിക്കുന്നു…
പ്രായത്തിൽ കവിഞ്ഞ പക്വതയോടെ, തന്നെ ചോദ്യം ചെയ്യാൻ മാത്രം വരെ വളർന്നിരിക്കുന്നു.
” മമ്മി പോയി വേഗം ഫ്രഷ് ആയി വാ…
കഴിഞ്ഞതൊക്കെ മറന്ന് ,പഴയ വഴികളിലൂടെ പുതിയൊരു ഏയ്ഞ്ചലായി നമ്മൾക്കൊന്നു പോയി വരാം… അതിൻ്റെ തുടക്കം എൻ്റെ മമ്മിയുടെ വീട്ടിലേക്ക് തന്നെ ആയിക്കോട്ടെ…”
സ്നേഹത്തോടെ പറഞ്ഞു ഏയ്ഞ്ചലിൻ്റെ രണ്ടു തോളിലും പിടിച്ച്, തളളി കൊണ്ട് ബാത്ത് റൂമിനു മുന്നിലെത്തിച്ചു അരുൺ.
കുളിയൊക്കെ കഴിഞ്ഞ്, പ്രഭാത ഭക്ഷണവും കഴിച്ച് ഏയ്ഞ്ചൽ വീട് പൂട്ടിയിറങ്ങുമ്പോൾ, പോർച്ചിൽ നിന്നു കാർ ഇറക്കിയിരുന്നു അരുൺ.
“മോൻ കാർ ഡ്രൈവ് ചെയ്യേണ്ട… മമ്മി എടുത്തോളാം”
ഡ്രൈവിങ്ങ് സീറ്റിനരികെ ചെന്ന് ഏയ്ഞ്ചൽ പറഞ്ഞതും, അവൻ ഒരു കുസൃതി ചിരിയോടെ അവരെ നോക്കി.
“സാരല്യ മമ്മീ… ഇത്തിരി ഭൂരമല്ലേയുള്ളൂ?”
“മോനെ നിനക്ക് ലൈസൻസ് ഇല്ലാത്തതാണ്…”
“നമ്മൾ ദൂരത്തേക്ക് ഒന്നും പോകുന്നില്ലല്ലോ മമ്മീ… ഈ പുഴക്കപ്പുറമുള്ള ആ റിസോർട്ടിലേയ്ക്ക് പോകാൻ ഇത്തിരി ദൂരമല്ലേയുള്ളൂ… അതിനിടയിൽ പോലീസിൻ്റെ ചെക്കിങ്ങ് ഒന്നും കാണില്ല മമ്മീ ”
കൊഞ്ചികൊണ്ട് അരുൺ പറഞ്ഞ് കോ- ഡ്രൈവർ ഡോർ തുറന്നതും, ഏയ്ഞ്ചൽ മനസ്സില്ലാ മനസ്സോടെ കയറി.
വീട്ടിൽ നിന്നിറങ്ങി കുറച്ചു ദൂരം ചെന്നതും, വളവിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിനരികെ ചാരി നിന്നിരുന്ന ഒരു പോലീസ് റോഡിലേക്ക് ഇറങ്ങി കാറിനു നേർക്ക് കൈ നീട്ടിയതും. അരുൺ പൊടുന്നനെ ബ്രേക്കിലേക്ക് കാലമർത്തി…
“ലൈസൻസ് എടുക്കു”
അരുണിനെ നോക്കി പോലീസുകാരൻ പറഞ്ഞതും, അവൻ ഒരു വിറയലോടെ ഏയ്ഞ്ചലിനെ നോക്കി.
“ലൈസൻസ് ഇല്ല ”
അരുൺ പതറി പറഞ്ഞതും, പോലീസുകാരൻ ദേഷ്യത്തോടെ ഏയ്ഞ്ചലിനെ നോക്കി.
“ലൈസൻസ് എടുക്കാനുള്ള പ്രായമായിട്ടുണ്ടോ മാഡത്തിൻ്റെ മകന്?”
പോലീസുകാരൻ്റെ ചോദ്യം കേട്ടതും വല്ലാത്തൊരു നെഞ്ചിടിപ്പോടെ, ഏയ്ഞ്ചൽ ചുറ്റും പതറി നോക്കി.
“സാർ”
പോലീസുകാരൻ നീട്ടി വിളിച്ചതും, ജീപ്പിൻ്റെ ബോണറ്റിൽ ചാരി നിൽക്കുന്ന എസ്.ഐ തിരിഞ്ഞു നോക്കി… പിന്നെ പതിയെ അങ്ങോട്ടേക്ക് നടന്നു.
അടുത്തു വരുന്ന പോലീസ് കാരനെ കണ്ടതും, അവൾ അത്ഭുതത്തോടെ, അതിലേറെ അമ്പരപ്പോടെ അയാളെ നോക്കി നിന്നു.
“ജിൻസ് ”
അവൾ പതിയെ മന്ത്രിച്ചതു കേട്ട് അയാൾ അവളെ നോക്കി വിഷാദമായൊന്നു ചിരിച്ചു…..!!!….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…