Novel

ഏയ്ഞ്ചൽ: ഭാഗം 19

രചന: സന്തോഷ് അപ്പുകുട്ടൻ

“ലൈസൻസ് ഇല്ലാത്തവർക്ക് ഡ്രൈവ് ചെയ്യാൻ
വണ്ടി കൊടുത്താലുള്ള ശിക്ഷ മാഡത്തിനറിയാമല്ലോ? അതും പ്രായപൂർത്തിയാകാത്ത ഒരാൾക്ക്?”

സബ് ഇൻസ്പെക്ടർ ജിൻസ് തീഷ്ണതയോടെ ചോദിച്ചപ്പോൾ ഏയ്ഞ്ചൽ പതർച്ചയോടെ അവനെ നോക്കി പതിയെ തലയാട്ടി.

” ഇത്രയും വിവരവും, വിദ്യാഭാസവുമുള്ള നിങ്ങളെ പോലെയുള്ളവർ ഇങ്ങിനെ പെരുമാറിയാൽ, ബാക്കിയുള്ള സാധാരണക്കാരെ എന്ത് പറഞ്ഞ് ഉപദേശിക്കും ഞങ്ങൾ ”

” സാർ, ഇത്തിരി ദൂരമല്ലേയുള്ളൂ എന്ന ഒരൊറ്റ കാരണത്താലാണ് ഞാനവന് വണ്ടി കൊടുത്തത്…”

ഏയ്ഞ്ചലിൻ്റെ സംസാരം ഇടറിപോയിരുന്നു.

“അതൊരു എക്സ്ക്യൂസ് മാത്രമല്ലേ മാഡം? ശരിക്കും പറഞ്ഞാൽ തെറ്റിനെ ന്യായീകരിക്കുകയാണ് ആ ഒരു വാചകത്തിലൂടെ മാഡം ചെയ്യുന്നത്.. ”

കത്തികയറുന്ന എസ്.ഐയെ നോക്കി അരുൺ വിറച്ചു നിന്നു.

അവൻ്റെ ആ ഭാവമാറ്റം കണ്ടതും ഏയ്ഞ്ചലിൻ്റെ മനസ്സ് ഇടറി..

അവൾ പതിയെ കൈയെത്തിച്ച് അവൻ്റെ മുടിയിഴകളിൽ തലോടി.

“മോനു പേടിക്കണ്ട…”

ഏയ്ഞ്ചലിൻ്റെ ആ സംസാരം കേട്ടതും, ജിൻസ് പതിയെ പരിഹാസത്തോടെ തലയാട്ടി.

” ഇങ്ങിനെ തന്നെ വേണം അമ്മമാർ…മക്കൾ ചെയ്യുന്ന ഏതൊരു വയലേഷനും കൂടെയിരുന്നു പ്രോത്സാഹിപ്പിക്കുന്ന ഇങ്ങിനെയുള്ള മാതാപിതാക്കളാണ് ഈ നാടിൻ്റെ മുതൽകൂട്ട് ”

ഒരു പരിഹാസരൂപത്തിൽ പറഞ്ഞ് ജിൻസ് ഏയ്ഞ്ചലിനെ നോക്കിയപ്പോൾ അവൾ നോട്ടം മാറ്റി, വിദൂരതയിലേക്ക് നോക്കി.

” പക്ഷെ ഇതേ തൻ്റേടവും, ചങ്കുറപ്പും മക്കളെ റോഡിൽ നിന്ന്, ചിതറിയ മാംസവും, തെറിച്ച രക്തവുമായി വാരിയെടുക്കുമ്പോൾ, ഒരൊറ്റ മാതാപിതാക്കൾക്കും ഉണ്ടാകില്ല.. ഈ അഹംഭാവങ്ങൾക്കു പകരം അവിടെ കണ്ണീരും, കരച്ചിലും, നെഞ്ചത്തടിയുമായിരിക്കും..”

“സാർ”

“സത്യമാണ് ഞാൻ പറഞ്ഞത് മാഡം… കുറച്ചു കാലം കൊണ്ട് നടുറോഡിൽ നിന്ന്
ഒരുപാട് പേരെ ഞാൻ വാരിയെടുത്തിട്ടുണ്ട് മാഡം… ജീവിതം തുടങ്ങും മുൻപെ റോഡിൽ ചതഞ്ഞ കൗമാരക്കാരെ കാണുന്ന ആ ദുർദിനങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ ഞാൻ നിസഹായനായിട്ടുണ്ട്.. ”

ജിൻസിൻ്റെ വാക്കുകൾക്ക് മറുത്തൊന്നും പറയാൻ കഴിയാതെ നിസഹായതയോടെ തലയാട്ടി ഏയ്ഞ്ചൽ.

“വാത്സല്യത്തോടെ മക്കളെ ചേർത്തു പിടിക്കണം..പക്ഷേ
അതിവാത്സല്യമരുത്… അതൊരു പക്ഷേ അവരെ കൊലയ്ക്കു കൊടുക്കുന്നതിന് സമമാണ്… ഇതു പോലെയുള്ള
ആഗ്രഹങ്ങൾ നടത്താൻ വേണ്ടി കുട്ടികൾ വാശി പിടിക്കും.. കരയും… ഭക്ഷണം കഴിക്കാതെയിരിക്കും .. അന്നേരം നിസഹയായി അവർക്ക് കാറിൻ്റെ കീ കൊടുക്കലല്ല വേണ്ടത്. പകരം കാര്യങ്ങൾ പറഞ്ഞു കൊടുക്കണം.. നിയമങ്ങളും അത് ലംഘിച്ചാലുള്ള ഭവിഷ്യത്തും പറഞ്ഞു കൊടുക്കണം..
അതിനുമപ്പുറം ഇതുപോലെ പോയാൽ ജീവിതവും, മരണവും തമ്മിലുളള ദൂരം കുറഞ്ഞു പോകുമെന്നും.. ”

ജിൻസ് പറയുന്നതിനിടയിൽ, റോഡിലൂടെ തലങ്ങും, വിലങ്ങും പായുന്ന വാഹനങ്ങളെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“സോറി സാർ… ഇനിയൊരിക്കലും ഇതുപോലെയൊരു തെറ്റ് ആവർത്തിക്കില്ല ഞാൻ ”

“ആവർത്തിക്കാതിരുന്നാൽ നല്ലത്… മകൻ പിണങ്ങുമെന്ന കാര്യം കൊണ്ടാണ് മാഡം അവന് കീകൊടുത്തതെന്ന് മനസ്സിലായി… പക്ഷെ പിണങ്ങുമെന്ന് പേടിച്ച്, പ്രായപൂർത്തിയാകാത്ത ഇവന് കാറിൻ്റെ കീകൊടുക്കുമ്പോൾ, ഇനിയുള്ള കാലങ്ങളിലും പിണങ്ങാനും, ഇണങ്ങാനും ഇവനുണ്ടായിരിക്കണമെന്ന് മാത്രം മാഡം പ്രാർത്ഥിക്കേണ്ടി വരും… കാരണം അത്ര തിരക്കാണ് നമ്മുടെ റോഡുകളിൽ.. പറഞ്ഞത് മനസ്സിലായെങ്കിൽ പിഴയടച്ചിട്ട് മാഡത്തിന് പോകാം ”

ജിൻസിൻ്റെ സംസാരം കേട്ടതും, ഏയ്ഞ്ചൽ പതിയെ തലയാട്ടി.

“മാഡത്തിനെ അറിയാവുന്നത് കൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത് ”

ജിൻസിൻ്റെ വാക്കുകൾ കേട്ടതും ഏയ്ഞ്ചലിൻ്റെ മനസ്സിൽ ഒരു കുളിർമഴ പെയ്തു.

കാലമേറെ കഴിഞ്ഞിട്ടും,
സ്വന്തം ജീവിതത്തിൽ നിന്ന് ഒഴിവാക്കിയിട്ടും അവനിപ്പോഴും തന്നെ ഓർക്കുന്നെന്നറിയുമ്പോൾഅവനൊരിക്കലും തന്നെ മറന്നിട്ടില്ലായെന്ന് വ്യക്തമാകുന്നു…

“മാഡത്തിനെ അറിയാമെന്ന് പറഞ്ഞത്, നല്ലൊരു എഴുത്തുകാരിയെന്ന നിലയിലാണ്.. കൂടാതെ മാഡത്തിൻ്റെ ചില നോവലുകളും ഞാൻ വായിച്ചിട്ടുണ്ട് ”

ജിൻസ് പറഞ്ഞ ആ വാചകങ്ങളിൽ, മനസ്സിൽ പെയ്ത കുളിർമഴ നിലയ്ക്കുകയും, അവളുടെ മിഴികളിൽ
ചുടുദ്രാവകം തിളക്കുകയും ചെയ്തു.

” മനസ്സിനേറ്റ മുറിവുകളുണക്കാതെ ഒരു കാലവും മുന്നോട്ടു പോയിട്ടില്ല മാഡം”

വാഹനങ്ങൾ ചീറി പായുന്ന റോഡിലേക്ക് നോക്കി പതർച്ചയോടെ പറയുന്ന
ജിൻസിൻ്റ സംസാരം കേട്ടുകൊണ്ടിരുന്ന ഏയ്ഞ്ചൽ അവനെ സൂക്ഷിച്ചു നോക്കി…

ജിൻസിൻ്റെ വാക്കുകൾ മനസ്സിൻ്റെ ഏതെല്ലാം കോണിൽ തട്ടി മുറിവേൽക്കുന്നതു പോലെ അവൾക്കു തോന്നി.

അവൻ പറയുന്ന വാക്കുകൾക്കു കാതോർക്കുമ്പോഴും, അമർഷം കൊണ്ടു ചുളിയുന്ന അവൻ്റെ ചുണ്ടുകളിലേക്കാണ് അവൾ ശ്രദ്ധിച്ചത്..

വാക്കുകളോടൊപ്പം
വിറയ്ക്കുന്ന അവൻ്റെ മീശയിലേക്കും അവൾ ഒരുമാത്ര നോക്കി…

മീശ മുളക്കാത്ത ആ പഴയ പയ്യനിൽ നിന്ന്
ഒരുപാട് മാറി പോയിരിക്കുന്നു ജിൻസ്.

പോലീസ് യൂണിഫോമിൽ കരുത്തുറ്റൊരു പുരുഷനായി മാറിയിരിക്കുന്നു അവൻ.

ഒരിക്കൽ എല്ലാറ്റിനെയും ഭയന്ന്, ഭയവും,
ആപത്ശങ്കയും പേറി അമുൽ ബേബിയെ പോലെ ഇരുന്നവൻ…

വേദയ്ക്ക് ഒരിക്കലും കണ്ണെടുത്താൽ
കണ്ടൂടാത്ത ജിൻസ്…

“നമ്മുടെ സൗഹൃദത്തിൻ്റെ ആഴം കുറയ്ക്കാൻ വന്നെത്തിയ അമൂൽ ബേബി.. ”

ജിൻസിനെ കുറിച്ച്
നാഴികയ്ക്കു നാൽപത് വട്ടമുള്ള വേദയുടെ വാക്കുകളായിരുന്നു അത്!

ഒന്നിനും കൊള്ളാത്ത അമുൽബേബിയെന്ന് അവൾ പറഞ്ഞത് പിന്നീട് സത്യമാണെന്ന് തിരിച്ചറിയുകയായിരുന്നു.

അവൻ്റെ ഭയം കൊണ്ടു തന്നെയായിരുന്നു തങ്ങളുടെ പ്രണയം പൂർണതയിലെത്താതെ വാടി കരിഞ്ഞു പോയതും..

പഠിക്കുന്ന കാലത്ത്
ഡോക്ടറോ, വക്കീലോ ആകണമെന്ന് ആഗ്രഹിച്ചിരുന്നവൻ, വർഷങ്ങൾക്കു ശേഷം കാണുമ്പോൾ പോലീസ് യൂണിഫോമിൽ.

എന്തിനും, ഏതിനും പേടിയായിരുന്ന ജിൻസ് ഈ പ്രൊഫഷൻ എടുക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

ഇപ്പോൾ ഈ പൗരുഷ്യത്തോടെ സംസാരിക്കുന്ന ജിൻസ്,
ഒരിറ്റ് ചങ്കൂറ്റവും, ധൈര്യവും കാലങ്ങൾക്കു മുൻപ് കാണിച്ചിരുന്നുവെങ്കിൽ അവൻ്റെ പെണ്ണായി തീർന്നേനേ ഈ ഏയ്ഞ്ചൽ.

ഓർമ്മകൾക്കിടയിൽ കണ്ണു നിറയുന്നുവെന്ന് തോന്നിയപ്പോൾ അവൾ പതിയെ മുഖം തിരിച്ചു.

പതറിയെത്തിയ ഒരു ചെറു കാറ്റ്, അവളുടെ കൺപീലിയിൽ തൂങ്ങി നിന്നിരുന്ന രണ്ടിറ്റു കണ്ണീരിനെ ദൂരേയ്ക്ക് തെറിപ്പിച്ചു.

നീർ പടർന്ന് അവ്യക്തമായ മിഴികളോടെ ഏയ്ഞ്ചൽ ജിൻസിനെ നോക്കി.

പതിനഞ്ച് വർഷങ്ങൾക്കു മുൻപ് ഈ ഏയ്ഞ്ചലിൻ്റെ എല്ലാമായിരുന്നവൻ…

കടൽതീരത്ത്, പുഴയോരത്ത്, പാർലറുകളിൽ എന്നു വേണ്ട കൗതുകം തോന്നുന്ന ഏതിടങ്ങളിലേക്കും പൂമ്പാറ്റകളെ പോലെ ഒരുമിച്ചു പറന്നു നടന്നിരുന്നവർ…..

തൻ്റെ ജീവൻ്റെ പാതിയായി കരുതിയിരുന്നവൻ…

ഒരു ശക്തിക്കും, ഒരു കാലത്തും വേർപിരിക്കാൻ കഴിയില്ലെന്നു വിശ്വസിച്ചിരുന്ന ആ പ്രണയകാലം!

ആ ഗാഢമായ പ്രണയത്തിൻ്റെ ഒരിറ്റ് ഓർമ്മ പോലും,
മനസ്സിൻ്റെ ചെറിയ കോണിൽ പോലും സൂക്ഷിക്കാത്തതുപോലെയാണ് ജിൻസിൻ്റെ സംസാരം!

ഇതാണ് ജീവിതം….

ഇങ്ങിനെയാണ് ജീവിതം..

ഒരു കാലത്ത് നമ്മൾക്കേറെ പ്രിയപ്പെട്ടവർ, അവരില്ലെങ്കിൽ ജീവിക്കാൻ കഴിയിയില്ലെന്ന തോന്നലിൽ, അവരുടെ കൈയും പിടിച്ച് കാലത്തിൻ്റെ പകുതി ദൂരം നടന്നു തീർക്കുമ്പോഴേക്കും ഏതോ വഴിത്താരയിൽ വെച്ച് അവർ നമ്മൾക്ക് അപരിചിതരാകുന്നു…

ആ ഒരു വിരഹത്തിൽ തകർന്നു പോകുമ്പോൾ ഒരു ആശ്വാസവുമായി, പണ്ടൊരിക്കൽ കൺമുന്നിൽ പോലും കാണാൻ ഇഷ്ടമില്ലാത്തവർ ഏതോ ഇടവഴികളിൽ വെച്ച് നമ്മൾക്ക് കൂട്ടാകുന്നു…

അതാണ് ജീവിതം…

കൂട്ടിയും, ഗുണിച്ചും ഭാവിയെകുറിച്ച് വർണ സ്വപ്നങ്ങൾ തീർക്കുന്ന നാളിൽ തന്നെ വിധിയെന്ന ഒറ്റയാൻ, കറുപ്പും, വെളുപ്പും നിറഞ്ഞ ചതുരംഗ കളങ്ങൾ തീർക്കുന്നുണ്ട് എന്നറിയാത്തവർ !

അതറിയാതെ, ആ കളങ്ങളിൽ ചാഞ്ഞും, ചരിഞ്ഞും, വീണും, പിന്നെ ഇടറിയെഴുന്നേറ്റും, സ്വപ്നം കണ്ട വർണ ലോകത്തേക്ക് പോകാൻ വൃഥാ ശ്രമിക്കുന്ന വിഡ്ഢികൾ…

അതാണ് മനുഷ്യർ !

“സാർ, വല്ലാത്ത തലവേദനയുണ്ട് എനിക്ക്.. മോനെ വിട്ട് ആ മെഡിക്കൽ സ്റ്റോറിൽ നിന്ന് ടാബ്ലെറ്റ്സ് വാങ്ങിച്ചോട്ടെ ഞാൻ?”

നെറ്റിയിൽ കൈ തടവികൊണ്ട്, എതിർദിശയിലുള്ള മെഡിക്കൽ സ്റ്റോറിനെ ചൂണ്ടി ഏയ്ഞ്ചൽ ചോദിച്ചതും, എസ്.ഐയുടെ അനുവാദത്തിനു കാത്തു നിൽക്കാതെ അരുൺ ഡോർ തുറന്ന്, റോഡിൻ്റെ എതിർദിശയിലേക്ക് ഓടി.

അവൻ്റെ ഓട്ടവും കണ്ട് ഒരു പുഞ്ചിരിയോടെ ജിൻസ് ഏയ്ഞ്ചലിനെ നോക്കി.

” അമ്മയോട് വല്ലാത്ത സ്നേഹമാണല്ലോ മകന്? ജീവിതത്തിൽ സ്വന്തമായി അമ്മ മാത്രമുള്ള മക്കളെപ്പോലെ?”

ജിൻസിൻ്റെ ചോദ്യം കേട്ടതും ഏയ്ഞ്ചലിൻ്റെ നെഞ്ച് നീറി.

“എനിക്ക് തലവേദനയില്ല സാർ, ഞാൻ ആ ഒരു കള്ളം പറഞ്ഞ് അവനെ പുറത്തേക്ക് വിട്ടതാണ്… നമ്മൾക്കൊന്നു തനിച്ചു സംസാരിക്കുവാൻ വേണ്ടി… ”

ഏയ്ഞ്ചലിൻ്റെ സംസാരം കേട്ടതും, കാര്യമറിയാതെ ജിൻസ് ഏയ്ഞ്ചലിനെ നോക്കി.

” ഇപ്പോൾ ചെയ്ത ഈ തെറ്റിന് ഞാൻ എത്ര വേണമെങ്കിലും പിഴയടക്കാം സാർ..പക്ഷേ ഈ ന്യൂസ് ഒരിക്കലും പുറത്തു പോകരുത്.. എന്നു വെച്ചാൽ പഴയ കാര്യമോർത്ത് എന്നോട് പക കാണിക്കരുത്”

” പകയോ? എന്തിന് മാഡം?.. ഞാനെന്തിനാ മാഡത്തിനോട് പക കാണിക്കുന്നത്? അതിനു മാത്രം നമ്മൾ തമ്മിൽ എന്തു ശത്രുതയാണ് ഉള്ളത്? ഇത് ഞങ്ങളുടെ ഡ്യൂട്ടിയാ.. ഫൈൻ അടച്ചു പോകാം”

പറഞ്ഞു തീർന്നതും, ജിൻസ് ജീപ്പിനടുത്തേക്ക് നടന്നതും, ഒരു മാത്ര ഏയ്ഞ്ചൽ അവനെ നോക്കി.

“സാർ…. ”

ഏയ്ഞ്ചലിൻ്റെ വിളി കേട്ടതും, ഒരു പുഞ്ചിരിയോടെ ജിൻസ് അവൾക്കരികിലേക്ക് നടന്നു ചെന്നു.

“മാഡം പേടിക്കണ്ട… മാഡത്തിനെ കണ്ടപ്പോൾ അപരിചിതത്വം കാണിച്ചത് മന:പൂർവ്വം തന്നെയാണ്.കാരണം പഴയതൊന്നും ഞാനിപ്പോൾ ഓർക്കാൻ ഇഷ്ടപ്പെടാത്തതു കൊണ്ട് … ”

ജിൻസിൻ്റെ വാക്കുകൾ കേട്ടതും, ഏയ്ഞ്ചലിൻ്റെ ഹൃദയത്തിലൂടെ ഒരു ഈർച്ചവാൾ കയറിയിറങ്ങി.

” അതു കൊണ്ട് ഈയൊരു തെറ്റിൻ്റെ പേരിൽ മാഡത്തിനെ കുറിച്ച് മീഡിയാസിൽ കൊടുക്കുമെന്നൊന്നും പേടിക്കണ്ട. പകരം ചെയ്ത തെറ്റിന് ഫൈൻ അടച്ചു പോകാം… അത് വേണ്ടായെന്നു വെക്കാൻ എനിക്ക് കഴിയില്ല. കാരണം അത് നിയമമാണ് ”

ജിൻസിൻ്റെ വാക്കുകൾ കേട്ടതും ഏയ്ഞ്ചൽ നന്ദിയോടെ പുഞ്ചിരിച്ചു.

“സാറിൻ്റെ വിവാഹം?”

ഏയ്ഞ്ചൽ ജാള്യതയോടെ ചോദിച്ചതും, ജിൻസ് പതിയെ പുഞ്ചിരിച്ചു.

” കഴിഞ്ഞു.രണ്ട് മക്കളുണ്ട്.ഒരു ആണും, ഒരു പെണ്ണും ”

ജിൻസ് പറഞ്ഞതും, അവൾ ചെറുതായി തലയാട്ടി.

നഷ്ടബോധത്തിൻ്റെ ഒരു ചെറു നീരുറവ അവളുടെ മിഴികളെ നനച്ചു തുടങ്ങിയിരുന്നു അപ്പോൾ.

” അല്ലെങ്കിലും ഒരു പെണ്ണ് നമ്മളെ വേണ്ടായെന്നു വെച്ചാൽ അവൾക്കു പിന്നാലെ ചെന്ന് ശല്യപ്പെടുത്തുന്നതും, സമൂഹത്തിനു മുന്നിൽ തേജോവധം ചെയ്യുന്നതും, ഒടുവിൽ ഒരിക്കലും അവളെ കിട്ടില്ലായെന്നറിയുമ്പോൾ അവളെ ക്രൂരമായി കൊല്ലുന്നതും ബ്രൂട്ടൽ ചിന്താഗതിയാണെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ… കാരണം ആത്മാർത്ഥമായി പ്രണയിച്ചിരുന്ന ഒരു കാമുകിയെയും, ഒരിക്കലും ഒരു കാമുകന് ഇങ്ങിനെയൊന്നും ചെയ്യാൻ കഴിയില്ല… ഞാൻ പറഞ്ഞത് ശരിയല്ലേ മാഡം?”

ജിൻസിൻ്റെ പുഞ്ചിരിയോടെയുള്ള ചോദ്യം കേട്ടതും, ഏയ്ഞ്ചലിൽ ഒരു ഗദ്ഗദമുതിർന്നു .

ആ വാക്കുകൾ ഒരു കൂരമ്പ് പോലെ തൻ്റെ ഹൃദയത്തിലേക്ക് തുളച്ചു കയറിയതുപോലെ തോന്നിയപ്പോൾ അവൾ പതിയെ മുഖം കുനിച്ചു.

“കിട്ടാത്തതിനെ വിധിയുടെ പേരിൽ വിട്ടുകൊടുത്തു, കിട്ടുന്നതിനെ അതേ വിധിയുടെ പേരിൽ സ്വീകരിച്ചു കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടു പോകുക… അവരോടൊപ്പം സന്തോഷത്തോടെ കഴിയികുക… അതാണ് ജീവിതം.. അതിനെയാണ് ജീവിതം എന്നു പറയുന്നത് .. ”

ജിൻസിൻ്റെ സംസാരം കേൾക്കുന്നതിനിടെ, ഏയ്ഞ്ചലിൻ്റെ കണ്ണിൽ നിന്നും രണ്ടിറ്റ് കണ്ണീർ അടർന്നുവീണു.

“സോറി ജിൻസ്… എല്ലാറ്റിനും ”

കണ്ണീർ തളം കെട്ടി ചുവന്ന മിഴികളോടെ അവൾ ജിൻസിനെ നോക്കി പതിയെ മന്ത്രിച്ചു.

“ഏയ് എന്താ ഈ ഏയ്ഞ്ചൽ ചെയ്യുന്നത്? കരയുകയോ? കരയാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ഏയ്ഞ്ചൽ… ”

വെപ്രാളത്തോടെ പറഞ്ഞു കൊണ്ട് ജിൻസ് ചുറ്റും നോക്കി.

“പണ്ടത്തെ ഏയ്ഞ്ചലിൽ നിന്നും ഒരുപാട് ഉയരത്തിലാണ് ഇന്നത്തെ ഏയ്ഞ്ചലെന്ന് നീ മറക്കരുത്… അതു കൊണ്ട് ആൾക്കാർ കാണും മുൻപെ ആദ്യം ആ
കണ്ണീർ തുടക്ക് ”

ജിൻസ് പറഞ്ഞതും അവൾ തലയാട്ടി കൊണ്ട് കവിളോരം വഴി ഒഴുകുന്ന കണ്ണീർ തുടച്ചു.

” ഞാൻ നേരത്തെ പറഞ്ഞില്ലേ ഇതൊക്കെ വിധിയാണെന്ന്.. അല്ലെങ്കിൽ ഇപ്പോൾ എനിക്കുള്ള തൻ്റേടത്തിൻ്റെ നൂറിലൊരംശം അന്നുണ്ടായിരുന്നുവെങ്കിൽ, നീ എൻ്റെ പെണ്ണായി തീർന്നേനെ…അന്ന് അത് എനിക്കുണ്ടായിരുന്നില്ല.. അപ്പോൾ ഞാനല്ലേ തെറ്റുക്കാരൻ? ഞാനല്ലേ സോറി പറയേണ്ടത്?”

പറയുന്നതിനിടയിൽ ജിൻസ് റോഡ് ക്രോസ് ചെയ്തു വരുന്ന അരുണിനെ കണ്ടതും, പൊടുന്നനെ തൻ്റെ വിസിറ്റിങ് കാർഡ് ഏയ്ഞ്ചലിനു നേരെ നീട്ടി.

“ഞാൻ ഇവിടെയുള്ള സ്റ്റേഷനിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്?എന്തെങ്കിലും ആവശ്യം വരുകയാണെങ്കിൽ ഏയ്ഞ്ചലിന് എപ്പോൾ വേണമെങ്കിലും വിളിക്കാം”

ജിൻസിൻ്റെ സംസാരം കേട്ടതും ഒരു
ആപത്ശങ്കയോടെ ഏയ്ഞ്ചൽ അവനെ നോക്കി.

“ഇതിന് മറ്റൊരു അർത്ഥമില്ല ഏയ്ഞ്ചൽ… ഒരു പബ്ലിക് ഫിഗറിന്, ഒരു പബ്ലിക് സെർവൻ്റിൻ്റെ ഹെൽപ്പ്. അത്രേയുള്ളൂ”

ജിൻസിൻ്റെ സംസാരം കേട്ടതും, അവളുടെ ചുണ്ടിൽ ഒരു ജാള്യത നിറഞ്ഞ ഒരു പുഞ്ചിരി മൊട്ടിട്ടു.

“പിന്നെ മാഡം വിചാരിക്കും പോലെ മാഡത്തിൻ്റെ മകൻ വെറുമൊരു വാശിക്കാരൻ മാത്രമല്ല കേട്ടോ… അവൻ വല്ലാത്തൊരു ബ്രില്യൻ്റ് ആണ്”

ജിൻസ് പറഞ്ഞതു കേട്ട് ഏയ്ഞ്ചൽ അമ്പരപ്പോടെ അവനെ നോക്കി.

“ഏയ്ഞ്ചൽ മന:പൂർവ്വം മറന്ന വഴികളൊക്കെ അവൻ ബുദ്ധിപൂർവ്വം വെട്ടി തെളിയിക്കുകയാണ്… നല്ലൊരു ചെസ് കളിക്കാരനെ പോലെ ”

” പറഞ്ഞതു മനസ്സിലായില്ല എനിക്ക് ”

ഏയ്ഞ്ചൽ സംശയത്തോടെ പറഞ്ഞതും, ജിൻസ് അവളെ നോക്കി പുഞ്ചിരിച്ചു.

” ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല ഏയ്ഞ്ചലിന്.. ഒടുവിൽ താനേ മനസ്സിലാവും ഏയ്ഞ്ചലിന്”

ജിൻസിൻ്റെ പുഞ്ചിരി കണ്ടതും, റോഡ് ക്രോസ് ചെയ്തു വരുന്ന അരുണിലേക്ക് നീണ്ടു അവളുടെ മിഴികൾ..

“ഏയ്ഞ്ചലിൻ്റെതായ ഒരു പുതിയൊരു കഥ വരുമെന്ന് ന്യൂസ് കേട്ടു… ശരിയാണോ?”

ജിൻസിൻ്റെ ചോദ്യം കേട്ടതും അവൾ അത്ഭുതത്തോടെ അവനെയൊന്നു നോക്കി… പിന്നെ പതിയെ തലയാട്ടി.

“മിക്കവാറും പാതിയിലെത്തിയിരിക്കും അല്ലേ കഥ?”

“ങ്ഹും”

പതിയെ മൂളികൊണ്ട് അവൾ അവനെ വല്ലാതെയൊന്നു നോക്കി.

“ദാ മമ്മീ ടാബ്ലറ്റ്സ്”

അരുൺ പറഞ്ഞതും, കോ ഡ്രൈവർ സീറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങി അവൻ്റെ കൈയിൽ നിന്നും ടാബ്ലറ്റ്സ് വാങ്ങി ഏയ്ഞ്ചൽ ഡ്രൈവിങ് സീറ്റിലേക്ക് കയറി.

” ഫൈൻ അടിച്ചോ മമ്മീ ?”

അരുൺ പതിയെ ചോദിച്ചതും, അവൾ ആദ്യമായി കാണുന്നതുപോലെ അരുണിനെയൊന്നു നോക്കി, അതേ നിമിഷം തന്നെ അവൾ ജിൻസിനെ നോക്കി.

” മമ്മി ഫൈൻ അടച്ചു മോനെ.. മേലാൽ ഇത്തരം തെറ്റുകൾ ചെയ്ത് മോൻ മമ്മിയെ സങ്കടപ്പെടുത്തരുത് കേട്ടോ?”

ജിൻസിൻ്റെ സംസാരം കേട്ടതും ഒരു പുഞ്ചിരിയോടെ അരുൺ തലയാട്ടി….

“ഓ – കെ മാഡം… നമ്മൾക്കു വീണ്ടും കാണാം ”

ഏയ്ഞ്ചലിനോടു പറഞ്ഞു കൊണ്ടു ജിൻസ് ജീപ്പിനരികിലേക്ക് നടക്കുമ്പോൾ, അവൻ ഒരു മാത്ര അരുണിനെ
തിരിഞ്ഞു നോക്കി…

അരുണിൻ്റെ ചുണ്ടിലെ പുഞ്ചിരി കണ്ടതും, ജിൻസ് ഒരു ആത്മസംതൃപ്തിയോടെ ജീപ്പിൻ്റെ ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിയിരുന്നു….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button