Novel

ഏയ്ഞ്ചൽ: ഭാഗം 20

രചന: സന്തോഷ് അപ്പുകുട്ടൻ

“പല പ്രണയങ്ങളും പാതിവഴിയിലെത്തുമ്പോൾ നിലക്കുന്നത് പരസ്പരം ഇഷ്ടം തോന്നാതെയല്ല.. പകരം ഇഷ്ടങ്ങൾക്കു മീതെ ഇത്തിൾകണ്ണി പോലെ പടരുന്ന ഈഗോ കൊണ്ടാണ്… പക്ഷെ ഈ ഏയ്ഞ്ചലിനും, ജിൻസിനുമിടയിൽ സംഭവിച്ചത് അതായിരുന്നില്ലല്ലോ…? മറിച്ച് ബുദ്ധിമതിയെന്ന് അഹങ്കരിച്ചിരുന്ന ഈ ഏയ്ഞ്ചലിൻ്റെ വലിയ മണ്ടത്തരം കൊണ്ടായിരുന്നല്ലോ? ”

പോലീസ് ജീപ്പിൻ്റെ ഡ്രൈവിങ്ങ് സീറ്റിലേക്കു കയറുന്ന ജിൻസിനെ നോക്കി മനസ്സിൽ
പതിയെ മന്ത്രിച്ചു കൊണ്ട് ഏയ്ഞ്ചൽ കാർ മുന്നോട്ടെടുത്തു.

” ജീവിതം ഒരു തമാശയായി കണ്ട ഈ ഏയ്ഞ്ചലിന്, ആ
ഒരു തമാശ കൊണ്ട് നഷ്ടമായത് വിലമതിക്കാത്ത ഒരു പ്രണയമായിരുന്നു.. അതിനുമപ്പുറം സ്വന്തം ജീവിതമായിരുന്നു ”

ഓർമ്മകൾ മനസ്സിനുള്ളിൽ പതിയെ ചിറകടിക്കുമ്പോൾ, അവൾ ജിൻസിനെയൊന്നു പാളി നോക്കി..

ആരോടോ മൊബൈൽ ഫോണിലൂടെ സംസാരിക്കുന്ന ജിൻസ് തിരിഞ്ഞു നോക്കിയതും അവരുടെ കണ്ണുകൾ തമ്മിൽ
ഒരുമാത്ര കോർത്തു.

കാണുമ്പോൾ പ്രണയം മൊട്ടിട്ടിരുന്ന ജിൻസിൻ്റ കണ്ണുകളിൽ ഇപ്പോൾ തെളിയുന്നത് ഒരു നിർവികാരഭാവമാണെന്ന് കണ്ടതും, അവൾ പതിയെ തൻ്റെ മിഴികളെ പിന്നോട്ടു വലിച്ചു.

അവൾ കാണാതെ അന്നേരം അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുതിർന്നു .

ഒരിക്കൽ സ്നേഹിച്ചിരുന്ന ഒരു പെൺകുട്ടിയെ എന്തിൻ്റെ പേരിലായാലും ഒരു കാലത്തും മറക്കില്ലായെന്ന് പറയാതെ പറഞ്ഞിരുന്നു അവൻ്റെ ആ ചിരി.

ഏയ്ഞ്ചലിൻ്റെ കാർ മുന്നോട്ടു പതിയെ പോകുമ്പോൾ, ജിൻസിനെ നോക്കി അവൾ പതിയെ കൈ പുറത്തേക്കിട്ട് ചലിപ്പിച്ചു.

റിയർവ്യൂ മിററിലൂടെ നോക്കുമ്പോൾ, ജിൻസ് പതിയെ കൈ ചലിപ്പിക്കുന്നത് നിറഞ്ഞു തുടങ്ങുന്ന മിഴികളിലൂടെ കണ്ടതും, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുതിർന്നു .

മനോഹരമായ ഒരു പ്രണയകാലത്തിൻ്റെ അവശിഷ്ടങ്ങൾ പോലെ അവളുടെ മിഴികളിലിലപ്പോൾ കണ്ണീർ തിളച്ചുതുടങ്ങിയിരുന്നു.

“നല്ല എസ്.ഐ അല്ലേ മമ്മീ ?”

കാർ കുറച്ചു ദൂരം മുന്നോട്ടു പോയതും, അരുൺ ഏയ്ഞ്ചലിനെയൊന്നു പാളി നോക്കികൊണ്ട് ചോദിച്ചതും, അവൾ യാന്ത്രികമായി തലയാട്ടി.

“ഇങ്ങിനെയുള്ള ഉദ്യോഗസ്ഥരാണ് ഈ നാടിന് ആവശ്യം?”

അരുൺ പറഞ്ഞതും, ഏയ്ഞ്ചൽ അവനെയൊന്നു പാളി നോക്കി തലയാട്ടി…

അരുണിൻ്റെ സംസാരത്തിനു ശേഷം
ഇത്തിരി നിശബ്ദമായ നിമിഷങ്ങൾ അവർക്കിടയിലേക്ക് പൊടുന്നനെ ചേക്കേറി!

” മോനൂന് ആ എസ്.ഐയെ അറിയോ?

നിശബ്ദമായ നിമിഷങ്ങൾക്കൊടുവിൽ ഏയ്ഞ്ചൽ അത് ചോദിക്കുമ്പോൾ, തൻ്റെ ശബ്ദം പതറാതിരിക്കാൻ അവൾ വല്ലാതെ ബുദ്ധിമുട്ടി.

ഏയ്ഞ്ചലിൻ്റെ ചോദ്യം കേട്ടതും, പുറത്തുള്ള കാഴ്ചകളിൽ നിന്ന് നോട്ടം പിൻവലിച്ച് അരുൺ അവരെ നോക്കി.

” എനിക്കൊരു പരിചയവുമില്ല… അല്ല മമ്മീ എന്താ അങ്ങിനെ ചോദിക്കാൻ കാരണം?”

അരുണിൻ്റെ ചോദ്യം കേട്ടതും ഏയ്ഞ്ചൽ ഒരു നിമിഷം അവനെ കൂർപ്പിച്ചു നോക്കി.

” അദ്ദേഹത്തിൻ്റെ സംസാരത്തിൽ നിങ്ങൾ തമ്മിൽ വളരെ പരിചയമുള്ളവരെ തോന്നി… അതു കൊണ്ടാ ചോദിച്ചത് ”

ഏയ്ഞ്ചലിൻ്റെ ചോദ്യം കേട്ടതും അരുൺ പുഞ്ചിരിച്ചു.

” അത് മമ്മിക്ക് വെറുതെ തോന്നിയതാകും… ഒരു ത്രെഡ് കിട്ടിയാൽ അതിനെ ചുറ്റിപറ്റി വലിയൊരു കഥയുണ്ടാക്കുന്ന ഏയ്ഞ്ചലെന്ന ഈ മമ്മിക്ക് അങ്ങിനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.. ”

പാതിയിൽ പറഞ്ഞ് അവസാനിപ്പിച്ച്‌ , അരുൺ പുറത്തേക്ക് നോക്കിയിരുന്നു.

ചീറി വരുന്ന കാറ്റിൽ അവൻ്റെ തലമുടികൾ അന്തരീക്ഷത്തിൽ നൃത്തം വെക്കുന്നതും നോക്കി ഏയ്ഞ്ചൽ തലയാട്ടി.

” അല്ലെങ്കിലും ഒരു പത്താം ക്ലാസ്കാരനായ ഞാനും, ഇവിടുത്തെ സ്റ്റേഷനിലെ എസ്.ഐയും തമ്മിൽ എന്തു പരിചയമാണ് മമ്മീ ?”

അരുണിൻ്റെ ചോദ്യം കേട്ടതും, ഏയ്ഞ്ചലിൻ്റെ മനസ്സിലേക്കോടിയെത്തിയത് ജിൻസിൻ്റെ വാക്കുകളാണ്…

” ഏയ്ഞ്ചലിൻ്റെ മകൻ
വല്ലാത്ത ബ്രില്യൻറ് ആണ് … നീ
മന:പൂർവ്വം മറന്നുകളഞ്ഞ വഴികൾ അവൻ ബുദ്ധിപൂർവ്വം വെട്ടി തെളിയിക്കുകയാണ് ”

ആ വാചകങ്ങൾ മനസ്സിൽ മാറ്റൊലികൊണ്ടപ്പോൾ, അരുണിനെയൊന്നു
പാളിനോക്കി അവൾ ആക്സിലേറ്ററിൽ കാൽ അമർത്തി.

നീണ്ട വാഹനനിരകൾക്കിടയിലൂടെ അതിവിദഗ്ദമായി കാർ മുന്നോട്ട് കൊണ്ടു പോകുന്ന ഏയ്ഞ്ചലിനെ അവൻ അത്ഭുതത്തോടെ നോക്കി.

” ആ പുഴയില്ലെങ്കിൽ ഇത്തിരി ദൂരം പോകേണ്ട സ്ഥലത്തേക്കാണ്, ഇങ്ങിനെ വളഞ്ഞു വളരെ ദൂരം പോകേണ്ടത്?”

സിഗ്നലിൽ നിറുത്തിയ കാറിലിരുന്നു ഏയ്ഞ്ചൽ സ്റ്റിയറിംഗിൽ പതിയെ തട്ടികൊണ്ടു പറഞ്ഞു.

” മമ്മി എന്നോടു ചോദിച്ച ചോദ്യം തന്നെ ഞാൻ മമ്മിയോടൊന്നു ചോദിക്കട്ടെ?”

അരുൺ ചോദിച്ചതും, ഏയ്ഞ്ചൽ അവനെയൊന്നു നോക്കിയ സമയം സിഗ്നലിൽ പച്ച കത്തിയതും, അവൾ കാർ മുന്നോട്ടേക്ക് എടുത്തു.

“എന്താ നിനക്ക് ചോദിക്കാനുള്ളത്? ”

സിഗ്നൽ കടന്നതും
ഏയ്ഞ്ചൽ അവനോടു ചോദിച്ചു.

” ആ എസ്.ഐയെ മമ്മിക്ക് അറിയുമോ?”

അരുണിൻ്റെ ചോദ്യം കേട്ടതും, അവൾ പൊടുന്നനെ ആക്സിലേറ്ററിൽ നിന്ന് കാലെടുത്തു.

“എന്താ മോനൂ അങ്ങിനെ ചോദിച്ചത്?”

ഏയ്ഞ്ചലിൻ്റെ പതറിയ ചോദ്യം കേട്ടതും, അരുൺ അവളെ നിശബ്ദം നോക്കി.

” ഒന്നുമില്ല മമ്മീ..വെറുതെ ചോദിച്ചതാ.. അയാളുടെ പേരും അലക്സി എന്നാണ്… എസ്.ഐ അലക്സി.. ”

“അതിന്?”

ആ ചോദ്യത്തോടൊപ്പം
ഏയ്ഞ്ചലിൻ്റെ തൊണ്ട വരണ്ടിരുന്നു അപ്പോൾ.

“ഏയ് ഒന്നുമില്ല മമ്മീ..ചെറിയ ഒരു കൺഫ്യൂഷൻ… മമ്മി പാതിയിൽ പറഞ്ഞവസാനിപ്പിച്ച ഏയ്ഞ്ചൽ എന്ന കഥയിൽ ഇങ്ങിനെയൊരു പേര് കേട്ടിട്ടുണ്ട്.. അതു കൊണ്ട് ചോദിച്ചതാണ് ”

അവൻ്റെ സംസാരം കേട്ടതും അവളുടെ ഉള്ളൊന്നു പിടഞ്ഞു.

” ആ കഥ ശരിക്കും മമ്മിയെ ആസ്പദമാക്കിയിട്ടുള്ള കഥയല്ലേ?”

അരുണിൻ്റെ അടുത്ത ചോദ്യം കൂടി കേട്ടതോടെ അവളുടെ മിഴികൾ പലവട്ടം ചിമ്മി തുറന്നു.

” അത് നിനക്കറിയാവുന്നതല്ലേ?”

ഏയ്ഞ്ചലിൻ്റെ ആ കൂർത്ത ചോദ്യം കേട്ടതും അരുൺ പതിയെ അവളുടെ തോളിലൂടെ കൈയ്യിട്ടു.

” മാത്രമല്ല.. ആ കഥ പാതിയിൽ
നിർത്തിയതൊന്നുമല്ലല്ലോ. അവസാനിച്ചതല്ലേ? ഈ ഭൂമിയിൽ ഏയ്ഞ്ചലിനു എല്ലാം നഷ്ടമായിട്ടും, എല്ലാ വാത്സല്യങ്ങളും കോരിച്ചൊരിയാൻ വേണ്ടി ഒരൊറ്റ മകനെ മാത്രം തന്ന വിധിയോട്, നന്ദി പറഞ്ഞു കൊണ്ട് അവസാനിപ്പിച്ചതല്ലേ ആ കഥ?…

ഏയ്ഞ്ചലിൻ്റെ ഇടറിയ ചോദ്യം കേട്ടതും, അവൻ്റെ ചുണ്ടിൽ ഒരു വരണ്ട ചിരിയുതിർന്നു.

” മമ്മി എഴുതി പൂർത്തിയാക്കിയെന്നു പറയുമ്പോഴും, അങ്ങിനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടമാണെങ്കിലും എവിടെയോ ആ കഥയ്ക്ക് ഒരു അപൂർണത പോലെ… ഇനിയും ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്തേണ്ടതു പോലെ? ഏതോ വരികളിലൊക്കെ മമ്മി നിഗൂഢത നിറച്ചതു പോലെ!”

അരുണിൻ്റെ സംസാരം കേട്ടതും ഏയ്ഞ്ചൽ അവനെ സൂക്ഷിച്ചു നോക്കി.

“ഞാൻ സത്യം പറഞ്ഞതാണ് മമ്മീ… ആ കഥയിൽ തിരകളിലേക്ക് ആദിയെ, അതായത് എൻ്റെ അച്ഛനെന്ന് പറയുന്നയാളെ വലിച്ചിറക്കുന്നതോടെ അവസാനിക്കുകയാണ് ”

“അതിനെന്താ കുഴപ്പം മോനൂ ?അവിടെ അവസാനിക്കുകയാണല്ലോ കഥ? അവിടെ മുതൽ നമ്മൾ മാത്രമാകുകയാണല്ലോ ഈ ജീവിതത്തിൽ?ഇനിയിപ്പോൾ, ഈ അവസാനകാലത്ത് നിൻ്റെ അച്ഛൻ എന്നു പറയുന്ന ആ ആളോട് നിനക്കിപ്പോൾ വല്ലാത്ത ഇഷ്ടം തോന്നുന്നുണ്ടോ?”

ഏയ്ഞ്ചലിൻ്റെ കാഠിന്യം നിറഞ്ഞ ചോദ്യം കേട്ടതും നിഷേധാർത്ഥത്തിൽ പതിയെ തലയാട്ടി അവൻ അവരുടെ തോളിൽ ചാരി കിടന്നു.

“ഇങ്ങിനെയാണോ മമ്മി എന്നെ വിചാരിക്കുന്നത്? എൻ്റെ അച്ചൻ എന്നു പറയുന്ന ആളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഞാൻ ചോദിച്ചത്? അതിന് മാത്രം ആ മനുഷ്യനെ ഞാൻ സ്നേഹിക്കുന്നുമില്ല… വെറുപ്പിനപ്പുറത്ത് സ്നേഹമെന്ന ഒരു വികാരമില്ലല്ലോ? പിന്നെ, ഞാൻ ഒരിക്കലും കാണാത്ത, എൻ്റെ അച്ഛനെന്നു പറയുന്ന, ഇന്നീ നിമിഷം ഭൂമിയിലില്ലാത്ത ഒരാളുടെ സ്വഭാവത്തിനെ പറ്റി എനിക്ക് നിർവചിക്കാൻ കഴിയില്ലല്ലോ?”

അരുൺ പറയുന്നത് നിർത്തി, നീരണിഞ്ഞ കണ്ണുകളോടെ ഏയ്ഞ്ചലിനെ നോക്കി.

“ഇനി അയാൾ സദ്ഗുണ സമ്പന്നനാണെങ്കിലും, മമ്മി വെറുത്ത ഒരാളെ എനിക്ക് മനസ്സറിഞ്ഞ് സ്നേഹിക്കാനാവില്ല.. അയാൾ നല്ലവനായിരുന്നെന്ന് മമ്മി പറയും വരെ ”

അരുണിൻ്റെ അവസാന വാചകം കേട്ടതും, അവളുടെ മനസ്സൊന്നു തുടിച്ചു..

” അല്ലെങ്കിലും മക്കൾക്കൊക്കെ എന്നും അമ്മ പറയുന്നതാണല്ലോ ശരി…? ഒരുപാട് തെറ്റുകളും, കുറ്റങ്ങളും അമ്മമാരിൽ നിന്നുണ്ടായാലും, അതൊക്കെ മന:പൂർവം മറന്ന്, അച്ഛനെന്നു പറയുന്ന ആളുടെ നന്മകൾ വിസ്മൃതിയിലേക്ക്
പുറംതള്ളി, പത്തുമാസം ചുമന്നതിൻ്റെ കണക്കും പറഞ്ഞ് അമ്മമാരോട് ചേർന്നിരിക്കാനല്ലേ മക്കൾ എന്നും ആഗ്രഹിക്കുക? ഇഷ്ടപ്പെടുക?”

അരുൺ പറയുന്നത് നിർത്തി ഡ്രൈവ് ചെയ്യുന്ന ഏയ്ഞ്ചലിനെ നോക്കി.

” അങ്ങിനെയുള്ള ഒരു മകൻ തന്നെയാണ് മമ്മിയുടെ ഈ അരുൺ.. അങ്ങിനെ മാത്രമേ ഈ അരുണിനു പെരുമാറാൻ കഴിയുകയുള്ളൂ”

അരുണിൻ്റെ ഗദ്ഗദം നിറഞ്ഞ സംസാരം കേട്ടതും ഏയ്ഞ്ചൽ സ്നേഹപൂർവം അവൻ്റെ തലമുടിയിൽ തഴുകി.

മകനെ പറ്റി അഭിമാനം തോന്നിയെങ്കിലും,
കുറ്റബോധത്തിൻ്റെ നേർത്തൊരു കണിക മനസ്സിലേക്ക് പടർന്നപ്പോൾ അവൾ ആദിയെ ഓർത്തു.

തിരകളിൽ കിടന്ന് തന്നെ പ്രണയപൂർവ്വം നോക്കുന്ന ആദിയുടെ രൂപം, വർഷങ്ങൾക്കു ശേഷം അവളുടെ മനസ്സിൽ തെളിഞ്ഞപ്പോൾ, ആദിക്കു വേണ്ടിയെന്നോണം അവളുടെ കണ്ണൊന്നു നിറഞ്ഞു…

“ഈ എസ്.ഐയെ അറിയുമോയെന്ന് വെറുതെ ചോദിച്ചതാ മമ്മീ ?.. മമ്മീ എന്നോടു ചോദിച്ചതിന് ഒരു ചെക്ക് വെച്ചന്നുള്ളു?”

അരുണിൻ്റെ സംസാരം കേട്ടതും, ഏയ്ഞ്ചൽ ആശ്വാസത്തോടെ പുഞ്ചിരിച്ചു.

“കഥയിലെ ജിൻസ് എന്ന കഥാപാത്രത്തിൻ്റെ സ്വഭാവവും, ജിൻസ് എന്ന നമ്മൾ കണ്ട എസ്.ഐയുടെ സ്വഭാവവും അജഗജാന്തരം വ്യത്യാസം ഉണ്ടെന്ന് എനിക്കറിയാം… ആടും,ആനയും തമ്മിലുള്ള അതേ വ്യത്യാസം”

അരുൺ പറഞ്ഞു കൊണ്ട് സീറ്റിലേക്ക് ചാരി കണ്ണടച്ചിരുന്നു..

“ഒരിക്കലും ഇതുപോലെ സ്വഭാവമുള്ള ഒരു ജിൻസിന്, എന്തിൻ്റെ കാര്യം പറഞ്ഞാണെങ്കിലും മമ്മിയെ പാതിവഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ല.. അത് എനിക്ക് ഉറപ്പാണ്”

അരുണിൻ്റെ സംസാരത്തിന് മറുപടി പറയാതെ, ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന ഏയ്ഞ്ചലിൻ്റെ ഹൃദയം വല്ലാതെ മിടിച്ചിരുന്നു അപ്പോൾ..

കാർ ടാറിട്ടനിരത്തിൽ നിന്നും ചെമ്മൺ പാതയിലേക്ക് ഇറങ്ങിയതും, അരുൺ ഏയ്ഞ്ചലിനെ പതിയെയൊന്നു നോക്കി.

“ഞാൻ ജനിച്ചതിൽ പിന്നെ നമ്മൾ മമ്മിയുടെ പപ്പയുടെയും മമ്മയുടെയും, അടുത്തേക്ക് ആദ്യമായി പോകുകയാണ്?… കുറച്ചു ദൂരം കൂടി കഴിഞ്ഞാൽ നമ്മൾ ആ റിസോർട്ടിൽ എത്തും.. ഈ സമയത്ത് മമ്മിയുടെ മനസ്സിലെന്ത് വികാരമാണ് ഉയരുന്നത്?”

അരുണിൻ്റെ ചോദ്യം കേട്ടതും ഏയ്ഞ്ചലിൻ്റെ ഹൃദയമൊന്നിളകി.. കണ്ണൊന്നു നിറഞ്ഞു.:

“ഒരു സ്വർഗത്തിലേക്ക് പോകുന്ന പ്രതീതിയാണ് മോനു എനിക്കിപ്പോൾ… ”

ഏയ്ഞ്ചലിൻ്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നപ്പോൾ..

കണ്ണീർ കവിളിലൂടെ കുതിച്ചൊഴുകി തുടങ്ങി…

ഏയ്ഞ്ചലിൻ്റെ ഭാവമാറ്റം കണ്ടതും, അരുൺ വേദനയോടെ അവരുടെ കവിളിലെ കണ്ണീർ തുടച്ചു.

” അപ്പോഴും ഞാൻ പറഞ്ഞില്ലേ മമ്മീ… മമ്മി എഴുതിയ കഥ പൂർണതയിലെത്തിയിട്ടില്ലായെന്ന്.. ”

അരുണിൻ്റെ ചോദ്യം കേട്ടതും, കണ്ണീർ തുടച്ചു കൊണ്ട് ഏയ്ഞ്ചൽ അവനെയൊന്നു നോക്കി.

” അതേ മമ്മീ.. പിന്നിട്ട വഴികളിലൂടെ തിരിച്ചു വരുമ്പോൾ, മമ്മിയിൽ നിന്ന് ഇത്രയും കണ്ണീർ പൊഴിയണമെങ്കിൽ, മമ്മിയിൽ കുറ്റബോധത്തിൻ്റെ ഒരു കടൽ അലയടിക്കുന്നുണ്ടെന്ന് സാരം..അതായത് കുറച്ചേറെ കഥാപാത്രങ്ങളെ തിന്മയുടെ ചായം തേച്ച്, മമ്മി വികൃതമാക്കിയിട്ടുണ്ടെന്ന ഒരു തോന്നൽ എനിക്ക്”

അരുണിൻ്റെ സംസാരം കേട്ടതും, ഒന്നും മനസ്സിലാകാത്തതുപോലെ ഏയ്ഞ്ചൽ അവനെയൊന്നു നോക്കി.

” അതെ മമ്മീ… മമ്മിയെ നശിപ്പിച്ച ആ ദുഷ്ടൻ്റെ പേരോടു കൂടി ആ കഥ അവസാനിപ്പിക്കരുത്.. അത് ആ കഥയെ വല്ലാതെ ബാധിക്കും… പകരം വേദയിൽ അവസാനിപ്പിക്കണം.. കാരണം ഒരൊറ്റ മനസ്സും, രണ്ട് ശരീരവുമായി ജീവിച്ചിരുന്നവരായിരുന്നല്ലോ നിങ്ങൾ?അപ്പോൾ അങ്ങിനെ അവസാനിക്കുന്നതല്ലേ അതിൻ്റെ ശരി?”പിന്നെ മനപൂർവം വികൃതമാക്കിയ കഥാപാത്രങ്ങളെ കണ്ണീരുകൊണ്ട് കഴുകി ശുദ്ധീകരിക്കണം”

അരുണിൻ്റെ വാക്കുകളുടെ പൊരുളറിയാതെ അവനെ തന്നെ നോക്കിയിരുന്ന ഏയ്ഞ്ചൽ, കുറച്ചു നേരം മുൻപ് കണ്ട ജിൻസിനെ ഓർത്തു.

അവൻ പറഞ്ഞ അതേ വാക്കുകൾ അവൾ മന്ത്രിച്ചു.

“മോനൂ, ജിൻസ് പറഞ്ഞതുപോലെ നീ ബുദ്ധിമാൻ തന്നെയാണ്… മമ്മീ മന:പൂർവം മറന്ന വഴികൾ, മോനു ബുദ്ധിപൂർവം തുറക്കുകയാണെന്ന ഒരു തോന്നൽ ഇപ്പോൾ ഈ മമ്മിയിൽ തോന്നി തുടങ്ങിയിട്ടുണ്ട്… ”

ഉള്ളിൽ ആപത്ശങ്ക ഉയർന്നെങ്കിലും,ഏയ്ഞ്ചൽ കൈയെത്തിച്ചു കൊണ്ട് അവൻ്റെ മുടിയിഴകളിൽ പതിയെ തലോടി.

സ്വന്തം അച്ഛനെ കുറിച്ചുള്ള അന്വേഷണങ്ങളെക്കാൾ കൂടുതൽ വേദയെ പറ്റിയുള്ള അന്വേഷണമാണെന്നറിഞ്ഞതും അവൾ ഒരു നിമിഷം നടുങ്ങി..

അവളുടെ മനസ്സിലപ്പോൾ വേദയുടെ വാക്കുകൾ പെരുമ്പറ കൊണ്ടു.

“എൻ്റെ ആദിയുടെ മകനെ ഞങ്ങൾക്ക് തന്നൂടേ ഏയ്ഞ്ചൽ?”

ആ ചോദ്യം പലവട്ടം മനസ്സിലുരുവിട്ട അവൾ പരിഭ്രാന്തിയോടെ കാർ റോഡ് സൈഡിലേക്ക് കയറ്റി പാർക്ക് ചെയ്തു..

മമ്മിയുടെ ആ,ഭാവമാറ്റത്തിൻ്റെ പൊരുളറിയാതെ അരുൺ അവരെ നോക്കുമ്പോൾ, ഏയ്ഞ്ചലിൻ്റെ മൊബൈൽ പതിയെ അടിച്ചു തുടങ്ങി..

ഡിസ്പ്ലേയിലെ നമ്പറിലേക്ക് നോക്കി, അവൾ ഒരു നിമിഷം സ്തബ്ധയായി ഇരുന്നു… പിന്നെ സംശയത്തോടെ അരുണിനെ നോക്കി, അവൾ മൊബൈൽ എടുത്തു.

“നീ വിചാരിച്ചതു പോലെ ഞാൻ വേദ
തന്നെയാണ് ഏയ്ഞ്ചൽ.. ”

വേദയുടെ വാക്കുകൾ ഒഴുകി വന്നതും, ഏയ്ഞ്ചൽ വിയർത്തു തുടങ്ങി.

“ഫോൺ വിളിച്ചു പൂർത്തിയാക്കും മുൻപ് അത് മന:പൂർവം കട്ട് ചെയ്യുന്നത് മര്യാദകേടല്ലേ ഏയ്ഞ്ചൽ? അതും കൂടാതെ മൊബൈൽ സ്വിച്ച്ഡ് ഓഫ് ചെയ്യുക.. എവിടെ നിന്നാണ് നീ ഇതൊക്കെ പഠിച്ചത്?”

വേദയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാതെ ഏയ്ഞ്ചൽ അരുണിനെയൊന്നു നോക്കി.

ഒന്നും ശ്രദ്ധിക്കാതെയുള്ള അവൻ്റെ പുറത്തേക്കുള്ള നോട്ടത്തിൽ എന്തോ ഒരു സംശയം അവളിലുയർന്നു.

“എനിക്കറിയാം ഏയ്ഞ്ചൽ.. നീയിപ്പോൾ ആ പഴയ ഏയ്ഞ്ചൽ അല്ലായെന്ന്… പേരും, പ്രശസ്തിയുമുള്ള ഒരു പബ്ലിക് ഫിഗറാണെന്ന്.. പക്ഷേ നിൻ്റെ ഉയർച്ചക്കു വേണ്ടി നീയെന്തിനാ എന്നെ ആഴത്തിലേക്ക് ചവിട്ടി താഴ്ത്തിയത്? അത് എനിക്കറിയണം.. അറിഞ്ഞേ പറ്റൂ ഏയ്ഞ്ചൽ ”

തീക്കാറ്റ് പോലെ വീശിയടിക്കുന്ന വേദയുടെ വാക്കുകൾക്ക് ഉത്തരം കണ്ടെത്താനാകാതെ പുറത്തേക്ക് നോക്കിയിരുന്ന ഏയ്ഞ്ചൽ, റോഡിലൂടെ പോകുന്ന പോലീസ് ജീപ്പിലിരിക്കുന്ന ജിൻസിനെ ഒരു മാത്ര കണ്ടു.

തൻ്റെ കാറിലേക്കു നോക്കി ഒരു പുഞ്ചിരിയോടെ കൈ വീശുന്ന ജിൻസിനെ അവൾ അമ്പരപ്പോടെ നോക്കി.

വീണ്ടും മൊബൈലിലൂടെ വരുന്ന വേദയുടെ സ്വരം അവൾ ശ്രദ്ധിച്ചു:

” അതിനുള്ള ഉത്തരം എനിക്ക് അറിഞ്ഞേ പറ്റൂ ഏയ്ഞ്ചൽ… നിന്നെ കൊണ്ടു അത് പറയിപ്പിക്കും ഈ വേദ.. അതും ഒരിക്കൽ എന്നെ നീ ഉപേക്ഷിച്ചു പോയ ഈ കടൽ തീരത്തേക്ക്, നിന്നെ വിളിച്ചു വരുത്തി പറയിപ്പിക്കും ഞാൻ ”

“വേദാ”

വേദയുടെ വാക്കുകൾ കേട്ട് സഹികെട്ട ഏയ്ഞ്ചൽ പരിസരം മറന്ന് അലറിയപ്പോൾ, അരുൺ കാര്യമറിയാതെ അവരെ ചേർത്തു പിടിച്ചു.

“എന്തു പറ്റി മമ്മീ ?”

അരുണിൻ്റെ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

” ഒന്നോർത്തോളൂ ഏയ്ഞ്ചൽ.. നീയിപ്പോൾ, നീ വിചാരിക്കും പോലെ ഒരുപാട് ദൂരേക്ക് പറക്കുയല്ല ചെയ്യുന്നതല്ല…മറിച്ച് എൻ്റെ അടുത്തേക്ക് നീ പോലുമറിയാതെ വരുകയാണ്… ആ വരവും കാത്ത് ഞാൻ ഇവിടെ തന്നെയുണ്ടാവും… ബൈ “…തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button