Novel

ഏയ്ഞ്ചൽ: ഭാഗം 21

രചന: സന്തോഷ് അപ്പുകുട്ടൻ

“ഇല്ല വേദാ… നീ വിചാരിക്കും പോലെ
ഒരുപാട് ഉയരത്തിൽ പറക്കണമെന്ന് എനിക്ക് ഒരിറ്റ് ആഗ്രഹം പോലുമില്ല… മറിച്ച് ഞാനിപ്പോൾ ഭൂമിയോളം താഴ്ന്നു തന്നെയാണ് പറക്കുന്നത്.പിന്നെ ഈ വേഷം കെട്ടലുകൾ.. അത് ഞാൻ മന:പൂർവം തെരഞ്ഞെടുത്തതു തന്നെയാണ്… കാരണം ജീവിതത്തെ പറ്റി ഒരുപാട് സ്വപ്നം കണ്ട ഞാൻ ഒരിക്കലും തോറ്റിട്ടില്ലെന്ന് എന്നെ തന്നെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി… അങ്ങിനെയെങ്കിലും ഞാൻ ഒന്നു ജയിച്ചെന്നു കരുതിക്കോട്ടെ വേദാ ”

പതിയെ മന്ത്രിച്ചു കൊണ്ട് മൊബൈൽ ഡാഷ്ബോഡിലേക്കിലിട്ട് കാർ മുന്നോട്ടെടുക്കുമ്പോൾ ഏയ്ഞ്ചലിൻ്റെ കണ്ണ് വല്ലാതെ നിറഞ്ഞിരുന്നു.

നീരണിഞ്ഞ കണ്ണുകൾക്കപ്പുറത്ത്, വാഹനങ്ങൾ നിരനിരയായി ഒഴുകുന്നതു പോലെ ഓർമ്മകളും തന്നോടൊപ്പം, ചേർന്നു വരുന്നതു പോലെ ഏയ്ഞ്ചലിനു തോന്നി.

ഓർമ്മകളിലെപ്പോഴും കൂടെ ഉണ്ടാവാറുള്ള വേദയെ ഓർത്ത് അവൾ വിഷാദമായൊന്നു ചിരിച്ചു.

ഒരു കാലത്ത് ഈ ഏയ്ഞ്ചൽ ആയിരുന്നു അവൾക്കെല്ലാം..

കോളേജിൽ പഠിക്കുമ്പോൾ,
അവളുടെ ഓരോ ആവശ്യങ്ങളും നോക്കി നടത്തിയിരുന്നത് ഈ ഏയ്ഞ്ചൽ ആയിരുന്നു.

അപ്പോഴോക്കെ,
ഇതിനെല്ലാം ഞാൻ എങ്ങിനെ കടം വീട്ടുമെന്ന് കണ്ണീരോടെ ചോദിക്കാറുണ്ടായിരുന്നു വേദ.

അതെ വേദാ… നീയിപ്പോർ കടം വീട്ടുകയാണ്..

ഈ ഏയ്ഞ്ചലിൻ്റെ മനസ്സ് നിറച്ച്, ഹൃദയം നിറച്ച് നീയിപ്പോൾ ഓരോന്നായി കടം വീട്ടികൊണ്ടിരിക്കുകയാണ്…

അതു കൊണ്ടാണല്ലോ, ഏതോ മറയത്തിരുന്നു, എന്നെ നീ വെല്ലുവിളിക്കാൻ തുടങ്ങിയത്?

അതും, എല്ലാം മറന്ന് ഒരു സുരക്ഷിതമൂലയിലെത്തിയെന്ന് ഞാൻ വിശ്വസിച്ചു തുടങ്ങിയ ഈ കാലത്ത്…

മറവിയിലൊതുങ്ങിയെന്നു കരുതിയ നീണ്ട കാലങ്ങൾക്കു ശേഷമുള്ള നിൻ്റെ ഈ വിളിയുടെ ഉദ്യേശം ഇപ്പോഴും എനിക്കറിയില്ല വേദാ…

എത്ര അകന്നിരിക്കുന്നു നീയെന്നിൽ നിന്ന്?

എൻ്റെ മകനായ അരുണിനെ വെച്ച്, ആദിയുമൊത്ത് ചേർന്ന് വിലപേശാൻ നിനക്ക് എങ്ങിനെ തോന്നി വേദാ..?

ആദിയെന്ന് നീ പ്രണയപൂർവം വിളിക്കുന്ന നിൻ്റെ ഭർത്താവിൻ്റെ ജീവിതം ഞാൻ ദാനം തന്നതാണെന്ന് നിനക്കറിയില്ല…

ആദി എൻ്റെ ജീവിതം തുലച്ചപ്പോൾ, കൊല്ലാനൊരുങ്ങിയതാണ് അയാളെ ഞാൻ..

അവിടെയും എനിക്ക് തടസ്സം നീയായിരുന്നു… നിന്നോടുള്ള അകമഴിഞ്ഞ സ്നേഹമായിരുന്നു…

എന്നിട്ടും…

നിൻ്റെ ജീവിതം ഞാൻ തകർത്തെന്നാണ് പറയുന്നത്!

എൻ്റെ ഉയർച്ചയ്ക്കു വേണ്ടി നിൻ്റെ ഭാവി ഞാൻ ആഴങ്ങളിലേക്ക് ചവിട്ടി താഴ്ത്തിയെന്നാണു പറയുന്നത്…

സത്യമൊന്നും എനിക്കിപ്പോൾ നിന്നോടു ബോധിപ്പിക്കാനാവില്ല വേദാ…

കാരണം സത്യമറിഞ്ഞാൽ നീയേറെ സ്നേഹിക്കുന്ന ആദിയെ നിനക്ക് വെറുക്കേണ്ടി വരും… മറക്കേണ്ടി വരും..ചിലപ്പോൾ അവനെ നീ കൊന്നെന്നിരിക്കും…

അതു കൊണ്ട്, അന്നുണ്ടായ സംഭവങ്ങളൊക്കെ
പുറംലോകത്ത് വരാതെ, രഹസ്യമായി എൻ്റെ മനസ്സിൽ ഉണ്ടാവും.. എൻ്റെ മരണം വരെ!

ചിലപ്പോൾ,
ഏതോ ഒരു കഥയിലെ അവ്യക്തമായ കഥാപാത്രങ്ങളായി അത് നിനക്കരികിലേക്കും എത്തിചേർന്നെന്നിരിക്കാം

നീ ആ കഥ
വായിക്കുമ്പോൾ, അടുത്തറിയുമ്പോൾ ഏയ്ഞ്ചലെന്ന അവ്യക്തതയിലമർന്ന കഥാപാത്രത്തെ കുറിച്ച് നെടുവീർപ്പിടുമ്പോൾ, കണ്ണ് നിറക്കുമ്പോൾ നീയൊരിക്കലും മനസ്സിലാക്കാൻ പോകുന്നില്ല.. ആ കഥാപാത്രം നിൻ്റെ സ്വന്തം ഏയ്ഞ്ചൽ ആയിരുന്നെന്ന്…

അവളുടെ കണ്ണീരിനു മുകളിലാണ് നിൻ്റെ ജീവിതം കെട്ടിപ്പടുത്തതെന്ന്..

ഇത്രയൊക്കെ നിനക്കു വേണ്ടി ത്യാഗം ചെയ്തിട്ടും, നിനക്കെപ്പൊഴാണ് ഞാൻ നിൻ്റെ ജീവിതം തകർത്തവളാണെന്ന് തോന്നി തുടങ്ങിയത്?

അതോ, ആദിയോടുള്ള നിൻ്റെ അടങ്ങാത്ത പ്രണയവും അവസാനിച്ചോ?

അരുണിനെ ആദിക്കും, നിനക്കും വേണമെന്ന് വാശി പിടിക്കുന്നത്
കാണുമ്പോൾ, നിങ്ങൾക്കൊരു കുഞ്ഞ് ജനിച്ചിട്ടില്ലായെന്ന് വ്യക്തം.

ആ ഒരു കുറവിലാണോ നിൻ്റെ ജീവിതം ഞാൻ തകർത്തെന്നു പറയുന്നത്?

അതാണ് പ്രശ്നമെങ്കിൽ, കുഞ്ഞുങ്ങളില്ലാത്ത എത്രയോ ദമ്പതിമാർ തമ്മിൽ കലഹിക്കാതെ, ഒരു കുഞ്ഞിനു വേണ്ടിയുള്ള പ്രാർത്ഥനയോടെ, ആശയോടെ എത്രയോ നാളുകൾ കാത്തിരിക്കുന്നു…?

അതിനുപകരം നീയെൻ്റെ മോനെയാണ് ആവശ്യപ്പെട്ടത്….

ഈ കാലമത്രയും ഒരു നിമിഷം പോലും കാണാതിരിക്കാൻ കഴിയാത്ത എൻ്റെ മോനെയാണ് നീ ചോദിച്ചത്… ആദി അവൻ്റെ അച്ഛനാണെന്നുള്ള അധികാരത്തിൻ്റെ പേരിൽ..

ഇല്ല വേദാ… നിൻ്റെ ഈ ആഗ്രഹം ഒരിക്കൽ പോലും നടക്കാൻ പോകുന്നില്ല…

പണ്ട് നീ ചോദിക്കാതെ തന്നെ നിൻ്റെ പല ആശകളും നിറവേറ്റിയ വളാണ് ഈ ഏയ്ഞ്ചൽ…

പക്ഷെ നീയെത്ര ചോദിച്ചാലും, കെഞ്ചിയാലും നിൻ്റെ ഈ ആശ നിറവേറ്റി തരാൻ ഏയ്ഞ്ചലിന് ആകില്ല…

വേണമെങ്കിൽ
എൻ്റെ പ്രാണൻ മുഴുവനായിട്ട് നിനക്ക് എടുക്കാം.. പക്ഷെ ഒരിക്കലും എൻ്റെ പ്രാണൻ പകുത്ത് തരാനാവില്ല വേദാ…

മനസ്സിൽ പതിയെ മന്ത്രിച്ച്,
കണ്ണീർ തുടച്ചു കൊണ്ട് അവൾ, പാതി ചിരിയോടെ അരുണിനെ നോക്കി.

” മമ്മിയുടെ ചിരിക്ക് ഒരു തെളിച്ചമില്ലാത്തതുപോലെ

അരുൺ ചോദിച്ചതും, അവൾ അവനെ നോക്കി പതിയെ തലയാട്ടി.

“ശരിയാണ് മോനൂ .. മമ്മിയുടെ ചിരിയ്ക്ക് പഴയ തിളക്കമൊന്നുമില്ല.. ഇനിയൊരിക്കലും അങ്ങിനെയുള്ള പുഞ്ചിരി മമ്മിയിൽ നിന്നുണ്ടാവില്ല എന്നാണ് തോന്നുന്നത് .. ”

പതറിയ ശബ്ദത്തോടെ ഏയ്ഞ്ചൽ പറഞ്ഞതും, അരുൺ അവരെ അമ്പരപ്പോടെ നോക്കി.

” അതേ മോനൂ.. മമ്മി പറഞ്ഞത് സത്യമാണ്… അതിനു കാരണമുണ്ട്”

പറയുന്നതിനോടൊപ്പം,ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചിരുന്ന എയ്ഞ്ചലിനെ നോക്കി അരുൺ നിശബ്ദം ഇരുന്നു

” ആരൊക്കെയോ എനിക്കു ചുറ്റും അണിനിരന്ന് എന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്നതു പോലെ ഒരു തോന്നൽ… ഒരു ചക്രവ്യൂഹത്തിനുള്ളിൽ പെട്ടതു പോലെ വല്ലാത്ത ശ്വാസം മുട്ടൽ തോന്നുന്നു… ”

സങ്കടത്തോടെ പറഞ്ഞു കൊണ്ട് കാറിൻ്റെ ഗിയർ മാറ്റി മുന്നോട്ട് കുതിക്കുമ്പോൾ, അവൾ പതിയെ കണ്ണീർ തുടച്ച് പുഞ്ചിരിയോടെ അരുണിനെ നോക്കി.

“പക്ഷേ അങ്ങിനെയൊന്നും തോറ്റു കൊടുക്കാൻ നിൻ്റെ ഈ മമ്മിയെ കിട്ടില്ല.. അങ്ങിനെ തോൽക്കണമെങ്കിൽ ഏയ്ഞ്ചലിന് പണ്ടേ തോൽക്കാമായിരുന്നു.. തോറ്റു കൊടുക്കാമായിരുന്നു.. പക്ഷെ എൻ്റെ മനസ്സ് അതിനു സമ്മതിക്കുന്നില്ല മോനൂ.. ”

പറയുന്നത് ഒരു മാത്ര നിർത്തി നീരണിഞ്ഞ കണ്ണുകളോടെ ഏയ്ഞ്ചൽ അരുണിനെ നോക്കി.

” തോൽവി ഒരു തരത്തിൽ പാതിമരണമല്ലേ മോനൂ ?”

ഏയ്ഞ്ചലിൻ്റെ ചോദ്യത്തിന് ഉത്തരം പറയാതെ അവൻ പതിയെ ശിരസ്സിളക്കി.

അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ട് ഏയ്ഞ്ചൽ വീണ്ടും ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും, അവളുടെ കാതിൽ വേദയുടെ വാക്കുകൾ ഒരു ഉത്തരമില്ലാതെ മുഴങ്ങുകയായിരുന്നു.

” ഒന്നോർത്തോളൂ ഏയ്ഞ്ചൽ.. നീയിപ്പോൾ വിചാരിക്കുന്നത് പോലെ ഒരുപാട് ദൂരത്തക്കല്ല പറക്കുന്നത്.. മറിച്ച് നീയറിയാതെ നീയെന്നരികിലേക്ക് വന്നു ചേരുകയാണ്… നിൻ്റെ വരവും കാത്ത് ഞാൻ ഇവിടെ തന്നെയുണ്ടാകും… ബൈ ”

ആ വാക്കുകൾ വീണ്ടും വീണ്ടും കാതിൽ മുഴങ്ങിയപ്പോൾ, അവൾ ശക്തിയോടെ ആക്സിലേറ്ററിൽ കാലമർത്തി…

ചീറി പാഞ്ഞു പോകുന്ന വണ്ടി നിയന്ത്രിക്കുന്ന ഏയ്ഞ്ചലിൻ്റെ അവസാന കണ്ണീരും, കാറ്റിലലിഞ്ഞു ചേർന്നിരുന്നു അപ്പോൾ.

“ഏതാണ് ദൈവഹിതം.. അതേ നടക്കുകയുള്ളൂ വേദാ.. അതിനപ്പുറത്ത് ഈ ഭൂമിയിൽ ഒന്നും നടക്കില്ല.. ഞാൻ നിൻ്റെ അരികിൽ വന്നു ചേരണമെന്നാണ് ദൈവഹിതമെങ്കിൽ, അതുപോലെ തന്നെ നടക്കൂ ”

പതിയെ മന്ത്രിച്ചു കൊണ്ട് അവൾ അരുണിനെ ചേർത്തു പിടിച്ചു.

കുറച്ചു ദൂരം ചെന്നപ്പോൾ ഏയ്ഞ്ചൽ ഒരു ഫ്രൂട്ട് സ്റ്റാളിനു മുന്നിൽ വണ്ടി നിർത്തിയതും, അരുൺ സംശയത്തോടെ ഏയ്ഞ്ചലിനെ നോക്കി.

അവനെ നോക്കി ഒരു പുഞ്ചിരിയോടെ ഏയ്ഞ്ചൽ ഫ്രൂട്ട്സ്റ്റാളിലേക്ക് നടന്നു.

കുറച്ചേറെ ഫ്രൂട്ട്സുമായി വരുന്ന ഏയ്ഞ്ചലിനെ നോക്കി അവൻ പതിയെ പുഞ്ചിരിച്ചു.

“നല്ലത് മമ്മി… വർഷങ്ങളോളമുള്ള പിണക്കത്തിനുശേഷം തമ്മിൽ തമ്മിൽ സംസാരിക്കുമ്പോൾ, ഇത്തിരി ഫ്രൂട്ട്സാകാം.. അതിൻ്റെ മധുരമാകാം.. വേണമെങ്കിൽ കഴിഞ്ഞു പോയ കാലത്തെ തെറ്റുകളുടെ പ്രായശ്ചിത്തമെന്നോണം ഇത്തിരി കണ്ണീരുമൊഴുക്കാം”

അരുൺ ചിരിയോടെ പറഞ്ഞതും, ഏയ്ഞ്ചൽ അവനെ കുസൃതിയോടെ നോക്കി..

അരുൺ, ഏയ്ഞ്ചലിനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.

വിഷാദമെന്ന
സ്ഥായിയായ ഭാവത്തിനു പകരം, ആ മുഖത്ത് സന്തോഷത്തിൻ്റെ തിരകൾ പതിയെയുയരുന്നുണ്ട്..

എപ്പോഴും കാണാറുള്ള
നിറംകെട്ട ചിരിയിൽ നിന്ന് വ്യത്യസ്തമായി
വർണരേണുക്കൾ ആ ചുണ്ടിൽ പറ്റി ചേർന്നിട്ടുണ്ട്.

മമ്മിയുടെ സന്തോഷം കണ്ടപ്പോൾ, അരുണിൻ്റെ ഉള്ളിലും അഹ്ളാദം തിരയടിച്ചുയർന്നു.

വർഷങ്ങൾക്കു ശേഷം വ്യത്യസ്തമായ ഒരു പുലരി ഉദിച്ചുയരാനൊരുങ്ങുന്നതു പോലെ…

നീർ പടരുന്ന കണ്ണുകളോടെ അവൻ മേഘാവൃതമായ ആകാശത്തേക്ക് നോക്കി..

ഒരു കാറ്റടിച്ചാൽ, തുള്ളിക്കൊരു കുടം പെയ്യാനൊരുങ്ങുന്ന ആകാശം, പുതിയൊരു പൊൻപുലരിക്കായ് പ്രാർത്ഥിക്കുന്നതു പോലെ, എവിടെ നിന്നോ ഒഴുകി വന്ന ഇളംകാറ്റിൻ്റെ പതിഞ്ഞ ശബ്ദമുയർന്നിരുന്നു.

ടാറിട്ടനിരത്തിനെ ചുംബിച്ചു കൊണ്ട് അതിവേഗം നീങ്ങുന്ന കാറിൻ്റെ ഫ്രണ്ട്ഗ്ലാസിലേക്ക് ആദ്യത്തെ മഴതുള്ളി വീണു.

ഗ്ലാസിൽ വീണു ചിന്നി ചിതറിയ മഴതുള്ളിയിലേക്ക് നോക്കിയിരുന്ന ഏയ്ഞ്ചലിൻ്റെ മിഴികളിലപ്പോൾ, സന്തോഷത്തിൻ്റെ നീരുറവകൾ പതിയെ കിനിഞ്ഞിറങ്ങി തുടങ്ങി…

വർഷങ്ങൾക്കു ശേഷം, സ്വന്തം പപ്പയെയും, മമ്മയെയും കാണാൻ പോകുകയാണെന്ന ചിന്ത അവളിൽ വല്ലാത്തൊരു കുളിർമ്മ പടർത്തി.

കാലങ്ങളോളം ഉറച്ചു നിന്നിരുന്ന പിണക്കത്തിൻ്റെ മഞ്ഞുപാളികൾ പതിയെയുരുകുകയാണെന്ന് മനസ്സിലായതും, അവൾ കാറിൻ്റെ വേഗത ഒന്നുകൂടി വർദ്ധിപ്പിച്ചു.

മഴനൂലിനാൽ ബന്ധിതമായ അന്തരീക്ഷത്തിലേക്ക് ഇടക്കിടെ കണ്ണു പായിക്കുന്നതോടൊപ്പം, അനുസരണയില്ലാതെ ഒഴുകി വരുന്ന കണ്ണീരിനെയും അവൾ കൈ ഉയർത്തി തൂത്തെറിയുന്നുണ്ടായിരുന്നു.

ഇന്നോളമുള്ള പിണക്കങ്ങൾ മറവിയിലേക്ക് മാറ്റിയിടാനൊരുങ്ങുന്ന, ആഗതമാകുന്ന നിമിഷത്തെ കുറിച്ചോർത്തു അവൾ പതിയെ ചിരിച്ചു.

കണ്ണീരിൻ്റെ നനവുള്ള പുഞ്ചിരി.

അവൾ ആ പഴയ ഏയ്ഞ്ചൽ ആയി മാറുകയായിരുന്നു അപ്പോൾ..

പപ്പയുടെയും, മമ്മയുടെയും സ്നേഹത്തിനു വേണ്ടി കൊതിച്ച്, കണ്ണു നിറഞ്ഞു കാത്തിരിക്കുന്ന ആ കാലം അവളുടെ ഓർമ്മയിൽ പതിയെ ചിറകടിച്ചു കൊണ്ടിരുന്നു.

നിറമില്ലാത്ത
ബാല്യവും, കൗമാരവും അവളിൽ നനുത്ത നോവായി പടർന്നു കൊണ്ടിരിക്കുമ്പോഴും, കുറച്ചു നിമിഷം മുന്നേ വിരിഞ്ഞ പുഞ്ചിരി അവളുടെ ചുണ്ടുകളിൽ വാടാതെ നിന്നിരുന്നു.

” നമ്മൾ കയറി ചെന്നാൽ
പപ്പയും, മമ്മയും എന്നോട് ദേഷ്യം കാണിക്കുമോ മോനൂ ?… ”

ഒരു മാത്ര അവൾ അരുണിനെ നോക്കി ഗദ്ഗദത്തോടെ ചോദിച്ചു.

“ഒരിക്കലുമില്ല മമ്മീ..വർഷങ്ങൾക്കു ശേഷം മമ്മിയെ കാണുമ്പോൾ, സംസാരിക്കുമ്പോൾ ചിലപ്പോൾ അവർ സന്തോഷം കൊണ്ട് ഹൃദയം പൊട്ടി മരിച്ചേക്കാം.. അതാണ് ഇപ്പോൾ എൻ്റെ പേടി ”

കുസൃതിയോടെ പറഞ്ഞു കൊണ്ട് അരുൺ ഏയ്ഞ്ചലിൻ്റെ തോളിലേക്ക് ചാരിയിരുന്നു.

“എന്നാലും ഒരു പേടി മോനൂ… ഒന്നു സംസാരിക്കുകയും, കാണാതെയും ഇത്രയും വർഷം അകന്നിരുന്നതല്ലേ? അതിനിsയിൽ മമ്മിയെ അവർ ഒരിക്കൽ പോലും അന്വേഷിച്ചു വന്നില്ല… ഞാനും, മോനും എങ്ങിനെയിരിക്കുന്നെന്ന് ഒരു ഫോൺ കോളിലൂടെ പോലും ഒരിക്കലും അവർ വിളിച്ചു ചോദിച്ചിട്ടില്ല.. എന്നിട്ടും… ”

വാക്കുകൾ മുറിഞ്ഞതും ഏയ്ഞ്ചൽ കണ്ണീരോടെ അരുണിനെ നോക്കി.

“എന്നിട്ടും ഞാനിപ്പോൾ അവരെ കാണാൻ പോകുന്നത് നിൻ്റെ നിർബന്ധം കൊണ്ടാണ്.. ഇതിൻ്റ പേരും പറഞ്ഞ് ഒരു കാലത്ത് നീ, ഈ മമ്മിയെ കുറ്റപ്പെടുത്താതിരിക്കാനാണ്… എല്ലാവരും, ഏതൊക്കെ കാരണങ്ങൾ പറഞ്ഞ് എന്നെ കുറ്റപ്പെടുത്തുമ്പോഴും ഞാൻ തളർന്നു പോകില്ല.. പക്ഷെ എൻ്റെ മോനു എന്തെങ്കിലും പറഞ്ഞാൽ.. അതു മാത്രം ഈ മമ്മിയ്ക്ക് സഹിക്കില്ല.. ”

ഗദ്ഗദത്തോടെ സംസാരിക്കുന്നതോടൊപ്പം,പുറത്തു പെയ്യുന്ന മഴ പോലെ അവളുടെ കണ്ണും നിറഞ്ഞു തൂവിയിരുന്നു അപ്പോൾ..

” മമ്മീ ഇത്ര സില്ലിയാവല്ലേ? പോസിറ്റിവ് ആയി ചിന്തിക്ക്.. ”

ഏയ്ഞ്ചലിൻ്റ കവിളോരത്തെ കണ്ണീർ തുടച്ചു കൊണ്ട് അവൻ പതിയെ പുഞ്ചിരിച്ചു.

” അവർ ഒരിക്കലും മമ്മിയെ പറ്റിയോ, എന്നെ പറ്റിയോ അന്വേഷിച്ചിട്ടില്ല. അത് അവരുടെ തെറ്റ്. പക്ഷേ മമ്മിയും, ഞാനും അവരെ പറ്റി വല്ലപ്പോഴും അന്വേഷിച്ചിട്ടുണ്ടോ? ഒരു പുഴ കടന്നാൽ കാണാമായിരുന്നിട്ടും, ഇക്കാലമത്രയും നമ്മൾ അവരെ കാണാനായി വന്നിട്ടുണ്ടോ? ഇല്ലല്ലോ?അപ്പോൾ അത് നമ്മുടെ തെറ്റല്ലേ?”

അരുണിൻ്റെ ചോദ്യം കേട്ടതും അവൾ പതിയെ തലകുലുക്കി.

” അപ്പോൾ പിന്നെ നമ്മുടെ തെറ്റുകളല്ലേ നാം ആദ്യം തിരുത്തേണ്ടതും, ക്ഷമ പറയേണ്ടതും..? കാരണം അവർ മമ്മിയുടെ പപ്പയും മമ്മയും ആണ്.. അവർ തെറ്റ് ചെയ്താലും ക്ഷമിക്കേണ്ടത് മമ്മിയാണ്”

പറയുന്നതിനിടയ്ക്ക് അരുൺ ഏയ്ഞ്ചലിൽ നിന്ന് നോട്ടം മാറ്റി പുറത്തേക്ക് കണ്ണയച്ചു…

ചീറി വരുന്ന കാറ്റിനൊപ്പം, മഴക്കും ശക്തിയേറുകയാണ്..

കാറ്റിലുലയുന്ന വൃക്ഷശിഖരങ്ങളിലേക്ക് നോക്കിയിരിക്കുമ്പോൾ, എന്തിനാണെന്നറിയാതെ അവൻ പതിയെ ശിരസ്സ് ഇളക്കുന്നുണ്ടായിരുന്നു.

“ഇനി അതിനെ കുറിച്ച് വല്ലാതെ ആലോചിച്ച് തല ചൂടാക്കണ്ട മമ്മി…അങ്ങിനെ വല്ല കൺഫ്യൂഷനും വരുകയാണെങ്കിൽ, ഒരു നിമിഷം
കൂട്ടം തെറ്റിയ കുഞ്ഞാടിൻ്റെ കഥ ഓർത്താൽ മതി… അപ്പോൾ മമ്മിയ്ക്ക് ഒരു ആശ്വാസം കിട്ടും ”

അരുണിൻ്റെ വാക്ക് കേട്ടതും, ഏയ്ഞ്ചലിൻ്റെ ചുണ്ടിൽ ആശ്വാസത്തിൻ്റെ ഒരു പുഞ്ചിരിയുതിർന്നു.

കുറച്ചു ദൂരം ഹൈവേയിലൂടെ
ഓടിയ കാർ, ഇടത്തോട്ടുള്ള
ഒരു ചെമ്മൺ പാതയിലേക്ക് വേഗതയോടെ തിരിക്കുമ്പോൾ, ഒരു ബോർഡ് പതിയെ കുലുങ്ങിയതും, അരുൺ ആ ബോർഡിലേക്ക് ഉറ്റുനോക്കി പതിയെ മന്ത്രിച്ചു.

“ഹിൽവ്യൂ റിസോർട്ട്സ് ”

” മമ്മിയുടെ പപ്പയും, മമ്മയും വല്യ തറവാട്ടുക്കാരും, ധനികരുമാണല്ലോ?”

കുറച്ചു ദൂരെയായി കാണുന്ന റിസോർട്ടിനെയും നോക്കി അരുൺ അങ്ങിനെ ചോദിക്കുമ്പോൾ അവൻ്റെ ശബ്ദം വല്ലാതെ പതറിയിരുന്നു.

അരുണിൻ്റെ പെട്ടെന്നുണ്ടായ ഭാവമാറ്റത്തിൽ, ഏയ്ഞ്ചൽ എന്തോ അപകടം മണത്തു.

” മമ്മിയെ, മമ്മിയുടെ പപ്പയും, മമ്മയും രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും… പക്ഷേ എന്നെ?”

“മോനൂ ”

അരുണിൻ്റെ ചോദ്യം കേട്ടതും, ഏയ്ഞ്ചിൻ്റെ
തൊണ്ടയിൽ നിന്ന് ഇടർച്ചയോടെ ഒരു വിളിയുതിർന്നതോടൊപ്പം, അവളുടെ കാൽ വല്ലാത്തൊരു ശക്തിയോടെ ബ്രേക്കിലമർന്നു.

റിസോർട്ടിൻ്റെ ഗേറ്റിനു മുന്നിൽ വല്ലാത്തൊരു ശബ്ദത്തോടെ നിന്ന കാറിൽ, സ്റ്റിയറിങ്ങും പിടിച്ചു കൊണ്ട് ഒരു പ്രതിമ പോലെ ഏയ്ഞ്ചൽ ഇരിക്കുമ്പോൾ, അരുണിൻ്റെ വാക്കുകൾ വീണ്ടുമുയർന്നു തുടങ്ങി.

” അതേ മമ്മീ… ഞാൻ പറഞ്ഞത് സത്യമാണ്.. മമ്മിയുടെ പപ്പയും, മമ്മയും എന്നെ കുറിച്ച് ചോദിച്ചാൽ എന്തു പറഞ്ഞാണ് എന്നെ പരിചയപ്പെടുത്തുക… ”

അരുണിൻ്റെ ചോദ്യം കേട്ടതും, ഏയ്ഞ്ചൽ വിയർത്തു..

ഇങ്ങോട്ട് ചാടി പുറപ്പെടുമ്പോൾ അങ്ങിയൊരു ചോദ്യത്തെ കുറിച്ച് പ്രതീക്ഷിച്ചിരുന്നില്ല…

അരുണിൻ്റെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകാതെ, വിയർപ്പു ചാലുകൾ ഏയ്ഞ്ചലിൻ്റെ മുഖത്തു കൂടി കുതിച്ചൊഴുകുമ്പോൾ, അവരുടെ കാറിനു പിന്നിലായ് മറ്റൊരു കാർ വന്നു നിന്നത് ഏയ്ഞ്ചൽ അറിഞ്ഞിരുന്നില്ല.

ആരോ ഡോറിൽ തട്ടിയ ശബ്ദം കേട്ടപ്പോൾ അവൾ, പുറത്തേക്ക് നോക്കി പതിയെ ഗ്ലാസ് താഴ്ത്തി..

പിടിച്ചിരിക്കുന്ന കുടയെയും വകഞ്ഞു മാറ്റി വന്ന മഴ തുള്ളികളിൽ
കുതിർന്നു നിൽക്കുന്ന ആ സ്ത്രീരൂപത്തെ കണ്ട് ഏയ്ഞ്ചൽ അത്ഭുതത്തോടെ അവരെ നോക്കി.

“ഹായ് ഏയ്ഞ്ചൽ.. കണ്ടിട്ട് ഒരുപാട് നാളായല്ലോ?”

വർഷങ്ങൾക്കു ശേഷം കാണുമ്പോഴുള്ള സന്തോഷത്തോടെ പറയുന്ന ആ സ്ത്രീയെ അമ്പരപ്പ് വിട്ടുമാറാതെ ഏയ്ഞ്ചൽ നോക്കുമ്പോൾ അരുണിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി ആരും കാണാതെ പതിയെ വിരിഞ്ഞു തുടങ്ങിയിരുന്നു….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button