ഏയ്ഞ്ചൽ: ഭാഗം 22
രചന: സന്തോഷ് അപ്പുകുട്ടൻ
”ഹായ് ഏയ്ഞ്ചൽ.. കണ്ടിട്ട് ഒരുപാട് നാളായല്ലോ.. പ്രായം കൂടുംതോറും നീ വീണ്ടും വീണ്ടും സുന്ദരിയാകുകയാണല്ലോ?”
അപരിചിതത്വഭാവത്തെ വകഞ്ഞു മാറ്റി, പരിചിതമെന്നു തോന്നിപ്പിക്കുന്ന ആ ചോദ്യത്തിനെക്കാളുപരി ഏയ്ഞ്ചൽ ശ്രദ്ധിച്ചത്, വർണകുടയും ചൂടി പുറത്ത് നിൽക്കുന്ന ആ സ്ത്രീരൂപത്തെ ആയിരുന്നു.
പാറിയെത്തുന്ന മഴതുള്ളികളേറ്റ്, നനഞ്ഞു കിടക്കുന്ന ആ കറുത്ത മുഖത്തിൻ്റെ തിളക്കത്തിലായിരുന്നു.
ഞാവൽപഴം പോലെയുള്ള ചുണ്ടിൽ, മഴതുള്ളികൾക്ക് ഒപ്പം തങ്ങിനിൽക്കുന്ന അവളുടെ മനോഹരമായ പുഞ്ചിരിയിലായിരുന്നു..
അവളുടെ നെറ്റിയിൽ, അസ്തമയ സൂര്യൻ പോലെ ജ്വലിച്ചു നിൽക്കുന്ന വലിയ വൃത്തത്തിലുള്ള ചുവന്ന പൊട്ടിലായിരുന്നു.
അതിനെക്കാളുപരി അവൾ ധരിച്ചിരിക്കുന്ന വില കൂടിയ വസ്ത്രങ്ങളിലായിരുന്നു..
അവളിൽ നിന്നുതിർന്നു വരുന്ന സുഗന്ധം, വില കൂടിയ പെർഫ്യൂമിൻ്റതാണെന്നതിനെക്കാൾ, അവൾക്ക് വന്ന മാറ്റത്തെ അത്ഭുതത്തോടെ നോക്കിയിരിക്കുമ്പോൾ ഏയ്ഞ്ചലിൻ്റെ മനസ്സിലപ്പോൾ തെളിഞ്ഞത്, അവ്യക്തമായ പഴയ കാല ഓർമ്മകളായിരുന്നു..
വെക്കേഷനിൽ സ്വന്തം തോട്ടം കാണാനെത്തുമ്പോൾ, ഇടയ്ക്ക് വല്ലപ്പോഴും കണ്ടിരുന്ന ഒരു ആദിവാസി പെണ്ണ്.
എണ്ണകറുപ്പിൻ്റെ തിളക്കമേറിയ
കാട്ടുഭംഗിയോടെ, കാരിരുമ്പിൻ്റെ കരുത്തോടെ തോട്ടത്തിലെമ്പാടും, പാറി നടന്ന് പണിയെടുത്തിരുന്നവൾ.
ഇടക്ക് വല്ലപ്പോഴും കൊടുക്കുന്ന സമ്മാനങ്ങൾ, നീർനിറഞ്ഞ മിഴികളോടെ ഏറ്റുവാങ്ങി, നെഞ്ചിലമർത്തി പിടിച്ച് നന്ദിയോടെ നോക്കുന്നവൾ…
താൻ ധരിച്ചിരിക്കുന്ന മോഡേൻ ഡ്രസ്സിനെ അത്ഭുതത്തോടെ തഴുകി പുഞ്ചിരിയോടെ കണ്ണുനിറക്കുന്നവൾ..
ഇല്ലായ്മ കൊണ്ടും, വല്ലായ്മ കൊണ്ടും ചേരിയിലെ ചെളിയിൽ പതിഞ്ഞു പോയ ഒരു ചെന്താമരമൊട്ട്.
ഇടയ്ക്കെപ്പോഴോ തോട്ടത്തിൽ വന്നപ്പോഴാണ് ചെറുപ്രായത്തിലുള്ള
ഇവളുടെ കല്യാണം കഴിഞ്ഞതറിയുന്നത്..
തന്നെക്കാൾ ഒരഞ്ചു വയസ്സിനെങ്കിലും പ്രായകൂടുതലുള്ളവൾ, എപ്പോഴും ഭയഭക്തി ബഹുമാനത്തോടെ തന്നെ മാഡം എന്നേ വിളിക്കാറുള്ളൂ…
ആ സംബോധന ഇവൾക്ക് എവിടെ നിന്നു കിട്ടി എന്നോർത്ത് അത്ഭുതപ്പെട്ടിട്ടുണ്ട് അന്നൊക്കെ.
അങ്ങിനെയുള്ള ആ ദേവമ്മയാണ്, ഇന്ന് മുഖത്തു നോക്കി ഒരു കൂസലുമില്ലാതെ ഏയ്ഞ്ചൽ എന്നു വിളിക്കുന്നത്!
മലനിരകളിൽ മഞ്ഞിറങ്ങും പോലെ, ചില മനുഷ്യമനസ്സിലും മറവിയുടെ മഞ്ഞ് പുതയാറുണ്ട് എന്ന് ആ നിമിഷം ഏയ്ഞ്ചൽ മനസ്സിലാക്കിയതും, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി പെട്ടെന്ന് മിന്നി പൊലിഞ്ഞു.
“എന്താ എന്നെ മനസ്സിലായില്ലേ ഏയ്ഞ്ചലിന്?”
ഏയ്ഞ്ചലിൻ്റെ ഓർമ്മകളെ കീറി മുറിച്ചു കൊണ്ട് ദേവമ്മയുടെ ചോദ്യം വീണ്ടും ഉയർന്നപ്പോൾ ഏയ്ഞ്ചൽ പതിയെ തലയാട്ടി.
“അറിയാം… ദേവമ്മയല്ലേ നീ? ”
“ഓ…. ഈ തോട്ടപണിക്കാരിയെ മറന്നിട്ടില്ലല്ലോ നീ? ”
ഏയ്ഞ്ചലിൻ്റെ ചോദ്യത്തിന് മറുപടി പറഞ്ഞു കൊണ്ട്, ഒരു ചിരിയോടെ ദേവമ്മ കാറിൻ്റെ ഡോർ തുറന്ന് പിൻസീറ്റിൽ
കയറി ഇരുന്നു.
അനുവാദം കൂടാതെ കാറിൻ്റെ അകത്തു കയറിയിരിക്കുന്ന ദേവമ്മയെ കണ്ടതും, അരുൺ ഏയ്ഞ്ചലിനെ ഈർഷ്യയോടെ നോക്കിയതും, അവൾ അരുതെന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.
“ഇത്രയും കാലം നീ എവിടെയായിരുന്നു ഏയ്ഞ്ചൽ എന്ന് ഞാൻ ചോദിക്കുന്നില്ല. കാരണം നീ ഈ പുഴക്ക് അപ്പുറം ഉണ്ടെന്ന് എനിക്കറിയാമായിരുന്നു ”
ദേവമ്മയുടെ സംസാരം കേട്ടതും, ഏയ്ഞ്ചൽ ഒരു അമ്പരപ്പോടെ അവളെ നോക്കി.
” അതെ ഏയ്ഞ്ചൽ… ഞാൻ പറഞ്ഞത് സത്യമാണ്.. ഒരു വർഷം മുൻപ് ഞാൻ പുഴയിലിറങ്ങി കുട്ട വഞ്ചിയിൽ മീൻ പിടിക്കുമ്പോൾ, നിന്നെ കണ്ടിരുന്നു… വീടിൻ്റെ മുകളിൽ നിന്നു കൊണ്ട് പുഴയിലേക്ക് തന്നെ നോക്കി നിൽക്കുന്ന ആ സ്ത്രീ നീ തന്നെയാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞതുമാണ് ”
ദേവമ്മയുടെ വാക്കുകൾ ഒരു അമ്പരപ്പോടെ കേട്ടിരിക്കുകയായിരുന്നു ഏയ്ഞ്ചൽ.
“നീ അമ്പരക്കണ്ട ഏയ്ഞ്ചൽ.. നിന്നെ കണ്ടെന്നു പറഞ്ഞത് സത്യമാണ്… നീയാണ് അതെന്നും വ്യക്തമാണ്.. കാരണം എനിക്കിതുവരെ കണ്ണിൻ്റെ കാഴ്ചക്ക് ഒരു കുറവുമുണ്ടായിട്ടില്ല.. അല്ലെങ്കിലും ഞാനൊരു കാട്ടുപെണ്ണല്ലേ ഏയ്ഞ്ചൽ? ആകാശത്തോളം നീളമുള്ള മരത്തിൻ്റെ ചില്ലകളിൽ കൂടു കൂട്ടിയിരിക്കുന്ന തേനീച്ച കൂട്ടിൽ നിന്ന് ഉന്നം തെറ്റാതെ അമ്പ് എയ്ത് തേൻ വീഴ്ത്തുന്നവളല്ലേ? ആ എന്നെ ഒരിക്കലും എൻ്റെ കണ്ണ് ചതിക്കാറില്ല… ”
ദേവമ്മയുടെ സംസാരം കേട്ടുകൊണ്ടിരിക്കെ, ഏയ്ഞ്ചലിൻ്റെ മനസ്സിൽ പതിയെ സംശയത്തിൻ്റെ തിരമാലകൾ ഉയർന്നു തുടങ്ങി.
” അതേ ഏയ്ഞ്ചൽ.. നീ ഇപ്പോൾ മനസ്സിൽ സംശയിക്കുന്നതു പോലെ തന്നെ, നിന്നെ കണ്ടത് ഞാൻ ആരോടും പറഞ്ഞിട്ടില്ല.. അതിനു കാരണം, നിന്നോടുള്ള ദയ കൊണ്ടല്ല…നിൻ്റെ രഹസ്യമായ
താമസം പുറത്തു വിടുന്നതിൻ്റെ കുറ്റബോധം കൊണ്ടല്ല.. മറിച്ച് എൻ്റെ മുതലാളിയെയും, കൊച്ചമ്മയെയും വിഷമിപ്പിക്കണ്ടല്ലോ എന്നു കരുതീട്ടാണ് ”
ദേവമ്മയുടെ വാക്കുകളുടെ പൊരുളറിയാതെ അവളെ തന്നെ ഉറ്റുനോക്കുമ്പോൾ, ദേവമ്മയുടെ കണ്ണുകൾ, നിറഞ്ഞു പെയ്യുന്ന മഴയ്ക്കപ്പുറത്ത് അവ്യക്തമായി കാണുന്ന റിസോർട്ടിലേക്ക് ഇടയ്ക്കിടെ പാളിപോകുന്നുണ്ടായിരുന്നു.
” ആ റിസോർട്ടിലാണ് എൻ്റെ മുതലാളിയും, കൊച്ചമ്മയും ഇപ്പോൾ താമസിക്കുന്നത്.. അവർക്ക് സ്വന്തമായി വലിയൊരു വീടുണ്ടായിട്ടും, ഇപ്പോഴവർ ഈ റിസോർട്ടിൽ താമസിക്കുന്നതെന്തിനാണെറിയോ ഏയ്ഞ്ചലിന്?”
ദേവമ്മയുടെ ചോദ്യത്തിന് ഉത്തരമറിയാമായിരുന്നിട്ടും ഏയ്ഞ്ചലിന് മൗനം പാലിക്കാനേ കഴിഞ്ഞുള്ളൂ.
നിശബ്ദമായിരുന്ന ഏയ്ഞ്ചലിൻ്റെ മിഴികളിലപ്പോൾ, ചുടു ദ്രാവകം പതിയെ ഊറിവരുന്നുണ്ടായിരുന്നു.
തകർത്തു പെയ്യുന്ന മഴയ്ക്കു പോലും തണുപ്പിക്കാനാകാതെ, ആ ചുടുകണ്ണീർ അവളുടെ മിഴികളിൽ തിളച്ചു കൊണ്ടിരുന്നു.
നീർ തിളക്കുന്ന മമ്മിയുടെ കണ്ണിണകൾ കണ്ടപ്പോൾ അരുൺ അവരെ ചേർത്തു പിടിച്ചു.
ഇന്നോളം വരെ തനിക്കു വേണ്ടി ജീവിച്ച തൻ്റെ മമ്മി, ദേവമ്മയുടെ സംസാരത്തിന് മുന്നിൽ വാടിപോകുന്നത് കണ്ട് അവൻ്റെ നെഞ്ച് പിടച്ചെങ്കിലും, ഇതൊക്കെ അനിവാര്യമായ രംഗങ്ങളാണെന്ന് മനസ്സിനെ പഠിപ്പിച്ചു കൊണ്ടിരുന്നു അരുൺ.
ഏയ്ഞ്ചലിൻ്റെ മുഖത്തു നോക്കാതെ, പുറത്ത് ചിതറി പെയ്യുന്ന മഴയിലേക്ക് കണ്ണുംനട്ട്, നെഞ്ചിൽ കൈ അമർത്തി പറയുമ്പോൾ ദേവമ്മയുടെ കണ്ണും പതിയെ നിറയുന്നുണ്ടായിരുന്നു.
“ഈ വയസ്സാം കാലത്ത് അവർ ഒറ്റപെട്ടു… ഒരു മോനുണ്ടായിരുന്നത്, പെണ്ണ് കെട്ടിയപ്പോൾ, കെട്ട്യോളുമൊത്ത് ഇംഗ്ലീഷ് നാട്ടിലേക്ക് പോയി.. ഇപ്പോൾ സ്വന്തം പപ്പയെയും, മമ്മിയെയും പറ്റി ഒരു ഫോൺ കോളിലൂടെ പോലും അവൻ അന്വേഷിക്കുന്നില്ലായെന്നാ കേട്ടത് ”
ദേവമ്മയുടെ ഓരോ വാക്കും തൻ്റെ ഹൃദയത്തെ വല്ലാതെ പെരുമ്പറ കൊള്ളിക്കുന്നതു പോലെ ഏയ്ഞ്ചലിനു തോന്നി.
ഇക്കാലമത്രയും മനസ്സിൽ കെട്ടിപൊക്കിയ പിണക്കത്തിൻ്റെ കോട്ടകൾ തകർന്നു തരിപ്പണമാകുന്നതിൻ്റെ ശബ്ദം അവളുടെ കാതുകളിൽ പ്രതിധ്വനിച്ചു.
ചിതറി തെറിക്കുന്ന മഴ പോലെ, ദേവമ്മയുടെ വാക്കുകൾ അവൾക്കു മുകളിൽ വീണ്ടും പെയ്തു തുടങ്ങി.
“പിന്നെയൊരു മോൾ ഉണ്ടായിരുന്നു അവർക്ക്.. പഠിത്തത്തിൽ മോശമായ മകനെ അപേക്ഷിച്ച് അവരുടെ സ്വപ്നങ്ങളും, പ്രതീക്ഷകളും, മിടുക്കിയായ അവരുടെ ആ മകളിലായിരുന്നു.. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം.. തന്നിഷ്ടത്തിന് നാടിറങ്ങിയ അവളെ പറ്റി കുറച്ചു നാൾ അവർ ദുഃഖിച്ചെങ്കിലും, ഇപ്പോൾ അവരുടെ ചിന്തകളിൽ പോലും അവൾ ഇല്ലായെന്നു മാത്രമല്ല അവളെ പറ്റി ഓർക്കുവാൻ പോലും അവർക്കിഷ്ടമില്ല… ”
ദേവമ്മയുടെ സംസാരം കേട്ടതും, തൊണ്ട കുഴിയിലോളമെത്തിയ ഒരു തേങ്ങൽ കടിച്ചമർത്തി കൊണ്ട്, ഏയ്ഞ്ചൽ ദയനീയമായൊന്നു അരുണിനെ നോക്കി, കാറിൻ്റെ ഗിയർ മാറ്റാനൊരുങ്ങുമ്പോഴേയ്ക്കും, അവൻ
പൊടുന്നനെ ആ കൈകളിൽ പിടിച്ചു അരുതേയെന്ന് നിശബ്ദം വിലക്കി.
പൊടുന്നനെ പിന്നിൽ നിന്നു കാറിൻ്റെ നീണ്ട ഹോൺ അടി കേട്ടപ്പോൾ ദേവമ്മ ധൃതിയിൽ കാറിൽ നിന്ന് പുറത്തേക്കിറങ്ങി.
“ശ്ശോ,,, നിന്നോടു സംസാരിച്ചിരുന്ന കാരണം
ഞാനതു മറന്നു ഏയ്ഞ്ചൽ… ഗേറ്റിൽ നിന്ന് കുറച്ച് മുൻപോട്ടു കാർ കയറ്റിയിടൂ.,, പിന്നിലുള്ള കാറിനു അകത്തു പോകണം”
ദേവമ്മ ഏയ്ഞ്ചലിനെയും, പിന്നിലുള്ള കാറിനെയും നോക്കി ധൃതിയോടെ പറഞ്ഞപ്പോൾ, അവൾ പതിയെ കാർ മുന്നോട്ടു എടുത്തു.
ഗേറ്റ് കടന്നു റിസോർട്ടിലേക്കു പോകുന്ന കാർ, ദേവമ്മയ്ക്ക് അരികിലായ് നിർത്തുന്നതും, കാറിനുള്ളിലേക്ക് നോക്കി സന്തോഷത്തോടെ സംസാരിക്കുന്നതും മഴനൂലുകൾക്കിടയിലൂടെ ഏയ്ഞ്ചലിന് കാണാമായിരുന്നു.
ഒരു മാത്ര,ഡ്രൈവിങ് സീറ്റിലിരുന്ന ആരോ തങ്ങൾക്കുനേരെ കൈവീശുന്നത് കണ്ട ഏയ്ഞ്ചൽ സംശയത്തോടെ ഒന്നുകൂടി സൂക്ഷ്മതയോടെ നോക്കിയപ്പോഴേക്കും, ആ മുഖം കാറിൻ്റെ ഉള്ളിലേക്കു പിൻവലിഞ്ഞിരുന്നു.
ആർത്തിരമ്പുന്ന മഴയ്ക്കൊപ്പം, ഏയ്ഞ്ചലിൻ്റെ മനസ്സിലും പലവിധ ചിന്തകളും പെയ്തു തുടങ്ങിയ നിമിഷം, അവൾ ദയനീയമായി അരുണിനെ നോക്കി.
“ദേവമ്മ പറഞ്ഞതൊക്കെ നീ കേട്ടല്ലോ മോനേ.. അവരുടെ ഓർമ്മകളിൽ പോലും ഞാനില്ലായെന്ന്.. പിന്നെയെന്തിനാണ് നാമിവിടെ വലിഞ്ഞുകയറി വന്നത്? നമ്മൾക്ക് തിരിച്ചു പോകാം മോനൂ.. ”
ഏയ്ഞ്ചലിൻ്റ ശ്വാസം വിടാതെയുള്ള സംസാരം കേട്ടതും, അരുൺ അവിശ്വസനീയതയോടെ അവളെ നോക്കി.
” അതേ മോനൂ… ഒരിടത്തേക്കും അധികപ്പറ്റായി വലിഞ്ഞുകയറാൻ, ഈ എയ്ഞ്ചൽ ഒരുക്കമല്ല.. അതിനി എൻ്റെ പപ്പയുടെ വീട്ടിലേക്കായാൽ പോലും…”
പറഞ്ഞു തീർന്ന് അവൾ കാർ മുന്നോട്ട് എടുക്കാൻ ശ്രമിക്കുമ്പോൾ, അവൻ പൊടുന്നനെ കീ ഓഫ് ചെയ്തു.
അരുണിൻ്റെ പൊടുന്നനെയുള്ള നീക്കത്തിൽ അമ്പരന്ന ഏയ്ഞ്ചൽ അവനെ നോക്കുമ്പോൾ, ആ ചുണ്ടിൽ പ്രതീക്ഷയുടെ ഒരു പുഞ്ചിരിയുതിർന്നിരുന്നു.
പുറത്ത് പെയ്യുന്ന മഴയിലേക്ക് കണ്ണുംനട്ട് സീറ്റിലേക്ക് അവൻ ചാരി കിടക്കുമ്പോൾ, ചുണ്ടിലെ പുഞ്ചിരിക്കൊപ്പം, പതിയെ ആ കണ്ണും നിറയുന്നുണ്ടായിരുന്നു.
” സ്വന്തത്തിൽ നിന്നും,ബന്ധത്തിൽ നിന്നും, മറ്റേതു സൗഹൃദത്തിൽ നിന്നും ഓടിയൊളിക്കുവാനാണെങ്കിൽ അതിനുള്ള സമയം മാത്രമേ ഉണ്ടാകൂ മമ്മീ..അത് ഏത് ദുർബലർക്കും പറ്റുന്ന കാര്യവുമാണ്.. പക്ഷേ ബന്ധങ്ങളെ തകർന്നു പോകാതെ ചേർത്തു പിടിക്കാൻ ചിലർക്കേ കഴിയൂ… അതിനു കഴിവുള്ളവരെയാണ് ഞാൻ തോൽക്കാത്ത ഹൃദയമുള്ളവരായി കാണുന്നത് ”
“മോനൂ ”
ഏയ്ഞ്ചലിൻ്റെ പതറിയ വിളി കേട്ടതും, അവൻ അവരെ നോക്കി കണ്ണീരോടെ പുഞ്ചിരിച്ചു.
” ഞാൻ പറഞ്ഞത് സത്യമല്ലേ മമ്മീ? ഇണങ്ങാനും, പിണങ്ങാനും, പിന്നെ വർഷങ്ങളോളം മിണ്ടാതെയിരിക്കാനും വളരെ എളുപ്പമാണ് മമ്മീ.. അതുപോലെ, അത്ര എളുപ്പമല്ല
സ്നേഹിക്കാനും, സ്നേഹം ഊട്ടിയുറപ്പിക്കാനും, പിന്നെ ആ സ്നേഹബന്ധങ്ങളെ കാലങ്ങളോളം തകർന്നു പോകാതെ കാത്തു സൂക്ഷിക്കാനും..അതിനൊരു പ്രത്യേക മൈൻഡ് വേണം.. ഏതു പ്രതിബന്ധങ്ങളിലും തകർന്നു പോകില്ലായെന്ന് മനസ്സിൽ നല്ലൊരു ഉറപ്പും വേണം… ”
അരുണിൻ്റെ പതിഞ്ഞ സ്വരത്തിൽ തെളിയുന്ന ഉപദേശവും കേട്ടിരിക്കെ, അവളുടെ കണ്ണീർ പതിയെ വറ്റുന്നുണ്ടായിരുന്നു.
ആശ്വാസത്തിൻ്റെ ഒരു നിശ്വാസമുതിർത്തു കൊണ്ട് അവൾ പുറത്തു പെയ്യുന്ന മഴയിലേക്ക് നോക്കിയിരിക്കെ, അരുൺ പതിയെ അവളുടെ ശരീരത്തിലേക്ക് ചാരിയിരുന്നു.
” അവർക്കു പറയാനുള്ളത് അവർ പറയട്ടെ മമ്മീ.. അതവർക്ക് യജമാനനോടുള്ള ആഴത്തിലുള്ള
കൂറു കൊണ്ടാണ് .. അന്നം കൊടുക്കുന്നവരോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടാണ്…. ഒരു ചാറൽ മഴ പോലെ അവരുടെ പരിവേദനങ്ങൾ ഏതാനും മിനിറ്റുകൾ കൊണ്ട് പെയ്ത് തീരും.. പിന്നെ കണ്ണീർ തുടച്ചു കൊണ്ടു, കിട്ടുന്ന ദിവസകൂലിയും വാങ്ങി അവരുടെ കുടിലിലേക്കു പോകും… അവരെ പോലെയാണോ മമ്മീ ?അവരുടെ വാക്കു കേട്ടുകൊണ്ട് ഓടിയൊളിക്കേണ്ടവളാണോ മമ്മീ ?മനസ്സിരുത്തി ഒന്നു ഓർത്തു നോക്ക് ”
“എന്നാലും മോനൂ.. മമ്മിയുടെ വീട്ടിലെ ഒരു തോട്ടക്കാരിയുടെ സംസാരം…മമ്മിയുടെ മുന്നിൽ ഓച്ഛാനിച്ചു നിന്നവളുടെ ഈ വാക്കുകൾ ”
പറയുന്നതിനോടൊപ്പം
ഏയ്ഞ്ചലിൻ്റ ശബ്ദം വല്ലാതെ പതറിയിരുന്നു.
” അതോർത്ത് മമ്മി വിഷമിക്കണ്ട.. കാലം ഒരുപാട് മുന്നോട്ടേക്ക് വന്നില്ലേ? പെരിയാറിലൂടെ ഒരുപാട് വെള്ളം ഒഴുകി പോയില്ലേ?അപ്പോൾ പിന്നെ തളർന്നു കിടക്കുന്ന ഞാഞ്ഞൂലും, മൂർഖനെ പോലെ പത്തി വിരിച്ച്
ചീറ്റിയില്ലെങ്കിലേ അത്ഭുതമുള്ളൂ… അതു കൊണ്ട് മമ്മി, അവർ പറയുന്നത് എല്ലാം, കണ്ണടച്ച് എതിർപ്പില്ലാതെ കേട്ടിരിക്കുക ”
അരുൺ പറയുന്നത് നിർത്തി ഒരു നിമിഷം, വിഷാദത്തോടെ ഇരിക്കുന്ന ഏയ്ഞ്ചലിനെ നോക്കി.
” അതാണ് മമ്മീ ബുദ്ധി. മമ്മിയുടെ പപ്പയെയും, മമ്മയെയും വർഷങ്ങൾക്കു മുൻപ് മമ്മി വിട്ടു പോന്നതല്ലേ? അപ്പോൾ പിന്നെ ഇപ്പോഴത്തെ അന്ത:പുര രഹസ്യങ്ങൾ മമ്മിക്ക് അറിയില്ലല്ലോ? അതുകൊണ്ട്, ആരെയും മുഷിപ്പിക്കാതെ പതിയെ അകത്തു കടക്കേണ്ടത് നമ്മുടെ ലക്ഷ്യമാണ്.. ഒരു വിധത്തിൽ പറഞ്ഞാൽ മമ്മിയുടെ പപ്പയുടെയും, മമ്മയുടെയും ജീവിതത്തിൻ്റെ രഹസ്യ താക്കോൽ ഈ പെണ്ണിൻ്റെ കൈകളിലാണെന്നു തോന്നുന്നു… അങ്ങിനെയാണെങ്കിൽ ആ താക്കോൽ നമ്മൾക്ക് പതിയെ ഇങ്ങെടുക്കണ്ടേ മമ്മീ ? ”
ദേവമ്മ പോയ വഴിയിലേക്ക് നോക്കി കൊണ്ട് അരുൺ മന്ത്രിക്കുന്നത് കേട്ട്, ഏയ്ഞ്ചൽ പതിയെ തലയാട്ടി.
” അതുകൊണ്ട് അവർ പറയുന്നത് എല്ലാം സൗമനസ്യത്തോടെ കേട്ടിരിയ്ക്കുക. എന്നു വെച്ചാൽ എതിർപ്പിൻ്റെ ഒരു ചീറ്റൽ പോലും മമ്മിയിൽ നിന്ന് ഉയരാൻ പാടില്ലായെന്ന് അർത്ഥം.. ”
ഏയ്ഞ്ചലിൻ്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി അരുൺ ഗേറ്റിലേക്ക് നോക്കിയതും, അവൻ പൊടുന്നനെ അവളുടെ തോളിൽ കൈയമർത്തി.
“ദാ ആ പെണ്ണ് ഇങ്ങോട്ടു തന്നെ വരുന്നുണ്ട്… അപ്പോ ഞാൻ പറഞ്ഞതൊക്കെ ഓർമ്മയില്ലേ?”
അരുൺ ചോദിച്ചതും, ഏയ്ഞ്ചൽ നിറം മങ്ങിയ ചിരിയോടെ തലയാട്ടി.
മഴ നനഞ്ഞു വന്ന ദേവമ്മ കാറിലേക്കു കയറി ഇരുന്നതും… പാതിയിലവസാനിപ്പിച്ച കഥ തുടർന്നു:
“അതിനവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലായെന്ന് ഏയ്ഞ്ചലിന് അറിയാമല്ലോ?
നല്ല കാലത്ത് ഇംഗ്ലീഷ് നാട്ടിൽ രാപകലില്ലാതെ അദ്ധ്വാനിച്ചിരുന്നവരാ.. അവരുടെ ആ പ്രയത്നം കൊണ്ടാണ് ഇന്നവർ കോടീശ്വരൻമാരായതും, ഈ റിസോർട്ടും, ആ കാണുന്ന തോട്ടവുമൊക്കെ സ്വന്തമാക്കിയത്… അതൊക്കെ അവരുടെ മക്കൾക്കു വേണ്ടിയാണ് സ്വന്തമാക്കിയത്.. ആ കാലം അവർ അവിടെ കിടന്നു കഷ്ടപ്പെടുമ്പോൾ, മകൾ സ്വന്തം തന്നിഷ്ടത്തിന് ഇറങ്ങി പോകുക.. ഏത് മാതാപിതാക്കളാണ് അതൊക്കെ സഹിക്കുക? അതൊക്കെ തന്നെയാണ് ഇവിടെയും സംഭവിച്ചത് ”
ദേവമ്മ സംസാരം നിർത്തിയപ്പോഴും, ഏയ്ഞ്ചലിൻ്റെ മിഴികൾ വിദൂരതയിലേക്ക് നോക്കി നിശ്ചലമായി നിന്നു.
ചീറിയെത്തുന്ന കാറ്റിലുയയുന്ന വൃക്ഷശിഖരങ്ങളോ, തകർത്തു പെയ്യുന്ന മഴയുടെ മുരൾച്ചയോ അവളുടെ മനോമണ്ഡലത്തിൽ തെളിയുന്നുണ്ടായിരുന്നില്ല.
പകരം,പപ്പയും, മമ്മയും വിദേശ രാജ്യത്ത് സുഖിച്ചു ജീവിക്കുകയാണെന്ന് വിശ്വസിച്ച്, എന്തിനോടും, ഏതു സമയത്തും കലഹിച്ചിരുന്ന ഒരു കൗമാരക്കാരിയുടെ നിറം മങ്ങിയ ചിത്രമായിരുന്നു അവളുടെ മനസ്സിലപ്പോൾ.
ഒറ്റപ്പെട്ടു പോയ ജീവിതത്തിനിടയ്ക്ക്, എപ്പോഴൊ തോന്നിയ ആ സംശയമായിരുന്നു പാവമായിരുന്ന ആ കൗമാരക്കാരിയെ ഇത്രയും തൻ്റേടിയും, വാശിക്കാരിയുമാക്കിയത്..
മനസ്സിൽ ചിന്തിച്ചിരുന്നതൊക്കെ വെറും പൊള്ളയായിരുന്നെന്ന് തിരിച്ചറിയുന്നു ഈ നിമിഷം…
മമ്മയോടും, പപ്പയോടും താൻ പൊറുക്കാനാവാത്ത തെറ്റാണ് ചെയ്തതെന്നറിഞ്ഞതും, അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.
“ഏയ്ഞ്ചൽ ”
ദേവമ്മയുടെ പതിഞ്ഞ വിളി കേട്ടതും, അവൾ ഓർമ്മകളിൽ നിന്ന് ഞെട്ടിയുണർന്ന്, കവിളിലൂടെ ഒഴുകിയിരുന്ന കണ്ണീർ തുടച്ചുകൊണ്ട് ദേവമ്മയെ നോക്കി.
“നീ വിഷമിക്കണ്ട ഏയ്ഞ്ചൽ.. വിഷമിപ്പിക്കാനല്ല ഞാൻ ഇതൊക്കെ പറഞ്ഞത്.. മറിച്ച് നീ അകത്തേക്ക് ചെല്ലുമ്പോൾ, അവർ ചിലപ്പോൾ പൊട്ടിതെറിച്ചേക്കാം… അപ്പോൾ അതിനൊന്നും നീ മറുപടി പറയാതെ, നീ ചെയ്ത തെറ്റുകളോർത്ത്, അവർക്കു മുന്നിൽ നീ നിശബ്ദത പാലിക്കാൻ വേണ്ടി… അവരുടെ ഇക്കാലമത്രയുള്ള ദേഷ്യത്തെ, നിന്നിൽ
നിന്നുതിരുന്ന രണ്ടിറ്റ് കണ്ണീർ തുളളികൾ കൊണ്ട് തണുപ്പിക്കുന്നതിന് വേണ്ടി.. ”
ദേവമ്മ പറഞ്ഞതും. അവൾ അരുണിനെ ചേർത്തു പിടിച്ചു കണ്ണീരോടെ തലയാട്ടുന്നതിനോടൊപ്പം, അവളുടെ കണ്ണുകൾ മഴനൂലുകൾക്കപ്പുറത്ത് മങ്ങിതെളിയുന്ന റിസോർട്ടിലേക്ക് നീണ്ടു.
തൻ്റെ പപ്പയും, മമ്മയും അതിലേതോ ഒരു മുറിയിൽ ഉണ്ടെന്നറിഞ്ഞ, അവൾക്കങ്ങോട്ട് പറക്കാൻ കൊതി തോന്നിയ നിമിഷം…
ചെയ്തു പോയ തെറ്റുകൾക്ക് കണ്ണീർ കോരിചൊരിഞ്ഞ് പ്രായശ്ചിത്തം ചെയ്യണമെന്നു തോന്നിയ നിമിഷം അവൾ പതിയെ കാറിൻ്റെ ഡോർ തുറക്കാനൊരുങ്ങുമ്പോഴെക്കും ,ദേവമ്മ തടഞ്ഞു.
” ഇങ്ങിനെ കണ്ണീരോടെ അവർക്കു മുന്നിലേക്ക് ഇപ്പോൾ പോകല്ലേ ഏയ്ഞ്ചൽ… അവർ ഒരു തീർത്ഥാടനത്തിന് പോകാനൊരുങ്ങുകയാണ് കണ്ണീരും, സങ്കടവും കാണിച്ച് നീയിപ്പോൾ അവരെ യാത്രയാക്കല്ലേ?”
ദേവമ്മയുടെ വാക്കുകൾ കേട്ടതും, വല്ലാത്തൊരു അമ്പരപ്പോടെ ഏയ്ഞ്ചൽ അവളെ നോക്കി.
” അതെ ഏയ്ഞ്ചൽ.. വാർദ്ധ്യകത്തിൽ ഒറ്റപ്പെടുന്ന മാതാപിതാക്കളുടെ ആശ്രയമാണല്ലോ ഓരോ തീർത്ഥാടന കേന്ദ്രങ്ങളും ”
ദേവമ്മയുടെ വാക്കുകൾ കേൾക്കാതെ അവൾ പതിയെ കാറിൽ നിന്നിറങ്ങി, തകർത്തു പെയ്യുന്ന മഴയിലൂടെ നനഞ്ഞു കൊണ്ടു റിസോർട്ടിലേക്ക് നടന്നതും, ദേവമ്മയും പൊടുന്നന്നെ അവൾക്കു പിന്നാലെ ഓടി.
മഴതുള്ളികൾ വീണ് ചിന്നി ചിതറുന്ന ടൈൽസിലൂടെ, പതിയെ നടക്കുമ്പോൾ ഏയ്ഞ്ചലിൻ്റെ കണ്ണും നിറഞ്ഞു പെയ്യുന്നുണ്ടായിരുന്നു.
നനഞ്ഞൊഴുകുന്ന രണ്ട് സ്ത്രീരൂപങ്ങളും പതിയെ റിസോർട്ട് ലക്ഷ്യമാക്കി നടക്കുമ്പോൾ, തീർത്ഥാടനത്തിനായ് അവരിറങ്ങുകയായിരുന്നു
കുരിശിങ്കൽ ഫിലിപ്പോസും, ഭാര്യ മേരിയും…
ദീർഘകാലം കാനഡയിൽ ജോലിയെടുത്തിരുന്നവർ..
നാട്ടിലേക്ക് വരാനോ, മക്കളെ കാണാനോ
നിൽക്കാതെ, ആ സമയം ഉണ്ടെങ്കിൽ ഒരുപാട് പൈസ സമ്പാദിക്കാമെന്ന് ചിന്തിച്ചിരുന്നവർ…
ഇന്നിപ്പോൾ എല്ലാറ്റിനും സമയമുണ്ടായിട്ടും, ആരുമില്ലാത്ത അവസ്ഥ..
ആരാധനാലയങ്ങൾ കയറിയിറങ്ങി ബാക്കിയുള്ള കാലം കഴിച്ചുകൂട്ടുക മാത്രമേ ഇനി അവർക്കു മുന്നിലുള്ളൂ.
റിസോർട്ടിൻ്റെ പടിയിറങ്ങി വരുന്ന പപ്പയെയും, മമ്മയെയും അവൾ വർഷങ്ങൾക്കു ശേഷം കണ്ണീരിലൂടെ കാണുന്ന കാഴ്‌ച..
ഹൃദയം തകർന്നു പൊടിയുന്നതും, മിഴികളിലൂടെ നീർ കുലം കുത്തിയൊഴുകുന്നതും അവളറിഞ്ഞു.
വാവിട്ട് ഒന്നു ഉറക്കെ കരയണമെന്ന് തോന്നിയ നിമിഷം അവൾ ചുണ്ടുകൾ ചേർത്തു പിടിച്ചു കണ്ണടച്ചു നിന്നു.
ഒന്നുരണ്ട് നിമിഷങ്ങൾക്കുള്ളിൽ അവൾ കണ്ണുതുറന്നതും, മമ്മക്കും പപ്പക്കും പിന്നിൽ, ബാഗുകൾ പിടിച്ചു നിൽക്കുന്ന ആ രൂപത്തിനെ കണ്ടതും, അവൾ കണ്ണിണകൾക്കുമീതെ ഒഴുകികൊണ്ടിരിക്കുന്ന മഴ തുള്ളികളെ തുടച്ചുമാറ്റി കൊണ്ട് സൂക്ഷ്മതയോടെ നോക്കിയതും, അവൾ ദേഷ്യത്തോടെ മനസ്സിൽ മന്ത്രിച്ചു.
“അലക്സി ”
കുറച്ചു നേരം മുൻപ്, കാറിൽ വന്ന് ദേവമ്മയോടു സംസാരിച്ചതും, തനിക്കു നേരെ ഗർവോടെ കൈ വീശിയതും അലക്സിയായിരുന്നു എന്നറിഞ്ഞതും, അവളുടെ പല്ലുകൾ ഞെരിഞ്ഞു.
തൻ്റെ ജീവിതം പുഴയോളങ്ങളിലെ പൊങ്ങുതടി പോലെയാക്കിയ ദുഷ്ടൻ…
“ബാസ്റ്റഡ് ”
മനസ്സറിയാതെ ഏയ്ഞ്ചലിൽ നിന്നുതിർന്ന പകയുടെ ശബ്ദം കേട്ടതും, ദേവമ്മ പൊടുന്നനെ അവളുടെ കൈ പിടിച്ചു.
” സൂക്ഷിച്ചു സംസാരിക്കണം ഏയ്ഞ്ചൽ… ”
അധികാരത്തോടെയുള്ള ദേവമ്മയുടെ സംസാരം കേട്ടു പതറിപ്പോയ അവൾ ഒരു നിമിഷം ദേവമ്മയെ പകയോടെ നോക്കി തലയാട്ടിയതിനു ശേഷം, തിരിഞ്ഞ് കാറിനുള്ളിൽ ഇരിക്കുന്ന മകനെ നോക്കി.
പെയ്തു തീരാത്ത മഴ, മങ്ങിയ കാഴ്ചയിലൊളിപ്പിച്ച മകൻ്റെ രൂപം കാണാനാകാതെ ഏയ്ഞ്ചൽ അസ്വസ്ഥമാകുമ്പോൾ, ഈ രംഗങ്ങളൊക്കെ അവ്യക്തമായി കാണുന്ന അരുൺ പുറത്ത് തകർത്തു പെയ്യുന്ന മഴയിലേക്ക് നോക്കി സ്വസ്ഥതയോടെ മന്ത്രിച്ചു.
” പ്രെയ്സ് ദി ലോർഡ് “….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…