Novel

ഏയ്ഞ്ചൽ: ഭാഗം 23

രചന: സന്തോഷ് അപ്പുകുട്ടൻ

“അലക്സിയെ പറ്റി പറയുമ്പോൾ ഇത്ര നോവാൻ അയാൾ നിൻ്റെ ആരാ? നിൻ്റെ ആങ്ങളയോ, അച്ഛനോ, കാമുകനോ അല്ലല്ലോ? പിന്നെയെന്തിനാണ് നീ അയാൾക്കു വേണ്ടി ഇത്ര ക്ഷോഭിക്കുന്നത്?”

ഗേറ്റിനു പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന കാറിൽ നിന്ന് നോട്ടം മാറ്റി കൊണ്ട് ദേവമ്മയുടെ കണ്ണുകളിലേക്ക് നോക്കി ഏയ്ഞ്ചൽ അത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകളിൽ തീ പാറിയിരുന്നു.

മഴതുള്ളികൾ അവ്യക്തമാക്കിയ കാഴ്ചകൾക്കപ്പുറത്തെ ആ കാറിൽ, തൻ്റെ മകൻ ആരുമില്ലാത്ത വിധം ഒറ്റപ്പെട്ടു പോയത് വരാനിരിക്കുന്ന ദുരന്തത്തിൻ്റെ മുന്നോടിയാണെന്ന ചിന്തയും അവളിലെ ഓർമ്മകളെ പൊള്ളിച്ചു…

“ഈ സ്ഥലവും, റിസോർട്ടും എൻ്റെ പപ്പയുടേതാണ്.. അങ്ങിനെയുള്ള ഇവിടെ വെച്ച് എന്നെ നിയന്ത്രിക്കാൻ നീ ആരാ? അതിനൊന്നും വെറുതെ നിൽക്കാതെ വെറുമൊരു വേലക്കാരിയായ നീ നിൻ്റെ സ്ഥാനത്ത് നിന്നാൽ മതി… കേട്ടോടീ ”

ഉള്ളിൽ നിന്നു തീക്ഷ്ണതയോടെ ചാടുന്ന വാക്കുകൾക്കൊപ്പം, ഏയ്ഞ്ചലിൻ്റെ കൈ കൂടി ചലിച്ചപ്പോൾ ദേവമ്മ നിലത്തേക്ക് വീണു.

അപ്രതീക്ഷിതമായ ഏയ്ഞ്ചലിൻ്റെ പ്രവൃത്തിയിൽ പതറിപോയ ദേവമ്മ, വീണിടത്ത് കിടന്ന് അവളെ ഒരു പുഞ്ചിരിയോടെ നോക്കി.

” നിൻ്റെ പപ്പയുടെ സ്ഥലവും, റിസോർട്ടുമാണെന്ന് നിനക്കിപ്പോഴാണോ, ഇത്രയും വർഷങ്ങൾക്കു ശേഷമാണോ ബോധം വന്നത്? തേനൊലിപ്പിച്ചു കൊണ്ട് നീ ഇപ്പോൾ പറയുന്ന നിൻ്റെ പപ്പയും, മമ്മയും ഇത്രയും കാലം ഇവിടെ എങ്ങിനെയാണ് ജീവിച്ചതെന്ന് നിനക്ക് അറിയോ?”

പറയുന്നതിനോടൊപ്പം ദേവമ്മയുടെ ചുണ്ടിലെ ചിരിമാഞ്ഞു അവിടെ പുച്ഛഭാവം ഉയർന്നു.

“എങ്ങിനെ അറിയാൻ അല്ലേ? അന്നേരം നീ കാടും,കടലും കണ്ട് കറങ്ങിയടിക്കായിരുന്നല്ലോ? പ്രശംസകളും, സ്വീകരണങ്ങളും വാങ്ങി നീ ആകാശത്തിലെ വെള്ളിവെളിച്ചത്തിലൂടെ പാറി പറക്കുമ്പോൾ, ഇങ്ങ് താഴെ നീയിപ്പോൾ അവകാശം പറയുന്ന ഈ റിസോർട്ടിൽ, വെളിച്ചം കാണാതെ രണ്ടുപേർ മക്കളെയോർത്ത് ഉരുകിയൊലിക്കുകയായിരുന്നു.. രണ്ട് മെഴുകുതിരി പോലെ…. പരസ്പരം പ്രകാശം നൽകികൊണ്ട് ”

പറയുന്നതിനോടൊപ്പം ദേവമ്മയുടെ മുഖത്ത് വരുന്ന ഭാവമാറ്റം കണ്ട് ഏയ്ഞ്ചൽ പതറി തുടങ്ങി.

” അന്ന് അവർ മക്കളെയോർത്ത് വിലപിച്ച് സ്വയമുരുകുമ്പോൾ ഞങ്ങളേയുണ്ടായിരുന്നുള്ളൂ മക്കളായിട്ട്… അലക്സിച്ചായനും പിന്നെ ഇപ്പോൾ നീ വേലക്കാരിയെന്ന് അധിക്ഷേപിച്ച ഈ ഞാനും.”

പറയുന്നതിനോടൊപ്പം അവൾ പുറത്തേക്ക് തുപ്പിയപ്പോൾ, മഴവെള്ളത്തിനോടൊപ്പം രക്തവും കലർന്നിരുന്നു.

ചുണ്ടു പൊട്ടിയ ഭാഗത്ത് ദേവമ്മ പതിയെ തടവികൊണ്ട്, ഏയ്ഞ്ചലിനെ ക്രൂദ്ധയായി നോക്കി.

“ജനനം കൊണ്ട് മക്കളായിട്ടു ഒരു കാര്യവുമില്ല ഏയ്ഞ്ചൽ… മറിച്ച് കർമ്മം കൊണ്ട് മക്കളായി തീരണം… അങ്ങിനെയല്ലാത്തതു കൊണ്ടാണ് സ്വന്തം രക്തത്തിൽ പിറന്ന നിനക്കും, നിൻ്റെ അനിയനും നൽകാത്ത മക്കളെന്ന സ്ഥാനം, നിൻ്റെ പപ്പ ഈ കാട്ടുപെണ്ണിനും, താന്തോന്നിയായിരുന്ന അലക്സിച്ചായനും നൽകിയത് ”

ദേവമ്മയുടെ വാക്കുകളോരോന്നും അസ്ത്രം കണക്കെ കുത്തി കയറി ഏയ്ഞ്ചലിൻ്റ മനസ്സിനെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.

“പിന്നെ നീ ഇപ്പോൾ എന്നോട് ചെയ്ത ഈ തെണ്ടിത്തരത്തിന് എനിക്ക് മറുപടി തരാൻ കഴിയാഞ്ഞിട്ടല്ല ഏയ്ഞ്ചൽ… ഞാൻ ഇതുപോലെ ഒരെണ്ണം തന്നാൽ നിനക്ക് താങ്ങുവാനും കഴിയില്ല….”

തറയിൽ നിന്നെഴുന്നേറ്റ് കൈതുടച്ച് കൊണ്ട് ദേവമ്മ, ഏയ്ഞ്ചലിനരികിലേക്ക് പതിയെ ചേർന്നു നിന്നു.

“പിന്നെ നിന്നെ ഒന്നും ചെയ്യാത്തത് നീ മുതലാളിയുടെ മകളായതുകൊണ്ടോ, കൊമ്പത്തെ എഴുത്തുകാരിയായതുകൊണ്ടോ അല്ല. മറിച്ച് എൻ്റെ അലക്സിച്ചായൻ ഒരു കാലത്ത് ഒത്തിരിയേറെ സ്നേഹിച്ച പെണ്ണാണല്ലോ എന്നു കരുതീട്ടാ…”

ദേവമ്മയുടെ പുച്ഛത്തോടെയുള്ള സംസാരം കേട്ടതും, ഏയ്ഞ്ചൽ ഒന്നും മനസ്സിലാകാതെ അവളെ തന്നെ നോക്കി നിന്നു.

” അതേ ഏയ്ഞ്ചൽ.. നീ നേരത്തെ ചോദിച്ചതിൽ ഒരു ചോദ്യം ചോദിക്കാൻ നീ മറന്നു. അലക്സി നിൻ്റെ ഭർത്താവാണോ എന്ന ഒരൊറ്റ ചോദ്യം. അങ്ങിനെ ഒരു ചോദ്യം നീ ചോദിക്കുകയായിരുന്നെങ്കിൽ സന്തോഷത്തോടെ അതേയെന്ന ഒരൊറ്റ ഉത്തരത്തിലൂടെ ഞാൻ നിനക്കു മറുപടി തന്നേനെ”

കൈമുട്ടിൽ പൊട്ടിയ ഭാഗത്ത് പതിയെ ഊതുന്നതിനിടയിൽ ദേവമ്മ അവളെ ഒന്നു പാളി നോക്കി പതിയെ ചിരിച്ചു.

” അലക്സി ”

ഏയ്ഞ്ചലിൻ്റെ ചുണ്ടിൽ നിന്നും അറിയാതെ ആ പേര് ഉതിർന്നു.

” നീ അലക്സിയെന്നു ചോദിച്ച് അമ്പരക്കണ്ട ഏയ്ഞ്ചൽ.. ഞാൻ പറഞ്ഞത് സത്യമാണ്… കാട്ടുപെണ്ണാണെങ്കിലും, ഞാനും ഒരു പെണ്ണല്ലേ ഏയ്ഞ്ചൽ? തോട്ടക്കാരിയാണെങ്കിലും എൻ്റെ മോഹങ്ങൾക്കും പരിധിയുണ്ടാകില്ലല്ലോ?

ദേവമ്മയുടെ വാക്കുകൾക്കൊപ്പം,
ചിതറി വീഴുന്ന മഴ തുള്ളികളും അവളുടെ ചുണ്ടിൽ നിന്നും തെറിച്ചു കൊണ്ടിരുന്നു.

മഴവെള്ളമേറ്റ് നനഞ്ഞു തുടങ്ങിയ അവളുടെ വസ്ത്രങ്ങൾക്കുള്ളിൽ നിന്ന് തെളിഞ്ഞു വരുന്ന മേനിയഴക് തന്നെ പരിഹസിക്കുന്നതു പോലെ ഏയ്ഞ്ചലിന് തോന്നി..

പതിനാറ് വർഷങ്ങൾക്കു മുൻപ് കാണുമ്പോൾ ഉണ്ടായിരുന്ന അതേ ചെറുപ്പം…

അതേ തൻ്റേടം!

കാട്ടുപെണ്ണിൻ്റെ ശരീരം മാത്രമല്ല, മനസ്സും തേക്കിൻ്റെ കാതലിനെ കടത്തിവെട്ടിയിരിക്കുമെന്നത് എത്ര വാസ്തവം?

അത്ഭുതത്തോടെ ദേവമ്മ എന്ന കാട്ടുപെണ്ണിനെ ഏയ്ഞ്ചൽ നോക്കിയിരിക്കെ, ദേവമ്മ സംസാരം തുടർന്നു കൊണ്ടിരുന്നു.

“ഒരുപാട് ഉയരത്തിലേക്ക് പോകാമായിരുന്ന, താന്തോന്നിയായ, ഒരിക്കൽ നിന്നെ ഭ്രാന്തമായി സ്നേഹിച്ചിരുന്ന അലക്സിച്ചായനെ എൻ്റെ അരികിൽ ചേർത്തു നിർത്തിയത് ഈ ആദിവാസി പെണ്ണിൻ്റെ മിടുക്ക്.. ”

അലക്സിയെ പറ്റി മധുരമായി വിശദീകരിക്കുന്ന
ദേവമ്മയുടെ സംസാരം ഏയ്ഞ്ചൽ കേൾക്കുമ്പോൾ, അവൾ അലക്സിയെ പറ്റി ഓർക്കുകയായിരുന്നു.

കള്ളും, കഞ്ചാവും, ഗുണ്ടായിസവുമായി നടന്നിരുന്ന ഒരുവൻ…

അതിന് ഒരു മറയായി രാഷ്ടീയത്തിൽ കയറിയവൻ!

അക്കാരണത്താൽ കൊണ്ടാണ് അലക്സിയെ താൻ ഏറ്റവും വെറുത്തതും, അവൻ്റെ ഭാര്യയാകാതിരിക്കാൻ കടൽ തീരത്തേക്ക് ഓടിയൊളിച്ചതും.

അങ്ങിനെയുള്ള
ആ അലക്സിയും ദേവമ്മയും, തോട്ടത്തിൻ്റെ പഴയൊരു മാനേജരും, തൊഴിലാളിയുമെന്ന ബന്ധത്തെക്കാളുപരി ഇങ്ങിനെയൊരു ബന്ധം എങ്ങിനെയാണ് വളർന്നത്?

അമ്പരപ്പ് നിറഞ്ഞ ആ ചോദ്യം അവളുടെ മനസ്സിൽ പലവട്ടം കയറിയിറങ്ങിയപ്പോൾ, പല തവണ അവളുടെ കൺപീലികൾ ചിമ്മി തുറന്നു.

” അലക്സിച്ചായന് എല്ലാ ദു:ശീലങ്ങളും ഉണ്ടായിരുന്നു ഏയ്ഞ്ചൽ… അതൊക്കെ നിന്നെപോലെ എനിക്കും അറിയാവുന്ന കാര്യങ്ങളുമാണ്.. പക്ഷേ പട്ടിണി കൊണ്ട്, ആദ്യമായി തുണി അഴിച്ചു കൊടുത്ത ആ മനുഷ്യനോടൊപ്പമായിരിക്കും ഇനിയുള്ള എൻ്റെ ജീവിതമെന്നത് ദൈവഹിതം ആയിരിക്കാം … ”

പറയുന്നതിനോടൊപ്പം ദേവമ്മയുടെ ചുണ്ടിൽ ഒരു മന്ദഹാസം കാട്ടുപൂ പോലെ പതിയെ
വിടർന്നു കൊണ്ടിരുന്നു.

“സത്യം ഏയ്ഞ്ചൽ… അന്ന് നിന്നെ കാണാൻ ദുബായിയിൽ നിന്നു വന്ന അലക്സിച്ചായൻ, നിന്നെ കാണുന്നതിനു മുൻപ് വന്നത്, നിൻ്റെ തോട്ടത്തിലേക്കായിരുന്നു.. കൂട്ടുകാരോടൊപ്പം അടിച്ചു പൊളിക്കാൻ… അടിച്ചു പൊളിച്ച് കൂട്ടുക്കാരൊക്കെ പോയപ്പോൾ, കള്ളടിച്ച് മൂഡ് വന്ന് ഒറ്റയ്ക്കായ അലക്സിച്ചായന് ഒരു പെണ്ണുവേണം.. എനിക്കാണെങ്കിൽ കുടിയിലെ പട്ടിണിയും, പരിവട്ടവും തീർക്കാൻ പൈസയും.. അന്ന് കയറിയതാണ് നിൻ്റെ തോട്ടത്തിലെ ഏറുമാടത്തിലേക്ക് ആദ്യമായിട്ട് ഈ ദേവമ്മ….. പിന്നെ അതൊരു ശീലമായി.. മറക്കാൻ ശ്രമിച്ചാലും, ഒരിക്കലും മനസ്സിൽ നിന്നു മായാതെ, അള്ളി പിടിച്ചിരിക്കുന്ന ചില ദു:ശീലങ്ങളെ പോലെ ..”

പറയുന്നതിനോടൊപ്പം ദേവമ്മയുടെ ശബ്ദമിടറുന്നത് ഏയ്ഞ്ചൽ അറിഞ്ഞു.

“അന്ന് എൻ്റെ വിയർപ്പ് നിറഞ്ഞ ദേഹത്ത് കിടന്നാണ്, നിന്നെ കാണാൻ വരാമെന്ന് പറഞ്ഞ് അലക്സിച്ചായൻ നിനക്ക് ഫോൺ ചെയ്തത്.. ഇതൊക്കെ പതിനഞ്ച് വർഷങ്ങൾക്കു മുൻപ് നടന്ന കാര്യമാണ്.
ഒരു പക്ഷേ നിനക്ക് ഓർമ്മ കാണില്ലായിരിക്കാം.. പക്ഷേ ആ സംഭവം ഇന്നും എനിക്ക് പകൽ പോലെ വ്യക്തമാണ്”

ദേവമ്മയുടെ സംസാരം കേട്ടതും, ഒരു പതിഞ്ഞ പുഞ്ചിരിയോടെ ഏയ്ഞ്ചൽ അവളെ നോക്കി പതിയെ മന്ത്രിച്ചു.

“എനിക്ക് ഓർമ്മയുണ്ട് ദേവമ്മാ… പക്ഷെ അലക്സി വിളിച്ചത് ഈ ഏയ്ഞ്ചലായി അഭിനയിച്ചിരുന്ന വേദയെ ആയിരുന്നെന്നു നിനക്കും, നിൻ്റെ അലക്സിച്ചായനും അറിയില്ലായെന്നു മാത്രം ”

വേദയുടെ പേര് ചിന്തകളിലേക്ക് കയറി വന്നപ്പോൾ, അവളുടെ മനസ്സൊന്നു തേങ്ങി.

ഈ ഏയ്ഞ്ചലിനു വേണ്ടി എന്തെല്ലാം ത്യാഗങ്ങളും, വേദനകളും സഹിച്ചിരിക്കുന്നു പാവം വേദ.

വീട്ടിലേക്ക് ഒരിക്കലും പോകാതിരുന്ന
തന്നെ അന്വേഷിച്ചു, ഒടുവിൽ പപ്പയും, അലക്സിയും കോളേജിലും, ഹോസ്റ്റലിലും കയറിയിറങ്ങിയ നേരത്താണ് അവർ വേദയെ കാണുന്നത്..

തൻ്റെ തിരോധാനത്തെ കുറിച്ച് വേദയ്ക്ക് എല്ലാം അറിയാമെന്ന ചിന്തയിൽ അവർ അവളെ ദ്രോഹിച്ചു തുടങ്ങിയപ്പോഴാണ് അവൾ ആരും കാണാതെ ഹോസ്റ്റലിൽ നിന്നിറങ്ങി, തന്നെയും അന്വേഷിച്ച് കടൽതീരത്ത് എത്തുന്നത്.

പിന്നെയുണ്ടായ സംഭവങ്ങൾ എല്ലാം വിധിയുടെ വികൃതി പോലെയാണ് തോന്നിയത്.

വർഷങ്ങൾക്കു മുൻപ്
കടൽ തീരത്ത് എത്തിയ വേദയുടെ ദയനീയ മുഖം ഓർത്തപ്പോൾ,അവളെ ഒരിക്കലെങ്കിലും കാണണമെന്ന് അന്നാദ്യമായി ഏയ്ഞ്ചൽ കൊതിച്ചു.

“തങ്ങളെ വേണ്ടെന്നു വെച്ച മക്കളെ സ്വീകരിക്കുവാൻ ഇപ്പോഴത്തെ മാതാപിതാക്കൾക്ക് ഇത്തിരി ബുദ്ധിമുട്ടാണ് ഏയ്ഞ്ചൽ… എന്നാലും നീയൊന്നു ശ്രമിച്ചു നോക്ക് …”

ദേവമ്മയുടെ വാക്കുകളുതിർന്നതും, ഏയ്ഞ്ചലിൻ്റ മനസ്സിൽ നിന്നും വേദയെ കുറിച്ചുള്ള ഓർമ്മകൾ ചിതറി തെറിച്ചു, അവൾ പതിയെ തലയാട്ടി റിസോർട്ട് ലക്ഷ്യമാക്കി നടക്കാനൊരുങ്ങിയതും, പിന്നിൽ നിന്ന് ദേവമ്മയുടെ വാക്കുകൾ ചാട്ടുളി പോലെ പാഞ്ഞു വന്നു.

“പിന്നെ പോകുന്നതൊക്കെ ശരി
തന്നെ.. ഓരോന്നും പറഞ്ഞ് തേങ്ങി കരഞ്ഞ് നിൻ്റെ പപ്പയുടെ ഹാർട്ടിന് പ്രശ്നമുണ്ടാക്കരുത്”

ദേവമ്മയുടെ വാക്കുകൾ കേട്ടതും, അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞു നിന്നു.

“ഇതൊക്കെ
നിൻ്റെ പപ്പയുടെ തോട്ടവും, റിസോർട്ടും ആണെന്ന് നിനക്കറിയാം.. പക്ഷേ ഇപ്പോൾ നിൻ്റെ പപ്പയൊരു ഹാർട്ട് പേഷ്യൻ്റാണെന്ന് നിനക്കറിയില്ല”

ദേവമ്മയുടെ സംസാരം കേട്ടതും, നിലമിറങ്ങി വെട്ടിയ ഒരു ഇടി തൻ്റെ തലയിൽ കൊണ്ടെന്ന
പോലെ അവൾ നിമിഷങ്ങളോളം തരിച്ചു നിന്നു.

പിന്നെ ഇടയ്ക്ക്, ഞെട്ടലിൽ നിന്ന് വിമുക്തയായ അവൾ ദയനീയതയോടെ ദേവമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഗൂഢമായ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ മിന്നിപൊലിഞ്ഞതുപോലെ ഏയ്ഞ്ചലിനു തോന്നി.

ദേവമ്മയുടെ വാക്കുകൾ കേൾക്കുന്നതോടൊപ്പം ഏയ്ഞ്ചലിൻ്റെ കണ്ണുകൾ പലവട്ടം റിസോർട്ടിലേക്കു നീണ്ടു.

മമ്മയെയും പപ്പയെയും, അലക്സിയെയും അവ്യക്തമായി കാണാം..

എന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ട് ചതിയനായ കുറുക്കൻ്റെ പോലെ അവൻ പപ്പയ്ക്കും, മമ്മയ്ക്കും ചുറ്റും നടക്കുന്നുണ്ട്.

ചതിയുടെ കരുക്കൾ എവിടെയോക്കെയോ ചലിക്കുന്നതു പോലെ തോന്നിയപ്പോൾ ഏയ്ഞ്ചൽ കണ്ണിണകളിലെ മഴചാറലുകൾ മാടി മാറ്റി സംശയത്തോടെ ദേവമ്മയെ നോക്കി.

ഏയ്ഞ്ചലിൻ്റെ ആ നോട്ടം കണ്ടതും, ദേവമ്മയുടെ ചുണ്ടിൽ ഒരു പുച്ഛചിരി വിടർന്നു.

“നീ അലക്സിയെ കല്യാണം കഴിച്ചെന്നു പറയുന്നത് ശരിക്കും ശരിയാണോ ദേവമ്മാ ?”

ദേവമ്മയെ സംശയത്തോടെ ചുഴിഞ്ഞു നോക്കി കൊണ്ട് ഏയ്ഞ്ചൽ ചോദിച്ചതും, അവൾ കുലുങ്ങി ചിരിച്ചു.

” അതേ ഏയ്ഞ്ചൽ.. ശരിക്കുള്ള കല്യാണം തന്നെയായിരുന്നു.. ആ കല്യാണത്തിന് നിൻ്റെ പപ്പയുടെയും, മമ്മയുടെയും അനുഗ്രഹം കൂടി ഉണ്ടായിരുന്നു. ”

ചിരിയോടോപ്പം പറയുന്ന ദേവമ്മയുടെ വാക്കുകൾ വിശ്വസിക്കാനാവാതെ ഏയ്ഞ്ചൽ നിൽക്കുമ്പോൾ, അവൾ സാരിക്കിടയിൽ, ബ്ലൗസിനടിയിലേക്ക് അമർന്നു പോയ, താലി പുറത്തേക്ക് എടുത്ത് അവളെ കാണിച്ചു.

“ഇതാണ് അലക്സി
കെട്ടിയ താലി… വർഷം കുറച്ച്‌ ഏറെയായതുകൊണ്ട് ഈ താലിക്ക് കുറച്ച് നിറം മങ്ങിയിട്ടുണ്ടെങ്കിലും, ഞങ്ങളുടെ സ്നേഹത്തിന് ഇതുവരെ ഒരു മങ്ങൽ പോലും സംഭവിച്ചിട്ടില്ല.. ”

ചിരിച്ചു കൊണ്ടു പറയുന്ന ദേവമ്മയെ സംശയത്തോടെ ഏയ്ഞ്ചൽ കൂർപ്പിച്ചു നോക്കി.

” ഇപ്പോഴും നിനക്ക് സംശയം തീർന്നിട്ടില്ല അല്ലേ ഏയ്ഞ്ചൽ? നിനക്കെന്നല്ല ആർക്കും അങ്ങിനെയൊരു സംശയം ഉണ്ടാകാം.. കാരണം ഞങ്ങൾ ജീവിക്കുന്ന വ്യത്യസ്ത തലങ്ങളിലുള്ള വ്യത്യാസം തന്നെയാണ് അതിനു കാരണം… പിന്നെ
തുള്ളി തെറിക്കുന്ന മാംസം കാണിച്ച് ഒരു പുരുഷൻ്റെ മനസ്സിനെ കാലങ്ങളോളം തളക്കാൻ പറ്റില്ലെന്നും, അവൻ്റെ പോക്കറ്റിലെ കുറച്ചേറെ പൈസ മാത്രമേ നമ്മളെ തേടിവരുകയുള്ളുവെന്നും മനസ്സിലാക്കാൻ ഞാനിത്തിരി വൈകിയെങ്കിലും, ക്ഷമയോടെയുള്ള സ്നേഹം കൊണ്ട് അവൻ്റ മനസ്സ് കീഴ്പ്പെടുത്താമെന്ന് ഒടുവിൽ ഞാൻ മനസ്സിലാക്കുകയായിരുന്നു.”

ദേവമ്മയുടെ സംസാരം കേട്ടതും, ഏയ്ഞ്ചൽ പുച്ഛത്തോടെ ശിരസ്സിളക്കി.

“ഞാൻ പറഞ്ഞത് നിനക്ക് പുച്ഛമായി തോന്നാം… പക്ഷേ അത് തികച്ചും വാസ്തവം ആണെന്ന് നിനക്കിവിടെ നോക്കുമ്പോൾ കാണാം ”

പറഞ്ഞതും ദേവമ്മ തൻ്റെ സാരി വിടർത്തി മാറ്റി.

ദേവമ്മയുടെ അടിവയറിൽ
അവ്യക്തതയിലേക്ക് അമരുന്ന അനേകം കറുത്തപാടുകളെ അമ്പരപ്പോടെയും, അത്ഭുതത്തോടെയും ഏയ്ഞ്ചൽ നോക്കി കണ്ടു.

” ഇതൊന്നും പെണ്ണുങ്ങൾക്ക് അണി വയറിലുണ്ടാകുന്ന മനോഹരമായ മറുകുകളല്ല ഏയ്ഞ്ചൽ… മറിച്ച് അലക്സിച്ചായന് എന്നോടു കാമം മാത്രമുണ്ടായിരുന്ന നാളുകളിൽ തന്ന പൊള്ളിച്ചകളാണ് ഇതൊക്കെ… ഇപ്പോൾ കാമത്തിനു പകരം അലക്സിച്ചായന് എന്നോടു പ്രണയമായപ്പോൾ ആ പൊള്ളിയ പാടുകളൊക്കെ മാഞ്ഞു തുടങ്ങി.സ്നേഹം കൊണ്ട് അലക്സിച്ചായൻ മായ്ച്ചു തുടങ്ങി…അതിനർത്ഥം സ്നേഹം കൊണ്ട് ചിലരെ നമ്മൾക്ക് മാറ്റാൻ പറ്റും ഏയ്ഞ്ചൽ… പക്ഷേ മറ്റു ചിലരെ ഒരിക്കലും… ”

പാതിയിലെത്തി വാക്കുകൾ പതറി നിന്നതും, ദേവമ്മ സങ്കടത്താൽ മുഖം തിരിച്ചതും ഓരേ നിമിഷമായിരുന്നു.

” അപ്പോൾ നീ കല്യാണം കഴിച്ച നിൻ്റെ ആദ്യ ഭർത്താവ്?”

ദേവമ്മയുടെ സംസാരം കേട്ട ഏയ്ഞ്ചൽ സംശയത്തോടെ ചോദിച്ചപ്പോൾ അവളുടെ ചുണ്ടിൽ ഒരു വിളറിയ ചിരി മാഞ്ഞു.

” അതിനുള്ള ഉത്തരമാണ് ഞാൻ നേരത്തെ പറഞ്ഞ വാക്കുകൾ.. സ്നേഹം കൊണ്ട് ചിലരെ നമ്മൾക്ക് മാറ്റിയെടുക്കാൻ കഴിയും… പക്ഷേ മറ്റു ചിലരെ ഒരിക്കലും മാറ്റിയെടുക്കാൻ കഴിയില്ല. അങ്ങിനെയുള്ളവരെ പിന്നെയെന്തിന് നമ്മോടൊപ്പം കൂട്ടണം? അങ്ങിനെയുള്ള ബന്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതല്ലേ നല്ലത്?.. അങ്ങിനെ അവസാനിപ്പിച്ചതാണ് എൻ്റെ ആദ്യ ഭർത്താവുമായുള്ള ബന്ധം”

ദേവമ്മയുടെ സംസാരം കേട്ടതും, ഏയ്ഞ്ചൽ പതിയെ തലയാട്ടി അവളെ തന്നെ നോക്കി നിന്നു.

” എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ലായെന്ന് അറിഞ്ഞപ്പോൾ അയാൾക്ക് അനിഷ്ടങ്ങൾ തുടങ്ങി.
അതോടൊപ്പം ഇടിയും, തൊഴിയും.. എന്നും നോവുന്ന മനസ്സോടെയും, എപ്പോഴും മുറിയുന്ന ശരീരത്തോടെയും എത്ര നാളെന്നു വെച്ചാ അയാളോടൊപ്പം താമസിക്കുക? ചോദ്യത്തിനുത്തരം എൻ്റെ മനസ്സ് പോലും നൽകാതിരുന്നപ്പോഴാണ്, ജീവിക്കാൻ പോലും ബുദ്ധിമുട്ടിയപ്പോഴാണ് അയാളോട് പോലും ചോദിക്കാതെ ആദ്യമായി ഞാൻ അലക്സിച്ചായൻ്റെ അടുത്തേക്ക് പോകുന്നത്…”

ഇടയ്ക്കെപ്പോഴോക്കെയോ അവളുടെ ശബ്ദം ഗദ്ഗദത്താൽ മുറിയുന്നുണ്ടായിരുന്നു.

“ഇപ്പോൾ പരമസുഖത്തോടെ അലക്സിച്ചായനുമായി ജീവിക്കുന്നു. കുട്ടികൾ ഇല്ലായെന്ന ഒരു ദു:ഖം മാത്രമേയുള്ളൂ… പറയുമ്പോൾ നിസാരമാണെങ്കിലും വന്ധ്യതയെക്കാളും വലിയ ദു:ഖമുണ്ടോ ഏയ്ഞ്ചൽ?

ദേവമ്മയുടെ ഓരോ വാക്കുകളും ഏയ്ഞ്ചലിൻ്റെ മനസ്സിലെവിടെയൊക്കെ സംശയത്തിൻ്റെ വിത്തുകൾ പാകുന്നുണ്ടായിരുന്നു.

അലക്സിയും, ദേവമ്മയും കൂടി, പപ്പയ്ക്കും, മമ്മക്കും എതിരെ ചതികുഴികൾ ഒരുക്കുന്നുണ്ടെന്നൊരു തോന്നൽ ഏയ്ഞ്ചലിൻ്റെ മനസ്സിൽ ഇടക്കിടെ വന്നു കൊണ്ടേയിരുന്നു.

“നീയിപ്പോൾ മനസ്സിൽ വിചാരിക്കുന്നതു പോലെ,
നിൻ്റെ പപ്പയുടെ സ്വത്തുക്കൾ കൈവശപ്പെടുത്താൻ വേണ്ടിയാണ് ഞങ്ങൾ കൂടെ കൂടിയതെന്നാണ് പലരുടെയും ചിന്ത… അതും കൂടാതെ ഇപ്പോൾ നിൻ്റെ പപ്പയ്ക്കും, മമ്മക്കും അങ്ങിനെയൊരു തോന്നൽ ഈ വയസാംകാലത്ത് വന്നുവോയെന്നൊരു സംശയം കൂടിയുണ്ട് ”

ദേവമ്മ ഒന്നു നിർത്തി ഏയ്ഞ്ചലിനരികെ പതിയെ ചേർന്നു നിന്നു.

“ഇപ്പോൾ ഞങ്ങളെക്കാൾ കാര്യം ഇവിടുത്തെ കുടുംബഡോക്ടറെയാണ്. എന്തും തുറന്നു പറയുന്നത് അയാളോടു മാത്രം.. കൂടാതെ അയാളുടെ മകൾ ഇടക്കിടെ ഇവിടെ ഇവരോടൊപ്പം വന്നു നിൽക്കാറുണ്ട്…. ”

ദേവമ്മ പറഞ്ഞു തീരുമ്പോഴെക്കും, ഒരു ഓഡി കാർ റിസോർട്ടിൻ്റെ ഗേറ്റ് കടന്ന് പതിയെ ഒഴുകി വന്നു.

“ദാ പറഞ്ഞു തീർന്നേയുള്ളൂ.. അപ്പോഴേക്കും എത്തി… നൂറ് ആയുസ്സാ…”

ഏയ്ഞ്ചലിനു മാത്രം കേൾക്കാൻ പാകത്തിൽ മന്ത്രിച്ചുകൊണ്ട്, ദേവമ്മ മാറി നിന്നപ്പോൾ കാർ ഏയ്ഞ്ചലിനരികെ പതിയെ വന്നു നിന്നു.

“കൂട്ടം തെറ്റിയ കുഞ്ഞാട് തിരിച്ചു വന്നോ?”

പതിയെ താഴുന്ന ചില്ലിനു പുറത്തേക്ക് തലയിട്ട് ചോദിച്ച ആളെ കണ്ടതും, ഏയ്ഞ്ചലിൽ പൊടുന്നനെ സന്തോഷം നിറഞ്ഞു.

ഡോക്ടർ റോയ് ഫിലിപ്പ്.

“ഹായ് ഡോക്ടർ.. എന്താ ഇവിടെ?”

ദേവമ്മ പറഞ്ഞതൊക്കെ മറവിയിലൊതുക്കി വീണ്ടും ഏയ്ഞ്ചൽ അത്ഭുതം കൂറി.

“ഏയ്ഞ്ചലിൻ്റെ ഡോക്ടർ എന്നതുപോലെ ഇവിടുത്തെയും കുടുംബ ഡോക്ടർ തന്നെയാണ് ഞാൻ..”

പറഞ്ഞതും കാറിൻ്റെ ഡോർ തുറന്നു ഡോക്ടർ.

“റിസോർട്ടിനും, ഗേറ്റിനുമിടയിൽ ഇങ്ങിനെ മഴചാറൽ നനഞ്ഞ് താളം ചവിട്ടാതെ കയറിയിരിയ്ക്ക് ”

ഡോക്ടർ ചിരിയോടെ പറഞ്ഞതും, അവൾ നിരസിച്ചു.

“ഇത്തിരി ദൂരമല്ലേയുള്ളൂ ഡോക്ടർ… ഞാൻ നടന്നു വരാം.. വെറുതെ ഈ കാറിൻ്റെ ഉള്ളിലേക്ക് മഴ നനഞ്ഞ ഞാൻ കയറി വൃത്തികേടാക്കണ്ട ”

ചുരിദാറിൻ്റെ അടിഭാഗം പിഴിഞ്ഞു കൊണ്ട് അവൾ പറഞ്ഞതും അയാൾ ചിരിച്ചു.

“അതൊന്നും സാരല്യ… ഇപ്പോ താൻ കയറ്…തീർത്ഥാടനത്തിനു പോകുന്ന അവരുടെ സമയം വെറുതെ വൈകിപ്പിക്കണ്ട ”

ഡോക്ടറുടെ നിർബന്ധത്തിന് വഴങ്ങി ഏയ്ഞ്ചൽ കാറിൽ കയറിയതും, ദേവമ്മ പതിയെ ഗേറ്റിനരികിലേക്ക് നടന്നു.

“അല്ല പപ്പയും, മമ്മയും തീർത്ഥാടനത്തിന് പോകുന്ന കാര്യം ഏയ്ഞ്ചലിനോട് അവർ പറഞ്ഞിട്ടില്ലായെന്നാണ് എന്നോട് പറഞ്ഞത്? പിന്നെ എങ്ങിനെ ഏയ്ഞ്ചൽ അറിഞ്ഞു?”

ഡോക്ടറുടെ ചോദ്യം കേട്ടതും, ഏയ്ഞ്ചൽ സംശയത്തോടെ അയാളെ നോക്കി.

“ഏയ്ഞ്ചൽ എവിടെ ജീവിക്കുന്നു, എങ്ങിനെ ജീവിക്കുന്നു എന്നൊക്കെ അവർക്കറിയാം ഏയ്ഞ്ചൽ.. അവരോട് എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്… പിന്നെ അവർക്ക് ഏയ്ഞ്ചലിനോട് ഇപ്പോൾ ഒരു പിണക്കവും ഇല്ലായെന്നു മാത്രമല്ല.. അവരിപ്പോൾ ഏയ്ഞ്ചലിനെ പറ്റി സ്വപ്നവും കണ്ടു തുടങ്ങിയിട്ടുണ്ട്. ”

ഡോക്ടർ റോയ് ഫിലിപ്പിൻ്റെ വാക്കുകൾ കേട്ടതും, ഏയ്ഞ്ചലിന് പതിയെ എല്ലാം മനസ്സിലാകുകയായിരുന്നു.

” അലീനമോൾ എവിടെ?”

കൂടുതലൊന്നും ചോദിക്കാൻ കഴിയാതെ, ഏതോ വികാരത്താൽ അവൾ പതിഞ്ഞ ശബ്ദത്തോടെ
ചോദിക്കുമ്പോൾ അവളുടെ കവിൾത്തടത്തിൽ നേർത്ത ചുവപ്പ് പടർന്നു തുടങ്ങിയിരുന്നു.

” അവൾ വന്നില്ല.. അരുണുമായി ചെറിയ പിണക്കത്തിലാണെന്ന് പറഞ്ഞു അവൾ പിണങ്ങി കിടക്കുകയാ.. ”

പതിയെ പറഞ്ഞു കൊണ്ട് ഡോക്ടർ റോയ് ഫിലിപ്പ് നേർത്ത മന്ദഹാസത്തോടെ ഏയ്ഞ്ചലിനെ നോക്കി.

“മഞ്ഞുരുക്കത്തിൻ്റെ കാലമായെന്നു തോന്നുന്നു അല്ലേ ഏയ്ഞ്ചൽ… ”

മൗനം പോലെ മന്ത്രിച്ചിരുന്ന ഡോക്ടറെ നോക്കി അവൾ പതിയെ ശിരസ്സിളക്കി.

“അല്ല ഏയ്ഞ്ചൽ അരുൺ എവിടെ? ഏയ്ഞ്ചൽ ഇന്ന് ഇവിടെ വരുമെന്ന് അവനാണ് എന്നോട് പറഞ്ഞത്… എന്നിട്ട് അവൻ എവിടെ പോയി ഒളിച്ചിരിക്കുകയാണ് ?”

ഡോക്ടറുടെ ചോദ്യം കേട്ടതും വല്ലാത്തൊരു വിഷമത്തോടെ ഏയ്ഞ്ചൽ ഗേറ്റിലേക്ക് തിരിഞ്ഞു നോക്കി.

മഴനൂലുകൾക്കപ്പുറം, കാറിനെയും, അതിൽ ഇരിക്കുന്ന മകനെയും കാണാൻ കഴിയാത്ത വിധം, അന്തരീക്ഷം അവ്യക്തതയിലമർന്നിരിക്കുന്നത് കണ്ടപ്പോൾ ഏയ്ഞ്ചൽ വേദനയോടെ തൻ്റെ വയറിൽ പതിയെ തലോടി.

തൻ്റേടത്തോടെ റിസോർട്ടിലേക്കു കടന്നു വരാൻ കഴിയാതെ, ഗേറ്റിൽ പാർക്ക് ചെയ്ത കാറിൽ ഒരു അന്യനെപോലെ ഇരിക്കുന്ന മകൻ്റെ അടുത്തേക്ക് തിരിഞ്ഞോടാൻ അവളുടെ മാതൃത്വം ആഗ്രഹിച്ച സമയത്ത് തന്നെയായിരുന്നു, ഏയ്ഞ്ചലിൻ്റെ കാർ അരുണുമായി പതിയെ മുന്നോട്ട് നീങ്ങികൊണ്ടിരുന്നത്.

ഡ്രൈവിങ്ങ് സീറ്റിൽ ദേവമ്മയും !!!….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button