Novel

ഏയ്ഞ്ചൽ: ഭാഗം 24

രചന: സന്തോഷ് അപ്പുകുട്ടൻ

“അക്ഷരങ്ങളോടും, അംഗീകാരങ്ങളോടും വല്ലാത്തൊരു ആത്മബന്ധം പുലർത്തുന്നതിനിടയ്ക്ക്, മക്കളോടുള്ള അച്ഛനമ്മമാരുടെ ആത്മാർത്ഥത തൊട്ടറിയാൻ പറ്റിയില്ല അല്ലേ, ഞങ്ങളുടെ മോൾക്ക് ഇക്കാലമത്രയും…”

നിറയുന്ന കണ്ണുകൾ അമർത്തി തുടച്ച് മേരി അത് ചോദിക്കുമ്പോൾ, വാർദ്ധക്യത്തെ വരവേറ്റു തുടങ്ങിയ അവരുടെ മുഖം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

ചാറൽമഴ പോലെയുള്ള ആ കണ്ണീർ ചോദ്യത്തിന് ഉത്തരം നൽകാനാവാതെ അവൾ നിറയുന്ന കണ്ണുകളോടെ പപ്പയെ നോക്കി.

” നിൻ്റെ മമ്മ ചോദിച്ചതിൽ കാര്യമുണ്ട് മോളൂ.. ഇത്രയും വർഷങ്ങൾ നിൻ്റെ പപ്പയും, മമ്മയും കരയാതെ കരയുകയായിരുന്നു… നാലു ചുമരുകൾക്കുള്ളിൽ വാശിയോടെ… ആ കരച്ചിൽ പുറത്തുള്ളവർക്ക് കേൾക്കാൻ കഴിയാത്ത വിധം നിശബ്ദമായിരുന്നെന്ന് മാത്രം ”

തന്നെ നോക്കി പതറി പറയുന്ന പപ്പയുടെ കണ്ണുകളിൽ വേലിയേറ്റമുയരുന്നത് കണ്ടപ്പോൾ, പെട്ടെന്നൊരു മിന്നൽ തൻ്റെ ഇടനെഞ്ചിനെ, കീറി മുറിച്ചു പോകുന്നതു പോലെയുള്ള വേദനയിൽ അവളുടെ ഹൃദയം വിറകൊണ്ടു..

പുറത്തേക്ക് ഒഴുകി പടരേണ്ട വാക്കുകൾ തൊണ്ടയിൽ കുടുങ്ങി കിടന്നു പുളയുന്നതിൻ്റെ അസ്വസ്ഥത ആ നിമിഷം അവളറിയുകയായിരുന്നു.

ഒരായിരം വാക്കുകൾ ഒരു നിമിഷം കൊണ്ടു പപ്പയോടും, മമ്മയോടും പറഞ്ഞു തീർക്കുന്ന ആ പഴയ ഏയ്ഞ്ചൽ, വാക്കുകളൊന്നും കിട്ടാതെ പതറി നിൽക്കുന്ന വല്ലാത്തൊരു അവസ്ഥ….

വിങ്ങുന്ന മനസ്സിൻ്റെയും, വേദനിക്കുന്ന ഹൃദയത്തിൻ്റെയും, പ്രതിഫലനമെന്നോണം അവളുടെ മിഴിയിണകളിൽ ചുടുകണ്ണീരിൻ്റെ ഉറവ പൊട്ടി തുടങ്ങിയിരുന്നു.

നിശബ്ദമായ നിമിഷങ്ങൾ…!

ഈ സമയം വരെ അന്തരീക്ഷത്തിൽ വീശിയടിച്ചിരുന്ന കാറ്റും, ആർത്തിരമ്പി വന്നിരുന്ന മാരിയും, ആകാശകോണുകളിലെ വിടെയോ ഒളിച്ചിരിക്കുന്നു.

ചലനങ്ങളുടെ
നെയ് വെളിച്ചമില്ലാതെ
കാലം ഒരു ദീപസ്തംഭം പോലെ,കറുത്തു നിൽക്കുന്നു…

ആറു കണ്ണുകൾ, ആറു സമുദ്രമായി നിശബ്ദതയോടെ
കരകവിയുന്ന ദയനീയമായ കാഴ്ച!

ആ കാഴ്‌ച കണ്ട അലക്സിയും, ഡോക്ടർ റോയി ഫിലിപ്പും പരസ്പരം നോക്കി തലയാട്ടുമ്പോൾ, അവരുടെ കണ്ണിലും, ആ ദൃശ്യം വെള്ളത്തിലെ
പ്രതിബിംബം പോലെ തെളിഞ്ഞു തുടങ്ങിയിരുന്നു.

“ഇത്രയും കാലം ഞങ്ങളെ കാണാതെ മോൾക്ക് തനിച്ച് താമസിക്കാൻ എങ്ങിനെ കഴിഞ്ഞു? ഇത്രയും നാൾ ഇങ്ങിനെ അകന്നിരിക്കാൻ അത്രയ്ക്കും തെറ്റ് ഈ പാവം പപ്പയും, മമ്മയും മോളോട് ചെയ്തിട്ടുണ്ടോ?”

ഫിലിപ്പോസിൻ്റെ നാവിൽ നിന്നുതിർന്ന തളർന്ന വാക്കുൾ ചോദ്യമായി പരിണമിക്കുമ്പോൾ, അതൊരു ചുഴലിക്കാറ്റ് ആയാണ് ഏയ്ഞ്ചലിന് തോന്നിയത്.

ഇന്നോളം തന്നെ പൊതിഞ്ഞുവെച്ചിരുന്ന അഹന്തയുടെ മേലാപ്പുകളെ പച്ചയായ യഥാർത്ഥ്യത്തിൻ്റെ താഴ്വാരത്തേക്ക് മുച്ചൂടും ചുഴറ്റിയെറിഞ്ഞിരിക്കുന്നു ആ ചുഴലികാറ്റ്..

“നിങ്ങൾക്ക് വേണ്ടി ഒരു ആയുസ്സ് മുഴുവൻ കാനഡയിൽ കിടന്ന് ജീവിച്ചവരാണ് ഞങ്ങൾ.. പ്രിയപ്പെട്ടവരെ കാണാൻ കഴിയാതെ, നാട്ടിലെ ഒരു ആഘോഷങ്ങളിലും പങ്കെടുക്കാൻ കഴിയാതെ, സ്വന്തം നാടിൻ്റെ ഋതുക്കളറിയാതെ, ഗന്ധമറിയാതെ എത്രയോ വർഷം ?”

വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ മേരി, ഫിലിപ്പോസിനെയും, ഏയ്ഞ്ചലിനെയും മാറി മാറി നോക്കുമ്പോൾ, ആ കണ്ണിൽ നിന്ന് കണ്ണീർ ഇടയ്ക്കിടെ അടർന്നുവീഴുന്നുണ്ടായിരുന്നു.

” രോഗിയായിട്ടല്ലാതെ ഞങ്ങൾ രണ്ടു പേരും ആശുപത്രി ഗന്ധങ്ങൾക്കിടയിൽ ഇത്രയും വർഷം ജീവിച്ചത് നിങ്ങൾ രണ്ടു പേർക്ക് വേണ്ടിയായിട്ടായിരുന്നു… ഞങ്ങളുടെ മക്കൾക്കു വേണ്ടീട്ടായിരുന്നു. രോഗികൾക്കിടയിലൂടെ പതറി നടക്കുമ്പോഴും ഓർമ്മയിൽ തെളിഞ്ഞു നിന്നത് നിങ്ങളുടെ മുഖമായിരുന്നു… എന്നിട്ടും നിനക്കൊക്കെ ഞങ്ങളെ ഒരിക്കലെങ്കിലും മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ?? സുഖം തേടി പോയ രണ്ടു മനുഷ്യർ.. അതായിരുന്നല്ലോ നിങ്ങളുടെ മനസ്സിൽ ഈ പപ്പയ്ക്കും, മമ്മയ്ക്കും ഉള്ള സ്ഥാനം?”

നനഞ്ഞൊഴുകുന്ന വാക്കുകൾക്കൊപ്പം,
പെയ്തുതോരാത്ത മഴ പോലെ, ആർത്തലച്ചു കൊണ്ടൊഴുകി വന്നിരുന്ന മേരിയുടെ കണ്ണീർ തുടയ്ക്കുമ്പോൾ, ഫിലിപ്പോസിൻ്റെ കൈ വല്ലാതെ വിറച്ചിരുന്നു.

“നമ്മളിലും തെറ്റില്ലേ മേരി ? നമ്മളും നല്ലവണ്ണം ശ്രദ്ധിക്കേണ്ടിയിരുന്നില്ലേ നമ്മുടെ മക്കളെ?”

ഗദ്ഗദത്തോടെ ചോദ്യമുയർത്തിയ ഫിലിപ്പോസിനെ ഒന്നും മനസ്സിലാവാതെ നോക്കി നിന്നു മേരി.

“ജീവിതത്തിൽ
കൂട്ടിയും,ഗുണിച്ചും, ഹരിച്ചും, കിഴിച്ചും നോക്കിയാൽ ശിഷ്ടം പൂജ്യമാണ് കിട്ടുന്നതെങ്കിൽ അതിന് അവകാശം മാതാപിതാക്കൾക്കാണ് എന്ന് നമ്മൾ മറന്നു മേരി.. ആ കണക്കിലെ ക്രൂരമായ കളികൾ എന്നും ഏറ്റു വാങ്ങേണ്ടവർ നമ്മളെ പോലെ ഗതികിട്ടാത്ത മാതാപിതാക്കളാണെന്നും നാം മറന്നു!?”

നിറയുന്ന കണ്ണുകളോടെയുള്ള ഫിലിപ്പോസിൻ്റെ ഗദ്ഗദം നിറഞ്ഞ
സംസാരം കേട്ടതും, ഏയ്ഞ്ചൽ ഒരു തേങ്ങലോടെ ആ നെഞ്ചിലേക്ക് പറ്റി ചേർന്നു.

“സോറി പപ്പ… ഒരുപാട് സോറി… ഒരായിരം സോറി… ”

കാതങ്ങളോളം മരുഭൂമിയിലൂടെ നടന്നു കാലുപൊളളിയടർന്നവൾ, അപ്രതീക്ഷിതമായി സുരക്ഷിതത്വത്തിൻ്റെ സുഖശീതളിമയിലേക്ക് എത്തിപ്പെട്ടതിൻ്റെ അടങ്ങാനാവാത്തവിധം സന്തോഷമടങ്ങിയിരുന്നു അവളുടെ വാക്കുകളിൽ .

ഏയ്ഞ്ചലിൻ്റെ പ്രായശ്ചിത്തം നിറഞ്ഞ കണ്ണുനീർ ഫിലിപ്പോസിൻ്റ നെഞ്ചിലൂടെ ഒഴുകുമ്പോൾ, മേരിയുടെ കണ്ണുകൾ ചുമരിൽ ചേർത്തുവെച്ചിരുന്ന
ക്രൂശിതനായ കർത്താവിൻ്റെ രൂപത്തിലേക്ക് നീണ്ടു…

ഓർമ്മകൾ, ക്രൂശിതനായ കർത്താവിൻ്റെ നൊമ്പരപ്പാട് പോലെ മനസ്സിൽ നിറയുന്നത് മേരി അറിഞ്ഞു തുടങ്ങി.

മഞ്ഞുപൊഴിയുന്ന ഡിസംബറിലെ പ്രഭാതങ്ങളിൽ രണ്ട് മക്കളെയും ചേർത്തു പിടിച്ചു പുലർച്ചെ കുർബാനയ്ക്ക്
പള്ളിയിലേക്കു പോകുന്നതവർക്ക് ഓർമ്മ വന്നു.

മഞ്ഞിറങ്ങുന്ന ഇടവഴികളിലൂടെ, മാലാഖമാരുടെ കഥയും പറഞ്ഞ് നടന്നു നീങ്ങിയ പുലർകാലങ്ങൾ..

ആകാശത്ത് വിളറി നിൽക്കുന്ന നക്ഷത്രങ്ങളിലേക്കു നോട്ടമിട്ടു, പാതിയുറക്കത്തോടെ പതിയെ ചേർന്നു നടക്കുന്ന രണ്ട് മക്കളെയും
ചേർത്തുപിടിച്ചുള്ള ആ നടത്തം, കഴിഞ്ഞ ജന്മത്തിലായിരുന്നോ എന്നു പോലും അവർ സന്ദേഹിച്ചു.

വാടക കെട്ടിടമെടുത്തു രോഗികളെ പരിശോധിച്ചു തുടങ്ങിയ നാളുകൾ അല്ലലില്ലാതെയും, അഹ്ളാദത്തോടെയും കുട്ടികളുമായും സന്തോഷത്തിൽ കഴിഞ്ഞിരുന്ന കാലമായിരുന്നു.

മാതാപിതാക്കൾ ഡോക്ടർമാരാണെന്നതിൻ്റെ ഗമയും പേറി, കൊച്ചു കുട്ടികളായിരുന്ന അവർ മറ്റു കുട്ടികളുടെ മുന്നിൽ അഭിമാനത്തോടെ നടന്ന കാലം…

സന്തോഷത്തോടെയും, അതിലേറെ അഹ്ളാദത്തോടെയും, ഒരു ചില്ലയിലെ നാലു പൂക്കൾ പോലെ ഒട്ടിചേർന്ന കാലം…

ആത്മസംതൃപ്തിയുടെ പുലർമഞ്ഞ് എങ്ങും ഒഴുകി പടർന്ന, നിറങ്ങളിൽ തുള്ളിയിറങ്ങിയ വസന്തകാലം !

എല്ലാം എത്ര പെട്ടെന്നാണ് അവസാനിച്ചത്….

കാലത്തിൻ്റെ വികൃതിയിൽ കൊഴിഞ്ഞു വീണ ആ പൂക്കൾ പല ദിക്കിലേക്ക് പാറിയകന്നത് എത്ര പെട്ടെന്നായിരുന്നു.

കാനഡയിലേക്ക് ചേക്കാറാനുള്ള കടലാസ് കൈയിൽ കിട്ടിയപ്പോൾ, ആയിരം ക്രിസ്തുമസ് രാത്രിയിലെ മഞ്ഞ്, ഒന്നിച്ച് മനസ്സിലേക്കിറങ്ങി പടർന്ന പ്രതീതിയായിരുന്നു.

സൗഭാഗ്യകാലമെന്ന് വിശ്വസിച്ചിരുന്നെങ്കിലും, അതൊരു വേർപിരിയലിൻ്റെ തുടക്കമായിരുന്നുവെന്ന് പതിയെ പിന്നീട് തിരിച്ചറിയുകയായിരുന്നു.

ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കാനഡയിലേക്ക് പോയപ്പോൾ, ജീവിതം, ഒരിക്കലും ചേർത്തു പിടിക്കാൻ കഴിയാത്ത വിധം പതിയെ കൈവിടുകയാണെന്ന് അന്ന് അറിഞ്ഞിരുന്നില്ല.

ഏയ്ഞ്ചലും, എബിയും ബോർഡിങ്ങിലേക്ക് മാറിയപ്പോൾ, അവർ പപ്പയുടെയും, മമ്മയുടെയും കൈവിരൽ തുമ്പിൽ നിന്ന് അകലുകയാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതുമില്ല…

മാതാപിതാക്കളും, മക്കളും വ്യത്യസ്ത ധ്രുവങ്ങളിൽ അകപ്പെട്ടപ്പോൾ, ബന്ധങ്ങളിൽ വിള്ളൽ വീണു തുടങ്ങിയിരുന്നു.

ബാല്യകാലത്തും, കൗമാരകാലത്തും മക്കൾക്ക് പണമല്ല ആവശ്യമെന്നും, സ്നേഹത്തോടെ ചേർത്തു പിടിയ്ക്കുകയാണെന്ന് വേണ്ടതെന്നും, മനസ്സിലാക്കാൻ കഴിയാതെ പോയതിന് കൊടുക്കേണ്ടി വന്ന വലിയ വില…

അതായിരുന്നു ജീവിതത്തിലെ ഈ വലിയ ഒറ്റപ്പെടൽ!

“മതി ഏയ്ഞ്ചൽ… ഇങ്ങിനെ കൊച്ചു കുട്ടികളെ പോലെ കരയാതെ ”

സങ്കടം കൊണ്ട് ഘനീഭവിച്ച നിശബ്ദ നിമിഷങ്ങൾക്കൊടുവിൽ,
ഡോ: റോയ് ഫിലിപ്പിൻ്റെ വാക്കുകൾ ഉതിർന്നപ്പോൾ അവൾ പതിയെ പപ്പയിൽ നിന്ന് അകന്ന് നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ തുടച്ചു ഡോക്ടറെ നോക്കി.

” ഞാൻ ഇവിടെ നിൻ്റെ പപ്പയെ പരിശോധിക്കുന്ന ഡോക്ടറാ… പപ്പയുടെ അസുഖം എന്താണെന്ന് അറിയോ നിനക്ക്?”

ഡോക്ടറുടെ പതിഞ്ഞ ചോദ്യം കേട്ടതും, അവൾ പതിയെ തലകുലുക്കി.

“അറിയാം ഡോക്ടർ… ദേവമ്മ പറഞ്ഞിരുന്നു”

കരച്ചിലമർത്തി പിടിച്ച് അവൾ പപ്പയെ ദയനീയമായൊന്നു നോക്കി..

“പേടിക്കാനൊന്നുമില്ല ഏയ്ഞ്ചൽ… നിന്നെ കണ്ടപ്പോൾ തന്നെ പപ്പയുടെ പകുതി അസുഖം മാറി… ഇനി എബിയും കൂടി വന്നാൽ, നിങ്ങളുടെ ആ പഴയ പപ്പയുടെ ആരോഗ്യത്തോടെ, ഈ പപ്പയെ നിങ്ങൾക്ക് തിരിച്ചുകിട്ടും ”

ഡോക്ടർ റോയ്ഫിലിപ്പ് പുഞ്ചിരിയോടെ പറഞ്ഞപ്പോൾ, ഏയ്ഞ്ചലിൻ്റ ചുണ്ടിൽ കണ്ണീർ തിളക്കത്തിൻ്റെ ഒരു പുഞ്ചിരി വിടർന്നു.

“എവിടെയാണെങ്കിലും എബിയെയും, കുടുംബത്തെയും നമ്മൾക്ക് വിളിച്ചു വരുത്താം പപ്പാ… ഇനിയുള്ള കാലം നമ്മൾക്ക് സന്തോഷത്തോടെ, ഒരുമിച്ച്….”

പറഞ്ഞു തീരുമ്പോഴെക്കും കണ്ണീരിൽ പതറിപോയ അവൾ പപ്പയുടെ നെഞ്ചിലേക്ക് തലചേർത്ത് വെച്ച് ആ കണ്ണുകളിലേക്ക്, ഒരു കൊച്ചുകുട്ടിയെ പോൽ നോക്കി.

“ഇങ്ങിനെ വയ്യാത്തിടത്ത് എന്തിനാ പപ്പാ ഇങ്ങിനെയൊരു തീർത്ഥാടനം? അതൊക്കെ പപ്പയ്ക്ക് പൂർണ ആരോഗ്യം കിട്ടുമ്പോൾ നടത്തിയാൽ പോരേ?”

“ഞങ്ങൾ വിളിച്ചാൽ അവൻ വരുമോ മോളെ? ഇത്രയും കാലത്തെ പിണക്കം ഒരൊറ്റ ഫോൺ കോളിൽ ഉരുകിയൊലിക്കുമോ?”

ഏയ്ഞ്ചലിൻ്റെ ചോദ്യത്തിന് മറുപടി പറയാതെ മറ്റൊരു ചോദ്യമാണ് ഗദ്ഗദത്തോടെ ഫിലിപ്പോസ് ചോദിച്ചത്.

” വരും പപ്പാ… ഈ നാടുമായി അവനുള്ള ഏക ബന്ധം നമ്മൾ മാത്രമാണല്ലോ? പപ്പ ഒന്നു വിളിച്ചാൽ നാടുകാണാനെന്ന മട്ടിലാണെങ്കിലും അവനും, കുടുംബവും വന്നിറങ്ങും… എനിക്ക് ഉറപ്പാണ്… ചിലപ്പോൾ… ചിലപ്പോഴല്ല ഉറപ്പായും അവൻ പപ്പയുടെ ഒരു ഫോൺ കോളിനായ് കാത്തിരിക്കുന്നുണ്ടാകും”

ഏയ്ഞ്ചൽ പറയുന്നത് ശരിയെന്ന മട്ടിൽ ഫിലിപ്പോസ് പതിയെ തലയാട്ടി.

നാട്ടിൽ കോളിളക്കം സൃഷ്ടിച്ചൊരു പ്രണയ വിവാഹമായിരുന്നു എബിയുടേയും,
ആതിരയുടെയും..

സാമ്പത്തികത്തിൽ ഓരേപോലെ നിൽക്കുമെങ്കിലും, വ്യത്യസ്ത മതമായതുകൊണ്ട്, പ്രശ്നങ്ങൾ ഏറെയായിരുന്നു.

വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ട്, എബിയുടെ കൈ പിടിച്ച്‌ ആതിര
ഇറങ്ങിപോയപ്പോൾ, ആ കുടുംബം അവളെ എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ചിരുന്നു.

” ഞാൻ വിളിക്കാം മോളേ…അവനെ. പക്ഷേ ഒന്നു ബന്ധപ്പെടാൻ ഒരു നമ്പറെങ്കിലും പപ്പയുടെ കൈയിലില്ലല്ലോ?”

ഫിലിപ്പോസിൻ്റെ ദയനീയമായ ചോദ്യം കേട്ടതും, ഏയ്ഞ്ചൽ പതിയെ അലക്സിയെ നോക്കി.

” അലക്സിയുടെ കൈയിൽ ഉണ്ടാകുമല്ലോ എബിയുടെ നമ്പർ… അല്ലേ അലക്സി ? ”

ഏയ്ഞ്ചലിൻ്റെ ചോദ്യം കേട്ടതും, ഫിലിപ്പോസ് സംശയത്തോടെ അലക്സിയെ നോക്കി.

” അതെ പപ്പാ… അലക്സിയുടെ അനിയൻ അലൻ, എബിയുടെ വളരെ അടുത്ത ഫ്രണ്ടാണ്…ഫ്രണ്ട് എന്നു പറഞ്ഞാൽ എല്ലാ തരികിടകൾക്കും ഒപ്പം കൂടുന്നവർ… അവനൊക്കെ കൂടിയാണ് ആതിരയെന്ന പെൺകുട്ടിയെ അവളുടെ വീട്ടിൽ നിന്ന് ചാടിക്കുന്നതിൽ മുൻപന്തിയിൽ നിന്നിരുന്നത് ”

ഏയ്ഞ്ചലിൻ്റെ സംസാരം കേട്ടതും, ഫിലിപ്പോസും, മേരിയും സംശയത്തോടെ അലക്സിയെ ചുഴിഞ്ഞു നോക്കി.

“ഏയ്ഞ്ചൽ പറഞ്ഞത് എല്ലാം ശരിയാണ്.. പക്ഷേ എബിയുടെ നമ്പർ എൻ്റെ കൈവശം ഇല്ല.
മിക്കവാറും അലൻ്റെ കൈവശം ഉണ്ടാകും.അവനോട് ചോദിക്കാമെന്ന് വെച്ചാൽ അവനിപ്പോൾ ഇവിടെയില്ല. ദുബായിലാ.
പിന്നെ ഞങ്ങളിപ്പോൾ അത്ര രസത്തിലുമല്ല. ഞാൻ
ദേവമ്മയെ കല്യാണം കഴിച്ചതാണ് ഞങ്ങൾ തെറ്റാൻ കാരണം ”

അലക്സി വിഷമത്തോടെ പറഞ്ഞു നിർത്തിയപ്പോൾ, ഡോ: റോയ്ഫിലിപ്പ് ഇടയിൽ കയറി.

” എബിയുടെ കോണ്ടാക്റ്റ് നമ്പർ നമ്മൾക്ക് പിന്നെ കണ്ടു പിടിക്കാം….. ഇപ്പോൾ നിങ്ങൾ പോകാനിരിക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകൂ”

“മോനേ ”

ഡോക്ടറിൻ്റെ സംസാരം കേട്ടതും, മേരി ദയനീയമായി അയാളെ നോക്കി.

” അതെ അമ്മച്ചി.. ഞാൻ പറഞ്ഞത് കാര്യായിട്ടാ… ഒരിക്കലും അടുത്തേക്ക് വരില്ല എന്നു കരുതിയ ഏയ്ഞ്ചൽ ഇപ്പോൾ നിങ്ങൾക്കരികിലേക്ക് കണ്ണീരോടെ ഓടി വന്നത് കണ്ടില്ലേ? അതുപോലെ തന്നെ എബിയും വരും.. എനിക്ക് ഉറപ്പാ”

റോയ് ഫിലിപ്പിൻ്റെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ കേട്ടതും, ഏയ്ഞ്ചൽ ഒരു പുഞ്ചിരിയോടെ അയാളെ നോക്കിയതും, അയാൾ തൻ്റെ രണ്ടു കണ്ണുകളും ഒന്നു ചിമ്മി തുറന്നു.

“ഈ ബാഗൊക്കെ ഞാൻ കാറിൽ വെച്ചിട്ടു വരാം ”

റോയ് ഫിലിപ്പിൻ്റെയും, ഏയ്ഞ്ചലിൻ്റെയും
പ്രണയലീലകൾ കണ്ട അലക്സി അസഹിഷ്ണുതയോടെ പറഞ്ഞു കൊണ്ട്, ബാഗുകളൊക്കെ എടുത്ത് പുറത്തേക്കിറങ്ങി.

“നിനക്കിപ്പോഴും അലക്സിയോടു ദേഷ്യമുണ്ടോ മോളെ?”

മഴ ചാറൽ നനഞ്ഞ്, കാർ പാർക്ക് ചെയ്തയിടത്തേക്ക് ബാഗുമായി നടന്നു പോകുന്ന അലക്സിയെ നോക്കി ഫിലിപ്പോസ് ചോദിച്ചപ്പോൾ അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.

” അതാണ് മോളെ വേണ്ടത്.. സൂര്യനസ്തമിക്കും വരെ പക വെച്ചു പുലർത്തരുത്…”

ഫിലിപ്പോസ് ഏയ്ഞ്ചലിനെ നോക്കി പറഞ്ഞുകൊണ്ട്, ഒരു നിറം മങ്ങിയ ചിരിയോടെ റോയ് ഫിലിപ്പിനെ നോക്കി.

” പണ്ട് ഇവളെ അലക്സിക്ക് വിവാഹം കഴിച്ചു കൊടുക്കാനായിരുന്നു ഞങ്ങളുടെ പ്ലാനിട്ടത്… അതറിഞ്ഞിട്ടാ ഇവൾ ആരോടും പറയാതെ നാടുവിട്ടത് ”

ഏയ്ഞ്ചലിൻ്റെ പഴയകാല കഥകൾ കേട്ടതും
റോയ്ഫിലിപ്പ് ഒരു കുസൃതിയോടെ അവളെ നോക്കിയതും, ആ ചുണ്ടിൽ നാണത്തിൻ്റെ പുഞ്ചിരി പതിയെ വിടർന്നു.

” ഇഷ്ടമില്ലാത്തവരെ നമ്മളിൽ അടിച്ചേൽപ്പിക്കുമ്പോൾ, ആരായാലും ഇങ്ങിനെ നാടുവിടില്ലേ… അതു തന്നെയാണ് ഞാനും ചെയ്തത് ”

നിസ്സാരമായി പറയുന്ന അവളെ നോക്കി റോയ് ഫിലിപ്പ് പതിയെ തലയാട്ടി.

” അതേ പോലെ ഇവരിപ്പോഴും ഒരു തീരുമാനമെടുത്തിട്ടുണ്ട്., അപ്പോൾ പിന്നെ ഏയ്ഞ്ചൽ ഇനിയും നാടുവിടുമോ?”

റോയ് ഫിലിപ്പിൻ്റെ വാക്കുകൾ കേട്ടതും, ഏയ്ഞ്ചൽ ഒരു കുസൃതിയോടെ അയാളെ കൂർപ്പിച്ചു നോക്കി.

“ഞാനറിയാതെ എൻ്റെ പപ്പയിൽ നിന്നും, മമ്മയിൽ നിന്നും അനുവാദം വാങ്ങിയിട്ടാണല്ലോ ആ വാള് നാടകം അന്നു കളിച്ചത്? ”

ഏയ്ഞ്ചലിൻ്റെ ചോദ്യം കേട്ടതും ഒരു പതർച്ചയോടെ ഡോക്ടർ ഫിലിപ്പോസിനെയും, മേരിയെയും നോക്കി.

” അല്ല ഡോക്ടറെ.. വാളു വെക്കുന്നതിനിടയിൽ എങ്ങിനെ ഇത്ര മനോഹരമായി പ്രൊപ്പോസൽ ചെയ്യാൻ കഴിയുന്നത്.. ഞാൻ അത് ആലോചിച്ച് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് ”

ഏയ്ഞ്ചലിൻ്റെ വാക്കുകൾ ഒഴുകികൊണ്ടിരിക്കെ, റോയ് ഫിലിപ്പിൻ്റെ മുഖം വിവർണമായി കൊണ്ടിരുന്നു.

അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്നറിയാതെ ഫിലിപ്പോസും, മേരിയും സംശയത്തോടെ ഏയ്ഞ്ചലിനെയും,
റോയ്ഫിലിപ്പിനെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.

” ഡോക്ടർ ഇങ്ങിനെ വിളറി വെളുക്കേണ്ട.. സത്യം പറഞ്ഞാൽ എനിക്ക് ഡോക്ടറുടെ ആ പെർഫോമൻസ് ആണ് ഇഷ്ടപ്പെട്ടത്..അതിലാണ് ഞാൻ വീണുപോയത് ”

” അല്ലാതെ അലീനമോളോടുള്ള ഇഷ്ടം കൊണ്ടല്ല ?”

റോയ് ഫിലിപ്പ് പുഞ്ചിരിയോടെ ചോദിച്ചതും, ഏയ്ഞ്ചലിൻ്റെ മുഖം പൊടുന്നനെ മങ്ങി.

” അതറിയാമായിരുന്നിട്ടും അലീന മോളെ ഇങ്ങോട്ടേയ്ക്ക് ഒന്നുകൊണ്ടുവരാൻ തോന്നിയില്ലല്ലോ ഡോക്ടർക്ക്.. അതോ ഇനി ഞാനവളുടെ ശരിക്കുള്ള മമ്മി അല്ലെന്ന് കരുതിയിട്ടാണോ?”

ഏയ്ഞ്ചലിൻ്റെ നീർനിറഞ്ഞ ചോദ്യം കേട്ടതും, റോയ് ഫിലിപ്പ് ഒരു വിളറിയ ചിരിയോടെ ഫിലിപ്പോസിനെയും, മേരിയെയും നോക്കി.

“കുറച്ചു നാൾ കഴിഞ്ഞാൽ അവളെ ഏയ്ഞ്ചലിന് എപ്പോഴും കാണാമല്ലോ?”

റോയ്ഫിലിപ്പ് ഒന്നു നിർത്തി ഫിലിപ്പോസിനെയും, മേരിയെയും ഒരു നിമിഷം നോക്കി വിദൂരതയിലേക്ക് കണ്ണുംനട്ട് പതിയെ തുടർന്നു.

” അലീനയെ മാത്രമേ നിനക്ക് കാണാൻ കഴിയുകയുള്ളൂ ഏയ്ഞ്ചൽ… അരുണിനെ കാണാൻ കഴിയില്ല ”

വാക്കുകൾ പെറുക്കി വെക്കുന്നതു പോലെയുള്ള ഡോക്ടറുടെ വാക്കുകൾ കേട്ട് അവൾ ഒന്നും മനസ്സിലാകാതെ അയാളെ നോക്കി.

” അതെ ഏയ്ഞ്ചൽ.. നമ്മുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞാൽ നമ്മൾ ആസ്ത്രേലിയയിലേക്ക് പോകും.. അപ്പോൾ കൂടെ അലീനയെ മാത്രമേ കൊണ്ടുപോകാൻ കഴിയൂ”

” അപ്പോൾ അരുൺ ?”

കടൽ ഗർജ്ജനം പോലെയുള്ള അവളുടെ ചോദ്യം അവിടം പ്രതിധ്വനിച്ചതും, ഡോക്ടർ നിസഹായതയോടെ ഫിലിപ്പോസിനെയും, മേരിയെയും നോക്കി.

“മോളൂ.. റോയ് പറഞ്ഞതാണ് ശരി… അവന് അങ്ങിനെ ചെയ്യാനേ പറ്റൂ”

ഫിലിപ്പോസിൻ്റെ പതറിയ വാക്കുകൾ കേട്ടതും, ഏയ്ഞ്ചൽ ക്രൂദ്ധയായി അയാളെ നോക്കി.

” ഈ പറഞ്ഞതാണോ ശരി? ഇങ്ങിനെ ചെയ്യുന്നതാണോ നീതി? അങ്ങിനെയാണെങ്കിൽ ഈ പറഞ്ഞ ശരിയും, നീതിയും എനിക്കു വേണ്ട… ചുരുക്കി പറഞ്ഞാൽ എൻ്റെ മോനില്ലാത്ത ഒരു സ്വർഗലോകം എനിക്കു വേണ്ട”

കിതപ്പോടെ പറയുന്ന ഏയ്ഞ്ചലിൻ്റ കണ്ണുകൾ ചോർന്നു തുടങ്ങി.

“ഈ കാര്യങ്ങളൊക്കെ മനസ്സിൽ വെച്ച്, പ്രണയവും, സെൻ്റിയും ഇടകലർത്തി
എത്ര വിദഗ്ദമായിട്ടാണ് എൻ്റെ മനസ്സ് കീഴടക്കിയത് അല്ലേ ഡോക്ടർ…ഇത്രയും സ്വാർത്ഥനാകരുതായിരുന്നു ഡോക്ടർ.. ഇത്രയും ചീപ്പ് ആകരുതായിരുന്നു ഡോക്ടർ…”

മലവെള്ളം പോലെ വരുന്ന ഏയ്ഞ്ചലിൻ്റ ദേഷ്യം വമിക്കുന്ന വാക്കുകൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ നിസഹായതോടെ അയാൾ ഫിലിപ്പോസിനെ നോക്കി.

“കൂൾ ഡൗൺ മോളൂ. പപ്പ പറയുന്നത് ഒന്നു കേൾക്ക്.. മോൾ നല്ല ബുദ്ധിമതിയാണ്. അത് പപ്പക്കറിയാം. അതുപോലെ നല്ല ലോക പരിചയമുള്ളവളാണെന്നും അറിയാം. പക്ഷേ അങ്ങിനെയാണെങ്കിലും മോൾ ശരിയാണെന്നു വെച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും ശരിയാവണമെന്നുണ്ടോ?”

ഫിലിപ്പോസിൽ നിന്നുതിർന്ന പതിഞ്ഞ ചോദ്യത്തിൻ്റെ അർത്ഥമറിയാതെ അവൾ സംശയത്തോടെ മൂന്നു പേരെയും ഒന്നു വട്ടംചുറ്റി നോക്കി.

” അതേ മോളൂ..പപ്പ ഒരു നല്ല ഡോക്ടറാണെന്നു മോൾക്കറിയില്ലേ? വിദേശത്ത് വർഷങ്ങളോളം പ്രാക്ടീസ് ഉള്ള ആളാണെന്നും… എന്നിട്ടും പപ്പ ഈ വയസ്സാം കാലത്ത് ആശ്രയിക്കുന്നത് മറ്റൊരു ഡോക്ടറെയാണ്… കാരണം സിംപിൾ.. നമ്മുടെ രോഗങ്ങളും, സ്വഭാവങ്ങളും മറ്റൊരാൾ കണ്ടു പിടിക്കുന്നതു പോലെ നമ്മൾക്ക് പറ്റില്ല ”

ഫിലിപ്പോസിൻ്റെ വാക്കുകൾ കേട്ടപ്പോൾ ഏയ്ഞ്ചൽ കിതപ്പടക്കി അയാളെ സംശയത്തോടെ നോക്കി.

“പപ്പ പറഞ്ഞു വരുന്നത്?”

ഏയ്ഞ്ചലിൻ്റ ചോദ്യം കേട്ടതും, ഫിലിപ്പോസ് ഒരു പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു.

“റോയ് പറയുന്നതാണ് ശരി.. വിവാഹം കഴിഞ്ഞാൽ നിങ്ങൾ ആസ്ത്രേലിയയിലേക്ക് അലീനയുമായി പോകണം… അവിടെ നിങ്ങൾ സുഖമായി ജീവിക്കണം”

“അതാ ഞാൻ ചോദിച്ചത്.. എൻ്റെ മോൻ അരുൺ എന്തു ചെയ്യും അപ്പോൾ? ഇന്നോളം എന്നിൽ നിന്നു ഒരു നിമിഷം പിരിഞ്ഞിരിക്കാത്ത എൻ്റെ മോനാ”

വാക്കുകൾക്ക് ഒപ്പം തൊണ്ടയിടറുന്ന ഏയ്ഞ്ചലിൻ്റ കണ്ണുകൾ നീരൊഴുകി പടർന്ന് ചുവപ്പ് നിറം പൂണ്ട് തുടങ്ങി.

” അവനെ ഓർത്ത് നീ വിഷമിക്കണ്ട… ഞങ്ങളൊക്കെയില്ലേ? പിന്നെ അലക്സിയ്ക്കും, ദേവമ്മക്കും കുട്ടികളില്ലാത്തത് അല്ലേ? അവർ അവനെ പൊന്നുപോലെ നോക്കിക്കോളും ”

പപ്പയുടെ വാക്കുകൾ കേട്ട് ഒന്നും മിണ്ടാനാകാതെ ഏയ്ഞ്ചൽ പുറത്തു പെയ്യുന്ന മഴയിലേക്ക് കണ്ണുംനട്ട് ഒരു പ്രതിമ പോലെ നിന്നു.

ചോർന്നൊലിക്കുന്ന കണ്ണുകൾക്ക് തടയിടാനെന്നവണ്ണം, അവൾ കണ്ണുകളടച്ചു നിന്നു.

പൊടുന്നനെ
ആകാശകോണിലൊരു ഇടിമുഴക്കത്തിൻ്റെ ഗർജ്ജനം മുഴങ്ങിയതും, ഏയ്ഞ്ചൽ പേടിയോടെ പപ്പയുടെ നെഞ്ചിലേക്ക് മുഖം ചേർത്തു.

കലങ്ങിയ അന്തരീക്ഷം പോലെയുള്ള, കരഞ്ഞുവീർത്ത ഏയ്ഞ്ചലിൻ്റെ മുഖം പതിയെ പിടിച്ചുയർത്തി ആ നെറ്റിയിൽ ചുണ്ടമർത്തി ഫിലിപ്പോസ്…

“മോൾക്ക് എന്തു വേണമെങ്കിലും തീരുമാനിക്കാം.. മോളുടെ ഒരു ആഗ്രഹത്തിനും ഈ പപ്പയും, മമ്മയും എതിരു നിൽക്കില്ല… ഇത്രയും നാൾ ഞങ്ങൾ നിന്നെയോർത്ത് കരഞ്ഞില്ലേ?ഇനിയും കരയാനാണ് വിധിയെങ്കിൽ അത് ഞങ്ങളുടെ നിയോഗമാണെന്നു കരുതി സമാധാനിച്ചോളാം”

തൻ്റെ നെറ്റിയിലേക്ക് ഒഴുകി പടരുന്ന പപ്പയുടെ കണ്ണീരിൻ്റെ
ചൂട് ഏയ്ഞ്ചൽ തിരിച്ചറിഞ്ഞതും, അവൾ കണ്ണു തുറന്ന് അയാളെ നോക്കി.

“മോൾക്കിപ്പോൾ ഒരു മറുപടി പറയാൻ കഴിയാത്തത് അരുണിനെ കുറിച്ചോർത്തിട്ടാണെന്ന് ഞങ്ങൾക്ക് അറിയാം… പക്ഷേ മോൾക്ക് ഇങ്ങിനെയൊരു സുഖജീവിതം ലഭിക്കണമെന്നുള്ള ആഗ്രഹം ഞങ്ങളെക്കാൾ കൂടുതൽ അരുണിനായിരുന്നു.”

ഫിലിപ്പോസിൻ്റെ വാക്കുകൾ കേട്ടതും അവിശ്വസനീയതയോടെ അവരെയൊന്നു നോക്കി ഏയ്ഞ്ചലിൻ്റെ കണ്ണുകൾ റിസോർട്ടിൻ്റെ ഗേറ്റിലേക്കു നീണ്ടു..

നിർത്താതെ പെയ്യുന്ന മഴയ്ക്കപ്പുറം, മോനോ, മോൻ ഇരിയ്ക്കുന്ന കാറോ കാണാനാകാതെ നെഞ്ചു പൊടിയുന്ന വേദനയോടെ ഏയ്ഞ്ചൽ പപ്പയുടെ മാറിലേക്ക് മുഖം അമർത്തുമ്പോൾ, ടാറിട്ട നിരത്തിനെ ചുംബിച്ചു കൊണ്ട് പതിയെ ഒഴുകുന്ന കാറിൽ, ഡ്രൈവ് ചെയ്യുന്ന ദേവമ്മയുടെ തോളിലേക്ക് ചാരിയിരുന്നു പുറത്ത് ചെയ്യുന്ന മഴയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു അരുൺ..

“എൻ്റെ വീട്ടിലേക്ക് പോകണം ദേവമ്മാ… എൻ്റെ എല്ലാ സാധനങ്ങളും എടുക്കണം അവിടെ നിന്ന്.. എൻ്റെ ഓർമ്മകളുണർത്തുന്ന ഒന്നും പാടില്ല അവിടെ.. ഒന്നും ”

കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർ തുടച്ചു കൊണ്ട് അവൻ വിളറിയ ചിരിയോടെ പറഞ്ഞതും, അവൾ അവനെ നോക്കി പതിയെ തലയാട്ടി, അവൻ്റെ ശിരസ്സിൽ പതിയെ തലോടി….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button