Novel

ഏയ്ഞ്ചൽ: ഭാഗം 25

രചന: സന്തോഷ് അപ്പുകുട്ടൻ

“എന്തൊക്കെയാണ് ഇനി വേണ്ടത് ഡോക്ടർ? ഏതെല്ലാം കണ്ടീഷൻസ് ആണ് ഞാൻ ഫോളോ ചെയ്യേണ്ടത്?”

നീണ്ട നിമിഷങ്ങൾക്കു ശേഷം, കെട്ടുപിണഞ്ഞ ചിന്തകളോടെ ഫിലിപ്പോസിൻ്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി അവൾ പതിയെ ചോദിക്കുമ്പോൾ ആ കണ്ണുകൾ വല്ലാതെ ചുവന്നിരുന്നു.

ഏയ്ഞ്ചലിൻ്റെ ചോദ്യം കേട്ടതും, റോയ് ഫിലിപ്പിന് മറുപടി പറയാൻ കഴിയാതെ അയാൾ മുഖം താഴ്ത്തി.

” പറയണം ഡോക്ടർ… ഒന്നാമത്തെ ഡിമാൻ്റ് ഡോക്ടർ ഇവിടെ പറഞ്ഞു.എൻ്റെ മോനെ ഉപേക്ഷിക്കണമെന്ന്.. രണ്ടാമത്തെ ഡിമാൻ്റ് എന്താണ്? അല്ലെങ്കിൽ വേണ്ട എല്ലാ ഡിമാൻ്റ്സും വൺബൈ വൺ ആയി പറഞ്ഞാൽ മതി.
അതാകുമ്പോൾ കേൾക്കാനും, ഏകാഗ്രതയോടെ മനസ്സിരുത്തി ചിന്തിക്കാനും എളുപ്പാ”

നിറം മങ്ങിയ ചിരിയോടെ പറയുന്ന ഏയ്ഞ്ചലിൻ്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ ഡോക്ടർ റോയ്ഫിലിപ്പ് നിലത്തേക്ക് നോക്കി നിന്നു.

“ഇങ്ങിനെ തലകുനിച്ചു നിൽക്കാതെ, നിവർന്നു നിന്നു കൊണ്ടു തന്നെ എല്ലാം തുറന്നു പറയണം ഡോക്ടർ! ഒരു മടിയും കൂടാതെ തുറന്നു പറയണം…ഇപ്പോൾ ഉളളിലുള്ളതെല്ലാം നന്നായി ഉള്ളുതുറന്നു പറഞ്ഞാലേ പിന്നെ
ഭാവിജീവിതത്തിൽ നമ്മൾക്കൊരു കുഴപ്പവുമില്ലാതെ മുന്നോട്ടുപോകാൻ പറ്റൂ… അതുകൊണ്ട് ഒന്നും ഉള്ളിലടച്ചു വെക്കാതെ തുറന്നു പറയുന്നതല്ലേ നല്ലത്? ”

“മോളേ ”

ചോദ്യത്തിനൊപ്പം ഏയ്ഞ്ചലിൻ്റെ മുഖത്ത് മിന്നിമറയുന്ന ഭാവഭേദങ്ങൾ കണ്ട് പരിഭ്രമിച്ചു പോയ മേരി പതിയെ അവളുടെ കൈ പിടിച്ചു.

“മമ്മ പേടിക്കണ്ട.. ചോദിക്കാനുള്ളതൊക്കെ തുറന്നു ചോദിക്കേണ്ടേ? അല്ലെങ്കിൽ പിൻകാലത്ത് എന്തെങ്കിലും കാരണത്താൽ എന്നെ ഇവിടംകൊണ്ടു വന്ന് ഉപേക്ഷിച്ചാൽ, അന്ന് നമ്മൾക്ക് എന്നെ ഉപേക്ഷിക്കാനുള്ള കാരണം ചോദിക്കാനുള്ള അവസരം പോലും കിട്ടിയെന്നു വരില്ല ”

“ഏയ്ഞ്ചൽ ”

ഫിലിപ്പോസിൻ്റെ ശബ്ദമുയർന്നതും, അവൾ വിഷാദം നിറഞ്ഞ ഒരു ചിരിയോടെ അയാളെ നോക്കി.

“നീ എന്തൊക്കെയാണീ പറയുന്നതെന്ന് ഓർമ്മയുണ്ടോ?വെറും എഴുതാപ്പുറം വായിക്കാൻ മാത്രമുള്ള കോമൺസെൻസേ നിനക്കുള്ളൂ?”

വാക്കുകൾ ഫിലിപ്പോസിൻ്റെ പല്ലുകൾക്കിടയിൽ ഞെരിഞ്ഞമരുന്നതും നോക്കി ഏയ്ഞ്ചൽ നിശബ്ദമായി, നിശ്ചലയായി നിന്നു.

” ഇങ്ങിനെയൊക്കെ ചോദിക്കും മുൻപ് നീ,നിൻ്റെ അവസ്ഥയെയും, പ്രായത്തെയും കുറിച്ചോർത്തിട്ടുണ്ടോ?… അതുപോട്ടെ ഞങ്ങളൊക്കെ ഇനി എത്ര കാലം
ജീവിക്കുമെന്നറിയോ? അതിനുമപ്പുറം റോയിയുടെ ഉള്ളിലുള്ളതെല്ലാം ഇങ്ങിനെ കുത്തി പുറത്തെടുക്കാൻ നിൻ്റെ ആദ്യവിവാഹവുമല്ല ഇതെന്ന് ഓർമ്മ വേണം”

ഫിലിപ്പോസിൻ്റെ ഉഷ്ണം വമിക്കുന്ന സംസാരം കേട്ടതും, ഏയ്ഞ്ചലിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നിതെളിഞ്ഞു.

“എൻ്റെ അവസ്ഥ എനിക്ക് നന്നായിട്ട് അറിയാം പപ്പാ..
പക്ഷേ നിങ്ങളൊക്കെ വിചാരിക്കും പോലെ ഈ അവസ്ഥയെ കുറിച്ച് ആലോചിച്ച് ഇന്നോളം വരെ ഒരിറ്റ് സങ്കടം പോലും എനിക്കുണ്ടായിട്ടില്ല.”

“പരമസുഖത്തിലായിരുന്നല്ലോ നിൻ്റെ ജീവിതം.. എവിടെയോ പോയി… ”

ഏയ്ഞ്ചൽ പറഞ്ഞു തീർന്നതും, മറുപടിയായി
ഉള്ളിൽ നിന്ന് തികട്ടി വന്ന വാക്കുകൾ കടിച്ചമർത്തി ഫിലിപ്പോസ് ഏയ്ഞ്ചലിനെ നോക്കി.

” എന്നെ കൊണ്ടൊന്നും പറയിക്കരുത് നീ.. അല്ലെങ്കിലും പറയാൻ പറ്റിയ കാര്യങ്ങളാണോ നടന്നതൊക്കെ? നാട്ടുകാരുടെയും, സമൂഹത്തിൻ്റെയും മുന്നിൽ ഞങ്ങളെ നാണം കെടുത്തിയ ആ പ്രവൃത്തികളൊക്കെ ഞങ്ങൾ മനപൂർവം മറന്നില്ലേ നിനക്കു വേണ്ടി… എന്നിട്ടിപ്പോൾ പറയാ സുഖായിട്ടാ ജീവിക്കുന്നതെന്ന്?”

ക്ഷോഭത്തോടെ പറയുന്ന ഫിലിപ്പോസിനെ നോക്കി മേരി അരുതേയെന്ന അർത്ഥത്തിൽ തലയാട്ടിയതോടൊപ്പം, അവരുടെ കണ്ണുകൾ റോയ് ഫിലിപ്പിലേക്കു നീണ്ടു.

“തടയണ്ട മമ്മ.. പപ്പ പറയട്ടെ.. പറയാനുള്ളതൊക്കെ ഉള്ള് തുറന്നു പറയട്ടെ… പറഞ്ഞതൊന്നും നുണയല്ലല്ലോ? സത്യങ്ങളല്ലേ?
അതുകൊണ്ട്, അതൊന്നും കേൾക്കുമ്പോൾ എനിക്ക് വിഷമമോ, സങ്കടമോ എന്തിന്, നാണക്കേട് പോലും തോന്നില്ല”

ധീരമായി പറയുമ്പോഴും ഏയ്ഞ്ചലിൻ്റ മിഴികളിൽ നീർ നിറഞ്ഞു തുടങ്ങിയിരുന്നു.

” പിന്നെ മുന്നിൽ നിൽക്കുന്നത് എന്നെ കെട്ടാൻ പോകുന്ന റോയ് ഫിലിപ്പ് ആണ്.. അപ്പോൾ പിന്നെ സത്യങ്ങൾ മുഴുവനും ആളറിയുന്നത് നല്ലതല്ലേ? .. അല്ലേ ഡോക്ടർ?”

ഏയ്ഞ്ചലിൻ്റെ പതിഞ്ഞ ചോദ്യം കേട്ടതും റോയ് ഫിലിപ്പിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുതിർന്നു.

“എനിക്ക് എല്ലാം അറിയാം ഏയ്ഞ്ചൽ.. അതൊക്കെ അറിഞ്ഞു കൊണ്ടു തന്നെയാണ് ഞാൻ തന്നെ ഇഷ്ടപ്പെട്ടത്.. പിന്നെ ഈ ഒരു കാര്യം, അതായത് അരുണിനെ പിരിയുന്ന കാര്യം നിനക്കിഷ്ടമായില്ലെങ്കിൽ അരുണിനെയും നമ്മൾക്ക് കൂടെ ചേർക്കാം… പക്ഷേ അതവന് ഇഷ്ടമാകുകയാണെങ്കിൽ
മാത്രം… ”

ഡോക്ടറുടെ വാക്കുകൾ കേട്ടതും ഏയ്ഞ്ചൽ സംശയത്തോടെ അയാളെ നോക്കി.

” അതെ ഏയ്ഞ്ചൽ.. ഞാൻ പറഞ്ഞതൊക്കെ സത്യമാണ്.. ഈ കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞത് അരുണാണ്… പക്ഷേ അതിനു പിന്നിൽ ഏയ്ഞ്ചലിൻ്റെ പപ്പയോ, മമ്മയോ ഉണ്ടെന്നോ, ഇല്ലായെന്നോ ഇതുവരെ എനിക്ക് അറിയില്ല. പക്ഷെ ഒന്ന് എനിക്കറിയാം. ഏയ്ഞ്ചൽ ഒരിക്കലും ഇതറിയരുതെന്ന് അവന് നിർബന്ധമുണ്ടായിരുന്നു.പക്ഷെ ഇപ്പോൾ എനിക്ക് ആ കാര്യം ഏയ്ഞ്ചലിനോട് പറയേണ്ടി വന്നു.

“അരുൺ എന്തു പറഞ്ഞെന്നാ ഡോക്ടർ പറയുന്നത്?”

ഏയ്ഞ്ചൽ സംശയത്തോടെ ഡോക്ടറെ ചുഴിഞ്ഞു നോക്കി കൊണ്ട് ചോദിച്ചപ്പോൾ അയാൾ ഉത്തരം പറയാതെ ഫിലിപ്പോസിനെ നോക്കി.

“ഇവിടം നടന്നതൊക്കെ ഒരു യാദൃശ്ചികമായ കാര്യങ്ങൾ ആണെന്നു തോന്നുന്നുണ്ടോ ഏയ്ഞ്ചലിന്? എല്ലാം ഒരു പ്രീ – പ്ലാൻഡ് ആയ കാര്യങ്ങളാണെന്നാണ് എനിക്കു തോന്നിയത് ”

ഫിലിപ്പോസിൻ്റെ വാക്കുകൾ കേട്ടതും ഒന്നും മനസ്സിലാവാതെ ഏയ്ഞ്ചൽ പപ്പയെയും, മമ്മയെയും മാറി നോക്കി.

” അതേ മോളൂ… നീ ഞങ്ങളെ വിസ്മരിച്ചാലും, വിളിക്കാൻ മറന്നാലും അവൻ ഇടക്കിടെ ഞങ്ങളെ വിളിക്കുന്നുണ്ടായിരുന്നു.. ഞങ്ങളുടെ സുഖവിവരങ്ങൾ തിരക്കുന്നുണ്ടായിരുന്നു ”

“പപ്പയെന്താണ് ഈ പറയുന്നത്… പപ്പയെയും, മമ്മയെയും കുറിച്ച് അവനൊന്നും അറിയാമായിരുന്നില്ല. നിങ്ങൾ ഇവിടെയാണ് താമസിക്കുന്നതെന്ന് പോലും ”

ഏയ്ഞ്ചലിൻ്റെ ഉറച്ച വാക്കുകൾ കേട്ടതും ഫിലിപ്പോസിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി.

” ആര് പറഞ്ഞ് അവനറിയില്ലെന്ന്. അവന് എല്ലാം അറിയാം. ഞങ്ങളെ മാത്രമല്ല..
ഇവിടെ ഓരോരുത്തരെയും അവന് സുപരിചിതമാണ്… അലക്സി, ദേവമ്മ പിന്നെ നമ്മുടെ റിസോർട്ടിലെ തൊഴിലാളികൾ.. എല്ലാവരെയും അവന് നല്ലതുപോലെ അറിയാം”

ഫിലിപ്പോസ് ഒന്നു നിർത്തി ഏയ്ഞ്ചലിനെയും, മേരിയെയും നോക്കി.

“ഇപ്പോൾ നമ്മൾ എബിയുടെ കോണ്ടാക്റ്റ് നമ്പർ ഇല്ലാതെ വിഷമിച്ചല്ലോ? പക്ഷെ എനിക്ക് ഉറപ്പ്.ആ നമ്പർ പോലും അരുണിൻ്റെ കൈയ്യിലുണ്ടാവും…”

പപ്പയുടെ വാക്കുകൾക്ക് മറുപടിയില്ലാതെ അത്ഭുതപ്പെട്ടിരിക്കുന്ന ഏയ്ഞ്ചലിൻ്റെ തോളിൽ കൈവെച്ചു അയാൾ.

” ഇത്രയും കാലം, വലിയൊരു കാട്ടിൽ ഒറ്റയ്ക്ക് ഒളിച്ചു താമസിക്കുകയാണ് നീയെന്ന് നിനക്കു തോന്നിയതെങ്കിൽ അത് വെറും വിഡ്ഢിത്തമായിരുന്നു ഏയ്ഞ്ചൽ… നീ ഞങ്ങളുടെ മുന്നിൽ ഉണ്ടായിരുന്നു.. നിൻ്റെ വിഷമങ്ങളും, സങ്കടങ്ങളും, സന്തോഷങ്ങളും ഞങ്ങൾ തിരിച്ചറിയുന്നുണ്ടായിരുന്നു ”

അയാൾ ഒന്നു നിർത്തി ഗ്ലാസ് ഊരി കണ്ണു തുടച്ചു.

“അതൊരിക്കും നിനക്കു മുന്നിലേക്ക് വന്നിട്ടല്ലായിരുന്നു.. നിനക്കു ചുറ്റുമുള്ള നിഴലുകളിൽ ഒളിച്ചിരുന്നിട്ടാണ് ഇക്കാലമത്രയും നിന്നെ കണ്ടു കൊണ്ടിരുന്നത്…”

“മമ്മാ…..”

ഉള്ളിലെ തേങ്ങലോടെ ഏയ്ഞ്ചൽ, മേരിയുടെ നെഞ്ചിലേക്ക് ചാരിയിരുന്നു.

” പപ്പ പറഞ്ഞത് നേരാണ് മോളെ.. പക്ഷേ അതിന് ഞങ്ങളെ സഹായിച്ചത് നിൻ്റെ മോനാണ്… അരുൺ.. അതും കൂടാതെ വീട്ടിൽ നിന്ന് ഈ റിസോർട്ടിലേക്ക് മാറി താമസിച്ചതും അവൻ്റെ പ്ലാൻ ആയിരുന്നു. ”

മേരിയുടെ വാക്കുകൾ കേട്ടതും, വല്ലാത്തൊരു ആശ്ചര്യത്തോടെ
ഏയ്ഞ്ചൽ ഫിലിപ്പോസിനെ നോക്കി.

“ഞാൻ ഒരിക്കലും ഞങ്ങളുടെ സംഭാഷണത്തിൽ പോലും ഉൾപ്പെടുത്താത്ത മമ്മയെയും, പപ്പയെയും പറ്റി അവൻ എങ്ങിനെ മനസ്സിലാക്കി? ആ പപ്പയുടെയും, മമ്മയുടെയും അടുത്തേക്ക് എന്നെ എന്തിന് തന്ത്രപൂർവ്വം എത്തിച്ചു.? ഒന്നും മനസ്സിലാകുന്നില്ല പപ്പാ എനിക്ക്.. ഒന്നും ”

നെഞ്ചിൽ കൈവെച്ചു കൊണ്ട് റിസോർട്ടിൻ്റെ ഗേറ്റിലേക്കും നോക്കി അവളതു പറയുമ്പോൾ, ആ കണ്ണിണകൾ പതിയെ നിറയുന്നുണ്ടായിരുന്നു.

മഴചാറലുകൾക്കപ്പുറം, മൗനം പൂണ്ടിരിക്കുന്ന തൻ്റെ മകനാണ് ഈ കൂടി ചേരലിന് വഴിയൊരുക്കിയതെന്ന് അവൾക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

നിശബ്ദമായ നിമിഷങ്ങൾക്കൊടുവിൽ റോയ് ഫിലിപ്പ് ഏയ്ഞ്ചലിൻ്റ മുന്നിലേക്ക് പതിയെ നടന്നു വന്ന്, രണ്ട് നിമിഷം അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി.

” ലുക്ക് ഏയ്ഞ്ചൽ… നീ ഒന്നു മനസ്സിലാക്കിക്കോ…
നിനക്കു പോലും ഊഹിക്കാൻ കഴിയാത്ത ഉയരത്തിലാണ് അരുൺ എന്ന നിൻ്റെ മകൻ.. നീ ഇരുട്ടിലേക്ക് ശക്തിയോടെ പറക്കുമ്പോൾ അവൻ അതിലേറെ ശക്തിയോടെ വെളിച്ചത്തിലേക്ക് പറക്കുകയാണ് ”

റോയ് ഫിലിപ്പിൻ്റെ വാക്കുകൾ കേട്ടതും അവൾ മൗനമായി തലയാട്ടി.

“എല്ലാം ശരിയാകും ഡോക്ടർ.. അവനാകും ഇതിൻ്റെ പിന്നിലെന്ന് നിങ്ങൾ പറഞ്ഞതുപോലെ ഞാൻ വിശ്വസിക്കാം. പക്ഷേ അവൻ ചൂണ്ടി കാണിക്കുന്ന വഴിയിലൂടെ എനിക്ക് നടക്കാൻ ഇഷ്ടമില്ലെങ്കിലോ?”

ഏയ്ഞ്ചലിൻ്റെ സംസാരം കേട്ടതും, ഫിലിപ്പോസ് അവളുടെ അടുത്തേക്ക് വന്ന് ആ കൈ പിടിച്ചു.

“മോൾ എന്താണ് ഈ വാക്കുകൾ കൊണ്ട് അർത്ഥമാക്കുന്നതെന്ന് പപ്പക്കറിയില്ല… പക്ഷേ ഒന്നറിയാം… ഞങ്ങൾ ജീവിതത്തിൻ്റെ അവസാന പടവുകളിലാണ് വന്നെത്തി നിൽക്കുന്നതെന്ന്. അവിടെ നിന്ന് ഒന്നു വഴുക്കി വീണാൽ, ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത മരണത്തിലേക്കായിരിക്കുമെന്നും…”

ഗദ്ഗദത്താൽ മുറിഞ്ഞുപോയ വാക്കുകളെ കൂട്ടി ചേർക്കാൻ കഴിയാതെയുള്ള നൊമ്പരത്തിൽ ഫിലിപ്പോസിൻ്റെ കണ്ണു നിറഞ്ഞു തുടങ്ങി.

“പപ്പയെന്തൊക്കെയാണീ പറയുന്നത്. അത്ര പെട്ടെന്നൊന്നും പപ്പയും, മമ്മയും എന്നെ വിട്ടു പോകില്ല.. നമ്മൾക്ക്
ഒരുപാടു കാലം ഒരുമിച്ചു ജീവിക്കേണ്ടേ പപ്പാ… പാതിവഴിയിൽ നമ്മൾ തകർത്ത ജീവിതം ചേർത്തുവെക്കണം പപ്പാ.. ഇനിയൊരിക്കലും ഒരു ശക്തിക്കും തകർക്കാൻ കഴിയാത്ത വിധം ”

ഫിലിപ്പോസിൻ്റെ നെഞ്ചിലേക്ക് മുഖമമർത്തി അവളത് പറയുമ്പോൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

കണ്ണീരിനോടൊപ്പം ചൂടുള്ള ഓർമ്മകളും അവളിൽ നിന്ന് ഒഴുകി തുടങ്ങിയിരുന്നു.

“അതുകൊണ്ടുതന്നെയാണ് മോളെ പപ്പ ഈ ഐഡിയ പറഞ്ഞത്.. അരുണാണ് നിൻ്റെ പ്രശ്നമെങ്കിൽ അവനെ പറ്റി ഓർത്ത് നീ ഒന്നുകൊണ്ടും വിഷമിക്കണ്ട.. ഞാനും നിൻ്റെ മമ്മയും ഉണ്ടല്ലോ ഇവിടെ.. പിന്നെ ദേവമ്മക്കാണെങ്കിൽ അവൻ സ്വന്തം മോനെ പോലെയാണ് .. അവനെ ഞാൻ വളർത്താമെന്ന് അവൾ പലവട്ടം പറഞ്ഞിട്ടുണ്ട് .. പിന്നെ ആസ്ത്രേലിയയിലേക്ക് നീ പോയാൽ, അവനെ കാണാതിരിക്കുന്നതാണ് പ്രശ്നമെങ്കിൽ ഇപ്പോൾ വീഡിയോ കോളിൽ കണ്ടു സംസാരിക്കാമല്ലോ? നീ സന്തോഷത്തിലായിരിക്കണമെന്നാണ് അവനും ആഗ്രഹിക്കുന്നത്… പപ്പ പറഞ്ഞ ഈ കാര്യങ്ങൾ മോളൊന്നു മനസ്സിരുത്തി ചിന്തിക്ക് ”

“ചിന്തിക്കാനൊന്നുമില്ല പപ്പാ… അരുണിനെ എന്നിൽ നിന്നു മാറ്റി എനിക്കൊരു ജീവിതമില്ല… അതിപ്പോൾ എൻ്റെ സന്തോഷത്തിനായാലും, നിങ്ങളുടെ സംതൃപ്തി ക്കായാലും… അങ്ങിനെയൊരു സ്വർഗരാജ്യം ഞാൻ ആഗ്രഹിക്കുന്നില്ല”

ഏയ്ഞ്ചൽ പറഞ്ഞു നിർത്തി റോയ് ഫിലിപ്പിനെ നോക്കി.

” ഡോക്ടറെ.. അരുൺ ഒരു കൊച്ചു കുട്ടിയല്ലേ? അവൻ പറഞ്ഞതനുസരിച്ച് നിങ്ങളിങ്ങനെ ഒരു ഡ്രാമ കളിച്ചതിനു പകരം അവനെ ഒന്നു പറഞ്ഞു മനസ്സിലാക്കേണ്ടതായിരുന്നു നിങ്ങൾ.. ഒന്നു തിരുത്തേണ്ടതായിരുന്നു ”

“ഏയ്ഞ്ചൽ.. അതിന് ഞാൻ ”

ഡോക്ടർ റോയ് ഫിലിപ്പിൻ്റെ വാക്കുകൾ പതറിയതും, ഏയ്ഞ്ചലിൻ്റെ ചുണ്ടിൽ വിഷാദം കലർന്ന ഒരു ചിരി മൊട്ടിട്ടു.

“അറിയാം ഡോക്ടർ.. ഡോക്ടറുടെ തെറ്റല്ലായെന്ന് എനിക്കറിയാം.. എൻ്റെ പപ്പയുടെയും, മമ്മയുടെയും തെറ്റല്ല.. എന്തിന് എൻ്റെ മോൻ അരുണിൻ്റെയും തെറ്റല്ല. തെറ്റ് എല്ലാം എൻ്റേതാണ്. ഞാൻ വരുത്തിവെച്ചതാണ്. ആ തെറ്റുകളുടെ കൂമ്പാരത്തെ ശരിയാക്കി തീർക്കാൻ നിങ്ങളിങ്ങനെ ഒരു നാടകം കളിച്ചെന്നു മാത്രം… അതല്ലേ ശരി… അതാണ് ശരി”

പതിയെയിറങ്ങുന്ന കണ്ണീർ തുടച്ചു കൊണ്ട് അവൾ പുറത്തു പെയ്യുന്ന മഴയിലേക്കു നോക്കി നിന്നു…

” പക്ഷേ എല്ലാം ശരിയായി തീരുമ്പോൾ വലിയൊരു തെറ്റ് സംഭവിക്കുമെന്ന് നിങ്ങൾക്കറിയില്ലെങ്കിലും, എനിക്കറിയാം പപ്പാ… സമൂഹത്തിന് മുന്നിൽ അനാഥനാണോ എന്ന ചോദ്യം എൻ്റെ മോൻ്റെ നേർക്ക് ഉയരുമ്പോൾ, ആ ചോദ്യത്തിനു മുന്നിൽ ഉത്തരം കിട്ടാതെ അവൻ കണ്ണീരോടെ പതറി നിൽക്കുമ്പോൾ.. ആ നിൽപ്പാണ് തെറ്റ്.. അവനെ അങ്ങിനെ ചോദ്യചിഹ്നങ്ങൾക്കു മുന്നിൽ നിർത്തുന്നതാണ് ഏറ്റവും വലിയ തെറ്റ് ”

“മോളെ… നീയെന്തൊക്കെയാണീ പറയുന്നത്?”

സങ്കടം നിറഞ്ഞ ചോദ്യത്തോടെ മേരി ഏയ്ഞ്ചലിൻ്റെ കൈ പിടിച്ചു.

“പപ്പ പറയുന്നത് മോളുടെ നന്മക്കല്ലേ? കഴിഞ്ഞു പോയ കാലത്തിൻ്റെ മുറിവുകൾ ഉണക്കാനല്ലേ? അല്ലാതെ മോളെ വിഷമവൃത്തത്തിലേക്ക് തളളിയിടാനല്ലല്ലോ ”

“എല്ലാം എനിക്കറിയം മമ്മാ.. നിങ്ങളൊക്കെ ചെയ്തു കൂട്ടിയതൊക്കെ എൻ്റെ സന്തോഷം ആഗ്രഹിച്ചിട്ടാണെന്നറിയാം… പക്ഷേ.. അതിനിടയിൽ നിങ്ങൾ മന: പൂർവം മറന്നു പോകുന്ന ഒരു കാര്യമുണ്ട്… ഞാൻ നിങ്ങളുടെ മകളാണെന്ന് നിങ്ങൾ ഓർക്കുമ്പോൾ തന്നെ ഞാൻ അരുണിൻ്റെ അമ്മയാണെന്ന കാര്യം നിങ്ങൾ മറക്കുന്നു.”

അവൾ ഒന്നു നിർത്തി ഫിലിപ്പോസിൻ്റെ കൈ പിടിച്ചു, കണ്ണീരോടെ ആ മുഖത്തേക്കു നോക്കി.

“സോറി പപ്പാ… നിങ്ങൾ എന്നെ എത്രയധികം സ്നേഹിക്കുന്നുവോ, അതുപോലെ, അല്ലെങ്കിൽ അതിനേക്കാളേറെ ഞാൻ എൻ്റെ മോനെ സ്നേഹിക്കുന്നു.. അതു കൊണ്ട് ഒരു ബന്ധം കൂട്ടി ചേർക്കാൻ വേണ്ടി മറ്റൊരു ബന്ധം മുറിച്ചെറിയാൻ പറ്റില്ല എനിക്ക്… ”

പാതിയിൽ പറഞ്ഞു നിർത്തി ഏയ്ഞ്ചൽ മേരിയെ നോക്കി.

“എൻ്റെ ഈ പ്രവൃത്തിയിൽ മമ്മയ്ക്കു വേണമെങ്കിൽ എന്നെ ശപിക്കാം.. ഈ ജന്മം ഗതികിട്ടാതെ എൻ്റെ ജീവിതം ഒരു മെഴുകുതിരി പോലെ ഉരുകിയൊലിക്കട്ടെ എന്ന് മനസ്സറിഞ്ഞ് പ്രാർത്ഥിക്കാം.. പെറ്റ വയറിൻ്റെ ശാപം ഒരു മുൾക്കിരീടം പോലെ തലയിലേറ്റാൻ ഞാൻ ഈ നിമിഷവും തയ്യാറാണ്… അതിനുള്ള കാരണം ഞാൻ പെറ്റ കുഞ്ഞിൻ്റെ സന്തോഷത്തിന് വേണ്ടിയാണ്, അവൻ്റെ ഉയർച്ചയ്ക്ക് വേണ്ടിയാണ്, അതിനുമപ്പുറം ഈ ലോകത്ത് അവൻ അനാഥനല്ലെന്ന് ആൾക്കൂട്ടങ്ങളോട് തുറന്നു പറയുന്നതിന് വേണ്ടിയാണ്…. അതിനൊക്കെ വേണ്ടി ഏത് ഉഗ്രശാപങ്ങളും സന്തോഷത്തോടെ ഞാൻ സ്വീകരിക്കും… ”

ചാറ്റൽ മഴ പോലെ പതിയെയിറങ്ങുന്ന കണ്ണീർ തുടച്ചു കൊണ്ട് അവൾ പപ്പയെയും, മമ്മയെയും നോക്കി പതിയെ തലയാട്ടി.

” പപ്പയും, മമ്മയും തീർത്ഥാടനത്തിന് പോയി വാ… അതിനുള്ളിൽ നമ്മുടെ സങ്കടമെല്ലാം പെയ്തു തീരുമെന്ന് നമ്മൾക്ക് വിശ്വസിക്കാം. അതിനു വേണ്ടി പ്രാർത്ഥിക്കാം… ”

അവളുടെ കണ്ണുകൾ പൊട്ടുന്നനെ റിസോർട്ടിനപ്പുറത്തുള്ള പള്ളിയിലേക്കു നീണ്ടു.

വലിയൊരു ആഘോഷത്തിനെ വരവേൽക്കാൻ വേണ്ടിയെന്നോണം സജ്ജമായിരിക്കുന്നു പള്ളിമുറ്റം.

കുറച്ചു പേർ മഴയും നനഞ്ഞ് ആ പള്ളിമുറ്റത്ത് പന്തലൊരുക്കാൻ വേണ്ടി മുളകൾ കുഴിച്ചിടുന്നുണ്ട്.

ഒരരികിലുള്ള മാതാവിൻ്റെ രൂപത്തിലേക്ക് നോക്കിയപ്പോൾ ഏയ്ഞ്ചലിൻ്റെ മിഴികൾ പ്രതീക്ഷയോടെ തിളങ്ങി.

ഒരായിരം മെഴുതിരി വെളിച്ചം അവളുടെ മിഴികളിൽ തെളിമയോടെ, പൂത്തുലഞ്ഞതും, അവൾ അപ്രതീക്ഷിതമായി വന്ന പ്രതീക്ഷയോടെ ഫിലിപ്പോസിനെ നോക്കി.

“ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ ക്രിസ്തുമസ് അല്ലേ വരുന്നത് പപ്പാ.. ലോകത്തിൻ്റെ നന്മയ്ക്ക് വേണ്ടി യേശുദേവൻ കാലിത്തൊഴുത്തിൽ ജനിച്ച ദിവസം… മുറിവുകളേറ്റു പിടഞ്ഞിട്ടും, ഒരു ജനതയുടെ മുറിവുണക്കിയവൻ… ആ നാഥൻ തന്നെ നമ്മുടെ മുറിവുകൾ ഉണക്കുമെന്ന് എനിക്കു നല്ല വിശ്വാസമുണ്ട്… അതു വരെ കാത്തിരിക്കാം പപ്പാ… ആ അത്ഭുത നിമിഷത്തിനായ് നമ്മൾക്ക് പ്രാർത്ഥനയോടെ, മിഴികളടക്കാതെ കാത്തിരിക്കാം ”

രണ്ടു പേരെയും നോക്കി കണ്ണീരോടെ ചിരിച്ചു കൊണ്ട് അവൾ റിസോർട്ടിനു പുറത്തേക്കിറങ്ങി,
ഒന്നുരണ്ടടി നടന്ന ശേഷം തിരിഞ്ഞു നിന്നു റോയ് ഫിലിപ്പിനെ നോക്കി.

“ഡോക്ടറോടുള്ള ഇഷ്ടക്കേട് കൊണ്ടല്ലാട്ടോ ഞാൻ ഇങ്ങിനെയൊക്കെ പറഞ്ഞത്.. ഇഷ്ട കൂടുതൽ കൊണ്ടാണ്.. മനസ്സിരുത്തി ചിന്തിക്ക്.. അലീനയെയും, അരുണിനെയും ഓർത്തിട്ടാണ് ഡോക്ടറോട് എനിക്ക് ഇഷ്ടം തോന്നി തുടങ്ങിയത്… അവർക്ക് പപ്പയും, മമ്മിയുമായി മാറാൻ നമ്മൾക്ക് കഴിയുമല്ലോ എന്ന വിശ്വാസം കൊണ്ട് തോന്നിയ ഇഷ്ടം, മനസ്സിൽ കൂടി കൂടി വന്നപ്പോൾ, ഇതിനിടയിൽ ഇങ്ങിനെയൊരു ഡിമാൻ്റ് ഡോക്ടർ വെക്കുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല… ഇപ്പോൾ ഞാനാണ് ധർമ്മസങ്കടത്തിലായത്”

“ഏയ്ഞ്ചൽ… അതിന് ഞാൻ ”

വാക്കുകൾ കിട്ടാതെ ഡോക്ടർ റോയ് ഫിലിപ്പ് നിഷേധാർത്ഥത്തോടെ തലയിളക്കി കൊണ്ടിരുന്നു.

“എനിക്കറിയാം ഡോക്ടർ… അതിനെ കുറിച്ച് ഓർത്ത് ഡോക്ടർ ടെൻഷനടിക്കേണ്ട… അരുണിനെ പോലെ തന്നെയാണ് എനിക്ക് അലീനയും.. പറഞ്ഞു വരുന്നത് എന്തെന്ന് വെച്ചാൽ ഡോക്ടർ പറഞ്ഞ ഡിമാൻ്റ് മാറ്റിയാൽ ഞാനിപ്പോഴും ഡോക്ടറുടെ കൂടെ വരാൻ തയ്യാറാണ്… അത് ആസ്ത്രേലിയക്കെന്നല്ല.. ഈ ലോകത്തിൻ്റെ ഏത് കോണിലേക്കും…. ”

അവൾ ഒരു നിമിഷം നിർത്തി പപ്പയെയും, മമ്മയെയും നോക്കി.

“എൻ്റെ പപ്പയും, മമ്മയും ഇനിയും വേദനിക്കാതിരിക്കാൻ വേണ്ടി, ഒരിക്കലും കിട്ടിയിട്ടില്ലാത്ത ഒരച്ഛൻ്റെ സ്നേഹം എൻ്റെ മകനു കിട്ടുന്നതിന് വേണ്ടി ഏത് ലോകത്തേക്ക് പറക്കാനും ഞാൻ തയ്യാറാണ്… എൻ്റെ ചിറകുകൾ കുഴയുന്നത് വരെ… അവസാന ശ്വാസം വലിച്ച്‌ മണ്ണിലേക്കടർന്നു വീഴുന്നതു വരെ… ”

പറഞ്ഞു തീർന്നതും, അവർ മൂവരെയും ഒന്നു നോക്കി അവൾ പുറത്തു പെയ്യുന്ന ചാറൽ മഴയിലേക്ക് ഇറങ്ങി നടന്നു.

അവളുടെ ആ പോക്കും നോക്കി, ഫിലിപ്പോസും, മേരിയും സങ്കടത്തോടെ റോയിയെ നോക്കി.

“വെറും പാവാണ് അവൾ… ഇത്തിരി എടുത്ത് ചാട്ടം ഉണ്ടന്നേയുള്ളൂ”

“എനിക്കറിയാം അമ്മച്ചീ.. എല്ലാം ശരിയാകും.. നിങ്ങളിപ്പോൾ തീർത്ഥാടനത്തിന് പോയി വാ…”

പുഞ്ചിരിയോടെ
ഡോക്ടർ പറഞ്ഞു കൊണ്ട് അവരുടെ കൈ പിടിച്ചു പാർക്കിങ്ങ് ഏരിയയിലേക്ക് നടന്നു…

മഴനൂലുകൾക്കിടയിലൂടെ നടന്നുപോകുന്ന മകളെ നോക്കി അവരിവരും നിമിഷങ്ങളോളം മഴ ചാറലിൽ മുങ്ങി നിന്നു.

ഗേറ്റിനടുത്തെത്തിയതും, തൻ്റെ കാർ കാണാതെ ഏയ്ഞ്ചൽ വേവലാതിയോടെ
വട്ടംചുറ്റുമ്പോൾ, ആ കാറിലേക്ക് ഓരോരോ സാധനങ്ങൾ കയറ്റി വെക്കുകയായിരുന്നു അരുൺ..

ക്രിക്കറ്റ് ബാറ്റ്, ഫുട്ബോൾ, ഷട്ടിൽ ബാറ്റ്, ബുക്കുകൾ, ലാപ്ടോപ്പ്, ഡ്രോൺ….

ഇതെല്ലാം സൂക്ഷ്മതയോടെ കാറിൻ്റെ ഡിക്കിയിലേക്ക് അടക്കി വെക്കുന്ന അരുണിനെ അത്ഭുതത്തോടെ നോക്കി നിന്നു ദേവമ്മ..

“ഈ എല്ലാ സാധനങ്ങളും എടുത്ത് നീ എങ്ങോട്ടാ…? എൻ്റെ കോളനിയിലേക്ക് പെട്ടെന്ന് പോയിട്ട് വരാമെന്നു പറഞ്ഞ നീയിപ്പോൾ ഈ സാധനങ്ങളൊക്കെ എടുത്തിട്ട് ഇതിപ്പോൾ എങ്ങോട്ടാണ്.. ഏയ്ഞ്ചൽ വരും മുൻപ് നമ്മൾക്ക് അവിടേക്ക് എത്തണം അരുൺ.. നിന്നെ അവിടെ കണ്ടില്ലെങ്കിൽ അവൾക്ക് ഭ്രാന്താകും ”

ദേവമ്മയുടെ പരിഭവം നിറഞ്ഞ ചോദ്യത്തിന് ഉത്തരമായി അരുണിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുണർന്നു.

” എൻ്റെ വീട്ടിലേക്ക് നമ്മൾ വരുമ്പോൾ കാറിൽ വെച്ച് ഞാൻ എന്താ
ദേവമ്മയോടു പറഞ്ഞത്?”

അരുണിൻ്റെ ചോദ്യം കേട്ടതും, ദേവമ്മ സംശയത്തോടെ അവനെ നോക്കി..

“നിൻ്റെ എല്ലാ സാധനങ്ങളും ഈ വീട്ടിൽ നിന്ന് എടുക്കണമെന്നും, നിൻ്റെ ഓർമ്മകളുണർത്തുന്ന ഒരു സാധനവും ഈ വീട്ടിൽ ഉണ്ടാകരുതെന്നും ”

” അതല്ലേ ഇപ്പോൾ നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നത് .. എൻ്റെ ഓർമ്മകളുണർത്തുന്ന എന്തെങ്കിലും സാധനങ്ങൾ ഇനിയും
ബാക്കി ഉണ്ടോയെന്ന് നോക്കട്ടെ”

ചിരിയോടെ പറഞ്ഞു കൊണ്ട് വീട്ടിലേക്ക് പോകാനൊരുങ്ങിയ അരുണിൻ്റെ കൈയിൽ ബലമായി പിടിച്ചു ദേവമ്മ.

“നീ തമാശ കളിക്കരുത് അരുൺ.. നീ ഏയ്ഞ്ചലിനോടു പിണക്കിടുമ്പോൾ പറയാറുള്ളതല്ലേ? നീ എല്ലാം എടുത്തു നാടുവിടുമെന്ന്.. ഇതും അതു പോലെയാ ഞാൻ കരുതിയത്.. അല്ലാതെ ഈ സാധനങ്ങളൊക്കെ എടുത്ത് എൻ്റെ കോളനിയിൽ കയറി ഒളിച്ചിരിക്കാനെന്നു കരുതിയോ? ..

ദേവമ്മയുടെ ശബ്ദം വല്ലാതെ ഉയർന്നപ്പോൾ അവൻ ഒരു കുസൃതിയോടെ അവരുടെ കവിളിലേക്ക് തൻ്റെ മുഖം ചേർത്തു.

“എൻ്റെ ദേവമ്മോ…നമ്മൾ കോളനിയിലേക്കോ, ചേരിയിലേക്കോ അല്ല പോകുന്നത്… ദൂരെ… ദൂരെ ഒരു കടൽതീരത്തേക്കാണ് നമ്മൾ പോകുന്നത്.. മലയോളം രഹസ്യങ്ങൾ ഒളിപ്പിച്ച കടലിനെ തേടി.. ആർക്കും പെട്ടെന്ന് പിടി തരാത്ത ഒരു പറ്റം മനുഷ്യരെ തേടി…
അവിടെ എല്ലാവരുമുണ്ടായിട്ടും, ഒടുവിൽ ഒറ്റപ്പെട്ടു പോയ ഒരു മനുഷ്യനെ തേടി… മമ്മയുടെ പാതി പൂർത്തിയാക്കിയ പുസ്തകത്തിലെ ആ കഥാപാത്രം, മരിച്ചു കൊണ്ട് ജീവിക്കുകയാണോ, അതോ ജീവിച്ചു കൊണ്ട് മരിക്കുകയാണോ എന്നറിയാൻ വേണ്ടി..”

അരുണിൻ്റെ ഗദ്ഗദം നിറഞ്ഞ സംസാരത്തോടൊപ്പം, തൻ്റെ കവിൾത്തടവും നനയുന്നതറിഞ്ഞ ദേവമ്മ അവനെ ചേർത്തു പിടിക്കുമ്പോൾ, അരുണിൻ്റെ കണ്ണിണകളിൽ കടൽ തിരകൾ പതിയെയുയർന്നു തുടങ്ങിയിരുന്നു…

അസ്തമയ സൂര്യൻ്റെ ചുവപ്പ് പോലെ അവൻ്റെ കണ്ണുകൾ സങ്കടം കൊണ്ട് ചുവന്നു തുടങ്ങിയിരുന്നു….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button