Novel

ഏയ്ഞ്ചൽ: ഭാഗം 26

രചന: സന്തോഷ് അപ്പുകുട്ടൻ

“അലക്സീ….എൻ്റെ മോൻ എവിടെ?”

പിന്നിൽ നിന്നുയർന്ന അലർച്ചയോടെയുള്ള ചോദ്യം കേട്ടതും, കാറിനുള്ളിലേക്ക് സാധനങ്ങൾ വെക്കുന്ന അലക്സി ഞെട്ടലോടെ ഒരു നിമിഷം തിരിഞ്ഞു നോക്കി..

മഴയിൽ നനഞ്ഞു കുതിർന്ന് ഒരു ദുർഗയെ പോലെ നിൽക്കുന്ന ഏയ്ഞ്ചലിനെ കണ്ടതും, അവൻ സംശയത്തോടെ ചുറ്റുമൊന്നു നോക്കി.

ദൂരെ, റിസോർട്ടിൻ്റെ വരാന്തയിൽ നിൽക്കുന്ന ഫിലിപ്പോസിനെയും, മേരിയെയും,
റോയ്ഫിലിപ്പിനെയും അയാൾ അവ്യക്തമായി കണ്ടു.

ഇതുവരെ അവരോടൊന്നിച്ച് വാഗ്വാദങ്ങളിൽ ഏർപ്പെട്ടിരുന്ന ഏയ്ഞ്ചൽ തനിക്കു പിന്നിൽ എപ്പോൾ എത്തിപ്പെട്ടതെന്ന സംശയത്തേക്കാളുപരി, അവൾ ചോദിച്ച ചോദ്യമാണ് അവൻ്റെ മനസ്സിൽ പെരുമ്പറ പോലെ മുഴങ്ങിയത്.

“നീയെന്താ ഒന്നുമറിയാത്തവനെ പോലെ നിൽക്കുന്നത്? ഞാൻ ചോദിച്ചതിന് ഉത്തരം പറ. എൻ്റെ മോൻ എവിടെ?”

പകയിടർന്ന
ചുവന്ന മിഴികളോടെ
പല്ലുകൾ കടിച്ച് അവൾ വീണ്ടും അലറിയപ്പോൾ, അലക്സി പതിയെ അവൾക്കരികിലേക്ക് ചെന്നു.

“നീയെന്താണ് ചോദിക്കുന്നത് ഏയ്ഞ്ചൽ? നിൻ്റെ മോനെ കുറിച്ച് എന്നോട് ചോദിക്കാൻ, ഞാനും അവനുമായിട്ടുള്ള ബന്ധം എന്താണ്?”

അലക്സിയുടെ സൗമനസ്യത്തോടെയുള്ള ചോദ്യം, അവളെ കൂടുതൽ ക്രൂദ്ധയാക്കി.

” അലക്സീ… പൊട്ടൻ കളിക്കരുത് നീ.. എന്നെ നിനക്ക് ഇതുവരെ മനസ്സിലാകാത്തതു കൊണ്ടാണ് നീ എനിക്കു മുന്നിൽ ഈ നാടകം കളിക്കുന്നത്.. ഒന്നോർത്തോ അലക്സീ
നീ….. വർഷങ്ങൾക്കു മുൻപ് കണ്ട ആ പാവം പിടിച്ച ഏയ്ഞ്ചൽ അല്ല ഞാൻ.. ഒരുപാട് മാറിയിട്ടുണ്ട്. അതു കൊണ്ട് നീ പറ… എൻ്റെ മോൻ എവിടെ? ഇനി നിനക്ക് പറയാൻ
ഉദ്യേശമില്ലെങ്കിൽ നിന്നെ കൊണ്ട് എങ്ങിനെ പറയിപ്പിക്കണമെന്ന് ഈ ഏയ്ഞ്ചലിന് അറിയാം”

വാക്കുകൾ അമർഷത്തോടെ ചവച്ചു തുപ്പിയിട്ട് തൻ്റെ അരികിലേക്ക് പതിയെ നടന്നടുക്കുന്ന ഏയ്ഞ്ചലിനെ, അലക്സി ഭീതിയോടെ നോക്കി.

ഒരു കാലത്ത് തൻ്റെ നിഴൽ വെട്ടം കണ്ടാൽ ഭയത്തോടെ
ഓടിയൊളിക്കുന്നവളുടെ ആ ഭാവമാറ്റം കണ്ട് അലക്സിയുടെ മനസ്സിൽ അവളോടുള്ള ഭയം.
പെരുംവിരലിലൂടെ അരിച്ചു കയറുന്നത് അന്നാദ്യമായി അയാൾ അറിഞ്ഞു.

മാൻകുട്ടിയെ പോൽ ഓടിയൊളിച്ചിരുന്നവൾ, പുലിയെ പോലെ ചീറിയടുക്കുന്നത് കണ്ട്, അവിശ്വസനീയതയോടെ അയാൾ നിന്നു.

പണ്ടേ, തന്നെ കണ്ടാൽ പേടികൊണ്ട് പലവട്ടം ചിമ്മി തുറക്കുക്കുന്ന മിഴികളിലിപ്പോൾ, തന്നെ ചുട്ടെരിച്ച് ഭസ്മമാക്കാനുള്ള തീ ആളിപടരുന്നത് അവൻ ഭീതിയോടെ നോക്കി കണ്ടു.

“ഏയ്ഞ്ചൽ… ഒരു കാലത്ത് നിന്നെ ഞാൻ വളരെ
ഇഷ്ടപ്പെട്ടിരുന്നതൊക്കെ ശരി തന്നെയാണ്.. നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലായെന്ന് തോന്നിയ നാളുകളായിരുന്നു അന്നൊക്കെ. ഉറങ്ങുമ്പോഴും, ഉണരുമ്പോഴും നിൻ്റെ ഓർമ്മകളായിരുന്നു മനസ്സിൽ…”

പാതിയിൽ നിർത്തി അലക്സി ഏയ്ഞ്ചലിനെ നോക്കിയപ്പോൾ, കോപാക്രാന്തയായി നിൽക്കുന്ന ഏയ്ഞ്ചലിൻ്റെ ചുണ്ടിൽ ഒരു പരിഹാസചിരി മൊട്ടിട്ടു.

“നിർത്ത് അലക്സി.
ദേവമ്മയുടെ മാറിലെ വിയർപ്പിൽ കുതിർന്ന് കിടന്ന് നീ കണ്ട സ്വപ്നങ്ങളെ പറ്റിയല്ല ഞാനിപ്പോൾ ചോദിച്ചത്. എൻ്റെ മോനെ പറ്റിയാണ്. എവിടെയാണ് അവൻ?'”

മുഖത്തിനടുത്ത് വന്ന് അവൾ മുരൾച്ചയോടെ ചോദിച്ചപ്പോൾ, അവളിൽ നിന്നേറ്റ ശ്വാസത്തിൻ്റെ ചൂടേറ്റ് അലക്സിയുടെ മനസ്സ് പൊള്ളിയടർന്നു.

” അരുണിനെ ഇന്ന് ഞാൻ കണ്ടിട്ടില്ല … കാണാത്ത ഒരാളെ പറ്റി എന്നോടു ഇത്ര
കലിപ്പോടെയുള്ള ചോദ്യം എന്തിനാണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല ഏയ്ഞ്ചൽ”

അലക്സിയുടെ സംസാരം കേട്ടതും, ഏയ്ഞ്ചൽ അവൻ്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി ഒരു നിമിഷം നിന്നു.

“നിൻ്റെ കാർ ഈ റിസോർട്ടിൻ്റെ ഗേറ്റ് കടന്നു അകത്തേക്ക് പോകുമ്പോൾ, ഗേറ്റിനരികെ പാർക്ക് ചെയ്തിരുന്ന എൻ്റെ കാറിൽ, എൻ്റെ മകനുണ്ടായിരുന്നു.. ഇപ്പാൾ ആ കാറും, എൻ്റെ മോനെയും കാണാനില്ല…

“ഏയ്ഞ്ചൽ.. അതിന് ഞാൻ ”

അലക്സിയുടെ പതിഞ്ഞ സ്വരം കേട്ടതും, അവൾ ശക്തിയോടെ അവൻ്റെ കോളറിനു പിടിച്ചു.

“നിനക്ക് ഒന്നും അറിയില്ലായെന്നാവും നീയിപ്പോൾ പറയാൻ പോകുന്നത്. അത് ഒരു പക്ഷേ ശരിയായിരിക്കാം..പക്ഷേ അറിയുന്ന ഒരാൾ നിൻ്റെ സ്വന്തമായിരിക്കാം. ബിച്ച്.. നിൻ്റെ ദേവമ്മാ”

പറഞ്ഞു തീർന്നതും അലക്സിയുടെ കൈപ്പത്തി വലിയൊരു ശബ്ദത്തോടെ ഏയ്ഞ്ചലിൻ്റെ കവിളിൽ വീണു.

അപ്രതീക്ഷിതമായി കിട്ടിയ ആ പ്രഹരത്തിൽ ഏയ്ഞ്ചലിൻ്റെ കണ്ണുകൾ പലവട്ടം ചിമ്മി തുറന്നു.

“ഒന്നുമറിയാത്ത എൻ്റെ ഭാര്യയെ കുറ്റം പറയാൻ നീ ആരാ? അത് ഇനി എന്തിൻ്റെ പേരിലായാലും ”

അതുവരെ സംയമനം പാലിച്ചിരുന്ന അലക്സിയുടെ കോപം നിറഞ്ഞ വാക്കുകൾ കേട്ടതും, ഏയ്ഞ്ചൽ, അടി കിട്ടിയ കവിൾ പൊത്തി പിടിച്ചു കൊണ്ട് അവനെ തുറിച്ചു നോക്കി.

” ഒരു കാലത്ത് നിന്നെ ഞാൻ സ്നേഹിച്ചിരുന്നു.
അതു കൊണ്ടാണ് നീ ഇതുവരെ കലിതുള്ളിയപ്പോൾ ഞാൻ മൗനം പാലിച്ചത്… അല്ലാതെ നിൻ്റെ ഭാവം കണ്ട് ഭയന്നിട്ടൊന്നുമല്ല ”

മുരൾച്ചയോടെ പറഞ്ഞു കൊണ്ടു അലക്സി പിൻതിരിയാനൊരുങ്ങുമ്പോൾ, ഏയ്ഞ്ചലിൻ്റെ കൈപ്പത്തി അവൻ്റെ കവിളിൽ വീണു.

അപ്രതീക്ഷിതമായി പകരം കിട്ടിയ അടിയിൽ പതറിപോയ അലക്സി ക്രൂദ്ധമായി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ദേഷ്യം കൊണ്ട് പൂക്കുല പോലെ വിറയ്ക്കുന്ന ഏയ്ഞ്ചലിനെയാണ്.

” വാക്കുകൾക്ക് പകരം വാക്കുകൾ ഉപയോഗിക്കണം അലക്സീ… അല്ലാതെ വാക്കുകൾക്ക് പകരം കൈ അല്ല പൊങ്ങേണ്ടത്. അതിനി എത്ര ഹാർഷ് ആയ വാക്കായാൽ പോലും ”

അവൾ പകയോടെ പറഞ്ഞു കൊണ്ട് ചുറ്റുമൊന്നു നോക്കിയപ്പോൾ കണ്ടത്, വളരെ ധൃതിപ്പെട്ട് തങ്ങൾക്കരികെ വരുന്ന പപ്പയെയും, മമ്മയെയും, ഡോ.റോയ് ഫിലിപ്പിനെയുമായിരുന്നു.

“ഈ അടി നിനക്കു ഞാൻ പണ്ടേ തരേണ്ടതായിരുന്നു അലക്സീ… നീ എനിക്കു ചുറ്റും ഒരു കാട്ടുവണ്ട് ആയി വട്ടമിട്ട ആ പഴയ നാളിൽ… അന്നത് ഞാൻ ചെയ്തിരുന്നെങ്കിൽ ഇത്രയും നാൾ ഞാൻ ഒരു അനാഥയായി നാട് ചുറ്റേണ്ടി വരുമായിരുന്നില്ല. ഒരു പുക മറയ്ക്കുള്ളിൽ അസ്വസ്ഥത നിറഞ്ഞ മനസ്സോടെ ജീവിക്കേണ്ടി വരുമായിരുന്നില്ല. സ്വസ്ഥം സമാധാനത്തോടെ എന്നെ പ്രണയിച്ചവനുമായി ഇപ്പോഴും ജീവിക്കാമായിരുന്നു. അതെല്ലാം സ്വപ്നത്തിലെന്നതു പോലെ നഷ്ടപ്പെടുത്തിയത് നീയായിരുന്നു. നിൻ്റെ അത്യാർത്തിയായിരുന്നു. അതിനൊക്കെയുള്ള പകരം അന്ന് തരേണ്ടതായിരുന്നു.
ങ്ഹാ… സാരല്യ… ഇപ്പോഴാണ് ഈ അടി കിട്ടാൻ നിനക്ക് യോഗമുണ്ടായിരുന്നതെന്ന് ഞാൻ സമാധാനിച്ചോളാം…”

കൂസലില്ലാതെ പറയുന്ന ഏയ്ഞ്ചലിനെ നോക്കി അവൻ പകയോടെ തലയാട്ടി.

“നീ എന്തായിരുന്നു വിചാരിച്ചിരുന്നത്
ഏയ്ഞ്ചൽ? നിന്നോടുള്ള പ്രേമം മൂത്ത് ആണ് ഞാൻ നിൻ്റെ പിന്നാലെ നടന്നിരുന്നതെന്നോ?ഈ അലക്സിയ്ക്ക് നിന്നെക്കാൾ സൗന്ദര്യവും, പണവും ഉള്ള മറ്റൊരു പെണ്ണിനെ കിട്ടില്ലായെന്നു കരുതിയിട്ടാണെന്നോ? അങ്ങിനെയായിരുന്നു നിൻ്റെ മനസ്സിലെ ചിന്തയെങ്കിൽ അത് മൊത്തം തെറ്റായിരുന്നുവെന്ന് നീ മനസ്സിലാക്കുക ”

പാതിയിൽ പറഞ്ഞു നിർത്തി അലക്സി ഒരു മാത്ര അടുത്തേക്ക് വരുന്ന ഫിലിപ്പോസിൻ്റെ നേർക്ക് കൈ ചൂണ്ടി.

“ദാ ആ വരുന്ന ആളെ കണ്ടോ നീ? നിൻ്റെ പപ്പ.
കുരിശിങ്കൽ ഫിലിപ്പോസ്..
അദ്ദേഹമാണ് നിന്നിലേക്കുള്ള വഴി എനിക്കു വേണ്ടി തുറന്നത്.. കാരണമെന്തെന്നറിയോ? കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന നീ ഏതോ പ്രേമബന്ധത്തിൽ പെട്ടതറിഞ്ഞപ്പോൾ, ആ പ്രണയിക്കുന്നവൻ നല്ലവനാണോ? തറവാട്ടു മഹിമയുള്ളവനാണോ, അതോ ഇനി കാര്യം കണ്ടു കഴിഞ്ഞാൽ പിൻമാറുന്നവനാണോ എന്നിങ്ങനെയുള്ള മനസ്സിനെ വട്ടു പിടിപ്പിക്കുന്ന ചോദ്യങ്ങളിൽ നിന്ന്, മകളുടെ പ്രണയത്തെ കുറിച്ചുള്ള വേവലാതിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി, മണികൂർ ഇടവിട്ട് ഐസ് ക്യൂബിട്ട കള്ള് മൊത്തി കുടിച്ചിരിക്കുമ്പോഴാണ്,, എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായി ഞാനെന്ന ഒരു ഉത്തരം ഏതോ നിമിഷത്തിൽ അദ്ദേഹത്തിന് കിട്ടിയത് ”

പറയുന്നത് നിർത്തി അലക്സി അടുത്തേക്ക് വരുന്ന ഫിലിപ്പോസിനെ നോക്കി.

“അത് പക്ഷേ എൻ്റെ തറവാട്ടു മഹിമ കണ്ടിട്ടോ. എൻ്റെ സമ്പത്ത് കണ്ടിട്ടോ അല്ല.പകരം എന്നിലെ ഗുണ്ടയെ കണ്ടിട്ട്.. അന്ന് ഞാൻ പ്രവൃത്തിച്ചിരുന്ന രാഷ്ട്രീയത്തിലെ എൻ്റെ സ്വാധീനം കണ്ടിട്ട്.കാരണം നിൻ്റെ പപ്പയ്ക്ക് ഇത് രണ്ടും ആയിരുന്നു അത്യാവശ്യം.

അലക്സിയുടെ വാക്കുകൾ കേൾക്കുന്തോറും ഏയ്ഞ്ചലിൻ്റെ മനസ്സിൽ സംശയങ്ങളുടെ നുര
പതിയെ ഇളകി തുടങ്ങി.

“കാരണം
നിന്നിൽ നിന്ന് നിൻ്റെ കാമുകനെ ഭീഷണിപ്പെടുത്തി ഒഴിവാക്കാൻ എന്നിലെ ഗുണ്ടയെയും,, കാനഡയിലെ ജോലി മതിയാക്കി നാട്ടിലെത്തുന്ന അദ്ദേഹത്തിന്, ഇവിടെ ബിസിനസ് തുടങ്ങുമ്പോൾ സംരക്ഷണത്തിനായ് എന്നിലെ രാഷ്ട്രീയക്കാരനെയും, കുരിശിങ്കൽ ഫിലിപ്പ് എന്ന നിൻ്റെ പപ്പ വളരെ ആഗ്രഹിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന ലൈൻ ”

പറഞ്ഞു നിർത്തിയ അലക്സി അവളെ ചുഴിഞ്ഞു നോക്കി.

“പക്ഷേ നിൻ്റെ പപ്പ ഈ ഒരു ആഗ്രഹം പറഞ്ഞു തുടങ്ങിയപ്പോൾ മുതൽ നിന്നെ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു.
കൊതിച്ചിരുന്നു.
മനസ്സാൽ നിന്നെ പ്രണയിക്കുമ്പോൾ തന്നെ ഹൃദയത്തിൽ നിന്നെ പ്രതിഷ്ഠിച്ചിരുന്നു ഞാൻ… നിനക്കു വേണ്ടി, ഇടക്കിടെ പെണ്ണുങ്ങളിലേക്ക് ചാഞ്ചാടുന്ന എൻ്റെ വികാരത്തെയും,
മദ്യഗ്ലാസിലൂടെ ഊറി പോകുന്ന എൻ്റെ വിവേകത്തെയും നിയന്ത്രിച്ചു തുടങ്ങിയതായിരുന്നു ഞാൻ… പക്ഷേ ”

പാതിയിൽ പറഞ്ഞു നിർത്തി അലക്സി അവളെയൊന്നു ആപാദചൂഢം നോക്കി.

“എന്തു ചെയ്യാം…. നിൻ്റെ പപ്പ
ആഗ്രഹിച്ചതു പോലെ എനിക്കും നിന്നെ കിട്ടിയില്ല. നിൻ്റെ കാമുകനും നിന്നെ കിട്ടിയില്ല. പകരം ദൂരെ, കടപ്പുറത്തുള്ള ഏതോ ഒരുത്തൻ… അവൻ്റെയൊരു ഭാഗ്യം നോക്കണേ.. അല്ലെങ്കിലും അതിനൊക്കെ ഒരു ഭാഗ്യം വേണം'”

“യൂ”

തൊലിയുരിയുന്നതു പോലെ തോന്നിയപ്പോൾ ഏയ്ഞ്ചൽ ഒരു അലർച്ചയോടെ അവനെ നോക്കി അലറിയപ്പോൾ, അവൻ്റെ ചുണ്ടിൽ ഒരു വൃത്തികെട്ട ചിരി വിടർന്നു.

“നീ അലറണ്ട ഏയ്ഞ്ചൽ.. ഞാൻ പറഞ്ഞതൊക്കെ സത്യമല്ലേ? നിനക്കു വേണ്ടി മത്സരിച്ച ഞാനും, ജിൻസും വെറും വിഡ്ഢികൾ.
ജിൻസിനെ ഇടയ്ക്കിടെ ഞാൻ കാണാറുണ്ട്.. നിനക്കറിയോ, അന്ന് ആ കടൽതീരത്ത് വെച്ച് നട്ടെല്ലില്ലാത്തവനെന്ന് നീ അധിഷേപിച്ച ‘അവനിപ്പോൾ ഇവിടുത്തെ സബ് ഇൻസ്പെക്ടറാ… ഞങ്ങൾ ഈ കാര്യങ്ങളൊക്കെ പറഞ്ഞ് കുറെ ചിരിച്ചു… ഒരു പെണ്ണിനു വേണ്ടി, കടൽ തീരത്ത് കൂട്ടിമുട്ടിയ ഞാനും, ജിൻസും… അതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ ശരിക്കും ഷെയിം തോന്നുകയാണ് ഏയ്ഞ്ചൽ.. ഷെയിം ”

പതിഞ്ഞ ചിരിയോടെ പറഞ്ഞു കൊണ്ടു, സാധനങ്ങൾ എടുത്തു വെച്ചിരുന്ന കാറിൻ്റെ ഡിക്കി അയാൾ അടച്ചു വെച്ചു.

” പിന്നെ ആ കടപ്പുറത്തെ നിൻ്റെ പ്രണയവും, അതിന് ബോണസ് കിട്ടിയ ഗർഭവും എങ്ങിനെ ഞാൻ അറിഞ്ഞെന്നാവും നീയിപ്പോൾ ആലോചിക്കുന്നത്. അതോർത്ത് നീ തല പുണ്ണാക്കണ്ട. നിൻ്റെ പപ്പയും, മമ്മയും അറിയുന്ന ഏതൊരു കാര്യവും ഞാനും അറിഞ്ഞിരിക്കും. കാരണം അത്രയ്ക്കും വിശ്വാസമാണ് അവർക്ക് എന്നെ.. പിന്നെ അവർ എങ്ങിനെ അറിഞ്ഞെന്നാണ് ഞാനിപ്പോൾ സംശയിക്കുന്നത്.. ‘ ”

അലക്സിയുടെ വാക്കുകൾ കേട്ടതും ഏയ്ഞ്ചൽ, തൊട്ടടുത്ത് വന്നെത്തിയ പപ്പയെയും, മമ്മയെയും
രൂക്ഷമായിയൊന്നു നോക്കി.

“ഞാൻ പറഞ്ഞത് നിനക്കിതുവരെ വിശ്വാസം വന്നിട്ടില്ലെങ്കിൽ ദാ.. മുന്നിൽ വന്നു നിൽക്കുന്ന നിൻ്റെ ഈ പപ്പയോടു ചോദിച്ചു നോക്കൂ.”

ഫിലിപ്പോസിനു നേരെ കൈ ചൂണ്ടി പതിയെ പറയുന്ന അലക്സിയെ അയാൾ സംശയത്തോടെ നോക്കി.. പിന്നെ തൊട്ടരികിൽ നിൽക്കുന്ന റോയ് ഫിലിപ്പിനെയും.

” പത്ത് പതിനഞ്ച് വർഷമായില്ലേ അങ്കിളേ.. ഇതുവരെയും സത്യമെന്തെന്ന് അറിയാതെ എന്നെ വീണ്ടും വീണ്ടും കുറ്റക്കാരനാക്കുകയാണ് അങ്കിളിൻ്റെ മകൾ… ഇത്രയും കാലം മനസ്സിലൊളിപ്പിച്ചിരുന്ന ആ സത്യം മോളോടങ്ങ് തുറന്നു പറഞ്ഞേക്ക്.. അങ്ങിനെയെങ്കിലും ആ കുരിശിൽ നിന്ന് ഞാൻ രക്ഷപ്പെട്ടോട്ടെ”

അലക്സിയുടെ സംസാരം കേട്ടതും, ഫിലിപ്പോസ് അയാളുടെ കൈ പിടിച്ചു.

“എന്താ പ്രശ്നം അലക്സി ?നിങ്ങൾ തമ്മിൽ വഴക്കിട്ടോ?”

ഫിലിപ്പോസിൻ്റെ ചോദ്യം കേട്ടതും, അലക്സി പോരുകോഴിയെ പോലെ നിൽക്കുന്ന ഏയ്ഞ്ചലിനെ നോക്കി.

“വഴക്കെന്ന് പറഞ്ഞാൽ ഒരു ചെറിയ വഴക്ക്. അതും ഞാനറിയാത്ത ഒരു കാര്യത്തിന് ”

അലക്സി പറഞ്ഞു കൊണ്ട് ഫിലിപ്പോസിനെയും, മേരിയെയും,
റോയ്ഫിലിപ്പിനെയും നോക്കി.

“ഇവിടെ ഗേറ്റിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഏയ്ഞ്ചലിൻ്റെ മകൻ അരുൺ ഉണ്ടായിരുന്നെന്ന്. ഇപ്പോൾ കാറിനെയും, അരുണിനെയും കാണാനില്ലായെന്ന്. അതിനു പിന്നിൽ ഞാനും, ദേവമ്മയും ആണെന്നാണ് ഏയ്ഞ്ചൽ പറയുന്നത് ”

അലക്സിയുടെ സംസാരം കേട്ടതോടെ, ഫിലിപ്പോസും, മേരിയും ഞെട്ടലോടെ ഗേറ്റിലേക്ക് നോക്കി.

” അലക്സി പറയുന്നത് സത്യമാണോ മോളേ? അരുണിനെ കാണാനില്ലേ?’

സങ്കടത്തോടെ ചോദിച്ചു കൊണ്ട് മേരി ഗേറ്റിലേക്ക് ധൃതിയിൽ നടന്നതും, ഫിലിപ്പോസ് വല്ലാത്തൊരു വേദനയോടെ
റോയ്ഫിലിപ്പിനെ നോക്കി.

” അങ്കിൾ പേടിക്കണ്ട. ഇവിടം കിടന്ന് ബോറടിച്ചപ്പോൾ അവൻ വണ്ടിയെടുത്ത് ഒന്നു പുറത്തേക്ക് ഇറങ്ങിയിട്ടുണ്ടാവും. അല്ലാതെ അവൻ എവിടെ പോകാനാ?”

ഡോ.. റോയ്ഫിലിപ്പിൻ്റെ വാക്കുകൾക്കൊന്നും ഫിലിപ്പോസിനെ തണുപ്പിക്കാനായില്ല. അയാൾ പല്ലുകൾ ഞെരിച്ചുകൊണ്ട് ഏയ്ഞ്ചലിനെ നോക്കി.

“ഇത്രയും നേരം മകനെ പറ്റി വാ തോരാതെ സംസാരിക്കുകയായിരുന്നല്ലോ നീ? ആ മകനെയാണ് നീ അകത്തേക്ക് കൊണ്ടുവരാതെ ഗേറ്റിൽ പാർക്ക് ചെയ്ത കാറിൽ ഇരുത്തി, ഇത്രയും നേരം നീ
വേദവാക്യമോതിയിരുന്നത്പറയലും, പ്രവൃത്തിയും തമ്മിൽ ഒരു ചേർച്ചയുമില്ല.. അല്ലേ മോളേ?”

ഫിലിപ്പോസിൻ്റെ ചോദ്യം കേട്ടതും, ഒരു കാരമുള്ള് നെഞ്ചിൽ തറഞ്ഞതുപോലെ തോന്നി ഏയ്ഞ്ചലിന്.

ഇന്നോളം വരെ ഒന്നു നുള്ളി നോവിക്കാതെ വളർത്തി കൊണ്ടുവന്ന മകനോടുള്ള തൻ്റെ സ്നേഹം വെറും വ്യാജമായിരുന്നല്ലോ എന്ന ധ്വനിയുണ്ട് പപ്പയുടെ ചോദ്യത്തിലെന്ന് അവൾക്ക് മനസ്സിലായി.

ഫിലിപ്പോസിൻ്റെ
ആ ഒരു ചോദ്യത്തിൽ,കണ്ണ് നിറയുന്നതിനു മുന്നേ അവളുടെ മനസ്സ് കരഞ്ഞു തുടങ്ങി.

“അവനെ ഇങ്ങോട്ട് വരാൻ ഞാൻ വിളിച്ചിരുന്നു പപ്പാ.. അവൻ അതിനു സമ്മതിക്കാതെ കാറിൽ തന്നെ ഇരിക്കുകയായിരുന്നു. ഞാനൊരു അധികപറ്റല്ലേയെന്നു ചോദിച്ചിട്ട്, സങ്കടത്തോടെ കണ്ണുനിറയ്ക്കുകയായിരുന്നു അവനപ്പോൾ.അതു കൊണ്ടാണ് അവനെ ഇങ്ങോട്ട് വരാൻ ഞാൻ നിർബന്ധിക്കാതിരുന്നത് ”

ഉളളിലെ സങ്കടം പുറത്തു കാണിക്കാതെ അത്രയും പറഞ്ഞു തീർന്നപ്പോൾ ഹൃദ് രക്തത്തിൻ്റെ ചുവപ്പ് അവളുടെ കണ്ണുകളിൽ പടർന്നു തുടങ്ങി.

അവളുടെ ദയനീയമായ നോട്ടം വീണ്ടും റോയ് ഫിലിപ്പിലേക്കു നീണ്ടു.

” അവൻ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് ഒരിടത്തേക്കും പോകില്ല ഡോക്ടർ.. ലൈൻസില്ലാത്ത അവനെ ഇങ്ങോട്ടേക്ക് വരുന്ന വഴിയിൽ വണ്ടി ഡ്രൈവ് ചെയ്തതിൻ്റെ പേരിൽ
ചെക്കിങ്ങിൽ പോലീസ് പിടിച്ചതുമാണ്.
അങ്ങിനെയുള്ള അവൻ ഒറ്റയ്ക്ക് കാർ എടുത്തു പോകില്ലായെന്ന് എനിക്ക് നല്ല ഉറപ്പാണ്”

സങ്കടം കൊണ്ട് വാക്കുകൾ വിതുമ്പിയ അവളെ ഫിലിപ്പോസ് ചേർത്തു പിടിച്ചു.

“മോൾ സങ്കടപ്പെടാതിരിക്ക്. അവൻ ഒരിടത്തേക്കും പോയിട്ടുണ്ടാവില്ല. ഈ പരിസരത്ത് എവിടെയെങ്കിലും അവൻ ഉണ്ടാകും… പിന്നെ മോൾ എന്താണ് പറഞ്ഞത്? അവൻ ഞങ്ങൾക്കൊരു
അധികപറ്റാണെന്നോ? അങ്ങിനെ അവൻ പറഞ്ഞോ? അങ്ങിനെയാണോ മോൾ കരുതിയിട്ടുള്ളത്?”

ഫിലിപ്പോസിൻ്റെ സംശയത്തോടെയുള്ള ചോദ്യം കേട്ടതും, അവളുടെ കണ്ണുകൾ ആവലാതിയോടെ ഗേറ്റിൽ നിന്നു പതിയെ ഇടറി വരുന്ന മേരിയിലേക്ക് നീണ്ടു.

“ദാ.. ആ വരുന്ന നിൻ്റെ മമ്മയില്ലേ മേരി.. അവൾക്ക് എന്നും വിളിക്കും അരുൺ.. അവരൊരുപാട് സംസാരിച്ചിരിക്കും. ഒടുവിൽ ഓരോന്നും പറഞ്ഞ് മേരി കണ്ണ് നിറയ്ക്കുമ്പോൾ അവനാണ് ആശ്വസിപ്പിക്കുന്നത്.. എല്ലാം ശരിയാകുമെന്ന് പറഞ്ഞ്… കർത്താവ് എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് ”

ഫിലിപ്പോസിൻ്റെ വാക്കുകൾ കേട്ടതും ഏയ്ഞ്ചൽ അവിശ്വസനീയതയോടെ അയാളെ നോക്കി.

ഇന്നോളം വരെ തന്നോട് പപ്പയെയും, മമ്മയെയും പറ്റി സംസാരിക്കാത്തവൻ എന്നും തൻ്റെ മമ്മയെ വിളിച്ച് സംസാരിക്കാറുണ്ടെന്ന്.

കദനം കൊണ്ട് മമ്മയുടെ
കണ്ണു നിറയുമ്പോൾ ആശ്വസിപ്പിക്കാറുണ്ടെന്ന്..

അതൊക്കെ ഏയ്ഞ്ചലിന് പുതിയ അറിവുകളായിരുന്നു.

അല്ലെങ്കിലും ഇപ്പോൾ അവനെ കുറിച്ച് കിട്ടുന്നതൊക്കെ പുതിയ അറിവുകളാണല്ലോ?

തന്നെയൊരു ചതുരംഗകളമാക്കി ഓരോ കരുക്കളും നീക്കി കൊണ്ടിരുന്നത് അവനായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമാകുന്നു.

ഏയ്ഞ്ചലെന്ന ഇരുട്ടിൻ്റ
ഒറ്റതുരുത്തിൽ നിന്ന്,
ബന്ധങ്ങളെന്ന ചുറ്റുമുള്ള വെള്ളിവെളിച്ചം തേടിയവൻ പറന്നു തുടങ്ങിയതെന്നായിരിക്കും.

ഇനി അഥവാ അരുണിനെ മുൻനിറുത്തി ആരെങ്കിലും കളിക്കുന്നതായിരിക്കുമോ

പപ്പയും, മമ്മയും ആയിരിക്കുമോ?

അതോ, അലക്സിയും, ദേവമ്മയും…

ഒരു പക്ഷേ തന്നെ കിട്ടുന്നതിന് വേണ്ടി
ഡോ.റോയ് ഫിലിപ്പ് കളിക്കുന്ന നാടകം?

ഓരോന്നും ഓർത്ത് മനസ്സിനു ചൂടുപിടിക്കുന്നതു പോലെ തോന്നിയപ്പോൾ അവൾ അലക്സിയെ രൂക്ഷമായൊന്നു
നോക്കി.

” അലക്സി ദേവമ്മയ്ക്കൊന്നു വിളിച്ചേ?”

ഏയ്ഞ്ചലിൻ്റ ആജ്ഞ കേട്ടതും, അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ട് പോക്കറ്റിൽ കിടന്നിരുന്ന മൊബൈൽ ഉയർത്തി കാണിച്ചു.

“ദേവമ്മയുടെ മൊബൈലാ ഇത്… അവൾ മൊബൈൽ എടുത്തിട്ടില്ല.. പിന്നെ അവൾ നിങ്ങൾ വിചാരിക്കും പോലെ അരുണുമായി പോയിട്ടുണ്ടാവില്ല.. സൊസൈറ്റിയിലേക്ക് തേൻ കൊടുക്കാനെന്ന് എന്നോട് പറഞ്ഞിട്ടാ അവൾ പോയിട്ടുള്ളത് ”

അലക്സിയുടെ വാക്കുകൾ കേട്ടതും വല്ലാത്തൊരു നിരാശയോടെയും, വേദനയോടെയും
ഏയ്ഞ്ചൽ
റോയ്ഫിലിപ്പിനെ നോക്കി.

അവളുടെ കണ്ണുകളിൽ പതിയെയുയരുന്നത് സങ്കടതിരകളാണെന്നു മനസ്സിലായതും, റോയ് ഫിലിപ്പ് പതിയെ അവൾക്കരികിലേക്ക് ചേർന്നു നിന്നു.

” അരുണിൻ്റെ കൈയിൽ മൊബൈൽ ഇല്ലേ ഏയ്ഞ്ചൽ?”

റോയ് ഫിലിപ്പിൻ്റെ ചോദ്യം കേട്ടതും, അവൾ നിഷേധാർത്ഥത്തോടെ തലയാട്ടി.

” അവൻ്റെ ഫോൺ കേടായിട്ട് രണ്ടു ദിവസം മുന്നെ റിപ്പയറിംഗ് കടയിൽ കൊടുത്തതാണ്. ഇതു വരെ നന്നാക്കി കിട്ടിയിട്ടില്ല”

അത്രയും പറഞ്ഞു കൊണ്ട് അവൾ ചുറ്റുമുള്ള വരെ ഒന്നു നോക്കി.

” അവൻ ഒറ്റയ്ക്കു ഒരിടത്തേക്കും പോകില്ലായെന്നത് എനിക്ക് നല്ല ഉറപ്പാണ്. അവനെ കാണാത്തതിനു പിന്നിൽ നിങ്ങളൊക്കെ ഉള്ളതുപോലെ ഒരു തോന്നൽ… അല്ലെങ്കിൽ ദേവമ്മയും, അലക്സിയും മാത്രം അറിയുന്ന ഒരു നാടകം… എന്തായാലും ശരി.. ഇതിനു പിന്നിൽ കളിച്ച ഒരാളെയും ഞാൻ വെറുതെ വിടില്ല. അത് എൻ്റെ പപ്പയായാലും, എന്നെ പത്ത് മാസം നൊന്ത് പ്രസവിച്ച മമ്മിയായാൽ പോലും ”

ഏയ്ഞ്ചലിൻ്റെ മുഖത്ത് പെട്ടെന്ന് മിന്നിമറഞ്ഞ ഭാവം കണ്ട് ഫിലിപ്പോസ്, ആശങ്കയോടെ മേരിയെ നോക്കി.

“മോൾ എന്തൊക്കെയാണീ പറയുന്നത്…? നിനക്ക് വട്ടു പിടിച്ചോ? ”

ഫിലിപ്പോസിൻ്റെ ചോദ്യം കേട്ടതും, ഏയ്ഞ്ചൽ അയാളെ രൂക്ഷമായൊന്നു നോക്കി.

” ചോദിച്ചത് ശരിയാ പപ്പാ… പക്ഷേ ആ വട്ട് തനിയെ പിടിച്ചതല്ല. നിങ്ങളൊക്കെ കൂടി പിടിപ്പിച്ചതാണ് ”

“മോൾ എന്താണീ പറയുന്നതൊക്കെ.. വായിൽ തോന്നുന്നത് ഓരോന്നും പപ്പയോടു സംസാരിക്കുകയാണോ?”

മേരിയുടെ ചോദ്യം കേട്ടതും അവൾ പതിയെ തലയാട്ടി.

“ഞാൻ പറയുന്നത് ശരി തന്നെയാണ് മമ്മാ.. എന്നെയും, ഈ ഡോക്ടറെയും ഒന്നിപ്പിച്ച്, നിങ്ങളുടെ അഭിമാനം വീണ്ടെടുക്കാൻ കളിച്ച ഈ നാടകത്തിൽ, ഭാവിയോ, വർത്തമാനമോ നോക്കാതെ, ഒന്നുമറിയാതെ ആടി തീർക്കുന്ന ഒരു കഥാപാത്രമാണ് എൻ്റെ മോൻ.. അവനെ ഒരു ബഫൂണാക്കി മാറ്റിയിരിക്കുയാണ് നിങ്ങളൊക്കെ ചേർന്ന്”

ഏയ്ഞ്ചലിന് പെട്ടെന്നു വന്ന ഭാവമാറ്റം ഉൾകൊള്ളാനാകാതെ അവർ പരസ്പരം നോക്കി നിന്നു.

“നിങ്ങളെന്താ വിചാരിച്ചിരിക്കുന്നത്? ഞാനൊരു പൊട്ടിയാണെന്നോ?ഒരു വൈകുന്നേരം എന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഈ നിൽക്കുന്ന ഡോക്ടറുടെ ഫോൺ വരുന്നു. അതിനു പിറ്റേന്ന് നമ്മൾക്ക് എൻ്റെ മമ്മയെയും, പപ്പയെയും കാണേണ്ടേയെന്ന് അരുൺ ചോദിക്കുന്നു.
പിന്നത്തെ ദിവസമായ ഇന്ന് ഇവിടെ വന്നപ്പോൾ ഡോക്ടർ അപ്രതീക്ഷിതമായെന്നോണം ഇവിടെ വരുന്നു. പപ്പയും, മമ്മയും ഞങ്ങളുടെ വിവാഹ കാര്യം സംസാരിക്കുന്നു. അരുണിൻ്റെ കാര്യമോർത്ത് ഞാൻ വിഷമിക്കണ്ടായെന്നും, അവനെ മക്കളില്ലാത്ത അലക്സിയും, ദേവമ്മയും നോക്കി കൊള്ളുമെന്ന് പറയുന്നു. ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ,നിങ്ങളുടെ പദ്ധതികളായിരുന്നു ഇതൊക്കെയെന്ന് നിങ്ങൾ പറയാതെ പറയുന്നുണ്ട് മമ്മാ… അരുണിനെ കാണാത്തതിൻ്റെ പിന്നിൽ ദേവമ്മയാണ്.. അതെനിക്ക് ഉറപ്പാണ്.. സൊസൈറ്റിയിലേക്ക് തേൻ കൊടുക്കാൻ പോയതെന്ന് അവൾ പറഞ്ഞത് വെറും നുണയാണ്. അവളെ ഞാൻ വെറുതെ വിടില്ല..

ശ്വാസം വിടാതെയുള്ള അവളുടെ സംസാരം ശ്വാസമടക്കി അവർ കേട്ടിരിക്കുമ്പോൾ, അവൾ ഹാൻഡ് ബാഗിൽ നിന്ന് ഒരു കാർഡ് എടുത്തു.

എസ്.ഐ.ജിൻസ് നേരത്തെ കൊടുത്ത വിസിറ്റിങ് കാർഡായിരുന്നു അത്.

ആ കാർഡിൽ അച്ചടിച്ചിരുന്ന നമ്പർ, മൊബൈലിലേക്ക് പകർത്തുമ്പോൾ, അവളുടെ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു.

കോൾ ഓൺ ആക്കി അവൾ പതിയെ മൊബൈൽ കാതോരം ചേർത്ത്, ചുറ്റുമുള്ളവരെ ആദ്യമായി കാണുന്നതുപോലെ നോക്കി കൊണ്ടിരുന്നു.

“ഹലോ എസ്.ഐ അല്ലേ? ഞാൻ ഏയ്ഞ്ചലാണ്..
എൻ്റെ മകൻ മിസ്സായിരിക്കുന്നു. എത്രയും പെട്ടെന്ന് കണ്ടു പിടിക്കണം അവനെ ”

വാക്കുകൾ ഓരോന്നും പറയുമ്പോൾ അവൾ വല്ലാതെ പതറുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ പുകഞ്ഞു നീറുന്നുണ്ടായിരുന്നു.

“വൈറ്റ് സ്വിഫ്റ്റ്. നമ്പർ…

” അതൊക്കെ എനിക്ക് അറിയാം ഏയ്ഞ്ചൽ.. എവിടെ നിന്നാണ് കാണാതെയായത്? കാണാതെയായിട്ട് ഇപ്പോൾ എത്ര സമയമായിട്ടുണ്ടാകും… ”

” ഹിൽവ്യൂ റിസോർട്ടിൻ്റെ ഗേറ്റിൽ നിന്നാണ് കാണാതായത്.
ഒരു ഇരുപത് മിനിറ്റ്… കൂടെ ഒരു ആദിവാസി പെണ്ണിനെയും കാണാനില്ല…”

“വാട്ട് യു മീൻ ഏയ്ഞ്ചൽ?”

“അവളായിരിക്കണം വണ്ടി ഓടിക്കുന്നത് സാർ.. എൻ്റെ മോന് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ…”

പറഞ്ഞു തീരുമ്പോഴെക്കും അവൾ കരഞ്ഞു പോയിരുന്നു.

“വിഷമിക്കാതിരിക്ക് ഏയ്ഞ്ചൽ.. അവർ ഈ സിറ്റി കടക്കുന്നതിനു മുൻപ് നമ്മൾക്ക് കണ്ടു പിടിക്കാം.. പിന്നെ ഏയ്ഞ്ചൽ ഒന്നു സ്റ്റേഷൻ വരെ വരേണ്ടി വരും.”

പറഞ്ഞതും, ജിൻസിൻ്റെ കോൾ കട്ടായി..

“എനിക്ക് ഒന്നു സ്റ്റേഷൻ വരെ പോകണം ഡോക്ടർ … ”

ഏയ്ഞ്ചൽ പറഞ്ഞതും ഡോ: റോയ്ഫിലിപ്പ്, തൊട്ടടുത്ത പാർക്കിങ്ങിൽ പാർക്ക് ചെയ്ത കാറിലേക്ക് ഓടി കയറി.

“മോളെ ഞങ്ങളും കൂടി വരാം
സ്റ്റേഷനിലോട്ട് ”

ഫിലിപ്പോസ് വിഷമത്തോടെ പറഞ്ഞതും, അവൾ ആ കൈയിൽ പതിയെ പിടിച്ചു.

“വേണ്ട പപ്പാ… നിങ്ങൾ തീർത്ഥാടനത്തിന് പൊയ്ക്കോളൂ. എൻ്റെ മോന് ഒന്നും സംഭവിക്കില്ല. ഞാനിപ്പോൾ പണ്ടത്തെ പോലെ ഒറ്റയ്ക്കല്ലല്ലോ പപ്പാ .. കൂട്ടിന് കൂടെ നിങ്ങൾ ചേർത്തുവെക്കാനാരുങ്ങിയ റോയ് ഉണ്ടല്ലോ?ഇവിടംതൊട്ട് ആകട്ടെ ഇനിയുള്ള കാലം വരെയുള്ള ആ
കൂട്ടിനോടൊത്തുള്ള യാത്ര”

ഏയ്ഞ്ചൽ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചതും, അവളുടെ കണ്ണുകൾക്കൊപ്പം ഫിലിപ്പോസിൻ്റെയും, മേരിയുടെയും കണ്ണ് നിറഞ്ഞു തുടങ്ങി.

” കുട്ടികളെ പോലെ കരയാതെ ഇങ്ങോട്ട് കയറിയിരിക്ക് ഏയ്ഞ്ചൽ… ”

റോയ് ഫിലിപ്പിൻ്റെ ധൃതിയോടെയുള്ള വാക്കുകൾ കേട്ടതും, പൊടുന്നനെ ഏയ്ഞ്ചൽ കോ- ഡ്രൈവർ സീറ്റിലേക്ക് കയറി.

ആരോടും ഒന്നും പറയാതെ, റോയ് ഫിലിപ്പ് കാർ മുന്നോട്ടു പായിക്കുമ്പോൾ, അതുവരെ സംഭരിച്ചിരുന്ന ധൈര്യം ചോർന്നു പോകുന്നത് പോലെ അവൾക്കു തോന്നി…

കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നിയപ്പോൾ അവൾ പതിയെ
റോയ്ഫിലിപ്പിൻ്റെ തോളിലേക്ക് ചാരിയിരുന്നു.

ഇരുവശം കാടുകൾ നിറഞ്ഞ, ആ ടാറിട്ട നിരത്തിനെ ചുംബിച്ചു പോകുമ്പോഴാണ്, പൊടുന്നനെ ഏയ്ഞ്ചലിൻ്റെ മൊബൈൽ ശബ്ദിച്ചത്.

പാതി മയക്കത്തിലെന്നോണം ഡിസ്പ്ലേ പോലും നോക്കാതെ അവൾ ആ ഫോൺ ചെവിയോരം ചേർത്തു.

“ഹായ് ഏയ്ഞ്ചൽ… ഞാൻ നിൻ്റെ കൂട്ടുകാരി വേദ ആണെന്ന് അറിയാമല്ലോ? പിന്നെ ഇടക്കിടെ നിന്നെ ഓർമ്മപ്പെടുത്താനുള്ള എൻ്റെ ഈ വിളി നിന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നില്ലേ..? ”

” പ്ലീസ്… വേദാ…”

കരയുന്നതു പോലെയായിരുന്നു.. ഏയ്ഞ്ചലിൻ്റെ ശബ്ദം.

“നീ കരയാതിരിക്കൂ ഏയ്ഞ്ചൽ.. അരുണിനെ നമ്മൾക്ക് കിട്ടും.. അവനെ കാണാത്തതു കൊണ്ടല്ലേ നിൻ്റെ ഈ വിഷമം.. ”

അപ്പുറത്ത് നിന്ന് വന്ന വേദയുടെ ചോദ്യം കേട്ടതും,
റോയ്ഫിലിപ്പിൻ്റെ തോളിൽ ചാരി കിടന്നിരുന്ന ഏയ്ഞ്ചൽ ഒരു ഞെട്ടലോടെ ചാടിയെഴുന്നേറ്റു.

വേദയുടെ വാക്കുകൾക്കായി അവൾ ആ ഫോണിലേക്ക് ആകാംക്ഷയോടെ നോക്കി ഇരുന്നു.

” അര മണിക്കൂറിനു മുന്നല്ലേ അവനെ കാണാതെയായത് .. അവൻ ആ സിറ്റി വിട്ട് ഒരിടത്തേക്കും പോയിട്ടുണ്ടാവില്ല ഏയ്ഞ്ചൽ.. നമ്മുടെ പോലീസ് അവനെ കണ്ടു പിടിച്ചിരിക്കും.. കാരണം നമ്മുടെ പോലീസിനെ എനിക്ക് നല്ല വിശ്വാസമാണ് ”

കുപ്പിവള ചിതറും പോലെ ചിരിച്ചു കൊണ്ടു പറയുന്ന വേദയുടെ സംസാരത്തിനോടൊപ്പം, കടൽതിരകളുടെ ശബ്ദത്തിനായ് അവൾ കാതോർത്തു…

ഒരായിരം ചോദ്യങ്ങൾ സംശയമുണർത്തുന്ന മനസ്സോടെ…….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button