Novel

ഏയ്ഞ്ചൽ: ഭാഗം 27

രചന: സന്തോഷ് അപ്പുകുട്ടൻ

“ഒരു പെണ്ണിൻ്റെ ശത്രു മറ്റൊരു പെണ്ണാണെന്ന് പറയുന്നതൊക്കെ വെറും തെറ്റിദ്ധാരണയുടെ പേരിലാണ് ഏയ്ഞ്ചൽ… നിനക്കു വല്ലപ്പോഴും അങ്ങിനെ തോന്നിയിട്ടുണ്ടോ? ഐ മീൻ എൻ്റെ കാര്യത്തിൽ?”

“വേദാ…. ”

വേദയുടെ ചോദ്യം കേട്ടതും,പതിഞ്ഞൊരു വിളി ഏയ്ഞ്ചലിൽ നിന്നുതിർന്നു .

” ഞാൻ സീരിയസായി ചോദിച്ചതാണ് ഏയ്ഞ്ചൽ.. നിൻ്റെ പെരുമാറ്റം കാണുമ്പോൾ, നിനക്കൊരു മകൻ പിറന്നെന്ന് എന്നെ വിളിച്ചു പറയാതിരുന്നപ്പോൾ, ഒന്നും മിണ്ടാതെയും, പറയാതെയും ഇത്രയും വർഷം എന്നിൽ നിന്നും നീ ഒളിച്ചു താമസിച്ചപ്പോൾ.. നീ എന്നിൽ നിന്നു അകലുകയാണെന്നു എനിക്കു തോന്നിയിരുന്നു ഏയ്ഞ്ചൽ.. ഇപ്പോൾ മനസ്സിലാവുന്നു.. അത് എൻ്റെ വെറും തോന്നലായിരുന്നില്ല… അതൊക്കെ സത്യമാണെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. കുറച്ചേറെ വൈകിയാണെങ്കിലും ”

മൊബൈലിലൂടെ വരുന്ന വേദയുടെ ശബ്ദം പതറിപ്പോകുന്നത് ഏയ്ഞ്ചൽ വേദനയോടെ മനസ്സിലാക്കി തുടങ്ങിയിരുന്നു.

“നിൻ്റെ മനസ്സ് വായിക്കാൻ ഞാൻ ഇത്തിരി വൈകി ഏയ്ഞ്ചൽ… ഞാൻ നിൻ്റെ ശത്രുവാണെന്നു നീ എപ്പോഴോ കണക്കു കൂട്ടിയിരുന്നു അല്ലേ ഏയ്ഞ്ചൽ..? അതോടൊപ്പം നീ നിൻ്റെ മനസ്സിനെയും പറഞ്ഞു പഠിപ്പിച്ചിരുന്നു…?”

വേദയുടെ ചോദ്യങ്ങൾക്ക് മറുപടിയായ് ഊറിവരുന്ന കണ്ണീർ തുടച്ചു കൊണ്ട് ഏയ്ഞ്ചൽ പുറത്തു പെയ്യുന്ന ചാറൽ മഴയിലേക്ക് കണ്ണുംനട്ടിരുന്നു.

സ്വന്തമാണെന്നു വിചാരിച്ചിരുന്ന
വേദയുടെ പോൽ തന്നെ
എല്ലാവരും ഈ ഏയ്ഞ്ചലിനെ തെറ്റിദ്ധരിച്ചിരിക്കുകയാണ്..

സമൂഹം തന്നെ ഈ ഏയ്ഞ്ചലിനെ ഒരു ദയാദാക്ഷിണ്യമില്ലാതെ കുറ്റങ്ങൾ കൊണ്ട് മൂടുകയാണ്…

വഴിപിഴച്ചവളെന്ന വാക്ക് നിശബ്ദമായി മന്ത്രിച്ചു കൊണ്ട്, തനിക്കു നേരെ പുഞ്ചിരിയുതിർക്കുന്ന സമൂഹം…

ഒരു എഴുത്തുകാരിയെന്ന നിലയിൽ ഈ ഏയ്ഞ്ചലിനെ പരസ്യമായി പ്രകീർത്തിക്കുന്നവർ തന്നെ, രഹസ്യമായി മറ്റ് എന്തൊക്കെയോ പേരുകൾ വിളിക്കുന്നുണ്ടെന്ന് അറിയാം…

നാലുചുറ്റും നിന്നു തറഞ്ഞു കയറുന്ന കൂരമ്പുകളെ പുൽകൊടിപോലെ കണ്ട് മുന്നോട്ടു പോയത് തൻ്റെ മകനു വേണ്ടിയാണ്..

എന്നിട്ടും…
അവൻ പോലും!

ആ ഓർമ്മ അവളുടെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചു തുടങ്ങിയിരുന്നു.

മണ്ണും,മാനവും നനഞ്ഞൊഴുകുമ്പോൾ തൻ്റെ മനസ്സ് മാത്രം ഉരുകിയൊലിക്കുന്നത് വല്ലാത്തൊരു ഹൃദയനൊമ്പരത്തോടെ അവളറിഞ്ഞു.

കുളിർ പെയ്യുന്ന വർഷമില്ലാതെ, പതിനാറ് വർഷകാലത്തോളം
വെറും മരുഭൂമിയായി കിടന്ന തൻ്റെ മനസ്സ്…

ഭൂതകാലത്തിൻ്റെ കനൽവഴികൾ താണ്ടാൻ ചങ്കുറപ്പ് തന്നത് അരുണിൻ്റെ ഭാവി ജീവിതത്തെ കുറിച്ചുള്ള ചിന്തകളാണ്.

വിധിയോടു ഒറ്റയ്ക്ക് നിന്ന് പൊരുതി, അവനെ പഠിപ്പിച്ചു വലിയ ഒരാളാക്കണമെന്ന സ്വപ്നമായിരുന്നു….

എന്നിട്ടിപ്പോൾ….?

തന്നിൽ നിന്നും രക്ഷപ്പെടാൻ അവൻ ചിറകുകൾ വിടർത്തി തുടങ്ങിയിരിക്കുന്നു.

ഏയ്ഞ്ചൽ എന്ന ഉണങ്ങിയ ഒറ്റമരശിഖരത്തിൽ നിന്നു, ബന്ധങ്ങൾ എന്ന വർണങ്ങൾ വിരിയിക്കുന്ന വസന്തകാലത്തെ തേടി പറക്കുവാനൊരുങ്ങുന്നു.

ചിറകുകൾ വിടർത്തി തുടങ്ങിയ നിന്നെ പോലെ ഉള്ളവർക്ക് വേണ്ടത് നീലാകാശത്തിൻ്റെ അതിരുകളില്ലാത്ത സ്വാതന്ത്ര്യമെന്ന് അറിയാൻ വൈകിപോയ അനേകം അമ്മമാരിൽ ഒരാളാണ് മോനൂ ഈ ഞാനും…

സ്വാതന്ത്ര്യത്തിൻ്റെ വെള്ളിവെളിച്ചത്തിലേക്ക് നീ പറന്നുയരുമ്പോൾ, ഇങ്ങ് താഴെ ഈ വരണ്ട ഭൂമിയുടെ ഒരു കോണിൽ ചിറകുകളുടെ തൂവലുകളടർന്ന്, നീലാകാശത്തിൻ്റെ സ്വാതന്ത്ര്യം എന്നെന്നേയ്ക്കുമായി നിഷേധിക്കപ്പെട്ട, നിൻ്റെ മമ്മിയുണ്ടെന്ന് വല്ലപ്പോഴും ഓർത്താൽ മതി…

ആ ഓർമ്മകൾ മാത്രം മതി നിൻ്റെ ഈ ഗതി കെട്ട മമ്മിക്ക് …

മനസ്സിലെ സങ്കടങ്ങൾ നിയന്ത്രിക്കാനാകാതെ നിറഞ്ഞു തൂവിയ കണ്ണീർ തുടച്ചു കൊണ്ട് അവൾ ശൂന്യതയിലേക്ക് നോക്കി ഇരുന്നു.

പുറംകാഴ്ചയിൽ,
അടുത്തടുത്തു വരുന്ന ചർച്ചിൻ്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന വലിയൊരു കുരിശിൽ അവളുടെ മിഴികൾ തറഞ്ഞു നിന്നു…

ചാറൽ മഴക്കപ്പുറത്ത്, അവ്യക്തമായി കാണുന്ന ആ കുരിശ് രൂപം, പ്രതീക്ഷയുടെ ഒരു തുരുത്തായി തൻ്റെ മനസ്സിൽ രൂപമെടുക്കുന്നതറിഞ്ഞ അവൾ ഒരു നിമിഷം കണ്ണടച്ചു, കുരിശ് വരച്ച തോടൊപ്പം, ആ ചുണ്ടുകളിൽ നിന്ന് പ്രാർത്ഥനാ മന്ത്രങ്ങളുതിർന്നു വീണു.

“എന്താ നീ ഒന്നും മിണ്ടാതെ ഇരിക്കുന്നത് ഏയ്ഞ്ചൽ…? ഞാൻ പറഞ്ഞതും, ഇപ്പോൾ വിളിക്കുന്നതു പോലും നിനക്കിഷ്ടമില്ലായെന്നു, നിൻ്റെ ഈ മൗനം പറയാതെ പറയുന്നില്ലേ ഏയ്ഞ്ചൽ… ?”

ചിന്തകളെ കീറിമുറിച്ചു കൊണ്ട് മൊബൈലിലൂടെ ഒഴുകിയെത്തിയ വേദയുടെ തുടരെയുള്ള ചോദ്യങ്ങൾക്ക് മറുപടിയായി അവൾ യാന്ത്രികമായൊന്നു മൂളി.

അതേയെന്നോ, അല്ലായെന്നോ രീതിയിലുള്ള ചെറിയ ഒരു അമർത്തി മൂളൽ.

“എൻ്റെ സാന്നിധ്യം പോലും നിനക്ക് ഇഷ്ടമില്ലായെന്ന് എനിക്കറിയാം..പക്ഷേ എന്നാലും എനിക്ക് നിന്നെ മറക്കാൻ കഴിയില്ലല്ലോ? വിളിക്കാതിരിക്കാനും ”

പറയുന്നതിനോടൊപ്പം, വേദയുടെ സംസാരത്തിൻ്റെ സ്വരം മാറുന്നത് ഏയ്ഞ്ചൽ മനസ്സിലാക്കി തുടങ്ങി.

“നീയിനി എങ്ങിനെ പെരുമാറിയാലും അത് എന്നെ വേദനിപ്പിക്കില്ല ഏയ്ഞ്ചൽ… കാരണം നീ അനുഭവിച്ച വേദനയെക്കാൾ കൂടുതലാണ് ഞാൻ അനുഭവിച്ചത്.. നീ എന്നെ ഏൽപ്പിച്ചു പോയ ഈ കടൽതീരം, സന്തോഷത്തേക്കാളേറെ സങ്കടമാണ് ഈ വേദയ്ക്ക് നൽകിയത് ”

“വേദാ”

ഉള്ളിലെ നൊമ്പരം വാക്കുകളായി അവളുടെ ചുണ്ടിൽ വിറച്ചു വീണു.

” കഴിഞ്ഞതിനെ പറ്റി പറയാനും, സങ്കടപ്പെടാനും, കണ്ണീരൊഴുക്കുവാനുമല്ല ഞാൻ കുറച്ചു നാൾ മുൻപ് വിളിച്ചു തുടങ്ങിയത്.. പകരം എന്നെ ആദിയെ ഏൽപ്പിച്ചിട്ട് നീ ഇവിടെ നിന്ന് പോകുമ്പോൾ, എന്നോടു പോലും പറയാത്ത വലിയൊരു രഹസ്യം പേറിയാണ് നീ പോയത്… ആ രഹസ്യം അരുണായി വളർന്നെന്നറിഞ്ഞപ്പോൾ അവനെ കാണാനൊരു കൊതി ഏയ്ഞ്ചൽ… ”

വേദയുടെ വാക്കുകൾ ഉരുകിയ ഈയമായി തൻ്റെ കാതിൽ ഒഴുകി പടരുന്നത് ഏയ്ഞ്ചൽ അറിഞ്ഞു തുടങ്ങി.

“പലവട്ടം യാചിച്ചു ഞാൻ പറഞ്ഞിട്ടും, നീ അതിനു സമ്മതിച്ചില്ല. ഞാൻ അവനെ തട്ടിയെടുക്കുമെന്ന പേടി കൊണ്ട് മാത്രം… ഇനി ഞാൻ നിന്നോടു അവനെ കാണണമെന്ന് ആവശ്യപ്പെടില്ല..കാരണം അവന് എന്നെയും, ആദിയെയും കാണണമെന്ന ആഗ്രഹത്താൽ അവിടെ നിന്ന് പുറപ്പെട്ടത് ഞാനറിഞ്ഞു.. അതു കേട്ടനേരം മുതൽ ഇവിടം ഞങ്ങൾ അവനെ വെയിറ്റ് ചെയ്യുകയാണ് ”

സംസാരത്തിനിടയിലൂടെ വേദയുടെ സന്തോഷം ചിരിയായ് മാറുന്നത് വേദനയോടെ ഏയ്ഞ്ചൽ അറിഞ്ഞു.

“ഇനിയൊരിക്കലും ഈ തീരത്തേക്ക് വരില്ലായെന്ന് ആദിയോടു ശപഥം ചെയ്ത നീ, ഈ തീരത്തേക്ക് തന്നെ വരും ഏയ്ഞ്ചൽ… സ്വന്തം മകനോടു അവൻ്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെന്ന് തെളിച്ചു പറയാത്ത നിനക്ക് ഈ തീരത്തേക്ക് വരാതിരിക്കാനാവില്ല ഏയ്ഞ്ചൽ… നീ വരും… നിന്നെ വരുത്തും… പറയുന്നത് ഈ
വേദയാണ് ”

പറഞ്ഞു തീർന്നതും വേദയുടെ പൊട്ടിചിരി തുടങ്ങി.

മൊബൈലിലൂടെ ഒഴുകി വരുന്ന, ചിരിയിൽ കലർന്ന വേദയുടെ സംസാരത്തെക്കാളുപരി, അവൾ ചെവിയോർത്തത് കടൽതിരകളുടെ ശബ്ദം പതിയെ കേൾക്കുന്നുണ്ടോയെന്നാണ്….

മൊബൈൽ ചെവിയോരം നന്നായി ചേർത്തുവെച്ച അവൾ ചിന്തിച്ചത്,
ഇത്രയും ദൂരെയുള്ള അവൾ ഇത്ര പെട്ടെന്ന് അരുണിനെ കാണാനില്ലെന്ന കാര്യം
എങ്ങിനെ അറിഞ്ഞെന്നായിരുന്നു.

ഇനി ഒരു പക്ഷേ വേദ പറഞ്ഞതുപോലെ ദേവമ്മയും, അരുണും പോയി കൊണ്ടിരിക്കുന്നത്, തൻ്റെ സ്വപ്നങ്ങൾ കുഴിച്ചുമൂടിയ സ്നേഹതീരമെന്ന ആ കടലോര ഗ്രാമത്തിലേക്കാണെങ്കിലോ?

എല്ലാറ്റിനും പിന്നിൽ, ഒന്നുമറിയാത്തതുപോലെ കരുക്കൾ നീക്കുന്നത് വേദയാണെങ്കിലോ?

അതോർത്തപ്പോൾ ഏയ്ഞ്ചലിൻ്റെ നെഞ്ചൊന്നു കിടുങ്ങി.

ഇത്രയും കാലം ആദിയിൽ നിന്ന് ഒളിപ്പിച്ചു വെച്ച തൻ്റെ മകൻ അവിടെ എത്തിപെട്ടാൽ, പിന്നെയൊരിക്കലും അവൻ തൻ്റെ അരികിലേക്ക് തിരിച്ചു വരില്ലായെന്നൊരു ചിന്ത അവളുടെ മനസ്സിൽ അതിവേഗം അഗ്നിയായി പടർന്നു…

ആ കരളുരുക്കുന്ന ചിന്തയിൽ ഞെട്ടിവിറച്ച അവൾ കാറിനു പുറത്തേക്ക് ഒരു ഭ്രാന്തിയെ പോലെ കണ്ണയച്ചു…

പിന്നോട്ട് ഓടി മറയുന്ന വൃക്ഷങ്ങൾ, കഴിഞ്ഞു പോയ കാലങ്ങളെ ഓർമ്മിപ്പിച്ചപ്പോൾ, അവളുടെ കണ്ണിൽ നിന്ന്, പുറത്ത് പെയ്യുന്ന ചാറ്റൽ മഴ പോലെ, കണ്ണീർ നിലത്തേക്ക് തൂവി കൊണ്ടിരുന്നു….

ഒരു കാലത്ത്, ഏതൊന്നിനെക്കാളും ഈ ഏയ്ഞ്ചൽ ആത്മാർത്ഥമായി സ്നേഹിച്ച നീ, എന്നെ ചിരിച്ചുകൊണ്ട് ചതിക്കുകയാണോ വേദാ…?

നിനക്ക് അങ്ങിനെ ചെയ്യാൻ എന്നോടു തോന്നുമോ വേദാ…?

മനസ്സിലുയർന്ന നിശബ്ദമായ ചോദ്യത്തോടോപ്പം, കവിളോരം പടർന്ന കണ്ണീർ തുടച്ച് കൊണ്ട് അവൾ പതിയെ തലയാട്ടി.

അതേ… അതായിരിക്കണം ശരി..

ആദിയുടെ മകനെ തനിക്കു തന്നൂടെയെന്ന് പലവട്ടം കെഞ്ചിചോദിച്ചവളാണ്…

ഒരിക്കലും അവനെ വിട്ടുതരില്ലെന്നു പറഞ്ഞപ്പോൾ, എന്ത് പ്രതിബന്ധമുണ്ടായാലും അവനെ കൊണ്ടുപോകുമെന്ന് തന്നെ വെല്ലുവിളിച്ചവളാണ്..

അതേ… ഇതിനു പിന്നിൽ അവൾ തന്നെ ആകാനാണ് സാധ്യത..

ഈ ഹൈറേഞ്ചിൽ വന്ന് അത്രയെളുപ്പത്തിൽ അരുണിനെ കൂട്ടികൊണ്ടു പോകാൻ കഴിയില്ലായെന്ന് മനസ്സിലാക്കിയ അവൾ അതിനു വേണ്ടി, തന്നോടു പകയുള്ള അലക്സിയെയും, ദേവമ്മയെയും കൂടെ ചേർത്തിരിക്കാം.

വേദയുടെ ആവശ്യം കേട്ടതും,
വൈദ്യൻ കൽപ്പിച്ചതും, രോഗി ഇച്ഛിച്ചതും ഓരേ കാര്യമായിരുന്നെന്ന സന്തോഷത്തിലായിരിക്കാം ദേവമ്മയും, അലക്സിയും സമ്മതം മൂളിയത്.

താനും, റോയ് ഫിലിപ്പും ആസ്ത്രേല്യയിലേക്ക് പോയാൽ പിന്നെ, ആകെയുള്ള തലവേദന തൻ്റെ മകൻ അരുൺ ആണെന്ന് അവർക്കറിയാം. അവനെയും ഒഴിവാക്കുന്നതിലൂടെ,
ഈ റിസോർട്ടിൻ്റെയും, തോട്ടത്തിൻ്റെയും അധികാരം പതിയെ കൈക്കലാക്കി, പപ്പയുടെയും, മമ്മയുടെയും കാലശേഷം സുഖിച്ചു ജീവിക്കാമെന്നു കരുതിയിട്ടുണ്ടാവും, അലക്സിയും, ദേവമ്മയും…. എബിയാണെങ്കിൽ ഇപ്പോഴൊന്നും നാട്ടിലേക്ക് വരില്ലായെന്നും അവർക്കറിയാം!

ഈ പ്ലാൻ പൂർത്തിയാക്കിയ വേദ, ഒരു ഗൂഢസ്മിതത്തോടെ ആ കടലോരത്ത്, അരുണിൻ്റെ വരവും കാത്തിരിക്കുന്നുണ്ടാകും..

ഇവിടെ നിന്നു പുറപ്പെടും മുൻപെ അരുൺ, ആരുടെയെങ്കിലും മൊബൈലിൽ നിന്ന് അവളെ വിളിച്ചിരിക്കാം…

അവൻ്റെ വിളി, വേദയെ തേടിയെത്തിനു ശേഷമാകാം, അവൾ തന്നെ വിളിച്ചത്…

സംസാരത്തിനിടയ്ക്ക് അവളിൽ നിന്നുതിർന്ന ചിരി, ഒരു വിജയഭാവത്തെ ഓർമ്മിപ്പിക്കുന്നുണ്ട്.

അങ്ങിനെയാണ് സംഭവങ്ങളെങ്കിൽ, ഇന്നുവരെ
ഒരിക്കലും പരസ്പരം കാണാത്ത ഇവർ തമ്മിൽ ഇങ്ങിനെയൊരു കണക്ഷൻ എങ്ങിനെ ഉടലെടുത്തു എന്ന ചോദ്യം മാത്രം അവളെ വല്ലാതെ വീർപ്പുമുട്ടിച്ചു.

സംശയത്തിൻ്റെ ഒരുപാടു തിരകൾ, ഒന്നിച്ചു മനസ്സിനുള്ളിൽ ഉയർന്നു താഴുന്നതു പോലെ ഏയ്ഞ്ചലിന് തോന്നിയതും വല്ലാത്തൊരു വേദനയോടെ
അവൾ നെഞ്ചിൽ കൈവെച്ചു…

എല്ലാവരും കൂടി തൻ്റെ മകനെ ചക്രവ്യൂഹത്തിലകപ്പെടുത്തുവെന്ന തോന്നൽ അവളുടെ
മനസ്സിലേക്കിരച്ചു കയറിയപ്പോൾ, അവളുടെ കണ്ണുകൾ പതിയെ നിറഞ്ഞു തുടങ്ങി.

ഉത്തരം കിട്ടാത്ത
ഒരുപാടു ചോദ്യങ്ങൾ പ്രകമ്പനംപോലെ ഹൃദയഭിത്തിയിൽ മുഴങ്ങുന്നതു പോലെ തോന്നിയപ്പോൾ അവൾ കണ്ണടച്ച് സീറ്റിൽ ചാരി കിടന്നു, ചെവിയിലേക്ക് ഫോൺ ചേർത്തു വെച്ചു…

വേദ, ഇവിടെ ഏറ്റവും അടുത്തു ഇരുന്നാണ് തന്നെ വെല്ലുവിളിക്കുന്നതെന്ന ഒരു സംശയം അവളിൽ ഉടലെടുത്തു തുടങ്ങിയിരുന്നു…

വീശിയടിക്കുന്ന കടൽ കാറ്റിൻ്റെ ഒരു ചെറിയ ശബ്ദമെങ്കിലും കേട്ടിരുന്നെങ്കിൽ, മനസ്സിൽ പുകയുന്ന അഗ്നിപർവതത്തിന് ഒരു ശമനമെങ്കിലും കിട്ടിയിരുന്നേനെയെന്ന് അവൾ ഓർത്തു.

” ആരാ ഏയ്ഞ്ചൽ ഫോണിൽ..?”

മൊബൈൽ ചെവിയിലേക്ക് ചേർത്ത് വെച്ച്, ശുന്യതയിലേക്ക് നോക്കിയിരിക്കുന്ന ഏയ്ഞ്ചലിനെ കണ്ടതും, റോയ്ഫിലിപ്പ് തെല്ല് ഒരമ്പരപ്പോടു കൂടി ചോദിച്ചു.

അവൾ അതിനുത്തരം പറയാതെ, നിഷേധാർത്ഥത്തോടെ തലയാട്ടിയതും, അവളുടെ കണ്ണിൽ നിന്ന് രണ്ടിറ്റ് നീർ നിലത്തേക്കു വീണു.

വനങ്ങൾക്കിടയിലൂടെയുള്ള ടാറിട്ട നിരത്തിലൂടെ, പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി അതിവേഗം പായുന്ന കാറിനെ നിയന്ത്രിക്കുമ്പോഴും, റോയ് ഫിലിപ്പ് അവളെ ഇടയ്ക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു.

ചിന്തകൾ കൊണ്ട് അവളുടെ മുഖം വല്ലാതെ വലിഞ്ഞു മുറുകുന്നത് കണ്ടപ്പോൾ, റോയി ഫിലിപ്പിൽ സംശയങ്ങളുണർന്നു തുടങ്ങി.

“വേദായെന്നു ഞാൻ കേട്ടു …ആ കോൾ വന്നപ്പോൾ ഇത്രയും നിശബ്ദത പാലിക്കാൻ അവൾ ആരാണ്?”

റോയ് ഫിലിപ്പിൻ്റെ ചോദ്യം കേട്ടതും, അവൾ അയാളുടെ മുഖത്തേക്ക് നോക്കി കൊണ്ട് വേദയുടെ കോൾ കട്ടാക്കി.

” ഒരു കാലത്ത് എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നവൾ ”

ഏയ്ഞ്ചലിൻ്റെ പതിഞ്ഞ മന്ത്രണം കേട്ടതോടെ റോയ് ഫിലിപ്പ് ഒരു പുഞ്ചിരിയോടെ, സീറ്റിൽ വെച്ചിരുന്ന അവളുടെ കൈപ്പത്തിയിലേക്ക് തൻ്റെ കൈകൾ ചേർത്തു വെച്ചു.

” ആ വേദയായിരുന്നോ അത്?
അതായത് ആദിയുടെ ഭാര്യ.. അല്ലേ?”

റോയ് ഫിലിപ്പിൻ്റെ പതിഞ്ഞ ചോദ്യം കേട്ടതും, ഒരു ഞെട്ടലോടെ അവൾ അയാളെ തുറിച്ചു നോക്കി.

ആദിയെയും, വേദയെയും ഡോ: റോയ് ഫിലിപ്പിന് എങ്ങിനെ അറിയുമെന്ന ചിന്തകളിൽ കുടുങ്ങി അവളുടെ മനസ്സ്…

അയാളുടെ കൈപ്പത്തിക്കടിയിൽ കിടന്ന് തൻ്റെ കൈകൾ ചുട്ടുപൊള്ളുന്നതു പോലെ തോന്നിയപ്പോൾ അവൾ കൈകൾ പതിയെ വലിച്ചെടുത്തു.

ഏയ്ഞ്ചലിൻ്റെ ആ പ്രവൃത്തി കണ്ട്, അയാൾ ഒരു നിമിഷം അവളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി പതിയെ തലയാട്ടി.

“എനിക്ക് എങ്ങിനെ ആദിയെയും, വേദയെയും അറിയാമെന്നായിരിക്കും ഇപ്പോൾ ഏയ്ഞ്ചൽ ആലോചിക്കുന്നത് അല്ലേ?”

റോയ് ഫിലിപ്പിൻ്റെ ചോദ്യം കേട്ടതും, ഏയ്ഞ്ചൽ അതേയെന്ന അർത്ഥത്തിൽ തലയാട്ടി.

“എനിക്ക് അവരെ, കണ്ടിട്ടില്ലെങ്കിലും നല്ലതുപോലെ അറിയാം ഏയ്ഞ്ചൽ… ”

ഡോക്ടർ റോയ് ഫിലിപ്പിൻ്റെ സംസാരം കേട്ടതും, ഏയ്ഞ്ചൽ കാറിൻ്റെ സീറ്റിൽ നിന്നുയർന്ന് അയാളെ രണ്ടു നിമിഷം സൂക്ഷിച്ചു നോക്കി.

“എങ്ങിനെ അറിയാം അവരെ? എന്നു തൊട്ട് അറിയാം അവരെ ?ഇത്രയും ദൂരെ ഒരു കടലോരത്ത് താമസിക്കുന്ന, പ്രശസ്തരല്ലാത്ത ആ രണ്ടു പേരെ ഈ ഹൈറേഞ്ചിൽ കിടക്കുന്ന ഡോക്ടർക്ക് എങ്ങിനെ അറിയാം?”.

ഏയ്ഞ്ചലിൻ്റെ തുടരെയുള്ള ചോദ്യങ്ങൾ കേട്ട ഡോ: റോയ്ഫിലിപ്പ് അവളെ നോക്കി പതിയെ പുഞ്ചിരിച്ചു.

” എൻ്റെ മകൾ അലീനയിൽ നിന്ന്.. അരുൺ എന്തു കാര്യമുണ്ടെങ്കിലും അത് അലീനയോടു പറയും.അവർ ബെസ്റ്റ് ഫ്രണ്ട്സ് ആണെന്ന് ഏയ്ഞ്ചലിന് അറിയാവുന്നതല്ലേ?”…

റോയ് ഫിലിപ്പിൻ്റെ വാക്കുകൾ കേട്ടതും, നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയതുപോലെ ഏയ്ഞ്ചലിനു തോന്നി.

താൻ സംശയിച്ചതു പോലെയാണ് കാര്യങ്ങളുടെ പോക്ക് എന്നു മനസ്സിലായതും, അവളുടെ മനസ്സിൽ ആശങ്കകൾ ഉയർന്നു തുടങ്ങി.

” അരുൺ എങ്ങിനെ അറിഞ്ഞു അവരെ പറ്റി?അതിനെ പറ്റി അവൻ വല്ലതും, അലീനയോട് പറഞ്ഞിരുന്നോ ?”

ഏയ്ഞ്ചലിൻ്റെ ആശങ്ക നിറഞ്ഞ ചോദ്യം കേട്ടതും, റോയ്ഫിലിപ്പ് കാർ റോഡിൻ്റെ അരികിലായ് നിർത്തി.

“അതൊക്കെ പിന്നെ പറയാം… വീട്ടിലെ വേലക്കാരി, ലീവ് കഴിഞ്ഞുവന്നോ?”

റോയ് ഫിലിപ്പിൻ്റെ ചോദ്യത്തിന് ഏയ്ഞ്ചൽ പതിയെ തലയാട്ടി.

” എങ്കിൽ അവരെ ഒന്നു വിളിച്ചു നോക്കു ഏയ്ഞ്ചൽ.. എൻ്റെ ഊഹം ശരിയാണെങ്കിൽ, അവനിപ്പോൾ അവൻ്റെ എല്ലാ സാധനങ്ങളും പാക്ക് ചെയ്ത് അവിടെ നിന്ന് ഇറങ്ങിയിട്ടുണ്ടാകും.. ആം ഷുവർ. ”

റോയ്ഫിലിപ്പിൻ്റെ സംസാരം കേട്ടതും, അവൾ പൊടുന്നനെ മൊബൈൽ എടുത്തു വേലക്കാരിക്ക് ഫോൺ ചെയ്തു.

സംസാരത്തിനിടയ്ക്ക് അവളുടെ മുഖം വിളറി വെളുക്കുന്നത് കണ്ട റോയ് ഫിലിപ്പിന്, താൻ ഊഹിച്ചത് ശരിയാണെന്നു ബോധ്യപ്പെട്ടു.

” ടീച്ചറിൻ്റെ വീട്ടിലേക്ക് പോകുകയാണെന്നു പറഞ്ഞ് അവൻ എല്ലാ സാധനങ്ങളും എടുത്ത് പോയെന്ന്… ഇത്രയും കാലം പൊന്നുപോലെ നോക്കിയ എന്നെ തനിച്ചാക്കി… ഇനി ഈ ഏയ്ഞ്ചൽ ഒറ്റയ്ക്ക്… ”

ഗദ്ഗദത്തോടെ ശൂന്യതയിലേക്ക് നോക്കി ഏയ്ഞ്ചൽ പറഞ്ഞപ്പോൾ, റോയ് ഫിലിപ്പ് അവളുടെ കൈയിൽ പതിയെ സ്പർശിച്ചു… ആ സ്പർശം വലിയൊരു മുറുകെയുള്ള പിടുത്തത്തിലേക്ക് വഴിമാറുന്നതറിയാതെ ഏയ്ഞ്ചൽ, ചിതറി പെയ്യുന്ന മഴയിലേക്ക് നോക്കി കണ്ണടക്കുമ്പോഴും, കൺപീലികൾ തകർത്ത് കണ്ണീർ പുറത്തേക്ക് കുതിച്ചു തുടങ്ങിയിരുന്നു.

“കൂടെ ആ ടീച്ചറുമുണ്ടായിരുന്നെന്ന്. അത് അവൻ്റെ ടീച്ചറല്ല. അവൻ്റെ ടീച്ചറായി വന്നത് ദേവമ്മയാണ്… അത് എനിക്കറിയാം…”

നിറഞ്ഞു തൂവുന്ന കണ്ണീരോടെ അവൾ റോയ് ഫിലിപ്പിൻ്റെ ശരീരത്തിലേക്ക് വാടി വീണു.

അവളെയും ചേർത്ത് പിടിച്ച് റോയ് ഫിലിപ്പ് പുറത്ത് പെയ്യുന്ന മഴയിലേക്ക് നിമിഷങ്ങളോളം. നിശബ്ദനായി നോക്കി ഇരുന്നു.

“നീ വിഷമിക്കാതിരിക്ക് ഏയ്ഞ്ചൽ.. മക്കൾ വളർന്നു വലുതാകുമ്പോൾ അവരുടെ മനസ്സ് വളരുന്നതുപോലെ. അവരുടെ ഇഷ്ടങ്ങളും മാറികൊണ്ടിരിക്കും. അത് നമ്മുടെ ദുർവിധിയാണെന്നു കരുതാതെ, കാലത്തിൻ്റെ നീതിയാണെന്നു കരുതിയാൽ മതി… അപ്പോൾ പിന്നെ ഇങ്ങിനെ സങ്കടത്തോടെ കണ്ണീർ ഒഴുക്കേണ്ടി വരില്ല ”

മനസ്സിലെ വേദനയാൽ, ദേഹം വിറച്ചു കൊണ്ടിരിക്കുന്ന ഏയ്ഞ്ചലിനെ ചേർത്തു പിടിച്ചു കൊണ്ട് റോയ് ഫിലിപ്പ് പറയുമ്പോൾ, അയാളുടെ ശബ്ദവും പതറിയിരുന്നു.

“ഇനി നമ്മൾക്ക് സ്റ്റേഷനിലേക്ക് പോകണോ ഏയ്ഞ്ചൽ? അവിടെ പോയിട്ട് കാര്യമില്ലായെന്നാണ് തോന്നുന്നത്. അതുമാത്രമല്ല അവർ കുറേ ദൂരം മുന്നോട്ടു പോയിട്ടുണ്ടാവും…. ഇനി അഥവാ നമ്മൾ അവനെ കണ്ടാൽ തന്നെ, എത്ര യാചനയോടെ വിളിച്ചാലും അവൻ തിരിച്ചു വരുമെന്ന് തോന്നുന്നില്ല. കാരണം അവൻ അത്ര ഉറച്ച മനസ്സോടെയാണ് പോയിട്ടുള്ളത്…”

ഡോ: റോയ് ഫിലിപ്പിൻ്റെ സംസാരം കേട്ട ഏയ്ഞ്ചൽ ഒരു ഞെട്ടലോടെ അയാളെ നോക്കി.

“ഞാൻ പറഞ്ഞത് സത്യമാണ് ഏയ്ഞ്ചൽ.. അലീന റിസോർട്ടിലേക്ക് വരാത്തത് അരുണുമായി പിണക്കമുള്ളതുകൊണ്ടാണെന്ന് ഞാൻ പറഞ്ഞില്ലേ?
അവർ പിണങ്ങിയത് ഈ ഒരു കാര്യത്തിൻ്റെ പേരിലാണ് ”

“ഡോക്ടർ ”

” അതേ ഏയ്ഞ്ചൽ.. കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവൻ ഈ മലയോരം വിട്ട്, അകലെയുള്ള ആ കടൽതീരത്തേക്ക് പോകുമെന്ന് അവളോടു പറഞ്ഞിരുന്നു… ”

റോയ് ഫിലിപ്പിൽ നിന്നുതിരുന്ന ഓരോ വാക്കുകളും സങ്കടത്തോടെ കേട്ടിരിക്കെ തന്നെ അവൾ നിറഞ്ഞു തൂവുന്ന മിഴികളോടെ അയാളെ നോക്കി പതിയെ തലയാട്ടുന്നുണ്ടായിരുന്നു.

” ഇത്രയും കാലം അവനു വേണ്ടി ഒരു മെഴുകുതിരി പോലെ ഉരുകിയൊലിച്ച
എന്നെ മനസ്സിലാക്കാൻ അവനു കഴിഞ്ഞില്ലല്ലോ ഡോക്ടർ…”

ഏയ്ഞ്ചലിൻ്റെ വിതുമ്പുന്ന ചുണ്ടിൽ നിന്നുതിർന്നു വീണ വാക്കുകൾ
ചില്ലുഗ്ലാസ് പോലെ ചിന്നി ചിതറി.

” അവനെ അങ്ങിനെ കുറ്റപ്പെടുത്താൻ കഴിയില്ല ഏയ്ഞ്ചൽ… അവൻ അതിന് ന്യായമായി അലീനയോടു പറഞ്ഞതിലും കാര്യമുണ്ട്… ”

“എന്ത് ന്യായം? എന്ത് കാര്യം? ഇത്രയും കാലം ഇല്ലാതിരുന്ന ഈ കാര്യവും, ന്യായവും ഇപ്പോൾ എവിടെ നിന്നു വന്നു? അതൊന്നുമല്ല കാര്യം ഡോക്ടർ… ആ വേദയാണ് ഇതിനു പിന്നിൽ.. കുട്ടി കുരങ്ങനെ കൊണ്ട് ചുട്ചോറ് മാന്തിപ്പിക്കുന്നതു പോലെ അവളാണ് എൻ്റെ മോനെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നത്… വെറുതെ വിടില്ല ഞാനവളെ ”

നിറഞ്ഞു തൂവുന്ന കണ്ണീർ തുടച്ചു കൊണ്ട്, അവൾ റോയ് ഫിലിപ്പിനെ നോക്കി രണ്ടു നിമിഷം ഇരുന്നു.
പിന്നെ ആ കൈകളിൽ പതിയെ പിടിച്ചു.

“എന്നോടോന്നിച്ച്, കുറേ ദൂരത്തേക്ക് ഒന്നു വരാവോ ഡോക്ടർ? ”

ഏയ്ഞ്ചലിൻ്റെ പതിഞ്ഞ ചോദ്യം കേട്ടതും, കാര്യം മനസ്സിലായ റോയ്ഫിലിപ്പ് അവളെ സംശയത്തോടെ നോക്കി.

” അവനെ ഒന്നു കാണണം.. അവൻ്റെ ആഗ്രഹങ്ങൾ ചോദിച്ചറിയണം.. ആ മണ്ണിൽ നിൽക്കാനാണ് അവൻ്റെ തീരുമാനമെങ്കിൽ, എനിക്ക് ഇങ്ങോട്ടേക്ക് തന്നെ തിരിച്ചു വരണം..”

“എന്നിട്ട്?”

അവളെ തന്നോടു ചേർത്തു പിടിച്ചുകൊണ്ട്, കാതിൽ പതിയെ ചോദിച്ച റോയ് ഫിലിപ്പിൻ്റെ ചുടുനിശ്വാസം അവളുടെ കഴുത്തിൽ പതിഞ്ഞതും, അവൾ ഒന്നു ഞെട്ടിത്തെറിച്ചു.

വർഷങ്ങൾക്കു ശേഷം, ഒരു പുരുഷൻ്റെ
ശ്വാസചൂടിൽ ഏയ്ഞ്ചൽ വെന്തുരുകിയപ്പോൾ, അവളുടെ മനസ്സിൽ ആദിയുടെ രൂപം ഓടിയെത്തി….

വർഷങ്ങൾക്കു മുൻപുള്ള കടൽതീരത്തെ, ആ മറക്കാനാവാത്ത രാത്രി….

ആ ഓർമ്മകൾ മനസ്സിലേക്ക് ഇരച്ചുകയറിപ്പോൾ അവളുടെ കണ്ണ് എന്തിനാണെന്നറിയാതെ നിറഞ്ഞു..

അനുവാദമില്ലാതെ മനസ്സിൽ ആദിയുടെ രൂപം വളർന്നു വലുതാകുന്നത് അവളറിഞ്ഞു തുടങ്ങി..

“ഏയ്ഞ്ചൽ ഉത്തരം പറഞ്ഞില്ല… ”

ഒരു മൃദുമന്ദഹാസത്തോടെ റോയ് ഫിലിപ്പ് ചോദിച്ചപ്പോൾ, പെട്ടെന്ന് ഒരു ഉത്തരം കിട്ടാതിരുന്ന അവൾ അയാളെ ആദ്യമായി കാണുന്നതുപോലെ നിമിഷങ്ങളോളം നോക്കി ഇരുന്നു.

“ഇത്രയും കാലം മമ്മിയോടൊത്തു ജീവിച്ചില്ലേ? ഇനി ഇത്രയും വർഷം ,അച്ചൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ, അച്ഛനോടൊത്ത് ജീവിക്കണമെന്നാണ് അരുൺ അലീനയോടു പറഞ്ഞത് .. അങ്ങിനെ പറഞ്ഞതിൽ അവനെ തെറ്റുപറയാൻ പറ്റില്ല. നിനക്ക് വിഷമിക്കേണ്ട കാര്യവുമില്ല.. ”

റോയ് ഫിലിപ്പിൻ്റെ സംസാരം കേട്ടതും അവൾ പതിയെ തലയാട്ടി.

” അതു കൊണ്ടാണ് ഞാൻ ചോദിച്ചത്.കടൽ തീരത്തു പോയി അവനെ കണ്ടു അവൻ്റെ അഭിപ്രായം ചോദിച്ചറിഞ്ഞാൽ, അവന് അവിടെ തന്നെ നിൽക്കാനാണ് ഇഷ്ടമെന്നു പറഞ്ഞാൽ… പിന്നെ നമ്മുടെ പ്ലാൻ എന്താണ്?”

ഡോക്ടറുടെ ചോദ്യത്തിന് ഉത്തരം പറയുമ്പോഴെക്കും, പൊടുന്നനെ ഇറങ്ങി വന്ന മിന്നലിൻ്റെ
അഗ്നിസ്ഫുലിംഗങ്ങൾ, അവരുടെ കാറിനു മുന്നിലായ് ചിന്നി ചിതറിയതും ഏയ്ഞ്ചലിൻ്റെ കണ്ണുകൾ പൊടുന്നനെ അടഞ്ഞു പോയി…

അതേ നിമിഷത്തിൽ
നിലമിറങ്ങി വന്ന ഇടിമുഴക്കത്തിൽ അവരുടെ കാർ വല്ലാതെ കുലുങ്ങി…

പേടിച്ചരണ്ട ഏയ്ഞ്ചൽ റോയ് ഫിലിപ്പിനെ കെട്ടിപ്പിടിച്ച്, പതിയെ, പാതി കണ്ണു തുറന്ന് പുറത്തേക്ക് നോക്കി…

ചാറൽ മഴക്കു ശക്തി കൂടുന്നതും, അതൊരു പെരുമഴയായി തീരുന്നതും അവൾ കണ്ണടയ്ക്കാതെ നോക്കിയിരുന്നു.

വീശിയടിക്കുന്ന കാറ്റിൽ, റോഡരികിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സുകൾ, ദൂരേയ്ക്ക് പറന്നു പോകുന്നുണ്ട്…

റോഡിൽ വാഹനങ്ങൾ അപ്രത്യക്ഷമാകുന്നതും, അന്തരീക്ഷം പതിയെ അവ്യക്തമാകുന്നതും, തിരിച്ചറിഞ്ഞ ഏയ്ഞ്ചൽ ഒരു ഉൾഭീതിയോടെ, റോയ്ഫിലിപ്പിനെ നോക്കുമ്പോൾ, അവളെ പൊതിഞ്ഞിരുന്ന അയാളുടെ കൈകൾക്ക് ശക്തിയേറി തുടങ്ങിയിരുന്നു…

അയാളുടെ കൈവിരലുകൾക്ക്, കുസൃതിയേറിയ സമയമാണ് ഏയ്ഞ്ചലിൻ്റെ മൊബൈൽ ശബ്ദിച്ചതും, ഒരു മായിക ലോകത്തിൽ നിന്നെന്ന പോലെ അവൾ അയാളുടെ നെഞ്ചിൽ നിന്ന് ഞെട്ടിയുണർന്നതും….

“ജിൻസ് കോളിങ്ങ് ”

പ്രതീക്ഷയോടെ മൊബൈലിൻ്റെ ഡിസ്പ്ലേയിലേക്ക് നോക്കി ഏയ്ഞ്ചൽ മന്ത്രിക്കുമ്പോൾ,
റോയ്ഫിലിപ്പ് നിരാശയോടെ പതിയെ തലയാട്ടി കൊണ്ടിരുന്നു………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button