ഏയ്ഞ്ചൽ: ഭാഗം 31
Sep 22, 2024, 21:23 IST

രചന: സന്തോഷ് അപ്പുകുട്ടൻ
" ഇനി ഈ ജീവിതത്തിൽ എനിക്ക് ഏയ്ഞ്ചലിനെ കാണുവാൻ വിധിയുണ്ടെങ്കിൽ, അവളോടു ഇന്നോ, നാളെയോ ഞാൻ സംസാരിക്കാനിരുന്ന കാര്യങ്ങളാണ് ഇതിലെ കുറിപ്പുകൾ.... " ഡയറിയിലെ അക്ഷരങ്ങൾ പതിയെ വായിക്കുന്ന ഏയ്ഞ്ചലിൻ്റെ ചുണ്ടുകൾ സങ്കടം കൊണ്ട് വിതുമ്പിയപ്പോൾ അവൾ ഒരു നിമിഷം കണ്ണടച്ചിരുന്നു. അടച്ചിരുന്ന കണ്ണുകളുടെ തടയണ തകർത്ത് ശക്തിയോടെ പുറത്തേക്കു ചാടിയ രണ്ടിറ്റ് കണ്ണീർ ഡയറിയിലെ വടിവൊത്ത അക്ഷരങ്ങളിൽ വീണു പിടഞ്ഞു. കണ്ണീർ വീണ് പടരുന്ന അക്ഷരങ്ങളിൽ അവൾ പതിയെ തലോടിയതും, ഒരു കരച്ചിൽ ചങ്കോളമെത്തി നിശബ്ദമായി. "ആദ്യമേ തന്നെ ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ ഏയ്ഞ്ചൽ? കാറ്റിലിളകുന്ന ഒരു കത്തുന്ന മെഴുകുതിരിയായ് ഉരുകിയുരുകി നീയെന്തിനാണ് മറ്റുള്ളവർക്ക് വെളിച്ചമേകുന്നത്? നീയുരുകുമ്പോൾ മറ്റു ചിലർ വേദനിക്കുമെന്ന് അറിയാമായിരുന്നിട്ടും, അറിയാത്ത ഭാവം നടിക്കുന്നതെന്തിന്......?" നരച്ച നീലമഷിയിൽ കുത്തി കുറിച്ച ഡയറിയിലെ ആ അക്ഷരങ്ങൾ കണ്ടതും, അവൾ തലയുയർത്തി ചുമരിൽ തൂക്കിയിട്ടിരുന്ന കണ്ണാടിയിലേക്കു നോക്കി തൻ്റെ പ്രതിബിംബത്തെ ശ്രദ്ധിച്ചു.... കാലം, മുഖമെന്ന കാൻവാസിൽ വസന്തത്തിൻ്റെ വർണ്ണകൂട്ടുകൾക്ക് പകരം വിഷാദത്തിൻ്റെ ഇരുണ്ട നിറക്കൂട്ടുകൾ ചാലിച്ചു തുടങ്ങിയിരിക്കുന്നു. കണ്ണാടിയിലെ തൻ്റെ വിളറിയ പ്രതിബിംബത്തെ, വിഷാദത്തോടെ ഒന്നു നോക്കി പതിയെ തലയാട്ടിയപ്പോൾ, അവളുടെ കണ്ണിൽ നിന്നും ഭൂതകാലത്തിലെ നിറമുള്ള ഓർമ്മകൾ പോലെ നീർ തെറിച്ചു വീണു. "നീ പറഞ്ഞ ആ കത്തുന്ന മെഴുക് തിരി പോലെ, ഇന്നും, ഈ നിമിഷവും ഞാൻ ഉരുകി കൊണ്ടിരിക്കുകയാണ് വേദാ... "എന്നവൾ മനസ്സിൽ മന്ത്രിച്ചുകൊണ്ട്, കണ്ണീർ തുടച്ച് വീണ്ടും ഡയറിയിലെ അക്ഷരങ്ങളിലേക്ക് നോക്കി. " എന്നിട്ടും നിന്നെയൊരിക്കലും മറ്റാർക്കും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.... മറ്റുള്ളവരുടെ മനസ്സിൽ നീ, മനസ്സിലാക്കാൻ പറ്റാത്തൊരു പ്രതിഭാസമായിരുന്നു, ചിലർക്ക് നീ ഒരു തെറിച്ച പെണ്ണ്... മറ്റു ചിലർക്ക് നീ പണത്തിൻ്റെ അഹന്തയിൽ കണ്ണുകാണാത്തവൾ... വേറെ ചിലർക്ക് നീ പ്രണയം നടിച്ച് പുരുഷൻമാരെ പറ്റിക്കുന്നവൾ.... പക്ഷേ ഇവരൊന്നും ചിന്തിച്ചത് അല്ല നീയെന്നും, അവരുടെ ചിന്തകൾക്കു എത്രയോ മുകളിലാണ് നിൻ്റെ സ്ഥാനമെന്നും എനിക്ക് മാത്രമേ അറിയൂ... കാരണം നീ നിൻ്റെ മനസ്സ് ശരിക്കും തുറന്നിരുന്നത് എനിക്കു മുന്നിൽ മാത്രമായിരുന്നല്ലോ? " വേദയുടെ പതിഞ്ഞചോദ്യം തൊട്ടടുത്ത് നിന്ന്, കാതിൽ വന്നണഞ്ഞതുപോലെ തോന്നിയപ്പോൾ, അവൾ തുറന്നിട്ടിരുന്ന ജാലകത്തിലൂടെ, തെക്കേമുറ്റത്തെ മൺകൂനയിലേക്കൊന്നു നോക്കി. മഴചാറലുകളെ ഭേദിച്ചു കൊണ്ടു പറന്നെത്തുന്ന മിന്നൽ വെളിച്ചത്തിൽ, ആ മൺകൂനയ്ക്കു ചുറ്റുമുള്ള ചെടികളിലെ പൂക്കൾ മഴ നനഞ്ഞു കുളിർന്നു വിറയ്ക്കുന്നത് ദൃശ്യമാകുന്നുണ്ട്. " എന്നിട്ടും, നിന്നെ മനസ്സിലാക്കാൻ കഴിവുള്ള ഓരേ ഒരാളാണ് ഞാനെന്ന് അഹങ്കരിച്ചിരുന്ന എന്നെ നീ വിദഗ്ദമായി തോൽപ്പിച്ചില്ലേ ഏയ്ഞ്ചൽ...? ഞാനറിയാതെ,നീ എനിക്കു ദാനം തന്ന ജീവിതം കൊണ്ട് നീയെന്നെ ജയിപ്പിച്ചതല്ല ഏയ്ഞ്ചൽ... മറിച്ച് തോൽപ്പിച്ചതു തന്നെയാണ്... മരണം പോലൊരു തോൽവിയിലക്ക് നീയെന്നെ ക്രൂരമായി തള്ളിവിട്ടതാണ്..." ആ അക്ഷരങ്ങളിൽ അഗ്നി പടരുന്നതു പോലെ തോന്നിയപ്പോൾ , പൊള്ളുന്ന മനസ്സോടെ ഏയ്ഞ്ചൽ പുറത്തു പെയ്യുന്ന മഴയിലേക്ക് കണ്ണും നട്ടിരുന്നു. " ഞാൻ ഇങ്ങിനെ പറഞ്ഞപ്പോൾ നിനക്ക് വിഷമമായോ ഏയ്ഞ്ചൽ...? സോറി മാലാഖേ....എന്നെ സ്നേഹിച്ചു കൊല്ലുന്ന നീ ഒരിക്കലെങ്കിലും, ഒരു നിമിഷമെങ്കിലും എന്നെ വെറുക്കാൻ വേണ്ടി പറഞ്ഞതാ ഞാൻ " പരിഭവം നിറഞ്ഞ വാക്കുകളോടെ തൊട്ടരികെ നിന്ന് വേദ പറയുന്നതുപോലെ തോന്നിയ ഏയ്ഞ്ചലിന് അവളുടെ സാമിപ്യമെന്നോണം, അവൾ കുളിച്ചു വരാറുള്ളപ്പോൾ പ്രസരിക്കുന്ന വാസനസോപ്പിൻ്റെ സുഗന്ധമുയർന്നിരുന്നു അന്തരീക്ഷത്തിലപ്പോൾ. ഏയ്ഞ്ചൽ കസേരയിൽ നിന്നെഴുന്നേറ്റ് ജനലിനരികെ ചെന്നു നിന്നു, പെരുംമഴയിൽ കുതിരുന്ന കുഴിമാടത്തിലേക്ക് നോക്കി. ആ മൺകൂനയ്ക്ക് തൊട്ടരികെ തന്നെയും നോക്കി പുഞ്ചിരിച്ചു കൊണ്ടു വേദ നിൽക്കുന്നുണ്ട് എന്ന് തോന്നിയ ഏയ്ഞ്ചൽ, അവളെ കാണാനെന്നവണ്ണം ആ ഇരുട്ടിലേക്ക് തുറിച്ചു നോക്കി. കുറച്ചു സമയം കണ്ണീരോടെ ആ കുഴിമാടത്തിലേക്ക് നോക്കി നിന്ന ഏയ്ഞ്ചൽ, മിടിക്കുന്ന മനസ്സോടെ വീണ്ടും ചെന്ന് ഡയറിയിലേക്ക് നോക്കി. "അലക്സിയെയും, ജിൻസിനെയും, നീ നിൻ്റെ പപ്പയോടൊപ്പം ഈ തീരത്തേക്ക് വിളിച്ചു വരുത്തിയപ്പോൾ, അത് നീ ഇനി ഒറ്റയ്ക്ക് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അവരോടു പറയാനാണെന്ന് കരുതിയില്ല.... പകരം അലക്സിയുടെ കൊള്ളരുതായ്മകൾ, അവനു മുൻപാകെ പപ്പയോടു പറഞ്ഞ്, ജിൻസിനെ മാത്രമേ ഇനി വിവാഹം കഴിക്കുകയുള്ളൂ എന്ന് പറയാനാണെന്ന് ഞാൻ കരുതി... അങ്ങിനെ മനസ്സിൽ കരുതിയതു കൊണ്ടാണ്, കോളേജിൽ നിന്ന് ജിൻസുമായി സന്തോഷത്തോടെ ഞാൻ ഈ തീരത്ത് എത്തിയത്... പക്ഷേ ? " പുറത്തു നിന്ന്, ജാലകപ്പഴുതിലൂടെ തെറിച്ച് വന്ന മിന്നൽ പിണരുകൾ ആ അക്ഷരങ്ങൾക്കു മുകളിൽ, അഗ്നി പടർത്തുന്നതും നോക്കി ഏയ്ഞ്ചൽ നിശബ്ദം ഇരുന്നു. "എനിക്ക് ഈ ജീവിതത്തിൽ അലക്സിയും വേണ്ട... ജിൻസും വേണ്ട... മറ്റൊരു പുരുഷനും വേണ്ട എന്ന് വാശിയോടെ നിൻ്റെ പപ്പയോട് പറഞ്ഞ് എന്നെ ആദിയെ ഏൽപ്പിച്ചു നീ പോകുമ്പോൾ, ഞാൻ നിന്നെയോർത്ത് വിഷമിച്ചിരുന്നു. നീ കണ്ട സ്വപ്നങ്ങൾ പാതിവഴിയിൽ അവസാനിക്കുകയാണല്ലോ എന്നോർത്ത് ദു:ഖിച്ചിരുന്നു. പക്ഷേ ഒടുവിൽ നിങ്ങൾക്കിടയിൽ നടന്ന കാര്യം മനസ്സിലായപ്പോൾ, നിനക്കല്ല... എനിക്കാണ് സ്വപ്നവും, ജീവിതവുമില്ലാതെ പോയതെന്ന് ആ നിമിഷം ഞാൻ മനസ്സിലാക്കി " ആ അക്ഷരങ്ങൾ ഒരായിരം കൂരമ്പുകളായി ഹൃദയത്തെ മുറിവേൽപ്പിക്കുന്നത് ഏയ്ഞ്ചൽ അറിഞ്ഞു തുടങ്ങി... അതിൻ്റെ തീരാവേദനയിൽ അവളൊന്നു പിടഞ്ഞു... "ആദി എന്നെ സ്നേഹിച്ചിരുന്നു. പക്ഷെ ഒരിക്കലും എൻ്റെ ശരീരം ആഗ്രഹിച്ചിരുന്നില്ല. ഒരിക്കൽ കുടിച്ചു ബോധം പോയ രാത്രിയിൽ, അന്നാണ് ആദി എൻ്റെ ശരീരത്തിൽ ആദ്യമായി സ്പർശിച്ചത് .. അന്നു തന്നെയാണ് നീ ഗർഭിണി ആണെന്നും ആദി കണ്ണീരോടെ പറഞ്ഞത്..." ഏയ്ഞ്ചൽ ഒരു നിമിഷം വായന നിർത്തി ചിന്തയിലാണ്ടു. നമ്മൾക്കിടയിൽ മാത്രം ഈ രഹസ്യം ഒതുങ്ങട്ടെയെന്ന് താൻ കോപത്തോടെ പറഞ്ഞ ആ രഹസ്യമെന്തിന് ആദി വേദയോടു പറഞ്ഞു? ഉത്തരം കിട്ടാത്ത ചോദ്യമായ ഡയറിയിലെ ആ വരികൾ ഒരാവർത്തികൂടി വായിച്ച് ഏയ്ഞ്ചലിൻ്റെ മിഴികൾ പതിയെ താഴോട്ടേക്കിറങ്ങി. "മനസ്സ് നിറഞ്ഞ പ്രണയത്തോടെ പ്രാപിച്ച ഒരു സ്ത്രീ ജീവിച്ചിരിക്കുന്ന കാലം വരെ, ആണൊരുത്തന് അവളെ കൂടാതെ മറ്റൊരു സ്ത്രീയിലേക്ക് ആഴ്ന്നിറങ്ങാൻ കഴിയില്ലായെന്ന് ആ രാത്രി ഞാൻ മനസ്സിലാക്കി.... അവളെത്ര നിമ്നോന്നതകളാൽ സുന്ദരികളായാലും അവർക്കതൊരു നേർരേഖ മാത്രമാണെന്നും...." വിഷാദം നിറഞ്ഞ വേദയുടെ വരികളിലേക്ക് നിശബ്ദം നോക്കിയിരിക്കെ, ഏതാനും നിമിഷങ്ങൾക്ക് ശേഷം,ലജ്ജയും, സങ്കടവും കുതിർന്ന വേദയുടെ സംസാരം തൻ്റെ ചെവിയിലക്ക് അരിച്ചു കയറുന്നതു പോലെ ഏയ്ഞ്ചലിനു തോന്നി. "കുതിപ്പും, കിതപ്പുമില്ലാതെ, തളം കെട്ടി നിന്നിരുന്ന രാത്രികളിലൊന്നിൽ മോൾ ഉദരത്തിൽ മുള പൊട്ടിയതോർക്കുമ്പോൾ ഇന്നും എനിക്ക് അത്ഭുതമാണ് മാലാഖേ" ആ വരികൾ വായിച്ചതോടെ ഏയ്ഞ്ചലിൻ്റെ മനസ്സ് പൊടുന്നനെ, വർഷങ്ങൾക്കപ്പുറത്തെ കടൽതീരത്തേക്ക് പാഞ്ഞു.... ആർത്തിരമ്പുന്ന തിരകൾ, തീരത്തെ ഭ്രാന്തമായി പുൽകികൊണ്ടിരുന്ന ആ രാത്രി..... തിരകളടിക്കുന്ന ആ തീരത്ത് കിടന്ന്, അതിലേറെ ഭ്രാന്തമായി, തൻ്റെ ദുർബലമായ എതിർപ്പിനെ വകവെക്കാതെ തന്നിലേക്ക് പടർന്നു കയറുന്ന ആദി.... ആ ആദിയെ പറ്റിയാണോ വേദ ഈ പറയുന്നത്? ആദിയുമൊത്തുള്ള ആ നിമിഷങ്ങൾ ഓർമ്മ വന്നതും, അവളുടെ ശരീരമാകെ പൊടുന്നനെ ഒരു വിറയൽ കടന്നു കയറി. ഏതോ ബോധോദയം വന്നതു പോലെ അവൾ പൊടുന്നനെ കൺതുറന്ന്, സിറ്റൗട്ടിലിരുന്നു സിഗററ്റ് വലിക്കുന്ന റോയ്ഫിലിപ്പിനെയൊന്നു പാളി നോക്കി... ശേഷം പതിയെയൊന്നു തലയിളക്കി ഡയറിയിലേക്ക് തന്നെ മുഖം കുനിച്ചു. " എല്ലാവരുടെയും മുൻപിൽ ഞങ്ങൾ സ്നേഹം നിറഞ്ഞ ഭാര്യാഭർത്താക്കൻ മാരായിരുന്നു.... ഞങ്ങൾക്കിടയിലും അതുപോലെയൊക്കെ തന്നെയായിരുന്നു.... പക്ഷെ ആരും അറിയാത്ത, ഞങ്ങൾ പോലും അറിയാത്ത അദൃശ്യമായ ഒരു അകൽച്ച ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു എന്നു പറയുന്നതാവും ശരി" ആ അക്ഷരങ്ങളിലൂടെ അർത്ഥമറിയാതെ പതിയെ കൈ ചലിപ്പിച്ചു ഏയ്ഞ്ചൽ. "നിനക്കറിയോ ഏയ്ഞ്ചൽ? വർഷമഴ പോലെ ആദി എന്നോടു സംസാരിച്ചിരുന്നു... പക്ഷെ അതിനൊരു പ്രണയത്തിൻ്റെ താളമില്ലായിരുന്നു.... എനിക്കായ് എന്നും ചെറും പുഞ്ചിരികൾ തന്നിരുന്നു... പക്ഷേ വാത്സല്യത്തിൻ്റെ ചെറുവെട്ടം പോലും അതിൽ തെളിഞ്ഞു കാണാനില്ലായിരുന്നു. " വായനക്കിടയിൽ, നോവിൻ്റെ ഒരു അഗ്നിപർവതം ഏയ്ഞ്ചലിൻ്റെ മനസ്സിലെവിടെയോ പുകഞ്ഞുതുടങ്ങിയിരുന്നു. "നീ ഗർഭിണിയാണെന്ന് ആദി പറഞ്ഞ, ആ രാത്രിയിലാണ് ഇത്രയും കാലം അവൻ ഉള്ളിൽ കരഞ്ഞുകൊണ്ടാണ് പുറത്ത് പുഞ്ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായത്...." ആ വരികൾ വായിച്ചതും, ഏയ്ഞ്ചലിൻ്റെ ഹൃദയത്തിൽ ഒരു സമുദ്രമിളകി.... ആ ഭ്രാന്തൻ തിരകളിൽ പെട്ട് തീരം കാണാനാവാതെ തേങ്ങുന്നവൻ്റെ മുഖം മനസ്സിലേക്കോടിയെത്തിയതും,.നെഞ്ചിനുള്ളിൽ നിന്ന് ഒരുപറ്റം സുഖമുള്ള ഓർമ്മകൾ പറന്നകന്നു. "ഞാനല്ല...നിന്നെ സ്നേഹിക്കുന്ന പെണ്ണ് ഇവളാണെന്നും പറഞ്ഞ് നീയെന്നെ ആദിയുടെ മുന്നിലേക്ക് തള്ളിയിട്ടപ്പോൾ പതറിപോയ അവൻ, കുടുംബക്കാരുടെയും, തീരക്കാരുടെയും നിർബന്ധം കൊണ്ടാണ് അമ്പലത്തിൽ വെച്ച് ആ ദിവസം തന്നെ എന്നെ താലിയണിയണിയിച്ചതെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്...." മനസ്സില്ലാമനസ്സോടെ അവൻ എന്നെ താലി ചരടിൽ കോർക്കുമ്പോഴും, അവന് ആശ്വാസമേകുന്ന ഇത്തിരി കാര്യങ്ങളും അതിലടങ്ങിയിരുന്നു. പ്രണയിച്ച രണ്ടു പെണ്ണുങ്ങളും ഇട്ടുപോയ അവൻ വീണ്ടും നാട്ടുകാരുടെ മുന്നിൽ നാണം കെടാതിരിക്കാൻ വേണ്ടി..... ഇന്ദുവിന് ശേഷം വീണ്ടും ചതിയുടെ പര്യായമായി ഏയ്ഞ്ചൽ മാറിയെന്നറിഞ്ഞപ്പോൾ... ഇന്ദുവും, ഏയ്ഞ്ചല്യം മാത്രമല്ല ഈ ലോകത്ത് പെണ്ണുങ്ങളെന്ന് അവനെ തന്നെ ബോധിപ്പിക്കാൻ വേണ്ടി....എന്നെ കെട്ടുന്നതാണ് തൽക്കാലം നല്ലതെന്ന് അവന് ഒടുവിൽ തോന്നിയിട്ടുണ്ടാവും... ആദിയുടെ ആ ആശ്വാസത്തിനുള്ള പിടിവള്ളിയായിരുന്നു, എൻ്റെ കഴുത്തിൽ വീണ അവൻ്റെ താലിചരട്! അല്ലാതെ എന്നോടുള്ള സഹതാപം കൊണ്ടോ, പ്രണയം കൊണ്ടോ ആയിരുന്നില്ല... ഇങ്ങിനെയൊക്കെയാണ് സംഭവങ്ങളെന്ന് പിന്നീടറിഞ്ഞപ്പോൾ, നിസഹായയായി ഞാൻ നിന്ന നിമിഷവും, ദിവസങ്ങളും, എത്ര കഠിനമായിരുന്നെന്ന് നിനക്കറിയോ ഏയ്ഞ്ചൽ....?! ഏയ്ഞ്ചൽ മാത്രമായിരുന്നു അവന് ഈ ലോകത്ത് പെണ്ണെന്ന് ഞാനൊടുവിൽ തിരിച്ചറിഞ്ഞപ്പോൾ, അവനെയും വിട്ട് ഓടി പോകാൻ കഴിയാത്ത വിധം ഒരു ചങ്ങല എൻ്റെ കഴുത്തിൽ യാന്ത്രികമായി അവൻ ബന്ധിച്ചില്ലേ? സ്വന്തം കൂട്ടുകാരിയുടെ ജീവിതം തകർത്തുവെന്ന കുറ്റബോധത്തിൽ ഞാൻ ഉമിതീയിലെന്ന പോലെ ഉരുകുമ്പോഴും, വയറ്റിലൊരു കുഞ്ഞു രൂപപ്പെട്ടിരിക്കുന്നു എന്ന ഒരൊറ്റ കാരണത്താൽ, ആദിയെ, ഒന്നുകൂടിചേർത്തു പിടിക്കാൻ ശ്രമിച്ചിട്ടും, പരാജയത്തിൻ്റെ കയ്പ് നീർ കുടിക്കാനായിരുന്നു എൻ്റെ വിധി...." ഡയറി വായിച്ചു കൊണ്ടിരിക്കെ, അരികെ നിന്ന് ഒരു ഗദ്ഗദമുയരുന്നതുപോലെ തോന്നിയപ്പോൾ, ഭയന്നു പോയ ഏയ്ഞ്ചൽ ചുറ്റും പരിഭ്രമത്തോടെ നോക്കി. ഈ മുറിക്കുള്ളിൽ വേദയുടെ സാമിപ്യം ഉള്ളതായി അവൾക്കു തോന്നി.. ഗദ്ഗദമുയർന്ന്, നേർത്തൊരു കരച്ചിലായ് കാതിൽ മുഴങ്ങിയതു പോലെ തോന്നിയപ്പോൾ ഏയ്ഞ്ചൽ, ഭീതിയോടെ പുറത്തേക്കുള്ള നോട്ടം മാറ്റി ഡയറിയിലേക്ക് തന്നെ നോക്കി. പതറിപോയ മിഴികൾ ചെന്നുനിന്ന ആ വരികൾ വായിച്ചതും, ഏയ്ഞ്ചലിൻ്റെ ഹൃദയത്തിൽ ഒരായിരം ഭ്രാന്തൻതിരകൾ ഒന്നിച്ചു യർന്നു.... "ഉള്ളിലെപ്പോഴും ഉണരുന്ന വിഷാദത്തോടെ ഇനിയെത്ര നാൾ നീളൂമീ ഈ ജീവിതം എന്ന് എനിക്കറിയില്ല ഏയ്ഞ്ചൽ... ഇനിയെത്ര നാൾ?" വേദയുടെ ഹൃദയമുരുക്കുന്ന ആ ചോദ്യചിഹ്നം കണ്ടതും ഏയ്ഞ്ചലിൻ്റെ കണ്ണീർ നിന്ന് നീർ കുതിച്ചു ചാടി ഡയറി താളുകളിൽ ഒഴുകി പടർന്നു..... ഭ്രാന്തിളകിയ കടലിൻ്റെ ഹുങ്കാരശബ്ദം ചെവിയിൽ വന്നടിക്കുന്നതു അവൾ ശ്രദ്ധിച്ചു തുടങ്ങി. വേദ കടലിൽ ഇറങ്ങി സ്വയം മരിക്കുകയായിരുന്നോ? ആ ചോദ്യം ഏയ്ഞ്ചലിൻ്റെ മനസ്സിൽ ചുഴലികാറ്റ് പോലെ വട്ടം കറങ്ങിയതും, ആരുടെയൊക്കെയോ ഇഴഞ്ഞ ശബ്ദങ്ങൾ പൂമുഖത്ത് കേട്ടപ്പോൾ അവൾ ഞെട്ടലോടെ അങ്ങോട്ടേക്ക് നോക്കി. റോയ്ഫിലിപ്പും,ജിൻസും ഒരുമിച്ചിരുന്നു മദ്യപിക്കുന്നത് കണ്ട് അവൾ ദേഷ്യത്തോടെ അവർക്കരികിലെത്തി. "ഈ വീട്ടിലെ നാഥനാണ് ജീവിച്ചോ, മരിച്ചോ എന്നറിയാതെ ഇപ്പോഴും കടലിൽ കിടക്കുന്നത്... അത് മറന്നു ഇവിടെ വെച്ച് ഇങ്ങിനെ കുടിക്കാൻ മാത്രം കോമൺസെൻസില്ലാതായോ ഡോക്ടർക്ക്?" ഏയ്ഞ്ചലിൻ്റെ ദേഷ്യം നിറഞ്ഞ ചോദ്യം കേട്ടതും, റോയ്ഫിലിപ്പ് ഗ്ലാസ് കമഴ്ത്തി ജിൻസിനെ നോക്കി. "സോറി ഏയ്ഞ്ചൽ... ആദി നിൻ്റെ പഴയ കാമുകൻ മാത്രമല്ല. ഇപ്പോൾ എൻ്റെ അളിയനും കൂടിയാണ്.. അപ്പോൾ ആദിയെ കാണാതിരിക്കുമ്പോൾ നിന്നെക്കാൾ കൂടുതൽ ദു:ഖം എനിക്കല്ലേ ഉണ്ടാകൂ... ആ ടെൻഷൻ ഇത്തിരി കുറക്കുന്നതിനാ ഞാനും... ഡോക്ടറും... അല്ലേ ഡോക്ടറേ...?" ജിൻസിൽ നിന്ന് കുഴഞ്ഞ വാക്കുകൾ ഉയർന്നതും, ഏയ്ഞ്ചൽ വിളറിയ മുഖത്തോടെ റോയ്ഫിലിപ്പിനെ നോക്കി. ഒരു വിളർച്ച ബാധിച്ച ചിരി ഏയ്ഞ്ചലിനു സമ്മാനിച്ചിട്ട് റോയ്ഫിലിപ്പ് കമഴ്ത്തിവെച്ചിരുന്ന ഗ്ലാസ് വീണ്ടും നേരെ വെച്ചു. ഏയ്ഞ്ചലിൻ്റെയും, റോയ് ഫിലിപ്പിൻ്റെയും മുഖഭാവങ്ങൾ പാളി നോക്കിയ ശേഷം, ഒരു പുഞ്ചിരിയോടെ ജിൻസ് ഗ്ലാസുകൾ വീണ്ടും നിറയ്ക്കാൻ തുടങ്ങി. ഇനിയവിടെ നിന്ന് തർക്കിച്ചിട്ടു കാര്യമില്ലെന്ന് തോന്നിയ ഏയ്ഞ്ചൽ രണ്ടു പേരെയും ദേഷ്യത്തോടെ ഒന്നു നോക്കി, ഡയറി ഇരിക്കുന്ന മേശക്കരികിലേക്ക് നടന്നു. അമ്പരപ്പോടെയും, ആകാംക്ഷയോടെയും അവളുടെ കണ്ണുകൾ ഡയറിയിലെ വരികളിലേക്കു നീണ്ടു. " ഇത്രയും ഞാൻ പറഞ്ഞ സ്ഥിതിക്ക് ഇനിയൊരു ചോദ്യം ഞാൻ ചോദിക്കട്ടെ ഏയ്ഞ്ചൽ? നീ ആദിയെ സ്നേഹിച്ചിരുന്നില്ലേ ഏയ്ഞ്ചൽ? ഇത്രയും ദേഷ്യം അവനോടു കാട്ടുന്ന സമയത്തിനിടയിൽ, ഏതെങ്കിലും നിമിഷാർദ്ധങ്ങളിലെങ്കിലും അവനെ നീ അറിയാതെ പ്രണയിച്ചിട്ടില്ലേ?... ഇല്ലായെന്നാണ് ഉത്തരമെങ്കിൽ നിന്നോടൊന്നും പറയാനില്ല... പക്ഷെ ഉണ്ടെന്നാണ് ഉത്തരമെങ്കിൽ നീ ഈ തീരത്തേക്ക് വരണം.. ആദിയെ ഒരു വട്ടമെങ്കിലും കാണണം... ഇത് നിൻ്റെ വേദയുടെ അപേക്ഷയാണ്.. ഞാൻ പറഞ്ഞാൽ നിനക്ക് വരാതിരിക്കാൻ കഴിയോ മാലാഖേ?" ഡയറിയിൽ അവ്യക്തമായി കിടക്കുന്ന വേദയുടെ ആ ചോദ്യചിഹ്നത്തിലേക്ക് നോക്കി എന്തു മന്ത്രിക്കണമെന്നറിയാതെ അവൾ കുഴങ്ങി.... അലറുന്ന കടലും, തകർന്ന തോണിയും വിദൂരത്താണെങ്കിലും, അതിൽ ജീവന് വേണ്ടി മല്ലിടുന്ന തോണിക്കാരൻ, തൊട്ടു കൺമുന്നിൽ നിൽക്കുന്നതു പോലെ അവൾക്കു തോന്നി. " പറയ്..ഏയ്ഞ്ചൽ... വേദയുടെ ചോദ്യത്തിന് മന:സാക്ഷിയെ തൊട്ട് നീ സത്യം പറ..... ഈ ആദിയെ ഒരിക്കൽ പോലും, ഏയ്ഞ്ചൽ സ്നേഹിച്ചിട്ടില്ലേ? അങ്ങിനെ കാണിച്ചതൊക്കെ വെറും കള്ളമായിരുന്നോ?" തൊട്ടരികെ നിന്ന് ആദി ചോദിക്കുന്നതു പോലെ തോന്നിയപ്പോൾ, എന്തു ചെയ്യണമെന്നറിയാതെ അവൾ ധർമ്മസങ്കടത്തിലായ്. ആ ചോദ്യങ്ങൾ മനസ്സിലങ്ങനെ വട്ടം കറങ്ങുമ്പോഴായിരുന്നു അശ്വതിയുടെ മൊബൈൽ മുഴുങ്ങുന്നത് ഏയ്ഞ്ചൽ കേട്ടത്. ടേബിളിൽ ഇരിക്കുന്ന മൊബൈൽ ഒന്നുരണ്ടു തവണ മുഴങ്ങിയിട്ടും, താഴെ തറയിൽ തളർച്ചയോടെ കിടക്കുന്ന അശ്വതി ആ ഫോൺ എടുക്കുന്നില്ലെന്ന് കണ്ട, ഏയ്ഞ്ചൽ പതിയെ ചെന്ന് ആ ഫോൺ എടുത്തു ഡിസ്പ്ലേയിലേക്ക് നോക്കി.... നെറ്റ് നമ്പർ കണ്ടതും, ഒരു നിമിഷം സംശയിച്ചു നിന്ന അവൾ കോൾബട്ടൻ ഞെക്കിയതും, പൊടുന്നന്നെ തന്നെ അപ്പുറത്ത് നിന്ന് പരിഭ്രമത്തോടെയുള്ള സംസാരം ഒഴുകിയെത്തി. " അച്ചുട്ടീ എന്താടീ ഈ കേൾക്കുന്നത്... നമ്മുടെ ആദിയേട്ടൻ... ഇപ്പോഴാണ് ഞാൻ ന്യൂസ് കേട്ടത്... നീ പേടിക്കേണ്ട ട്ടാ അച്ചുട്ടീ... ആദിയേട്ടൻ തിരിച്ചു വരും... ഇന്നും, ഇന്നലെയുമല്ലല്ലോ ആദിയേട്ടൻ കടൽ കണ്ട് തൊടങ്ങീട്ട് " മലവെള്ളം പോലെ വരുന്ന ആ വാക്കുകളും, അതിലൊളിപ്പിച്ചിരുന്ന ആശ്വസിപ്പിക്കല്യം കേട്ട് ഏയ്ഞ്ചൽ " ഷാഹിന " യെന്ന് നിശബ്ദം മന്ത്രിച്ചു. "നീ കരഞ്ഞു തളരാതെ ഉണ്ണിയെ നന്നായി നോക്കണേ... ദിവസങ്ങൾ മാത്രം പ്രായമുള്ള ചോരകുഞ്ഞാണെന്ന് മറക്കരുത്" "ഞാൻ അച്ചുട്ടിയല്ല ഷാഹീ.,,, ഏയ്ഞ്ചലാണ്" രണ്ട് നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം, പൊള്ളുന്ന മനസ്സോടെ ഏയ്ഞ്ചൽ പറഞ്ഞതും, അപ്പുറത്ത് നിശബ്ദത പരന്നു.... അതോടൊപ്പം കോൾ കട്ട് ആകുകയും ചെയ്തപ്പോൾ അവളുടെയൊക്കെ മനസ്സിൽ ഇപ്പോഴും തന്നോടുള്ള വെറുപ്പ് അലിഞ്ഞിട്ടില്ലായെന്ന് ഏയ്ഞ്ചലിനു തോന്നി. ആ വിഷമത്തിൽ മൊബൈൽ അവിടെ വെച്ച് ഏയ്ഞ്ചൽ വേദയുടെ മുറിയിലേക്ക് നടന്നതും, മുന്നിൽ മദ്യപിച്ച് ചുവന്ന കണ്ണുകളോടെ നിൽക്കുന്ന ജിൻസിനെ കണ്ട് അവൾ പെട്ടെന്നൊന്ന് അറച്ചു നിന്നു... കണ്ണുകൾ തമ്മിൽ കൂട്ടിയിടഞ്ഞപ്പോൾ, അവൾ പൊടുന്നനെ മുഖം കുനിച്ചു..... വർഷങ്ങൾക്കു മുൻപ് ഒന്നിച്ച് പ്രണയാകാശത്തേക്കു പറന്നുയരാൻ കൊതിച്ചവർ.... നിറയെ പച്ചപ്പുള്ള ഒരു ചെറിയ കുന്നിൻ മുകളിൽ കിളിക്കൂട് പോലെ മനോഹരമായ വീടൊരുക്കി, കുഞ്ഞുങ്ങളുമായി ഒന്നിച്ച് താമസിക്കണമെന്ന് സ്വപ്നം കണ്ടവർ.... അങ്ങിനെ എത്രയെത്ര സ്വപ്നങ്ങളും, സങ്കൽപ്പങ്ങളുമാണ്, തൻ്റെ ഒരു കുസൃതിതരത്തിൽ പൊലിഞ്ഞു പോയത്.... ആ ഓർമ്മകളിൽ ഒന്നു വിതുമ്പി, ഏയ്ഞ്ചൽ തലയുയർത്തി നോക്കുമ്പോൾ, തന്നെ നിർവികാരനായി നോക്കി നിൽക്കുന്ന ജിൻസിനെയാണ് അവൾ കണ്ടത്.... " വായിച്ചു തീർന്നോ ഡയറി ...? " ജിൻസിൻ്റെ പതിഞ്ഞ ചോദ്യം കേട്ടതും, അവൾ ഇല്ലായെന്ന് തലയിളക്കി . "പിന്നെ ഇതിൽ വേദ എഴുതി വെച്ചിട്ടുള്ളത് എന്നോട് എപ്പോഴെങ്കിലും പറയാൻ കാത്തു വെച്ചിരുന്നതല്ലേ...? അതൊന്നും നേരിട്ട് പറയാൻ പറ്റാതെ പാവം എൻ്റെ വേദ.. എല്ലാം ഞാൻ കാരണമല്ലേ ജിൻസ്? ചോദ്യത്തോടൊപ്പം, ഏയ്ഞ്ചൽ തേങ്ങിയതും ജിൻസ്, അവളുടെ തോളിൽ പതിയെ കൈവെച്ചു.... "നീ കാരണമാണെന്ന് നിനക്ക് തോന്നുന്നതാണ് ഏയ്ഞ്ചൽ... അത് അവളുടെ വിധിയാണ്.. പിന്നെ ഞാനും കുറ്റക്കാരനല്ലേ ഏയ്ഞ്ചൽ? ആദിയുടെ വീട്ടിലേക്ക് മാറി താമസിക്കാൻ ഞാനല്ലേ പറഞ്ഞത്?" ഏയ്ഞ്ചൽ എന്ന പേരു മാറ്റി വേദയായി പോയ നിൻ്റെ കുസൃതി... അതാ പ്രശ്നമായത്.... എന്തായാലും അതൊക്കെ കഴിഞ്ഞില്ലേ ഏയ്ഞ്ചൽ? അല്ലെങ്കിലും അവൾക്ക് മരണത്തെ വല്ലാത്തൊരു ഇഷ്ടമായിരുന്നു " ജിൻസിൻ്റെ വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ ഏയ്ഞ്ചൽ അവനെ തന്നെ നോക്കി നിന്നു.... ഒരിക്കൽ വേദയും ഇതേ കാര്യം തന്നെ പറഞ്ഞിട്ടുള്ളതാണ്.... "അതെ ഏയ്ഞ്ചൽ... നീ ആ ഡയറി വായിക്കുന്തോറും ,നിനക്ക് എല്ലാം മനസ്സിലാകും... കോളേജിൽ പഠിക്കുന്ന കാലത്ത് നമ്മൾ ടൂറിന് പോയപ്പോൾ, അവൾ കടലിൽ കാൽ തെന്നി വീണതല്ല.. മറിച്ച് മനപൂർവം കടലിലേക്ക് ഇറങ്ങിയതാണ് " " ഈ കാര്യം അവൾ ഒരിക്കൽ എന്നോട്യം പറഞ്ഞിട്ടുണ്ട് ജിൻസ്... അതവൾ തമാശയ്ക്കു പറഞ്ഞതാവും... അല്ലാതെ " ഏയ്ഞ്ചൽ വാക്കുകൾ കിട്ടാതെ പതറി... " അവൾ പറഞ്ഞത് സത്യമാണ് ഏയ്ഞ്ചൽ.. നമ്മൾ മൂന്നു പേരും പരിചയപ്പെടുന്നതിനു മുൻപ് അവൾ ഒരുവട്ടം ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.. മനസ്സിൻ്റെ അരക്ഷിതാവസ്ഥയോ, മുൻജന്മ ശാപമോ എന്നൊക്കെ മനുഷ്യന് മനസ്സിലാക്കാൻ പറ്റാത്ത ഭാഷയിൽ അവൾ അതിനെ കുറിച്ച് ഈ ഡയറിയിൽ എഴുതിവെച്ചിട്ടുമുണ്ട്... " പറയുന്നത് നിർത്തി ജിൻസ് ഒരു, നിമിഷം വിഷാദയായി നിൽക്കുന്ന ഏയ്ഞ്ചലിനെ നോക്കി. " അതിൽ നിന്ന് അവൾക്ക് മോചനം കിട്ടിയത് നമ്മളുടെ കൂട്ടത്തിൽ ചേർന്നപ്പോഴാണ്... ആദിയെ കണ്ടപ്പോഴാണ്... പക്ഷേ പിന്നെ നമ്മൾ രണ്ടിടത്തേക്ക് അകന്നപ്പോൾ, ആദിയുടെ സ്നേഹം പൂർണമല്ലെന്നു തോന്നിയപ്പോൾ അവൾക്ക് വീണ്ടും ഒറ്റയ്ക്കായെന്നൊരു തോന്നൽ വന്നിരിക്കാം...." പറയുന്നത് പാതിയിൽ നിർത്തി ജിൻസ് പുറത്തു പെയ്യുന്ന മഴയിലേയ്ക്കു വിഷാദത്തോടെ നോക്കി നിന്നു.... " കോളേജിൽ വെച്ച്, നിൻ്റെ കാര്യം പറഞ്ഞ് അവൾ എപ്പോഴും എന്നോടു തല്ലുകൂടുമെങ്കിലും, എന്നെ ഒരുപാടു ഇഷ്ടമായിരുന്നെന്ന് പറഞ്ഞത്... അവൾ മരിക്കുന്നതിന് രണ്ടു ദിവസം മുൻപാണ്..." പറയുന്നതിനോടൊപ്പം കണ്ണിലൂറുന്ന നീരിനെ പുറംകൈ കൊണ്ട് തുടച്ചു ജിൻസ് വിഷാദത്തോടെ ഒന്നു ചിരിച്ചു. "നമ്മൾ തമ്മിൽ, അതായത് ഞാനും, എൻ്റെ പെണ്ണും, നീയും, നിൻ്റെ ഭർത്താവും, ആദിയും, വേദയും.ഓരേ സ്ഥലത്ത് അടുത്തടുത്തായി വീടുകൾ വെച്ച് താമസിക്കണമെന്ന് അവൾക്ക് വല്യ ആഗ്രഹമായിരുന്നു... " ഏയ്ഞ്ചലിൽ നിന്ന് ഡയറി വാങ്ങി, അവൾ എഴുതിയിരുന്ന ആ ഭാഗം ഏയ്ഞ്ചലിനു കാണിച്ചു കൊടുത്തു ജിൻസ്... കലങ്ങിയ കണ്ണുകളോടെ ഏയ്ഞ്ചൽ അത് വായിക്കുമ്പോൾ, മനസ്സ് നിശബ്ദം കരയുകയാണെന്ന് അവൾക്ക് മനസ്സിലായി... നിമിഷങ്ങളിലെ നിശബ്ദതക്കു ശേഷം, ഏയ്ഞ്ചൽ, ജിൻസിൻ്റെ കൈ പിടിച്ചു. "നീ അശ്വതിയെയാണ് കല്യാണം കഴിച്ചതെന്ന് നമ്മൾ തമ്മിൽ കണ്ടപ്പോൾ നീ പറയാത്തത് എന്തുകൊണ്ടായിരുന്നു...? " പറയേണ്ടന്നു തോന്നി... നിനക്ക് ആദിയുടെ ഓർമ്മകൾ eപാലും ഇഷ്ടമല്ലല്ലോ... അതു കൊണ്ട്.... " ജിൻസിൻ്റെ മറുപടി കേട്ടപ്പോൾ, ഏയ്ഞ്ചൽ നിശബ്ദമായി പിൻതിരിഞ്ഞതും അവൻ ആ കൈകളിൽ പിടിച്ചു. "വേദയെ ഇവിടെയാക്കി നീ പോയപ്പോൾ അവൾ വല്ലാതെ ഒറ്റപ്പെട്ടു പോയെന്ന് പറഞ്ഞ് സങ്കടത്തോടെ എന്നെ വിളിക്കും... നീ ഈ ഭൂമിയുടെ ഏത് അറ്റത്ത് ആണെന്നറിയാതെ, ഒന്നു വിളിച്ച് നിൻ്റെ സ്വരമൊന്നു കേൾക്കാൻ കഴിയാതെ നെഞ്ചു പൊട്ടി കരയുന്ന വേദയെ കണ്ടപ്പോൾ, അവളെ ആശ്വസിപ്പിക്കേണ്ടത് എൻ്റെ കടമ ആണെന്നു തോന്നി... അങ്ങിനെ ഇടക്കിടെ ഈ കടപ്പുറത്തേക്ക് വേദയെ കാണാൻ വരുന്നതിനിടയ്ക്കാണ് അശ്വതിയുമായി സൗഹൃദത്തിലാകുന്നതും..പിന്നെ കല്യാണം കഴിക്കുന്നതും... " കെട്ടുകഥ പോലെ അവിശ്വസനീയമായ പ്രണയത്തെ കുറിച്ച് കേൾക്കാൻ ഏയ്ഞ്ചൽ ചെവിയോർത്ത് ഇരുന്നു. " വേദയ്ക്കും ആ ബന്ധം ഇഷ്ടമായിരുന്നു... അശ്വതിയെ വിവാഹം കഴിച്ചാൽ, നിന്നെ എപ്പോഴും കാണാമല്ലടോ എന്നാണവൾ എന്നോടു പറഞ്ഞത്... ഈ ബന്ധം വളരാൻ വെള്ളവും, വെളിച്ചവും നൽകിയത് വേദ തന്നെ ആയിരുന്നു. അതിനവൾ ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ.. നിന്നെ ഒരിക്കലെങ്കിലും അവൾക്ക് കാണിച്ചു കൊടുക്കണമെന്ന്... ഈ ലോകത്തിൻ്റെ ഏതു കോണിലെങ്കിലും ഏയ്ഞ്ചൽ ജീവനോടെ ഉണ്ടെങ്കിൽ, വേദയുടെ മുന്നിൽ കൊണ്ടു നിർത്താമെന്ന് ഞാനും വാക്ക് കൊടുത്തു.. പക്ഷെ. " അവൻ പാതിയിൽ നിർത്തി, ഗ്ലാസിൽ ഒഴിച്ചു വെച്ചിരുന്ന മദ്യം വായിലേക്ക് കമഴ്ത്തി... "ഒരുപാട് നിന്നെ തേടി അലഞ്ഞു...നോ രക്ഷ! ഒടുവിൽ, വേദ മരിച്ച്, മൂന്നാം ദിവസം അവളുടെ ബോഡി കടലിൽ നിന്ന് കിട്ടി, ആ ചിത തീകൊളുത്തി കഴിഞ്ഞ ശേഷം എനിക്ക് ഒരു കോൾ വന്നിരുന്നു... ഏയ്ഞ്ചൽ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞിട്ട്.. വേദയുടെ ചിതയ്ക്ക് ആ നിമിഷം തീ കൊളുത്തിയില്ലായിരുന്നെങ്കിൽ നിന്നെ ഞാൻ ഈ തീരത്ത് എത്തിച്ച് നമ്മുടെ വേദയെ കാണിച്ചേനെ.... പക്ഷെ സമയം ഒരിത്തിരി വൈകി പോയിരുന്നു.... അപ്പോഴെക്കും നമ്മുടെ വേദയെ അഗ്നിവിഴുങ്ങാൻ തുടങ്ങിയിരുന്നു... പറയുന്നതിനോടൊപ്പം സങ്കടം കൊണ്ട് ജിൻസിൻ്റെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു. "ആ കോൾ ചെയ്തത് ദാ അവിടെ അനിയത്തിയെ ആശ്വസിപ്പിക്കുന്ന ഒരു ചേട്ടനെ കണ്ടോ? അതെ അവൻ തന്നെയായിരുന്നു ആ കോൾ ചെയ്തത്.. നിൻ്റെയും, ആദിയുടെയും മകൻ അരുൺ !" ആ വാക്കുകൾ കേട്ട ഏയ്ഞ്ചൽ അവിശ്വസനീയതയോടെ ജിൻസിനെ നോക്കിയതും അവൻ ശരിയാണെന്ന അർത്ഥത്തിൽപതിയെ തലയിളക്കി.... " അന്ന് പോലീസ് ചെക്കിങ്ങിൽ ഞാൻ അരുണിനെ പിടിച്ചത് അവൻ പറഞ്ഞു തന്ന ഐഡിയയിലാണ്... അങ്ങിനെ, പിണങ്ങി നിൽക്കുന്ന നമ്മൾ സൗഹൃദത്തിലാകാനും, ആ സൗഹൃദത്തിലൂടെ വേദ ഈ ലോകത്ത് ഇല്ല എന്ന് നീയറിയാനും, ആദി തനിച്ചാണെന്നു അറിയുന്ന നീ സഹതാപം കൊണ്ട് ആദിക്കരികിലെത്തുമെന്നും അവൻ കണക്കു കൂട്ടി.. അങ്ങിനെ അവൻ്റെ അച്ഛനെ തിരികെ കിട്ടുമെന്നും." ജിൻസിൻ്റെ വാക്കുകൾ ഓരോന്നും അവിശ്വസനീയതയോടെ കേട്ടു നിൽക്കുന്ന ഏയ്ഞ്ചൽ, അശ്വതിയുടെ റൂമിൽ തളർന്ന് കിടക്കുന്ന കുഞ്ഞുഏയ്ഞ്ചലിന്നെ ആശ്വസിപ്പിക്കുന്ന അരുണിനെ നിമിഷങ്ങളോളം നോക്കി നിന്നു.... " നീയെഴുതി പൂർത്തിയാക്കാത്ത കഥയിൽ നിന്ന് നീയറിയാതെ നിൻ്റെ അടിവേര് മാന്തിയെടുത്തൻ... ആ വഴിയിലൂടെ നിൻ്റെ പപ്പയെയും, മമ്മയെയും കണ്ടെത്തി, അതിലൂടെ അലക്സിയിലും, ദേവമ്മയിലുമെത്തി എന്നെ കണ്ടു പിടിച്ചവൻ... ഹീ ഈസ് ബ്രില്യൻ്റ്, ഏയ്ഞ്ചൽ... വിത്ത് ഇങ്ങിനെ ആണെങ്കിൽ, അതിനെ ഉൾകൊണ്ടിരുന്ന മരം എങ്ങിനെ ആയിരിക്കും? അതോർത്ത് ഞാൻ പറയുകയാണ്... ആദി തിരിച്ചു വരും... ചീറുന്ന കാറ്റായാലും, അലറുന്ന കടലായാലും ഒരു പുൽകൊടി മതി അവന് രക്ഷപ്പെട്ടു വരാൻ... " ജിൻസിൻ്റെ ആശ്വാസം നിറഞ്ഞ വാക്കുകൾ കേട്ടതും, ഏയ്ഞ്ചലിൻ്റെ മുഖം പതിയെ തെളിഞ്ഞു തുടങ്ങി. " പക്ഷെ വേദ ജീവിച്ചിരിപ്പില്ല എന്നറിഞ്ഞിരുന്നെങ്കിൽ ഈ തീരത്തേക്ക് ഒരിക്കലും ഞാൻ വരില്ലായിരുന്നു ജിൻസ്... അവളുടെ നിരന്തരമായ ഫോൺ വിളിയും, ആ ശബ്ദവും കേട്ടപ്പോഴാണ് ഇങ്ങോട്ടേക്ക് വരാൻ മനസ്സ് തുടിച്ചത്. പക്ഷേ ഇവിടെ വന്നപ്പോഴാണ് അറിയുന്നത്, എന്നോട് ഇത്രയും കാലം സംസാരിച്ചിരുന്നത് വേദയുടെ മകളാണെന്ന്... അവൾ ഉപയോഗിച്ചിരുന്ന വാക്കുകൾ, വേദ ഡയറിയിലെഴുതി വെച്ച വാക്കുകളാണെന്ന്... വിളിപ്പിച്ചത് ആദിയാണെന്നും " പറഞ്ഞു തീർന്നത്യം, പതറിയെത്തിയ കാറ്റിൽ തുറക്കപ്പെട്ട ജനലിലൂടെ അവൾ പുറത്തെ ഇരുട്ടിലേക്കു ചങ്കിടിപ്പോടെ നോക്കി നിന്നു. " നിനക്ക് ഫോൺ ചെയ്യുന്നതു പോലെയുള്ള വാക്കുകൾ ഡയറിയിൽ എഴുതി വെച്ചതു വേദ തന്നെ.... പക്ഷെ വിളിപ്പിച്ചത് ആദിയല്ല! ആദി വിളിക്കാൻ പറഞ്ഞെന്നു കള്ളം പറഞ്ഞ് അച്ചുട്ടിയാണ്, വേദയുടെ മകളെ കൊണ്ട് നിന്നെ വിളിപ്പിച്ചിരുന്നത്" പറയുന്നത് നിർത്തി ജിൻസ്, ഓരോ വാക്കുകളും കേട്ട് കൺചിമ്മാതെ നിൽക്കുന്ന ഏയ്ഞ്ചലിനെ നോക്കി ഒരു നിമിഷം നിന്നു... " അത് എന്തായാലും ആകട്ടെ... ആദിയുടെ മകളുടെയും, ഏയ്ഞ്ചലിൻ്റെ മകൻ്റെയും മാർഗ്ഗങ്ങൾ വ്യത്യസ്തങ്ങളായാലും അവരുടെ ലക്ഷ്യം ഒന്നു തന്നെയായിരുന്നു... ഏയ്ഞ്ചലിനെ ഈ തീരത്ത് എത്തിക്കുക... അതുപോലെ തന്നെ നടന്നു.... പക്ഷേ കാണേണ്ട ആൾ നടുകടലിൽ...." പറയുന്നത് പാതിയിൽ നിർത്തി ജിൻസ് കുപ്പിയിലുണ്ടായിരുന്ന ബാക്കി മദ്യം വായിലേക്കു കമഴ്ത്തി. "നമ്മൾക്കൊന്നു കടപ്പുറത്തു പോയാലോ ഏയ്ഞ്ചൽ?നേരം വെളുക്കാൻ ഇനി കുറച്ചു നേരമേയുള്ളൂ.. കടപ്പുറത്ത് പോലീസും, എം.എൽ.എയും, മറ്റു ജനപ്രതിനിധകളും വന്നിട്ട് കുറേ നേരമായെന്നാ കേട്ടത്." ജിൻസ് പറഞ്ഞതും, ഏയ്ഞ്ചൽ ആകാംക്ഷയോടെ, അതിലേറെ പ്രതീക്ഷയോടെ കടൽതീരത്തേക്ക് നോക്കി... തീരത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള ബീക്കൻ ലൈറ്റിൻ്റെ മിന്നൽ പ്രകാശം, രാത്രിയുടെ കറുപ്പിനെ നിശബ്ദമാക്കി തീരം മുഴുവൻ വട്ടം കറങ്ങുന്നുണ്ട്... "ഡോക്ടർ... നമ്മൾക്കൊന്നു കടപ്പുറത്തേക്ക് പോകാം " ഏയ്ഞ്ചൽ പറഞ്ഞതും, പാതിബോധത്തിൽ കസേരയിൽ ഇരിക്കുന്ന അയാൾ തലയിളക്കി നിഷേധിച്ചു. " ഒന്നാമത് മഴ... പിന്നെ ഞാൻ ഇത്തിരി ഓവറാ... അതുകൊണ്ട് നിങ്ങൾ പോയിട്ടു വാ.... " അതും പറഞ്ഞ് റോയ്ഫിലിപ്പ് കസേരയിൽ ചാരി കിടന്നു കണ്ണടച്ചു..... " അത് പറഞ്ഞാൽ പറ്റില്ല ഡോക്ടർ....." അതും പറഞ്ഞ് ഏയ്ഞ്ചൽ കസേരയിൽ നിന്ന് അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു.. " ഒരു നിമിഷം വൈകിയതുകൊണ്ട് ഒരു ജീവൻ നഷ്ടപ്പെടാൻ പാടില്ലായെന്നത് ഡോക്ടർക്ക് അറിയാവുന്ന കാര്യമല്ലേ?... തീരത്ത് കൊണ്ടുവരുന്ന ആദിയ്ക്ക് പ്രാഥമിക ശിശ്രൂഷ കൊടുക്കാൻ ഡോക്ടർ അവിടെ വേണം.... ജിൻസ് കുട നിവർത്ത്... ദേവമ്മേ അച്ചുട്ടിയേം, മക്കളെയും ഒന്നു നോക്കി കൊള്ളണേ" ഏയ്ഞ്ചൽ പൊടുന്നനെ എല്ലാവരെയും നോക്കി പറഞ്ഞതും, ജിൻസ് കുടയുമായി പുറത്തേക്ക് ധൃതിയിൽ നടന്നതും, ജിൻസിൻ്റെ കാൽ തട്ടി ഒരു മൂലയിൽ കൂട്ടിവെച്ചിരുന്ന അരുണിൻ്റെ സാധനങ്ങൾ മൊത്തം മറിഞ്ഞു വീണതും ഒരുമിച്ചായിരുന്നു.... മറിഞ്ഞുവീണ വസ്തുക്കളിലേക്ക് ഏയ്ഞ്ചലിൻ്റെ കണ്ണുകൾ ഒരു മാത്ര പതിഞ്ഞതും, അവൾ അരുണിനെയൊന്നു ദേഷ്യത്തോടെ നോക്കി റോയ്ഫിലിപ്പിനെയും പിടിച്ച് പതിയെ പുറത്തേക്കിറങ്ങി.... കോരിചൊരിയുന്ന മഴയിൽ,ജിൻസ് നിവർത്തിയ കുടകീഴിൽ, റോയ്ഫിലിപ്പിനെയും പിടിച്ച് പ്രതീക്ഷയോടെ ഏയ്ഞ്ചൽ നടക്കുമ്പോൾ, ആദിയെ കടലിൽ തിരയാൻ പോയവർ നിരാശയോടെ തീരത്തോടടുത്തു കൊണ്ടിരുക്കുകയായിരുന്നു..........തുടരും....