ഏയ്ഞ്ചൽ: ഭാഗം 34

ഏയ്ഞ്ചൽ: ഭാഗം 34

രചന: സന്തോഷ് അപ്പുകുട്ടൻ

"കടൽ ഇത്രയും പ്രക്ഷുബ്ധമായ അവസ്ഥയിൽ ആരെയും കടലിലേക്ക് ഇറക്കരുതെന്നാണ് കലക്ടറുടെ ഉത്തരവ്... അങ്ങിനെയുള്ള അലർട്ട് സിറ്റുവേഷനിൽ പെണ്ണായ നിങ്ങളെ കടലിലേക്ക് പോകാൻ എങ്ങിനെ അനുവദിക്കാനാകും ഞങ്ങൾക്ക്? സോറി മാഡം" സബ്ഇൻസ്പെക്ടർ രഘുനന്ദൻ വിനയത്തോടെ ഏയ്ഞ്ചലിനെ നോക്കി പറഞ്ഞപ്പോൾ അവൾ അയാൾക്കു നേരെ കൈകൂപ്പി. " പ്ലീസ് സാർ.. കടലിൽ പോയവർ തളർച്ചയോടെ വന്നതു കണ്ട് തീരത്തുള്ള മറ്റുള്ളവർക്ക് കടലിലേക്ക് ഇറങ്ങാൻ പേടിയായതുകൊണ്ടാണ് ഞാൻ പോകാമെന്ന് വെച്ചത്..കഥകളിൽ വായിച്ചതല്ലാതെ എനിക്ക് കടലുമായി ഒരു മുൻപരിചയവുമില്ല.. ആഴകടലിൽ ചെന്നാൽ എന്തു സംഭവിക്കുമെന്നും അറിയില്ല. പിന്നെ ഒരു ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ഞാൻ ഇത്രയും റിസ്ക്ക് എടുക്കുന്നത്.അല്ലാതെ ആഴകടലിൻ്റെ ഭംഗി ആസ്വദിക്കാനല്ല... വൈകുന്ന ഓരോ നിമിഷവും, ഒരു ജീവൻ പതിയെ നഷ്ടപ്പെടുകയാണെന്ന് സാർ ഓർക്കണം... " ഏയ്ഞ്ചലിൻ്റെ പതിഞ്ഞതാണെങ്കിലും ഉറച്ച ശബ്ദം കേട്ടപ്പോൾ എസ്.ഐ, അവളെ തന്നെ ഒരു നിമിഷം നോക്കി നിന്നു. " കടലിനെ അറിയുന്നവർ, ഇത്രയും കാലം ആഴകടലിൽ അമ്മാനമാടിയിരുന്നവർ, ഇത്രയും നേരം വരെ രണ്ടു വഞ്ചികളിലായി കടലിൽ അരിച്ചുപെറുക്കിയിട്ടും കിട്ടാത്ത ബോഡി, കടലിനെ അറിയാത്ത, പെണ്ണായ മാഡം എങ്ങിനെ കണ്ടെത്താനാണ്?... സോറി മാഡം... നിങ്ങളുടെ വിഷമം മനസ്സിലാകും... പക്ഷെ പ്രതീക്ഷ ഇല്ല.... ഗാർഡുകളോട് ആരെയും കടലിലേക്ക് ഇറക്കരുതെന്ന് പറഞ്ഞിട്ട് ഞങ്ങൾ പോകുകയാണ്.. ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല മാഡം... ഞങ്ങളും മനുഷ്യരാണ്.. ഞങ്ങൾക്കും വേണ്ടേ ഒരു റെസ്റ്റ്?" അത്രയും പറഞ്ഞുകൊണ്ട് എസ്.ഐ ജീപ്പിനടുത്തേക്ക് നടക്കാനൊരുങ്ങിയതും, ഏയ്ഞ്ചൽ അയാൾക്കു കുറുകെ നിന്നു. " ജീവനില്ലാത്ത ശരീരത്തെയാണ് സാർ നമ്മൾ ബോഡി എന്നു പറയുന്നത്... ഇതു വരെ അയാളെ കിട്ടാത്ത സ്ഥിതിക്ക് അയാൾ മരിച്ചെന്ന് നിങ്ങൾ തീരുമാനിച്ചോ? കരയിൽ നിന്ന് കടലിലേക്ക് നോക്കി പ്രവചിക്കാൻ സാർ ജോത്സ്യനൊന്നുമല്ലല്ലോ?" ഏയ്ഞ്ചലിൻ്റെ ഉറച്ച ശബ്ദത്തിലുള്ള ചോദ്യം കേട്ടതോടെ എസ്.ഐ. വിളറി കൊണ്ടു മറ്റു പോലീസുക്കാരെ നോക്കി. ഏയ്ഞ്ചലിൻ്റെ ഉറക്കെയുള്ള ശബ്ദം കേട്ടതും, തീരത്തുള്ളവർ അവർക്കരികിലേക്ക് വന്നു.... "കളക്റ്ററുടെ ഉത്തരവാണ് പോലും... ഇൻഫോം ചെയ്തിട്ട് പന്ത്രണ്ട് മണിക്കൂറായി... ഇത്രയും സമയമായിട്ടും കളക്ടർ രക്ഷാപ്രവർത്തനത്തിന് വല്ല ഓർഡറിട്ടോ... സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞ് വന്ന നിങ്ങളല്ലാതെ മറ്റാരെങ്കിലും ഇവിടെയ്ക്ക് വന്നോ?അന്വേഷിച്ചോ? " എസ്.ഐ.യുടെ മുഖത്ത് നോക്കി ചോദിച്ചുകൊണ്ട് ഏയ്ഞ്ചൽ ചുറ്റുമുള്ളവരെ നോക്കി. "സാർ മനുഷ്യനാണ്... സാറിനും വേണം റെസ്റ്റ് സമ്മതിച്ചു. പക്ഷേ സാറിനെ പോലെ ജീവനുള്ള മനുഷ്യർ തന്നെയാണ് ഇന്നലെ രാത്രി കോരി ചൊരിയുന്ന മഴയും നനഞ്ഞു ഒരു പോള കണ്ണടക്കാതെ ഇവിടെ കണ്ണീരൊഴുക്കി പ്രാർത്ഥനയോടെ നിന്ന ആയിരങ്ങളും. അവർക്കുമില്ലേ സാർ, സാർ പറഞ്ഞതുപോലെ ഉറക്കവും,ക്ഷീണവും, വിശപ്പും, ദാഹവും? അഥവാ ഇനി അവരൊന്നും മനുഷ്യരല്ലെന്നുണ്ടോ?" ഏയ്ഞ്ചലിൻ്റെ ഉറക്കെയുള്ള ചോദ്യം കേട്ടതും, തീരത്ത് കൂടി നിന്നവരിൽ നിന്നും മർമ്മരങ്ങളുതിർന്നു തുടങ്ങി. "മാഡം... മാഡം ഒന്നും അറിയാതെയാണ് സംസാരിക്കുന്നത്... മുകളിൽ നിന്നുള്ള ഓർഡർ ഞങ്ങൾക്കു അനുസരിച്ചേ പറ്റൂ " എസ്.ഐ പറഞ്ഞതും പോലീസ് ഡ്രൈവർ ജീപ്പ് സ്റ്റാർട്ടാക്കി. "സാർ... ഇല്ലീഗലായ ഒരു കാര്യത്തിനും കൂട്ടുനിൽക്കാൻ വേണ്ടിയല്ല ഞാൻ സാറിനോട് കെഞ്ചുന്നത്.. മറിച്ച് കടലിൽ പെട്ടു പോയ ഒരു ജീവനു വേണ്ടിയാണ്, സാറിൻ്റെ ഒരു മൂന്നാല് മണിക്കൂറിന് ഞാൻ അപേക്ഷിക്കുന്നത്.. പ്ലീസ് സാർ" ഏയ്ഞ്ചലിൻ്റെ സംസാരം കേൾക്കുന്തോറും, എസ്.ഐ രഘുനന്ദന് ദേഷ്യം ഉള്ളിൽ തികട്ടിവരുന്നുണ്ടായിരുന്നു "അറിയാം മാഡം... പക്ഷെ ഇത്രയും നേരം ഇവരൊന്നും തിരഞ്ഞിട്ട് കിട്ടാത്ത അയാളെ ഇനി എവിടെ നിന്നാണ് മാഡം ജീവനോടെ കൊണ്ടുവരുന്നത്? പിന്നെ പ്രക്ഷുബ്ധമായ കടലിൽ, ഇത്രയും മണിക്കൂർ ജീവനോടെ കഴിയാൻ അയാളൊരു സൂപ്പർമാൻ ഒന്നുമല്ല.. കിതക്കുകയും, തളരുകയും ചെയ്യുന്ന ഒരു സാധാ മനുഷ്യൻ.. വിഷമത്തോടെ തന്നെ പറയട്ടെ മാഡം...ഇനി അയാളെ പറ്റി ചിന്തിച്ചിട്ട് കാര്യമില്ല " മരണത്തെ കുറിച്ച് ലാഘവത്തോടെ സംസാരിക്കുന്ന എസ്.ഐയുടെ വാക്കുകൾ കേട്ടപ്പോൾ ഏയ്ഞ്ചലിനു വിറഞ്ഞു കയറി. " ഇവിടെ നിൽക്കുന്നവരോടു സാർ ചോദിക്ക്.. അയാൾ ഒരു സാധാമനുഷ്യനല്ല.. കടലിനെയും, കടലാഴങ്ങളെയും കുറിച്ചു അറിയുന്നവൻ.. കടലിൻ്റെ സ്പന്ദനമറിയുന്നവൻ.. എത്ര വലിയ പ്രതിബന്ധങ്ങളിൽ പെട്ടാലും കിതപ്പും, തളർച്ചയും ഇല്ലാത്തവൻ.. അങ്ങിനെയുള്ള അയാൾ പെട്ടെന്നൊന്നും മരണത്തിന് കീഴടങ്ങില്ല.. ആം ഷുവർ " "അതെങ്ങിനെ ഇത്രയും വ്യക്തമായി മാഡത്തിനു അറിയുന്നത്.. അയാളൊരു കിതപ്പും, തളർച്ചയും ഇല്ലാത്ത സൂപ്പർമാൻ ആണെന്ന്..?" അതുവരെ ഉള്ളിൽ അടക്കിപ്പിടിച്ചിരുന്ന എസ്.ഐയുടെ ദേഷ്യം, കൂരമ്പ് പോലെയുള്ള ഒരു ചോദ്യമായി പുറത്തുചാടിയപ്പോൾ, ഏയ്ഞ്ചൽ ഒന്നു വിളറി. സഹപോലീസുകാരുടെ ചുണ്ടിൽ നിന്നുതിരുന്ന പരിഹാസചിരി, തൻ്റെ മേൽ വൃത്തികെട്ട തേരട്ടയായി ഇഴയുന്നതു പോലെ അവൾക്കു തോന്നി. "വെറുതെ പറഞ്ഞതല്ല സാർ, അയാൾ എൻ്റെ കുട്ടിയുടെ അച്ഛനാണ്.. അപ്പോൾ അതൊക്കെ എനിക്ക് അറിയാതെയിരിക്കോ?" വരുത്തി തീർത്ത ഒരു പുഞ്ചിരിയോടെ ഏയ്ഞ്ചൽ പതിയെ പറഞ്ഞപ്പോൾ, എസ്.ഐയുടെ കണ്ണുമിഴിഞ്ഞു. കൂടെയുള്ള പോലീസുക്കാരുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു. അവൾ ഒരു നിമിഷം അയാളുടെ നെയിംബോർഡിലേക്ക് ശ്രദ്ധിച്ചു. " സബ് ഇൻസ്പെക്ടർ രഘുനന്ദൻ അല്ലേ?ദ്വയാർത്ഥമാണ് താങ്കൾ ഉദ്യേശിച്ചതെന്ന് അറിയാം. ഇത്രയും വിഷമത്തോടെയും, സങ്കടത്തോടെയും നിൽക്കുന്ന ഈ അവസ്ഥയിൽ ഇങ്ങിനെ തരംതാണ നാറിയ തമാശകൾ പറയാൻ താങ്കളെ പോലെയുള്ള ചിലർക്കേ കഴിയൂ.. ങ്ഹാ.. അതൊക്കെ നമ്മൾക്ക് പിന്നെ സംസാരിക്കാം. ഇപ്പോൾ അതല്ല ഇവിടുത്തെ പ്രശ്നം... കടലിൽ കിടക്കുന്ന ആദിയെ രക്ഷപ്പെടുത്തുന്നതിനെ കുറിച്ചാണ്" ഏയ്ഞ്ചലിൻ്റെ ആ സംസാരരീതി എസ്.ഐ രഘുനന്ദൻ്റെ മനസ്സിൽ ഒരു അപകടത്തിൻ്റെ ധ്വനിയുണർത്തി. " ആഴകടലിൽ കിടക്കുന്ന ആ ആദിത്യനെ താങ്കൾക്ക് അറിയില്ലെങ്കിലും, ഇവിടെയുള്ളവർക്ക് നല്ലതുപോലെ അറിയാം.. പിന്നെ ന്യൂസ് കാണുന്ന അകലെയുള്ളവർക്കും " ഏയ്ഞ്ചൽ പറയുന്നത് എന്താണെന്ന് മനസ്സിലാകാതെ അയാൾ കൂടെയുള്ള പോലീസുകാരെ നോക്കി. " കഴിഞ്ഞ രണ്ട് പ്രളയത്തിലും സ്വന്തം ജീവൻ നോക്കാതെ ഒരുപാടു ജീവനുകളെ രക്ഷിക്കാൻ മുൻപന്തിയിൽ നിന്നവനാണ് ... അതിനു അധികാരികളിൽ നിന്നും കിട്ടിയ അഭിനന്ദനങ്ങളെയും, അവാർഡുകളെയും കുറിച്ചറിയാൻ, നേരം കിട്ടുമെങ്കിൽ അന്നത്തെ പത്രങ്ങളൊക്കെ ഒന്നു മനസ്സിരുത്തി വായിച്ചാൽ മതി... അതിൽ വെണ്ടക്ക അക്ഷരത്തിൽ നിരത്തിയിട്ടുണ്ട് ഈ ആദിത്യനെ കുറിച്ച്..." ഏയ്ഞ്ചലിൻ്റെ ശബ്ദമുയർന്നപ്പോൾ, ആൾക്കൂട്ടത്തിൽ നിന്നും എം.എൽ.എ ദീപാവിശ്വനാഥ് അങ്ങോട്ടേക്ക് പാഞ്ഞു വന്നു. "എന്താ... എന്താ ഇവിടെ പ്രശ്നം രഘുനന്ദാ ?" എം.എൽ.എ. ദീപാവിശ്വനാഥിൻ്റെ ചോദ്യം കേട്ടതും, രഘുനന്ദൻ ഏയ്ഞ്ചലിനു നേരെ കൈ ചൂണ്ടി. "ഈ മാഡത്തിന് ഒന്നും കൂടി കടലിൽ പോകണമെന്ന്.. ആൾക്കാരുടെ മുന്നിൽ വെറും ഷോ കാണിക്കാൻ വേണ്ടിയാണ് ഈ പ്രഹസനം.. അല്ലാതെ പിന്നെന്തു പറയാനാണ് മാഡം?" "ഷോ കാണിക്കുന്നതിനു വേണ്ടിയോ?പലതരം ഷോ കാണിക്കുന്നവർക്ക് കൂട്ടുനിന്ന് കുടപിടിക്കുന്ന തനിക്ക് ഒരു ജീവൻ രക്ഷിയ്ക്കാൻ വേണ്ടി കരഞ്ഞു കാലു പിടിച്ചാലും അത് തനിക്ക് വെറുമൊരു ഷോ മാത്രമായി കാണാൻ പറ്റുകയള്ളൂ എന്ന് അറിയാതെയല്ല രഘുനന്ദാ ... പക്ഷെ താൻ എന്തു പറഞ്ഞാലും ഇവിടെ എനിക്ക് താൻ അർത്ഥമാക്കുന്ന ഷോ കാണിച്ചേ തീരൂ... കാണിക്കും ഞാൻ" വെല്ലുവിളിയുടെ ധ്വനിയുണർത്തുന്ന ഉറക്കെയുള്ള വാക്കുകൾ ഏയ്ഞ്ചലിൽ നിന്നുയർന്നതും, ആ ശബ്ദം കേട്ട് എം.എൽ.എ ദീപവിശ്വനാഥ് ശബ്ദം വന്നിടത്തേക്ക് നോക്കിയതും, അവരുടെ കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നു. "മാഡം... മാഡമെന്താണ് ഈ കടൽ തീരത്ത് ?" എം.എൽ.എ ധൃതിയിൽ നടന്ന് ഏയ്ഞ്ചലിൻ്റ കൈ പിടിച്ചതും രഘുനന്ദൻ്റെ കണ്ണുകൾ മിഴിഞ്ഞു. " രഘുനന്ദാ.. താൻ പറയുന്നതുപോലെ, എന്തിൻ്റെ പേരിലായാലും ഇവിടെ ഈ മാഡത്തിന് ഒരു ഷോ കാണിക്കേണ്ട ഒരാവശ്യവുമില്ല. തനിക്ക് അവരെ പറ്റി ശരിക്കും അറിയാത്തതുകൊണ്ടാണ് താൻ അങ്ങിനെ പറയുന്നത്... തനിക്കറിയോ,ഇപ്പോഴും പ്രശസ്തിയുടെ വെളളിവെളിച്ചത്തിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കുന്ന ഒരു പബ്ലിക് ഫിഗറാണ് ഇവർ " അത്രയും പറഞ്ഞുകൊണ്ട് , ദീപാവിശ്വനാഥ് ഏയ്ഞ്ചലിനു നേരെ തിരിഞ്ഞു. "മാഡം... എൻ്റെ പേര് ദീപാവിശ്വനാഥ്.. ഇവിടുത്തെ എം.എൽ.എ ആണ്..." ദീപാവിശ്വനാഥ് പറഞ്ഞതും ഏയ്ഞ്ചൽ അവർക്കു നേരെ കൈകൂപ്പിയതും, ദീപ പുഞ്ചിരിയോടെ ആ കൈ പിടിച്ചു താഴ്ത്തി. "മാഡത്തിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഞാനൊന്നും അത്ര ഉയരത്തിലല്ല... പിന്നെ നമ്മൾ ഒരിക്കൽ പരിചയപ്പെട്ടിട്ടുമുണ്ട്. സാഹിത്യ അക്കാദമിയിൽ വെച്ച്.. മാഡത്തിൻ്റെ ഒരു നോവലിൻ്റെ പ്രകാശന കർമ്മത്തിൽ... എനിക്ക് മാഡത്തിൻ്റെ കഥകളൊക്കെ വളരെ ഇഷ്ടമാണ്.. അവിടെ അടിച്ചമർത്തപ്പെട്ട സ്ത്രീകളില്ല...മറിച്ച്, നിഷേധിച്ച ആകാശ സ്വാതന്ത്ര്യത്തിനു പകരം സ്വന്തമായി ആകാശം ഉണ്ടാക്കി സ്വതന്ത്രമായി പാറി പറക്കുന്നവർ മാത്രം... " ദീപാവിശ്വനാഥിൻ്റെ സംസാരം കേട്ടതും,രഘുനന്ദൻ്റെ കണ്ണുകൾ മിഴിഞ്ഞു. തീരത്ത് കുടി നിൽക്കുന്നവർ ഇതുവരെ ഒരു സാദാ സ്ത്രീയെ പോലെ സംസാരിച്ചിരുന്ന ഏയ്ഞ്ചലിനെ അത്ഭുതത്തോടെയും, ആരാധനയോടെയും നോക്കി നിന്നു. "മാഡത്തിൻ്റെ " മാലാഖ " എന്ന നോവൽ പുറത്തിറങ്ങുന്നുണ്ടെന്ന് കേട്ടു... എപ്പോഴാണ് പബ്ലിഷ് ചെയ്യുന്നത്?" എം.എൽ.എ ദീപാവിശ്വനാഥ് ചോദിച്ചതും, ഏയ്ഞ്ചലിൻ്റെ കണ്ണുകൾ ഒരു നിമിഷം ആർത്തലയ്ക്കുന്ന ആഴകടലിലേക്ക് നീണ്ടു.. പിന്നെ പതിയെ മന്ത്രിച്ചു. "എപ്പോൾ പൂർത്തിയാകുമെന്ന് അറിയില്ല" 'മാഡത്തിൻ്റെ എല്ലാ കഥകളിലെന്നതു പോലെ ഇതും ട്രാജഡിയാണോ?" ദീപയുടെ ചോദ്യം കേട്ടതും, ഉള്ളിലൊരു തിര വലിയൊരു ശബ്ദവുമായി പാഞ്ഞു വരുന്നത് പോലെ ഏയ്ഞ്ചലിന് തോന്നി. "തീരുമാനിച്ചിട്ടില്ല ദീപാ.. എന്നും ട്രാജഡിയായാൽ പറ്റോ, ഒരിക്കലെങ്കിലും ശുഭപര്യവസിയായി അവസാനിക്കേണ്ടേ.. അത് നമ്മളെഴുതിയ കഥയായാലും, ചിന്തയായാലും, സ്വപ്നമായാലും, അതിനുമപ്പുറം നമ്മുടെ ജീവിതമായാലും " പറയുന്നതിനനുസരിച്ച് ഏയ്ഞ്ചലിൻ്റെ കണ്ണിൽ നീർനിറയുന്നുണ്ടായിരുന്നു അലറി കുതിച്ചെത്തുന്ന തിരകളുടെ ശക്തി പതിയെ ചോരുന്നതു കണ്ടപ്പോൾ, അവൾ പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ ആഴക്കടലിലേക്ക് നോക്കി. ഭ്രാന്തിയെ പോലെ ഇതുവരെ അലറി തുള്ളിയ കടൽ പതിയെ ശാന്തമായി കൊണ്ടിരിക്കുന്നു. ചീറിയടിച്ച കാറ്റും, ആർത്തലച്ച തിരയും ക്ഷീണം കൊണ്ടെന്നപോൽ തളർന്നിരിക്കുന്നു. മഴമേഘങ്ങൾ നിറഞ്ഞ ആകാശത്തിനപ്പുറത്ത് നിന്ന് പതിക്കുന്ന സൂര്യവെളിച്ചം പതിയെ കടലിനെ തഴുകി തുടങ്ങിയിരിക്കുന്നു. എവിടെ നിന്നോ പാറിയെത്തിയ കടൽ പക്ഷികൾ, നിശബ്ദമായി കൊണ്ടിരിക്കുന്ന കടലിൻ്റെ മാറിലേക്ക് പതിയെ പറന്നിറങ്ങി.. കടലിനെയും നോക്കിയുള്ള ഏയ്ഞ്ചലിൻ്റെ എല്ലാം മറന്നുള്ള നിൽപ്പ് കണ്ടപ്പോൾ ദീപാവിശ്വനാഥ്, എസ്.ഐ രഘുനന്ദനെ കണ്ണുകൊണ്ട് കാണിച്ചു കൊണ്ട് ഒഴിഞ്ഞ ഒരിടത്തേക്ക് നടന്നു. " അവർ കടലിൽ പോകണമെന്നു പറഞ്ഞപ്പോൾ രഘുനന്ദൻ വല്ല തർക്കുത്തരവും പറഞ്ഞോ?" എം.എൽ.എ ദീപവിശ്വനാഥ് പതിയെ ചോദിച്ചതും, രഘുനന്ദൻ്റെ മനസ്സിലേക്ക്, കൈവിട്ടു പോയ ആ വാചകങ്ങൾ ഒരു കൂറ്റൻതിരമാലപോലെ പാഞ്ഞുകയറി. "മാഡം... അവർ.. അവരെ പറ്റി എനിക്ക് അറിയില്ലായിരുന്നു " "തനിക്കെന്നല്ല ആർക്കും അവരെ പെട്ടെന്ന് തിരിച്ചറിയില്ല. അവരെ ഏറ്റവും കൂടുതൽ അടുത്തറിയാവുന്നവർക്ക് അല്ലാതെ... അങ്ങിനെയുള്ള ഒരു റെയർപീസ്... അതാണ് ഏയ്ഞ്ചൽ എന്ന എഴുത്തുകാരി " ദീപയുടെ വാക്കുകൾ കേട്ടതും, എസ്.ഐ. നിശബ്ദനായി നിന്നു. " സ്വന്തം നാട്ടുകാർക്കും, വീട്ടുകാർക്കും, സമൂഹത്തിനും നേരിടുന്ന ദുരിത സ്ഥിതി അറിയാതെ, അതൊന്നും കണ്ടില്ലായെന്നു നടിച്ച്, തൻ്റെ പേര് നാലാൾ അറിയാൻ വേണ്ടി മാത്രം ആവശ്യമുള്ളതിനും, ഇല്ലാത്തതിനും, വാക്കുകൾ കൊണ്ടും, അക്ഷരങ്ങൾ കൊണ്ടും മീഡിയകളിൽ കാണാമറയത്തിരുന്നു വെറുതെ തിളച്ചു മറിയുന്ന വെറുമൊരു സ്ത്രീയല്ല അവർ... " എം.എൽ.എ. ദീപാവിശ്വനാഥ് പാതിയിൽ നിർത്തി കുറച്ചു ദൂരെ, കടലിനെയും നോക്കി നിൽക്കുന്ന ഏയ്ഞ്ചലിനെ നോക്കി. " വാക്കുകൾ കൊണ്ട് അമ്മാനമാടാതെ, പക്വതയോടെ എല്ലാം കണ്ടറിഞ്ഞ്, ആവശ്യമില്ലാതെ അപവാദം പറഞ്ഞ് ആക്രമിക്കുന്ന വേട്ടക്കാർക്ക്, അവർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത മറുപടി അന്തസ്സായി കൊടുക്കുന്ന ഒരു റിയൽ ഫെമിനിസ്റ്റ്... ഒരു രാഷ്ട്രീയത്തിൻ്റെയും തണലിൽ നിൽക്കാതെ സ്വന്തമായി പടപൊരുതുന്നവൾ... അങ്ങിനെയുള്ളവർക്ക് ഇത്തിരി മനസ്സുറപ്പ് കൂടുതലാ.. അതു കൊണ്ടു തന്നെ രഘുനന്ദൻ തെറ്റായി വല്ലതും അവരോടു പറഞ്ഞിട്ടുണ്ടെങ്കിൽ ... പേടിക്കണം ഓരോ നിമിഷവും അവരെ... " എം.എൽ.എ. ദീപാവിശ്വനാഥിൻ്റെ വാക്കുകൾ കേട്ടതും, രഘുനന്ദൻ വിയർത്തു തുടങ്ങി. "ഏയ്ഞ്ചൽ എന്ന അവരുടെ പേരിൻ്റെ അർത്ഥം പോലെ തന്നെയാണ് അവരുടെ സ്വഭാവവും... പക്ഷെ ഇടഞ്ഞാൽ അത് നേർവിപരീതമാകുമെന്ന് മാത്രം... പക തീരാത്ത യക്ഷിയായി തീരുമെന്ന് അർത്ഥം" ദീപയുടെ ഓരോ വാക്കുകളും തന്നെ പൊള്ളിക്കുന്നതു പോലെ തോന്നിയതും, രഘുനന്ദൻ ദയനീയമായി അവരെ നോക്കി. "തൻ്റെ സ്വഭാവം വെച്ച് എന്തെങ്കിലും പറഞ്ഞിരിക്കാനാണ് സാധ്യത... അങ്ങിനെയെങ്കിൽ സമയം കളയാതെ അവരോടു ചെന്ന് ക്ഷമ പറഞ്ഞോ? അതും കൂടാതെ അവരുടെ ആവശ്യത്തിന് കൂടെ നിൽക്കാമെന്ന് ഉറപ്പും കൊടുത്തോ " എം.എൽ.എ. ദീപയുടെ വാക്കുകൾ കേട്ടതും, രഘുനന്ദൻ അവരെ ദയനീയതയോടെ നോക്കി. " അവരല്ല സെർവൻ്റ് എന്നും, നമ്മളാണ് സെർവൻ്റ് എന്നും മറക്കുന്നയിടത്ത് ഇങ്ങിനെ ചില ക്ഷമ പറച്ചിലുകൾ ആവശ്യമാണ് രഘുനന്ദാ.. യൂണിഫോം കൂടെ വേണമെങ്കിലും, അട്ടപ്പാടിയിലേക്ക് ട്രാൻസ്ഫർ വേണമെന്നില്ലെങ്കിലും അനാവശ്യമായ ഇടങ്ങളിൽ ആവശ്യമില്ലാതെ ഉയർന്നു നിൽക്കുന്ന ആ ശിരസ്സ് കുറച്ചൊന്നു കുനിച്ചേ തീരൂ... ഞാൻ പറഞ്ഞത് മനസ്സിലായെങ്കിൽ സമയം കളയണ്ട.. വേഗം ചെല്ലൂ" ദീപയുടെ അറുത്തുമുറിച്ചതു പോലെയുള്ള ആ വാക്കുകൾ കേട്ടതും, ചുറ്റുമുള്ള പോലീസുകാരെയൊന്നു നോക്കി രഘുനന്ദൻ ഏയ്ഞ്ചലിനരികത്തേക്ക് നടന്നു. " ആ മാഡത്തിന് ഇവിടെയെന്താണ് കാര്യം?" രഘുനന്ദൻ ഏയ്ഞ്ചലിനരികിലേക്ക് നടന്നകന്നതും, ദീപാവിശ്വനാഥ് തൊട്ടരികെ നിൽക്കുന്ന, അവിടെ താമസിക്കുന്ന ആളോടു ചോദിച്ചു. "അതൊരു കഥയാണ് മാഡം... വർഷങ്ങൾക്കു മുൻപ് ആ മാഡം ആദിയുടെ വീട്ടിൽ താമസിച്ചിരുന്നു... അതും കൂടാതെ ആദിയുടെ ഗർഭം പേറിയാണ് ഇവിടെ നിന്ന് പോയതും... പിന്നെ വർഷങ്ങൾ കഴിഞ്ഞ്, ഇപ്പോഴാണ് ആ മാഡം ഈ കടൽ തീരത്തേക്ക് വന്നത്..അതിനിടയിൽ ആദി, വേദയെന്നൊരു പെൺകുട്ടിയെ കല്യാണം കഴിച്ചിരുന്നു.. ആ കുട്ടി ഒരു വർഷം മുൻപ് കടലിൽ വീണു മരിച്ചിരുന്നു." തൊട്ടരികെ നിൽക്കുന്ന ആൾ പറഞ്ഞതും കേട്ട് ദീപയുടെ കണ്ണുകളിൽ അത്ഭുതം കൂറി. "ഈ വേദയും, ഏയ്ഞ്ചലും ഒന്നിച്ചു പഠിച്ചിരുന്നവരാണ്. ഒരിക്കൽ കോളേജിൽ നിന്നു ടൂറിനു ഇവിടെ കടൽ കാണാൻ വന്ന കുട്ടികൾക്കിടയിൽ ഇവരുമുണ്ടായിരുന്നു... കടലിലിറങ്ങിയ ഇവർ രണ്ടുപേരും അടിതെറ്റി കടലിൽ മുങ്ങി താണപ്പോൾ, അന്ന് ഗാർഡായിരുന്ന ആദിയാണ് ഇവരെ രക്ഷിച്ചത് " അയാൾ പറഞ്ഞു നിർത്തിയതും, ഒരു അത്ഭുതകഥ കേട്ടപോൽ ദീപാവിശ്വനാഥ് അവിശ്വസനീയതയോടെ, ദൂരെ നിൽക്കുന്ന ഏയ്ഞ്ചലിനെ ഒരു നിമിഷം നോക്കി നിന്നു. പിന്നെ പതിയെ അങ്ങോട്ടേക്ക് നടന്നു. "മാഡം... കടൽ ശാന്തമായിട്ടുണ്ട്‌.. മാഡത്തിൻ്റെ ആവശ്യപ്രകാരം ഞങ്ങൾ ഇവിടെ നിൽക്കാം.. മാത്രമല്ല കടലിലേക്കു പോകുന്ന വഞ്ചിയിൽ ഞങ്ങളിൽ ഒരാൾ കൂടെ ഉണ്ടാകും " പിന്നിൽ നിന്ന് പതിഞ്ഞ സ്വരം കേട്ട് പിൻതിരിഞ്ഞ ഏയ്ഞ്ചൽ, എസ്.ഐ.രഘുനന്ദനെ കണ്ട് പതിയെ തലയാട്ടി. " കടൽ ഇത്ര നേരം ഇങ്ങിനെ ക്ഷോഭിച്ചിരുന്നതുകൊണ്ടും, കളക്റ്ററുടെ ഉത്തരവുള്ളതുകൊണ്ടുമാണ് രഘുനന്ദൻ മാഡത്തിൻ്റെ ആവശ്യം അംഗീകരിക്കാതിരുന്നത്.. ഒന്നും തോന്നരുത് " ദീപാവിശ്വനാഥിൻ്റെ വാക്കുകൾ കേട്ടതും, ഏയ്ഞ്ചൽ രഘുനന്ദനെയൊന്നു നോക്കി പതിയെ തലയാട്ടി. " മാഡം.... ചോദിക്കുന്നതു കൊണ്ട് വിഷമമൊന്നും വിചാരിക്കരുത്... രഘുനന്ദൻ ചോദിച്ച ചോദ്യമാണ് എനിക്കും ചോദിക്കാനുള്ളത്.. പക്ഷെ വികാരവിക്ഷോഭങ്ങൾ അടക്കിപിടിച്ച് ക്ഷമയോടെ കേൾക്കണം മാഡം.. എന്നിട്ട് ഞാൻ പറയുന്നതിൽ കാര്യമുണ്ടോയെന്ന് ചിന്തിക്കണം " എം.എൽ.എ. ദീപാവിശ്വനാഥിൻ്റെ സംസാരം കേട്ടതും, ഏയ്ഞ്ചൽ അവരെ നിശബ്ദമായി നോക്കി നിന്നു. "രണ്ട് വഞ്ചികൾ ഇന്നലെ രാത്രി തുടങ്ങിയ തിരച്ചിൽ ഇന്നു പുലർച്ചെയോടെയല്ലേ അവസാനിച്ചത് മാഡം..? അത്രയും നേരം തിരഞ്ഞിട്ടും, ആദിയെയോ, ആ വഞ്ചിയുടെ അവശിഷ്ടങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല. അതിനർത്ഥം തകർന്ന ആ വഞ്ചിയുടെ അവശിഷ്ടങ്ങൾ ദൂരേയ്ക്ക് ഒഴുകി പോയിരിക്കുമെന്നല്ലേ? അങ്ങിനെയാണെങ്കിൽ അതിലുണ്ടായിരുന്ന ആദി..... " പറഞ്ഞു വന്ന വാചകങ്ങൾ പൂർത്തിയാക്കാതെ, ദീപാവിശ്വനാഥ് ഏയ്ഞ്ചലിൻ്റെ മുഖത്തേക്കു തന്നെ നോക്കി നിന്നു... കുറച്ചേറെ ചിന്തിച്ച്, ആ ചോദ്യത്തിൽ കാര്യമുണ്ടെന്ന് തോന്നിയപ്പോൾ, ഏയ്ഞ്ചൽ ശാന്തമായി കിടക്കുന്ന കടലിനെ നോക്കിയൊന്നു തേങ്ങി. ഇതു വരെ കലിതുള്ളി എല്ലാം പിടിച്ചുപറിച്ചു ഉള്ളിലൊതുക്കി, ഇപ്പോൾ ഒന്നുമറിയാത്തതു പോലെ നിശബ്ദയായി കിടക്കുന്ന കടലിനെ നോക്കി അവൾ അമർഷത്തോടെ പല്ലു ഞെരിച്ചു. ഏയ്ഞ്ചൽ ഒന്നു കുനിഞ്ഞു അരികെ ചേർന്നു നിൽക്കുന്ന അരുണിൻ്റെ നെറ്റിയിലൊന്നു ചുംബിച്ചു. മാതൃത്വത്തിൻ്റെ സങ്കടം അവൻ്റെ ശിരസ്സിലൂടെ പെരുമഴയായി പെയ്തിറങ്ങിയപ്പോൾ, അവൻ ഒരു കരച്ചിലോടെ ഏയ്ഞ്ചലിനെ ചേർത്തു പിടിച്ചു. ശാന്തമായി കിടക്കുന്ന കടലിനെയും നോക്കി വിങ്ങിപൊട്ടി നിൽക്കുന്ന ഏയ്ഞ്ചലിനെയും, അരുണിനെയും തീരത്തുള്ളവർ സങ്കടത്തോടെ നോക്കി കണ്ണു നിറച്ചു. മാനം പോലെ അവരുടെ മനസ്സും വിങ്ങിപൊട്ടി നിൽക്കുന്ന ആ സമയത്ത് തന്നെയാണ്, ഫിലിപ്പോസിനെയും, മേരിയെയും കൊണ്ട് പാഞ്ഞു വരുന്ന കാർ, ഹൈവേയിൽ നിന്ന് സ്നേഹതീരം ബീച്ചിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞത്. " ഇച്ചായൻ എന്താണ് പ്രാർത്ഥിച്ചത്?" കാർ കുറച്ചു ദൂരം ഓടിയപ്പോൾ മേരി, പതിയെ ചോദിച്ചതും, ഫിലിപ്പോസ് അവരെയൊന്നു നോക്കി. "ഇത്രയും കാലം വിധിയുടെ ക്രൂരത മൂലം വെന്തുരുകിയ നമ്മുടെ മോൾക്ക്, അവൾ ആഗ്രഹിക്കുന്നതു പോലെ ഒരു നല്ല ജീവിതം കിട്ടണമേയെന്ന്... കിട്ടും മേരി... അത്രയ്ക്ക് സങ്കടത്തോടെയാണ് ഞാൻ അപേക്ഷിച്ചത്... പിന്നെ നമ്മുടെ മോൻ എബി, എല്ലാ പിണക്കങ്ങളും മറന്ന്,ദുബായിലുള്ള അവൻ്റെ കുടുംബവുമായി, നമ്മുടെയൊപ്പം വന്നു താമസിക്കണമെന്നും " ഫിലിപ്പോസിൻ്റെ കണ്ണീരോടെയുള്ള ആ വാക്കുകൾ കേട്ട് മേരി ഒരു ദീർഘനിശ്വാസമുതിർത്തതും, അതേസമയം തന്നെയാണ് എബിയുടെ കോൾ ഏയ്ഞ്ചലിനു വന്നത്. മൊബൈലിൽ തെളിഞ്ഞ നമ്പർ ആരുടേതെന്ന് മനസ്സിലാകാതെ ഏയ്ഞ്ചൽ കുറച്ചു നിമിഷം ഡിസ്പ്ലേയിലേക്കു തന്നെ നോക്കിയതിനു ശേഷം, കോൾ ബട്ടൻ അമർത്തി ചെവിയോരം ചേർത്തു. "എടീ ഏയ്ഞ്ചൽ.. ഇതു ഞാനാ എബിൻ.. ദുബായിൽ നിന്ന് " വർഷങ്ങൾക്കു ശേഷം എബിയുടെ ശബ്ദമൊന്നു കേട്ടപ്പോൾ അവൾ അമ്പരപ്പും, അത്ഭുതവും പ്രകടിപ്പിക്കാതെ നിർവികാരമായൊന്നു മൂളി. "ഈ നമ്പർ എങ്ങിനെയാണ് എനിക്ക് കിട്ടിയതെന്ന് ഓർത്ത് നീ ഇപ്പോൾ അത്ഭുതപ്പെടുന്നുണ്ടാകും അല്ലേ? നീ ഞെട്ടണ്ട.. അരുൺ തന്നതാണ്.. പപ്പയോടും, മമ്മയോടും, നിന്നോടും ഒരു കണക്ഷനും ഇല്ലെങ്കിലും അരുണുമായി ഞാൻ ഇടയ്ക്ക് നീയറിയാതെ സംസാരിക്കും.. വിളിക്കുന്നത് നിന്നോടു പറയരുതെന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്.. എന്നോടുള്ള നിൻ്റെ പ്രതികരണം എങ്ങിനെ ആണെന്ന് അറിയില്ലല്ലോ?" എബിയുടെ വാക്കുകൾ കേട്ടതും, തൻ്റെ ശരീരത്തിൽ പറ്റി ചേർന്നു നിൽക്കുന്ന അരുണിൻ്റെ ശിരസ്സിൽ,ഏയ്ഞ്ചൽ കണ്ണീരോടെയൊന്നു തലോടി. " അവനുമായി സംസാരിച്ചപ്പോഴാണ് റോയിഫിലിപ്പിൻ്റെ കാര്യം അവൻ പറഞ്ഞത്.. അത് എന്തായാലും നന്നായി.. ഞാനും, വൈഫും, കുട്ടികളും വരുന്നുണ്ട്, നിങ്ങളുടെ കല്യാണം കൂടാൻ " ആവേശത്തോടെ, അതിലേറെ സന്തോഷത്തോടെ സംസാരിക്കുന്ന അവൻ്റെ വാക്കുകൾ കേട്ട് മറുത്തൊന്നും പറയാതെ ഏയ്ഞ്ചൽ തിരയടങ്ങിയ കടലിലേക്കു നോക്കി നിന്നു. "പിന്നെ ഒരു ഗുഡ് ന്യൂസുണ്ട്.ഇപ്പോൾ വന്ന ന്യൂസ് ആണ്. നിൻ്റെ ജീവിതം തകർത്തവൻ കടലിൽ മുങ്ങിമരിച്ചെന്ന്... കാറും, കോളും നിറഞ്ഞ കടൽ പോലെ ആയിരുന്ന നമ്മുടെ കുടുംബബന്ധം ശാന്തമാകുന്നതിൻ്റെ മുന്നോടിയാണ് ഇതൊക്കെയെന്ന് തോന്നിപോകുന്നു ഏയ്ഞ്ചൽ... പിന്നെ... " എബിൻ പറഞ്ഞു പൂർത്തിയാക്കും മുൻപെ, മൊബൈൽ ഓഫ് ചെയ്ത് ഏയ്ഞ്ചൽ ഒരു വിതുമ്പലോടെ കടലിലേക്കു തന്നെ നോക്കി നിന്നു. " ഏയ്ഞ്ചൽ " പിന്നിൽ നിന്നു പതിഞ്ഞൊരു വിളിയുയർന്നപ്പോൾ, ഏയ്ഞ്ചൽ കണ്ണീരോടെ തിരിഞ്ഞു നോക്കി. അശ്വതിയെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന ജിൻസിനെ കണ്ടതും, അവൾ ഒരു തേങ്ങലോടെ ജിൻസിൻ്റെ മേലേക്ക് ചാരി നിന്നു. " അവർ പറഞ്ഞതാണ് ശരി ഏയ്ഞ്ചൽ.. ഇത്രയും നേരം ഒരു മനുഷ്യന് ഇളകി മറിയുന്ന കടലിൽ ജീവനോടെ കഴിയാൻ സാധിക്കില്ല.. നിൻ്റെ സ്വഭാവം നല്ലതുപോലെ അറിയാവുന്നതുകൊണ്ടു ഞാൻ അത് പറഞ്ഞില്ലന്നേയുള്ളൂ.. " വാക്കുകൾ പറയാൻ കഴിയാതെ അവൻ ഒരു നിമിഷം സംസാരം നിർത്തി മുഖം കുനിച്ചു നിന്നു. "ചിലപ്പോൾ ഇന്നോ, നാളെയോ ആദിയുടെ ബോഡി കരക്കടിയും.. അത് കാണാൻ നീ ഇവിടെ നിൽക്കണ്ട " ജിൻസിൻ്റെ പതറിയ വാക്കുകൾ കേട്ടതും, ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് എഴുന്നേറ്റത് പോലെ അവൾ അവനെ സൂക്ഷിച്ചു നോക്കി. "മനസ്സിന് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണെങ്കിൽ കൂടി സത്യം സത്യമല്ലാതിരിക്കില്ലല്ലോ ഏയ്ഞ്ചൽ?" വാക്കുകൾ വിതുമ്പിയതും നിറയുന്ന കണ്ണുകളോടെ അവൻ കടലിലേക്കു മുഖം തിരിച്ചു. "നിൻ്റെ അവസ്ഥ എനിക്കറിയും ഏയ്ഞ്ചൽ.. പക്ഷെ സ്നേഹിക്കേണ്ട കാലത്ത് സ്നേഹിക്കാതെ, നഷ്ടപ്പെടുമ്പോൾ അതോർത്തു ദു:ഖിച്ചിട്ട് ഒരു പ്രയോജനവുമില്ല.. അതു കൊണ്ടാണ്,നൈമിഷികമായ ഈ ജീവിതത്തിൽ പരസ്പരം കലഹിക്കാതെ സന്തോഷത്തോടെ കഴിയാൻ പറയുന്നത്.. കഴിഞ്ഞതു കഴിഞ്ഞു.ഇനി അതിനെ പറ്റി പറഞ്ഞിട്ടു കാര്യമില്ല.. എല്ലാം മറന്ന് റോയ്ഫിലിപ്പുമായി നല്ലൊരു ജീവിതം തുടങ്ങ്.. നിനക്ക് വിധിച്ചത് അയാളാണെന്നു കരുതി ആശ്വസിക്ക് " ജിൻസിൻ്റെ വാക്കുകൾ കേട്ടപ്പോൾ അവൾ വല്ലാത്തൊരു തേങ്ങലോടെ അവൻ്റെ കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കി... "വിഷമമൊന്നും ഇല്ല ജിൻസ്.. ഇടയ്ക്ക് എപ്പോഴോ നെഞ്ചിൽ കയറിയ നൊമ്പരം മാത്രം. അത്രേയുള്ളു.. പിന്നെ എൻ്റെ മോന് അവൻ്റെ അച്ഛനെ ഒരു വട്ടമെങ്കിലും കാണാൻ പറ്റിയില്ലല്ലോ എന്ന മനസ്സിനെ പൊള്ളിക്കുന്ന ചിന്തകളും.. " തേങ്ങലോടെ ഏയ്ഞ്ചൽ പറഞ്ഞതും,അരുണിൽ നിന്ന് പൊട്ടി കരച്ചിലുയർന്നു. അവൻ്റെ വലിയ വായിലുള്ള കരച്ചിൽ കേട്ട്, തീരത്ത് കൂടി നിന്നവർ അവർക്കടുത്തേക്ക് നടന്നു വന്നു. പ്രാഞ്ചിപ്രാഞ്ചി വന്ന നബീസുമ്മ അവൻ്റെ ശിരസ്സിൽ വാത്സല്യത്തോടെ തലോടി, കണ്ണീരൊഴുക്കി നിന്നു. രാമേട്ടൻ അവനെ കെട്ടിപിടിച്ചു കണ്ണീരുമ്മകൾകൊണ്ടു മൂടി വിതുമ്പലോടെ,ചുറ്റും കൂടി നിന്നവരുടെ കണ്ണിൽ നിന്നും നീർ കുതിച്ചു ചാടി.. കണ്ണീർകൊണ്ട് സമുദ്രം സൃഷ്ടിക്കുന്ന അവർക്കിടയിലേക്ക് എം.എൽ.എ. ദീപാവിശ്വനാഥ് കടന്നു വന്നു ഏയ്ഞ്ചലിൻ്റെ തോളിൽ പതിയെ കൈവെച്ചു. " ഇനി ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിക്ക് ഞങ്ങൾ പൊയ്ക്കോട്ടെ മാഡം?" ദീപയുടെ പതിഞ്ഞ ചോദ്യം കേട്ടതും ഏയ്ഞ്ചൽ പതിയെ തലയിളക്കി.. ദീപാവിശ്വനാഥ് കയറിയ കാറും, അതിനു പിന്നാലെ പോകുന്ന പോലീസ് ജീപ്പിനെയും നിർവികാരയായി നോക്കി നിന്നു ഏയ്ഞ്ചൽ. " ഇനി അധികസമയം ഇവിടെ നിൽക്കണ്ട ഏയ്ഞ്ചൽ.. റോയ്ഫിലിപ്പിനോടൊപ്പം പൊയ്ക്കോളൂ.. ഒരുപാട് ദൂരം യാത്ര ചെയ്യാനുള്ളതല്ലേ?" ജിൻസ് പറഞ്ഞതും അവൾ കണ്ണീരോടെ അരുണിനെ നോക്കി. " അവനെ പറ്റി ഏയ്ഞ്ചൽ വിഷമിക്കണ്ട.. ആദിയുടെ ബോഡി കിട്ടിയാൽ അതിൻ്റെ കർമ്മങ്ങളൊക്കെ ചെയ്യേണ്ടത് അവൻ്റെ മകനായ അരുണല്ലേ?.. അതൊക്കെ കഴിഞ്ഞ് ഒരു രണ്ട് ആഴ്ചക്കുള്ളിൽ ഞാൻ തന്നെ അവനെ അവിടെ എത്തിച്ചോളാം..." ജിൻസിൻ്റെ വാക്കുകൾ കേട്ടതും ഏയ്ഞ്ചൽ പതിയെ തലയാട്ടി കൊണ്ട് അവനെ സൂക്ഷിച്ചു നോക്കി. "നിന്നെ വേണ്ടെന്നു പറഞ്ഞ എന്നെ നീ ഇത്രമാത്രം സ്നേഹിക്കുകയും, സഹായിക്കുകയും ചെയ്യുന്ന നീ വെറും മനുഷ്യനല്ല.. ജീസസ് ആണ്..." ഏയ്ഞ്ചലിൻ്റെ വാക്കുകൾ കേട്ടതും, ജിൻസിൻ്റെ കണ്ണുകളിൽ നീർ തിളങ്ങി. "ഇനി നീ പോകാൻ നോക്ക് ഏയ്ഞ്ചൽ... ഇവളെ കൊണ്ടു പൊയ്ക്കോ ഡോക്ടർ?" ജിൻസ് ഗദ്ഗദത്തോടെ പറഞ്ഞതും, അടുത്ത് നിന്നിരുന്ന റോയ്ഫിലിപ്പ് അവളുടെ കൈ പിടിച്ചു. തൊട്ടരികെ നിൽക്കുന്ന അശ്വതിയെയും, നബീസുമ്മയെയും, അഗസ്റ്റിനെയും, ബഷീറിനെയും, രാമേട്ടനെയും, കൂടി നിൽക്കുന്ന മറ്റുള്ളവരെയും കണ്ണീരോടെ ഒന്നു നോക്കി, മനസ്സുകൊണ്ട് യാത്ര ചോദിച്ചു അവൾ, ഉള്ളിലടക്കിയ കരച്ചിലോടെ റോയ്ഫിലിപ്പിൻ്റെയൊപ്പം പതിയെ നടന്നു തുടങ്ങി. ഒരടി നടന്ന ശേഷം അവൾ പെട്ടെന്ന് തിരിച്ചു വന്നു മുട്ടുകുത്തി ഇരുന്ന് അരുണിൻ്റെ നെറ്റിയിൽ ചുണ്ടമർത്തി. " അച്ഛൻ്റെ കർമ്മങ്ങളൊക്കെ ചെയ്തു കഴിഞ്ഞാൽ മമ്മീടെ മോൻ എത്രയും വേഗം വീട്ടിലേക്ക് വരണം.. മമ്മി അവിടെ കാത്തിരിക്കുന്നുണ്ടാകും" അരുൺ വിതുമ്പികൊണ്ട് തലയാട്ടിയപ്പോൾ, ഒന്നുകൂടി ആ നെറ്റിയിൽ ചുംബിച്ചു കൊണ്ട്, ഏയ്ഞ്ചൽ കണ്ണീരോടെ റോയ്ഫിലിപ്പിൻ്റെ അരികത്തേയ്ക്ക് നടന്നു. നിശബ്ദമായി കിടക്കുന്ന കടലിനെ ഇടക്കിടെ പിൻതിരിഞ്ഞു നോക്കി കൊണ്ട് നടന്ന ഏയ്ഞ്ചൽ, റോഡരികെ പാർക്ക് ചെയ്തിരുന്ന റോയ്ഫിലിപ്പിൻ്റെ കാറിൽ ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിയതും, അയാൾ അത്ഭുതത്തോടെ അവളെ നോക്കി. "ഈ അവസ്ഥയിൽ ഡോക്ടർ ഡ്രൈവ് ചെയ്യേണ്ട.. കുടിച്ച കള്ളിൻ്റെ വീര്യം കുറയട്ടെ " ഏയ്ഞ്ചൽ അത്രയും പറഞ്ഞ് കാർ സ്റ്റാർട്ട് ചെയ്തതും, റോയ്ഫിലിപ്പ് ഒന്നും പറയാതെ കോ-ഡ്രൈവർ സീറ്റിലേക്ക് കയറി... പൊടുന്നനെ കാറിൻ്റെ ഡോറിൽ മുട്ട് കേട്ടതും ഏയ്ഞ്ചൽ നോക്കിയപ്പോൾ കണ്ടത് കണ്ണീരോടെ നിൽക്കുന്ന രാമേട്ടനെയും, ദേവമ്മയെയുമാണ്. "ഈ കുട്ടിയെയും കൊണ്ടു പൊയ്ക്കോളൂ മോളെ.. അരുണും, ജിൻസും ഇപ്പോഴൊന്നും അങ്ങോട്ടേക്ക് വരില്ലല്ലോ? ഈ കുട്ടിയ്ക്ക് പോകാനാണെങ്കിൽ മറ്റു വാഹനങ്ങളുമില്ല" രാമേട്ടൻ പറഞ്ഞതും, ദേവമ്മയോടു കാറിൻ്റെ പിന്നിൽ കയറാൻ ഏയ്ഞ്ചൽ കണ്ണു കാണിച്ചു. ദേവമ്മ കാറിൽ കയറിയതും, ഏയ്ഞ്ചൽ നിറഞ്ഞ മിഴികളോടെ രാമേട്ടനെ നോക്കി. " ശപിക്കരുത് രാമേട്ടാ.. അറിഞ്ഞു കൊണ്ട് ഈ ഏയ്ഞ്ചൽ ആരോടും തെറ്റു ചെയ്തിട്ടില്ല. ഇനിയുള്ള ജീവിതത്തിൽ നമ്മൾ തമ്മിൽ കാണുംന്ന് ഒരു ഉറപ്പും ഇല്ല. അതുകൊണ്ട് എന്നോടുള്ള ദേഷ്യം ഒരിക്കലും മനസ്സിൽ ഉണ്ടാകരുത് " പുറത്തേക്ക് കൈ നീട്ടി ഏയ്ഞ്ചൽ പറഞ്ഞതും, ഒരു പൊട്ടി കരച്ചിലോടെ ആ കൈ ചേർത്തു പിടിച്ചു രാമേട്ടൻ.. " മോളോടു ഒരു ദേഷ്യവുമില്ല ഈ വയസ്സന്. ആദി കടലീ പെട്ടുന്നറിഞ്ഞപ്പോ ഉണ്ടായ സങ്കടത്തിലാ മോളോടു കയർത്തത്.. ക്ഷമിച്ചു കള എൻ്റെ മോൾ... " തേങ്ങി പറഞ്ഞുകൊണ്ട് രാമേട്ടൻ കൈയെത്തിച്ച് ഏയ്ഞ്ചലിൻ്റെ ശിരസ്സിൽ തഴുകി. "ഈ വയസ്സായ രാമേട്ടനെ കൊണ്ട് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തു മോളേ.. ആഴക്കടലിലെ ഓളങ്ങൾ കാരണം വഞ്ചികൾക്കൊന്നും ദൂരേയ്ക്ക് പോകാൻ കഴിഞ്ഞില്ലെങ്കിലും, ആ കണ്ണ് കാണാത്ത കൂരിരുട്ടിൽ ആദിയെ ഒരുപാട് തിരഞ്ഞു രാമേട്ടനും, കൂടെയുള്ളവരും..പക്ഷേ കണ്ടെത്താൻ കഴിഞ്ഞില്ല. അവൻ്റെ വിധി അതായിരിക്കും " ഗദ്ഗദം കൊണ്ടു വാക്കുകൾ മുറിഞ്ഞ രാമേട്ടന് അവൾ കണ്ണീർ നിറഞ്ഞ ഒരു പുഞ്ചിരി നൽകി. " എല്ലാം വിധിയാണെന്ന് വിശ്വസിക്കാം രാമേട്ടാ.. അങ്ങിനെയല്ലേ നമ്മൾക്ക് വിശ്വസിക്കാൻ കഴിയൂ.. എന്നാൽ ഞങ്ങൾ പോട്ടെ?" നിറയുന്ന കണ്ണുകളോടെ ഏയ്ഞ്ചൽ ചോദിച്ചതും, രാമേട്ടൻ സമ്മതമെന്നോണം പതിയെ തലയാട്ടി... രാമേട്ടനെ ഒന്നുകൂടി നോക്കി ഏയ്ഞ്ചൽ കാർ മുന്നോട്ടെടുക്കുമ്പോൾ മറ്റൊരു കാർ അവർക്ക് അഭിമുഖമായി വരുന്നത് കാണാതെ, ഏയ്ഞ്ചൽ ഏതോ ആലോചനയോടെ റിയർവ്യൂ മിററിലൂടെ നോക്കുമ്പോൾ കരഞ്ഞുകൊണ്ടു നിൽക്കുന്ന അരുണിനെ കണ്ടതും അവൾ കാർ സഡൻബ്രേക്കിട്ടു, തൻ്റെ തോളിൽ വിശ്രമിച്ചിരുന്ന റോയ്ഫിലിപ്പിൻ്റെ കൈകളെ തട്ടിമാറ്റി പൊടുന്നനെ പുറത്തേയ്ക്കിറങ്ങി. മുന്നിൽ വന്നു നിന്ന പപ്പയുടെ കാർ കണ്ടിട്ടാണ് അവൾ ബ്രേക്കിട്ടതെന്ന് കരുതിയ റോയ്ഫിലിപ്പിൻ്റെ ചിന്തകളെ തെറ്റിച്ച്, പിന്നിലേക്ക് ഓടുകയായിരുന്നു ഏയ്ഞ്ചൽ. ഇവൾക്ക് എന്തു പറ്റി എന്ന സംശയത്തോടെ റോയ്ഫിലിപ്പ് ഏയ്ഞ്ചലിനെ തിരിഞ്ഞു നോക്കുമ്പോൾ, അരുണിനെയും ലക്ഷ്യമാക്കി ഓടുന്ന ഏയ്ഞ്ചലിൻ്റെ മനസ്സിലപ്പോൾ രാമേട്ടൻ പറഞ്ഞ വാക്കുകളായിരുന്നു മുഴങ്ങിയിരുന്നത്...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story