ഏയ്ഞ്ചൽ: ഭാഗം 37
രചന: സന്തോഷ് അപ്പുകുട്ടൻ
“ജീവനും, മരണത്തിനും ഇടയിലുള്ള ഒരു മനുഷ്യൻ്റെ അവസാന പ്രതീക്ഷയുടെ തിളക്കമാണ് ആ കണ്ണിൽ നിറഞ്ഞു നിൽക്കുന്നതെന്ന് മനസ്സിലായതും, കരച്ചിൽ നിർത്തി കൊണ്ട് ഏയ്ഞ്ചൽ പൊടുന്നനെ മൊബൈലിൻ്റെ ഡിസ്പ്ലേ രാമേട്ടനു നേരെ കാണിച്ചു.
“ഇതല്ലേ രാമേട്ടാ നിങ്ങളുടെ ആദി?”
അപ്പോഴും വിശ്വാസം വരാതെയുള്ള ഏയ്ഞ്ചലിൻ്റെ ഹൃദയമിടിപ്പ് കലർന്ന വിറയ്ക്കുന്ന ചോദ്യം കേട്ട് രാമേട്ടനും, മറ്റുള്ളവരും കരച്ചിൽ നിർത്തി അവിശ്വസനീയതോടെ അവളുടെ മുഖത്തേക്ക് നോക്കി.
ഒരു വേള കാറ്റും, കടലും നിശബ്ദമായ നിമിഷം.
ആ നിശബ്ദത മരണത്തിനു തുല്യമായിരുന്നു ഏയ്ഞ്ചലിന്.
“ഈ കാണുന്നതല്ലേ ആദിയെന്നു നോക്കാൻ ”
ഏയ്ഞ്ചൽ കണ്ണീരോടെ അലറി പറഞ്ഞതും, സ്തംഭനാവസ്ഥയിൽ നിന്നും മോചിച്ചതരായ രാമേട്ടനും,കൂട്ടരും പൊടുന്നനെ ഡിസ്പ്ലേയിലേക്ക് നോക്കി…
ഒരു നിമിഷം, കണ്ട ദൃശ്യം വ്യക്തമാകുന്നില്ലെന്നതു തോന്നിയതുപോലെ അവർ കണ്ണുതുടച്ചു നോക്കിയതും, അവരുടെ ഉള്ളിൽ നിന്നും എന്തൊക്കെയോ അത്ഭുതസ്വരങ്ങൾ ഉയർന്നു.
” ഇത്… ഇത് അവൻ തന്നെ.. ആ കുരുത്തം കെട്ടവൻ…”
രാമേട്ടൻ നെഞ്ചിലൊന്നു അടിച്ചിട്ടു, എഞ്ചിൻ്റെ ഹാൻഡിലും പിടിച്ചിരിക്കുന്ന ബഷീറിനെ നോക്കി.
“എടുക്കെടാ വഞ്ചീ.. ആ യന്ത്രം പോയ വഴിക്ക് കത്തിച്ചു വിട്”
രാമേട്ടൻ്റെ ആ അലർച്ച കേട്ടതും, ബഷീർ പൊടുന്നനെ യമഹ സ്റ്റാർട്ടാക്കി…
കടൽനിരപ്പിലെ ജലപാളികളെ കീറിമുറിച്ചു കൊണ്ട് ആ വഞ്ചി പതിയെ കുതിച്ചു തുടങ്ങി.
പതിയെ ചാറുന്ന മഴ പോലെ ഏയ്ഞ്ചലിൻ്റെ സന്തോഷകണ്ണീർ, കവിളിലേക്ക് പാറി വീഴുന്നുണ്ടായിരുന്നു.
ഇതുവരെ മനസ്സിൽ ഒരു അഗ്നിപർവതം പുകഞ്ഞിരുന്നത് പതിയെ കെട്ടടങ്ങുന്നത് ഏയ്ഞ്ചൽ അറിഞ്ഞു.
ആദ്യമായി അച്ഛനെ കാണുമ്പോൾ അരുണിൻ്റെ മുഖത്തു തെളിയുന്ന നിറഞ്ഞ
സന്തോഷമോർത്ത് ഏയ്ഞ്ചലിൻ്റെ ചുണ്ടിൽ
ഒരുമാത്ര ഒരു പുഞ്ചിരി
മിന്നി മാഞ്ഞു.
“ടാ നമ്മുടെ ആദി.. അവനിപ്പോഴും ജീവനോടെ ഉണ്ടെന്ന് നമ്മൾക്ക് ഈ സന്തോഷത്തിന് ഇന്ന് അടിച്ചു പൊളിക്കേണ്ടേ?”
കരച്ചിലോടെ അഗസ്റ്റിൻ അലക്സിയെ വരിഞ്ഞുമുറുക്കി ചോദിച്ചതും, ഭയത്താൽ വിറയ്ക്കുന്ന അയാൾ പതിയെ തലയാട്ടി.
“യ്യ് എന്താടാ ഇങ്ങിനെ പൂക്കുല പോലെ വിറയ്ക്കണത്… കരയിലെ പുലി, കടലീ വെറും എലി ആണെന്ന് നിനക്കിപ്പോ മനസ്സിലായില്ലേ?”
“അഗസ്റ്റിൻ..”
അഗസ്റ്റിൻ്റെ അലക്സിയോടുള്ള രോഷം കണ്ടിട്ട് ഏയ്ഞ്ചൽ ശാസനയോടെ വിളിച്ചതും, പറയുന്നത് നിർത്തി അവൻ ഏയ്ഞ്ചലിനെ നോക്കി.
” ഇത് വാശിയും, വൈരാഗ്യവും തീർക്കാനുള്ള സമയമല്ല.. ആദിയെ എത്രയും പെട്ടെന്ന് രക്ഷിച്ച് കരയിലേക്ക് എത്തിക്കാനാണ് നമ്മൾ നോക്കേണ്ടത്.. പിന്നെ കരയിൽ വെച്ചുള്ള കണക്ക് അവിടെ തന്നെ വെച്ചു തീർത്താൽ മതി.. ഈ ആഴകടലിൽ വെച്ച് വേണ്ടാ ”
“ആദിയെ ഓർത്ത് ഏയ്ഞ്ചൽ ഒരു തരിമ്പും പേടിക്കണ്ട.. ഇത്രയും നേരം അവന് അവിടെ ജീവൻ നഷ്ടപ്പെടാതെ കിടക്കാൻ കഴിഞ്ഞെങ്കീ.. ഇനി അവൻ്റെ ജീവൻ നഷ്ടപെടുമെന്നോർത്ത് നീ പേടിക്കണ്ട.. അവൻ പുലിയാ ”
അത്രയും പറഞ്ഞുകൊണ്ട് അഗസ്റ്റിൻ, അലക്സിയെ നോക്കി.
“നീ എന്തിനാടാ ഈ വഞ്ചിയിൽ ഓടി വന്ന് കയറിയത്? എന്താടാ ഏയ്ഞ്ചലിൻ്റെ പപ്പ
നിൻ്റെ കാതിൽ പറഞ്ഞത്?”
അഗസ്റ്റിൻ്റെ മുരളുന്ന ചോദ്യം കേട്ടതും, അലക്സി വിയർത്തു.
രാമേട്ടനും,ബഷീറും, ഏയ്ഞ്ചലും അഗസ്റ്റിൻ്റെ ചോദ്യം കേട്ട് അമ്പരപ്പോടെ അലക്സിയെ നോക്കി.
” ഇവിടെ വെച്ച്
മറ്റു വല്ല കന്നത്തരം പ്രവർത്തിക്കാനാണ് നിൻ്റെ ഉദ്യേശമെങ്കിൽ, ഹൈറേഞ്ചിലേക്ക് ജീവനോടെ തന്നെ പാക്ക് ചെയ്തു വിടും.. കേട്ടോടാ”
പാതിയിൽ പറഞ്ഞു നിർത്തി അഗസ്റ്റിൻ ഏയ്ഞ്ചലിനെ നോക്കി.
“നിന്നെ ഒരുപാട് ശല്യപ്പെടുത്തിയിട്ടുണ്ട് ഇവനെന്ന് അറിഞ്ഞതുകൊണ്ടു തന്നെയാണ് ഈ അഗസ്റ്റിൻ ഇതു പറയുന്നത് .. ഇവൻ ഈ വഞ്ചിയിൽ ഓടി കയറിയതിനു പിന്നിലും എന്തോ ഗൂഢഉദ്യേശം ഉണ്ട്.. അങ്ങിനെ എന്തെങ്കിലും അവൻ കാണിച്ചാ അന്നേരം ഇവനെ ഈ ആഴകടലിൽ മുക്കി കൊല്ലും… ഈ
അഗസ്റ്റിനാണ് പറയുന്നത്…”
പറയുന്നത് പാതിയിൽ നിർത്തി അഗസ്റ്റിൻ ബഷീറിനെ നോക്കി.
“ഇവിടെ നടക്കുന്നതൊന്നും നോക്കാതെ നീ എഞ്ചിൻ ഓടിച്ചോ… എത്രയും പെട്ടെന്ന് ആദി കിടക്കുന്ന സ്ഥലത്തേക്ക് നമ്മൾക്ക് എത്തണം ”
അഗസ്റ്റിൻ പറഞ്ഞപ്പോൾ ബഷീർ യമഹയിൽ പിടിമുറുക്കിയതും, വഞ്ചിയുടെ സ്പീഡ് വർദ്ധിച്ചു.
ജലോപരിതലത്തിൽ കൂടി, ചുറ്റും വെള്ളത്തുള്ളികൾ തെറിപ്പിച്ച് ഒരു സ്പീഡ്ബോട്ടു പോലെ പോകുന്ന, ആ വഞ്ചിയുടെ കുലുക്കത്തിൽ അലക്സി വീഴാൻ പോയതും, അഗസ്റ്റിൻ അവനെ ചേർത്തു പിടിച്ചു ആ കണ്ണുകളിലേക്ക് രൂക്ഷമായൊന്നു നോക്കി.
“വർഷങ്ങൾക്കു മുൻപ് ഈ ഏയ്ഞ്ചലിനെ അന്വേഷിച്ചു,
ഏയ്ഞ്ചലിൻ്റെ പപ്പയോടൊപ്പം നീ ഈ കടപ്പുറത്ത് വന്നത് നിനക്ക് ഓർമ്മയുണ്ടോ?അന്ന് നീ ഈ തീരത്ത് വെച്ച് ഞങ്ങളുടെ മെക്കിട്ട് കയറിയപ്പോൾ, ആരും നിൻ്റെ ദേഹത്ത് കൈവെക്കാതിരുന്നത് നിന്നെ പേടിയായതുകൊണ്ടല്ല. മറിച്ച് നിൻ്റെയൊപ്പം ഏയ്ഞ്ചലിൻ്റെ പപ്പയുള്ളതുകൊണ്ടായിരുന്നു. അന്ന് നിന്നെ ഒന്നും ചെയ്യാൻ കഴിയാത്തതിൻ്റെ കലിപ്പിലായിരുന്നു ഞങ്ങളൊക്കെ.. ഇപ്പോൾ നീ ദാ കെണിയിലേക്ക് കയറി വന്ന എലിയെ പോലെ തൊട്ടുമുന്നിൽ..
അന്ന് ഓങ്ങിവെച്ചത് ഇന്നു തരട്ടെ..മുതലും, പലിശയും, കൂട്ടുപലിശയുമടക്കം?”
അഗസ്റ്റിൻ പല്ലിറുമ്മി ചോദിച്ചതും, അലക്സി പേടിയോടെ വിറയ്ക്കാൻ തുടങ്ങി.
പുലി പോലെ നടന്നവൻ എലി പോലെ നിൽക്കുന്നത് കണ്ട് ഏയ്ഞ്ചലിൻ്റെ ചുണ്ടിൽ പെട്ടെന്നൊരു പുഞ്ചിരി വിരിഞ്ഞു.
അലക്സിയുടെ ആ വിറയാർന്ന നിൽപ്പ് കണ്ടപ്പോൾ അഗസ്റ്റിൻ അവനെ ചേർത്തു പിടിച്ചു.
“നീ ഇങ്ങിനെ പൂക്കുല പോലെ വിറയ്ക്കണ്ട ചങ്ങാതീ.. നിന്നെ ആരും ഇവിടെ വെച്ച് ഒന്നും ചെയ്യില്ല.. ”
അഗസ്റ്റിൻ അങ്ങിനെ പറഞ്ഞുകൊണ്ട് അലക്സിയെ പിടിച്ച് പടിയിലിരുത്തി, തൻ്റെ അരയിൽ സൂക്ഷിച്ചിരുന്ന പൈൻ്റ് എടുത്ത് അവനു നേരെ നീട്ടി.
” സ്കോച്ചൊന്നുമല്ല ട്ടാ
സൽപുത്രാ… ബീവറേജസിൽ നിന്നും വാങ്ങിയ അസ്സല്
ഹണീബിയാ.. ഇതങ്ങട് ഒന്നു പിടിപ്പിച്ചോ…”
അഗസ്റ്റിൻ്റെ മുഖത്തേക്കും, കൈയിൽ പിടിച്ചിരുന്ന പൈൻ്റിലേക്കും അലക്സി മാറി മാറി നോക്കി.
“ഗ്ലാസും, വെള്ളവുമൊന്നുമില്ല ചങ്ങാതീ.. ഇത് ബാറൊന്നുമല്ലല്ലോ? ദാ.. ഇങ്ങിനെ പിടിക്കുക… കോൺസ്ട്രേഷൻ എടുക്കുക. പിന്നെ പൊടുന്നനെ വായിലേയ്ക്കു കമഴ്ത്തുക ”
അഗസ്റ്റിൻ പറഞ്ഞതും, അയാൾ കുപ്പി വായിലേക്കു കമഴ്ത്തി, കുപ്പിയിലെ പകുതിയോളം മദ്യം അകത്തായപ്പോൾ അഗസ്റ്റിൻ നിർത്തി, കുപ്പി അലക്സിക്കു നേരെ നീട്ടി
വിറയ്ക്കുന്ന കൈകളോടെ അലക്സി ആ കുപ്പി വാങ്ങി പൊടുന്നനെ വായിലേക്ക് കമഴ്ത്തി..
“നീ അസ്സല് അടിക്കാരനാണല്ലേ പന്നീ… വെറുതെ എനിക്കു മുന്നിൽ ഷോ കാണിച്ചതാണല്ലേ?”
അഗസ്റ്റിൻ, അലക്സിയെ ചേർത്തു പിടിച്ചു ചോദിച്ചതും, അലക്സി ചമ്മൽ നിറഞ്ഞ ചിരിയോടെ അയാളെ
നോക്കി.
“ഇതാണ് മോനേ
ഞങ്ങൾ.. സ്നേഹിച്ചാൽ ചങ്കുപറിച്ചു കൊടുക്കും, ദേഷ്യം വന്നാൽ ആ ചങ്ക് ഇങ്ങ് വലിച്ചെടുക്കും.. അതിൽ നോ
കോംപ്രമൈസ്..”
അഗസ്റ്റിൻ ഒരു പുഞ്ചിരിയോടെ പറഞ്ഞതും, ആ നിമിഷം അലക്സിയുടെ മനസ്സിലേക്ക് വല്ലാത്തൊരു ഭീതിയോടെ ഫിലിപ്പോസ് പറഞ്ഞ കാര്യം കയറി വന്നു
അകത്ത് കയറിയ മദ്യം ആവിയായി മാറുന്നത് അറിഞ്ഞ അലക്സി, ഒരു മാത്ര ഡ്രോൺ പോയ വഴിയിലേക്ക് കണ്ണും
നട്ടിരിക്കുന്ന ഏയ്ഞ്ചലിനെ നോക്കി…
” ബഷീറെ… ഒന്നുകൂടി സ്പീഡ് കൂട്ടിക്കോ.. മാനം വീണ്ടും കറക്കുന്നുണ്ട് ”
ആകാശത്തേക്ക് പതിയെ വന്നണയുന്ന കാർമേഘങ്ങളെ നോക്കി രാമേട്ടൻ പറഞ്ഞതും ബഷീർ എഞ്ചിൻ്റെ സ്പീഡ് വർദ്ധിപ്പിച്ചു.
കടൽവെള്ളത്തിലൂടെ റോക്കറ്റ് പോലെ കുതിക്കുന്ന വഞ്ചിയിലിരുന്നു ഏയ്ഞ്ചൽ സന്തോഷത്തോടെ ചുറ്റും നോക്കി..
ഒരായിരം വർണതുമ്പികൾ ചിറകുകൾ വിടർത്തി കടലിനു മുകളിലൂടെ പറക്കുന്നത് പോലെ തോന്നിയതും, അവൾ ഒരു പുഞ്ചിരിയോടെ കണ്ണടച്ചു.
ഏയ്ഞ്ചലിൻ്റെ ആ പ്രണയഭാവം കണ്ടപ്പോൾ ഒരു പുഞ്ചിരിയോടെ രാമേട്ടൻ മറ്റുള്ളവർക്ക് ചൂണ്ടികാണിച്ചതും, അഗസ്റ്റിൻ ഒരു കൈകുമ്പിൾ കടൽ വെള്ളം എടുത്ത് അവളുടെ മുഖത്തേക്ക് എറിഞ്ഞു.
മുഖത്തു വെള്ളം വീണു ഞെട്ടിയുണർന്ന ഏയ്ഞ്ചൽ, ചുറ്റുമുള്ളവരെ നോക്കി ചമ്മലോടെ വെറുതെ പുഞ്ചിരിച്ചു.
” ആദിയെ ജീവനോടെ കണ്ടപ്പോൾ മോൾക്ക് വല്ലാത്ത സന്തോഷായി ലേ ?”
രാമേട്ടൻ പറഞ്ഞതും, അവൾ പതിയെ തലയാട്ടി.
” ഏതൊരു സ്ത്രീക്കും, അവരുടെ കുഞ്ഞിൻ്റെ അച്ഛൻ ജീവിച്ചിരിക്കുന്നുണ്ടെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം… ആ സന്തോഷം ഇപ്പോൾ എനിക്കും ഉണ്ട് രാമേട്ടാ”
ഏയ്ഞ്ചലിൻ്റെ ഈറൻ നിറഞ്ഞ മറുപടി കേട്ടതും രാമേട്ടൻ്റ മുഖം മങ്ങി..
അലക്സിയുടെ മനസ്സിൽ ആശ്വാസത്തിൻ്റെ ഒരു കുഞ്ഞുതിര പതിയെ ഇളകി.
അഗസ്റ്റിനും, ബഷീറും പരസ്പരം നോക്കി നിസഹായതയോടെ തലയിളക്കി.
“ഒരിക്കലും കാണാത്ത അച്ഛനെ ആദ്യമായി കാണുമ്പോൾ എൻ്റെ മകൻ അരുണിന് എത്രമാത്രം സന്തോഷം ഉണ്ടാകും അല്ലേ? അവൻ്റെ ആ സമയത്തുള്ള സന്തോഷമാണ് നിങ്ങൾ ഇപ്പോൾ എൻ്റെ മുഖത്തു കാണുന്നത്.. അല്ലാതെ ”
പറയുന്നത് പാതിയിൽ നിർത്തി അവൾ മെല്ലെ തലയാട്ടിയതും, രണ്ടിറ്റ് കണ്ണീർ ആഴകടലിലേക്ക് തെറിച്ചുവീണു.
ഏയ്ഞ്ചലിൻ്റെ സംസാരം കേട്ട് നിരാശയിലായ അവർ പിന്നെയൊന്നും മിണ്ടിയില്ല…
ആ നിശബ്ദതയിലേക്ക് ചൂളം വിളിച്ചെത്തിയ ഒരു കാറ്റ്, അവളുടെ ഉണങ്ങി തുടങ്ങിയ സാരി പതിയെ ഇളകിമാറ്റിയതും, അലക്സി അവളെ കൊതിയോടെ നോക്കി നിന്നു.
” ഡോക്ടറെ… താൻ ഭാഗ്യവാനാണെടോ… കുന്നുകൂടിയ പണം, ഈ വയസ്സിലും
കത്തുന്ന സൗന്ദര്യം, പ്രശസ്തി ഈ മൂന്നുമുള്ള, എല്ലാവരെയും ഒരു മാത്ര കൊതിപ്പിച്ച് കടന്നു പോകുന്ന ഏയ്ഞ്ചലിൻ്റെ മനസ്സിൽ ഇപ്പോൾ ഡോക്ടർ മാത്രമാണ് ഉള്ളത്…. ഡോക്ടറുടെ കോർട്ടിലാണ് ഇപ്പോൾ പന്ത്.. പക്ഷെ നിങ്ങളെ നിയന്ത്രിക്കുന്ന റഫറി ഞാനായിരിക്കും ”
മദ്യത്തിൻ്റെ ലഹരിയിൽ
പുഞ്ചിരിയോടെ പിറുപിറുക്കുന്ന അലക്സിയുടെ മനസ്സിൽ ഏയ്ഞ്ചലിൻ്റെ എസ്റ്റേറ്റും, ബംഗ്ലാവുമൊക്കെ തെളിഞ്ഞപ്പോൾ അയാൾ വെറുതെയൊന്നു ചിരിച്ചു.
ആ പതിഞ്ഞ
ചിരിയുടെ ശബ്ദം കേട്ട്,
പൊടുന്നനെ തലയുയർത്തിയ ഏയ്ഞ്ചൽ,
അലക്സിയുടെ നോട്ടം കണ്ടതും അവനെ രൂക്ഷമയൊന്നു നോക്കി അവൾ സാരി നേരെയാക്കി.
അലക്സി പൊടുന്നനെ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് നമ്പർ പ്രസ് ചെയ്ത് കോൾ ബട്ടൻ അമർത്തി ചെവിയോരം ചേർത്തു.
“ഇവിടെ റേഞ്ച് കിട്ടുന്നില്ലല്ലോ രാമേട്ടാ… കരയിൽ കാത്തു
നിൽക്കുന്ന ഫിലിപ്പോസ് അങ്കിളിനെ ഒന്നു വിളിക്കാനാ…”
പല തവണ ട്രൈ ചെയ്തിട്ടും കോൾ കിട്ടാതെ ആയപ്പോൾ അലക്സി രാമേട്ടനെ നോക്കി.
“നിനക്ക് ഞങ്ങൾ ഒരു ടവർ ഈ ആഴകടലിൽ ഇപ്പോൾ തന്നെ വെച്ചു തരാം.. എന്താ അതു മതിയോ?”
അഗസ്റ്റിൻ പറഞ്ഞുകൊണ്ടു നോക്കിയതും, ഉള്ളിലുയർന്ന അമർഷം ഒതുക്കികൊണ്ട് അലക്സി അയാളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.
“ഇവിടെ ഒരു മനുഷ്യൻ്റെ ജീവൻ രക്ഷിക്കാൻ നോക്കുമ്പോഴാ.. അവൻ്റെ മറ്റേടത്തെ ഒരു റേഞ്ച് ”
പറയുന്നത് പാതിയിൽ വിഴുങ്ങി അഗസ്റ്റിൻ ഏയ്ഞ്ചലിനെ ഒരു വിളറിയ ചിരിയോടെ നോക്കി.
വഞ്ചി, കുറച്ചേറെ ഓടിയപ്പോൾ ഏയ്ഞ്ചൽ, ദൂരെ ഒരു പൊട്ടു പോലെ കിടക്കുന്ന ആദിയുടെ
വഞ്ചിയെ കണ്ടപ്പോൾ, അവൾ ശ്വാസമടക്കി കൊണ്ടു വഞ്ചിയിൽ എഴുന്നേറ്റു നിന്നു.
മഴചാറലിനപ്പുറത്ത്
വഞ്ചിയുടെ കാഴ്ച പതിയെ പതിയെ
വലുതായി തുടങ്ങിയതും, എല്ലാവരും പരസ്പരം സന്തോഷത്തോടെ നോക്കി….
പൊടുന്നനെ കാറ്റ് വീശിയടിച്ചതും, വഞ്ചിയൊന്നു വട്ടം കറങ്ങി.
തിരകൾക്ക് പതിയെ ശക്തി വർദ്ധിക്കുന്നത് കണ്ട രാമേട്ടൻ ബഷീറിനെ നോക്കിയതും, അവൻ എഞ്ചിൻ്റെ വേഗത കൂട്ടി…
കടൽപ്പരപ്പിനെ തൊട്ടു ,തൊട്ടില്ലായെന്ന മട്ടിൽ ചീറി പായുന്ന വഞ്ചി, ഇടക്കിടെ പാഞ്ഞു വരുന്ന തിരകളിൽ പെട്ട് വട്ടം കറങ്ങി കൊണ്ടിരുന്നു.
ആകാശത്ത് ഉരുണ്ടുകൂടിയ കാർമേഘങ്ങളിൽ നിന്ന് മഴതുള്ളികൾ പതിയെ കടൽപരപ്പിലേക്ക് വീണു തുടങ്ങി…
പൊടുന്നനെ ആകാശ കോണിൽ നിന്നും മിന്നലുകൾ കടൽപരപ്പിൽ വീണു ചിതറിയതിനോടൊപ്പം മഴ ശക്തി പ്രാപിച്ചു.
കടൽ വീണ്ടും കലിതുള്ളുവാൻ തുടങ്ങിയത് കണ്ട രാമേട്ടൻ നെഞ്ചത്ത് കൈവെച്ചു, കാർമേഘങ്ങൾ നിറഞ്ഞു നിൽക്കുന്ന ആകാശത്തേക്കു ദയനീയമായി ഒന്നു നോക്കി.
മുഖത്തേക്ക് വീശിയടിക്കുന്ന കാറ്റിനെയും, മഴതുള്ളികളെയും ഒരു കൈ കൊണ്ട് മറച്ച്, കുറച്ച് ദൂരേയ്ക്ക് ഏയ്ഞ്ചൽ സൂക്ഷിച്ചു നോക്കിയതും അവളിൽ നിന്ന് ഒരു അഹ്ളാദസ്വരമുയർന്നു.
മറിഞ്ഞു കിടക്കുന്ന വഞ്ചിയും, അതിനു മുകളിൽ നിശ്ചലമായി, ചിറകുകൾ വിരിച്ചു നിൽക്കുന്ന ഡ്രോണും കണ്ടും അവൾ നിറകണ്ണുകളോടെ ആകാശത്തേക്കു നോക്കി നെഞ്ചിൽ പതിയെ കുരിശുവരച്ചു.
ആകാശത്ത് നിന്ന് മഴതുള്ളികൾ അവളുടെ വട്ടമുഖത്ത് വീണു ചിതറുമ്പോഴും, അവളുടെ നീർ നിറഞ്ഞ മിഴിയിണകൾ രണ്ടു മിന്നാമിനുങ്ങുകൾ പോലെ തിളങ്ങുകയായിരുന്നു.
എഞ്ചിൻ ഓഫ് ചെയ്ത്, മറിഞ്ഞു കിടക്കുന്ന വഞ്ചിക്കരികിലേക്ക്, തൻ്റെ വഞ്ചി വേഗത കുറച്ചു
പതിയെ ചേർത്തു നിർത്തി ബഷീർ…
എഞ്ചിൻ്റെ ശബ്ദം കേട്ട് പതിയെ തലയുയർത്തിയ ആദിയെ ഏയ്ഞ്ചൽ, വിറയ്ക്കുന്ന ശരീരത്തോടെ, കുതറി തെറിപ്പിക്കുന്ന ഹൃദയമിടിപ്പോടെ, കണ്ണിമ ചിമ്മാതെ നിമിഷങ്ങളോളം നോക്കി നിന്നു….
നീണ്ട വർഷങ്ങൾക്കു ശേഷമുള്ള ഒരു അപ്രതീക്ഷിത സമാഗമം..
നിഗൂഢതകൾ ഒളിപ്പിച്ച ആഴകടലിനും, നിറങ്ങൾ അത്ഭുതം സൃഷ്ടിക്കുന്ന ആകാശത്തിനുമിടയിലുള്ള ഒരു കൂട്ടിമുട്ടൽ..
കഥകളിൽ കേട്ടു മറഞ്ഞ സ്വർഗ്ഗം
ഇവിടെയാണോ?
അവൻ്റെ പാതിയടഞ്ഞ
കണ്ണുകളിലേക്ക് അവൾ ഉറ്റുനോക്കുമ്പോൾ,
മനസ്സിലും, ശരീരത്തിലും ഒരു വല്ലാത്ത കോരിത്തരിപ്പുയരുന്നത് അവൾ അറിഞ്ഞു തുടങ്ങി…
നീണ്ട വർഷങ്ങൾക്കു ശേഷം അവളിൽ മോഹങ്ങളും, സ്വപ്നങ്ങളും പൂത്തുലയുകയായിരുന്നു.
പതിയെ ഇളകുന്ന തിരകൾ പോലെ അവളുടെ മാറിടം ഉയർന്നു താണുകൊണ്ടിരുന്നു.
ഒരുപാട് ഓർമ്മകൾ ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ മനസ്സിലൂടെ ഓടി മറഞ്ഞു.
അതേ നിമിഷം തന്നെ ഏയ്ഞ്ചൽ പപ്പയെ ഓർത്തു.മമ്മയെ ഓർത്തു.
പ്രതീക്ഷയോടെ തന്നെ കരയിൽ കാത്തിരിക്കുന്ന റോയ്ഫിലിപ്പിനെ ഓർത്തു.
ഒരുപറ്റം ഓർമ്മകൾ അവളുടെ മനസ്സിലേക്ക് കാരമുള്ള് പോലെ തറഞ്ഞു കയറിയപ്പോൾ, മനസ്സറിയാതെ
ഓടിയെത്തിയ സ്വപ്നങ്ങളെ അവൾ, ചിതറിതെറിപ്പിക്കാനെന്നവണ്ണം തലകുടഞ്ഞു.
മരിച്ചെന്നു കരുതിയ ആദിയെ ജീവനോടെ കണ്ട അത്ഭുതത്തിലായിരുന്നു രാമേട്ടനും, കൂട്ടുകാരും..
അവർ ഹൃദയം നിറഞ്ഞ നന്ദിയോടെ ഏയ്ഞ്ചലിനെ നോക്കി പുഞ്ചിരിച്ചു.
മരിച്ചു രണ്ടോ, മൂന്നോ ദിവസത്തിനു ശേഷം തീരത്ത് അടിയേണ്ട ആദിയെ ഇങ്ങിനെ ജീവനോടെ കൺമുന്നിൽ കാണിച്ചു തന്നത് ഇവളാണ്.. ഇവളുടെ മനസ്സിൽ വാടി കരിയാതെ നിന്ന പ്രതീക്ഷയാണ്..
തീരം മുഴുവനും യക്ഷിയെന്ന് മുദ്ര ചാർത്തിയ ഈ പെൺകുട്ടി ഇപ്പോൾ മാലാഖ ആയി തീർന്നിരിക്കുന്നു…
ഇനിയൊരിക്കലും വരില്ലായെന്നു കരുതിയ ഏയ്ഞ്ചൽ, വർഷങ്ങൾക്കു ശേഷം അപ്രതീക്ഷിതമായി ഈ തീരത്ത് കാല് കുത്തിയത്, ആദിയെ രക്ഷിക്കാൻ വേണ്ടിയാണെന്നു തോന്നുന്നു…
മൈലുകൾ അകലെയാണെങ്കിലും, മനസ്സുകൾ തമ്മിൽ ഇങ്ങിനെ അടുത്തറിയണമെങ്കിൽ അതിലൊരൊറ്റ കാര്യമേയുള്ളൂ…
മനസ്സറിഞ്ഞ പ്രണയം…
പൊടുന്നനെ അപ്രതീക്ഷിതമായി വന്ന തിരയിൽപെട്ട്, ആദിയുടെ വഞ്ചിയുയർന്നതും, ഏയ്ഞ്ചൽ പൊടുന്നനെ കൈയ്യെത്തിച്ച് അവനെ പിടിച്ചു.
“മോളെ… നീയെന്തു പണിയാണ് ഈ കാണിച്ചത്?”
രാമേട്ടൻ അലറി ചോദിച്ചതും, അതേ നിമിഷം തന്നെ ഏയ്ഞ്ചൽ ഇരുന്ന വഞ്ചി ബാലൻസ് തെറ്റി ആദിയുടെ വഞ്ചിക്കരികിലേക്ക് താഴ്ന്നു.
അടിതെറ്റി
തൻ്റെ മേലേക്ക് വീണ പോയ ഏയ്ഞ്ചലിനെ, പാതിബോധത്തിൽ ആദി തടുത്തു നിർത്തിയെങ്കിലും, വീഴ്ചയുടെ ആഘാതത്തിൽ ഏയ്ഞ്ചൽ അവൻ്റെ ശരീരത്തിലേക്ക് അമർന്നു…
ചുണ്ടുകൾ തമ്മിലമർന്നപ്പോൾ, അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും,
പാതിബോധത്തിലായിരുന്ന ആദി, തൻ്റെ
ജീവനെപോലെ അവളെ ചേർത്തു പിടിച്ചു.
അതേ നിമിഷത്തിൽ തന്നെയാണ് മറ്റൊരു ശക്തിയേറിയ തിര അവർക്കു നേരെ പാഞ്ഞു വന്നതും, വഞ്ചികൾ രണ്ടും, രണ്ടു ദിക്കിലേക്ക് ചുഴറ്റിയെറിയപ്പെട്ടതും.
അപ്രതീക്ഷിതമായി വന്ന ശക്തിയേറിയ കാറ്റിൽ ഉത്ഭവിച്ച
തിരകളിൽ പെട്ട് രണ്ടിടത്തേക്കായി ഒഴുകിമാറിയ വഞ്ചികൾ അകന്നുകൊണ്ടിരിക്കെ, നെഞ്ചിടിപ്പോടെ രാമേട്ടൻ നോക്കിയതും, ഒന്നിനു പുറകെ ഒന്നൊന്നായി വരുന്ന തിരകൾ കണ്ട് അയാൾ നെഞ്ചിൽ കൈവെച്ചു.
” ബഷീറെ പെട്ടെന്ന്
എഞ്ചിൻ സ്റ്റാർട്ടാക്ക്.. ”
രാമേട്ടൻ വിളിച്ചു പറഞ്ഞതും ബഷീർ നിസഹായതയോടെ അയാളെ നോക്കി.
“കുറെ തവണയായി ഞാൻ സ്റ്റാർട്ട് ആക്കാൻ നോക്കുന്നു രാമേട്ടാ… പക്ഷെ സ്റ്റാർട്ട് ആകുന്നില്ല.
ബഷീർ ദയനീയതയോടെ പറഞ്ഞതും, വഞ്ചിയിലുണ്ടായിരുന്ന വരിൽ വല്ലാത്തൊരു നിശബ്ദത പരന്നു.
മരണത്തിൻ്റെ നിശബ്ദത.
വളരെ
ദൂരെ നിന്ന്
പാഞ്ഞുവരുന്ന കൂറ്റൻ തിരകളെ കണ്ട് ഭയന്നു വിറച്ച അലക്സി നെഞ്ചിൽ കൈവെച്ച്, ദൈവങ്ങളെ തേടിയെന്നോണം ആകാശത്തേക്ക് നോക്കി നിന്നു.
ഒഴുക്കിൽ പെട്ടു നീങ്ങികൊണ്ടിരുന്ന ആദിയുടെ വഞ്ചിയെ നിസഹായതയോടെ നോക്കി നിൽക്കെ രാമേട്ടൻ്റെ കണ്ണു നിറഞ്ഞു…
എഞ്ചിൻ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്ന ബഷീറിൻ്റെ മുഖത്തു നിന്നും, കൈത്തണ്ടയിൽ നിന്നും വിയർപ്പുതുള്ളികൾ ഇറ്റുവീണു കൊണ്ടിരുന്നു.
” ആ മോളെയും കൊലയ്ക്ക് കൊടുക്കുവാനാണോ നമ്മൾ പ്രതീക്ഷയോടെ ഈ ആഴകടലിലേക്ക് പോന്നത്?”
ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് രാമേട്ടൻ ഒരു കരച്ചിലോടെ വഞ്ചിയിലിരിക്കുമ്പോൾ, തിരകളിൽ പെട്ട് ആദിയുടെ വഞ്ചി അകലങ്ങളിലേക്ക്
ഒഴുകി നീങ്ങുകയായിരുന്നു…
ആദിയുടെ ശരീരത്തിൽ
പറ്റിചേർന്ന് കിടന്നിരുന്ന ഏയ്ഞ്ചൽ, അവൻ്റെ ഹൃദയമിടിപ്പ് ദുർബലമാകുന്നതും, ശരീരം ഒരു ഐസ്കട്ട പോലെ തണുത്തുറയുകയാണെന്നും കണ്ടപ്പോൾ, അവൾ ശക്തിയോടെ അവനെ അമർത്തി പിടിച്ചു.
തൻ്റെ ശരീരത്തിൻ്റെ ചൂട് അവൻ്റെ ശരീരത്തിലേക്ക് പടർത്തികൊണ്ട്, അവൻ്റെ രണ്ടു കൈപ്പത്തികളും, തൻ്റെ കൈ കൊണ്ട് തിരുമ്മി ചൂടാക്കി കൊണ്ടിരുന്നു അവൾ…
“വേദാ”
പാതിബോധത്തിൽ ഏയ്ഞ്ചലിനെ അമർത്തി പിടിച്ച് അവൻ പതിയെ മന്ത്രിച്ചപ്പോൾ, ഏയ്ഞ്ചലിൻ്റെ മനസ്സൊന്നു പിടഞ്ഞു. നെഞ്ചിൽ വല്ലാത്തൊരു കനം അനുഭവപ്പെട്ടു അവൾക്ക്.
“വേദയല്ല ഞാൻ… ഏയ്ഞ്ചലാണ്”
ആദിയുടെ കാതിലേക്ക് ഏയ്ഞ്ചൽ ചുണ്ട് ചേർത്തു പറഞ്ഞതും, തന്നെ കെട്ടിപ്പിടിച്ചിരുന്ന ആദിയുടെ കൈ പതിയെ തളർന്നു വീഴുന്നത് അവൾ ഒരു ഞെട്ടലോടെ അറിഞ്ഞു.
“രാമേട്ടാ…. ”
ആദിയുടെ നെഞ്ചിൽ നിന്നെഴുന്നേറ്റ് കൈയുയർത്തി കൊണ്ട്, അകലേക്ക് മറഞ്ഞു കൊണ്ടിരുന്ന രാമേട്ടനെ നോക്കി ഏയ്ഞ്ചൽ നിലവിളിച്ച ആ സമയം ആകാശത്ത് നിന്നു തുള്ളിക്കൊരു കുടം പോലെ മഴ പെയ്ത് തുടങ്ങിയിരുന്നു.
മഴശബ്ദത്തിൽ മുങ്ങി പോയ ആ നിലവിളി അവിടെ തന്നെ അമർന്ന് പിടഞ്ഞപ്പോൾ, അവൾ കണ്ണീരോടെ ഒന്നു തേങ്ങി.പിന്നെ കണ്ണടച്ചു കിടക്കുന്ന ആദിയുടെ മുഖത്തേക്ക് ഒന്നു നോക്കി, ആദ്യമായി ആത്മാർത്ഥതയോടെ ഏയ്ഞ്ചൽ ആ നെറ്റിയിൽ ചുണ്ടമർത്തി.
അവളുടെ കണ്ണുകളിൽ നിന്ന്
കുലംകുത്തിയൊഴുകുന്ന കണ്ണീരിൻ്റെ ചൂടേറ്റപ്പോൾ, അവൻ്റെ കൺപോളകൾ ഒന്നു പിടഞ്ഞു.
“നമ്മൾ എന്നും കൂടെയുണ്ടാകും ഏയ്ഞ്ചൽ…. ഒന്നിക്കാതെ നമ്മൾക്ക് കഴിയില്ലല്ലോ?”
വേദയുടെ വാക്കുകൾ മനസ്സിലേക്കിരച്ച് കയറിയതും, അവൾ ഒരു പുഞ്ചിരിയോടെ ആദിയുടെ ശരീരത്തിലേക്ക് പതിയെ തലചേർത്തുവെച്ചു കിടന്നു….അവൻ്റെ ഹൃദ്സ്പന്ദനങ്ങൾ കേൾക്കാനെന്നവണ്ണം !
ആകാശത്തിൻ്റെ കണ്ണീർ പോലെ അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു…….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…