" "
Novel

ഏയ്ഞ്ചൽ: ഭാഗം 38

രചന: സന്തോഷ് അപ്പുകുട്ടൻ

അനന്തമായി കിടക്കുന്ന കടലിൽ, തുടർച്ചയായി വരുന്ന
ഓളങ്ങളിൽപെട്ട് ഒഴുകി നീങ്ങികൊണ്ടിരുന്ന വഞ്ചിയിൽ, ആദിയുടെ നെഞ്ചിൽ തലയും വെച്ച് ഏയ്ഞ്ചൽ,
കണ്ണീർപോലെ മഴ ചൊരിയുന്ന ആകാശത്തേക്ക് നോക്കി കിടന്നു.

മുഖത്ത് വീണ് ചിതറുന്ന മഴതുള്ളികൾ പോൽ ഓർമ്മകൾ അവളുടെ മനസ്സിലേക്ക് ചിതറി വീണു കൊണ്ടിരുന്നു.

കോളേജ് ടൂറിനു വേണ്ടി
ആദ്യമായി ഈ തീരത്തേക്ക് വന്ന ദിവസം…

കടലിലേക്ക് ഇറങ്ങിയപ്പോൾ അടിതെറ്റി വീണ്
കടലിൽ മുങ്ങി മരിക്കാൻ പോയ തന്നെയും, വേദയെയും, സധൈര്യം കൈകളിൽ കോരിയെടുത്ത ആദി.

പപ്പയെയും, മമ്മയെയും ഒന്നു പേടിപ്പിച്ച്, അലക്സിയിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി ഏയ്ഞ്ചൽ എന്ന പേര് മാറ്റി വേദയെന്ന പേരിൽ ഇവിടെ, ആദിയുടെ വീട്ടിൽ മാസങ്ങളോളമുള്ള ഒളിവു ജീവിതം…

അതിനിടയിൽ മദ്യപിച്ച് ബോധം മറഞ്ഞ ആദിയുടെ കരുത്തിൽ അപ്രതീക്ഷിതമായി ഞെരിഞ്ഞമർന്നത്.

ശരീരത്തിനേറ്റ മുറിവുകളെക്കാൾ കൂടുതൽ വേദന മനസ്സിനാണെന്ന തിരിച്ചറിവോടെ, ഉള്ളിലൊരു ജീവൻ്റെ തുടിപ്പുമായി ഈ തീരം വിട്ടത്.

അരുണിൻ്റെ ഓർമ്മ വന്നതും അവൾ പൊടുന്നനെ കൺതുറന്നപ്പോൾ തൊട്ടു മുന്നിൽ അരുൺ നിൽക്കുന്നതു പോലെ തോന്നി.

അച്ഛൻ്റെ വരവും കാത്ത് അവൻ ഇപ്പോഴും, ആഴകടലിലേക്ക് കണ്ണുംനട്ട് തീരത്ത് ആശയോടെ കാത്തിരിക്കുന്നുണ്ടാകും..

അച്ഛനില്ലാത്തവനെന്ന പേരിൽ നിന്നും മുക്തമാകുന്ന ആ നിമിഷത്തെയും ഓർത്ത്, ആഴകടലിൽ നിന്ന് തിരകൾക്കു മീതെ കൂടി പാഞ്ഞു വരുന്ന ഒരു വഞ്ചിയെയും കാത്ത് കണ്ണു ചിമ്മാതെ, പ്രാർത്ഥനയോടെ!

ആ രംഗം ഓർത്തതും ഏയ്ഞ്ചലിൻ്റെ ഹൃത്തടം ഒന്നു തേങ്ങിയതോടൊപ്പം അവളുടെ മുഖത്തേക്ക് ദേഷ്യം ഇരച്ചുകയറി.

കണ്ണടച്ചു കിടക്കുന്ന ആദിയെ ശക്തിയോടെ കുലുക്കുകയും, അതോടൊപ്പം അവൾ ആദിയുടെ
ഇരുകവിളിലും അടിച്ചു കൊണ്ടിരുന്നു.

“രാമേട്ടൻ പറഞ്ഞതുപോലെ നീ പുലിയൊന്നുമല്ലടാ.. വെറും എലി.സ്വന്തം മകൻ കാത്തിരിക്കുന്നുണ്ടെന്ന് അറിയാതെ, ഏതോ ലോകത്തിലേക്ക് ഭീരുവിനെ പോലെ യാത്രയാകാൻ തുടങ്ങുന്ന നീ വെറും ഭീരുവാണ്.. പെണ്ണായ ഈ ഏയ്ഞ്ചലിനുള്ള ആത്മധൈര്യം പോലും ഇല്ലാത്തവൻ ”

കരഞ്ഞുപറഞ്ഞു കൊണ്ട് ഏയ്ഞ്ചൽ അവൻ്റെ നെഞ്ചിലേക്ക് അമർന്നപ്പോഴും അവസാന പ്രതീക്ഷ പോലെ അവളുടെ കണ്ണുകൾ, ദൂരെ ഒരു പൊട്ടു പോലെ മാറി കൊണ്ടിരിക്കുന്ന രാമേട്ടൻ്റെ വഞ്ചിയിലേക്ക് നീണ്ടു…

അവ്യക്തതയിലേക്ക് അമർന്നു കൊണ്ടിരിക്കുന്ന ആ വഞ്ചിയിലേക്ക് നോക്കി പ്രതീക്ഷ നശിച്ച അവൾ,മരണത്തിൻ്റെ ഗന്ധം തങ്ങളെ പൊതിയുന്നത് പോലെ തോന്നിയപ്പോൾ പതിയെ കണ്ണടച്ചു ആദിയുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

ഇടയ്ക്ക്,വീശിയടിച്ച കാറ്റിൽ വഞ്ചി പമ്പരം പോലെ കറങ്ങിയപ്പോൾ അവൾ അവനെ ചേർത്തു പിടിച്ചു…

അവനും, അവൻ്റെ ഹൃദയമിടിപ്പും ദൂരേയ്ക്ക് തെറിച്ചു പോകാതിരിക്കാനെന്നവണ്ണം….

ആദിയുടെ വഞ്ചി അകലങ്ങളിലേക്ക് ഒഴുകി കൊണ്ടിരിക്കുമ്പോഴും, തളർച്ചയെ അവഗണിച്ച് പ്രതീക്ഷയോടെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു ബഷീർ.

ദൂരെ നിന്ന് അലറിവരുന്ന തിരകൾ തങ്ങളെ വിഴുങ്ങുമെന്ന പേടിയിൽ, കണ്ണടച്ചു മരണത്തെയും കാത്തു നിന്ന
അലക്സി വല്ലാത്തൊരു ശബ്ദം കേട്ട്, കണ്ണു തുറന്നതും ആ കാഴ്ച കണ്ട് അവൻ ഒരു ദീർഘനിശ്വാസമുതിർത്തു.

എഞ്ചിൻ സ്റ്റാർട്ട് ആയതും, വഞ്ചി ഒരു റോക്കറ്റ് പോലെ കുതിക്കുന്നതും, പുതു ജീവിതത്തിലെന്നതു പോലെ അവൻ നോക്കി നിന്നു.

രാമേട്ടൻ്റെയും, ബഷീറിൻ്റെയും, അഗസ്റ്റിൻ്റെയും മുഖത്ത് തെളിയുന്ന സന്തോഷവും കണ്ട്, അവൻ വഞ്ചി പോകുന്ന ഭാഗത്തേക്ക് നോക്കി നിന്നു.

ദൂരെ ഒഴുകി പോകുന്ന ആദിയുടെ വഞ്ചി കണ്ടതും,രാമേട്ടൻ അഹ്ളാദത്തോടെ നോക്കി നിൽക്കുമ്പോൾ, ദൂരെ തിരകളടിയുന്ന ശബ്ദം കേട്ടതും, അയാൾ പിൻതിരിഞ്ഞു നോക്കി.

ഒന്നിനു പിന്നാലെ മറ്റൊന്നായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നതിരകൾ, കരയെ ലക്ഷ്യമാക്കി വരുന്നതും കണ്ട് അയാൾ നെഞ്ചിലേക്ക് കൈവെച്ചു നിന്നു.

” ബഷീറേ” യെന്നുള്ള രാമേട്ടൻ്റെ ശ്വാസം കിട്ടാത്തതുപോലെയുള്ള വിളി കേട്ടതും, വഞ്ചിയിലുണ്ടായിരുന്നവർ ഭീതിയോടെ തിരിഞ്ഞു നോക്കിയതും, ആ കാഴ്ച കണ്ട്
അവരുടെ ശ്വാസം നിലച്ചു.

ചക്രവാളങ്ങളെ മറച്ചുകൊണ്ട്, ഉയരുന്ന കൂറ്റൻ തിരമാലകൾ ഭ്രാന്തു പിടിച്ചതു പോലെ കുതിച്ചു വരുന്നു.

കടൽപക്ഷികൾ ജീവനു വേണ്ടി ഇരുവശങ്ങളിലേക്കും പറന്നകലുന്നു…

“ഇത് സുനാമി തന്നെ.. ഇനി രക്ഷയില്ല ”

പതറി പറഞ്ഞ
അലക്സി, മരണത്തെ കാത്ത് വഞ്ചിയിൽ തളർന്നിരിക്കുമ്പോൾ,
അവൻ്റെ മനസ്സിൽ ദേവമ്മയുടെ മുഖം തെളിഞ്ഞു.

ഒരിക്കൽ കൂടി അവളെയൊന്നു കാണാൻ അവൻ്റെ മനസ്സ് വല്ലാതെ തുടിച്ചു…

പിന്നിൽ നിന്നുയർന്ന്, കുതിച്ചുവരുന്ന രാക്ഷസതിരകളെയും ഇടക്കിടെ നോക്കി ബഷീർ വേഗതയോടെ എഞ്ചിൻ ചലിപ്പിച്ചു….

ജലപ്പരപ്പിലൂടെ റോക്കറ്റ് പോലെ കുതിക്കുന്ന വഞ്ചിയിൽ മുറുകെ പിടിച്ച് രാമേട്ടൻ അഗസ്റ്റിനെ നോക്കി.

” ആദിയുടെ വഞ്ചിയുടെ അടുത്തെത്തിയാൽ ആ നിമിഷം അവനെയും, ആ കുട്ടിയെയും എടുത്ത് നമ്മുടെ വഞ്ചിയിലേക്ക് കയറ്റുക.. ”

പാതിയിൽ നിർത്തി രാമേട്ടൻ പാഞ്ഞു വരുന്ന കൂറ്റൻ തിരകളെ നോക്കി.

“പാഴാക്കുന്ന ഓരോ നിമിഷവും നമ്മൾ മരണത്തെ മാടി വിളിക്കുന്നതിന് തുല്യമാണെന്ന് മറക്കരുത്”

“രാമേട്ടാ.. വഞ്ചിയും, വലയും”

അഗസ്റ്റിൻ പാതിയിൽ നിർത്തി രാമേട്ടനെ നോക്കി.

“മനുഷ്യനെക്കാളും വിലയില്ലല്ലോ അതിനൊന്നും..
അതുകൊണ്ട് തൽക്കാലം ആ കാര്യം മറക്കുക ”

രാമേട്ടൻ്റെ ഉയർന്ന ശബ്ദം കേട്ടതും, അഗസ്റ്റിൻ നിശബ്ദനായി.

കുറച്ചുദൂരം, ചീറി പാഞ്ഞ വഞ്ചി, ആദിയുടെ വഞ്ചിക്കരികിൽ എത്തിയതും, അതിലെ കാഴ്ച കണ്ട് അവർ അത്ഭുതപ്പെട്ടു.

പരസ്പരം പുണർന്നു കിടക്കുന്ന ആദിയും, ഏയ്ഞ്ചലും! തൊട്ടരികെ ഡ്രോണും, റിമോട്ടും.

വർഷങ്ങളോളം മനസ്സിലിട്ടു പ്രണയിച്ചവൾ മറ്റൊരുവൻ്റ നെഞ്ചിൽ മുല്ലവള്ളി പോലെ പടർന്നു കിടക്കുന്നത് കണ്ട്, നഷ്ടബോധം കൊണ്ട് അലക്സി മുഖം തിരിച്ചു.

” കാഴ്ച കണ്ട് നിന്ന് സമയം കളയാതെ ആ സയാമീസ് ഇരട്ടകളെ വഞ്ചിയിലേക്ക് എടുത്തിട്.. കൂടെ ആ സാധനങ്ങളും ”

രാമേട്ടൻ വിളിച്ചു പറഞ്ഞതും, അഗസ്റ്റിൻ ആദിയുടെ വഞ്ചി വലിച്ചടുപ്പിച്ചപ്പോഴെക്കും ഏയ്ഞ്ചൽ, ആദിയുടെ നെഞ്ചിൽ നിന്നു തലയുയർത്തി, സ്വപ്നത്തിലെന്നതു പോലെ ചുറ്റും നോക്കി.

” സ്വപ്നം കാണാതെ ഈ വഞ്ചിയിലേക്ക് കയറ് മോളെ… തിരകൾ പാഞ്ഞു വരുന്നുണ്ടു.”

രാമേട്ടൻ്റെ ഉറക്കെയുള്ള സംസാരം കേട്ടതും, അവൾ അരികെയുണ്ടായിരുന്ന ഡ്രോണും, റിമോട്ടും എടുത്ത് രാമേട്ടൻ്റെ വഞ്ചിയിലേക്ക്, അഗസ്റ്റിൻ്റെ കൈ പിടിച്ചു കയറി.

ഏയ്ഞ്ചൽ വഞ്ചിയിലേക്ക് കയറിയ നിമിഷം, അഗസ്റ്റിൻ പൊടുന്നനെ ആദിയുടെ വഞ്ചിയിലേക്ക് ചാടിയിറങ്ങി, ആദിയെ പണിപ്പെട്ട് ഉയർത്തി രാമേട്ടൻ്റെ വഞ്ചിയിലാക്കിയതും, അവനും ചാടികയറിയതും ഒപ്പമായിരുന്നു.

കുതിച്ചു വന്ന ഒരു ചെറു തിരയിൽപെട്ട് വഞ്ചിയൊന്നു കുലുങ്ങിയപ്പോൾ, ബഷീർ തിരിഞ്ഞു നോക്കിയപ്പോൾ അവൻ്റെ ഉള്ളൊന്നു ഞെട്ടി.

അമ്പത് മീറ്ററിനപ്പുറത്ത് നിന്ന് കൂറ്റൻതിരകൾ പാഞ്ഞു വരുന്നത് കണ്ടതും, അവൻ്റെ കൈ പൊടുന്നനെ എഞ്ചിൻ്റെ ആക്സിലേറ്ററിലേക്കമർന്നു.

കടൽപരപ്പിലൂടെ തീരം ലക്ഷ്യമാക്കി കുതിച്ചു പായുന്ന ആ വഞ്ചിയുടെ പിന്നാലെ വാശിയോടെ വരുന്നുണ്ടായിരുന്നു തിരകളും.

അതേ സമയം, വഞ്ചിയിൽ മലർന്നു കിടന്നിരുന്ന
ആദിയുടെ ശരീരം ചൂടുപിടിപ്പിക്കുകയായിരുന്നു ഏയ്ഞ്ചൽ…

നെഞ്ചിലും, കൈകളിലും, കാൽവെള്ളയിലും,
കൈകൊണ്ട് ശക്തിയിൽ അമർത്തി തടവി, പ്രാണൻ ഊതിയുണർത്തുന്ന ഏയ്ഞ്ചലിനെ കണ്ടതും, പുഞ്ചിരിയോടെ അവർ പരസ്പരം നോക്കി.

കുതിച്ചു വരുന്ന തിരയുടെ മുൻപിൽ
തൊട്ടു തൊട്ടില്ലായെന്ന മട്ടിൽ, പറക്കുന്ന വഞ്ചിയിലിരുന്നു അവർ ദൈവത്തെ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുകയായിരുന്നു

വഞ്ചിയിലുണ്ടായിരുന്നവരുടെ നെഞ്ചിടിപ്പും, തിരകളുടെ ശബ്ദവും ഓരേപോലെയായി തീർന്ന അനിശ്ചിതത്തിൻ്റെ ഏതാനും നിമിഷങ്ങൾ

ഭീതിദമായ ആ അന്തരീക്ഷത്തിൻ്റെ ഭീകരത കൂട്ടാനെന്നതു പോലെ അതുവരെ പതിയെയായിരുന്ന കാറ്റിനും, മഴക്കും ശക്തിയേറി…

കോരി ചൊരിയുന്ന മഴനൂലുകളിൽ നിന്ന് ആദിയെ സംരക്ഷിക്കാൻ ഏയ്ഞ്ചൽ അയാൾക്കു മുകളിൽ, മഴവില്ലു പോലെ വളഞ്ഞു നിന്നു.

അവളുടെ മുടിയിഴകളിലൂടെ ഊർന്നുവീണ മഴതുള്ളികൾ അവൻ്റെ കൺതടങ്ങളെ നനച്ചു കൊണ്ട് കവിളിലൂടെ ഊർന്നിറങ്ങി കൊണ്ടിരുന്നു.

മഴതുള്ളികളുടെ തണുപ്പേറ്റ് ഇടക്കിടെ കൺപോളകൾ ഇളകി കൊണ്ടിരുന്ന ആദിയുടെ മുഖത്തേക്ക് അവൾ പ്രതീക്ഷയോടെ നോക്കി..

വഞ്ചിയുടെ തൊട്ടുപിന്നിലൊരു തിര വലിയ ശബ്ദത്തിൽ കടലിലമരുന്നതും, അതിൻ്റെ ശക്തിയിൽ വെള്ളതുള്ളികൾ വഞ്ചിയിലേക്ക് ശക്തമായി തെറിച്ചതും, കണ്ട അവർ ഒന്നു ദീർഘനിശാസമുതിർത്ത് തിരിഞ്ഞു നോക്കിയതും,
പിന്നിൽ നിന്നും വരുന്ന അസംഖ്യം തിരകൾ കണ്ട് മനമുരുകി ആകാശത്തേക്കു നോക്കി.

കലി തുള്ളി കൊണ്ടിരിക്കുന്ന കടലിൻ്റെ രൗദ്രഭാവം അറിയാതെ, ഏയ്ഞ്ചൽ അപ്പോഴും, ആദി കൺപോളകൾ തുറക്കുന്നതും നോക്കി നെഞ്ചിടിപ്പോടെ ഇരിക്കുകയായിരുന്നു…

കുറച്ചേറെ ഓടിയപ്പോൾ അകലെ, ദൂരെ ഒരു വരപോലെ കരയുടെ നിഴൽ തെളിഞ്ഞപ്പോൾ അവരിൽ നിന്നും ആഹ്ദാരവങ്ങൾ ഉയർന്നു; അതേ നിമിഷം തന്നെ ഏയ്ഞ്ചലിൽ നിന്നും സന്തോഷത്തിൻ്റെ തേങ്ങലുതിർന്നു.

ഏയ്ഞ്ചലിൻ്റെ ശബ്ദം കേട്ട് നോക്കിയ അവർ കണ്ടത്, പാതികണ്ണുതുറന്ന് കിടക്കുന്ന ആദിയെയാണ്.

ഭൂതകാലത്തിനപ്പുറത്ത് തന്നെ പൊതിഞ്ഞിരുന്ന ഒരു ഗന്ധം, തനിക്കു ചുറ്റും വീശിയടിക്കുന്നുവെന്ന് മനസ്സിലായ ആദി, പ്രയാസപ്പെട്ട് കണ്ണുകൾ തുറന്നു.

ആദിയുടെ കൺമുന്നിൽ തൂങ്ങിയാടുന്ന കുരിശു രൂപത്തിനുമപ്പുറം, മാലാഖ പോലെയുള്ള ആ രൂപം കണ്ട് അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്ന്, പതിയെ ഒരു പുഞ്ചിരിയോടെ അവളുടെ മുഖത്ത് തഴുകി…

പ്രാണൻ ഊതിയുണർത്തിയവളെ ആദി കൺചിമ്മാതെ നോക്കി കിടക്കുമ്പോഴും, അവൻ്റെ കണ്ണുകൾ നിശബ്ദം നിറഞ്ഞൊഴുകുകയായിരുന്നു.

മഴകാലത്ത് കുതിരുന്ന പൂർണചന്ദ്രനെ പോലെയുള്ള ആ മുഖത്ത് നോക്കി കൊണ്ടിരിക്കെ, ഏതോ ഓർമ്മയിൽ പൊടുന്നനെ അവൻ ആ മുഖം വലിച്ചടുപ്പിച്ചു…

പ്രതിഷേധിക്കാതെ, ഒരു തരി എതിർപ്പ് കാണിക്കാതെ അവൻ്റെ ചുണ്ടിലേക്ക് അവൾ ചുണ്ടുകൾ ചേർത്ത സമയം, വഞ്ചിയപ്പോൾ തീരത്തോടു അടുത്തിരുന്നു…

തീരം ലക്ഷ്യമാക്കി കുതിച്ചു വരുന്ന ആ വഞ്ചി കണ്ടതും, തീരത്ത് നിന്നിരുന്ന ജനകൂട്ടം ആകാംക്ഷ കൊണ്ടു മിടിക്കുന്ന ഹൃദയത്തോടെ കടലിലേക്കിറങ്ങി നിന്നു.

കുഞ്ഞു ഏയ്ഞ്ചലും,
ജിൻസും, അരുണും, ദേവമ്മയും, അശ്വതിയും, റോയ്ഫിലിപ്പും, ഫിലിപ്പോസും, മേരിയും ആകാംക്ഷ കൊണ്ട് പൊട്ടിത്തെറിക്കുമെന്നായപ്പോൾ അവർ പതിയെ തീരത്തേക്ക് നടന്നു..

തീരത്തണയാൻ വരുന്ന ആ വഞ്ചിയെയും പിടിച്ച്, അതിനുള്ളിലേക്ക് നോക്കിയ ജനങ്ങൾ ആർപ്പുവിളികൾ മുഴക്കി.

വഞ്ചിയുടെ ഉള്ളിലേക്ക് നോക്കിയ ഫിലിപ്പോസ്,
പരസ്പരം പുണർന്നു കിടക്കുന്ന ഏയ്ഞ്ചലിനെയും, ആദിയെയും കണ്ട് മേരിയെ ഒന്നു നോക്കി.

ഫിലിപ്പോസിൻ്റെ രൂക്ഷമായനോട്ടം കണ്ട് അലക്സി പതിയെ വഞ്ചിയിൽ നിന്നിറങ്ങി അയാൾക്കരികിലേക്ക് വന്നു.

“സോറി അങ്കിൾ… കര പോലെ അല്ല കടൽ.. എനിക്ക് കളിക്കാനുള്ള സ്പെയിസ് അവിടെ ഉണ്ടായിരുന്നില്ല.. ”

അലക്സിയുടെ സംസാരം കേട്ടതും ഫിലിപ്പോസ് അയാളെ നോക്കി പല്ലിറുമ്മി.

“ഇങ്ങിനെ പല്ലിറുമ്മിയതുകൊണ്ടൊന്നും കാര്യമില്ല അങ്കിളേ.. കരകാണുന്നതു വരെ എൻ്റെ അവസ്ഥ എങ്ങിനെ ആയിരുന്നെന്ന് അങ്കിളിന് അറിയില്ല.. ഇപ്പോഴാ എനിക്ക് ശ്വാസം വന്നേ.. എനിക്കിപ്പോൾ എൻ്റെ ദേവമ്മയെ കാണണം”

അതും പറഞ്ഞ് ആൾകൂട്ടത്തിനുള്ളിലേക്ക് നടന്ന അലക്സി, ഡോ.റോയ്ഫിലിപ്പിനെ കണ്ടതും അയാളുടെ കൈ കൂട്ടി പിടിച്ചു.

“സോറി ഡോക്ടർ… കടലിലേക്കിറങ്ങി പാതിയിലേറെ നേരം അവൾ ഡോക്ടർക്ക് അനുകൂലമായിരുന്നു. പക്ഷേ അവസാന റൗണ്ടിൽ, കാറ്റും, മഴയും ചതിച്ചപ്പോൾ അവൾ ആ ആദിയ്ക്ക് അനുകൂലമായി.. ”

അലക്സിയുടെ വാക്കുകൾ കേട്ടപ്പോൾ, ഡോക്ടർ റോയ്ഫിലിപ്പ് ഒന്നും മനസ്സിലാകാതെ അവനെ നോക്കി.

” ഡോക്ടർക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല അല്ലേ?വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത ചിലത് ഒരൊറ്റ ചിത്രം കൊണ്ട് വിവരിക്കാൻ കഴിയും.. അതുകൊണ്ട് ഡോക്ടർ ചെന്ന് ആ വഞ്ചിയിലേക്ക് നോക്ക് ”

അലക്സി പറഞ്ഞതും, ഡോ: റോയ്ഫിലിപ്പ്
ചെറുതിരകളിൽ ഇളകുന്ന വഞ്ചിക്കരികിലേക്ക് നടന്നു, ഉള്ളിലേക്കു നോക്കിയതും, പുണർന്നു കിടക്കുന്ന ആദിയെയും, ഏയ്ഞ്ചലിനെ കണ്ടപ്പോൾ, ആ നിമിഷം അയാൾ വിളറി നിൽക്കുന്ന
ഫിലിപ്പോസിനെ നോക്കി..

അയാൾ ഒന്നും പറയാനാവാതെ കുനിഞ്ഞു നിന്നപ്പോൾ ഡോ: റോയ്ഫിലിപ്പ് അയാളെ ഒരു നിമിഷം നോക്കി നിന്ന ശേഷം, പതിയെ ആൾകൂട്ടത്തിലേക്ക് മറഞ്ഞു.

വാർത്തകൾ പലയിടത്തേക്കും പാറിയപ്പോൾ, കടൽതീരം ഒരു ജനസമുദ്രമായി മാറികൊണ്ടിരുന്നു.

പോലീസ് ജീപ്പിനോടൊപ്പം
മീഡിയകളും പാഞ്ഞു വന്നു…

അലർട്ട് ലംഘിച്ച് കടലിൽ പോയ രാമേട്ടനെയും, അഗസ്റ്റിനെയും, ബഷീറിനെയും അലക്സിയെയും, എസ്.ഐ രഘുനന്ദൻ്റെ നേതൃത്വത്തിലുള്ള പോലീസുക്കാർ
അറസ്റ്റ് ചെയ്ത് ജീപ്പിലേക്ക് കയറ്റുമ്പോൾ,
കടൽതീരത്ത് കൂടിയിരുന്നവർ പോലീസിനെ തടഞ്ഞു.

ഉന്തും, തള്ളുമായി പ്രശ്നം വഷളാകുമെന്ന് കണ്ടപ്പോൾ രാമേട്ടൻ ജനകൂട്ടത്തിന് നേർക്ക് കൈയുയർത്തി.

” അവരെ തടയണ്ട…
അവർ അവരുടെ നിയമം പാലിക്കട്ടെ മക്കളെ.. ഞങ്ങൾ വേഗം തന്നെ ഇങ്ങോട്ട് വന്നോളാം.. പിന്നെ ആ വഞ്ചിയിൽ കിടക്കുന്ന ആദിയെയും, ഏയ്ഞ്ചലിനെയും നല്ലോണം ഒന്നു ശ്രദ്ധിക്കണം.”

രാമേട്ടൻ ജനകൂട്ടത്തിനോടായ് വിളിച്ചു പറഞ്ഞിട്ട് ജീപ്പിലേക്ക് കയറി. തൊട്ടുപിന്നാലെ അഗസ്റ്റിനും, ബഷീറും കയറി.അവസാനത്തെ ആളായ
അലക്സി ആൾക്കൂട്ടത്തിലേക്ക് ഒന്നു നോക്കി ദേവമ്മയെ കണ്ടതും, ഒന്നുമില്ലായെന്ന മട്ടിൽ കണ്ണടച്ചു ജീപ്പിലേക്കു കയറി.

പോലീസ് ജീപ്പ് സ്റ്റാർട്ടാക്കിയ അതേ നിമിഷം എം.എൽ.എ
ദീപാവിശ്വനാഥിൻ്റെ കാർ ജീപ്പിനു മുന്നിലേക്ക് ഇരച്ചുവന്നു നിന്നതും, എസ്.ഐ. പുറത്തേക്കിറങ്ങി.

“ഇവരെ ഇപ്പോൾ തന്നെ വിടും മാഡം… ജാമ്യമെടുക്കാൻ ആരെങ്കിലും സ്റ്റേഷനിലേക്ക് വന്നാൽ മതി.. ”

” അതു വേണോ ഇൻസ്പെക്ടർ? ഈ തീരം ഇത്ര സന്തോഷത്തോടെ തിളച്ചു മറിയുമ്പോൾ, അതിനിടയിൽ ഇവരെ കൊണ്ടു പോകുന്നത് ഒരു കല്ലുകടിയാകില്ലേ? പിന്നെ അവർ ഒരു ജീവൻ രക്ഷിക്കാനല്ലേ നോക്കിയത്… അതും നമ്മളൊക്കെ മരിച്ചെന്ന് കരുതിയ ഒരു മനുഷ്യനെ.. അതിന് അവർക്ക് ധീരതയ്ക്ക് ഉള്ള അവാർഡ് കൊടുക്കേണ്ടതിനു പകരം ഈ അറസ്റ്റ്… അതൊരു ഭംഗികേടല്ലേ ഇൻസ്പെക്ടർ? ”

എം.എൽ.എയുടെ ചോദ്യമുയർന്നതും ജനക്കൂട്ടം ആർപ്പുവിളികളുയർത്തി.

“മാഡം… നിയമം?”

എസ്.ഐ ചോദിച്ചതും എം.എൽ.എ ഒരു പുഞ്ചിരിയോടെ അയാളെ നോക്കി.

“നിയമം… അതിന് മനുഷ്യത്വത്തിന് മുന്നിൽ ചിലപ്പോൾ തോറ്റേ മതിയാകൂ.. അതു കൊണ്ട് സ്വന്തം ജീവൻ തൃണവൽകരിച്ച് കടലിലേക്കിറങ്ങി, ഒരു ജീവൻ രക്ഷിച്ച ഇവരുടെ മനുഷ്യത്വത്തിനു മുന്നിൽ നിയമം ഒരു നിമിഷം തോറ്റെന്നു വിചാരിക്കുക.”

എം.എൽ.എ പറഞ്ഞതും ഒരു പുഞ്ചിരിയോടെ എസ്.ഐ. അവരെ നോക്കി.

“ഓ.കെ.മാഡം.. എന്നാൽ ഞങ്ങൾ പോട്ടെ.. ജീപ്പിൽ കയറിയവർ പെട്ടെന്നു തന്നെ പുറത്തിറങ്ങിക്കോ”

എസ്.ഐയുടെ വാക്കുകൾ കേട്ടതോടെ ജീപ്പിൽ കയറിയവർ ഓരോരുത്തരായി പുറത്തേക്കിറങ്ങി…

എസ്.ഐയുടെ ജീപ്പ് പാഞ്ഞു പോയതും, എം.എൽ.എ. കാറിനു പുറത്തേക്കിറങ്ങി, രാമേട്ടൻ്റെ വഞ്ചിക്കരികിലേക്ക് നടന്നു.

വഞ്ചിപടിയിൽ പരസ്പരം നോക്കിയിരിക്കുന്ന ആദിയുടെയും, ഏയ്ഞ്ചലിനെയും നോക്കി അവർ പതിയെ പുഞ്ചിരിച്ചു.

” ആഴകടലിൽ പോയി കൊമ്പനെ ജീവനോടെ കൊണ്ടു വന്ന ധീരയായ പെണ്ണ്.. കൺഗ്രാറ്റ്സ്”

ഏയ്ഞ്ചലിൻ്റെ തോളിൽ തട്ടികൊണ്ടു ദീപാവിശ്വനാഥ് പറഞ്ഞപ്പോൾ അവൾ പതിയെ പുഞ്ചിരിച്ചു.

“മാഡം നല്ലൊരു എഴുത്തുകാരി മാത്രമല്ല.. നല്ല മനസ്സുറപ്പുള്ളവളും.. അതിനുമപ്പുറം മനുഷ്യത്വമുള്ളവളും..”

“സാർ… ഇത്. ”

ആദിയുടെ നേർക്ക് കൈ ചൂണ്ടി, ഏയ്ഞ്ചൽ വാക്കുകൾ തേടിയപ്പോൾ ദീപാവിശ്വനാഥ് അവരെ പുഞ്ചിരിയോടെ നോക്കി.

” ആദി.. അല്ലേ? എല്ലാം അറിയാം.. ഇനി എന്താ പ്ലാൻ?”

ദീപാവിശ്വനാഥ് ചോദിച്ചതും ഏയ്ഞ്ചൽ, ആദിയെ നോക്കി.

“ഇനി അച്ഛനും,മമ്മയും ഒന്നിച്ചു ജീവിക്കും… കൂടെ ഞാനും, എൻ്റെ അനിയത്തിയും”

ആൾകൂട്ടത്തിൽ നിന്നിരുന്ന അരുണിൻ്റെ വാക്കുകൾ കേട്ടതും ആദി അമ്പരപ്പോടെ തലയുയർത്തി അരുണിനെ നോക്കി.

തൊട്ടു മുന്നിൽ തൻ്റെ മകനെ കണ്ട ആദി, വഞ്ചിയിൽ നിന്ന് ചാടിയിറങ്ങി അവനെ നെഞ്ചോടു ചേർത്തു.

ആ രംഗം കണ്ട് കുഞ്ഞ്ഏയ്ഞ്ചൽ പൊട്ടി കരഞ്ഞതും, നിറയുന്ന കണ്ണുകളോടെ
ഏയ്ഞ്ചൽ അവളുടെ മുഖം തൻ്റെ മാറിലേക്ക് അമർത്തി.

സങ്കടങ്ങളും, സന്തോഷവും നിശബ്ദം കണ്ണീരോടെ പങ്കുവെക്കുന്ന ആ നാലു പേരെ കണ്ടതോടെ, അവിടെ കൂടി നിന്നവരുടെ കണ്ണുകൾ നിറഞ്ഞു.

” ആദിക്കും, ഏയ്ഞ്ചലിനും ശാരീരിക അസ്വസ്ഥതകൾ വല്ലതും ഉണ്ടോ? ഉണ്ടെങ്കിൽ നമ്മൾക്ക് ഇപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോകാം…”

എം.എൽ.എ.ചോദിച്ചതും ഡോ: റോയ് ഫിലിപ്പ് ഇടയിൽ കയറി.

” ഒരു കുഴപ്പവുമില്ല മാഡം .. രണ്ടും പേരും പെർഫെക്ടാ…”

റോയ്ഫിലിപ്പിൻ്റെ വാക്കുകൾ കേട്ടതും ഏയ്ഞ്ചൽ അയാളെ കണ്ണീരോടെ നോക്കി.

“എന്താ ഈ കാട്ടുന്നത് ഏയ്ഞ്ചൽ.? സന്തോഷം കൊണ്ട് പൊട്ടി ചിരിക്കേണ്ട സമയത്ത് കൊച്ചുകുട്ടികളെ പോലെ കരയേ? ഷെയിം ”

“ഡോക്ടർ…”

“നീ എന്നെ പറ്റി ഓർത്ത് വിഷമിക്കണ്ട ഏയ്ഞ്ചൽ.. നിനക്ക് ദൈവം വിധിച്ച ഇടത്തേക്കാണ് നീ ഇപ്പോൾ വന്നെത്തിയിരിക്കുന്നത്. കൂടെ നിൻ്റെ മനസ്സും ആഗ്രഹിച്ച ഇടം”

ഡോക്ടർ
റോയ്ഫിലിപ്പിൻ്റെ വാക്കുകൾ കേട്ട് അമ്പരന്നു നോക്കിയ ഏയ്ഞ്ചലിനെ നോക്കി അയാൾ ഒന്നു പുഞ്ചിരിച്ചു.

“മനുഷ്യൻ്റെ ശരീരത്തിനെ കുറിച്ചു മാത്രമല്ല ഏയ്ഞ്ചൽ, അവരുടെ മനസ്സിനെ കുറിച്ചും അറിയുന്ന ഒരു ഡോക്ടർ ആണ് ഈ റോയ്ഫിലിപ്പ് ”

ഡോക്ടർ റോയ്ഫിലിപ്പ് അവളുടെ തോളിൽ ആശ്വസിപ്പിക്കുന്നതു പോലെ ഒന്നു തട്ടി.

“നിന്നെ വിധിച്ചത് ഈ ആദിയ്ക്കാണ് .. അല്ലെങ്കിൽ, ഇത്രയും ദൂരം അകലെ നിന്ന് നമ്മൾക്ക് ഇവിടേയ്ക്ക് അരുണിനെ തേടി വരേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ? അതിനർത്ഥം അരുണിനൊപ്പം, നിനക്കും ആദിയെ ആവശ്യമാണെന്ന് …”

പറയുന്നത് പാതിയിൽ നിർത്തി
ഡോ.റോയ്ഫിലിപ്പ്
പകയോടെ നിൽക്കുന്ന ഫിലിപ്പോസിനെയും, മേരിയെയും നോക്കി പുഞ്ചിരിച്ചു.

” അലീനയുടെ കാര്യം ഓർത്ത് നീ ഒരിക്കലും സങ്കടപ്പെടേണ്ട.. അവളെ കാര്യങ്ങൾ പറഞ്ഞ് ഞാൻ മനസ്സിലാക്കിക്കോളാം.. ഇനിയുള്ള കാലം നിങ്ങൾ പരസ്പരം സ്നേഹത്തോടെയും,
വിശ്വാസത്തോടെയും ജീവിക്കുക.. നിൻ്റെ പപ്പയ്ക്കും, മമ്മക്കും അതു തന്നെയാണ് ആഗ്രഹം… ”

ഡോ: റോയ്ഫിലിപ്പിൻ്റെ വാക്കുകൾ കേട്ടതോടെ കൂട്ടം കൂടി നിന്നവർ സന്തോഷ ശബ്ദങ്ങളുയർത്തി കടൽ തീരം മുഖരിതമായ നിമിഷം…

ആദി, അരുണിനെ ചേർത്ത് പിടിച്ച് ചുറ്റും കൂടി നിന്നവരെയൊന്നു നോക്കി, ഒടുവിൽ ആ നോട്ടം ഏയ്ഞ്ചലിനു നേരെ വന്നു നിന്നു.

“ഈ പെണ്ണിൻ്റെ പേരു പോലും എനിക്ക് അറിയില്ല. അങ്ങിനെയുള്ള ഈ പെണ്ണും, ഞാനും തമ്മിലുള്ള കല്യാണം ഉറപ്പിക്കാൻ നിങ്ങൾക്കു വല്ല വട്ടുമുണ്ടോ മിസ്റ്റർ? ”

ആദിയുടെ ചോദ്യം കേട്ടതും ഞെട്ടിത്തെറിച്ചു കൊണ്ട് റോയ്ഫിലിപ്പ്, തലക്കൊരു കൂടം കൊണ്ട് അടിയേറ്റതു പോലെ ഇരിക്കുന്ന ഏയ്ഞ്ചലിനെ നോക്കി.

ആഴകടലിലേക്കും നോക്കി ഒരു പ്രതിമ പോലെ നിന്ന ആദിയെ അവൾ കണ്ണിണകൾ ചിമ്മാതെ നോക്കി നിന്നു.

തീരത്തുണ്ടായിരുന്നവർ അവിശ്വസനീയതോടെ ആദിയെ നോക്കുമ്പോൾ അരുൺ, അവനെ ചേർത്തു പിടിച്ചിരുന്ന ആദിയുടെ കൈകളിൽ നിന്ന് കുതറി മാറി.

” പക്ഷേ നന്ദിയുണ്ട് കേട്ടോ… ഒരുപാട് നന്ദി.. എൻ്റെ ജീവൻ രക്ഷിച്ചതിന് …”

കടൽ കാഴ്ചകളിൽ നിന്ന് മുഖം തിരിച്ച്,ഏയ്ഞ്ചലിൻ്റെ
കൈ കൂട്ടിപിടിച്ച് ആദി കണ്ണീരോടെ പറയുമ്പോൾ, ചുറ്റും നടക്കുന്നത് എന്താണെന്ന് മനസ്സിലാവാതെ ഇരിക്കുകയായിരുന്നു ഏയ്ഞ്ചൽ!

ഉപ്പുവെള്ളം കയറി കലങ്ങി ചുവപ്പ് നിറമാർന്ന അവളുടെ കണ്ണിണകളിലൂടെ
ചുടുനീർ, പതിയെ
കവിളിലൂടെ ഒലിച്ചിറങ്ങി കൊണ്ടിരുന്നു അപ്പോൾ!

എല്ലാം പകർത്തികൊണ്ടിരുന്ന മീഡിയകൾ, ആദിയുടെ ചോദ്യം കേട്ട് വിളറിയ ഏയ്ഞ്ചലിൻ്റെ മുഖം ഫോക്കസ് ചെയ്തു..

ഇത്രയും കാലം മൂടി വെച്ചിരുന്ന ഏയ്ഞ്ചൽ എന്ന സാഹിത്യകാരിയുടെ ഭൂതകാലം ചികഞ്ഞു കൊണ്ടു നിന്ന മീഡിയക്കാർ ആദിയുടെ ചോദ്യം കേട്ടതും, പരസ്പരം നോക്കി തലയാട്ടി.

ചുറ്റും കൂടി നിന്നവരെ നോക്കാനുള്ള ധൈര്യമില്ലാതിരുന്ന ഏയ്ഞ്ചൽ പതിയെ
മുഖം കുനിച്ചപ്പോൾ, വലിയൊരു തിര പാഞ്ഞുകയറി
ഹൃദയഭിത്തികൾ ചിതറുന്നതു പോലെ അവൾക്കു തോന്നി……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"