Novel

ഏയ്ഞ്ചൽ: ഭാഗം 4

രചന: സന്തോഷ് അപ്പുകുട്ടൻ

“എന്താടാ ആദീ ഈ കാണുന്ന നാടകത്തിൻ്റെ അർത്ഥം?”

രാമേട്ടൻ്റെ വാക്കുകൾ കേട്ടപ്പോൾ ഓർമ്മകളിൽ നിന്നു വിമുക്തനായ ആദി, തൻ്റെ കൈയ്യിലിരുന്ന ഫോട്ടോ അയാൾക്കു നേരെ നീട്ടി…..

രാമേട്ടനും, ബഷീറും, നബീസുമ്മയും ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി….

കടലിൽ വീണ രണ്ടു പെൺകുട്ടികളെ ആദി രക്ഷിച്ചു കൊണ്ടുവരുന്ന ചിത്രം….

രണ്ട് പെൺകുട്ടികളിൽ ഒരുവളുടെ മുഖം, നീളമേറിയ മുടി മുഖത്ത് വീണ് അവ്യക്തമായിരുന്നു.

“മോനേ…. ഇത് നാലഞ്ചു മാസങ്ങൾക്കു മുൻപ് കടലിൽ വീണ കുട്ടികളല്ലേ? പാതി പ്രാണനോടെ നീ കടലാഴങ്ങളിൽ നിന്ന് കൊണ്ടുവരുന്നതു ഈ നിമിഷവും എൻ്റെ മനസ്സിലുണ്ട്’… നീയും പാതി മരിച്ചിരുന്നു ”

ഫോട്ടോയിലേക്ക് നോക്കി രാമേട്ടൻ പറഞ്ഞപ്പോൾ ആ ഓർമ്മകളിൽ ശ്വാസം മുട്ടിയതുപോലെ ആദി ഒന്നു തല കുടഞ്ഞു.

മരണത്തെ മുഖാമുഖം കണ്ട നിമിഷം…..

മരിക്കുമെന്നു തോന്നിയപ്പോഴും വിടാതെ പിടിച്ചിരുന്നു ആ പെൺകുട്ടികളെ….

പാതി ബോധത്തിൽ കരയ്ക്കെത്തുമ്പോൾ ആരോ അവരെ കൈ നീട്ടി പിടിക്കുന്നത് മാത്രം ഓർമ്മയുണ്ട്….

പിന്നെ കടൽത്തിരയിലേക്ക് ബോധമറ്റു വീഴുമ്പോൾ, ഇനിയൊരിക്കലും ഉണരില്ലായെന്ന് തോന്നിയിരുന്നു…..

” ഇതിൽ മുഖം വ്യക്തമാകുന്ന പെൺകുട്ടി ഇപ്പോൾ വന്ന വേദയല്ലേ?”

ബഷീർ ഫോട്ടോയിലേക്ക് നോക്കി ആകാംക്ഷയോടെ ചോദിച്ചപ്പോൾ ഓർമ്മയിൽ നിന്നുണർന്ന ആദി പതിയെ തലയാട്ടി.

” അപ്പോൾ നിനക്കിവളെ ഓർമ്മയില്ലേ?”

ബഷീറിൻ്റെ ചോദ്യത്തിന് അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

” ഒന്നറിയാം.,,, ഏതോ കോളേജിൽ നിന്ന് ഈ സ്നേഹതീരത്തേക്ക്
ടൂറ് വന്ന്, ഈ കടലിൽ തിരയിൽ പെട്ട രണ്ട് പെൺകുട്ടികളെ ഞാൻ രക്ഷിച്ചിട്ടുണ്ടായിരുന്നു…. അവരെ രക്ഷിച്ചു കരയിലെത്തും മുൻപെ എൻ്റെ ബോധം പോയിരുന്നു…. ”

അവൻ ഒന്നു നിർത്തി ബഷീറിനെ നോക്കി….

” അവരെയും കൊണ്ട് കരയിലേക്ക് വരുമ്പോൾ അവരുടെ കൂട്ടത്തിലുള്ള ആരോ എടുത്ത ഫോട്ടോ യാണ് ഇത്…”

“അങ്ങിനെ അപകടത്തിൽ പെട്ട ഒരു പാട് പേരെ നീ രക്ഷിച്ചിട്ടില്ലേ? അത് ഹോം ഗാർഡ് ആയ നിൻ്റെ ഡ്യൂട്ടി… അതിനെന്തിനാ ഇവൾ പെട്ടീം കിടക്കേം എടുത്ത് ഇങ്ങോട്ട് എഴുന്നിള്ളിയിരിക്കുന്നത്?”

ബഷീറിൻ്റെ ചോദ്യത്തിന് ആദി ഉത്തരമില്ലാതെ നിന്നു.

” ഇത് പൊല്ലാപ്പ് കേസ് ആകും ആദീ.. പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാ അവള്… പോലീസിൽ പരാതി കൊടുത്താലോ നമ്മൾക്ക്…”

“ഈ ഇക്കാടെ ഒരു കാര്യം.,,, ആ കുട്ടിയോട് ആദ്യം കാര്യങ്ങൾ തിരക്ക്… എന്നിട്ടുമതി പോലീസിൽ പരാതി പറയണോ, വേണ്ടായെന്നോ തീരുമാനിക്കാൻ…. ”

ഷാഹിനയുടെ വാക്കുകൾ കേട്ട നബീസുമ്മ അവളെ ശരിവെച്ചു.

” അത് തന്നെയാണ് വേണ്ടത് മോനെ… എന്തോ, ഏതേന്ന് അറിയാതെ നമ്മൾ അവളെ പോലിസിൽ ഏൽപ്പിക്കാൻ പാടില്ല…. കണ്ടിട്ട് നല്ലൊരു കുട്ടിയാണെന്ന് തോന്ന്ണ് …”

“എന്നാൽ ഞാനവളെ വീണ്ടും പുറത്തേക്ക് വിളിച്ച്, കൈയിൽ നിലവിളക്ക് കത്തിച്ചു കൊടുത്ത് വീണ്ടും അകത്തേക്ക് കയറ്റാം അല്ലേ നബീസുമ്മാ….?”

ആദി നബീസുമ്മയെ നോക്കി ചിരിയോടെ ചോദിച്ചപ്പോൾ അശ്വതി മുന്നോട്ടുവന്നു.

“നിലവിളക്ക് ഞാൻ വേണമെങ്കി കത്തിക്കാം.”

അശ്വതി ചിരിയോടെ പറഞ്ഞപ്പോൾ ആദി അവളെ രൂക്ഷമായി നോക്കി.

” അച്ചു പറഞ്ഞതാണ് കാര്യം…. നന്ദിയില്ലാത്ത ഇന്ദു ആദിയേട്ടനെ വിട്ടു പോയപ്പം, പടച്ചോൻ പറഞ്ഞയച്ചതാണെങ്കിലോ ഈ കുട്ടിയെ?”

കാര്യമായി സംസാരിക്കുന്ന ഷാഹിനയെ ബഷീർ രൂക്ഷമായി നോക്കിയപ്പോൾ അവൾ പതിയെ നബീസുമ്മയുടെ പിന്നിലേക്ക് നീങ്ങി നിന്നു.

“ചർച്ചയുടെ അവസാനം എന്നെ പോലീസിൽ ഏൽപ്പിക്കാമെന്നാണ് വിചാരമെങ്കീ എന്നെ ജീവനോടെ കിട്ടില്ല… കടൽ ഇപ്പോഴും അവിടെ തന്നെ യുണ്ട്…. കൊടുക്കാൻ എൻ്റെ ജീവനും ബാക്കി ”

ബാഗ് അകത്ത് വെച്ച്
പുറത്തേക്ക് വന്ന വേദയുടെ വാക്കുകൾ കേട്ട് ആദിയും, ബഷീറും പകപ്പോടെ പരസ്പരം നോക്കി….

“വല്ലാത്ത വിശപ്പ് അച്ചൂ… അടുക്കളയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ചേച്ചിക്ക് എടുത്ത് താ”

വേദയുടെ സംസാരം കേട്ടതും, അശ്വതി ധൃതിയിൽ അടുക്കളയിലേക്ക് പോകുമ്പോൾ അത്ഭുതത്തോടെ അവളെ നോക്കി.

” ചേച്ചിക്ക് എൻ്റെ പേര് അറിയോ?”

“പിന്നല്ലാതെ അച്ചുവിൻ്റ പേര് മാത്രമല്ല… എല്ലാവരുടെയും അറിയാം…. ”

അവൾ അതും പറഞ്ഞ് വീടിൻ്റെ പടികൾ ഇറങ്ങി വന്ന് അവർക്കരികിൽ വന്നു നിന്നു.

“ഇത് രാമേട്ടൻ…. നബീസുമ്മ… ബഷീർക്ക… ഇത് കിലുക്കാംപെട്ടി ഷാഹി….”

ഷാഹിയുടെ തോളിൽ കൈയിട്ടു നിന്നതും, അവൾ അഭിമാനത്തോടെ ആദിയെ നോക്കി പുഞ്ചിരിച്ചു…

“ഇന്ദുവെന്ന പെൺകുട്ടിയ്ക്ക് ആദി യോട് ഇഷ്ടമില്ലാതാക്കിയത് ദൈവമാണ്. കാരണം അങ്ങേർക്കറിയാമായിരുന്നു വേദയാണ് ആദിക്ക് കൂട്ടാകേണ്ടതെന്ന്!”

” പുറത്ത് ഒരു പെൺകുട്ടിയുടെ ശബ്ദം കേൾക്കുന്നുണ്ടല്ലോ മോനെ ….. ആരാ അത് ”

വേദ പറഞ്ഞു തീരും മുൻപെ അകത്ത് നിന്ന് പതറിയ ശബ്ദം പുറത്തു വന്നപ്പോൾ അവൾ ആദിയെ നോക്കി.

“സോറി ഈ തിരക്കിനിടയിൽ അച്ഛൻ്റെ കാര്യം മറന്നു… ഞാൻ പോയൊന്നു അനുഗ്രഹം വാങ്ങട്ടെ ”

അത്രയും പറഞ്ഞ് ഒരു പുഞ്ചിരിയോടെ വീണ്ടും അകത്തേക്ക് നടന്ന അവൾ ഒരു നിമിഷം ആദിയെ തിരിഞ്ഞു നോക്കി.

“നിങ്ങളുടെ പേരും,മറ്റും ഞാൻ മനസ്സിലാക്കിയത് കൊണ്ട് എനിക്ക് സിക്സ്ത് സെൻസുണ്ടെന്ന് വിചാരിക്കണ്ടട്ടോ…. മതിലുകളില്ലാത്തതുപോലെ ഇവിടെയുള്ള മനുഷ്യരുടെയും മനസ്സിൽ അതിർവരമ്പുകളില്ലല്ലോ. ഇങ്ങോട്ടു വരുമ്പോൾ ഒരു അങ്കിളിനോട്
ആദിയെ പറ്റി ഒന്നുചോദിച്ചതേയുള്ളൂ.. ഫുൾ ഡീറ്റെയിൽസ് തന്നു…..?” ”

അത്രയും പറഞ്ഞു, അശ്വതി കൊടുത്ത ചായയുമായി അവൾ, ശങ്കരൻ്റെ മുറിയിലേക്ക് പോകുമ്പോൾ, മറ്റുള്ളവർ എന്തു പറയണമെന്നറിയാതെ പരസ്പരം നോക്കി നിന്നു.

ഈ രംഗമൊക്കെ കണ്ട്
അടുത്തുള്ള വീടുകളിൽ നിന്ന് ആളുകൾ ആദിയുടെ വീട്ടിലേക്ക് വന്നു തുടങ്ങി….

“ഇതിലും ഭേദം നമ്മൾ കടലീ തന്നെ കെടക്കണത് തന്നെയായിരുന്നു നല്ലത് ആദീ….. ഇനി എന്താ നിനക്ക് സംഭവിക്കുന്നതെന്ന് കണ്ടറിയണം മോനേ.’.. ”

അത്രയും പറഞ്ഞ് അർത്ഥഗർഭമായി ആദിയെ നോക്കി രാമേട്ടൻ നടന്നു നീങ്ങുമ്പോഴാണ്, അഗസ്റ്റിൻ ഓടി വന്നത്!

“എന്താ രാമേട്ടാ ഇവിടെ ഒരു ആൾകൂട്ടം?”

“പേടിക്കാനൊന്നുമില്ലെടാ…. മ്മ്ടെ ആദിയെ ആണു കാണാൻ ഒരു പെണ്ണ് വന്ന്… അത്രേയുള്ളൂ… നീ ആ കാശ് എടുത്തേ പെട്ടെന്ന്… ഷാപ്പ് അടക്കാനായി ”

രാമേട്ടൻ ധൃതി വെച്ചപ്പോൾ അഗസ്റ്റിൻ അയാളെ പുച്ഛത്തോടെ നോക്കി.

“നീ പുച്ഛിക്കണ്ട… ഈ ഊരാകുടുക്ക് അഴിക്കാനുള്ള ബുദ്ധി എനിക്ക് കിട്ടണമെങ്കീ രണ്ട് മൂത്തത് അകത്ത് ചെല്ലണം…. അതോണ്ടാ ”

രാമേട്ടൻ പോകുന്നതു നോക്കി നിന്ന ആദി, പതിയെ ചുറ്റുമുള്ളവരെ നോക്കി….

“നിങ്ങൾ വിട്ടോ… വളളി പൊട്ടിയ കേസാണെന്നു തോന്നുന്നു… ഞാൻ പതിയെ ചോദിച്ചു മനസ്സിലാക്കിക്കോളാം…”

ആദിയുടെ വാക്ക് കേട്ടതോടെ ചുറ്റും കുടി നിന്നവർ പതിയെ പിൻമാറി തുടങ്ങി…

മീൻ്റെ പൈസ കൊടുത്ത് അഗസ്റ്റിനും പോകാൻ തുടങ്ങിയതോടെ ആദി അവൻ്റെ പിന്നാലെ ചെന്നു….

” അഗസ്റ്റിൻ കുറച്ചു പച്ചക്കറി വാങ്ങി വരണം.. ഇവിടെ മീൻകറി മാത്രമേ ഉള്ളു… അതിനി ചിലപ്പോൾ മീൻ ഇഷ്ടപ്പെട്ടില്ലെങ്കിലോ?”

ആദിയുടെ സംസാരം കേട്ടതും അഗസ്റ്റിൻ കണ്ണു വിടർത്തി…

” അങ്ങിനെയൊരു അർത്ഥം നീ കാണണ്ട അഗസ്റ്റിൻ… എന്തായാലും ഇന്നത്തെ ദിവസം അവൾ ഇവിടുത്തെ അതിഥിയല്ലേ?”

അഗസ്റ്റിൻ തലയാട്ടി കൊണ്ടുപോയപ്പോൾ, ഷാഹിന ഒരു പാത്രവുമായി കയറി വന്നപ്പോൾ ആദി അവളെ നോക്കി.

” ഇത് ഇത്തിരി പോത്തിറച്ചീം പത്തീരീം ആണ്…. ആ ചേച്ചിക്ക് കൊടുക്കാൻ… ഇവിടെ ചോറ് വെച്ചു വരുമ്പോ അത് വിശന്നിട്ട് ചാവും”

“എന്നാ മോള് പോയി ഊട്ടി കൊടുത്തോ?”

അതും പറഞ്ഞ് അവൻ ദേഷ്യത്തോടെ അരമതിലിലേക്ക് ചാടിയിരുന്നു.

“വല്യ മസിലുപിടുത്തം വേണ്ടാട്ടോ…. ഒരു ലോട്ടറി അടിച്ചതാണെന്നു കരുതിയാ മതി…”

അതും പറഞ്ഞ് അവൾ ചിരിയോടെ അടുക്കളയിലേക്ക് കയറി.

അരമതിലിൽ കുറച്ചു നേരം ചിന്താമഗ്നനായി നിന്ന ശേഷം അവൻ വീടിൻ്റെ അകത്തേക്കു കയറി…

തെക്കേ മുറിയിൽ നിന്നു അച്ഛനും, വേദയും സംസാരിക്കുന്ന ശബ്ദം കേട്ട് അവൻ അങ്ങോട്ടേക്ക് പാളി നോക്കി….

കട്ടിലിൽ ചാരിയിരിക്കുന്ന അച്ഛൻ്റെ ചുണ്ടിലേക്ക് ചായ ഗ്ലാസ് നീട്ടി പിടിച്ചിരിക്കുന്നത് കണ്ട് അവൻ പിൻവലിയാൻ തുടങ്ങിയപ്പോഴെക്കും വേദ അവനെ കണ്ടു.

” അച്ഛന് ചായക്കൊപ്പം കൊടുക്കാൻ ഒന്നുമില്ലേ?”

അവളുടെ ചോദ്യം കേട്ടതും, ആദിയുടെ പെരുവിരലിലൂടെ ഒരു തരിപ്പ് പാഞ്ഞുകയറി.

“ഈ സമയത്ത് അച്ഛൻ പലഹാരങ്ങളൊന്നും കഴിക്കാറില്ല ”

ദേഷ്യം കടിച്ചമർത്തി ആദി പറഞ്ഞപ്പോൾ അവൾ പതിയെ പുഞ്ചിരിച്ചു.

” അച്ഛൻ ചോദിക്കാണ് ഞാൻ ആരാണെന്ന്? അതിൻ്റെ ഉത്തരം ആദി പറയുമെന്നാ ഞാൻ പറഞ്ഞത്… ഞാൻ പറയുന്നതിനെക്കാളും, ആദി പറയുന്നതല്ലേ അതിൻ്റെ ശരി”…

അവളുടെ സംസാരം കേട്ടതും ആദി പകപ്പോടെ അച്ഛനെ നോക്കിയതും, ആ കണ്ണുകളിലെ തീക്ഷ്ണമായ ചോദ്യഭാവം അവനറിഞ്ഞു….

“ഒരിക്കൽ രണ്ടു പെൺകുട്ടികളെ ഞാൻ കടലിൽ നിന്നു രക്ഷിച്ചില്ലേ? അതിലൊരുവളാ ഇവൾ.. ”

“നീ അങ്ങിനെ അഞ്ചാറ് പേരെ രക്ഷിച്ചിട്ടുണ്ടെന്ന് എനിക്കറിയാം…. അതിൽ ഇവൾ മാത്രം നിന്നെ തേടി വരാൻ കാരണം….?”

അച്ചൻ്റെ ചോദ്യത്തിന് മറുപടി കിട്ടാതെ ആദി വിഷമിച്ചു നിൽക്കുമ്പോൾ വേദ ഇടയിൽ കയറി.

“എൻ്റെ ഇഷ്ടത്തിനു വന്നതാണ് അച്ഛാ… ജീവൻ രക്ഷിച്ച ആളെ ഒന്നു കാണണമെന്ന് തോന്നി… കുറച്ചു ദിവസം ഇവിടെ താമസിക്കണമെന്നു തോന്നി… ചേർത്തു പിടിച്ചാൽ മരണം വരെ ഈ മണ്ണിൽ നിന്നും വിട്ടു പോകാതെ….”

വാക്കുകൾ പതർച്ചയിൽ മുറിഞ്ഞപ്പോൾ അവൾ ഗ്ലാസുമെടുത്ത് പൊടുന്നനെ പുറത്തേക്ക് പോയി….

അച്ഛനെ നോക്കി ഒന്നും മിണ്ടാതെ നിൽക്കുന്ന ആദിയെ നോക്കി അയാൾ പുഞ്ചിരിച്ചു.

“നീ വിഷമിക്കണ്ട മോനെ… ഇപ്പോഴത്തെ കുട്ട്യോളെ അറിയാല്ലോ? എല്ലാം നിന്നെ പോലെ തന്നെ എടുത്തു ചാട്ടക്കാരാ… അതു കൊണ്ട് ആ കൊച്ചിനെ തഞ്ചത്തിൽ കാര്യം മനസ്സിലാക്കണം… ”

അച്ഛൻ്റെ ഉപദേശം കിട്ടിയപ്പോൾ അവൻ സമ്മതത്തോടെ തലയാട്ടി.

“നമ്മുടെ അച്ചൂനേം, ഷാഹിനേം ഇതുപോലെ ഒരു ദിവസം കാണാതിരുന്നാൽ അതിൻ്റെ വേദന എത്രയാണെന്ന് നമ്മൾക്കറിയാം… അതുപോലെ ആ
കുട്ടിക്കുമുണ്ട് ഒരച്ഛനും, അമ്മയും … അതു മറക്കരുത്….”

“എന്നാൽ ഞാൻ ഒന്നു പുറത്തേക്കിറങ്ങട്ടെ… കടയിൽ നിന്ന് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട് …

ആദിയുടെ ചോദ്യം കേട്ടപ്പോൾ അയാൾ ദേഷ്യത്തോടെ അവനെ നോക്കി.

” വാങ്ങാനുള്ള
സാധനങൾ നീ അഗസ്റ്റിനോടു വിളിച്ചു പറഞ്ഞാൽ മതി… അവൻ വാങ്ങി വന്നോളും… ആദ്യം നീ ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്ക് ”

അച്ചൻ്റെ ദേഷ്യം കണ്ടതും അവൻ തലയാട്ടി പുറത്തേക്കിറങ്ങി….

“നമ്മൾക്കൊന്നു കടപ്പുറത്തേക്ക് പോയാലോ?”

ആദിയുടെ ചോദ്യം കേട്ട് വാഷ് ബെയിസിനിൽ മുഖം കഴുകുന്ന വേദ നേർത്ത ഒരു ചിരിയോടെ തിരിഞ്ഞു നോക്കി….

” പോകാലോ…. അതിനു മുൻപ് ഈ വിളക്കുകൾ കത്തിച്ച് പൂമുഖത്തും, അമ്മയുടെ കുഴിമാടത്തിലും വെക്കട്ടെ”

വേദ പറഞ്ഞതും അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടത് ഒരു വലിയ നിലവിളക്കും, ചെറിയ നിലവിളക്കും, കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്നതാണ്…!

കുറച്ചു നിമിഷങ്ങൾക്കു ശേഷം
വിളക്കുകൾ പൂമുഖത്തും, കുഴിമാടത്തിലും വെച്ച് അവൾ, അരമതിലിൽ ഇരിക്കുന്ന ആദിയുടെ അരികിലേക്ക് വന്നു…

” ഞാൻ റെഡി… കടപ്പുറത്ത് നിന്ന്
വേഗം തന്നെ പോരണം… ഇവിടെ ഷാഹിയും, അച്ചുവും മാത്രമേയുള്ളൂ… പണികൾ ആണെങ്കിൽ ഒരുപാട് ബാക്കി കിടക്കുന്നുണ്ട്… ”

വേദ പറഞ്ഞതും, ആദി അവളെ പുച്ഛഭാവത്തോടെ നോക്കി….

” ആക്റ്റിങ്ങ്
ഇത്തിരി ഓവർ ആകുന്നുണ്ട്ട്ടോ… ”

ആദി പറഞ്ഞതും അവൾ പുഞ്ചിരിയോടെ അവനെ നോക്കി…

“സ്നേഹമില്ലാത്തവർക്ക് അങ്ങിനെ തോന്നാം.. അത് എൻ്റെ കുറ്റമല്ല ”

അവളുടെ സംസാരത്തിന് മറുപടി പറയാതെ അവൻ പതിയെ കടൽ തീരം ലക്ഷ്യമാക്കി നടന്നു.

കൂടെ ഒരു പുഞ്ചിരിയോടെ അവളും….

അയൽപക്കക്കാർ അവരുടെ പോക്കും കണ്ട് പുഞ്ചിരിച്ചു കൊണ്ട് നോക്കി നിൽക്കുന്നുണ്ടായിരുന്നു…

കടൽതീരത്തെ ഒരൊഴിഞ്ഞ സ്ഥലത്തെ നനഞ്ഞ മണലിൽ അവർ ഇരുന്നു….

അസ്തമയ സൂര്യൻ്റെ ചുവന്ന പ്രകാശം
കാർമേഘങ്ങൾക്കിടയിലൂടെ അസംഖ്യം
സൂചിമുന പോലെ കടലിൽ വീണുകിടക്കുന്നുണ്ട്….

പടിഞ്ഞാറ് നിന്ന് വീശുന്ന ചെറുകാറ്റിനൊപ്പം തിരകൾ തീരത്തെ വന്നു പതിയെ പുണരുന്നുണ്ട്…

ഏതാനും മണികൂറുകൾക്കു മുൻപ് സംഹാരതാണ്ഡവമാടിയ കടലമ്മയുടെ മറ്റൊരു ഭാവം…

പ്രകൃതിയിൽ നിന്ന് നോട്ടം മാറ്റി, അവൻ കാര്യങ്ങൾ ചോദിച്ചറിയാൻ വേണ്ടി വേദയെ നോക്കിയതും, അവൾ അവനെ നോക്കി കണ്ണുകൾ വിടർത്തി പുഞ്ചിരിച്ചു….

അവൻ അവളുടെ വിടർന്ന കണ്ണുകളിലേക്ക് നോക്കി, കണ്ണിമ ചിമ്മാതെ ഇരുന്നു.

ആകാശത്ത് ഉദിച്ചുയരേണ്ട നക്ഷത്രങ്ങളൊന്നാകെ അവളുടെ മിഴിയിൽ പൂത്തുലഞ്ഞു നിൽക്കുന്നതു പോലെ….

മൗനത്താൽ മധുരതരമായ ആ നിമിഷങ്ങളെ ഭേദിച്ചു കൊണ്ട് മൊബൈൽ അടിച്ചതും, “ഏയ്ഞ്ചൽ ” എന്ന് അവൻ നീരസത്തോടെ മന്ത്രിച്ചു കൊണ്ട് ഫോൺ എടുത്ത് ചെവിയോരം ചേർത്തു….

” കടൽ തീരത്താണ് അല്ലേ ആദീ.. കാറ്റിൻ്റെയും, തിരകളുടെയും ശബ്ദം കേൾക്കുന്നുണ്ട്…. ഞാനിവിടെ ഒരു മലയോര ഗ്രാമത്തിലേക്കുള്ള ഡ്രൈവിങ്ങിലാ… കോടമഞ്ഞിനെ വകഞ്ഞു മാറ്റി ഇനിയെത്ര ദൂരം ഡ്രൈവ് ചെയ്യണം, സ്വന്തം മുറിയിലെ പുതപ്പിനുള്ളിൽ ഒന്നു നൂണ്ട് കയറാൻ ”

അവളുടെ സംസാരം കേൾക്കുന്നതോടൊപ്പം അവൻ വേദയെ ശ്രദ്ധിച്ചു…

അവളുടെ മിഴികളിൽ പൂത്തുലഞ്ഞ നക്ഷത്രങ്ങൾ പൊട്ടിയടർന്നതു പോലെ തോന്നി അവന്….

“ഒരുപാട് ദൂരമുണ്ട് നമ്മുടെ നാടുകൾ തമ്മിൽ…. നമ്മുടെ മനസ്സുകൾ തമ്മിലും ഇത്രയും ദൂരമുണ്ടോ
ആദീ… ”

പൊട്ടുന്നനെ ഫോണിൻ്റെ റേഞ്ച് പോയതുപോലെ കട്ട് ആയപ്പോൾ ആദി സംശയത്തോടെ വേദയെ നോക്കി…

” വേദയുടെ മൊബൈൽ കൈയിലുണ്ടോ?…..

“എനിക്കു മൊബൈൽ ഇല്ല ആദീ… ”

വേദയുടെ വേദന നിറഞ്ഞ ശബ്ദം കേട്ടതും, ആദി തലമുടിയിൽ വിരൽ കടത്തി, കണ്ണടച്ചു……

ഒന്നിനു പിറകെ മറ്റൊന്നായി വരുന്ന തിരകളുടെ പതിഞ്ഞ ശബ്ദം മാത്രം അവൻ്റെ ഏകാഗ്രതയെ ഭേദിച്ചു കൊണ്ടിരുന്നു……….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button