ഏയ്ഞ്ചൽ: ഭാഗം 6
Aug 28, 2024, 22:22 IST
രചന: സന്തോഷ് അപ്പുകുട്ടൻ
വിയർപ്പുതുള്ളികൾ തളം കെട്ടി നിൽക്കുന്ന ദേവമ്മയുടെ നഗ്നമായ മാറിൽ നിന്ന്, ആലസ്യത്തോടെ എഴുന്നേറ്റു അലക്സി, ഒരു സിഗററ്റിന് തീ പകർത്തി പുക ആഞ്ഞു വലിച്ചു. ഇരുട്ടിനോടൊപ്പം കലരുന്ന മഞ്ഞിലേക്ക് പുകയൂതി വിട്ടു കൊണ്ട്, അവൻ ദേവമ്മയെ കുസൃതിയോടെ നോക്കി. അവളുടെ പാതിയടഞ്ഞ മിഴികൾ വീണ്ടും വീണ്ടും മാടി വിളിക്കുന്നതു പോലെ അവനു തോന്നി... കിതപ്പടങ്ങാത്ത അവളുടെ ശരീരത്തിൻ്റെ നിമ്ന്നോതങ്ങളിൽ വിയർപ്പുതുള്ളികൾ ഉരുണ്ട് കളിക്കുന്നത് കണ്ട്, പതിയെ തലയാട്ടി കൊണ്ട് അടുത്ത് വെച്ചിരുന്ന കുപ്പിയെടുത്ത് അവൻ വായിലേക്ക് കമഴ്ത്തി. വാറ്റുചാരായം അന്നനാളത്തിലൂടെ ഒരു തീ കാറ്റായി താഴോട്ടേക്ക് ഒഴുകിയിറങ്ങിയപ്പോൾ, നനഞ്ഞു കിടന്നിരുന്ന അവൻ്റെ രോമമൊക്കെ ഒരു വിറയലിലൂടെ തൊട്ടാവാടിയിലകൾ പോലെ പൊടുന്നന്നെ ഉയർന്നു.... അടുത്തു വെച്ചിരുന്ന ഒരു കാന്താരിമുളക് ചവച്ചരച്ചിട്ടും, ഉള്ളിലെ തീ കാറ്റ് ശമിക്കുന്നില്ലെന്ന് കണ്ട് അവൻ വീണ്ടും ദേവമ്മയിലേക്ക് പടർന്നു... "കൊതി തീർന്നില്ലേ മൊതലാളീ? " ദേവമ്മയുടെ കാമാതുരമായ ചോദ്യം കേട്ടതും, അവൻ വീണ്ടും അവളെ വാരി പുണർന്നു. " ഇത്രയും നാൾ കടലിനക്കരെ ആയിട്ടും ഇത്ര ആക്രാന്തമോ മുതലാളിക്ക്?" അലക്സിയുടെ ശരീരത്തിൽ നഖക്ഷതങ്ങളുതിർത്തുകൊണ്ട്, അവൾ കൊഞ്ചി ചോദിപ്പോൾ, അവൻ്റെ ചുണ്ടുകൾ അവളുടെ കാതിൽ ഇക്കിളി പടർത്തി. " അവിടെ പല തരത്തിൽ പല നിറത്തിലുള്ള ഒരുപാടു പൂക്കളുണ്ട്... പക്ഷേ അവയ്ക്ക് നിറം മാത്രമേയുള്ളൂ.... സുഗന്ധമില്ലാതെ, വാടി കരിഞ്ഞ വെറും കടലാസ് പൂക്കളെ പോലെ " പാതിയിൽ പറഞ്ഞു നിർത്തി അവൻ ക്രൂരമായ പുഞ്ചിരിയോടെ, എരിഞ്ഞു തീരാത്ത സിഗററ്റ് കുറ്റി, അവളുടെ വിയർപ്പുതുള്ളികൾ ഉരുണ്ടുകൂടിയ പൊക്കിളിൽ, ആഷ്ട്രേയിലെന്നതു പോലെ കുത്തി കെടുത്തിയതും, ഒരു അലറി കരച്ചിലോടെ അവൾ മഴവിൽ പോലെ മുകളിലേക്ക് ഉയർന്നതും ഒരുമിച്ചായിരുന്നു..... ഏറുമാടത്തെ പതിയെയിളക്കി, ആ അലറി കരച്ചിൽ മലയിടുക്കിൽ ചെന്ന് മറ്റൊലി കൊണ്ടു..... ദേവമ്മയുടെ ആ വേദന കണ്ട് അവൻ പതിഞ്ഞ പുഞ്ചിരിയോടെ, അണഞ്ഞ സിഗററ്റ് ഏറുമാടത്തിൽ നിന്ന് താഴോട്ട് എറിഞ്ഞു, ചുണ്ടുകൾ അവളുടെ കാതോരം ചേർത്തു. " പക്ഷേ ഇതുപോലെ പൊട്ടിത്തെറിക്കുന്ന, വരാൽ പോലെ പിടയ്ക്കുന്ന, കാട്ടുപൂവിൻ്റെ സുഗന്ധമുളള ഒരൊറ്റ ഒരുത്തിയും ഇല്ല.... അതിന് ഈ ദേവമ്മ തന്നെ വേണം... അതു കൊണ്ടല്ലേ ഏയ്ഞ്ചലിനെ പോലും കാണാതെ ഞാനിപ്പോൾ ഇങ്ങോട്ടു പോന്നത്?" "ആരാ ഏയ്ഞ്ചൽ?" ക്രമാതീതമായി ഉയർന്നു താഴുന്ന വയറിലേക്ക് കൈ വെച്ച് അവൾ വേദന കൊണ്ട് ചുളിയുന്ന മുഖം അവനു നേർക്ക് തിരിച്ചു കൊണ്ട് ചോദിച്ചപ്പോൾ, അവൻ അരികെ ഇരുന്നിരുന്ന മൊബൈൽ എടുത്ത്, ഗ്യാലറി തുറന്നു, ഒരു പെൺകുട്ടിയുടെ ചെറുപ്പകാലത്തിലുള്ള ഫോട്ടോ അവൾക്ക് കാണിച്ചു..... "ഈ കാണുന്ന സുന്ദരിയാണ് ഏയ്ഞ്ചൽ.... ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്...." അലക്സി പുഞ്ചിരിയോടെ പറഞ്ഞതും, ദേവമ്മ ശബ്ദമില്ലാതെ ചിരിച്ചു. "ഇതിലും ചെറുപ്പത്തിലുള്ള ഫോട്ടോ ആയിരുന്നു നല്ലത്.....?" "ഞാൻ ഫോട്ടോ ചോദിച്ചപ്പോൾ അവൾ അയച്ചു തന്നതാണ് ഇത്.... ഇതു കണ്ടിട്ട് തൃപ്തിപ്പെട്ടാൽ മതിയെന്നും പറഞ്ഞ്... വല്ലാത്ത കാന്താരിയാ പെണ്ണ് " ചിരിച്ചു കൊണ്ട് അവൻ ചാരായമെടുത്ത് ഒരിറക്ക് കുടിച്ചു.... "വിദേശമദ്യം ഒരു ബോട്ടിൽ അടിച്ച് ഒന്നും മിണ്ടാതെ ഇരിക്കുന്ന ഇത് രണ്ട് കവിൾ കുടിച്ചപ്പോഴെക്കും, തലയൊക്കെ പെരുത്ത് ഭൂമി ഒരു സ്വർഗം പോലെ തോന്നുന്നടീ പെണ്ണേ ?" കുഴയുന്ന ശബ്ദത്തിൽ അവനത് പറഞ്ഞപ്പോൾ അവൾ ചിരിയോടെ ചേർന്നിരുന്നു. "മുതലാളിക്ക് ആണെന്നു പറഞ്ഞപ്പോൾ, അച്ഛൻ പ്രത്യേകമായി വാറ്റിയതാ.... " "വാറ്റു മാത്രമല്ല...ഈ കഞ്ചാവും സൂപ്പറാ.... അതിൻ്റെ പവർ നിനക്കു മനസ്സിലായില്ലേ?" ഒരു ചിരിയോടെ അലക്സി ദേവമ്മയെ ചേർത്തു പിടിച്ചപ്പോൾ, അവളുടെ കണ്ണുകൾ അവൻ മൊബൈലിൽ കാണിച്ച ആ പാവം പെണ്ണിൻ്റെ രൂപത്തിലായിരുന്നു.... സുന്ദരമായ ആ രൂപത്തിലേക്കും നോക്കി, തൻ്റെ നഗ്നമായ ശരീരത്തിലെ, അവിടെയ വിടെ സിഗററ്റ് കുത്തിയുള്ള പാടുകളിലേക്ക് പതിയെ അവൾ കൈയോടിച്ചു..... " ഈ കാട്ടുപെണ്ണിനെ പോലെ മുതലാളിയെ സഹിക്കാൻ, അതിനു പറ്റുമോ? പാവം... കുരുത്തോല പോലെ ഒരു പെണ്ണ് ".... മൊബൈലിൽ നിന്നും കണ്ണെടുത്തവൾ പതിയെ മന്ത്രിച്ചു കൊണ്ട് അകലങ്ങളിലേക്ക് നോക്കി കിടന്നു.... കാട്ടു വൃക്ഷങ്ങൾക്കപ്പുറത്ത്, അവ്യക്തമായ മലയിടുക്കുകൾ, പഴയ കോട്ടകൾ പോലെ നിലകൊള്ളുന്നു.... ഇരുട്ടിൻ്റെ വന്യമായ ശാന്തതയിൽ വിറങ്ങലിച്ചു നിൽക്കുന്ന അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്, ഏതോ കാട്ടുപക്ഷി അവർക്കു മുകളിലൂടെ, വലിയ ശബ്ദത്തിൽ ചിറകടിച്ചു പറന്നു. കൂട്ടം തെറ്റി വന്ന ഒരു മിന്നാമിനുങ്ങ്, അവളുടെ നാസികതുമ്പിനു മുകൽ മൂക്കുത്തി പോൽ തിളങ്ങി.... ഉണങ്ങിയ ഇലകളിൽ വീണലിയുന്ന മഞ്ഞുതുള്ളികളുടെ നനുത്ത ശബ്ദത്തിനായി അവൾ കാതോർത്തു.... ചിവീടുകളുടെ നിർത്തലില്ലാത്ത ശബ്ദത്തിനെ വകഞ്ഞു മാറ്റി, വനപ്രദേശത്ത് നിന്ന് വന്യമൃഗങ്ങളുടെ ശബ്ദമിരച്ചെത്തുന്നുണ്ട്.... ഏറുമാടത്തിന് തൊട്ടു താഴെ കൂടി കടന്നു പോകുന്ന അരുവിയിലെ നീരൊഴുക്കിൻ്റെ ശബ്ദം ഒരു സംഗീതമായി ഉയരുന്നുണ്ട് .... " കാപ്പിപൂവിനും, നിനക്കും ഓരേ സുഗന്ധമാണല്ലോ ദേവമ്മാ..." ഒരു ഇക്കിളി ശബ്ദത്തോടെ ചിരിച്ചു കൊണ്ട് അവൻ ദേവമ്മയുടെ ശരീരത്തിലേക്ക് മുഖമമർത്തിയപ്പോൾ അവൾ വേദന കൊണ്ട് മുഖം ചുളിച്ചു. "ഈ ഹൈറേഞ്ചിനെ കുളിരണിയിക്കുന്നത് പെരിയാർ ആണെങ്കിൽ എന്നെ കുളിരണിയുയ്ക്കുന്നത് ഈ ദേവമ്മയാ.... ഹൈറേഞ്ചിലെ മിടുക്കി " വീണ്ടും അവളിലേക്ക് പടർന്നു കയറും മുൻപേ, അവൻ്റെ നോട്ടം, അരുവിക്കപ്പുറത്തുള്ള ആദിവാസി കോളനിയിലേക്കു നീണ്ടു..... കൂരിരുട്ടിനെ കീറി മുറിച്ചു വരുന്ന എരിയുന്ന പന്തങ്ങളുടെ വെളിച്ചത്തിലേക്ക് അവൻ അത്ഭുതത്തോടെ നോക്കി ഇരുന്നു.... പൊടുന്നനെ ഏറ്മാടത്തിനു താഴെ, ഉണങ്ങിയ ഇലകളിൽ വല്ലാത്ത ശബ്ദമുയർന്നപ്പോൾ അവൻ ഭയത്തോടെ, ദേവമ്മയുടെ കൈ മുറുകെ പിടിച്ചതും, അവളിൽ നിന്നും, വേദന മറന്ന് കൊണ്ടുള്ള ചിരിയുയർന്നു. "പേടിക്കേണ്ട മുതലാളീ... കടുവയോ, പുലിയോ അല്ല... കൂട്ടം തെറ്റിയ കാട്ടുപന്നിയാ.... " ദേവമ്മയുടെ വാക്ക് കേട്ടതും, ഒരു ആശ്വാസത്തോടെ അവളെ എഴുന്നേൽപ്പിച്ച്, തൻ്റെ ദേഹത്തേക്ക് ചാരിയിരുത്തി അലക്സി..... " ഇന്ന് മുതലാളി റിസോർട്ടിലേക്കോ, അതോ വീട്ടിലേക്കോ പോകുന്നത്?" "ഒരുത്തിലേക്കുമില്ല... ഇന്ന് ഈ ഏറുമാടത്തിലാണ് എൻ്റെ ഉറക്കം... നിന്നോടൊത്ത് രാവെളുക്കുവോളം... " പറയുന്നതോടൊപ്പം, മെഴുകുതിരിയുടെ നാളങ്ങൾ ചിത്രങ്ങൾ വരയ്ക്കുന്ന അവളുടെ നഗ്നമേനിയെ അവൻ പതിയെ തഴുകി കൊണ്ടിരുന്നു. "പിന്നെ നീ വിളിക്കുന്നത് പോലെ ഞാൻ മുതലാളിയൊന്നുമ്മല്ല..., ഈ-തോട്ടവും , റിസോർട്ടും എൻ്റേതല്ല.... ഞാൻ വെറും നോട്ടക്കാരൻ" കുഴഞ്ഞ ശബ്ദത്തിൽ അലക്സി മനസ്സ് തുറന്നപ്പോൾ അവളുടെ മുഖത്ത് അമ്പരപ്പ് പടർന്നു... "ഇതൊക്കെ കാനഡയിലുള്ള കുരിശിങ്കൽ ഫിലിപ്പോസിൻ്റെതാണ്... അതായത് ഏയ്ഞ്ചലിൻ്റെ പപ്പയുടെത്...." പറഞ്ഞു കൊണ്ടിരിക്കെ തന്നെ കുപ്പിയിലുണ്ടായിരുന്ന ബാക്കിയും അവൻ വായിലേക്ക് കമഴ്ത്തി. "ഈ മലയോര ഗ്രാമത്തിൽ രാഷ്ട്രീയത്തിൽ പതിയെ-ഉദിച്ചുയരുന്ന നക്ഷത്രമല്ലേ ഞാൻ... ഇനി തലവര നല്ലതെങ്കിൽ ഭാവിയിൽ എം.എൽ.എ, എം.പി. അവിടുന്നങ്ങോട്ട് വകുപ്പ് മന്ത്രി ...." "ഇതൊക്കെ നേരാണോ? എന്നിട്ടെന്തിനാ വിദേശത്തേക്ക് പോയത്?" ദേവമ്മ സംശയത്തോടെ ചോദിച്ചതും, അവൻ അവളെ ചേർത്തു പിടിച്ചു. "നാട്ടിൽ അറിയപ്പെടുന്ന ഒരു തറവാട്ടുക്കാരാണ് ഞങ്ങൾ... സമ്പത്തിൽ മാത്രമേ ഇത്തിരി പിന്നോക്കമുള്ളൂ... അതു കൊണ്ട് ഗൾഫ് ഒന്നു ട്രൈ ചെയ്തു നോക്കാമെന്നു വിചാരിച്ചു... പിന്നെ നാട്ടിലെ തല്ലുകൊള്ളി തരത്തിൽ നിന്നു ഒന്നു മാറി നിൽക്കാനും, അങ്ങിനെ ഏയ്ഞ്ചലിൻ്റെ ഇഷ്ടം നേടിയെടുക്കാനും ഏയ്ഞ്ചലിൻ്റെ പപ്പ പറഞ്ഞപ്പോൾ, രാഷ്ട്രീയത്തിൽ നിന്ന് കുറച്ച് മാറി കടൽ കടന്ന് പോയെന്നുള്ളൂ" "അപ്പോൾ ഏയ്ഞ്ചലിന് മുതലാളിയെ ഇഷ്ടമില്ലേ?" "എന്നോട് എന്തോ ഒരു അകൽച്ച അവൾക്കുണ്ട്... വരാലിനെ പോലെ വഴുതി വഴുതി വഴുതി നിൽക്കുവാ പെണ്ണ്'... ആരെങ്കിലും എന്നെ പറ്റി വേണ്ടാതീനം പറഞ്ഞു കൊടുത്തിട്ടുണ്ടാവാം പെണ്ണിനോട്... എന്തായാലും ഇപ്പോൾ ഒന്നു അടുത്തു വരുന്നുണ്ട് അവൾ...." അവൻ്റെ സംസാരത്തെ ഭേദിച്ചു കൊണ്ട് പുഴക്ക് അക്കരെയുള്ള ആദിവാസി കോളനിയിൽ നിന്ന്, ശബ്ദമുയർന്നപ്പോൾ, അവൾ ധൃതിയോടെ അങ്ങോട്ടേക്ക് നോക്കി. "ഞാൻ പോട്ടെ മുതലാളീ...കളം കഴിഞ്ഞു കോഴിയെ കുരുതി കൊടുക്കാനായി... അങ്ങേർ കുടീലെത്തും മുമ്പ്, എനിക്കെത്തണം?... പറഞ്ഞതും അവൾ പൊടുന്നനെ വസ്ത്രങ്ങളണിഞ്ഞു തുടങ്ങി.... " അപ്പോ ഈ രാത്രി, ഇവിടെ ഞാൻ തനിച്ച്, പോട്ടെ സാരല്യ... അപ്പോ ഇന്നത്തെ റേറ്റ് എത്രയാണ്...." കൈ നീട്ടി ഷർട്ടിൽ നിന്നു പേഴ്സ് എടുത്തു അവൻ ചോദിച്ചപ്പോൾ അവൾ, കുലുങ്ങി ചിരിച്ചു. " ഇന്ന് അൽപ്പം കൂടും മുതലാളീ... എന്നെ കൂടാതെ ചാരായം, കഞ്ചാവ്... പിന്നെ എൻ്റെ ശരീരം പൊള്ളിച്ചതിന് ചെറുതേൻ വാങ്ങാൻ..." പറഞ്ഞു തീരും മുൻപെ അവൾ പേഴ്സ് തട്ടിപ്പറിച്ച്, അതിനുള്ളിൽ നിന്ന് കുറച്ചു നോട്ടുകൾ എടുത്തു അവനെ ശൃംഗാരത്തോടെ നോക്കി. " അടുത്ത ആഴ്ച ഞാൻ വരണോ?" "അടുത്ത ആഴ്ച നീ വേണ്ട... നിനക്കു പകരം ഏയ്ഞ്ചലായിരിക്കും, ഈ ഏറുമാടത്തിൽ എന്നോടൊപ്പം അന്തിയുറങ്ങുക.... "മംഗലം കഴിക്കാതെയോ?" ദേവമ്മ അത്ഭുതത്തോട അലക്സിയോടു ചോദിച്ചതും, അവൻ അവളെ വരിഞ്ഞുമുറുക്കി. "മംഗലം കഴിക്കാൻ തൽക്കാലം അവൾ സമ്മതിച്ചിട്ടുണ്ട്... പക്ഷെ അത് എനിക്ക് അത്ര വിശ്വാസം പോരാ. കാരണം നിന്നെ പോലെ എന്നെ തേടി വരുന്ന കാട്ടുമാനല്ല അവൾ.... എന്നെ കണ്ടാൽ വഴുതിപോകുന്ന ഒരു വരാൽ ആണവൾ... അപ്പോ പിന്നെ കെണിയൊരുക്കി, കൂടെ കൂട്ടുക മാത്രമേ രക്ഷയുള്ളൂ എൻ്റെ ദേവമ്മാ...." "അപ്പോൾ ഞാൻ പോട്ടെ ഭാവി എം.എൽ എ? ദേവമ്മ കളിയാക്കി കൊണ്ടു എഴുന്നേറ്റതും, അവൻ ചിരിയോടെ തലയാട്ടി.... " ഭാഗ്യമുണ്ടെങ്കിൽ ഭാവിയിൽ എപ്പോഴോ ആകുമെന്നാണ് പറയുന്നത് പെണ്ണേ ?എനിക്ക് ഉറപ്പില്ലെങ്കിലും, കുരിശിങ്കൽ ഫിലിപ്പോസിനുണ്ട്.. അതു കൊണ്ടല്ലേ മോളെ എനിക്ക് കെട്ടിച്ചു തരാൻ ധൃതി കൂട്ടുന്നത്..." അവൻ ചിരിയോടെ പറഞ്ഞതും, അരുവിക്കക്കരെ നിന്ന് ഒരു ആർപ്പുവിളിയുയർന്നു. " ഞാൻ പോട്ടെ മുതലാളീ... കുരുതി കഴിഞ്ഞെന്നാ തോന്നുന്നത്?" അതും പറഞ്ഞ് ദേവമ്മ മറുപടിക്ക് കാത്തുനിൽക്കാതെ കയർഏണി വഴി താഴോട്ടേക്കിറങ്ങി.... രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് കരിയിലകൾ ഞെരിഞ്ഞമർന്നതിനു ശേഷം, അരുവിയിലെ വെള്ളത്തിൻ്റെ ശബ്ദം കേട്ടപ്പോൾ, അവൾ അക്കരെയ്ക്ക് നീന്തുകയാണെന്ന് അവനു മനസ്സിലായി. ദേവമ്മ ഏൽപ്പിച്ച നഖക്ഷതങ്ങളിൽ സംതൃപ്തിയോടെ തലോടി അവൻ ഏറുമാടത്തിൽ മലർന്നുകിടന്നു. നിമിഷങ്ങൾക്കു ശേഷം ഒരു ഉൾപ്രേരണയിൽ അവൻ ഏയ്ഞ്ചലിൻ്റ നമ്പർ മൊബൈലിൽ ടച്ച് ചെയ്തു..... "ആരാ? അപ്പുറത്ത് നിന്ന് അടഞ്ഞ ശബ്ദം കേട്ടപ്പോൾ അവൻ പതിയെ പുഞ്ചിരിച്ചു. " ഞാൻ അലക്സി.... ഇന്ന് ഇവിടെ ലാൻ്റ് ചെയ്തു.. " " വരുന്നത് ഒരു വാക്ക് പറയാണെങ്കീ ഞാൻ വന്ന് കൂട്ടിയേനെ... ഇതിപ്പോ ? അത്ഭുതം കൂറേണ്ടവൾ, പരിഭവം പറഞ്ഞതും, അലക്സി ഒരു ദീർഘനിശ്വാസമുതിർത്തു. "ഇപ്പോൾ എവിടെയാണ് ഏയ്ഞ്ചൽ?" "ഹോസ്റ്റലിൽ തന്നെ... വെക്കേഷന് കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയി... സ്വന്തം വീട്ടിലേക്ക് വന്നിട്ടെന്തു കാര്യം.. പപ്പയും, മമ്മയും കാനഡയിൽ... ആകെയുള്ള അനിയനാണെങ്കിൽ വല്ലപ്പോഴും മാത്രമേ വീട്ടിൽ വരാറുള്ളൂ... " ഏയ്ഞ്ചലിൻ്റെ ദൈന്യത നിറഞ്ഞ ശബ്ദം കേട്ടപ്പോൾ അലക്സി ഒന്നു പുഞ്ചിരിച്ചു. " ആ വിഷമം ഒക്കെ നമ്മുടെ വിവാഹം കഴിഞ്ഞാൽ തീരും ഏയ്ഞ്ചൽ... അതൊക്കെ പോട്ടെ എന്നോടുള്ള പിണക്കമൊക്കെ തീർന്നോ ഏയ്ഞ്ചലിന്?" "അങ്ങിനെ വല്യ പിണക്കമൊന്നും ഉണ്ടായിരുന്നില്ല... അലക്സിയെ പറ്റി കൂട്ടുക്കാരൊക്കെ പറഞ്ഞത് പച്ച കള്ളമാണെന്ന് മനസ്സിലായി... അതോണ്ട് ഇപ്പോൾ ദേഷ്യത്തിനു പകരം ഇഷ്ടാ.... മനസ്സുനിറഞ്ഞ പ്രണയം" ആ വാക്കുകൾ കേട്ടപ്പോൾ അലക്സിക്ക് ഉത്സാഹമായി.... ഇടഞ്ഞുനിൽക്കുന്ന ആനയെ മെരുക്കിയെടുത്ത പാപ്പാൻ്റെ ഗമയായിരുന്നു അവന് അപ്പോൾ... "ഏത്ര മാസം ലീവു ഉണ്ട് അലക്സിച്ചായന്? " ഞാൻ ഇനി പോണില്ല പെണ്ണേ! " അലക്സിയുടെ വാക്ക് കേട്ടതും, അവൾ നടുങ്ങി.... അലക്സിയുടെ ലീവ് കഴിയുന്നതുവരെ കളിക്കാമെന്നു വെച്ച നാടകത്തിന്, ഇനി ആയുസ്സില്ലെന്ന് അവൾക്കു തോന്നി... "ഏയ്ഞ്ചലിൻ്റെ പപ്പയും, മമ്മയും ഈ ആഴ്ച കാനഡയിൽ നിന്നെത്തുമെന്ന് എന്നോട് പറഞ്ഞു. നമ്മുടെ മനസമ്മതവും, കല്യാണവും പെട്ടെന്ന് നടത്തണമെന്നും...." അലക്സിയുടെ വാക്കുകൾ ഉൽക്കകളായി അവൾക്കു മീതെ പതിച്ചു കൊണ്ടിരുന്നു.... "നമ്മുടെ കല്യാണം കഴിയുന്നതിന് മുൻപ് നമ്മൾക്കൊരുമിച്ച് നിൻ്റെ തോട്ടത്തിലേക്കൊന്നു പോകണം... അവിടെയുള്ള പണിക്കാരെ കാണാൻ വേണ്ടി .... " "പോകാം" അവ്യക്തമായ ശബ്ദത്തിലായിരുന്നു അവളിൽ നിന്ന് ആ വാക്കുതിർന്നത്.... "എന്തു പറ്റി ഏയ്ഞ്ചൽ... നിൻ്റെ ശബ്ദം വല്ലാതെ അടഞ്ഞിരിക്കുന്നല്ലോ? മറ്റൊരാളുടെ ശബ്ദം പോലെയാ തോന്നുന്നേ... " ആ വാക്കുകൾ കേട്ടപ്പോൾ അവളൊന്നു ഞെട്ടിയെങ്കിലും, പതർച്ച പുറത്തു കാണിച്ചില്ല... "വല്ലാത്ത കോൾഡ് അലക്സിച്ചായാ... ശബ്ദം തീരെ പുറത്തു വരുന്നില്ല... ഞാൻ ഒന്നു ആവി പിടിക്കട്ടെ " "ഓകെ ഏയ്ഞ്ചൽ... അപ്പോൾ നിന്നെ പിക് ചെയ്യാൻ ഞാൻ അടുത്ത ആഴ്‌ച വരാം... കോളേജിൽ നിന്ന് വന്നാൽ റെഡിയായി നിൽക്കണം... " "ശരി അലക്സിച്ചായാ..." പറഞ്ഞതും അവൾ പൊടുന്നനെ കോൾ കട്ടാക്കി ഒരു ദീർഘനിശ്വാസമുതിർത്തു. അവളുടെ മുഖത്ത് വിയർപ്പുകണങ്ങൾ ഉരുണ്ടു കൂടി..... " എത്ര വഴുതി പോയാലും ഒടുക്കം നീ ഈ അലക്സിയുടെ കൈയിൽ തന്നെ വന്നെത്തുമെന്ന് എനിക്കറിയാമായിരുന്നു പെണ്ണേ... അതിനുള്ള മരുന്നൊക്കെ നിൻ്റെ പപ്പായ്ക്കും, മമ്മായ്ക്കും അരച്ചുകൊടുത്തിട്ടാ ദുബായിൽ നിന്ന് അലക്സി ഈ നാട്ടിൽ കാലുകുത്തിയത് തന്നെ... അപ്പോൾ അടുത്ത ആഴ്ച ഈ ഏറുമാടത്തിൽ ഒന്നിക്കും വരെ ബൈ മൈ സ്വീറ്റി...." പ്രണയാതുരമായ വാക്കുകൾ മനസ്സിലുതിർത്ത് കൊണ്ട് മൊബൈലിൽ ചുംബിച്ച്, ഒരു കുറുക്കൻ്റെ ചിരിയോടെ അവൻ കണ്ണടച്ചപ്പോൾ, അപ്പുറത്ത് അവൾ മൊബൈലിലേക്കു തന്നെ നോക്കി, പുഞ്ചിരിയോടെ ഇരുന്നു. "ടാ അലക്സീ.. നീ കള്ളനാണെങ്കിൽ, ഏയ്ഞ്ചൽ എന്നു പറയുന്ന പെൺകുട്ടി കള്ളന് കഞ്ഞി വെച്ചവളാണ്... മൂന്ന് മാസം വരെ വഴുതി മാറിയാൽ മതിയെന്നു വിചാരിച്ചതാണ്... പക്ഷെ ഇനി നീ തിരിച്ചു ഗൾഫിലേക്ക് പോകാത്തതു കൊണ്ട് ഇത്തിരി നാൾ ഈ കളി നീണ്ടുപോകും... പോകുന്നിടം വരെ പോകട്ടെ.. ഈ ടോം ആൻ്റ് ജെറിയ്ക്ക് ഏയ്ഞ്ചലും റെഡിയാ. " ചിരിയോടെ പറഞ്ഞു കൊണ്ട് അവൾ മൊബൈലിൽ നിന്ന് ആദിയുടെ നമ്പർ എടുത്ത് ടച്ച് ചെയ്തു.... അരമതിലിൽ ഇരുന്ന മൊബൈൽ അടിക്കുന്ന ശബ്ദം കേട്ട് ഓടി വന്ന വേദ, ഡിസ്പ്ലേയിൽ ഏയ്ഞ്ചൽ എന്നു കണ്ടതും, അങ്ങോട്ടേയ്ക്ക് വന്നിരുന്ന ആദിയെ നോക്കി പല്ലിറുമ്മി അവൾ അകത്തേക്ക് പോയി... " ഞാൻ പോണു " ഫോണെടുക്കാതെ, മൊബൈലിൻ്റ ഡിസ്പ്ളേയിലേക്കും നോക്കി ഇരുന്നിരുന്ന ആദി വേദയുടെ ശബ്ദം കേട്ട് തലയുയർത്തി. ബാഗുമെടുത്ത് പുറത്തേക്കിറങ്ങിയ, അവളെ കണ്ടതും, ആദി നാലുവട്ടം നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തി, അവളെ നെഞ്ചോട് ചേർത്തു, ആ കാതിൽ പതിയെ ചുണ്ടു ചേർത്തു മന്ത്രിച്ചു. " അങ്ങിനെ ആദിയെ വിട്ട് വേദയ്ക്ക് അങ്ങിനെ വെറുതെ പോകാൻ പറ്റോ?...."....തുടരും....