Novel

ഏയ്ഞ്ചൽ: ഭാഗം 8

രചന: സന്തോഷ് അപ്പുകുട്ടൻ

പുലർച്ചെ തന്നെ കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടാണ് ആദി ഉണർന്നത്… പൊടുന്നന്നെയാണ്, രാത്രി വേദ,പറഞ്ഞ കാര്യം അവന് ഓർമ്മ വന്നത്…

മൊബൈൽ തെളിയിച്ചു സമയം നോക്കിയപ്പോൾ നാലര…

അവൻ ഉറക്കപ്പിച്ചോടെ തന്നെ എഴുന്നേറ്റ് ഹാളിലേക്ക് നടന്നു.

കുളിമുറിയിൽ വീഴുന്ന വെള്ളതുള്ളികൾക്കൊപ്പം, ഒരു പാട്ടിൻ്റെ മൂളലും വന്നപ്പോൾ, അവൻ കൗതുകത്തോടെ കാതോർത്തു…..

“എന്തിനെന്നറിയാതെ …
ഏതിനെന്നറിയാതെ…
എപ്പോഴോ തോന്നിയൊരിഷ്ടം… ”

തകർത്തു മൂളുകയാണ് പെണ്ണ്…

കുറച്ചു നേരം ആ മനോഹരമായ മൂളിപ്പാട്ട് ആസ്വദിച്ച ശേഷം ആദി
ചിരിയോടെ തല കുലുക്കി കൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ അവൻ്റെ ചുണ്ടിലും ആ വരികൾ പതിയെ ഉണർന്നു തുടങ്ങി.

കടലിലെ പതിഞ്ഞ തിരയടിയുടെ ശബ്ദം കേട്ട്, നേർത്ത
ഇരുട്ടിലേക്ക് അവൻ നോക്കി നിന്നു….

കിഴക്കൻ മലയിൽ കൂടണയും മുൻപെയുള്ള, ചന്ദ്രികയുടെ വെട്ടം തെങ്ങോലകൾക്കിടയിലൂടെ വന്ന് മണ്ണിൽ മനോഹരമായ ചിത്രം വരയ്ക്കുന്നുണ്ട്…

കടൽകാറ്റ് തൻ്റെ കവിളോരം വന്നുചേർന്ന് കാതിൽ എന്തോ മന്ത്രിക്കുന്നതു പോലെ അവന് തോന്നി….

ഒരൊറ്റ നിമിഷം കൊണ്ട് മരുഭൂമിയായ മനസ്സിൽ, മോഹത്തിൻ്റെ വിത്ത് വീണിരിക്കുന്നു….

അടച്ചുപൂട്ടിയ ഹൃദയത്തിൻ്റെ ഉള്ളറകളെ മലർക്കെ തുറന്നുകൊണ്ട്, പൂവിതൾ പോലെയുള്ള ഒരു പാദം കൊലുസിൻ്റെ സംഗീതത്തോടെ പതിയെ സ്പർശിച്ചിരിക്കുന്നു.

നേർത്ത മഞ്ഞുപാളികൾക്ക് അപ്പുറം, വെള്ളി കൊലുസിട്ട് നൃത്തം വെയ്ക്കുന്ന തിരകളെ നോക്കി അവൻ പതിയെ പുഞ്ചിരിച്ചു..

പ്രണയത്തിൻ്റെ തെളിച്ചമായിരുന്നു ആ പുഞ്ചിരിയ്ക്കെന്ന് അറിഞ്ഞതും, ആദിയുടെ ചുണ്ടിൽ അതേ പാട്ടിൻ്റെ വരികൾ വീണ്ടും വിരുന്നു വന്നു….

“ഇവിടെ നിന്ന് മൂളിപ്പാട്ട് പാടുകയാണോ?’
അമ്പലത്തീ
പോണ്ടെ?

സുന്ദരമായ ചിന്തകളെ മുറിച്ച് കൊണ്ട് വേദയുടെ ശബ്ദമുയർന്നതും, അവളെ നോക്കി ഒന്നു പുഞ്ചിരിച്ച് അവൻ കുളിമുറിയിലേക്ക് നടന്നു.

പെട്ടെന്നൊരുങ്ങി അവരൊന്നിച്ച് അമ്പലത്തിലേക്ക് പോകുമ്പോഴും, അച്ചുവും, ശങ്കരനും ഉണർന്നിട്ടുണ്ടായിരുന്നില്ല.

നേർത്ത തണുപ്പ് നിറഞ്ഞ അന്തരീക്ഷത്തിലൂടെ തൊട്ടുരുമ്മിയെന്നോണം അമ്പലത്തിലേക്ക് പോകുമ്പോഴും, വേദ ഏതോ ചിന്തകളിലായിരുന്നു.

“എന്താ ആലോചിക്കുന്നത്?”

വേദയുടെ മൗനം കണ്ട് ആദി ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന അർത്ഥത്തിൽ അവൾ വെറുതെയൊന്നു മൂളി.

” എന്തേ പുറത്തൊന്നും ഇറങ്ങാതെ
വീട്ടിൽ തന്നെ അടഞ്ഞിരിക്കുന്നത്?”

അവൻ്റെ ചോദ്യങ്ങൾ കേട്ടതോടെ, അനിഷ്ടത്തോടെ അവൾ നോക്കി.

“സോറി… പട്ടണത്തിൽ പഠിക്കുന്ന കുട്ടിയായതുകൊണ്ട് ചോദിച്ചതാ?”

അവളുടെ ഭാവം കണ്ട് വിളറിയ ചിരിയോടെ അവൻ പറഞ്ഞു.

“പട്ടണത്തിൽ പഠിക്കുന്ന പെൺകുട്ടികൾക്കു മാത്രമേ പുറത്തിറങ്ങി അടിച്ചു പൊളിക്കുവാൻ പറ്റൂ? ഇവിടെയുള്ളവർക്കൊന്നും പറ്റില്ലേ?”

വേദയുടെ ചോദ്യം കേട്ടതോടെ അവൻ പതിയെ അവളുടെ കൈ പിടിച്ചു.

“ചൂടിലാണല്ലോ വേദ ?എന്തു പറ്റി?”

അവൻ്റെ കൈ തട്ടിയപ്പോൾ ചുട്ടുപൊള്ളുന്നതു പോലെ അവൾക്ക് അനുഭവപ്പെട്ടു.

അവൻ്റെ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ, കൈയിലെ പിടുത്തം വിടുവിപ്പിക്കാൻ കഴിയാതെ അവൾ വീർപ്പുമുട്ടി.

കൈയിലെ പിടുത്തം മുറുകുന്തോറും, തൻ്റെ നെഞ്ചിലെ മിടിപ്പ് വർദ്ധിക്കുന്നത് അവളറിഞ്ഞു…..

” ഇയാൾടെ നാൾ രേവതി നക്ഷത്രമാണോ?”

ആദി ചിരിയോടെ ചോദിച്ചതും അവൾ മുഖമുയർത്തി അവനെ നോക്കി.

“അല്ല… ആ നക്ഷത്രത്തിൽ ജനിച്ചവർക്ക് നിമിഷങ്ങൾക്കകം പല പല സ്വഭാവം മാറിമറിയുമെന്നു കേട്ടിട്ടുണ്ട്…. വേദയെ പോലെ ”

ചോദ്യത്തിന് മറുപടി പറയാതെ മൗനമായി നടക്കുന്ന അവളെ,
ഒരുമാത്ര ആദി പിടിച്ചു നിർത്തി, ആ വിടർന്ന മിഴികളിലേക്കിറ്റുനോക്കി.

“താൻ ശരിക്കും ആരാ?”

അവൻ ചോദിച്ചതും, അവളുടെ ചുണ്ടിൽ വാടിയ ഒരു ചിരിയുതിർന്നു .

” എൻ്റെ പേര് മറന്നു പോയോ? ഞാൻ വേദ”

“വേദയാണെന്ന് അറിയാം… പക്ഷെ തൻ്റെ ഉദ്യേശങ്ങളും ലക്ഷ്യങ്ങളും എന്താണ്?”

അവൻ്റെ ചോദ്യം കേട്ടതോടെ അവൾ ഒന്നു പതറി.

“ഈ തീരത്തുള്ളവർ നീയെന്നെ പ്രണയിച്ചു വന്നവളാണെന്നാണ് വിചാരിച്ചിരിക്കുന്നത് … അവരെയും കുറ്റം പറയാനാവില്ലല്ലോ… അതുപോലെയുള്ള മാസ്സ് ഡയലോഗ് അടിച്ചാണല്ലോ നിൻ്റെ എൻട്രി..
ജീവൻ രക്ഷിച്ചവനോടുള്ള അടങ്ങാത്ത പ്രണയമായിട്ട് വീട് വിട്ടിറങ്ങിയ ഒരു പെൺകുട്ടി. എല്ലാവരും അങ്ങിനെയാ തന്നെ കണ്ടിരിക്കുന്നത് ”

ആദിയുടെ സംസാരം
കേട്ടതോടെ, നിർവികാരമായി അവൾ മുഖമുയർത്തി.

“ആദി പറഞ്ഞു വരുന്നത്?”

ഇടറിയ വാക്കുകൾ വേദയിൽ നിന്നുതിർന്നപ്പോൾ അവൻ നിറം മങ്ങിയ ചിരിയോടെ അവളെ നോക്കി…

“നിൻ്റെ പെരുമാറ്റം, എന്നോടുള്ള അടുപ്പം ഇതൊക്കെ കണ്ട് അവർ നീയെന്നെ ഗാഢമായി പ്രണയിക്കുകയാണെന്നാണ് കരുതീട്ടുള്ളത്… അച്ചു പോലും ചോദിച്ചില്ലേ നമ്മൾ തമ്മിൽ മുൻപരിചയമുണ്ടോയെന്ന്

സംസാരിച്ചുകൊണ്ടിരിക്കുന്ന ആദിയെ അമ്പരപ്പോടുകൂടെ നോക്കി വേദ…

ഹൃദയമിടിപ്പ് വല്ലാതെ
കൂടുന്നത് അവളറിഞ്ഞു.

” അത്രയ്ക്കും പെർഫെക്റ്റ് ആയിരുന്നു നിൻ്റെ അഭിനയം… വല്ല സിനിമയിലൊക്കെ ഒരു കൈ നോക്കി കൂടെ?”

ആദിയുടെ ചോദ്യത്തിന് ഉത്തരം പറയാൻ വാക്കുകൾ കിട്ടാതെ അവൾ പിടഞ്ഞു.

” പക്ഷെ അഭിനയമാണെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പില്ലാട്ടോ… ആരുടെയും മനസ്സ് വായിക്കാൻ എനിക്കറിയില്ല.”

പറഞ്ഞു വരുന്ന വാക്കുകൾ പാതിയിൽ നിർത്തി അവൻ ഏതോ ചിന്തകളിലേക്ക് ഊളിയിട്ടതു പോലെ മൗനം പൂണ്ടു.

” കാണാപാഠമാണെന്ന് അഹങ്കരിച്ചിരുന ഒരു പെൺമനസ്സ് ഉണ്ടായിരുന്നു. നല്ലൊരു ബന്ധം കിട്ടിയപ്പോൾ ഒരു പ്രഭാതത്തിൽ, ഒരു വിഷമവും ഇല്ലാതെ അവൾ ഗുഡ്ബൈ പറഞ്ഞപ്പോൾ, മനസ്സ് നിറഞ്ഞ വിഷമത്തോടെ ഞാൻ മറ്റൊരു കാര്യവും കൂടി മനസ്സിലാക്കി. ആരുടെയും മനസ്സ് മറ്റൊരാൾക്ക് വായിക്കാൻ കഴിയില്ലായെന്ന്… അറിയാമെന്നു വിചാരിക്കുമ്പോഴും, പറയുമ്പോഴും, അത് നമ്മൾക്കു പിടി തരാതെ ദൂരെ… ദൂരെ”

ആദിയുടെ ശബ്ദം പതറുനത് കണ്ട അവളുടെ നെഞ്ചിനകത്ത് ഒരു തേങ്ങലുയർന്നു.

അവളുടെ മിഴികളിൽ നനവ് പടർന്നു തുടങ്ങി.

” അന്ന് അവൾ പോയപ്പോൾ എൻ്റെ മനസ്സ് പൂട്ടി വെച്ചതാണ്.. ഇനിയൊരു പെൺകുട്ടിയെയും വെറുതെയെങ്കിലും മോഹിക്കാതിരിക്കാൻ വേണ്ടീട്ട്….. ”

“ആദീ…. ”

വിറയാർന്ന ശബ്ദത്തോടെ അവൾ ആദിയെ നോക്കി.

“അതെ വേദാ… തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിൻ്റെ വിങ്ങൽ മാത്രമല്ല വേദാ… ഒരു തരത്തിൽ പറഞ്ഞാൽ ആ അവസ്ഥ
പാതിമരണം കൂടിയാണ്…”

ആദി പറഞ്ഞു നിർത്തുമ്പോൾ, വേദ അവനെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിച്ചു.

ഉറക്കമുണരാത്ത ഇടവഴികളിലൂടെ, വിളർച്ചയോടെ ഭൂമിയിൽ പതിക്കുന്ന നിലാവിൻ്റെ നേരിയ വെട്ടത്തിലൂടെ, ആദിയുമൊന്നിച്ച് നടക്കുമ്പോൾ അവൾ പരസ്പരം
തൊട്ടുരുമ്മാതിരിക്കാൻ ശ്രദ്ധിച്ചു…..

ശ്വാസത്തിൻ്റെ ഉയർന്ന താളം അവൻ കേൾക്കാതിരിക്കാൻ അവൾ ഒരടി പിന്നിലേക്കു മാറി….

ഇനിയൊരിക്കലും മോഹിപ്പിക്കുന്ന വാക്കോ, ആകർഷിയ്ക്കുന്ന പെരുമാറ്റമോ തന്നിൽ നിന്നുയരാതിരിക്കാൻ അവൾ മൗനമായി പ്രാർത്ഥിച്ചു!

പൊടുന്നനെ ഒരു നായ കുരച്ചു കൊണ്ട്, അവരുടെ മുന്നിലേക്ക് ഓടി വന്നപ്പോൾ, വേദ പേടിയോടെ, ആദിയെ പിന്നിൽ നിന്നു വട്ടം പിടിച്ചു

വേദയുടെ ശ്വാസത്തിൻ്റെ ഇളംചൂട് നേർത്ത തണുപ്പിനെ വകഞ്ഞു മാറ്റി ആദിയുടെ കഴുത്തിൽ പതിഞ്ഞപ്പോൾ, അവൻ ഒരു നിമിഷം നിശ്ചലമായി.

അവൾ വല്ലാതെ പേടിച്ചിരിക്കുന്നെന്ന്, അവളുടെ മുറുകെയുള്ള പിടുത്തത്തിലൂടെ അവന് മനസ്സിലായി….

അവളുടെ മാറിടം ശക്തിയായി തൻ്റെ ദേഹത്തേക്ക് വന്നിടിക്കുന്നത് അറിഞ്ഞ അവൻ ഒരു പുഞ്ചിരിയോടെ, അവളെ പിന്നിൽ നിന്ന് മുന്നിലേക്ക് ചേർത്ത് നിർത്തി.

“പേടിക്കണ്ട… അഗസ്റ്റിൻ്റെ നായയാണ്….”

ആദി ആശ്വസിപ്പിച്ചെങ്കിലും പേടി വിട്ടുമാറാത്ത വേദ അവൻ്റെ കൈയിൽ മുറുകെ പിടിച്ചു.

നിമിഷങ്ങൾക്കു ശേഷം അവർ അമ്പലത്തിലെത്തുമ്പോൾ ശ്രീകോവിൽ തുറന്നതേയുണ്ടായിരുന്നുള്ളൂ….

നെയ്തിരിവിളക്കുകളുടെ സ്വർണപ്രഭയേറ്റ് തിളങ്ങുന്ന ഭഗവാൻ്റെ രൂപത്തിലേക്ക് നോക്കി അവൾ പ്രാർത്ഥിക്കുമ്പോൾ, ആദിയെ ഇടംകണ്ണിട്ട് ഒന്നു നോക്കി.

പ്രാർത്ഥനകളുയരുന്ന ചുണ്ടോടെ,കണ്ണച്ച് നിൽക്കുകയായിരുന്നു അവൻ….

ചന്ദനത്തിൻ്റെയും, ചന്ദന തിരികളുടെയും, കർപ്പൂരത്തിൻ്റെയും സുഗന്ധമുയരുന്ന ആ അന്തരീക്ഷം വളരെ ശാന്തമാണെന്ന് അവൾക്ക് തോന്നി.

അനേകം തിരിനൂലുകൾ
നിറഞ്ഞു കത്തുന്ന ദീപസ്തംഭത്തിനെ അവൾ കൗതുകപൂർവം നോക്കി നിന്നു…..

നേർത്ത് വന്നൊരു കാറ്റിൽ, ദീപസ്തംഭങ്ങളിലെ ദീപങ്ങളുലലഞ്ഞതോടൊപ്പം, അവളുടെ മിഴികളിളിലും ഉലയുന്ന നാളങ്ങളെ അവൻ പുഞ്ചിരിയോടെ നോക്കി കണ്ടു.

ഭക്തിസാന്ദ്രമായ നിമിഷങ്ങൾക്കു ശേഷം, പ്രസാദമായി പൂജാരി കൊടുത്ത ഇലചീന്തിൽ നിന്നു ചന്ദനമെടുത്ത് അവൻ വേദയുടെ നെറ്റിയിൽ ചാർത്തിയതും, അവൾ ഒരു നിമിഷം പകപ്പോടെ ആദിയെ നോക്കി.

ചന്ദന തണുപ്പിനെക്കാൾ, നെഞ്ചിലൊരു കർപ്പൂരദീപം കത്തിയെരിയുന്നതു പോലെ തോന്നിയപ്പോൾ അവൾ പതിയെ ഒന്നു കണ്ണടച്ചു തുറന്നു.

ദീപങ്ങളുലയുന്ന അവളുടെ മിഴികളിൽ പെട്ടെന്നുണ്ടായ ഭാവവ്യത്യാസം ശ്രദ്ധിച്ച് അവൻ കുറച്ചു നിമിഷങ്ങളോളം അവളെ തന്നെ നോക്കി നിന്നു.

പരസ്പരം നോക്കി നിന്ന അവരുടെ മൗനത്തെ ഭേദിച്ചു കൊണ്ട്, മേൽക്കൂരയിൽ അമ്പലപ്രാവിൻ്റെ ചിറകടി ശബ്ദമുയർന്നപ്പോൾ, ആദി ഒരു പുഞ്ചിരിയോടെ അവളെ നോക്കി പോകാമെന്ന് കണ്ണു കാണിച്ചു.

കരിങ്കൽ പാകിയ വീഥികളിലൂടെ, ആദി പതിയെ അമ്പലം വലം വെക്കുമ്പോഴും മൗനമായി അവളും അനുഗമിച്ചു.

പ്രാർത്ഥനകളും, പ്രദക്ഷിണവും കഴിഞ്ഞ് ആദി വന്ന് ആൽതറയിൽ കയറി ഇരുന്നു.

ആലിലകളുടെ മന്ത്രണവും കേട്ടിരിക്കുന്ന അവൻ്റെ അടുത്തായി അവൾ നിന്നു.

“ഈ സാരി വേദയ്ക്ക് നല്ല ചേർച്ചയാണുട്ടോ”

” ഇത് എൻ്റേതല്ല… അച്ചുവിൻ്റെതാണ് ”

അവളുടെ പതറിയ ശബ്ദം വന്നതും, അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

” അത് അറിയാം… അവൾ ഒരു പൂതിക്ക് വാങ്ങിപ്പിച്ചതാ… ഉടുക്കാറില്ല ”

അവൻ്റെ സംസാരത്തിന് അവൾ പതിയെ തലയാട്ടി.

“ദിവാകരൻ ചേട്ടൻ്റ
മോൾടെ കല്യാണമാണ് ഇന്ന് .കല്യാണത്തിന് പോകുമ്പം
വേദ ഈ സാരി തന്നെ ഉടുത്താൽ മതി… നാളെ കടയിൽ പോയി പുതിയ കുറച്ചു ഡ്രസ് വാങ്ങാം നമ്മൾക്ക് ”

ആദി പറഞ്ഞതു കേട്ട് അവൾ വൈമനസ്യത്തോടെ അവനെ നോക്കി.

“കല്യാണത്തിന് ഒന്നും ഞാനില്ല…”

വേദയുടെ പൊടുന്നനെയുള്ള മറുപടി കേട്ടതും, ആദി അവളെ തന്നെ സൂക്ഷിച്ചു നോക്കി.

” ആൾകൂട്ടത്തിലേക്ക് വരാൻ വേദയ്ക്ക് വല്ലാത്ത മടിയാണ് അല്ലേ? ഞാൻ കുറച്ചു നാളായി ശ്രദ്ധിക്കുന്നുണ്ട്….. ”

ആദിയുടെ വാക്കുകൾ കേട്ടതോടെ, ആ തണുപ്പിലും വേദ വിയർത്തു തുടങ്ങി.

” നിഗൂഢഭാവമുള്ള
വേദയെന്ന തന്നെ മാത്രമേ എനിക്കറിയൂ… തനിക്കു പിന്നിലുള്ള ജീവിതമോ, ചരിത്രമോ, രഹസ്യമോ ഒന്നും എനിക്കറിയില്ല…. എന്നാലും ഒന്നു ഞാർ പറയാം… തന്നെ ഞാൻ എപ്പോഴോ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു… ”

ആദി പറഞ്ഞതും ശ്രീകോവിലിൽ നിന്നും മണി മുഴങ്ങി…

“സത്യം”

മണിയടിയുടെ ശബ്ദം കേട്ട് ഒരു പുഞ്ചിരിയോടെ, ശില പോലെ നിൽക്കുന്ന വേദയെ നോക്കി പറഞ്ഞിട്ട് അവൻ ആൽതറയിൽ നിന്ന് ചാടിയിറങ്ങി.

“എന്നെ ഇഷ്ടമായിട്ടാണ് താൻ വന്നതെന്ന് കുറച്ചു നിമിഷം മുൻപ് വരെ ഞാൻ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല… പക്ഷേ ഇപ്പോൾ വേദ പറഞ്ഞത് വിശ്വസിക്കാനാണ് എനിക്കിഷ്ടം…. എന്തോ മനസ്സ് വേദയെ അവിശ്വസിക്കാൻ കൂട്ടാക്കുന്നില്ല”

പറഞ്ഞതും അവൻ വേദയുടെ തോളിൽ കൈയിട്ടു നടന്നു….

എതിരെ വരുന്നവർ അവരെ അത്ഭുതത്തോടെ നോക്കിയതും, പൊടുന്നനെ ആദി അവളുടെ തോളിൽ നിന്ന് കൈ പിൻവലിച്ചു.

ഇരുമ്പുലക്ക പോലെയുള്ള ആ കൈ നീങ്ങിയതും, ആശ്വാസത്തിൻ്റെ ഒരു നെടുവീർപ്പ് അവളിൽ നിന്നുയർന്നു…

“നമ്മൾക്ക് ഒന്നു ചർച്ചിൽ പോയാലോ?”

ആദിയുടെ ചോദ്യം കേട്ടതും, അവളുടെ മനസ്സ് ഒന്നുകിടുങ്ങി, വിറയ്ക്കുന്ന കൈ
മാറിലേക്ക് ചേർത്തു.

അവൾ വിളറിയ മുഖത്തോടെ അവനെ നോക്കി….

അവളുടെ ആ ഭാവം കണ്ട് അവനു ചിരി വന്നു.

” ഇവിടെ അങ്ങിനെയൊന്നുമില്ല വേദാ… മതങ്ങളോ അതിനെ ചൊല്ലിയുള്ള മദപ്പാടോ ഇല്ല… എല്ലാവരും എല്ലാ പ്രാർത്ഥനാലയങ്ങളിലും പോകും… പ്രാർത്ഥിക്കും….. അതു കൊണ്ടാണ് ഈ തീരത്തെ സ്നേഹതീരം എന്നു പറയുന്നത്. ”

ആദി ചിരിയോടെ
പറഞ്ഞപ്പോൾ വേദയിൽ നിന്ന് ആശ്വാസത്തിൻ്റെ ഒരു നിശ്വാസമുതിർന്നു .

” ആ കാണുന്നതാണ് പള്ളി”

ദൂരേയ്ക്ക് ചൂണ്ടി ആദി പറഞ്ഞപ്പോൾ, കുളിർന്ന മനസ്സോടെ അവൾ ആ ഭാഗത്തേക്ക് നോക്കി.

നേർത്ത മഞ്ഞിൻപാളികൾക്കപ്പുറം ചർച്ചിൻ്റെ കുരിശ് കണ്ടപ്പോൾ വേദയുടെ മിഴികളിൽ ഒരു മെഴുകുതിരി വെട്ടമുലഞ്ഞു.

പ്രാർത്ഥനയുടെ ഒരായിരം മന്ത്രണങ്ങൾ മനസ്സിലേക്കിക്കിരച്ചു കയറിയപ്പോൾ, അവൾ യാന്ത്രികമെന്നോണം സാരിയുടെ തുമ്പ് എടുത്ത് തലയിലേക്കിട്ടു….

ഓർമ്മകളിൽ മറ്റൊരു പള്ളിമുറ്റം തെളിഞ്ഞു….

കൂലങ്കഷമായ ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് പെൺകുട്ടികളും, ഒരു ആൺകുട്ടിയും മനോമുകുരത്തിൽ തെളിയുന്നുണ്ട്…..

പള്ളിയങ്കണത്തെ ചുറ്റി വരുന്ന പരിശുദ്ധിയുടെ കാറ്റിന് പോലും തണുപ്പിക്കാൻ കഴിയാതെ മൂന്നു മനസ്സുകൾ വെന്തുരുകുന്നുണ്ട്.

“ജിൻസ്…. ഇത്രേം ദൂരത്തേക്ക് ഞാൻ എങ്ങിനെ ഒറ്റയ്ക്ക് മാറി നിൽക്കാൻ.. നിന്നെ കാണാതെ ഒരു നിമിഷം പോലും….. ”

കാമുകൻ്റെ കണ്ണിൽ നോക്കി സങ്കടത്തോടെ പറയുന്ന ഒരു പെൺകുട്ടിയുടെ ചിത്രം തെളിഞ്ഞപ്പോൾ, അവളുടെ മനസ്സൊന്നു തേങ്ങി.

“നമ്മൾ തമ്മിൽ ഒരിക്കലും കാണാൻ പറ്റാത്ത ദൂരത്തിലേക്ക് അകലാതിരിക്കാൻ വേണ്ടി, ഈ ദൂരം നീയൊറ്റയ്ക്ക് താണ്ടിയേ മതിയാവൂ….. അലക്സി എന്ന ശത്രുവിൻ്റെ കണ്ണിൽ പെടാതെ അവൻ്റെ ലീവ് തീരുന്നതുവരെ ഈ ഒരു മാറി നിൽക്കൽ ആവശ്യമാണ്… ”

ജിൻസിൻ്റെ വാക്കുകൾക്ക്
മറുപടി പറയാൻ കഴിയാതെ, വിതുമ്പലടക്കി മാതാവിൻ്റെ രൂപത്തിലേക്ക് നോക്കി കണ്ണീർ പൊഴിക്കുന്ന ആ പെൺകുട്ടിയുടെ ചിത്രം ഓർമ്മയിൽ തെളിഞ്ഞതും, അവൾ പൊടുന്നനെ കൈ കൊണ്ട് കവിളിൽ തുടച്ചു.

സങ്കടത്തിൻ്റെ കണ്ണീർ ചാലുകൾക്ക് പകരം, അഭിനയത്തിൻ്റെ ചായകൂട്ടുകൾ ആണ് കൈകളിൽ ഇപ്പോൾ പറ്റിയത് എന്നറിഞ്ഞ അവൾ, ആത്മനിന്ദയോടെ ആദിയെ നോക്കി…..

മാതാവിൻ്റെ രൂപത്തിനു മുന്നിൽ, നിറഞ്ഞു കത്തുന്ന മെഴുകുതിരി കൂട്ടത്തിലേക്ക് ചേർത്തുവെക്കാൻ മറ്റൊരു മെഴുകുതിരി കത്തിക്കുകയായിരുന്നു ആദിയപ്പോൾ…!…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button