Business

വര്‍ഷത്തില്‍ രണ്ടര ലക്ഷം ഇവികള്‍ നിര്‍മിക്കാന്‍ അനില്‍ അംബാനി കച്ചമുറുക്കുന്നു

ഒരു കാലത്ത് ഇന്ത്യന്‍ വ്യവസായ രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്ന അനില്‍ അംബാനി ഇവി മേഖലയിലേക്കു കടക്കുന്നു. സ്വന്തം സംരംഭങ്ങളില്‍ പലതും തകര്‍ന്നതോടെ പാപ്പരായി മാറിയ അനില്‍ ഇപ്പോള്‍ കരകയറാനുള്ള ശ്രമങ്ങളിലാണ്. സാക്ഷാല്‍ മുകേഷ് അംബാനിയുടെ കൂടപ്പിറപ്പായ അനില്‍ അംബാനിയെ സമ്പന്നതയുടെ നെറുകയില്‍നിന്നും താഴേക്കു തള്ളിയിട്ടത് സ്വപ്‌നത്തില്‍പോലും നിനക്കാത്ത ബിസിനസ് രംഗത്തെ പരാജയമായിരുന്നു.

എന്നാല്‍ അനില്‍ അംബാനി പച്ചവെക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. മക്കളുടെ കൂടി കൈതാങ്ങോടെ തിരിച്ചുവരവിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം തന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിലൂടെ വാഹന നിര്‍മാണ രംഗത്തേക്കു കടക്കുന്നതായ വാര്‍ത്തകളാണ് എത്തുന്നത്. ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് കടക്കാനാണ് അനില്‍ കച്ചമുറുക്കുന്നത്. നാളെയുടെ വാഹനലോകം ഇവിയാണെന്നു പലരെയുംപോലെ അനില്‍ അംബാനിയും തിരിച്ചറിഞ്ഞു കഴിഞ്ഞു.
ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസിന്റെ (ബിവൈഡി) മുന്‍ ജീവനക്കാരനെ തങ്ങളുടെ കൂടെക്കൂട്ടിക്കൊണ്ടാണ് അനില്‍ അംബാനി കരുക്കള്‍ നീക്കുന്നത്.

ആഗോള ഇലക്ട്രിക് കാര്‍ വിപണിയില്‍ ടെസ്ലയുടെ ഒന്നാം നമ്പര്‍ എതിരാളിയായി കണക്കാക്കപ്പെടുന്ന ബിവൈഡിയുടെ മുന്‍ ജീവനക്കാരനെ ഇവി വിഷന്‍ തന്ത്രങ്ങള്‍ മെനയാനായി നിയമിച്ചതിന് പിന്നിലുള്ള റിയന്‍സിന്റെ ലക്ഷ്യം മറ്റൊന്നുമാവില്ലല്ലോ. നിലവില്‍ ടാറ്റ മോട്ടോര്‍സ് ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയാണ് അംബാനിമാരുടെ അടുത്ത ലക്ഷ്യം. റിലയന്‍സ് ഇവി നിര്‍മാണത്തിലേക്ക് കടന്നുവരുന്നത് ടാറ്റ മോട്ടോര്‍സിന്റെ മേധാവിത്വത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് തീര്‍ച്ചയാണ്.

ഇവികളുടെ ഉപയോഗവും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനായി ഇന്ത്യയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും വ്യവസായികളെ പ്രചോദിപ്പിക്കുന്ന കാര്യമാണ്. ഇത് മാത്രമല്ല ഇവികളാണ് ഭാവി എന്ന് തിരിച്ചറിഞ്ഞ് പല ആഗോള ഭീമന്‍മാരും ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇലക്ട്രിക് കാറുകളുടെ നിര്‍മാണം മാത്രമല്ല ബാറ്ററി നിര്‍മാണത്തിലും കൈവെക്കാന്‍ കമ്പനി പദ്ധതിയിടുന്നതായും വാര്‍ത്തകളുണ്ട്.
ഇന്ത്യയില്‍ ഒരു ഇവി ഫാക്ടറി നിര്‍മിക്കാനുള്ള ചെലവുകള്‍ കണ്‍സള്‍ട്ടന്‍സികള്‍ വഴി അന്വേഷിക്കുന്നതായാണ് ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിവര്‍ഷം 250,000 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനാകും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ ശേഷി പ്രതിവര്‍ഷം 750,000 യൂണിറ്റായി ഉയര്‍ത്താനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.

ഇവി വിപണിയിലെ ഒരു പ്രധാനികളാകാന്‍ റിലയന്‍സ് ലക്ഷ്യമിടുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസിനും 10 ജിഡബ്ലിയുഎച്ച് പ്രാരംഭ ശേഷിയുള്ള ഒരു സമര്‍പ്പിത ബാറ്ററി സെല്‍ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.

അടുത്ത ദശാബ്ദത്തിനുള്ളില്‍ ഇതിന്റെ ശേഷി 75 ജിഡബ്ലിയുഎച്ച് ആയി വികസിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇവി ഇന്‍ഡസ്ട്രിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ മുകേഷ് അംബാനിയും താല്‍പര്യപ്പെടുന്നുണ്ട്. റിലയന്‍സ് ഇവി പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭം ഇതിനായി മുകേഷ് അംബാനി തുടക്കമിട്ടിരുന്നു. അങ്ങനെ വന്നാല്‍ ഇവി രംഗത്ത് ചേട്ടന്‍-അനിയന്‍ പോരാട്ടവും ഭാവിയില്‍ പ്രതീക്ഷിക്കാം. ഇതോടൊപ്പം ടാറ്റയും ടെസ്ലയും കളംനിറഞ്ഞു കളിക്കുന്നതോടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മികച്ച വിലയില്‍ ഗുണമേന്മയേറിയ വാഹനം ഇവിയായി ലഭിക്കുമെന്ന് പ്രത്യാശിക്കാം.

മാരുതി സുസുക്കി, ഹ്യുണ്ടായി തുടങ്ങിയ വമ്പന്‍ കമ്പനികളും ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് മത്സരിക്കാനുള്ള പുറപ്പാടിലാണ്. പരമ്പരാഗത ബ്രാന്‍ഡുകളില്‍ നിന്ന് മാത്രമല്ല പുത്തന്‍ കമ്പനികളില്‍ നിന്നും അനില്‍ അംബാനി കടുത്ത മത്സരം നേരിടേണ്ടിവരുമെന്നു ചുരുക്കം.

Related Articles

Back to top button