ശാസ്ത്ര-സാങ്കേതികരംഗത്ത് വീണ്ടുമൊരു ചൈനീസ് അത്ഭുതം; ഈസ്റ്റിൽ 17 മിനിറ്റോളം കത്തിജ്ജ്വലിച്ച് കൃത്രിമ സൂര്യൻ

ശാസ്ത്ര-സാങ്കേതികരംഗത്ത് വീണ്ടുമൊരു ചൈനീസ് അത്ഭുതം; ഈസ്റ്റിൽ 17 മിനിറ്റോളം കത്തിജ്ജ്വലിച്ച് കൃത്രിമ സൂര്യൻ
ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറുകളയാണ് ‘കൃത്രിമ സൂര്യൻ’ എന്ന് വിളിക്കുന്നത്. ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടർ ഉപയോ​ഗിച്ച് ഉയർന്ന താപനില സൃഷ്‍ടിച്ചാണ് ഇപ്പോൾ ശാസ്ത്ര-സാങ്കേതികരംഗത്ത് ചൈനീസ് ശാസ്ത്രജ്ഞർ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. എക്സ്പിരിമെന്‍റൽ അഡ്വാൻസ്ഡ് സൂപ്പർകണ്ടക്റ്റിംഗ് ടോകാമാക് അഥവാ ഈസ്റ്റ് ( EAST) 1,066 സെക്കൻഡ് നേരത്തേക്ക് സൂപ്പർ-ഹോട്ട് പ്ലാസ്മ നിലനിർത്തുന്നതിൽ വിജയിച്ചതായാണ് റിപ്പോർട്ട്. 403 സെക്കൻഡ് ആയിരുന്നു ഇതിനു മുമ്പ് സൂപ്പർ-ഹോട്ട് പ്ലാസ്മ നിലനിർത്തുന്നതിൽ ശാസ്ത്രലോകം വിജയിച്ചത്. ചൈനയുടെ ആണവ സംയോജനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായാണ് സൂപ്പർ-ഹോട്ട് പ്ലാസ്മ നിലനിർത്തുന്നതിൽ ലഭിച്ച വിജയത്തെ കണക്കാക്കുന്നത്. ചൈനീസ് അക്കാദമി ഓഫ് സയൻസസിന് (ASIPP) കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ ഫിസിക്സാണ് പരീക്ഷണം നടത്തിയത്. ഇത്തവണ താപനില 180 ദശലക്ഷം ഫാരൻഹീറ്റ് (10 കോടി ഡിഗ്രി സെൽഷ്യസ്) ചൂടും പരീക്ഷണത്തിൽ കൈവരിച്ചു. സൂര്യന്‍റെ ഊർജ്ജ ഉൽപ്പാദനത്തെ പുനഃസൃഷ്ടിക്കുക എന്നത് ശാസ്ത്ര ലോകത്തിന്റെ ദീർഘകാല ലക്ഷ്യമാണ്. ഇതിലേക്കുള്ള ചവിട്ടുപടിയാണ് ന്യൂക്ലിയർ ഫ്യൂഷൻ. ഇത്രയും നേരം ജ്വലിപ്പിക്കാൻ സാധിച്ചതിലൂടെ ഒരു സുപ്രധാന നാഴികക്കല്ല് ചൈന പിന്നിട്ടു എന്നാണ് വിദഗ്ധർ വിശ്വസിക്കുന്നത്. ഫ്യൂഷനുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താൻ അന്താരാഷ്ട്ര ശാസ്തരജ്ഞർക്കായി ചൈന സ്ഥാപിച്ച തുറന്ന പരീക്ഷണ വേദിയാണ് എക്സ്പിരിമെന്‍റല്‍ അഡ്വാൻസ്ഡ് സൂപ്പർകണ്ടക്റ്റിംഗ് ടോകാമാക് അഥവാ ഈസ്റ്റ്.

Tags

Share this story