മൃഗക്കലിയിൽ വീണ്ടും മരണം: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
Jan 24, 2025, 12:32 IST

വയനാട്ടിൽ വീണ്ടും വന്യമൃഗ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കടുവയുടെ ആക്രമണത്തിൽ യുവതി മരിച്ചു. പഞ്ചരക്കൊല്ലിയിൽ ആദിവാസി യുവതിയായ ശാന്തയാണ് മരിച്ചത്. വനംവകുപ്പ് വാച്ചറുടെ ഭാര്യയാണ് ശാന്ത. എസ്റ്റേറ്റ് തൊഴിലാളിയായ ശാന്ത ജോലിക്ക് പോകുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവർ സ്ഥലത്തേക്ക് പുറപ്പെട്ടു. പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവയെ പിടികൂടി പത്ത് ദിവസം കഴിയുമ്പോഴാണ് വീണ്ടും കടുവയുടെ ആക്രമണം. വനത്തിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വെച്ചാണ് കടുവ ശാന്തയെ ആക്രമിച്ചത്.