World
മോദിയുടെ സന്ദർശനത്തിന് പിന്നാലെ അമേരിക്കയിൽ നിന്ന് വീണ്ടും നാടുകടത്തൽ; രണ്ട് വിമാനങ്ങൾ കൂടി പുറപ്പെട്ടു

അമേരിക്കയിൽ നിന്നുള്ള നാടുകടത്തൽ തുടരുന്നു. അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് പുറപ്പെട്ടു. രാത്രി പത്ത് മണിക്ക് ആദ്യ വിമാനം അമൃത്സറിൽ ലാൻഡ് ചെയ്യും. യുഎസ് സൈനിക വിമാനത്തിൽ തന്നെയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് വീണ്ടും നാടുകടത്തിൽ. ഫെബ്രുവരി 15, 16 തീയതികളിലായി രണ്ട് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. തിരിച്ചയക്കപ്പെടുന്നവരിൽ ഏറിയ പങ്കും പഞ്ചാബ് സ്വദേശികളാണ്. പഞ്ചാബിൽ നിന്ന് 67 പേരും ഹരിയാനയിൽ നിന്ന് 33 പേരും വിമാനത്തിലുണ്ട്
ഗുജറാത്ത്, യുപി, മഹാരാഷ്ട്ര, ഗോവ, ഹിമാചൽപ്രദേശ്, രാജസ്ഥാൻ, ജമ്മു കാശ്മീർ സ്വദേശികളും വിമാനത്തിലുണ്ട്. നേരത്തെ ഫെബ്രുവരി 5നാണ് ആദ്യ വിമാനം ഇന്ത്യയിലെത്തിയത്. 104 പേരാണ് ഇതിലുണ്ടായിരുന്നത്.