Novel

അപരിചിത : ഭാഗം 1

എഴുത്തുകാരി: മിത്ര വിന്ദ

നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു കുണുങ്ങി…..
ഏതപൂർവ്വ തപസിനാൽ ഞാൻ സ്വന്തമാക്കി നിൻ
രാഗലോല……

ശ്രീഹരി…… നീ അവിടെ എന്തെടുക്കുവാ… നിന്റെ ഫോൺ കുറെ നേരായി റിങ് ചെയുന്നു…ഈ ചെക്കൻ ഇതൊന്നും കേൾക്കുന്നില്ലേ ആവോ.

ഗിരിജാദേവി മുറ്റത്തേക്ക് നോക്കി വിളിച്ചു…

നിലാവിന്റെ നീലഭസ്മ… വീണ്ടും ഫോൺ പാടി.

എന്റെ ഗിരിജേ ആ കുന്ത്രാണ്ടം ഒന്നു എടുത്തു ദൂരെ കളയുവോ, അത് കിടന്നു പാടി പാടി മടുത്തു കാണും.ഇങ്ങനെയുണ്ടോ… ഓരോരോ ഇടപാട്.
പ്രഭാവതിയമ്മ ദേഷ്യത്തിൽ മുഖം ചെരിച്ചു.

എന്റെ മുത്തശ്ശി ഇത്രക്ക് ദേഷ്യപ്പെടാൻ എന്താ ഇപ്പോൾ ഇവിടെ ഉണ്ടായത്…ഏട്ടൻ ഇപ്പോൾ വന്നു ആ ഫോൺ എടുത്തോളൂല്ലോ … അതിനാണോ നിങ്ങൾ ഇത്ര ബഹളം കൂട്ടുന്നത്. കോളേജിലേക്ക് പോകാൻ റെഡി ആയി ഉമ്മറത്തേക്ക് വന്ന ആര്യജ ഉറക്കെ ചോദിച്ചു..

നീ മിണ്ടാണ്ട് പോകാൻ നോക്ക്.. എന്നോട് തർക്കുത്തരം പറയുന്നോ….

രണ്ട് തവണ എന്റെ ഫോൺ ഒന്നു റിങ് ചെയ്തതേ ഒള്ളു.. അതിനാണോ ഇവിടെ ഈ കോളിളക്കം.ന്റെ മഹാദേവാ… എന്താ കഥ..

സ്വയം തപിച്ചു കൊണ്ട്  ശ്രീഹരി അകത്തേക്ക് വന്നു. അവൻ ഫോൺ എടുത്തു നോക്കി.

ഹെലോ.. എടാ മിഥുനേ.. ആഹ് ഞാൻ പുറത്തായിരുന്നു.. എന്താടാ നീ വിളിച്ചത്.ശ്രീഹരി പതുക്കെ വെളിയിലേക്ക് ഇറങ്ങി.

മതിലകത്തു ശങ്കരൻ തിരുമേനിയുടെയും പ്രഭാവതി അന്തർജ്ജനത്തിന്റെയും കൊച്ചു മക്കൾ ആണ് ശ്രീഹരിയും ആര്യജയും. ശ്രീഹരി എം ടെക് കംപ്ലീറ്റ് ചെയ്തു നിൽക്കുന്നു, ആര്യജ ഡിഗ്രി ചെയുന്നു. അവരുടെ അച്ഛൻ പ്രതാപൻ ഒരു അറിയപ്പെടുന്ന വക്കിൽ ആണ്. ഗിരിജാദേവി വീട്ടമ്മയും.

ആരായിരുന്നു നിന്നെ ഇത്ര കാര്യായിട്ട് വിളിച്ചത് ശ്രീക്കുട്ടാ..കാലത്തെ പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ  മുത്തശ്ശി ശ്രീഹരിയെ നോക്കി.

അത് മിഥുൻ ആയിരുന്നു മുത്തശ്ശി.. അവൻ ഒരു ബാങ്ക് ടെസ്റ്റിന്റെ കാര്യം പറയുവാൻ വിളിച്ചത് ആണ്.

ചൂട് ദോശയിലേക്ക് തേങ്ങ ചട്നി ഒഴിച്ചു കൊണ്ട് അവൻ മുത്തശ്ശിക്ക് മറുപടി കൊടുത്തു.

എപ്പോൾ  ആണ് മോനേ ബാങ്ക് ടെസ്റ്റ്‌ .. നിനക്ക് എത്രയും പെട്ടന്ന് ഒരു ജോലി കിട്ടിയിരുന്നെങ്കിൽ… മുത്തശ്ശിക്കും ശ്രീഹരിക്കും ഉള്ള ചായയും ആയി വന്ന ഗിരിജാദേവി അവരോടായി പറഞ്ഞു.

അടുത്ത ആഴ്ച ആണ് അമ്മേ,
എറണാകുളത്തു വെച്ചാണ് ടെസ്റ്റ്‌.. ഞങ്ങൾ കുറച്ചു ആളുകൾ ഉണ്ട് പോകാൻ.. അവൻ ചായ എടുത്തു ചുണ്ടോടടുപ്പിച്ചു.

ഏത് ദിവസം ആണ് ശ്രീകുട്ടാ,,,അമ്മാത്തു (അമ്മയുടെ തറവാട് )മുത്തശ്ശിടെ ഷഷ്ടിപൂർത്തി  അടുത്ത ആഴ്ച അല്ലെ. ഗിരിജ ദേവി പറഞ്ഞു .

അയ്യോ…. പറഞ്ഞപോലെ അത് നേരാണല്ലോ, ശ്രീഹരി അപ്പോൾ ആലോചിച്ചു.

ആഹ് ഞാൻ മിഥുനേ ഒന്നു വിളിച്ചു നോക്കട്ടെ, അവൻ കൈകഴുകിയിട്ട് തന്റെ മുറിയിലേക്ക് പോയി.

അമ്മേ…. കുറച്ചു കഴിഞ്ഞതും ശ്രീഹരി ഉറക്കെ അമ്മയെ വിളിച്ചു.

എന്താടാ മോനേ… ഗിരിജ അവന്റെ അരികിലേക്ക് വന്നു.

അമ്മേ… വ്യാഴാഴ്ച അല്ലെ അമ്മാത്തു ചടങ്ങ്.. അവൻ ഫോൺ മേശയിലേക്ക് വെച്ചു.

അതേ മോനേ… നമ്മൾക്ക് വ്യാഴാഴ്ച കാലത്തെ പോകണം. അവർ പറഞ്ഞു.

ഓക്കേ അമ്മേ… ശനിയാഴ്ച ആണ് എന്റെ ടെസ്റ്റ്‌.. അപ്പോൾ നോ പ്രോബ്ലം. അവൻ ചിരിച്ചു.

ആണോ…. നന്നായി… ഗിരിജ സന്തോഷത്തോടെ അകത്തേക്ക് പോയി.

ഹാവൂ രക്ഷപെട്ടു…താൻ വിഷമിച്ചു ഇരിക്കുക ആയിരുന്നു… ഗിരിജ ആശ്വസിച്ചു..

അവരുടെ മനസിലെ കണക്കു കൂട്ടൽ അന്ന് രാത്രിയിൽ അവർ പ്രതാപനും ആയി പങ്ക് വെച്ചു.

അതേയ്… ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു..അലമാരയിൽ നിന്ന് ഒരു ബെഡ്ഷീറ്റ് എടുത്തു കട്ടിലിൽ വൃത്തിയായി വിരിച്ചുകൊണ്ട് അവർ അയാളെ വിളിച്ചു.

പ്രതാപൻ കണ്ണട എടുത്തു മുഖത്തു നിന്നും മാറ്റി കൊണ്ട് ഭാര്യയെ നോക്കി.

ശ്രീകുട്ടനു ഒരു കല്യാണാലോചന…. അവർ തിക്കും പോക്കും നോക്കി കൊണ്ട് ഭർത്താവിനോടായി പറഞ്ഞു.

അയാൾ നെറ്റി ചുളിച്ചു കൊണ്ട് അവളെ നോക്കി..

നീ എന്താ പറഞ്ഞു വരുന്നത്… ഏത് ശ്രീകുട്ടന്റെ കാര്യം ആണ് നീ പറയുന്നത്..

അയാൾ അവരെ നോക്കി.

ഏത് ശ്രീക്കുട്ടൻ എന്നോ..ഏട്ടന് എതൊക്കെ ശ്രീകുട്ടനെ,  അറിയാം അവൾക്ക് ദേഷ്യം വന്നു.

അയാൾ പക്ഷെ വീണ്ടും അവളെ നോക്കി…

നമ്മുടെ മോന്റെ കാര്യം…മനസ്സിലായോ. ഒടുവിൽ ഗിരിജ പറഞ്ഞു.

ആർക്ക്.. ശ്രീകുട്ടനോ..നീ എന്താ ഈ പറയുന്നത്… അയാൾ മനസിലാകാത്ത മട്ടിൽ ഗിരിജാദേവിയെ നോക്കി.

അതേയ്… ഏട്ടാ….

ചൈത്രത്തിലെ രേവതി ഇല്ലേ… എന്റെ കൂടെ പഠിച്ച… അവളുടെ മോൾക്ക് അവർ കല്യാണം ആലോചിക്കുന്നുണ്ടെന്നു കഴിഞ്ഞ ദിവസം ദേവിക വിളിച്ചപ്പോൾ പറഞ്ഞു. അവളെന്നോട് പറയുവാ ഏടത്തി ഒന്നു നമ്മുടെ ശ്രീകുട്ടന് വേണ്ടി ചോദിച്ചു നോക്കാൻ. ആ കുട്ടിയെ വേളി കഴിച്ചോണ്ട് വന്നാൽ പിന്നെ നമ്മൾ ആരാ.. എന്തോരം ഭൂസ്വത്തു ഉള്ളവർ ആണെന്നോ… കഴിഞ്ഞ തിരുവാതിരക്ക് ക്ഷേത്രത്തിൽ ചെന്നപ്പോൾ രേവതി അണിഞ്ഞ പാലക്കാ മാല.. ഹോ ഒന്നു കാണേണ്ടതായിരുന്നു… ഒറ്റ ശ്വാസത്തിൽ ഭാര്യ പറഞ്ഞത് ഒക്കെ കേട്ടു കൊണ്ട് ഇരിക്കുക ആണ് പ്രതാപൻ..

നിന്റെ അനുജത്തി അല്ലെ dദേവിക…അവളുടെ ഒരു കണ്ടുപിടുത്തം… അയാൾ ചിറികോട്ടി.

എന്താ എന്റെ അനുജത്തിക്ക് ഒരു കുഴപ്പം.. ഹും…ആ കുട്ട്യേ നിങ്ങൾ കണ്ടിട്ടില്ലാലോ, അമ്മാത്തു വരുമ്പോൾ ഞാൻ കാണിക്കാം.. അവൾ ദേഷ്യപ്പെട്ടു.

അതിന്റെ ഇടയ്ക്കു നീ അവിടേക്കും അവരെ ക്ഷണിച്ചോ. എന്റെ കൃഷ്ണ… അയാൾ മൂക്കത്തു വിരൽ വെച്ചു.

ഏട്ടന് പറഞ്ഞാൽ മനസിലാകില്ല…. ഞാൻ കാണിച്ചു തരാം അടുത്ത ആഴ്ച..

എന്റെ ഗിരിജേ… നീ ഇങ്ങനെ കിടന്നു ബഹളം വെയ്ക്കാതെ.. അവന്റെ പഠിപ്പ് കഴിഞ്ഞതേ ഒള്ളു.. ഒരു ജോലി ഒക്കെ ആകട്ടെ.. പിന്നെ നീ അവന്റെ ഇഷ്ട്ടം ആരാഞ്ഞോ.. അയാൾ കട്ടിലിലേക്ക് കിടന്നു കൊണ്ട് ചോദിച്ചു.

എന്റെ മോനു നൂറു ശതമാനം ഇഷ്ടമാകും.. ഉറപ്പ്… ഗിരിജ അയാൾക്കഭിമുഖമായി കിടന്നു.

മ്… ഒരു പാലാക്കാമല… പെണ്ണല്ലേ ജാതി… അയാൾ മന്ദഹസിച്ച കണ്ണുകൾ അടച്ചു.

കാലത്തെ തന്നെ ഗിരിജ അടുക്കളയിൽ കയറും. ആ ജോലി കഴിയണമെങ്കിൽ നേരം കുറെ ആകും.

അമ്മക്ക് എന്താ സമ്മാനം വാങ്ങി കൊടുക്കേണ്ടത് ഗിരിജേ… നീ പ്രതാപനോട് സംസാരിച്ചോ… പ്രഭാവതി മരുമകളെ നോക്കി.

ഉച്ചത്തേക്ക് ഉള്ള പ്രാതലിനു വേണ്ടി ഉള്ള കറിക്ക് നുറുക്കി കൊണ്ട് ഇരിക്കുക ആണ് രണ്ടുപേരും.

അത്… അമ്മേ…. ഏട്ടൻ പറഞ്ഞു, അമ്മക്ക് ഒരു നവരത്നമോതിരം മേടിച്ചു കൊടുക്കാമെന്നു…അത് പറയുമ്പോൾ ഗിരിജയെ വിക്കി…

തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!