അപരിചിത : ഭാഗം 25
Jan 20, 2025, 08:27 IST

എഴുത്തുകാരി: മിത്ര വിന്ദ
അതേയ് ഇനി എന്നെ സാർ എന്ന് വിളിക്കേണ്ട കെട്ടോ, എന്റെ പേര് വിളിച്ചോളൂ, അതും പറഞ്ഞു ശ്രീ ഫോൺ ബാറ്ററി ചാർജ് ചെയ്യാനായി തുടങ്ങുന്നത് അവൾ കണ്ടു അവന്റെ ബെഡ്ഷീറ്റിൽ എല്ലാം മഞ്ഞളിന്റെ നിറം ആണ്. എല്ലാം ഒന്നു കുറഞ്ഞിട്ടു വേണം ഇതൊക്ക നനയ്ക്കുവാൻ എന്ന് അവൾ ഓർത്തു. ********* മിഥുൻ പറഞ്ഞ സംഭവങ്ങൾ എല്ലാം കേട്ടു കൊണ്ട് ഞെട്ടി ഇരിക്കുക ആണ് അവന്റെ അമ്മ മായ... ശോ... കഷ്ടം ആയല്ലോ... എന്ത് ആണ് ഇപ്പോൾ ചെയ്ക അല്ലെ മോനേ... അവർ മിഥുനെ നോക്കി. വരട്ടെ അമ്മേ... നമ്മൾക്ക് കാണാം.. മിഥുൻ പറഞ്ഞു. അമ്മ ഇനി ഇതൊന്നും അവനോട് ചോദിക്കാൻ നിൽക്കരുത് കെട്ടോ.. മിഥുൻ അമ്മക്ക് താക്കിതും നൽകി. ***-****-**** നമ്മൾക്ക് ഇന്ന് അമ്പലത്തിൽ ഒന്നു ദീപാരാധന തൊഴാൻ പോയാലോ ശ്രീകുട്ടാ.... പ്രഭാവതിയമ്മ ശ്രീഹരിയെ നോക്കി. പോകാം മുത്തശ്ശി... അതിനെന്താ... ഞാൻ റെഡി ആകാം... ശ്രീഹരി പറഞ്ഞപ്പോൾ അവർക്ക് സന്തോഷം ആയി. ഒരു കസവു മുണ്ടും കരിനീലനിറം ഉള്ള ഷർട്ടും ഇട്ടുകൊണ്ട് അവൻ റെഡി ആയി വന്നു. വൈകാതെ ശ്രീഹരിയും മുത്തശ്ശിയും. കൂടി അമ്പലത്തിലേക്ക് പോയി. മേഘ്ന വെറുതെ മുറിയിൽ ഇരിക്കുകയാണ്. ആരോ വാതിലിൽ തട്ടി. ആരാണിത്...അവൾ വാതിൽ തുറന്നു. പ്രതാപൻ ആയിരുന്നു പുറത്ത്. അവൾ ഒന്നു പകച്ചു.. കുട്ടി.... അയാൾ വിളിച്ചു. കുട്ടിയുടെ അമ്മയുടെ പേര് മേനക എന്നാണോ... പ്രതാപൻ ചോദിച്ചതും മേഘ്‌ന ഞെട്ടി.. അവൾ ആദ്യം കാണുന്നത് പോലെ അയാളെ നോക്കി അല്ല... എന്റെ അമ്മയുടെ പേര് സുമലത എന്നാണ്... ആദ്യം ഉണ്ടായ പരിഭ്രമം അവൾ പെട്ടന്ന് മറച്ചു പിടിച്ചു. എന്താ അച്ഛാ.... അവൾ അയാളെ നോക്കി. അച്ഛാ.... അവൾ ആദ്യം ആയിട്ടാണ് അങ്ങനെ വിളിക്കുന്നത്. പ്രതാപൻ അവളേ സാകൂതം നോക്കി. എന്റെ ഒരു ഫ്രണ്ട് ഉണ്ടaയിരുന്നു. എന്റെ കൂടെ പഠിച്ചതാണ് അവൾ. അവളുടെ അതേ മുഖച്ഛായ ആണ് മോൾക്കും.. അയാൾ പറഞ്ഞു. അച്ഛൻ എവിടെ ആണ് പഠിച്ചത്. അവൾ ആകാംഷയോടെ അയാളെ നോക്കി. ഞാൻ പഠിച്ചത് എറണാകുളത്തു ആയിരുന്നു. ആദ്യം എന്റെ അച്ഛന് അവിടെ ഒരു കമ്പനിയിൽ ആയിരുന്നു ജോലി. അവിടെ ആണ് ഞാൻ പത്താംതരം വരെ പഠിച്ചത്. അയാൾ പറഞ്ഞു നിർത്തി. അവിടെ വെച്ചു ഉണ്ടായിരുന്ന എന്റെ ഒരു സുഹൃത്താണ് മേനക. അവളുടെ മാത്രം ഒരു വിവരവും പിന്നെ ഇല്ലായിരുന്നു. അയാൾ പഴയ കാലത്തിലൂടെ ആണ് ഇപ്പോൾ സഞ്ചരിക്കുന്നത് എന്ന് അവൾക്ക് തോന്നി. മുറ്റത്തു ഒരു ഓട്ടോ വന്നു നിൽക്കുന്ന ശബ്‌ദം കേട്ടതും അയാൾ വേഗം സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് പോയി. ഗിരിജയും ആര്യയും ആയിരുന്നു.. എന്തോ കാര്യമായിട്ടുള്ള ഷോപ്പിംഗ് ഒക്കെ കഴിഞ്ഞുള്ള വരവാണ് രണ്ടാളും. ഉറക്കെ ഉള്ള സംസാരവും ചിരിയും ഒക്കെ കേൾക്കാം താഴെ നിന്നും. മേഘ്‌ന വാതിൽ ചാരി ഇട്ടിട്ടു, ജനലയുടെ അരികത്തായി വന്നു നിന്നു. മഴ ചന്നം പിന്നം പെയ്യാൻ തുടങ്ങിയിരിക്കുന്നു. രണ്ട് മൂന്നു ദിവസം ആയി, കാറും കോളും നിറഞ്ഞു മാനം നിൽക്കാൻ തുടങ്ങിയിട്ട്. ശ്രീഹരിയും മുത്തശ്ശിയും ഇതുവരെ വന്നിട്ടില്ല.. സർപ്പക്കാവിൽ മുത്തശ്ശി കൊളുത്തിയ കല്ലുവിളക്കിലെ തിരിയിൽ മഴത്തുള്ളികൾ ഉമ്മ വെച്ചു എന്ന് അവൾക്ക് തോന്നി. നാസിക്കിൽ ആയിരുന്നപ്പോൾ മഴ വന്നാൽ താൻ മുറ്റത്തേക്ക് ഇറങ്ങുo. സഞ്ജുവും ദീപനും കാണും കൂടെ... " ഇതുവരെ ആയിട്ടും നിന്റെ കുട്ടിക്കളി മാറിയില്ലേ... മഴ നനയാതെ... പനി പിടിക്കും മോളു..." അമ്മ ദേഷ്യപെടുന്നുണ്ട്. കുട്ടികൾ അല്ലെ... അവർ കളിക്കട്ടെ... ഡാഡി എപ്പോളും തനിക്കു ഫുൾ സപ്പോർട്ട് ആയിരുന്നു. സഞ്ജുവും ദീപനും താനും കൂടി പരസ്പരം കൈകൾ കോർത്തു കറങ്ങുക ആണ്. ഓരോരോ ഓർമകളിൽ ആണ് അവൾ. ശ്രീഹരി മുറിയിലേക്ക് കയറി വന്നത് അവൾ അറിഞ്ഞിരുന്നില്ല. അവൻ നോക്കിയപ്പോൾ മേഘ്‌ന വിദൂരതയിലേക്ക് കണ്ണുംനട്ട് നിൽക്കുക ആണ്. കുളി കഴിഞ്ഞു മുടി അഴിച്ചിട്ടിരിക്കുക ആണ്. പുറത്തു നിന്നും വീശുന്ന കാറ്റിൽ അവളുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ട്. വിടർന്ന കണ്ണുകളും നീണ്ട നാസികയും ആണ് അവളുടെ അഴക് എന്ന് അവൻ ഓർത്തു. പെട്ടന്ന് ആയിരുന്നു ഒരു ഇടി മുഴങ്ങിയത്. അമ്മേ... എന്നുറക്കെ കരഞ്ഞുകൊണ്ട് പിന്തിരിഞ്ഞ മേഘ്‌ന ഒരു നിമിഷം കൊണ്ട് ശ്രീഹരിയുടെ നെഞ്ചിലേക്ക് ആണ് വീണത്. അവൻ പിറകിൽ വന്നു നിന്നത് അവൾ കണ്ടില്ലായിരുന്നു. രണ്ടാളുടെയും കണ്ണുകൾ ഒരുനിമിഷം പരസ്പരം കോർത്തു. പെട്ടന്ന് തന്നെ അവൾ പിന്നോട്ട് മാറി. ശ്രീഹരിക്കും ചെറിയ ചമ്മൽ അനുഭവപെട്ടു. അവൻ ഒന്നും പറയാതെ മുറിക്കു പുറത്തേക്ക് പോയി. ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നത് കൊണ്ട് മേഘ്‌ന ശരിക്കും പേടിച്ചു പോയിരുന്നു. പക്ഷേ... ശ്രീഹരി എപ്പോളാണ് മുറിയിലേക്ക് വന്നത് എന്നവൾക്ക് അറിയില്ലായിരുന്നു. അവൻ തിരികെ കയറി വന്നപ്പോൾ അവന്റെ കൈയിൽ ഒരു കവർ ഉണ്ടായിരുന്നു. അവൻ അത് തന്റെ അലമാര തുറന്ന് അകത്തേക്ക് എടുത്തു വെച്ചു......തുടരും