AutomobileBusiness

ആപ്പിള്‍ ഇന്ത്യയില്‍നിന്നും യുഎസിലേക്ക് കയറ്റി അയച്ചത് 6 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍

ന്യൂഡല്‍ഹി: ആപ്പിള്‍ ഐഫോണിന്റെ നിര്‍മാണത്തില്‍ വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യ സെപ്റ്റംബര്‍ വരെയുള്ള ആറുമാസത്തിനിടെ യുഎസിലേക്കു കയറ്റിയയച്ചത് 6 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍. ഇന്ത്യയില്‍ ഉത്പാദനം വര്‍ധിപ്പിച്ച് ചൈനയെ നിര്‍മാണത്തില്‍ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള കമ്പനിയുടെ തീരുമാനമാണ് ഈ നേട്ടത്തിന് പിന്നില്‍.

പെഗാട്രോണ്‍ കോര്‍പറേഷന്‍, തായ്വാനിലെ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ്, ഐഫോണുകള്‍ അസംബിള്‍ ചെയ്യുന്ന ദക്ഷിണേന്ത്യയിലെ ടാറ്റ ഇലക്ട്രോണിക്‌സ് എന്നിങ്ങനെ ആപ്പിളിന് മൂന്ന് വിതരണക്കാരാണ് നിലവിലുള്ളത്. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌കോണിന്റെ പ്രാദേശിക യൂണിറ്റാണ് രാജ്യത്തെ ഐഫോണ്‍
കയറ്റുമതിയുടെ പകുതിയും നിര്‍വഹിക്കുന്നത്.

10 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക കയറ്റുമതിയാണ് 2024 സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിള്‍ ലക്ഷ്യമിടുന്നത്. പ്രാദേശിക സബ്സിഡികള്‍, വിദഗ്ധ തൊഴിലാളികള്‍, രാജ്യത്തിന്റെ സാങ്കേതിക കഴിവുകളിലെ മുന്നേറ്റം എന്നിവ പ്രയോജനപ്പെടുത്തി ആപ്പിള്‍ ഇന്ത്യയിലെ നിര്‍മ്മാണ ശൃംഖല അതിവേഗം വിപുലീകരിക്കുകയാണ്. യുഎസും ചൈനയുമായി നിലനില്‍ക്കുന്ന നയതന്ത്ര പ്രശ്‌നങ്ങളും ഇതുമൂലമുള്ള അപകട സാധ്യതകളും കണക്കിലെടുത്ത് നിര്‍മ്മാണത്തിന് ചൈനയെ ആശ്രയിക്കുന്നത് കുറക്കുകയാണ് ലക്ഷ്യം.

തെക്കന്‍ ടെക് ഹബ്ബായ ബംഗളൂരുവിലും പടിഞ്ഞാറന്‍ നഗരമായ പൂനെയിലും ഉള്‍പ്പെടെ പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കാനും ആപ്പിള്‍ ശ്രമിക്കുന്നുണ്ട്. 2030-ഓടെ ഇന്ത്യയിലെ വില്‍പ്പന 33 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് ബ്ലൂംബെര്‍ഗ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോദി സര്‍ക്കാര്‍ നല്‍കിയ സബ്സിഡികള്‍ മികച്ച ക്യാമറകളും ടൈറ്റാനിയം ബോഡിയോടും കൂടിയ ആപ്പിളിന്റെ വിലയേറിയ ഐഫോണ്‍ 16 പ്രോ, പ്രോ മാക്സ് മോഡലുകള്‍ ഈ വര്‍ഷം ഇന്ത്യയില്‍ അസംബിള്‍ ചെയ്യാന്‍ സഹായിച്ചതും രാജ്യത്തിന് നേട്ടമായിരിക്കുകയാണ്.

Related Articles

Back to top button