Business

ജിയോ, ബിഎസ്എൻഎൽ അ‌ടക്കം എല്ലാവർക്കും ബാധകം; ജനു-1 മുതൽ പുതിയ ടെലിക്കോം RoW റൂൾ

ഇന്ത്യയിലെ ടെലിക്കോം രംഗത്ത് വൻ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന മാറ്റവുമായി കേന്ദ്ര ടെലിക്കോം മന്ത്രാലയം രംഗത്ത്. ടെലികമ്മ്യൂണിക്കേഷൻ നിയമത്തിന് കീഴിൽ വിജ്ഞാപനം ചെയ്തിട്ടുള്ള റൈറ്റ് ഓഫ് വേ (Right of Way) നിയമങ്ങൾ പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു എന്ന് ഇടിയും ടെലിക്കോം ടോക്കും റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഓരോ സംസ്ഥാനത്തെയും റൈറ്റ് ഓഫ് വേ (RoW) നിയമങ്ങൾ വ്യത്യസ്തമാണ്. ഈ രീതി മാറ്റി രാജ്യത്തെല്ലായിടത്തും ഒരൊറ്റ റോ റൂൾ അ‌വതരിപ്പിക്കാൻ ആണ് കേന്ദ്ര നീക്കം.

ഓരോ സംസ്ഥാനത്തും റോ റൂൾ വ്യത്യസ്തമായതിനാൽ തന്നെ ടെലിക്കോം കമ്പനികൾ വിവിധ പ്രദേശങ്ങളിൽ അ‌ടിസ്ഥാന ടെലിക്കോം സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും അ‌നുമതി നേടുന്നതിനും വ്യത്യസ്ത തുക ചെലവഴിക്കേണ്ടിവരുന്നു. പലയിടത്തെയും നിയമങ്ങൾ ടെലിക്കോം കമ്പനികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒഴിവാക്കാനും രാജ്യത്ത് എല്ലായിടത്തും ടെലിക്കോം സൗകര്യങ്ങൾ ഒരുക്കുന്നതിന് ഒരേ ചിലവ് ഉറപ്പാക്കുന്നതിനും പുതിയ റോ റൂൾ സഹായിക്കുന്നു.

വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത റോ റൂൾ മൂലം ടെലികോം കമ്പനികൾക്ക് കണക്ടിവിറ്റി ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാൻ കാലതാമസം നേരിടുന്നുണ്ട്. ഇത് കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ എന്ന നയത്തിന് ഉൾപ്പെടെ തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് ടെലിക്കോം അ‌ടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ നിർണായകമാകാൻ സാധ്യതയുള്ള പുതിയ നയം മാറ്റം കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്.

പൊതു-സ്വകാര്യ വസ്തുവകകളിൽ മൊബൈൽ ടവറുകളും മറ്റ് ടെലിക്കോം ഇൻഫ്രാസ്ട്രക്ചറുകളും സ്ഥാപിക്കുന്നതിനുള്ള നിശ്ചിത മാനദണ്ഡങ്ങൾ അ‌ടങ്ങുന്നതാണ് റോ റൂൾ. അ‌ടുത്തിടെ വിജ്ഞാപനം ചെയ്ത ടെലിക്കോം റോ റൂൾസ് 2025 ജനുവരി 1 മുതൽ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായിരിക്കും. പൊതു സുരക്ഷയ്ക്കും സുതാര്യതയ്ക്കും മുൻഗണന നൽകി​ക്കൊണ്ടാണ് പുതിയ റോ റൂൾസ് തയാറാക്കിയിരിക്കുന്നത്. അ‌തിനാൽ പ്രോപ്പർട്ടി ഉടമകളും ടെലികോം കമ്പനികളും പുതിയ നിയമം നിർബന്ധമായും പാലിക്കണം.

എല്ലാ സംസ്ഥാനങ്ങളോടും അവരുടെ റോ പോർട്ടലുകൾ അപ്‌ഗ്രേഡ് ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി ഇടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ബന്ധപ്പെട്ട എല്ലാ അധികാരികളെയും അറിയിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) സെക്രട്ടറി നീരജ് മിത്തൽ നിർദേശിച്ചു.

പുതിയ ടെലിക്കോം റോ റൂൾസ് നടപ്പിലാകുന്നതോടെ രാജ്യത്തുടനീളം ടെലിക്കോം ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിൽ ടെലിക്കോം കമ്പനികൾക്കെല്ലാം ഒരേ ​ചെലവ് തന്നെയാകും വരിക. അംബാനിയുടെ റിലയൻസ് ജിയോ മുതൽ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) തുടങ്ങി സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിന് വരെ ഈ നയം മാറ്റം ഗുണം ചെയ്യും എന്ന് കരുതപ്പെടുന്നു.

രാജ്യത്ത് എല്ലായിടത്തും ഒരേ ടെലിക്കോം റോ റൂൾസ് നടപ്പിലാകുന്നതോടെ ഒപ്റ്റിക്കൽ ഫൈബർ ലൈനുകളുടെയും ടെലികോം ടവറുകളുടെയും ഇൻസ്റ്റാളേഷൻ വർദ്ധിക്കും എന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്. രാജ്യത്തെ 5G നെറ്റ്‌വർക്കുകളുടെ വേഗത്തിലുള്ള വ്യാപനത്തിന് അ‌ടക്കം ഈ മാറ്റം ഏറെ ഗുണം ചെയ്യും എന്ന് വിദഗ്ധർ വിലയിരുത്തുന്നു. ബിഎസ്എൻഎൽ 4ജി വ്യാപനത്തിനും ഇത് ഗുണം ചെയ്യും.

ഇന്ത്യയിൽ ഉടനീളം ഏകീകൃത റോ റൂൾസ് നടപ്പാക്കണമെന്ന് ടെലിക്കോം കമ്പനികൾ തന്നെ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. അ‌തിന്റെ ഭാഗമായിക്കൂടിയാണ് ഇപ്പോൾ ടെലിക്കോം വകുപ്പ് സംസ്ഥാനങ്ങൾക്ക് റോ റൂൾസ് അ‌പ്ഡേറ്റ് ചെയ്യാൻ നിർദേശം നൽകിയിരിക്കുന്നത്. പുതിയ റോ റൂൾ നടപ്പിലാകുന്നതോടെ ടെലിക്കോം കമ്പനികൾക്ക് സംസ്ഥാനങ്ങളിൽ നിന്ന് വിവിധ അനുമതികൾ നേടുന്ന പ്രക്രിയ ഡിജിറ്റലാകും, ഇത് കാര്യങ്ങൾ ലളിതമാക്കും.

എല്ലാ നടപടികളും ഡിജിറ്റൽ ആകുന്നതിനാൽ കാര്യക്ഷമതയും സുതാര്യതയും വർധിക്കും എന്ന നേട്ടവുമുണ്ട്. ഇപ്പോൾ പല സംസ്ഥാന സർക്കാരുകളിൽ നിന്നും വിവിധ അനുമതികൾ നേടണമെങ്കിൽ ഓഫ്​ലൈനായി ഒരുപാട് നടപടിക്രമങ്ങൾ പിന്നിടുകയും അ‌തിന്റെ പുറകേ നടക്കുകയും ചെയ്യേണ്ടിവരുന്നു. പുതിയ റോ റൂൾ പ്രബല്യത്തിൽ വരുന്ന ജനുവരി 1 മുതൽ ഈ അ‌വസ്ഥ മാറും.

Related Articles

Back to top button