അരികിലായ്: ഭാഗം 1

അരികിലായ്: ഭാഗം 1

രചന: മുല്ല

കേശൂ..... മോനെ കേശൂ... വാതിലിൽ ആരോ തട്ടി വിളിക്കുന്നത് അറിഞ്ഞാണ് അവൻ ഉറക്കം ഉണർന്നത്.... എഴുന്നേറ്റ് ഇരുന്നു ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം രണ്ട് മണി.... നേരം പാതിരായാണ്.... അമ്മയുടെ ശബ്ദം ആണ് കേൾക്കുന്നത്.... അമ്മയെന്താ ഈ നേരത്ത് വിളിക്കുന്നത്... ദൈവമേ... ആർക്കെങ്കിലും വയ്യാതായോ.... ചിന്തകളോടെ ചെന്നു കൊണ്ടവൻ മുറിയുടെ വാതിൽ തുറന്നു..... കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മുന്നിൽ അമ്മയും അച്ഛനും.... എന്താ അമ്മേ... എന്ത് പറ്റി... മുത്തശ്ശിക്ക് എങ്ങാനും വയ്യാതായോ.... അതൊന്നും അല്ല മോനെ... ഗിരിജ അപ്പച്ചി മരിച്ചു.... പറഞ്ഞത് അമ്മയാണ്... ആ നിമിഷം എന്റെ നോട്ടം പോയത് അച്ഛനിലേക്കാണ്... അച്ഛന്റെ കണ്ണുകൾ കലങ്ങി ചുവന്നു ഇരിക്കുന്നു.... ആ പെങ്ങൾ എത്രത്തോളം പ്രിയപ്പെട്ടതാണ് എന്ന് കാണിക്കുന്നു അത്‌.... എന്നിട്ടും എന്തിനാണ് അവരോട് ദേഷ്യം കാണിച്ചു അച്ഛൻ നടന്നിരുന്നത്.... കുടുംബത്തിന്റെ മാനം കളഞ്ഞു എന്നത് കൊണ്ടാണോ.... കേശൂ.... വാ മോനെ... ഇപ്പൊ തന്നെ പുറപ്പെടാം പാലക്കാട്ടേക്ക്.... അവളെ എനിക്ക് കാണണം മോനെ.... അവസാനമായിട്ട്... അച്ഛൻ പറഞ്ഞതും മറുത്തൊന്നും പറയാതെ തലയാട്ടി.... അച്ഛനും അമ്മയും പോകുന്നത് നോക്കി നിന്നു..... ഞാൻ   ആദികേശവ് .... എല്ലാവരും എന്നെ വിളിക്കുന്നത് കേശു എന്നാണ്.... കേശവൻ എന്നായിരുന്നു മുത്തശ്ശൻറെ പേര്... അതിന്റെ കൂടെ ആദി എന്ന് ചേർത്തു.... മുത്തശന്റെ ഇഷ്ടത്തിന് തന്നെയാണ് ആ പേര് എന്നെ  വിളിക്കുന്നതും.... ആ പോയത് എന്റെ അച്ഛൻ മുകുന്ദൻ.... അമ്മ ലളിത.... എനിക്ക് ഒരു ചേട്ടനും അനുജത്തിയും കൂടെ ഉണ്ട്.... അനുജത്തി അനന്യ ....  ഞങ്ങടെ  അമ്മു മോള്.... ചേട്ടൻ ശ്രീനാഥ്.....  ചേട്ടന്റെ ഭാര്യ ആർദ്ര.... ഒരു മോനും ഉണ്ട് ഏട്ടന്.... അലോക്.... എല്ലാവരുടെയും അല്ലു മോൻ.... ഇത്രയും ആണ് ഞങ്ങളുടെ കുടുംബം.... മുത്തശ്ശൻ മരിച്ചു പോയി.... മുത്തശ്ശി ചെറിയച്ഛന്റെ കൂടെ ആണ് താമസം.... മുത്തശ്ശൻ കേശവൻ... മുത്തശ്ശി ഭാരതി.....  അവർക്ക് മൂന്ന് മക്കൾ ആണ്... മൂത്തതാണ് എന്റെ അച്ഛൻ... പിന്നെ ഉള്ളത് ചെറിയച്ഛൻ ദേവൻ.... ഇരുവർക്കും ഒരേ ഒരു പെങ്ങൾ... ഗിരിജ.... എന്റെ അപ്പച്ചി..... ഇവർക്ക് എല്ലാവർക്കും അപ്പച്ചിയോട് ദേഷ്യം എന്തിനാണ് എന്നല്ലേ.... എല്ലാ കഥകളിലെയും പോലെ ഇഷ്ട്ടപ്പെട്ട ഒരാളുടെ കൂടെ ഇറങ്ങി പോയതിന്റെ ദേഷ്യം.... ചെറിയൊരു ഓർമയെ ഉള്ളൂ അപ്പച്ചിയെ കുറിച്ച്... എനിക്ക് നാലു വയസ്സ് ഉള്ളപ്പോൾ ആണ് അപ്പച്ചി പോകുന്നത്.... ഇവിടത്തെ പറമ്പിലെ കാര്യങ്ങൾ ഒക്കെ നോക്കുന്ന ഒരു രാമേട്ടൻ ഉണ്ടായിരുന്നു.... ആൾടെ മോൻ ചന്ദ്രനും ആയിട്ട്..... ഒരു സുപ്രഭാതത്തിൽ അപ്പച്ചി ആൾടെ കൂടെ ഇറങ്ങി പോയി അമ്പലത്തിൽ വെച്ച് താലി കെട്ടി... രണ്ട് വീട്ടിലും കയറ്റിയില്ല അവരെ... അതോടെ അവർ ഇവിടം വിട്ടു.... പിന്നെ അവരെ പറ്റി ഒന്നും അറിയില്ല എന്നതാണ് സത്യം....   പാലക്കാട്ടേക്ക് പുറപ്പെടുമ്പോൾ ഇന്നോവയുടെ പിന്നിൽ നിന്ന് കരച്ചിലിന്റെ ചീളുകൾ ഉയരുന്നുണ്ട്.... മുത്തശ്ശിയും അമ്മയും ചെറിയമ്മയും ആണ്....  അച്ഛനും ചെറിയച്ഛനും  എന്തോ ഓർമകളിൽ മുഴുകി ഇരിക്കുന്നു.. ചേട്ടൻ മോനെയും കൊണ്ട് എന്റെ തൊട്ടപ്പുറത്തെ സീറ്റിൽ ഉണ്ട്.... അമ്മുവിനും രുദ്രേച്ചിക്കും അപ്പച്ചിയെ പരിചയം ഒന്നും ഇല്ലാത്തത് കൊണ്ട് വലിയ വിഷമം ഒന്നുമില്ല... പുറത്തേക്ക് കണ്ണും നട്ട് ഇരിക്കുകയാണ് അവർ.... പുറത്തൊക്കെ ഇരുട്ടാണ്.... എങ്കിലും വഴി വിളക്കുകളുടെ അരണ്ട വെളിച്ചം ഉണ്ട്..... ഡ്രൈവ് ചെയ്യുന്നതിലാണ് ശ്രദ്ധ എങ്കിലും റെഡി ആയി ഇറങ്ങിയപ്പോൾ അമ്മ പറഞ്ഞ വാക്കുകൾ ആയിരുന്നു ഉള്ളിൽ.... അപ്പച്ചി മാത്രം അല്ല... ഒപ്പം അമ്മാവനും മരിച്ചിട്ടുണ്ട്... ആക്‌സിഡന്റ് ആയിരുന്നു എന്ന്.... കേട്ടപ്പോൾ വല്ലാത്തൊരു വിഷമം ഉള്ളിൽ ഉറഞ്ഞു കൂടി.... അവരുടെ മക്കൾക്ക് ആരും ഇല്ലാതായില്ലേ എന്ന വിഷമം..... അതിന് അവർക്ക് മക്കൾ ഉണ്ടോ... എത്ര മക്കൾ ഉണ്ടാകും... ആണോ പെണ്ണോ... ഒന്നും അറിയില്ല... ആരും അവരെ പറ്റി ഒന്നും പറയുന്നത് കേട്ടില്ല.... എന്തായാലും ആ മക്കൾ ഒറ്റദിവസം കൊണ്ട് അനാഥർ ആയില്ലേ..... പാലക്കാട്ടേക്ക് എത്തിയപ്പോൾ നേരം എട്ടു മണി കഴിഞ്ഞിരുന്നു.... ഏകദേശം സ്ഥലം ഒക്കെ മരണം വിളിച്ചു പറഞ്ഞ ആളോട് ചോദിച്ചിരുന്നു.... ഒരു കവലയിൽ എത്തിയതും മരിച്ച വീട് ചോദിച്ചതും പറഞ്ഞു തന്നു..... വണ്ടി ചെന്നു നിന്നത് ഒരു ഓടിട്ട വീടിന്റെ മുന്നിൽ ആയിരുന്നു.... ചെറിയൊരു വീടും പുരയിടവും.... ഇപ്പോഴും ഇങ്ങനെ ഉള്ള വീടൊക്കെ ഉണ്ടോ.... അതിശയം തോന്നി.... ഇവിടെ ആണോ തന്റെ അപ്പച്ചി കഴിഞ്ഞിരുന്നത്.... എത്ര സൗഭാഗ്യങ്ങളോടെ വലിയൊരു തറവാട്ടിൽ കഴിഞ്ഞിരുന്നതാണ്.... അവരെല്ലാം കൂടെ വരുന്നില്ലേ എന്ന് തിരിഞ്ഞു നോക്കിയപ്പോൾ അമ്മയുടെയും ചെറിയമ്മയുടെയും ഒക്കെ മുഖത്തും തന്റെ അതേ ഭാവം തന്നെയാണ്..... വിശ്വസിക്കാൻ പറ്റാത്തത് പോലെ.... വീട്ടിൽ നിൽക്കാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് കുറെ ആളുകൾ പുറത്ത് നിൽക്കുന്നുണ്ട്.... മഴ ചെറുതായി പെയ്യുന്നത് കൊണ്ട് മുറുമുറുപ്പ് പലയിടത്ത് നിന്നും കേൾക്കുന്നു.... മുത്തശ്ശിയെ അമ്മ താങ്ങി പിടിച്ചു കൊണ്ട് അകത്തേക്ക് കേറി... പിന്നാലെ ചെറിയമ്മയും മറ്റുള്ളവരും... അച്ഛനും ചെറിയച്ഛനും ഒക്കെ തകർന്നത് പോലെ ആയിരുന്നു.... എല്ലാവർക്കും പുറകിലായി കേറാൻ നിൽക്കുമ്പോഴേക്കും അകത്തു നിന്നും കൂട്ടക്കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു..... എന്റെ മോളെ.... എന്ന് വിളിച്ചു കൊണ്ടുള്ള മുത്തശ്ശിയുടെ നെഞ്ച് പൊട്ടിയ കരച്ചിൽ..... അമ്മ ജീവനോടെ ഉള്ളപ്പോൾ മക്കൾ മരിച്ചു പോവുന്നത് കാണേണ്ടി വരുന്ന ഒരമ്മയുടെ അവസ്ഥ...... അകത്തേക്ക് കയറാൻ ഒന്ന് മടിച്ചു..... എങ്കിലും അവസാന കാഴ്ചയല്ലേ... കുഞ്ഞ് നാളിൽ എങ്ങോ എനിക്ക് ചോറ് വാരി തരികയും കുളിപ്പിച്ച് ഉറക്കി തരികയും കൊഞ്ചിച്ചു കൊണ്ട് നടക്കുകയും ചെയ്ത ഒരു ദാവണിക്കാരി പെണ്ണിന്റെ ഓർമ.... അകത്തേക്ക് കാലെടുത്തു വെച്ചതും കണ്ടത് വെള്ള പുതച്ച രണ്ട് രൂപങ്ങൾ ആണ്.... ആരോ മുഖത്തെ തുണി മാറ്റി തന്നു.... ഇരുവരെയും ഒരു നോക്ക് കാണുമ്പോൾ നെഞ്ചോന്ന് പിടച്ചു പോയി.... ഉറങ്ങി കിടക്കുന്നത് പോലെ രണ്ട് പേര്..... പെട്ടെന്നാണ് കാതിലേക്ക് ഒരു കരച്ചിൽ തുളച്ചു കയറിയത്..... അമ്മേ..... അച്ഛാ.... എന്നെ ഒറ്റക്കിട്ട് പോയല്ലേ രണ്ടാളും...... ഹൃദയം പൊട്ടിയുള്ള കരച്ചിൽ കേട്ടതും നോട്ടം അങ്ങോട്ട് എത്തിയിരുന്നു..... കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഇരുപതോളം പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി.... ചുണ്ട് വിതുമ്പി കരയുന്നവൾ തല വെച്ച് കിടക്കുന്നത് മുത്തശ്ശിയുടെ മടിയിലാണ്....... ചുവരും ചാരി ഇരുന്നു മുത്തശ്ശി തേങ്ങൽ അടക്കുന്നു.... അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി.... (തുടരും......)

Share this story