അരികിലായ്: ഭാഗം 2
രചന: മുല്ല
ഇനി അധികം നേരം വെക്കാൻ പറ്റില്ല… എല്ലാവരും കണ്ട് കഴിഞ്ഞല്ലോ…. എടുക്കാലോ ല്ലേ….
അമ്പത് വയസ്സോളം പ്രായം വരുന്ന ഒരാൾ വന്നു മുകുന്ദനോട് ചോദിച്ചു…..
ഉള്ളിലെ വിങ്ങൽ അടക്കി മുകുന്ദൻ ഒന്ന് മൂളി…. എവിടെയൊക്കെയോ ചന്ദ്രന്റെ ആരെങ്കിലും വന്നിട്ടുണ്ടോ എന്ന് അയാളുടെ കണ്ണുകൾ തിരഞ്ഞു…. ആരും ഇല്ലായിരുന്നു…. ആ സംഭവത്തിന് ശേഷം കേശവൻ കാരണവരെ പേടിച്ച് രാമനും കുടുംബവും വീട് വിറ്റ് എങ്ങോ പോയിരുന്നു……
വീട്ടിൽ ചിതയൊരുക്കാൻ ഒന്നും സ്ഥലമില്ലായിരുന്നു… അതുകൊണ്ട് തന്നെ അടുത്തുള്ളൊരു പുഴയോരത്തേക്കായിരുന്നു ചന്ദ്രന്റെയും ഗിരിജയുടെയും മൃതദേഹങ്ങൾ കൊണ്ട് പോയത്….
അനുഗമിച്ചു കൊണ്ട് മറ്റുള്ളവരും…
അവരുടെ മോളെ ചേർത്ത് പിടിച്ച് ഏതോ ഒരു സ്ത്രീ മുന്നിൽ നടന്നിരുന്നു…. മുത്തശ്ശിയെ ചേർത്ത് പിടിച്ചു മുകുന്ദനും…. കേശു മൗനമായി എല്ലാവർക്കും പുറകെ പോയി…..
ചിതയൊക്കെ ഒരുക്കി കഴിഞ്ഞിരുന്നു….
ചിതക്ക് ആരു തീ കൊളുത്തും എന്ന് ചർച്ച അപ്പോഴാണ് ഉയർന്നത്….
ഞാൻ ചെയ്യാം അച്ഛാ….
കേശുവിന്റെ ശബ്ദം ഉയർന്നതും എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു…. അപ്പോഴാണ് എല്ലാവരും അവനെ ശ്രദ്ധിക്കുന്നത് തന്നെ….
മുകുന്ദന്റെ നെഞ്ചിൽ ഒരു തണുപ്പ് വീണിരുന്നു….
ഇതിനിടയിൽ ആരോ പറഞ്ഞൊക്കെ അയാൾ അറിഞ്ഞിരുന്നു തന്റെ പെങ്ങൾക്ക് ഈ ഒരു മകൾ മാത്രമേ ഉള്ളെന്ന്…
ഒറ്റമുണ്ടുടുത്തു ഈറനോടെ വന്നു കൊണ്ട് രണ്ട് ചിതകൾക്കും തീ കൊളുത്തുമ്പോൾ രണ്ട് ജീവിതങ്ങൾ ആണല്ലോ ഈ കത്തിതീരുന്നത് എന്നായിരുന്നു അവന്റെ ചിന്ത…. വീട്ടുകാരെയും നാടും വേണ്ടെന്ന് വെച്ച് എവിടെയോ വന്നു ജീവിച്ചവർ… തങ്ങളെ ഒക്കെ കാണാൻ ഒരിക്കലെങ്കിലും ഇവർ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ….
ആ പെൺകുട്ടിയുടെ അലമുറയിട്ട കരച്ചിൽ ആണ് അവനെ ഉണർത്തിയത്…. നോക്കിയപ്പോൾ അലറി കരഞ്ഞു കൊണ്ടവൾ ചിതകൾക്ക് അരികിലേക്ക് പാഞ്ഞു വരുന്നതാണ് കണ്ടത്… എല്ലാവരും പകപ്പോടെ നോക്കി നിന്നു പോയി…
എന്തോ അപകടം കണ്മുന്നിൽ നടക്കാൻ പോകുന്നു എന്ന് മനസ്സിലായി കേശുവിന്…. അവന്റെ ചിന്തകൾ ശെരിയാണ് എന്നത് പോലെ അവൾ ചിതകളിലേക്ക് ചാടാൻ അടുത്തതും അവളെ വലിച്ചു തന്റെ കൈകളിൽ ഒതുക്കി അവൻ ….
വിട്…. വിടെന്നെ…. എനിക്ക് ജീവിക്കണ്ട….. എനിക്ക് പോണം അച്ഛന്റേം അമ്മേടേം കൂടെ…. വിട്….
അലറി പറയുന്നുണ്ട് അവൾ….
ഭ്രാന്താണോ നിനക്ക്…. സ്വന്തം ജീവിതം സ്വയം അവസാനിപ്പിക്കാൻ ഉള്ളതല്ല…..
വേണ്ട…. എനിക്കൊന്നും കേൾക്കണ്ട… എനിക്ക് അവരുടെ കൂടെ പോണം… പ്ലീസ്… എനിക്ക് ജീവിക്കണ്ട…. എനിക്കാരും ഇല്ല.. പ്ലീസ്……
കരച്ചിലോടെ പുലമ്പി കൊണ്ട് പറഞ്ഞവളുടെ ശബ്ദം പതിയെ നേർത്തു…. അവളുടെ ശരീരത്തിന്റെ ബലം നഷ്ടപ്പെടുന്നത് അറിഞ്ഞു ചേർത്ത് പിടിച്ചപ്പോഴേക്കും അവന്റെ കൈകളിലേക്ക് കുഴഞ്ഞു വീണിരുന്നു അവൾ………
********
എന്റെ പേര് അജയൻ… ഞാനാ നിങ്ങൾക്ക് ഫോൺ വിളിച്ചു പറഞ്ഞത്…
നേരത്തെ അവിടത്തെ കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു നടന്നിരുന്ന ആൾ ആയിരുന്നു അത്…
മുകുന്ദനും ദേവനും നന്ദിയോടെ അയാളെ നോക്കി….
ദേ ആ വീട്ടിലാ ഞങ്ങള് താമസിക്കുന്നെ… ഞാനും എന്റെ ഭാര്യയും… ഒരു മോളും ഉണ്ട്… ചന്ദ്രനും ഞാനും സുഹൃത്തുക്കൾ ആണ്…. എന്ത് കാര്യവും അവൻ എന്നോട് പറയാറുണ്ട്…. നാടും നിങ്ങടെ കാര്യവും ഒക്കെ അങ്ങനെ അറിഞ്ഞതാ….
ദേവന്റെ നമ്പർ എങ്ങനെ കിട്ടി….
കല്ലു മോളാ തന്നത്…..
കല്ലു….
ചന്ദ്രന്റെയും ഗിരിജയുടെയും മോള്…. കല്യാണി…. കല്ലു എന്ന് വിളിക്കും
ആ….
അയാൾ പറഞ്ഞതിന് മൂളുമ്പോൾ സ്വന്തം പെങ്ങളുടെ മോളുടെ പേര് പോലും അറിയില്ലല്ലോ എന്നായിരുന്നു അയാൾക്കുള്ളിൽ… ഒപ്പം ദേവന്റെ നമ്പർ എങ്ങനെ കിട്ടി എന്നും….
ആ സംശയത്തോടെ മുകുന്ദൻ ദേവനെ നോക്കിയതും അയാൾ തല താഴ്ത്തി…… അതോടെ മുകുന്ദന് മനസ്സിലായി ദേവനും ഗിരിജയും തമ്മിൽ കോൺടാക്ട് ഉണ്ടായിരുന്നു എന്ന്… വേദനയോടെ ഒന്ന് പുഞ്ചിരിച്ചതെ ഉള്ളൂ മുകുന്ദൻ…..
കേശുവും ഇരുവരെയും മാറി മാറി നോക്കി പിന്നെ ശ്രീനാഥ്നോട് സംസാരിക്കാൻ നിന്നു…. ഇടയ്ക്കിടെ അവന്റെ നോട്ടം അകത്തേക്ക് നീളുന്നുണ്ടായിരുന്നു….
അകത്തു നിന്നും ഇപ്പോഴും ഏങ്ങലടികളും എണ്ണി പെറുക്കി കരയുന്നതും കേൾക്കാം…. കല്ലുവും മുത്തശ്ശിയും ഒക്കെയാണ്…..
ബോധം വന്നപ്പോൾ മുറിയിലെ കട്ടിലിൽ കിടക്കുകയായിരുന്നു അവൾ…. ചുറ്റും എല്ലാവരും ഉണ്ട്…. ഒറ്റ ദിവസം കൊണ്ട് താനൊരു അനാഥ ആയി മാറി എന്ന സത്യം അവൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ലായിരുന്നു…. തന്നെ സ്നേഹം കൊണ്ട് മൂടിയിരുന്ന അച്ഛനും അമ്മയും ഇനി ഇല്ലെന്ന സത്യം അവളെ നടുക്കി കൊണ്ടിരുന്നു…
അടുത്ത് തന്നെ ചുറ്റി പിടിച്ചു കിടക്കുന്ന മുത്തശ്ശിയുടെ മുഖത്തേക്കവൾ നോക്കി…. ഒരുപാട് കാണാൻ ആഗ്രഹിച്ചതാണ് ഈ മുത്തശ്ശിയെ… അമ്മ പറഞ്ഞു കേട്ട അറിവ് മാത്രം ഉള്ള മുത്തശ്ശി… അവരും കരയുകയാണ്… ഒരേ ഒരു മകളെ നഷ്ട്ടപ്പെട്ട ദുഃഖം…. കൊതി തീരെ കാണുന്നതിന് മുൻപേ പടിയിറങ്ങി പോയ ഒരു നോക്ക് കാണാൻ അവർ എത്ര ആഗ്രഹിച്ചിരിക്കും… അമ്മയും ഒരുപാട് വട്ടം പറഞ്ഞിരുന്നു സ്വന്തം അമ്മയെ നേരിട്ട് കാണാൻ ഉള്ള മോഹം…. പക്ഷെ…..
ഓർമ്മകൾ നിറഞ്ഞതും അവളിൽ നിന്നും എങ്ങലുകൾ ഉയർന്നു… മുത്തശ്ശിയെ ചുറ്റി പിടിച്ചു കരഞ്ഞു… കണ്ട് നിന്നവർക്ക് എല്ലാം ഹൃദയ വേദന നിറച്ചൊരു കാഴ്ചയായിരുന്നു അത്……..
പുറത്ത് കേശുവും മറ്റെല്ലാവരും അറിയുകയായിരുന്നു ഗിരിജയുടെയും ചന്ദ്രന്റെയും ഒക്കെ ജീവിതം..
അന്ന് അവിടെ നിന്ന് പോന്നിട്ട് അവർ ആദ്യം കണ്ണൂർ ആയിരുന്നു…. ബിസിനസ് ഒക്കെ തുടങ്ങി നല്ല നിലയിൽ ആയിരുന്നു അവരുടെ ജീവിതം…. രണ്ട് വർഷത്തിന് ശേഷം അവർക്ക് കല്യാണി പിറന്നു…. പക്ഷെ അതിന് ശേഷം ഒരു കുഞ്ഞിനെ വഹിക്കാൻ ഗിരിജയുടെ ഗർഭപാത്രത്തിനു കഴിയാതെ വന്നു….. അതോടെ കല്ലു അവർക്ക് ഒറ്റ മകൾ ആയി…. സന്തോഷത്തോടെ പോയിക്കൊണ്ടിരുന്ന അവരുടെ ജീവിതത്തിൽ ഇരുൾ വീഴ്ത്തി ചന്ദ്രന്റെ ബിസിനസ് തകരാൻ തുടങ്ങി…. പാർട്ണർ പറ്റിച്ചു വിദേശത്തേക്ക് കടന്നു…. പോലീസ് കേസ് ആയി …. ഉള്ളതെല്ലാം വിറ്റ് കേസ് നടത്തി…. പക്ഷെ കാശ് വാരി എറിഞ്ഞു അയാൾ രക്ഷപ്പെട്ടു… ഒടുവിൽ കയ്യിൽ അവശേഷിച്ച കുറച്ചു തുകയും ആയി ചന്ദ്രനും കുടുംബവും കണ്ണൂർ നിന്നും പാലക്കാട്ടേക്ക് താമസം മാറി… ഇവിടെ അഞ്ചു വർഷം ആയി ഈ കുഞ്ഞ് വീട്ടിൽ കഴിയുന്നു….
ഇത്രയുമാണ് എനിക്ക് അവരെ പറ്റി അറിയുന്ന കഥ….
അജയൻ പറഞ്ഞു നിർത്തി…..
മുകുന്ദനും ദേവനും പരസ്പരം നോക്കി…. ഇരുവരുടെയും കണ്ണുകളിൽ വേദന നിറഞ്ഞു…. ഗിരിജ ഒരുപാട് വിഷമിച്ചിട്ടുണ്ട് എന്ന് അവർക്ക് മനസ്സിലായി….
ഇവിടെ വന്ന് കഴിഞ്ഞിട്ടാണ് ഞങ്ങൾ സുഹൃത്തുക്കൾ ആകുന്നത്…. എല്ലാ കാര്യവും എന്നോട് പറയും… എനിക്ക് കൂടപ്പിറപ്പിനെ പോലെ ആയിരുന്നു അവൻ…. സയാമീസ് എന്ന് പറഞ്ഞു കളിയാക്കും കല്ലുമോള്….
ആ അവനാ ഇപ്പൊ…..
അയാളുടെ കണ്ണുകൾ നിറഞ്ഞു….
എല്ലാം കേട്ട് ഒരു നെടുവീർപ്പോടെ നിന്നു കേശു……
കുറച്ചു സമയം കഴിഞ്ഞതും ശ്രീനാഥ് അവന്റെ അടുത്തേക്ക് വന്നു…..
കേശൂ…. നമുക്ക് വീട്ടിലേക്ക് പോകാം…. ഇവിടെ എങ്ങനെയാടാ എല്ലാവരും കൂടെ നിൽക്കുന്നെ….
അത് സാരല്ല ഏട്ടാ…. ചടങ്ങുകൾ ഒക്കെ കഴിയുന്നത് വരെ നമ്മള് ഇവിടെ വേണ്ടേ….
എടാ…. അത്…..
ശ്രീകുട്ടാ… എന്താ ഇവിടെ….
മുകുന്ദന്റെ ചോദ്യം….
അല്ല അച്ഛാ… ഞാൻ പറയുവായിരുന്നു ഞാനും ഇവനും ഒക്കെ പോയാലോ ന്ന്….
അതെങ്ങനെയാ ശ്രീ…. ഇവിടത്തെ ചടങ്ങ് ഒക്കെ കഴിയട്ടെ…. മരിച്ചത് നിന്റെ അപ്പച്ചിയാ…. അത് മറക്കണ്ട…… ഒള്ള സ്ഥലത്ത് എല്ലാരും കൂടെ കഴിയാം… ഇപ്പൊ നമ്മല്ലാതെ കല്ലു മോൾക്ക് വേറാരും ഇല്ല…. പെട്ടെന്ന് ആ കുട്ടിയെ ഇവിടെ ഇട്ടിട്ടു പോരാനും പറ്റില്ല…..
മുകുന്ദൻ പറഞ്ഞതോടെ പിന്നീട് ശ്രീനാഥിന് മറ്റൊന്നും പറയാൻ ഇല്ലായിരുന്നു….
രാത്രിയിൽ ഭക്ഷണം ഒക്കെ അജയന്റെ വീട്ടിൽ നിന്ന് കൊണ്ട് വന്നിരുന്നു…. അയാളുടെ ഭാര്യ കണ്ണകി നല്ലൊരു സ്ത്രീ ആയിരുന്നു….. സ്വന്തം വീടെന്ന പോലെ ആളുകളോടെന്ന പോലെ അവർ പെരുമാറി… മുത്തശ്ശിയെ നിർബന്ധിച്ചു വിളിച്ചു കൊണ്ട് വന്നു കുറച്ചു കഞ്ഞി കുടിപ്പിച്ചതും അവരായിരുന്നു……
ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ കേശു കണ്ടിരുന്നു തന്റെ നേരെ നിലത്തു ഇരുന്നു തന്റെ അമ്മയുടെ കയ്യിൽ നിന്നും ചോറ് വാങ്ങി കഴിക്കുന്ന കല്ലുവിനെ…. കരഞ്ഞു വീർത്ത കണ്ണും മുഖവും ചുവന്നു കയറിയ മൂക്കും അഴിഞ്ഞുലഞ്ഞ മുടിയും…. സങ്കടം കൊണ്ട് ഇപ്പോഴും ചുണ്ടുകൾ വിതുമ്പുന്നുണ്ട്…..
ആ നിമിഷം അവന്റെ നെഞ്ചിലേക്ക് അവളുടെ ആ മുഖം പതിഞ്ഞിരുന്നു……..
ഇടക്ക് മുഖമൊന്നു ഉയർത്തി നോക്കിയ അവളും കണ്ടിരുന്നു തന്നെത്തന്നെ നോക്കി ഇരിക്കുന്നവനെ……
ഒരു നിമിഷം ഉടക്കിയ നോട്ടം പെട്ടെന്ന് പിൻവലിച്ചു കൊണ്ട് ലളിതയുടെ തോളിലേക്ക് ചാഞ്ഞു അവൾ…. കണ്ണുകൾ ഇറുക്കി അടച്ചു…. ….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…