അരികിലായ്: ഭാഗം 3
Aug 26, 2024, 08:49 IST

രചന: മുല്ല
കിടക്കാൻ നേരമാണ് അകത്തു എല്ലാവർക്കും കൂടെ കിടക്കാൻ ഉള്ള സ്ഥലം ഇല്ലല്ലോ എന്ന പ്രശ്നം ഉദിക്കുന്നത്.... രണ്ട് കുഞ്ഞ് മുറികളും ഒരു ചെറിയ അകവും അടുക്കളയും... അതായിരുന്നു ആ വീട്.... ഇറയത്ത് രണ്ട് പേർക്ക് കിടക്കാം.... ഒരു മുറിയിൽ മുകുന്ദനും ദേവനും ശ്രീനാഥും കിടന്നു... മറ്റേ മുറിയിൽ മുത്തശ്ശിയും കല്ലുവും രുദ്രയും അല്ലു മോനും .... അകത്തു ലളിതയും സരളയും അമ്മുവും.... അതോടെ വീടിന്റെ അകം നിറഞ്ഞു.... കേശൂ..... ഇവിടെ കിടക്കാം മോനെ.... ഉള്ള സ്ഥലത്തേക്ക് അമ്മ വിളിച്ചെങ്കിലും പുഞ്ചിരിയോടെ ഇല്ലെന്ന് തലയാട്ടി അവൻ.... കയ്യിൽ കിട്ടിയ ഒരു പായയും എടുത്തു ഇറയത്തേക്ക് നടന്നു.... പായ വിരിച്ചു മലർന്നു കിടന്ന് കൊണ്ട് അവൻ ആ വീടൊന്ന് നോക്കി.... പലയിടത്തും പൊട്ടി പൊളിഞ്ഞിട്ടുണ്ട്.... ഓടും പൊട്ടിയിരിക്കുന്നു അവിടെയും ഇവിടെയും ഒക്കെയായി.... നല്ലൊരു മഴ പെയ്താൽ വെള്ളം ഒക്കെ അകത്ത് തന്നെ ഉണ്ടാകും.... ഇത്രയും കഷ്ടപ്പാടിൽ ആയിരുന്നോ തന്റെ അപ്പച്ചി.... ഒന്ന് തിരിഞ്ഞു കിടന്നു അവൻ.... അപ്പോൾ പുറത്തെ ആകാശം കാണുന്നുണ്ടായിരുന്നു.... അവിടെ തെളിഞ്ഞു നിൽക്കുന്ന നക്ഷത്ര കൂട്ടങ്ങൾ.... അതിൽ രണ്ട് താരകങ്ങൾക്ക് ഏറെ തിളക്കം.... അവന്റെ കണ്ണുകൾ നിറഞ്ഞു... അപ്പച്ചിയായിരിക്കാം ചിലപ്പോൾ അത്.... കുറെയേറെ ചിന്തകൾ മനസ്സിൽ പിടിവലി നടത്തുന്നുണ്ട്... അത് എന്തിനാണെന്ന് തന്നെ അവന് അത്ഭുതം തോന്നി.... ചെറുതായി വീശുന്ന തണുത്ത കാറ്റിൽ മിഴികൾ അടഞ്ഞു പോയി... കേശൂ.... എഴുന്നേൽക്ക്..... ശ്രീയേട്ടന്റെ വിളി കേട്ടാണ് കണ്ണ് തുറക്കാൻ നോക്കിയത്.... പക്ഷെ എഴുന്നേൽക്കാൻ നോക്കുമ്പോൾ ആരോ നീളമുള്ള മുടിയിൽ പിടിച്ചു വലിക്കുന്നുണ്ട്.... ആ കയ്യിലൊന്ന് പിടിച്ചതും കുഞ്ഞി കൈകൾ ആണ്.... അല്ലു കുട്ടനാണ്.... കണ്ണ് തുറക്കാതെ തന്നെ ചിരിയോടെ ആളെ പൊക്കി നെഞ്ചിലേക്ക് ഇരുത്തി.... കണ്ണ് തുറന്നു നോക്കിയപ്പോൾ കുഞ്ഞി കൈകൾ കൊട്ടി ചിരിക്കുന്നുണ്ട്.... ചെറിയച്ഛന്റെ ചക്കര കുട്ടാ.... കൊഞ്ചിച്ചു വിളിച്ചു അവനെയും കൊണ്ട് എഴുന്നേറ്റ് ഇരുന്നു.... അപ്പോഴേക്കും ഏട്ടൻ വന്നു അല്ലുവിനെ വാങ്ങിയിരുന്നു... അഴിഞ്ഞു പോയ മുണ്ടൊന്ന് മുറുക്കി ഉടുത്തു കൊണ്ട് എഴുന്നേറ്റ് നിന്നു..... നീ ഇന്നലെ ഇവിടെയാണോ കിടന്നേ കേശൂ..... തണുപ്പ് ഉണ്ടായിരുന്നില്ലെടാ.... മ്.... ഞാൻ പറഞ്ഞതല്ലേ നിന്നോടിന്നലെ .... നമുക്ക് വീട്ടിലേക്ക് പോവായിരുന്നു.... സാരല്ല ഏട്ടാ..... എനിക്ക് ഒരു കുഴപ്പോം ഇല്ല.... ചിരിയോടെ പറഞ്ഞിട്ട് പുറകിലെ കിണറ്റിൻ കരയിലേക്ക് നടന്നു.... അപ്പോഴേക്കും അമ്മ ബ്രഷ് കൊണ്ട് വന്നു തന്നിരുന്നു.... അപ്പോ നേരത്തെ എടുത്തു വെച്ചിരുന്നോ അമ്മ.... ബ്രഷ് ചെയ്യുമ്പോൾ ആണ് വീടിന് പുറകിൽ ഉള്ള കുളിമുറിയിൽ നിന്ന് ഇറങ്ങി വരുന്ന അവളെ കാണുന്നത്.... മുഖമൊക്കെ ഇപ്പോഴും ചുവന്നു ഇരിക്കുന്നുണ്ട്.... കരയുകയായിരുന്നു എന്ന് ഉറപ്പാണ്.... അല്ലെങ്കിലും നഷ്ടപ്പെട്ടത് സ്വന്തം അച്ഛനും അമ്മയും അല്ലേ.... ആർക്കാണ് ആ ശൂന്യത നികത്താൻ കഴിയുക... എത്ര കാലം കഴിഞ്ഞാലും ഉണ്ടാകില്ലേ ആ നോവ്.... ചിന്തകളോടെ അവളെ തന്നെ നോക്കി നിന്ന് പോയി.... നോട്ടം തെറ്റി അവളും ഒന്ന് നോക്കുന്നത് കണ്ടതും വേഗം തിരിഞ്ഞു കിണറിന്റെ അടുത്തേക്ക് നടന്നു.... ദൈവമേ... എന്ത് വിചാരിച്ചോ ആവോ.... ഞാൻ വായ നോക്കിയതാണെന്ന് എങ്ങാനും തോന്നിയോ.... ഏയ്... ഇല്ലായിരിക്കും.... ചോദ്യം ഉത്തരവും സ്വയം പറഞ്ഞിട്ട് വേഗം കോരി വെച്ച വെള്ളം എടുത്തു വായും മുഖവും കഴുകി... ഇറയത്തേക്ക് ചെന്നതും അച്ഛനും ചെറിയച്ഛനും ഒക്കെയുണ്ട്.... അമ്മ ഒരു ഗ്ലാസ് ചായയും കൊണ്ട് തന്നു.... അത് കുടിച്ചു അവർക്കൊപ്പം സംസാരങ്ങളിലേക്ക് കടന്നു..... ******* ഇവിടെ വന്നിട്ട് അഞ്ചു ദിവസം ആയി..... ഇന്നാണ് സഞ്ചയനം.... ഇന്ന് തന്നെ അന്നദാനവും നടത്തുന്നുണ്ട്.... എല്ലാവർക്കും പോകണം എന്നായിട്ടുണ്ട്.... വീടിന്റെ സൗകര്യം കുറവും പിന്നെ സ്വന്തം വീട് എന്തായാവോ എന്ന ചിന്തയും ലളിതക്കും സരളക്കും ഉണ്ടായിരുന്നു.... കല്ലു വല്ലാതെ ഒതുങ്ങി പോയിരുന്നു... പലപ്പോഴും നെഞ്ചിൽ തികട്ടി വരുന്ന സങ്കടങ്ങൾ അവൾ പുറത്തേക്ക് കാണിക്കാതെ നടന്നു.... ആദ്യ ദിവസങ്ങളിലെ നിലവിളിയും ഒക്കെ നിന്നു.... അമ്മുവും രുദ്രയും അവൾക്ക് കൂട്ടാകാൻ ശ്രമിച്ചു..... ഇന്നലെ നടന്ന ചർച്ചയിൽ സഞ്ചയനത്തിന് ശേഷം എല്ലാവരും പിരിയാൻ തീരുമാനിച്ചിരുന്നു.... കല്ലുവിന്റെ കാര്യം വന്നപ്പോൾ മുത്തശ്ശി പറഞ്ഞത് അവളെ നാട്ടിലേക്ക് കൊണ്ട് പോകാം എന്നായിരുന്നു.... എന്നാൽ അവൾ അതിനെ എതിർത്തു.... അച്ഛന്റെയും അമ്മയുടെയും ഓർമ്മകൾ ഉറങ്ങുന്ന വീട്ടിൽ നിന്നും എങ്ങോട്ടും വരില്ലെന്നായിരുന്നു വാശി.... പ്രായം തികഞ്ഞൊരു പെൺകുട്ടിയെ ഒറ്റക്ക് ഇവിടെ ഇട്ടിട്ടു പോകാൻ കഴിയില്ല എന്ന് പറഞ്ഞെങ്കിലും കണ്ണകി അപ്പോഴേക്കും അവർ നോക്കിക്കോളാം അവളെ എന്ന് പറഞ്ഞു.... അവർക്ക് അല്ലെങ്കിലും അവൾ സ്വന്തം മകളെ പോലെ തന്നെ ആയിരുന്നു..... വളരെയധികം വിഷമത്തോടെ ആയിരുന്നു മുത്തശ്ശിയും മുകുന്ദനും ദേവനും എല്ലാം അതിന് സമ്മതിച്ചത്..... സഞ്ചയനത്തിന്റെ അന്ന് അവളുടെ മുഖത്ത് നിർവികാരത നിറഞ്ഞു നിന്നു.... കണ്ണുനീർ എല്ലാം വറ്റി പോയത് കൊണ്ടാണോ...... അന്ന് ദേവന്റെ മക്കളായ സുധിയും അപ്പുവും വന്നു.... സുധി കേശുവിന്റെ അതേ പ്രായം തന്നെയാണ്.... ഇരുവരും ഒരുമിച്ചാണ് പഠിച്ചതും വളർന്നതും എല്ലാം.... വർക്ക് ചെയ്യുന്നത് കോട്ടയത്താണ്.... അപ്പു ഡിഗ്രി ഫസ്റ്റ് ഇയർ ആണ്...ഹോസ്റ്റലില് നിന്ന് പഠിക്കുന്നു .... അതുകൊണ്ടാണ് ഇരുവരും മരിച്ച ദിവസം എത്താതിരുന്നത്.... കേശുവിനും ശ്രീക്കുട്ടനും ഒപ്പം സുധിയും അപ്പുവും കൂടി..... എല്ലാം കണ്ട് കൊണ്ട് കല്ലു മുറിയുടെ ഒരു മൂലയിൽ ഇരുന്നതേ ഉള്ളൂ..... ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ആളുകൾ ഒഴിഞ്ഞു തുടങ്ങി.... കല്ലു ഇപ്പോഴും ഒരു ചോദ്യചിഹ്നം പോലെ എല്ലാവരുടെയും മനസ്സിൽ ഉണ്ട്.... മുത്തശ്ശിയും ലളിതയും വീണ്ടും അവളെ നിർബന്ധിച്ചു കൂടെ ചെല്ലാൻ..... മോളെ നിന്നേ ഇവിടെ ഒറ്റയ്ക്ക് വിട്ടിട്ട് പോയാല് ഞങ്ങൾക്ക് സമാധാനം ഉണ്ടാവില്ല... ദേ... മുത്തശ്ശിക്കും.... ലളിത പറഞ്ഞതും ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു അവൾ.... ഞാൻ... ഞാൻ വരുന്നില്ല ലളിതമ്മായി... എന്റെ അച്ഛനും അമ്മയും.... അവരുടെ ഓർമയാ ഈ വീട്..... ആ ഓർമ്മകൾ വിട്ടു ഞാൻ എങ്ങോട്ടും ഇല്ല.... ഓർമ്മകൾ എവിടെ പോയാലും ഉണ്ടാവും.... അതിന് ഈ വീട്ടിൽ തന്നെ നിൽക്കണം എന്നില്ല.... സ്വന്തം അച്ഛനും അമ്മയുമല്ലേ.... എവിടെ പോയാലും മറക്കാൻ പറ്റില്ലല്ലോ..... ആദിയുടെ ( കേശുവിനെ ഇനി അങ്ങനെ വിളിക്കാം ) ശബ്ദം കേട്ടതും എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി... വാതിൽ പടിയിൽ നിന്ന് കൊണ്ട് അകത്തേക്ക് നോക്കി നിൽക്കുകയാണ് അവൻ.... കല്ലു വേഗം മുഖം താഴ്ത്തി.... ഞാൻ.. ഞാനെങ്ങോട്ടും ഇല്ല.... ഞങ്ങള് പോകുമ്പോ നീയും വരും കല്യാണി.... ഗിരിജ അപ്പച്ചിയെ സ്നേഹിച്ചു അവിടെ ആർക്കും കൊതി തീർന്നിട്ടില്ല.... എന്റെ അച്ഛനും ചെറിയച്ഛനും മുത്തശ്ശിക്കും എല്ലാം.... അപ്പച്ചിക്ക് പകരം നീ അവിടെ വേണം.... ഇത് എന്റെ അഭിപ്രായം അല്ല.... എല്ലാവരുടെയും ആഗ്രഹം ആണ്.... എപ്പോ വേണെങ്കിലും ഇടിഞ്ഞു വീഴാവുന്ന ഈ വീട്ടിൽ നിന്നെ ഒറ്റയ്ക്ക് ഇട്ടിട്ടു പോകാൻ ഞങ്ങള് ആരും ഉദ്ദേശിക്കുന്നില്ല...... ഉറപ്പോടെ തന്നെ നോക്കി പറയുന്നവനെ നിറഞ്ഞ കണ്ണുകളോടെ നോക്കി അവൾ.... അവളിൽ നിന്നും മുഖം തിരിച്ചു കൊണ്ട് അവൻ വേഗം പുറത്തേക്ക് ഇറങ്ങി പോയി..........തുടരും....