അരികിലായ്: ഭാഗം 5
രചന: മുല്ല
നീ ഗിരിജയെ വിളിക്കാറുണ്ടായിരുന്നു അല്ലേ ദേവാ…..
ഏട്ടന്റെ ചോദ്യത്തിന് മുന്നിൽ ദേവൻ ഒന്ന് പതറി…
എന്ന് മുതലായിരുന്നു… നീ എന്നിട്ട് എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ ഡാ …..
അത്… ഏട്ടാ… ഒരു കൊല്ലം മുൻപാണ് ഞാൻ ചന്ദ്രനെ കാണുന്നത്…. എറണാകുളത്ത് വെച്ച്… ആദ്യം എനിക്ക് മനസ്സിലായില്ല.. അവൻ തന്നെയാ ദേവൻ അല്ലേന്ന് ചോദിച്ചു വന്നത്… കാലം കുറെ കഴിഞ്ഞില്ലേ ഏട്ടാ…. ദേഷ്യം കാണിക്കാൻ തോന്നിയില്ല…
മ്…. ഗിരിജയെ കണ്ടിരുന്നോ നീ അപ്പൊ….
ഗിരിജയെ പോയി കാണണം എന്നൊക്കെ അന്ന് കരുതിയതാ… ഓരോ തിരക്കിൽ പെട്ട് പോയി…. ഇത്രയും പെട്ടെന്ന് അവള് പോകും എന്ന് കരുതിയില്ലല്ലോ… തെറ്റായി പോയി… അന്നേ പോയി അവളെ ഒരു നോക്ക് കാണേണ്ടത് ആയിരുന്നു…. ഫോണിൽ വിളിക്കുമ്പോ എപ്പോഴും പറയുമായിരുന്നു എല്ലാവരേം കാണാൻ തോന്നുന്നു എന്ന്…. ആരും അവളോട് ക്ഷമിച്ചിട്ടില്ല എന്ന് കരുതിയാ ഞാൻ….
ഒരു വാക്ക് നിനക്ക് എന്നോട് പറയാമായിരുന്നില്ലേ ദേവാ… ഞാൻ പോയി കണ്ടേനെലോ എന്റെ മോളെ… അത്രേം കഷ്ടപ്പാടില് കിടന്നു എന്റെ ഗിരിജ…
ഒന്നും പറഞ്ഞിട്ടില്ല ഏട്ടാ അവള്… ചോദിക്കുമ്പോൾ ഒക്കെ സുഖം ആണെന്ന് പറയും… വല്ലാണ്ട് ബുദ്ധിമുട്ട് ഉള്ളപ്പോൾ ആണെന്ന് തോന്നുന്നു ഒന്ന് രണ്ട് വട്ടം പൈസ ഉണ്ടാവോ കടം ആയിട്ട് മതി എന്നൊക്കെ പറയുമായിരുന്നു…. അയച്ചു കൊടുത്തിരുന്നു ഞാൻ…. കല്ലു മോൾടെ കോളേജിൽക്ക് പൈസക്ക് ആവശ്യം വന്നിട്ടും അവള് എന്നോട് പറഞ്ഞില്ല… അവസാനം എന്തോ കാര്യം പറഞ്ഞു കല്ലു മോളും ആയിട്ട് സംസാരിക്കുന്നതിന്റെ ഇടയിൽ അബദ്ധം പോലെ ആ കുട്ടീടെ വായെന്ന് വീണതാ… അന്ന് ഞാൻ അവളോട് മാത്രം സംസാരിച്ചപ്പോ മനസ്സിലായി അവരുടെ കഷ്ടപ്പാട്….. അന്ന് മുതൽ എന്നെ കൊണ്ട് പറ്റും പോലെ ഞാൻ സഹായിച്ചിട്ടുണ്ട് അവരെ ….
ദേവൻ പറഞ്ഞതും മുകുന്ദൻ വിഷമത്തോടെ ഇരുന്നതേ ഉള്ളൂ…. മരിക്കുന്നതിന് മുൻപ് അവളെ കാണാനോ അവളുടെ ശബ്ദം കേൾക്കാനോ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം…….
******
സുധിയേട്ടൻ പറഞ്ഞിട്ട് പോയതെന്താ…. കലിപ്പന്റെ കാന്താരിയോ…..
കല്ലു ചോദിച്ചത് കേട്ട് അമ്മു ചമ്മലോടെ മൂളി…..
സുധിയേട്ടൻ കളിയാക്കി വിളിക്കുന്നതാ…
എന്നാലും സാറ്….
എന്റെ കോളേജിലെ സാറാ…
എത്ര നാളായി തുടങ്ങീട്ട്….
ഒരു കൊല്ലം ആയി ഞാൻ അങ്ങൊരുടെ പുറകെ നടക്കുന്നു…. എന്നിട്ട് അങ്ങേരെന്നെ മൈൻഡ് ചെയ്യുന്നത് കൂടെ ഇല്ല….
അപ്പൊ ഇവരൊക്കെ എങ്ങനെ അറിഞ്ഞു….
ഒരൂസം കേശുവേട്ടനെ വിളിച്ചു സാറ്… എന്നെ നന്നായി ശ്രദ്ധിക്കാൻ പറഞ്ഞു…. എന്നിട്ട് ചോദിച്ചു വീട്ടില് എനിക്ക് കോഴിതീറ്റ ആണോ കൊടുക്കുന്നെ ന്ന്…. അതോടെ ഏട്ടന് കാര്യം കത്തി…. സുധിയേട്ടനും ഉണ്ടായിരുന്നു അപ്പൊ ഏട്ടന്റെ അടുത്ത്… രണ്ടാളും കൂടെ എന്നെ പൊക്കി….
അവളുടെ പറച്ചിൽ കേട്ട് കല്ലുവിന് ചിരി വന്നു പോയി….
അമ്മൂ…. നിന്നെ ദേ അമ്മ വിളിക്കുന്നു…..
പുറത്ത് നിന്നുള്ള ആദിയുടെ ശബ്ദം കേട്ടാണ് ഇരുവരും തിരിഞ്ഞു നോക്കുന്നത്….
കല്ലുവിന്റെ മുഖം മങ്ങി…. അത് കൃത്യമായി ആദി കാണുകയും ചെയ്തു….. ചെറിയൊരു വിഷമം തോന്നിയെങ്കിലും അവൻ അവളെ ശ്രദ്ധിക്കാതെ അകത്തേക്ക് കയറി…. അതേസമയത്ത് തന്നെ സരള പുറത്തേക്ക് വന്നിരുന്നു….
ചെറിയമ്മേ… സുധി ഇല്ലേ ഇവിടെ…
ആ ഒണ്ട് മോനെ…. ഇപ്പൊ തന്നെ വന്നാരുന്നു….
മ്…..
ഒന്ന് മൂളി അകത്തേക്ക് കേറുമ്പോൾ അവനൊന്നു തിരിഞ്ഞു നോക്കി…. അമ്മുവിനോട് സംസാരിച്ചു കൊണ്ട് ഇരിക്കുന്ന കല്ലുവിനെ കാണുമ്പോൾ മനസ്സിൽ എന്താണെന്ന് പറയാൻ കഴിയാത്ത ഒരു ഫീൽ…. ചുണ്ടിൽ വിരിഞ്ഞൊരു പുഞ്ചിരിയോടെ അവൻ സുധിയുടെ റൂമിലേക്ക് പോയി……
കല്ലൂ…. ഞങ്ങടെ വീട്ടിലേക്ക് പോകാം…. അമ്മ നിന്നെ കൊണ്ട് ചെല്ലാൻ പറഞ്ഞു…. വീടൊക്കെ കാണാന്നെ…..
അമ്മു പറഞ്ഞതും തലയാട്ടി എഴുന്നേറ്റു….
മുത്തശ്ശിയോട് പറഞ്ഞിട്ട് ഇറങ്ങുമ്പോൾ ആദിയും അവർക്കൊപ്പം ഇറങ്ങിയിരുന്നു…. കല്ലു അമ്മുവിനോട് സംസാരിച്ചു കൊണ്ടാണ് നടന്നത്….
അങ്ങോട്ട് ചെല്ലുമ്പോൾ അവിടെ ദേവനും ഉണ്ട്…..
ആഹാ… ഇതാരിത്… കല്ലു മോളോ… വാ…..
ചിരിയോടെ മുകുന്ദൻ പറയെ അമ്മു കല്ലുവിന്റെ കയ്യും പിടിച്ചു അകത്തേക്ക് കയറിയിരുന്നു….
ആദി അച്ഛന്റെയും ചെറിയച്ഛന്റെയും അടുത്ത് നിന്നു…
അമ്മു ഉള്ളത് നന്നായി അല്ലേ ഏട്ടാ…. കല്ലുവിന് ഒരു ആശ്വാസം ആകും….
അതെ…..
അന്ന് നമ്മള് ഗിരിജയെ സ്വീകരിച്ചിരുന്നെങ്കിൽ നമ്മടെ ഇടയില് വളരേണ്ട കുട്ടിയാ…. ഇതിപ്പോ ആരും ഇല്ലാത്ത പോലെ ജീവിച്ചും കല്ലു മോളും ഗിരിജയും ഒക്കെ…..
വീണ്ടും ഗിരിജയുടെ പേര് തങ്ങൾക്കിടയിൽ വന്നതും ഇരുവരും മൗനമായി….. ഒരു നെടുവീർപ്പോടെ ആദി അകത്തേക്ക് കയറി അവന്റെ റൂമിലേക്ക് പോയി….
ലളിതയും രുദ്രയും അവളെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്……
അവിടം മുതൽ കല്ലു മാറുകയായിരുന്നു…. ചുറ്റും സ്നേഹിക്കാൻ ഒരുപാട് ആളുകൾ… പതിയെ തന്റെ ദുഃഖങ്ങൾ മനഃപൂർവം മറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…. നികത്താൻ കഴിയാത്ത നഷ്ടം ആണ് തനിക്ക് ഉണ്ടായത് എങ്കിലും…. എല്ലാവരോടും അടുത്തു അവൾ… പഴയ വായാടി ആയി മാറിയിരുന്നു…. ചിതാ ഭസ്മം അമ്മയുടെയും അച്ഛന്റെയും ആഗ്രഹം പോലെ ഭാരതപ്പുഴയിൽ ആണ് ഒഴുക്കിയത്…. അന്നെല്ലാം ആദിയും സുധിയും അമ്മുവും മുകുന്ദനും ദേവനും എല്ലാം അവൾളുടെ ദുഖത്തിന് തണലായി …. പക്ഷെ ആദിയോട് മാത്രം അവൾ ഒരക്ഷരം പോലും മിണ്ടില്ലായിരുന്നു…. എന്തിന്… നോക്കുക പോലും ഇല്ലായിരുന്നു… അതവന് ഒരുപാട് വിഷമം ഉണ്ടാക്കിയെങ്കിലും പിന്നീട് അവനും അവളെ മനഃപൂർവം ഒഴിവാക്കി…. സുധിയോട് പോലും അടുപ്പത്തോടെ പെരുമാറുന്ന അവളോട് താൻ ചെയ്ത തെറ്റ് എന്തായിരുന്നു എന്ന് അവന് അറിയുന്നില്ലായിരുന്നു….
സുധിയും കല്ലുവും തമ്മിൽ ഒരു പ്രത്യേക അടുപ്പം ഫീൽ ചെയ്തതോടെ അവന്റെ മനസ് ആദ്യമായി അവൾക്ക് വേണ്ടി വാശി പിടിച്ചു തുടങ്ങിയിരുന്നു…. തനിക്ക് അവളോട് തോന്നുന്നത് എന്താണ് എന്ന് അവൻ അന്ന് മനസ്സിലാക്കുകയായിരുന്നു……….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…