പവിത്ര: ഭാഗം 20

പവിത്ര: ഭാഗം 20

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

അടുത്തടുത്ത സമയങ്ങളിൽ ആ ചെറുപ്രായത്തിൽ പവിത്രയുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങൾ…
അതിനെ അതിജീവിച്ചു വന്നതിന്റെ പ്രതിഫലനമാണ് ഇന്നത്തെ ഈ പവിത്ര… !
കണ്ണീർ ഒലിപ്പിച്ചു വീടിന്റെ മൂലയിൽ ഒതുങ്ങി കൂടാതെ, മറ്റുള്ളവരുടെ ആജ്ഞകൾക്ക് അനുസരിച്ചു ജീവിക്കാതെ, മനസ്സിനെ കല്ലാക്കി മുഖത്ത് ഗൗരവം നിറച്ചു തനിക്ക് ശരിയെന്നു തോന്നിയത് തലയുയർത്തി തന്റേടത്തോടെ പറയാനും ചെയ്യാനും ശീലിച്ചവൾ.. !

പവിത്ര ഹിറ്റ്ലർ ദീദി ആയതിൽ ഇപ്പോൾ ഡേവിഡിന് ഒരു സംശയവും ഇല്ല..
ഇത്രയും പറഞ്ഞു തീർക്കുമ്പോൾ ഒരു തവണ പോലും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നില്ല…അല്പം പോലും ദുഃഖം അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ കഴിയുന്നില്ല…
ഡേവിഡ് അത്ഭുതത്തോടെ അവളെ നോക്കി കണ്ടു.

” രമ്യ പ്രെഗ്നന്റ് ആയിരുന്നിട്ട് ആ കുഞ്ഞ് എവിടെ പോയെന്ന് ഡേവിഡ് ചോദിക്കുന്നില്ലേ ”
പവിത്ര ചോദ്യഭാവത്തിൽ അവനെ നോക്കി.

” രാജേഷ് പറഞ്ഞിരുന്നു കുഞ്ഞിനെ കളഞ്ഞ കാര്യം ”

” അതെ… കല്യാണം കഴിഞ്ഞ പുതുമോടി ഘോഷിക്കാൻ കുഞ്ഞ് ഒരു തടസമാണെന്ന് ആ ദുഷ്ടന് തോന്നി…
ആരെയും അറിയിക്കാതെ അവനും അവളും ചേർന്ന് അബോർഷൻ നടത്തി. അവന്റെ പഞ്ചാര വാക്കുകൾ ആയിരുന്നു രമ്യക്കും വേദ വാക്യം. രണ്ടും ഒരുതരത്തിൽ പറഞ്ഞാൽ കൊലപാതകികൾ തന്നെയാണ് ”
പവിത്രയുടെ വാക്കുകളിൽ അമർഷം നിറഞ്ഞിരുന്നു.

” ആ തെറ്റിന്റെ ഫലമല്ലേ അവർ ഇപ്പോൾ അനുഭവിക്കുന്നത്… ഒരു കുഞ്ഞിന് വേണ്ടി ഹോസ്പിറ്റലുകളിലും അമ്പലങ്ങളിലും കയറി ഇറങ്ങുവല്ലേ രണ്ടുപേരും. ”
ഡേവിഡ് ദേഷ്യത്തോടെ പറഞ്ഞു.

” നമ്മൾ ചെയ്യുന്ന തെറ്റിനുള്ള ഫലം അത് എന്നായാലും തിരിച്ചു കിട്ടിയിരിക്കും…
പിന്നെ ഈ കഥയൊക്കെ മിസ്റ്റർ ഡേവിഡിനോട് പറഞ്ഞത് തന്നിൽ നിന്നും ഒരു സിമ്പതി പ്രതീക്ഷിച്ചിട്ടൊന്നുമല്ല… മാധവിനെ പോലെ തന്നെയാണ് താനും എന്ന് ഞാൻ തെറ്റിദ്ധരിച്ചു.അങ്ങനെ അല്ല എന്ന് ഈ കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് എനിക്ക് മനസിലായി. പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കാൻ കഴിയില്ലല്ലോ…അതുകൊണ്ടാണ് ഈ കഥ ഡേവിഡിനോട് പറഞ്ഞത്. ”

” കുറെയൊക്കെ എനിക്കും അറിയാമായിരുന്നു. രാജേഷ് എന്നോട് പറഞ്ഞിരുന്നു. ”

” മാധവിന്റെ കാര്യം ഏട്ടനോട് പറയരുതെന്ന് ഞാൻ കരുതി ഇരുന്നതാണ്. പക്ഷേ അച്ഛനെ കുറിച്ച് അറിഞ്ഞത് കൊണ്ട് മാത്രമുള്ള ഷോക്ക് അല്ല എന്റെ മാറ്റത്തിന്റെ കാര്യമെന്ന് മനസ്സിലാക്കാൻ ഏട്ടന് കഴിഞ്ഞു. മാത്രമല്ല എന്റെ മുറിയിൽ നിന്നും മാധവിന്റെ ഫോട്ടോ ഏട്ടന് കിട്ടി.

എല്ലാം അറിഞ്ഞപ്പോൾ എന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ മാത്രേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു.
രമ്യ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോഴേ അമ്മാവൻ പാതി തകർന്നതാണ്… മാധവിന്റെ ചതി കൂടി അറിഞ്ഞാൽ അമ്മാവന്റെ അവസ്ഥ എന്താകും… രമ്യ അറിഞ്ഞാൽ എന്താ സംഭവിക്കുക എന്ന് ഒക്കെയുള്ള കാര്യങ്ങൾ പറഞ്ഞു ഞാൻ രാജേഷേട്ടനെ അടക്കി നിർത്തി… ”

” അല്ല ഈ ആദർശും അമ്മയുമൊക്കെ തന്റെ കയ്യിൽ എങ്ങനെ വന്നു പെട്ടു ”
ആ കാര്യത്തിൽ ഡേവിഡിന് വ്യക്തത ഇല്ലായിരുന്നു.

” അന്ന് വീട്ടിൽ നിന്നും ഇറക്കി വിട്ട് കഴിഞ്ഞു ഒരിക്കൽ പോലും അച്ഛൻ തിരികെ വീട്ടിലേക്ക് വന്നിട്ടില്ല. എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞു ക്ഷമ ചോദിക്കാൻ അച്ഛൻ വരുമെന്ന് അമ്മ പ്രതീക്ഷിച്ചിരുന്നു. അങ്ങനൊന്ന് ഉണ്ടായില്ലെന്ന് മാത്രമല്ല പിന്നീട് ഒന്ന് രണ്ട് വട്ടം ആദർശിന്റെ അമ്മയോടൊപ്പവും മറ്റു ചിലപ്പോൾ വേറൊരു സ്ത്രീക്ക് ഒപ്പവും ഞാൻ അച്ഛനെ കണ്ടിട്ടുണ്ട്. ”

താൻ ചോദിച്ചതിന് ഉത്തരമല്ലല്ലോ പവിത്ര പറയുന്നതെന്ന് ഓർത്ത് ഡേവിച്ചൻ വീണ്ടും ചോദിക്കാൻ തുടങ്ങിയതും പവിത്ര പറഞ്ഞു തുടങ്ങിയതും ഒരുമിച്ചു ആയിരുന്നു.

” കൈമൾ സാറിനെ അറിയാല്ലോ ഡേവിഡിന്…
അദ്ദേഹത്തിന്റെ അകന്ന ബന്ധത്തിൽ ഉള്ളതാണ് സാവിത്രിയമ്മ. കൈമൾ സാറിന് ഒരുപാട് ഇഷ്ടമായിരുന്നു സാവിത്രിയമ്മേ…
അച്ഛനും അമ്മയുമില്ലാത്ത സംസാരിക്കാൻ കഴിവില്ലാത്ത ആ സാധുസ്ത്രീയെ പറഞ്ഞു പറ്റിച്ചു എന്റെ അച്ഛൻ സ്വന്തമാക്കി. ആളാരെന്ന് സാർ അറിഞ്ഞില്ല. അറിഞ്ഞ അന്ന് അമ്മാവനോട് എല്ലാം പറഞ്ഞു….
അതിന്റെ ബാക്കി ആയിരുന്നു ആ രാത്രി നടന്ന ബഹളം.
അതിനൊക്കെ ശേഷം എനിക്ക് ഐശ്വര്യ ടെക്സ്റ്റയിൽസ് ജോലി ആയി കഴിഞ്ഞപ്പോൾ ആണ് കൈമൾ സാർ യാദൃശ്ചികമായി സാവിത്രിയമ്മയെയും ആദർശിനെയും കാണുന്നത്. അവരുടെ ഒപ്പം അന്ന് അച്ഛൻ ഇല്ല. വളരെ കഷ്ടത്തിൽ ആയിരുന്നു അവരുടെ ജീവിതം. സാർ അതൊക്കെ എന്നെ അറിയിച്ചു.
എന്തോ ആ അവസ്ഥയിൽ അവരെ ഉപേക്ഷിച്ചു കളയാൻ മനസ്സ് വന്നില്ല ”

” യൂ ആർ റിയലി ഗ്രേറ്റ്‌ പവിത്ര…
തന്നേ പോലൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല ”
ഡേവിഡ് പറയുന്നത് കേട്ട് ചിരിയോടെ പവിത്ര എണീറ്റു.

” അത്രയ്ക്ക് ഒന്നും ഞാൻ ചെയ്തിട്ടില്ല മിസ്റ്റർ ഡേവിഡ്….
ഇപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്നും ആരോടും പറഞ്ഞേക്കരുത്… ആരോടും എന്നുദ്ദേശിച്ചത് ആരെയൊക്കെ ആണെന്ന് മനസ്സിലായോ ”

” ഉവ്വ് ആദർശിനോടും സൗമ്യയോടും അല്ലേ ”

” അതെ ”

” ഇല്ല പറയില്ല….വേറൊരു സംശയം കൂടി അറിയാനുണ്ട്… ചോദിച്ചോട്ടെ ”
പവിത്രയുടെ അനുവാദത്തിനായി അവൻ കാത്തു.

” ചോദിച്ചോളൂ ”

” പവിത്രയ്ക്ക് എന്നെ മനസ്സിലായില്ലേ ആദ്യം കണ്ടപ്പോൾ ഒന്നും ”

” പത്തുപതിനാറു വർഷങ്ങൾക്ക് മുൻപ് കണ്ടതല്ലേ…
പെട്ടെന്ന് എങ്ങനെ ഓർമ്മ കിട്ടും… കാണുമ്പോൾ ഓർക്കാനും മാത്രം ഓർമ്മകൾ ഒന്നും ഇല്ലല്ലോ.. എപ്പോഴോ ഒന്ന് കണ്ടു സംസാരിച്ചു അത്രേയുള്ളല്ലോ.. പിന്നെ ഈ താടിയും മുടിയും ഒക്കെ വന്നപ്പോൾ ഒട്ടും മനസ്സിലായില്ല. എങ്കിലും എവിടെയോ കണ്ടുമറന്നത് പോലെ തോന്നിയിരുന്നു ”

” മ്മ് ”
ഡേവിഡ് വെറുതെ മൂളി. ഓർക്കാനും മാത്രം ഓർമ്മകൾ ഒന്നും താൻ അവൾക്കായി നൽകിയില്ല എന്ന സത്യം അവനെ വേദനിപ്പിച്ചു.

” പിന്നെ എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്.. ഈ മിസ്റ്റർ ഡേവിഡ് എന്ന വിളി മാറ്റി ഡേവിഡ് എന്നോ ഡേവിച്ചൻ എന്നോ വിളിച്ചാൽ മതി… പ്ലീസ് ”

അതിന് മറുപടി ഒന്നും പറഞ്ഞില്ല എങ്കിലും ആ വിളിക്ക് അവൾ മാറ്റം വരുത്തുമെന്ന് അവന് പ്രതീക്ഷ ഉണ്ടായിരുന്നു.

” ആഹാ നിങ്ങൾ ഇവിടെ ഇരിക്കുവായിരുന്നോ ഞാൻ എവിടൊക്കെ നോക്കി ”
അവരുടെ അടുത്തേക്ക് ആദർശ് വന്നു. കുറച്ചു സമയത്തേക്ക് അഴിച്ചു വെച്ച ഗൗരവത്തിന്റെ മൂടുപടം വീണ്ടും അവൾ മുഖത്തേക്ക് ആവാഹിക്കുന്നത് ഡേവിഡ് കൗതുകത്തോടെ നോക്കി കണ്ടു.

” എന്താ കാര്യം ”
ആദർശിന്റെ മുഖത്തേക്ക് നോക്കാതെ അവൾ ചോദിച്ചു.

” ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോകാൻ ഒരുങ്ങുവായിരുന്നു. നിങ്ങളോട് യാത്ര പറയാൻ വന്നതാ ”

” ആഹ് നിങ്ങൾ പോവാണോ ”

” അതെ അളിയാ ചടങ്ങുകൾ ഒക്കെ കഴിഞ്ഞല്ലോ… ഇനി വീട്ടിൽ പോകാന്നു ഞാൻ വിചാരിച്ചു. ”
അവന്റെ അളിയൻ വിളി കേട്ട് പവിത്ര രണ്ട് പേരെയും സൂക്ഷിച്ചു നോക്കി. അതുകണ്ട് ഡേവിഡ് പതിയെ വീട്ടിലേക്ക് നടന്നു. പുറകേ അവരും.

പത്മത്തിന് സാവിത്രിയേയും

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story