രുദ്രാക്ഷ : ഭാഗം 4

രുദ്രാക്ഷ : ഭാഗം 4

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

നിനക്ക് ഭയമില്ലേ രുദ്രു.. ബാൽക്കണിയിലെ ചൂരൽ കസേരയിലിരിക്കുമ്പോൾ സഞ്ജു ചോദിച്ചു.
രുദ്ര നട്ടുവളർത്തിയ മുല്ലപ്പടർപ്പിൽ നിന്നുമൊരു പൂവ് പൊട്ടിച്ച് അതിന്റെ സുഗന്ധം ആസ്വദിച്ചുകൊണ്ടാണവൻ ചോദിച്ചത്.

അവളിൽ നിന്നും മറുപടി വരാതായപ്പോൾ അവനവളെ തല തിരിച്ചൊന്നു നോക്കി.

പാർക്കിലേക്കാണവളുടെ ശ്രദ്ധ നിലനിൽക്കുന്നതെന്നറിഞ്ഞവൻ അവളുടെ മുടിയിൽ പിടിച്ച് വലിച്ചു.

ആഹ്… പോടാ പട്ടീ തിരിഞ്ഞവൾ അവന്റെ ചുമലിൽ ആഞ്ഞടിച്ചു.

അയ്യോ.. എന്റെ പുറം നീ പള്ളിപ്പറമ്പാക്കിയല്ലോടീ ദുഷ്ടേ..
അടിച്ച ഭാഗം അമർത്തി തിരുമ്മിക്കൊണ്ടവൻ ചുണ്ട് കൂർപ്പിച്ചു.

നീയെന്തിനാടാ എന്റെ മുടിയിൽ പിടിച്ച് വലിച്ചത് രുദ്ര ചോദിച്ചു.

ചോദിച്ചതിന് മറുപടി നൽകാതെ സ്വപ്നം കണ്ടിരിക്കുന്ന പിന്നെ എന്ത് ചെയ്യാനാ..

സോറി ടാ രണ്ട് കൈയിലും കാതിൽ വച്ചവൾ പറയുന്നത് കേട്ടവന് ചിരി വന്നു.

നീയെന്താ ചോദിച്ചത് അവൾ ചോദിച്ചു.

നിനക്ക് ഭയമില്ലേയെന്ന്.. അവളെ നോക്കിക്കൊണ്ട് സഞ്ജു ചോദ്യം ആവർത്തിച്ചു.

ഭയം.. കേവലം അതൊരു വികാരം മാത്രമല്ലേ സഞ്ജു. നഷ്ടപ്പെടാൻ കൈമുതലുള്ളവർക്ക് മാത്രം തോന്നാവുന്ന വികാരം. നഷ്ടപ്പെടാൻ മാത്രം വിലമതിച്ചതൊന്നും ഇന്ന് രുദ്രയ്ക്ക് സ്വന്തമായില്ല. കൈവശമുണ്ടായിരുന്ന അമൂല്യമായവ ഒരിക്കലും തിരികെ ലഭിക്കാനിടയില്ലാത്ത വിധം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. രുദ്ര ഭയന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.. അന്നത്തെ രുദ്രയിൽ നിന്നൊക്കെ ഒരുപാട് മാറിയിരിക്കുന്നു ഇന്നത്തെ രുദ്ര. ഇത് പുതിയ രുദ്രയല്ലേ ഉലയിൽ വച്ച് പഴുപ്പിച്ചെടുത്ത ഇരുമ്പുപോലെ ചുട്ടുപഴുത്തവൾ. രുദ്രയൊരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തുമ്പോൾ സഞ്ജുവിന്റെ മിഴികൾ രുദ്രയുടെ മിഴികളിൽ തെളിഞ്ഞു കത്തുന്ന പുതിയൊരു ഭാവത്തിലായിരുന്നു.

രാത്രിയിലെ കനത്ത നിശബ്ദത രുദ്രയുടെ കഴിഞ്ഞുപോയ പല ജീവിതമുഹൂർത്തങ്ങളും മുൻപിൽ കൊണ്ട് വരുന്നുണ്ടായിരുന്നു.
ഓർമ്മിക്കാൻ ഇഷ്ടമല്ലാത്തതുപോലെ അവൾ മിഴികൾ ഇറുകെയടച്ച് തലയണയിലേക്ക് മുഖം പൂഴ്ത്തി.

പിറ്റേന്ന് രാവിലെ സിറ്റൗട്ടിൽ ചായ കുടിച്ചു കൊണ്ടിരിക്കെയാണ് ഒരമ്മയും മകളും ഗേറ്റ് കടന്നെത്തിയത്.

ആരാണെന്ന ചോദ്യമെറിയുന്നതിന് മുൻപേ അവർ സംസാരിച്ചു തുടങ്ങി.
മാഡം.. എന്റെ പേര് സുമലത എന്നാണ്. ഇതെന്റെ മകളാണ് കൃഷ്ണപ്രിയ. മോൾക്ക് ഹൃദയവാൽവ് തകരാറാണ്. അത്യാവശ്യമായി ഓപ്പറേഷൻ നടത്തേണ്ടതുണ്ട്. എന്റെ കൈയിൽ പൈസയൊന്നുമില്ല നിറഞ്ഞൊഴുകിയ മിഴികൾ തുടച്ചു കൊണ്ടവർ തുടർന്നു. എനിക്കെന്റെ മോൾ മാത്രമേയുള്ളൂ.
കുറേ ദിവസമായി വീടുകൾ കയറിയിറങ്ങുന്നു. നാട്ടുകാർ പിരിവെടുത്ത് കുറച്ച് തുക സംഘടിപ്പിച്ചു തന്നിട്ടുണ്ട്. എന്നാൽ അതുകൊണ്ട് മാത്രം കൂട്ടിയാൽ കൂടില്ല. എന്റെ മോളെ എനിക്ക് രക്ഷിക്കണം എന്നെ സഹായിക്കണേ മാഡം.

നിങ്ങളുടെ ഭർത്താവ്.. സംശയത്തോടെ രുദ്ര ചോദിച്ചു.

ജീവനോടെയുണ്ട് മാഡം.
ജോലിക്ക് പോകുന്ന പൈസ അദ്ദേഹത്തിന് കുടിക്കാനേ തികയുള്ളൂ. വീട്ടിൽ കൂട്ടുകാരോടൊപ്പം ഇരുന്നാണ് കള്ളുകുടി. പ്രായമായ എന്റെ കൊച്ചിനെ ഒറ്റയ്ക്ക് നിർത്തി വരാനുള്ള മനക്കട്ടി ഇല്ലാത്തതുകൊണ്ടാ രോഗം പിടിച്ച കൊച്ചിനെയും കൊണ്ട് നടക്കുന്നത്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത കാലമാ.എന്റെ കൊച്ചിന്റെ മാനം പോയിട്ട് പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ.. വിതുമ്പിക്കൊണ്ടവർ പറഞ്ഞു നിർത്തി.

മുൻപിൽ നിൽക്കുന്ന പതിനാറ് വയസ്സോളം പ്രായം തോന്നിക്കുന്ന കുട്ടിയെ രുദ്ര സൂക്ഷിച്ചു നോക്കി. മെലിഞ്ഞ കുട്ടിയാണ്. അലട്ടുന്ന രോഗാവസ്ഥയ്ക്ക് പുറമേ വിഷാദം മുറ്റിയ മിഴികളും.

ഓർമ്മകളുടെ കുത്തൊഴുക്കിൽ കടപുഴകിയെത്തിയ ഏതോ ഓർമ്മകൾ ഞൊടിയിടയിലവൾ ബന്ധിച്ചു.

ശേഷമവരെ സിറ്റൗട്ടിൽ കയറ്റിയിരുത്തി ചായ നൽകി. ചായ ഊതിക്കുടിക്കുമ്പോഴും അവരുടെ മുഖത്ത് വിഷാദം മൊട്ടിട്ടു നിന്നിരുന്നു.

പെട്ടെന്ന് റെഡിയായി വന്ന രുദ്ര അവരെയും വണ്ടിയിൽ കയറ്റി ആശുപത്രിയിലേക്ക് വണ്ടി വിട്ടു.
കൈയിലുണ്ടായിരുന്ന രോഗാവസ്ഥയെ സംബന്ധിക്കുന്ന ഫയൽ കാണിക്കുമ്പോഴും ഉടൻ ഓപ്പറേഷന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുവാൻ പറയുമ്പോഴും അവർ നടന്നതൊന്നും വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു.

അധികo വൈകാതെ ഓപ്പറേഷൻ നടത്താമെന്ന് തീരുമാനിച്ച് അവരോട് യാത്ര പറഞ്ഞിട്ട് ഒരുനിമിഷം രുദ്ര തിരിഞ്ഞുനിന്നു.

ചേച്ചീ.. മോളുടെ രോഗം ഭേദമാകണമെന്ന് ചേച്ചി ആഗ്രഹിച്ചത് അവളെ പൂർണ്ണ ആരോഗ്യത്തോടെ തിരികെ കിട്ടാനല്ലേ.

അതേയെന്നവർ തലയനക്കി.

ഓപ്പറേഷനിലൂടെ അവളുടെ ശരീരത്തിനെ മാത്രമേ ഭേദമാക്കാനാകൂ. അവളുടെ മനസ്സിനെ ശരിയാക്കാനാവില്ല. മകൾ മനസ്സ് തുറന്ന് ചിരിച്ചു കണ്ടിട്ടെത്ര നാളായെന്ന് ചേച്ചി ആലോചിച്ചു നോക്കൂ. തന്റെ അച്ഛന്റെ പ്രായമുള്ളയാൾ ഉപദ്രവിക്കാൻ വന്ന ഷോക്ക് ഇനിയും മോളെ വിട്ട് പോയിട്ടില്ല. രോഗം വന്നാൽ എന്ത് ചെയ്യും ഒന്നുകിൽ മരുന്ന് കഴിക്കും അത് കൊണ്ട് മാറാത്ത രോഗമാണെങ്കിൽ രോഗം വന്ന അവയവം മുറിച്ചു മാറ്റും. ഇത്രയും വർഷം സഹിച്ചില്ലേ. കൂലിപ്പണി ചെയ്തും നിങ്ങളിത്രയും കാലം വളർത്തിക്കൊണ്ടു വന്ന മകളെ തുടർന്നും വളർത്താമെന്ന ഉറപ്പ് നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തെ ബാധിച്ച രോഗത്തെ മൂടോടെ നശിപ്പിക്കാൻ നിങ്ങൾക്ക് കഴിയും നിങ്ങൾക്കേ കഴിയൂ. കാരണം ഒരമ്മയ്ക്ക് മാത്രമേ.. ഒരു സ്ത്രീയ്ക്ക് മാത്രമേ അതിനാകുള്ളൂ. അമ്മയേക്കാൾ വലിയ പോരാളി ലോകത്ത് മറ്റാരുമില്ല ചേച്ചീ.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story