Kerala

ആശമാരുടെ സമരം; മന്ത്രി വി.ശിവൻകുട്ടി നാളെ ചർച്ച നടത്തും

തിരുവനന്തപുരം: ഒന്നരമാസത്തിലധികമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തുന്ന ആശമാരുമായി തിങ്കളാഴ്ച തൊഴിൽ മന്ത്രി വി.ശിവൻകുട്ടി ചർച്ചനടത്തും. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മന്ത്രിയുടെ ചേമ്പറിൽ വെച്ചാണ് കൂടിക്കാഴ്ച.

നേരത്തെ, കൂടിക്കാഴ്ച അനുവദിക്കണമെന്ന സമരത്തിലുള്ള ആശമാർ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ 19ന് ലേബർ കമ്മീഷണർക്ക് സമരസമിതി കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രി വി. ശിവകുട്ടിക്ക് മെയിൽ അയച്ചിരുന്നതായും സമര നേതാവ് വി.കെ സദാനന്ദൻ പറഞ്ഞിരുന്നു.

മൂന്ന് വട്ടം സർക്കാരും സമരക്കാരും തമ്മിൽ ചർച്ച നടന്നെങ്കിലും പ്രശ്നപരിഹാരത്തിനു കളമൊരുങ്ങിയിരുന്നില്ല. ഓണറേറിയം കൂട്ടുന്നതും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്.

ആശമാർ കടുംപിടുത്തം തുടരുകയാണെന്നും ഇനി ചർച്ചവേണ്ടെന്നുമായിരുന്നു നേരത്തെ ആരോഗ്യവകുപ്പിന്റെ നിലപാട്. അതേസമയം, സർക്കാരാണ് കടുംപിടുത്തം തുടരുന്നതെന്ന് നിലപാടിലായിരുന്നു സമരം ചെയ്യുന്ന ആശമാർ. ഓണറേറിയം വർധനവ് അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ആശമാരുടെ സമരം ദേശീയശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആശമാരുടെ രാപ്പകൽ സമരം ഞായറാഴ്ച അൻപത്തിയാറാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം പതിനെട്ടാം ദിവസത്തിലാണ്.

Related Articles

Back to top button
error: Content is protected !!