Kerala
സെക്രട്ടേറിയറ്റിന് മുന്നിൽ ആശമാർ ഇന്ന് മുതൽ നിരാഹാര സമരം ആരംഭിക്കും

ആശ പ്രവർത്തകർ ഇന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. ഇന്നലെ ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് നിരാഹാര സമരത്തിലേക്ക് ആശമാർ കടക്കുന്നത്. യാഥാർഥ്യ ബോധത്തോടെ കാര്യങ്ങൾ കാണണമെന്ന് മന്ത്രി പറഞ്ഞെങ്കിലും ആശമാർ വഴങ്ങിയില്ല
നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമാണ് ഇന്നലെ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സമരക്കാർ ആരോപിച്ചു. പുതിയ നിർദേശങ്ങളോ പരിഗണനകളോ ഒന്നും ചർച്ചയിലുണ്ടായില്ലെന്നും ആശ വർക്കർമാർ പറഞ്ഞു
എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി ഉച്ചക്ക് നടത്തിയ ചർച്ച അലസിപ്പിരിഞ്ഞതോടെയാണ് വൈകിട്ട് ആരോഗ്യമന്ത്രിയുമായും ചർച്ച നടന്നത്. രണ്ട് ചർച്ചകളും പരാജയപ്പെട്ടതോടെ ഇന്ന് രാവിലെ 11 മണി മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ പ്രഖ്യാപിക്കുകയായിരുന്നു.