സഭാ സമ്മേളനം നാല് മുതൽ: അജിത് കുമാറിനെ നീക്കുമോ, കടുത്ത നിലപാടിൽ സിപിഐ
എഡിജിപി അജിത് കുമാർ വിവാദത്തിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും. അജിത് കുമാറിനെ മാറ്റുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എഡിജിപിയെ ഏതുവിധേനയും നീക്കണമെന്ന ശക്തമായ നിലപാട് സിപിഐ സ്വീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും. വെള്ളിയാഴ്ച നിയമസഭാ സമ്മേളനവും ആരംഭിക്കാനിരിക്കുകയാണ്
എഡിജിപി അജിത് കുമാറിനെതിരെ ആരോപണങ്ങളുടെ പെരുമഴ തന്നെയുണ്ടായിട്ടും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അജിത് കുമാറിനെ നീക്കണമെന്ന് സിപിഐ മന്ത്രിമാര് ആവശ്യപ്പെടും. നാലാം തീയതി മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. അജിത് കുമാറിനെ എഡിജിപി സ്ഥാനത്തിരുത്തി സഭയിലേക്ക് പോകാനില്ലെന്ന നിലപാടാണ് സിപിഐ സ്വീകരിച്ചിരിക്കുന്നത്
അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് നൽകിയ സമയം ഒക്ടോബർ 3ന് തീരുകയാണ്. ഇന്നോ നാളെയോ റിപ്പോർട്ട് കൈമാറും. മരം മുറി, ഫോൺ ചോർത്തൽ, മാമി തിരോധാനം അടക്കമുള്ള ആരോപണങ്ങളിൽ റിപ്പോർട്ട് എന്താകുമെന്നതാണ് ആകാംക്ഷ. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.