ആതിര വധക്കേസ് പ്രതി ജോൺസൺ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ; കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോൺസണാണ് പിടിയിലായത്. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിഷം കഴിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായാണ് വിവരം. പ്രതിയുടെ ആരോഗ്യനില ഗുരുതരമാണെന്നും വിവരമുണ്ട്. ജോൺസൺ മുമ്പ് ജോലി ചെയ്തിരുന്ന ഹോം സ്‌റ്റേയിൽ നിന്നാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവിടെയുള്ളസാധനങ്ങൾ എടുക്കാൻ എത്തിയതായിരുന്നു പ്രതി. ജോൺസണാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു
ഒരു വർഷക്കാലമായി ആതിരയുമായി അടുപ്പത്തിലായിരുന്നു ജോൺസൺ. യുവതിയിൽ നിന്ന് 1.30 ലക്ഷം രൂപയും ഇയാൾ കൈക്കലാക്കിയിരുന്നു. കൃത്യം നടത്തുന്നതിന് മൂന്ന് ദിവസം മുമ്പ് 2500 രൂപ കൂടി യുവതിയുടെ പക്കൽ നിന്നും വാങ്ങി. യുവതിയുടെ ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്താണ് കൂടുതൽ പണം തട്ടിയിരുന്നത്.
ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് തന്റെ കൂടെ വരണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു. ആതിര ഇത് നിഷേധിച്ച വൈരാഗ്യത്തിലാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. തൊട്ടടുത്ത ക്ഷേത്രത്തിലെ പൂജാരിയായ രാജീവ് ക്ഷേത്രത്തിൽ നിന്നും മടങ്ങി വന്നപ്പോഴാണ് ആതിരയെ മരിച്ച നിലയിൽ കണ്ടത്.