ഏബലിനെ പീഡിപ്പിക്കാൻ ശ്രമം; പുറത്ത് പറയുമെന്ന് ഭയന്ന് കുളത്തിൽ മുക്കി കൊന്നു, മാള കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ

തൃശ്ശൂർ മാളയിൽ ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുകെജി വിദ്യാർഥിയായ കുഴൂർ സ്വർണപ്പള്ളം റോഡിൽ മഞ്ഞളി അജീഷിന്റെ മകൻ ഏബലാണ് കൊല്ലപ്പെട്ടത്. പ്രകൃതി വിരുദ്ധ പീഡനം എതിർത്തപ്പോഴാണ് അയൽവാസിയായ ജോജോ(20) കുട്ടിയെ കുളത്തിൽ മുക്കി കൊലപ്പെടുത്തിയത്.
ജോജോ കുട്ടിയെ പ്രകൃതി വിരുദ്ധ ബന്ധത്തിന് ഇരയാക്കാൻ ശ്രമിച്ചു. വിവരം പുറത്ത് പറയുമെന്ന് ഭയന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. കുട്ടിയുടെ വീടിന് തൊട്ടടുത്താണ് ജോജോ താമസിക്കുന്നത്. ബൈക്ക് മോഷണക്കേസിൽ ജയിലിലായിരുന്ന ജോജോ അടുത്താണ് ജാമ്യത്തിലിറങ്ങിയത്
കൂട്ടുകാർക്കൊപ്പം കളിക്കാനായാണ് ഏബൽ കഴിഞ്ഞ ദിവസം വീട്ടിൽ നിന്നിറങ്ങിയത്. ഏബലിനെ പിന്നീട് ജോജോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവിടെ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചു. എന്നാൽ പീഡനം ചെറുത്ത ആറ് വയസുകാരൻ നിലവിളിക്കുകയും അമ്മയെ വിവരം അറിയിക്കുമെന്ന് പറുകയും ചെയ്തു. ഇതോടെയാണ് കുട്ടിയുടെ മുഖം ബലമായി പൊത്തിപ്പിടിച്ച് കുളത്തിലിട്ട് കൊലപ്പെടുത്തിയത്.