വില അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങൾ പ്രീമിയം ഇവികളുടെ വിപണിയെ ബാധിച്ചേക്കാം: മുന്നറിയിപ്പുമായി മെഴ്സിഡസ് ബെൻസ് ഇന്ത്യ

CAR

വിലയെ അടിസ്ഥാനമാക്കി ഇലക്ട്രിക് വാഹനങ്ങൾക്ക് (EV) സബ്‌സിഡിയും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത് പ്രീമിയം/ലക്ഷ്വറി ഇവികളുടെ വിപണി വളർച്ചയെ മന്ദഗതിയിലാക്കുമെന്ന് മെഴ്സിഡസ് ബെൻസ് ഇന്ത്യ. ഡൽഹി സർക്കാരിന്റെ പുതിയ ഇലക്ട്രിക് വാഹന നയത്തിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ പ്രതികരണം. പുതിയ നയം അനുസരിച്ച് 30 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള ഇവികൾക്ക് മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഇത് പ്രീമിയം ഇവി വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ വീണ്ടും പരമ്പരാഗത ഇന്ധന (ICE) വാഹനങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചേക്കുമെന്ന് മെഴ്സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ വ്യക്തമാക്കി.

​പുകമലിനീകരണം ഇല്ലാതാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെങ്കിൽ ലക്ഷ്വറി കാറുകളെന്നോ സാധാരണ കാറുകളെന്നോ ഉള്ള വിവേചനം കാണിക്കേണ്ടതില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആനുകൂല്യങ്ങൾ വിലയെ അടിസ്ഥാനമാക്കിയല്ല, മറിച്ച് സാങ്കേതികവിദ്യയെ മുൻനിർത്തിയാണ് നൽകേണ്ടത്. മുൻപ് തെലങ്കാനയിലും ഇത്തരത്തിൽ ഇവി ആനുകൂല്യങ്ങൾ നിർത്തലാക്കിയപ്പോൾ ഇവി വിൽപ്പന കുറഞ്ഞിരുന്നുവെന്നും, പിന്നീട് അത് പുനഃസ്ഥാപിച്ചപ്പോൾ മെഴ്സിഡസ് ബെൻസിന്റെ ഇവി വിപണി വിഹിതം 20 ശതമാനത്തിന് മുകളിലേക്ക് ഉയർന്നതായും അദ്ദേഹം ഉദാഹരണമായി പറഞ്ഞു.

​നിലവിൽ പുതിയ 'സിഎൽഎ' (CLA) ഇലക്ട്രിക് സെഡാന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്ന് മെഴ്സിഡസ് ബെൻസിന്റെ ആകെ വിൽപ്പനയിൽ ഇവികളുടെ പങ്ക് 14 ശതമാനമായി ഉയർന്നിട്ടുണ്ട്. എങ്കിലും, ഇത്തരം വില നിയന്ത്രണങ്ങൾ വരുംദിവസങ്ങളിൽ ലക്ഷ്വറി ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയ്ക്ക് തടസ്സമാകുമെന്നാണ് കമ്പനിയുടെ ആശങ്ക.

Tags

Share this story