ചലചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ബി ഉണ്ണികൃഷ്ണനെ മാറ്റണം: വിമർശനവുമായി ആഷിക് അബു
Aug 28, 2024, 14:49 IST

താരസംഘടനയായ അമ്മക്ക് പിന്നാലെ ചലചിത്ര പിന്നണി പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിലും പൊട്ടിത്തെറി. ഫെഫ്ക നേതൃത്വത്തിനെതിരെ സംവിധായകൻ ആഷിക് അബു രംഗത്തുവന്നു. ഫെഫ്ക എന്നാൽ ബി ഉണ്ണികൃഷ്ണൻ എന്നല്ല. ഉണ്ണികൃഷ്ണന്റേത് വ്യാജ ഇടതുപക്ഷ പരിവേഷമാണെന്നും ആഷിക് അബു പറഞ്ഞു ഉണ്ണികൃഷ്ണനെ ചലചിത്ര നയരൂപീകരണ സമിതിയിൽ നിന്നും മാറ്റണം. ഫെഫ്കയുടെ പ്രതികരണം കാപട്യമാണ്. യൂണിയൻ നിലപാട് അല്ല വാർത്താക്കുറിപ്പ്. അത് ഉണ്ണികൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമാണ്. സമൂഹത്തെ അഭിമുഖീകരിക്കാൻ നട്ടെല്ലുണ്ടെങ്കിൽ പൊതുമധ്യത്തിൽ പ്രതികരിക്കട്ടെ. തൊഴിൽ നിഷേധിക്കുന്നയാളാണ് ഉണ്ണികൃഷ്ണനെന്നും ആഷിക് അബു പറഞ്ഞു നേരത്തെ അമ്മ ഭരണസമിതിയിലെ കൂട്ടരാജി സംഘടനയെ നവീകരിക്കുന്നതിന്റെ തുടക്കമാകട്ടെയെന്ന് ഫെഫ്ക പറഞ്ഞിരുന്നു. ലൈംഗികാതിക്രമം നടത്തിയതായി പരാമർശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെയെന്നും ഫെഫ്ക പ്രതികരിച്ചിരുന്നു.