ബിജു ജോസഫിന്റെ കൊലപാതകം: നാല് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി

ഇടുക്കി തൊടുപുഴയിൽ ബിസിനസ് പങ്കാളിയെ കൊട്ടേഷൻ നൽകി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി. മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാൻ ഓടിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖും മുഹമ്മദ് അസ്ലവും ചേർന്ന് ബിജുവിനെ ക്രൂരമായി മർദിച്ചു. തൊടുപുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ മൂന്നു പ്രതികളെയും കൊണ്ട് ഇന്ന് തെളിവെടുപ്പ് നടത്തും.
കച്ചവട പങ്കാളിയായ ബിജു ജോസഫിനെ കൊലപ്പെടുത്താൻ ആഴ്ചകൾക്ക് മുമ്പ് തന്നെ പ്രതി ജോമോൻ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയിരുന്നു. കൊച്ചിയിലെ പ്രമുഖ ഗുണ്ടാത്തലവനെയാണ് ഇയാൾ ആദ്യം ക്വട്ടേഷൻ ഏൽപ്പിച്ചിരുന്നത്. എന്നാൽ ഇയാൾ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തെ അപായപ്പെടുത്താൻ പദ്ധതി ഇട്ടതാണ് ജോമോനെ ആദ്യം പിന്തിരിപ്പിച്ചത്.
വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് വീടിനു പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോകുന്നത്. വാഹനത്തിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിംഗ് ഗോഡൗണിലെ മാൻ ഹോളിനുള്ളിൽ മറവ് ചെയ്തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.