ഇന്ത്യയുടെ ചൈന ആപ്പ് നിരോധനം; ടിക്ക്ടോക്കിനു നഷ്ടം 44,000 കോടി രൂപ

ഇന്ത്യയുടെ ചൈന ആപ്പ് നിരോധനം; ടിക്ക്ടോക്കിനു നഷ്ടം 44,000 കോടി രൂപ

ഇന്ത്യയുടെ ചൈന ആപ്പ് നിരോധനത്തിൽ ടിക്ക്ടോക്കിൻ്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന് 44,000 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്ന് റിപ്പോർട്ട്. ബൈറ്റ്ഡാൻസിൻ്റെ മൂന്ന് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ടിക്ക്ടോക്കിനൊപ്പം ഇന്ത്യ നിരോധിച്ച ആപ്പുകളിൽ ഹലോ വിഗോ വി​ഡിയോ എന്നീ ആപ്പുകളും ഇവരുടേതാണ്. കഴിഞ്ഞ ആഴ്ചയാണ് ടിക്ക്‌ടോക്ക് ഉൾപ്പെടെ 59 ആപ്പുകൾ ഇന്ത്യ നിരോധിച്ചത്.

ചൈനക്ക്​ പുറത്ത്​ ടിക്ക്​ടോക്കിന്​ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത്​ ഇന്ത്യയിലാണ്​. ലോകത്തെ ടിക്ക്ടോക്ക് ഉപഭോക്താക്കളിൽ 30.3 ശതമാനം ഇന്ത്യയിലാണ്. അതുകൊണ്ട് തന്നെ ടിക്ക്‌ടോക്കിനാണ് ഏറ്റവുമധികം നഷ്ടം. ബൈറ്റ്ഡാൻസിൻ്റെ ആകെ നഷ്ടമായി കണക്കാക്കപ്പെടുന്ന 44,000 കോടി രൂപ മറ്റ് 56 ആപ്പുകളുടെ ആകെ നഷ്ടത്തെക്കാൾ അധികമാണെന്നാണ് സൂചന.

ഇന്ത്യയിൽ ഏകദേശം 119 മില്ല്യൺ ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്‌ടോക്കിന് ഉണ്ടായിരുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലെയും ആപ്പിൾ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളിൽ ഒന്നായിരുന്നു ടിക്ക്‌ടോക്ക്.

യുസി ബ്രൗസർ, ക്യാം സ്‌കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ആപ്പുകൾ നിരോധിച്ചത്. ടിക്ക്ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ മൊബൈൽ, കംപ്യൂട്ടർ അടക്കമുള്ള വേർഷനുകൾക്ക് നിരോധനമുണ്ടാകും.

Share this story