സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തിരിച്ചുവരവിനുള്ള വഴി തേടി ഇന്ത്യന്‍ ബ്രാന്‍ഡുകള്‍; പദ്ധതികളുമായി ലാവയും മൈക്രോമാക്സും

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തിരിച്ചുവരവിനുള്ള വഴി തേടി ഇന്ത്യന്‍ ബ്രാന്‍ഡുകള്‍; പദ്ധതികളുമായി ലാവയും മൈക്രോമാക്സും

ചൈനീസ് ബ്രാന്‍ഡുകള്‍ കൈയടക്കിവെച്ചിരിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തിരിച്ചുവരവിനുള്ള വഴി തേടി ഇന്ത്യന്‍ ബ്രാന്‍ഡുകള്‍. ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളായ ലാവയും മൈക്രോമാക്സുമാണ് വീണ്ടും സജീവമാകാനുള്ള പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം ഉപയോഗപ്പെടുത്തി ചൈനീസ് എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനുള്ള ശ്രമമാണ് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ നടത്തുന്നത്.

ദീപാവലിക്ക് മുമ്പായി പുതിയ ഉല്‍പ്പന്ന നിര അവതരിപ്പിക്കാനാണ് ലാവ ശ്രമിക്കുന്നത്. മൈക്രോമാക്സ് അവരുടെ ചില ബ്രാന്‍ഡുകള്‍ മുഖം മിനുക്കി വീണ്ടും വിപണിയില്‍ അവതരിപ്പിക്കാന്‍ നീക്കം നടത്തുന്നു. 500 കോടി രൂപയാണ് മൈക്രോമാക്സ് നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത്. സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തിലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ 26.1 ശതമാനം ഷവോമിയുടെ കൈയിലാണ്. രണ്ടാം സ്ഥാനത്ത് സാംസങ്ങാണ്. 20.4 ശതമാനം. വിവോ (17.6%), റിയല്‍മി (17.4%). ഒപ്പോ (12.1%) എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന മറ്റ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍.

ലാവ, മൈക്രോമാക്സ്, ഇന്‍ടെക്സ്, കാര്‍ബണ്‍ തുടങ്ങിയ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലുണ്ടായിരുന്നുവെങ്കിലും ചൈനീസ് ബ്രാന്‍ഡുകളുടെ പടയോട്ടത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ കളം വിടുകയായിരുന്നു. ഇന്‍ടെക്സ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണം അവസാനിപ്പിച്ചു. കാര്‍ബണിന്റെ നിര്‍മാതാക്കളായ ജെയ്ന ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ വിപണിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

Share this story