പലിശ നിരക്ക് 'മാനംമുട്ടെ'; സ്ഥിര നിക്ഷേപത്തിന് 9% വരെ പലിശ നല്‍കുന്ന ബാങ്കുകളെ പരിചയപ്പെടാം

RS

2022 മേയില്‍ ആരംഭിച്ച റിപ്പോ നിരക്ക് വര്‍ധനവ് നിക്ഷേപകര്‍ക്ക് മികച്ച പലിശ നല്‍കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചു. ഡിസംബര്‍ വരെ 2.25 ശതമാനം റിപ്പോ നിരക്കില്‍ വര്‍ധനവ് വന്നപ്പോള്‍ ബാങ്കുകള്‍ പലിശ നിരക്കില്‍ 2 ശതമാനത്തോളം വര്‍ധനവ് വരുത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് അധിക നിരക്ക് കൂടി ലഭിക്കുന്നതോടെ മികച്ച നിരക്കിലുള്ള പലിശ ലഭിക്കുന്നുണ്ട്. നവംബറിലെ പണപ്പെരുപ്പമായ 5.88 ശതമാനം കണക്കാക്കിയാൽ എല്ലാ ബാങ്കുകളും പണപ്പെരുപ്പത്തേക്കാൾ ഉയർന്ന പലിശ നൽകുന്നുണ്ട്.

പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് പലിശ നിരക്കില്‍ വലിയ നേട്ടം നിക്ഷേപകര്‍ക്ക് നല്‍കുന്നത് സ്വകാര്യ ബാങ്കുകളാണ്. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ 7.25 ശതമാനമാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പരമാവധി പലിശ. സ്വകാര്യ ബാങ്കുകളിൽ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ 9 ശതമാനം പലിശ വരെ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഉയര്‍ന്ന പലിശ നല്‍കുന്ന 3 സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളെയാണ് ചുവടെ വിശദമാക്കുന്നത്.

യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 

501 ദിവസ കാലാവധിയിലേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 9 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. സാധാരണ നിക്ഷേപകര്‍ക്ക് 8.50 ശതമാനമാണ് പലിശ നിരക്ക്. രാജ്യത്ത് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണിത്. ഇതോടൊപ്പം മറ്റൊരു ഹ്രസ്വകാല നിക്ഷേപമായ 180 ദിവസത്തേക്കും ബാങ്ക് 9 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്‍ക്കും 8.50 ശതമാനം റെഗുലര്‍ നിക്ഷേപകര്‍ക്കും നല്‍കുന്നുണ്ട്. 

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 4 ശതമാനം മുതല്‍ 6 ശതമാനം പലിശയാണ് നല്‍കുന്നത്. ബാങ്കിലെ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 8.76 ശതമാനമാണ്. 999 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഈ പലിശ നിരക്ക് ലഭിക്കുന്നത്. സാധാരണ നിക്ഷേപകര്‍ക്ക് 8.51 ശതമാനം പലിശയും ലഭിക്കും. ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനം പൊതുവിഭാഗത്തിനും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനം പലിശയും ലഭിക്കും. 

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 

7 ദിവസം മുതല്‍ 10 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്ന പലിശ നിരക്ക് 3.75 ശതമാനം മുതല്‍ 6 ശതമാനം വരെയാണ്. ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 80 ആഴ്ചത്തെ നിക്ഷേപത്തിനാണ് നല്‍കുന്നത്. 8.20 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കും സാധാരണ നിക്ഷേപകര്‍ക്കും ഇതേ നിരക്കാണ് ലഭിക്കുന്നത്. 561 ദിവസം മുതല്‍ 989 ദിവസത്തേക്ക് 7.70 ശതമാനവും 999 ദിവസത്തേക്ക് 7.95 ശതമാനം പലിശയും ബാങ്കുകള്‍ നല്‍കുന്നുണ്ട്

നിക്ഷേപങ്ങള്‍ സുരക്ഷിതമോ 

റിസര്‍വ് ബാങ്ക് അംഗീകാരമുള്ള ഷെഡ്യൂള്‍ഡ് ബാങ്കുകളാണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. ഇതിനാല്‍ തന്നെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് സബ്‌സിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ പരിരക്ഷയുണ്ട്. ബാങ്കിന് പണം തിരിച്ചു തരാന്‍ പറ്റായ സാഹചര്യം ഉണ്ടായാല്‍ നിക്ഷേപകന് 5 ലക്ഷം രൂപ വരെ ഡിഐസിജിസി തിരികെ നല്‍കും. നിക്ഷേപവും പലിശയും ഉൾപ്പെടെയാണ് 5 ലക്ഷം. ഇതിനാല്‍ തന്നെ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് യാതൊരു സുരക്ഷാ ഭീഷണിയുമില്ല.

Share this story