ഐ/ഒ ഡെവലപ്പർ കോൺഫറൻസ് മെയ് 14ന്: വമ്പൻ തയ്യാറെടുപ്പുമായി ഗൂഗിൾ

Google

ഗൂഗിൾ ഐ/ഒ ഡെവലപ്പർ കോൺഫറൻസിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചു. മെയ് 14നാണ് ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന കോൺഫറൻസ് നടക്കുക. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ഗൂഗിൾ ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഡെവലപ്പർമാരെ ലക്ഷ്യമിട്ടുളള ഈ പരിപാടിയിൽ പുതിയ സാങ്കേതിക പ്രഖ്യാപനങ്ങളും ചർച്ചകളും ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലുളള ഷോർലൈൻ ആംഫി തിയേറ്ററിൽ വച്ചാണ് പരിപാടി നടക്കുക. ഗൂഗിളിന്റെ എല്ലാ ഔദ്യോഗിക ചാനലുകളിലൂടെയും കമ്പനിയുടെ കീനോട്ട് ഇവന്റിന്റെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുന്നതാണ്.

പുതിയ കോൺഫറൻസിനായി ഗൂഗിൾ തയ്യാറെടുക്കുമ്പോൾ വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആൻഡ്രോയിഡ് 15-ലെ പുതിയ ഫീച്ചറുകൾ, ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ പദ്ധതികൾ, ജിമെയിൽ, ഗൂഗിൾ ഫോട്ടോസ് പോലുള്ള മറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ എല്ലാം കോൺഫറൻസിൽ പ്രതീക്ഷിക്കാവുന്നതാണ്. ഡെവലപ്പർ കോൺഫറൻസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ മുഖാന്തരം രജിസ്റ്റർ ചെയ്യാവുന്നതാണ്.

കഴിഞ്ഞ വർഷം നടന്ന കോൺഫറൻസിൽ പിക്സൽ 7എ അടക്കമുള്ള ഹാൻഡ്സെറ്റുകൾ ഗൂഗിൾ പുറത്തിറക്കിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ഈ വർഷം ഗൂഗിൾ പിക്സൽ 8എ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷം തന്നെയാണ് ഗൂഗിളിന്റെ ആദ്യ ഫോൾഡബിൾ ഫോണായ പിക്സൽ ഫോൾഡും പുറത്തിറക്കിയത്.

Share this story